പിന്നീട് ഡെന്മാർക്കിൽ വെച്ച് നടത്തിയ അന്താരാഷ്ട്ര സമാധാന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുവാൻ എനിക്ക് അവസരം ലഭിച്ചു. അതായിരുന്നു എന്റെ ആദ്യ വിദേശ സന്ദർശനം. എട്ടു ദിവസമുണ്ടായിരുന്നു ആ സമ്മേളനം. 140ൽ പരം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സമാപനദിവസം സമ്മേളനത്തിനെതിരെ തീവ്ര വലതുപക്ഷ തെമ്മാടിക്കൂട്ടങ്ങളുടെ ആക്രമണം അരങ്ങേറി. നാൽപതോളം വെള്ളക്കാർ ഉപകരണങ്ങളും മറ്റും നശിപ്പിച്ചു. ഞങ്ങളെല്ലാം നടുങ്ങി. പൊടുന്നനെ കരുത്തരായ അറുപതോളം കറുത്തവർ രംഗത്തെത്തുകയും ഈ തെമ്മാടിക്കൂട്ടത്തെ ആട്ടിപ്പായിക്കുകയും ചെയ്തു. ആ വെള്ളക്കാർക്ക് മേൽ കറുത്ത സിംഹങ്ങളെ പോലെയായിരുന്നു അവർ ചാടി വീണത്. ഇന്നും പച്ച പിടിച്ചു നിൽക്കുന്ന ഒരു ഓർമ്മയാണു അത്.

ഡെന്മാർക്കിലേക്കുള്ള യാത്രയ്ക്കു ശേഷം റഷ്യൻ സമാധാന കൗൺസിലിൽ നിന്ന് ഒരു ക്ഷണം ലഭിക്കുകയും തുടർന്ന് ഞാൻ പഴയ സോവിയറ്റ് യൂണിയൻ സന്ദർശിക്കുകയും ചെയ്തു. അവിടെ ഒരു ഏഴെട്ട് ദിവസം ഉണ്ടായിരുന്നു. തെക്കും വടക്കുമുള്ള കടലുകളിൽ കുളിക്കാൻ കഴിഞ്ഞു. എസ്റ്റോണിയ വഴി പോകവേ വീണ്ടും ഒരു കടൽക്കരയിൽ എത്തി. എന്നാൽ ഇത്തവണ തണുത്തുറഞ്ഞ വെള്ളമാണല്ലോ എന്ന ഭീതി നിമിത്തം കാലുകൾ ഒന്ന് നനയ്ക്കുകയേ ചെയ്യുകയുണ്ടായുള്ളൂ. ത്രസിപ്പിക്കുന്ന മറ്റൊരു ഓർമ്മ ലെനിൻസ്മാരകത്തിലേക്ക് നടത്തിയ യാത്രയാണു. കാലത്ത് ഏഴു മണിയായപ്പോഴാണു അവിടെ എത്തിയത്. മഴദിവസം. എന്നിട്ടും രണ്ട് കിലോമീറ്ററോളം നീളുന്ന ഒരു ക്യൂ ആണു അവിടെ കാണാൻ കഴിഞ്ഞത്. എന്നാൽ ഞങ്ങളുടെ ബാഡ്ജ് ശ്രദ്ധിച്ച ഉദ്യോഗസ്ഥർ ഞങ്ങളെ അഭിവാദ്യം ചെയ്യുകയും തിരക്കിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ശാന്തനായി ഉറങ്ങുന്ന ലെനിനെ കാണാൻ അവസരം ഉണ്ടാക്കിത്തരികയുമാണു ചെയ്തത്. ആ സമയം ഞാൻ ഓർമിച്ചത് മഹാത്മാഗാന്ധിയെക്കുറിച്ചാണു. ലെനിനെ പോലെ ആ മുഖം വരുംതലമുറകൾക്കും കാണുന്നതിനായി അദ്ദേഹത്തിന്റെ ശരീരരവും നമ്മൾ സൂക്ഷിക്കേണ്ടിയിരുന്നു.
