തമിഴ്നാടിന്റെ തെക്കേ അറ്റത്തുള്ള കന്യാകുമാരി ജില്ല നിരവധി മികച്ച ആധുനിക, ഉത്തരാധുനിക എഴുത്തുകാരെ തമിഴ് സാഹിത്യത്തിനു സംഭാവന ചെയ്തിട്ടുണ്ട്. ആ എഴുത്തുകാരിൽ പ്രമുഖനാണു ശ്രീ പൊന്നീലൻ. നിലവിൽ അദ്ദേഹം ഓൾ ഇന്ത്യാ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസ്സോസിയേഷന്റെ ദേശീയ അദ്ധ്യക്ഷനാണു. ശ്രീ എച്ച്ഹമീം മുസ്തഫയും ശ്രീ ആർ പ്രേംകുമാറും അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ.

(?) പ്രമുഖ എഴുത്തുകാരനെന്ന നിലയ്ക്കും പുതിയ എഴുത്തുകാർക്ക് ഒരു മുൻനിര വഴികാട്ടി എന്ന നിലയ്ക്കും അങ്ങ് ഇപ്പോൾ ഓൾ ഇന്ത്യാ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസ്സോസിയേഷന്റെ ദേശീയ അദ്ധ്യക്ഷനാണു. സ്വാഭാവികമായും എല്ലാ ഭാഷയിലുമുള്ള സഹൃദയരും അങ്ങയെപ്പോലെ ഒരാളെക്കുറിച്ച് കൂടുതൽ അറിയുവാൻ തൽപരരായിരിക്കും. അങ്ങയുടെ കൃതികളെക്കുറിച്ച് മാത്രമല്ല, ഒരു എഴുത്തുകാരൻ നിർമ്മിക്കപ്പെടുന്ന പ്രക്രിയയെക്കുറിച്ചും ചർച്ച ചെയ്യുവാനാണു ഞങ്ങൾ ആഗ്രഹിക്കുന്നത്. സന്ദർഭത്തിൽ അങ്ങയുടെ ചെറുപ്പകാലത്തെക്കുറിച്ച് വിശദീകരിക്കാമോ?
(
ഉ) ഏതൊരു ഗ്രാമീണബാലനെയും പോലെ കളികളും വികൃതിയും കുസൃതിയുമൊക്കെയായിട്ടായിരുന്നു എന്റെ കുട്ടിക്കാലവും. 1940 ഡിസംബർ 15നാണു ഞാൻ ജനിക്കുന്നത്. എന്റെ അച്ഛൻ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇന്റർമീഡീയേറ്റ് പാസാകുകയും തിരുവനന്തപുരത്ത് നിന്ന് അദ്ധ്യാപക പരിശീലനം പൂർത്തിയാക്കുകയും അദ്ധ്യാപകനായി ജോലി ചെയ്യുകയും ചെയ്ത ആളായിരുന്നു അച്ഛൻ.അക്കാലത്ത് അത്ര സാധാരണമായിരുന്ന ഒന്നല്ല അത്. അദ്ദേഹത്തിനു ബ്രഹമസമാജിലൊക്കെ താല്പര്യമുണ്ടായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ ഒരു ഭജനമഠം പോലെയായിരുന്നു അക്കാലത്ത് എന്റെ വീട്. അന്തർയോഗഎന്നോ മറ്റോ പറയുന്നതൊക്കെ വീട്ടിൽ പരിശീലിച്ചിരുന്നു. ആളുകളൊക്കെ ഭാരതിയുടെ കവിതകൾപാടിയിരുന്നു..
എന്റെ അമ്മ അടുത്തുള്ള ഈത്തമൊഴി എന്ന ഗ്രാമത്തിൽ നിന്നുമായിരുന്നു. നല്ല സാമ്പത്തികസാഹചര്യമുള്ള കുടുംബത്തിൽ നിന്നും വന്ന എന്റെ അമ്മയ്ക്ക് എന്നെ പണവും ജോലിക്കാരുമൊക്കെയുള്ള ഒരു ധനാഢ്യനായി കാണാനായിരുന്നു ആശ. അച്ഛന്റെ ആഗ്രഹം ഞാൻ ഒരു പണ്ഡിതനാകണമെന്നും. തുല്യതയും നല്ല സംസ്കാരവുമൊക്കെയാണു അച്ഛൻ പകർന്നു തന്നത്. അമ്മയാണു സാഹിത്യത്തിൽ താല്പര്യമുണ്ടാക്കിയത്. അമ്മ അത്രകണ്ട് മതവിശ്വാസിയായിരുന്നില്ല. അമ്പലങ്ങളിലൊന്നും പോയിരുന്നില്ല. എന്നാൽ കൃഷ്ണനെ വലിയ ഇഷ്ടമായിരുന്നുതാനും.
കമ്പരാമായണം, നാലായിരം ദിവ്യപ്രബന്ധം (തമിഴിലെ വലിയ സാഹിത്യമൂല്യമുള്ള വൈഷ്ണവ ഭക്തിഗാനങ്ങൾ), മറ്റ് വൈഷ്ണവ സാഹിത്യം എന്നിവയിലെല്ലാം അമ്മയ്ക്ക് നല്ല താല്പര്യവും അറിവുമുണ്ടായിരുന്നു. സന്ധ്യക്ക് വിളക്ക് വച്ചതിനു ശേഷം കഥകൾ പറഞ്ഞു തരുമായിരുന്നു.മുത്താരമ്മൻകഥ, ചുടലമദനകഥ, പിച്ചകാലൻകഥ, എസക്കിക്കഥ എന്നിങ്ങനെ ഒരുപാട് നാടൻകഥകൾ. അങ്ങനെ ഒരു പ്രത്യേക മിശ്രണമായിരുന്നു അമ്മ. വില്ലുപാട്ടിനു വളരെ പ്രസിദ്ധമായിരുന്നു എന്റെ ഗ്രാമം. നാട്ടുകാർ എല്ലാവരും തന്നെ കാവ്യഗായകരായ ആളുകളായിരുന്നു. സ്കൂൾകാലത്ത് താണുമാലയപ്പെരുമാൾപിള്ളൈ എന്നൊരു അദ്ധ്യാപകനുണ്ടായിരുന്നു എനിക്ക്.സ്കൂളിലെ പരിപാടികൾക്കെല്ലാം അദ്ദേഹം എന്നെക്കൊണ്ട് സംസാരിപ്പിക്കുമായിരുന്നു. വൈകുന്നേരങ്ങളിൽ ഞങ്ങളുമായി യുക്തിപൂർവ്വമായ ചിന്തയെക്കുറിച്ചെല്ലാം അദ്ദേഹം ചർച്ച ചെയ്യുമായിരുന്നു. ഒരു പുരോഗമന മാതൃകയിൽ ഞങ്ങളെ വാർത്തെടുക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.


