പ്രസ്താവന:

ശബരിമലയില്‍ പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ സ്തീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ആരാധനാവിലക്ക് അവസാനിപ്പിച്ച സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കാലഹരണപ്പെട്ട മത-വിശ്വാസ രാഷ്ട്രീയത്തെ പുനരുദ്ധരിക്കുന്ന സമരങ്ങളാണ്. തുല്യതയും ലിംഗനീതിയും ഉറപ്പ് നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കും സ്ത്രീകളുടെ അന്തസ്സിനും എതിരായ സമരങ്ങളാണ്. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ കണ്ടെത്തി, സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കുന്ന പെണ്ണിനോടുള്ള ആണധികാരത്തിന്റെ പ്രാചീനഭയമാണ് അതിനുപിന്നില്‍.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയും മതാത്മകമായ ആചാരാനുഷ്ഠാനങ്ങളുടെ കാലോചിത മാറ്റങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ശക്തി അതാതു കാലത്തെ സര്‍ക്കാരുകളുടെയും നിയമവ്യവസ്ഥയുടെയും നവോത്ഥാനപ്രസ്ഥാനങ്ങളുടെയും ഇടപെടലുകളായിരുന്നു. പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള ജാതീയവും ലിംഗപരവുമായ വിവേചനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചപ്പൊഴൊക്കെ പ്രതിലോമശക്തികള്‍ അവയെ എതിര്‍ത്തത് ‘വിശ്വാസാചാരങ്ങളില്‍ ഭരണകൂടം ഇടപെടാന്‍ പാടില്ല’ എന്ന ന്യായമുന്നയിച്ചായിരുന്നു.

സതി, ശൈശവവിവാഹം, വിധവാവിവാഹവിലക്ക്, തൊട്ടുകൂടായ്മ, ദളിത് ജനവിഭാഗങ്ങള്‍ക്ക് പൊതുവഴിയില്‍ ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാരനിരോധനം, സ്‌കൂള്‍ വിദ്യാഭ്യാസ വിലക്ക്, മേല്‍ വസ്ത്രധാരണ നിരോധനം, ക്ഷേത്രപ്രവേശനവിലക്ക്, ക്ഷേത്രങ്ങളിലെ മൃഗബലി, ദേവദാസിസമ്പ്രദായം തുടങ്ങിയവയൊക്കെ നൂറ്റാണ്ടുകളോളം ഹിന്ദുസമൂഹം പരിപാലിച്ചുപോന്ന ആചാരങ്ങളായിരുന്നു. സര്‍ക്കാരിനും നിയമവ്യവസ്ഥയ്ക്കും ഇടപെടാന്‍ കഴിയാത്ത, ‘സ്വതന്ത്ര പരമാധികാരഭൂമിക’കളായി ഇത്തരം ആചാരങ്ങള്‍ സംരക്ഷിക്കപ്പെട്ടിരുന്നുവെങ്കില്‍, ഇന്ത്യ അതിന്റെ പ്രാചീന-മധ്യകാല പ്രാകൃതത്വങ്ങളെ അതിജീവിക്കുകയും ഒരാധുനിക സമൂഹമായി പരിണമിക്കുകയും ചെയ്യുമായിരുന്നില്ല.

ഇത്തരത്തിലുള്ള പല ആചാരാനുഷ്ഠാനങ്ങളെ റദ്ദുചെയ്തും മറികടന്നുമാണ് നാം ഇന്നത്തെ അവസ്ഥയിലെത്തിയിട്ടുള്ളത്. ഇന്ത്യയിലാദ്യമായി അവര്‍ണ്ണ സമൂദായങ്ങള്‍ക്കുമേലുണ്ടായിരുന്ന ക്ഷേത്രപ്രവേശന വിലക്ക് എട്ട് ദശകങ്ങള്‍ക്കു മുന്‍പ് നിയമപരമായി എടുത്തുകളഞ്ഞത് കേരളത്തിലായിരുന്നു. അന്നത്തെ ആ സമരങ്ങളുടെ മുന്‍പിലുണ്ടായിരുന്ന നേതാക്കളുടെ പേരിലുണ്ടായ സമുദായസംഘടനകളാണ്, ഇന്ന് നാണംകെട്ട സമരം നടത്തുന്നത്.