1996
ൽ ശ്രീലങ്ക സന്ദർശിച്ചു. ശ്രീലങ്കൻ ഗവണ്മെന്റും പുരോഗമന സാഹിത്യ സംഘവും ചേർന്നാണു അതിനുള്ള അവസരം ഒരുക്കിത്തന്നത്. അതുകൊണ്ട് തന്നെ ഗവണ്മെന്റ് വാഹനത്തിൽ ബുദ്ധിമുട്ടുകളൊന്നും നേരിടാതെ എല്ലാ സ്ഥലങ്ങളും സന്ദർശിക്കാൻ കഴിഞ്ഞു.തൃക്കോണമലൈ (തിരുക്കോണമലൈ) കാണുവാൻ സാധിച്ചു. നമ്മുടെ രാമനാഥപുരം ജില്ലയുമായി വളരെ സാദൃശ്യം തോന്നും. എല്ലാ വീടുകളിലും നാലും അഞ്ചും മാനുകളെ പരിപാലിക്കുന്നുണ്ട് എന്നതാണു അവിടുത്തെ സവിശേഷത. മാനുകളെ കൂട്ടിലടച്ച് പാർപ്പിക്കുകയല്ലേ നമുക്ക് എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ?

(?) ഉത്തരാവാദിത്തങ്ങളുള്ള ഒരു സർക്കാർ ഉദ്യോഗമായിരുന്നു അങ്ങേയ്ക്ക്. എങ്ങനെയാണു എഴുതാനുള്ള സമയവും സൗകര്യവും കണ്ടെത്തിയിരുന്നത് ?
(
ഉ)വളരെ ചെറിയ പ്രായത്തിൽ തന്നെ റെവന്യൂ ഡിപ്പാർട്ടുമെന്റിൽ ഒരു ക്ലാർക്കായി എനിക്ക് ജോലി ലഭിച്ചിരുന്നു. എന്നാൽ എനിക്ക് അതിൽ തുടരാനായില്ല. പിന്നീട് ഞാൻ മധുരയിൽ ബിറ്റി പഠിക്കാനായി പോയി. പത്ത് വർഷം അദ്ധ്യാപകനായി ജോലി ചെയ്തശേഷം എനിക്ക് പല സ്ഥാനക്കയറ്റങ്ങളും ലഭിച്ചു. അവസാനം ഒരു മുഖ്യ എജുക്കേഷൻ ഓഫീസർ ആയാണു ഞാൻ റിട്ടയർ ചെയ്തത്. ഔദ്യോഗിക ജീവിതത്തിന്റെ മുഖ്യപങ്കും ഞാൻ ദൂരദേശങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. മിക്കവാറും തന്നെ മറ്റുള്ളവർ പോകാൻ താല്പര്യം കാണിക്കാത്ത സ്ഥലങ്ങളിൽ. അത്തരം ഇടങ്ങളിൽ ഓഫീസ് സമയത്തിനു ശേഷം ഞാൻ ഒറ്റയ്ക്കായിരുന്നു. അങ്ങനെ വന്നപ്പോൾ ഞാൻ നാട്ടുകാരുമായി ഇടപഴകുകയും എഴുതാനായി ആവശ്യത്തിനു സമയം കണ്ടെത്തുകയും ചെയ്തു. എന്റെ കൃതികളിലെ അനവധി കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം ആ ജനങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നുമാണു ജനിച്ചത്. മറ്റൊരു ജോലിയിൽ ആയിരുന്നുവെങ്കിൽ അവ്വിധത്തിലുള്ള കഥാപാത്രങ്ങളെയോ സംഭവങ്ങളോ ഞാൻ കാണുമായിരുന്നില്ല. നിരവധി തമിഴ് കുഗ്രാമങ്ങളെയും നിഷ്കളങ്കരായ ജനതയെയും അങ്ങനെ എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.