?) കുടുംബത്തെക്കുറിച്ച്..
(ഉ) 1967ലായിരുന്നു വിവാഹം. എന്റെ അടുത്ത ബന്ധുവിനെയാണു കല്യാണം കഴിച്ചത്. അവർ ദക്ഷിണധ്രുവത്തിലാണെങ്കിൽ ഞാൻ ഉത്തരധ്രുവത്തിലാണു. അവർ കടുത്ത വിശ്വാസിയാണു, ഞാൻ മറിച്ചും. പക്ഷേ എന്റെ എല്ലാ ഉദ്യമങ്ങളിലും വളരെയധികം സഹകരിക്കും. രണ്ട് പെൺകുട്ടികളാണു എനിക്ക്. ഒരു മകൻ ഇല്ലാത്തതിൽ അമ്മയ്ക്കും അമ്മായിയമ്മയ്ക്കും വിഷമം ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾക്ക്  രണ്ടു പേർക്കും നല്ല സന്തോഷമായിരുന്നു. മൂന്ന് കൊച്ചുമക്കളും ഉണ്ട് എനിക്ക്. മൂന്ന് കാര്യങ്ങളാണു അർത്ഥപൂർണ്ണമായ ഒരു ജീവിതത്തിനു പ്രധാനമായി വേണ്ടത്എന്നാണു ഞാൻ കരുതുന്നത്. വ്യക്തിത്വം, നല്ല കുടുംബം, സമൂഹനന്മയ്ക്കായി നല്ലത് സംഭാവന ചെയ്യാനുള്ള ആഗ്രഹം.

Comments

comments