കാഴ്ച്ചയ്ക്കപ്പുറത്ത്
നീണ്ട , നീണ്ട വര്‍ഷങ്ങളുടെ
ചലനങ്ങളുടെ, ത്യാഗങ്ങളുടെ
നീണ്ട തീവണ്ടികളുടെ
തുടര്‍ച്ചയ്ക്കൊടുവിലുണ്ടായേക്കാവുന്ന
സ്വാഭാവികമായ ഫലശ്രുതി, നീ
ഒരു മാറ്റവും അസ്വഭാവികമല്ലെന്ന്
ഒരു ചലനവും തനിച്ചുള്ളതല്ലെന്ന്
ഒന്നും തന്‍റേതല്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന
നിന്നില്‍ നില്‍ക്കുമ്പോൾ,
അനന്തകോടി ജനതയുടെ,
സ്വപ്നങ്ങളുടെ, വിയര്‍പ്പിന്‍റെ, തുടിപ്പിന്‍റെ
തുടര്‍ച്ചയാവുന്ന എന്നെ കണ്ടെത്തുന്ന
അനിവാര്യമായ ചില കാഴ്ച്ചകളുണ്ടാകണം.
അത്തരമൊരു നേരത്തിനു മാത്രമേ
അനുസ്മരണങ്ങളുടെ അര്‍ത്ഥമില്ലായ്മ അറിയാനാവൂ.
കണ്‍മുന്നിൽ നിവര്‍ത്തിവച്ച കൈപ്പടത്തിൽ
ഊടും പാവുമാവുന്ന രേഖകള്‍ പോലെ
കാതിലൊരു കാട്ടുമനുഷ്യന്‍റെ നിശ്വാസമേറ്റ പോലെ,
ഏതോ കറുത്ത പെണ്ണിന്‍റെ നിശ്വാസം പോലെ
ഒരാളില്‍തന്നെ കാണുന്ന അനേകായിരം പേരിലാരിലാണ്,
ഇക്കണ്ട കാര്യങ്ങളുടെ കര്‍ത്താവിനെ തേടേണ്ടതെന്ന
പൊരുളറിയാത്ത അന്വേഷണങ്ങളുടെ
ആര്‍ത്തലയ്ക്കുന്ന തിരമാലകളിലുയര്‍ന്നു താഴ്ന്ന്
ഇതാ, തീരത്തണയുന്നു ഞാന്‍.
നീണ്ട കാലങ്ങളുടെ കിതപ്പുണ്ട് ,ഒരു സന്ധ്യയ്ക്ക്.
പരന്ന കടലിന്‍റെ സമൃദ്ധിയിൽ മുഖം താഴ്ത്തി
സൂര്യനുറങ്ങും പോലെ,
കരയിലെയിളം പൂഴിമണ്ണില്‍ ഞാനാണ്ടു പോയാലും
ആരാണ്, ഇല്ലാതാവുന്നത്?
ഇന്നോളമാരാണ്, മരിച്ചു പോയിട്ടുള്ളത്?
കേള്‍ക്കുന്ന പൊട്ടിച്ചിരികളാരുടേതെല്ലാമാണ്?
എത്രാമത്തെ കല്ലാണ്, താഴേയ്ക്കുരുണ്ടുവരുന്നത്?

Comments

comments