ആധുനിക ജനാധിപത്യജീവിതക്രമത്തെ സാധ്യമാക്കുന്ന അടിസ്ഥാനഘടകം ‘നിയമവാഴ്ച’യുടെ പരമാധികാരമാണ്. നിയമവാഴ്ചയുടെ ലിഖിത രാഷ്ട്രീയരേഖയാണ് ഭരണഘടന. സുപ്രിം കോടതിയില്‍നിന്ന് അടുത്തിടെ ഉണ്ടായ ചില വിധികള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളെ ഭരണവ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്ന നിയമവിപ്ലവങ്ങളായിരുന്നു. ലിംഗ വിവേചനം കുറ്റകരമായി പ്രഖ്യാപിക്കുന്നതും പൗരന്മാര്‍ക്കെല്ലാം ആരാധനാലയമുള്‍പ്പെടെയുള്ള പൊതുവിടങ്ങളില്‍ തുല്യത ഉറപ്പുനല്‍കുന്നതുമായ ഭരണഘടനാ തത്വങ്ങളാണ് ശബരിമല വിധിയിലൂടെയും സുപ്രീം കോടതി ഉയര്‍ത്തിപ്പിടിച്ചത്.

ആചാരസംരക്ഷണത്തിനുവേണ്ടി ഇപ്പോള്‍ നടക്കുന്ന ‘നാമജപ പ്രാര്‍ത്ഥനായജ്ഞം’ സവര്‍ണ്ണ മേല്‍ക്കോയ്മയും സ്ത്രീവിരുദ്ധതയുമെല്ലാം തിരിച്ചുകൊണ്ടുവരാനുള്ള ഹീനശ്രമങ്ങളാണ്. കേരളീയ നവോത്ഥാനത്തെതന്നെ പരിഹസിക്കലാണ്. നിയമവാഴ്ചയ്ക്കുണ്ടാകുന്ന ചെറിയ പോറലുകള്‍പോലും ആധുനികമാനവിക മൂല്യങ്ങളെ മാത്രമല്ല, ജീവിതത്തെത്തന്നെ റദ്ദാക്കുന്ന മഹാവിപത്തുകളിലേക്കാവും നയിക്കുക. നാം ജാഗ്രതയോടെ ഈ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കേണ്ട സമയമാണ്.

മതേതര ജനാധിപത്യപാര്‍ട്ടികളിലെ നേതാക്കള്‍ വോട്ടുബാങ്കിനുവേണ്ടി കേരള സമൂഹത്തെ പിന്നോട്ടുകൊണ്ടുപോകുന്ന ഇത്തരം സമരങ്ങളെ പിന്തുണക്കുന്നത് സാമൂഹ്യദ്രോഹമാണ്. പിന്നിട്ട അപമാനങ്ങളുടെയും വിവേചനങ്ങളുടെയും ചരിത്രത്തിലേക്ക് തിരിഞ്ഞുനടക്കാനാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് കേരളത്തിലെ സ്ത്രീകള്‍ ആലോചിക്കണം.

ആനന്ദ്
സാറാ ജോസഫ്
കെ.വേണു
സക്കറിയ
ബി.ആര്‍.പി. ഭാസ്‌ക്കര്‍
എം.എന്‍. കാരശ്ശേരി
കെ.ജി.ശങ്കരപ്പിള്ള
എം.ജി.എസ്. നാരായണന്‍
സി.ആര്‍. പരമേശ്വരന്‍
കെ.അരവിന്ദാക്ഷന്‍
കെ.ആര്‍.മീര
ജോയ് മാത്യു
ശാരദക്കുട്ടി
പി. ഗീത
എം. ഗീതാനന്ദന്‍
സണ്ണി കപിക്കാട്
ജെ.രഘു
കല്‍പ്പറ്റ നാരായണന്‍
സാവിത്രി രാജീവന്‍
മൈത്രേയന്‍
സി.വി.ബാലകൃഷ്ണന്‍
ഡോ.ഏ.കെ. ജയശ്രീ
പി. സുരേന്ദ്രൻ
കെ. കരുണാകരന്‍
പി.എന്‍. ഗോപികൃഷ്ണന്‍
അന്‍വര്‍ അലി
കെ.സഹദേവന്‍
പി.പി.രാമചന്ദ്രന്‍
കെ.ഗരീഷ്‌കുമാര്‍
ടി ടി ശ്രീകുമാർ
കെ സി നാരായണൻ
നിരഞ്ജൻ
മുരളി വെട്ടത്ത്
ലാലി പി എം
പിങ്കി വാസൻ
എം വി നാരായണൻ
കവിത ബാലകൃഷ്ണൻ
അബ്ദുൾ ഗഫൂർ
അനു പാപ്പച്ചൻ
സി എസ് ചന്ദ്രിക
എം രാമചന്ദ്രൻ
ഡോ. രമാകുമാരി
ആരതി പി എം
ആതിര പി എം

Comments

comments