ഏറെ വൈകിയതിനു ശേഷമാണു 1975ൽ എന്റെ ആദ്യ നോവലായ കരിസൽ പ്രസിദ്ധീകൃതമായത്. പെട്ടെന്ന് തന്നെ പല സർവ്വകലാശാലകളിലും നോവൽ സാഹിത്യത്തിനുള്ള പാഠ്യപുസ്തകമായി അത് തെരഞ്ഞെടുക്കപ്പെട്ടു. 1982ൽ അതിനു തമിഴ്നാട് സർക്കാരിന്റെ അവാർഡ് ലഭിച്ചു. 1981-82 കാലഘട്ടത്തിൽ ഞാൻ തമിഴ് സാഹിത്യത്തിലുള്ള ബിരുദാനന്തരബിരുദ പഠനം തുടർന്നു. ആ സമയത്ത് സിലബസിൽ എന്റെ പുസ്തകവും ഉണ്ടായിരുന്നു. അതിന്റെ അടുത്ത വർഷം മാർക്സിയൻ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള എന്റെ വിവർത്തനം പുറത്തു വന്നു. അതിനും വിവർത്തനത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. അത് തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിൽ പാഠപുസ്തകമായി. പിന്നെയാണു ജീവ എന്റൊരു മനിതൻവരുന്നത്. അതിനും സംസ്ഥാനപുരസ്കാരം ലഭിച്ചു. ഒരു നീണ്ട വിടവിനു ശേഷം എന്റെ ചരിത്രാഖ്യായികയായ പുതിയ ദർശനങ്ങൾഎന്ന നോവൽ പുറത്തു വന്നു. അടിയന്തരാവസ്ഥയെ തുടർന്ന് രൂപപ്പെട്ട രാഷ്ട്രീയവികാസങ്ങളുടെ മിഥ്യാബോധവും കരാളമായ യാഥാർത്ഥ്യവുമായിരുന്നു ആ വിടവിനു കാരണം. ഈ കൃതിക്ക് നേരെ ഇടതുപക്ഷത്തു നിന്നും വലതുപക്ഷത്തു നിന്നും വിമർശനങ്ങൾ ഉണ്ടായി. സർക്കാരിന്റെ ഭാഗത്തു നിന്നും കൂടി അതിനെതിരെ ആക്രമണം ഉണ്ടാകും എന്ന് ഞാൻ കരുതി. പക്ഷേ സർവ്വീസിൽ നിന്ന് പിരിച്ചു വിടുന്ന ഒരു സാഹചര്യം പോലും നേരിടാൻ ഞാൻ തയ്യാറായിരുന്നു. എന്നാൽ 1993-ലെ സാഹിത്യ അക്കാദമി അവാർഡ് ആ കൃതിക്കാണു ലഭിച്ചത്. മറ്റനേകം സമ്മാനങ്ങളും പുരസ്കാരങ്ങളും ആ കൃതിയെ തേടിയെത്തി. വീണ്ടും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മൂന്ന് വർഷം മുൻപാണു എന്റെ ഏറ്റവും പുതിയ നോവലായ മറുപക്കം ഇറങ്ങിയത്. സമൂഹത്തിന്റെ ഇരുണ്ട മറുവശത്തെക്കുറിച്ചാണു അത് പറയുന്നത്. പതിവു പോലെ അതിന്റെ ഉള്ളടക്കം തീവ്രമായ വിമർശനത്തിനു പാത്രമായിക്കൊണ്ടിരിക്കുന്നു.

(?) എന്താണു സാഹിത്യത്തെക്കുറിച്ചുള്ള അങ്ങയുടെ സങ്കൽപ്പം ?
(
ഉ)എത്ര കുലീനമാണെങ്കിലും സാധാരണ മനുഷ്യനു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതാണു ഒരു ചിന്ത എങ്കിൽ അതു കൊണ്ട് പ്രയോജനമില്ല. സാഹിത്യം സൃഷ്ടിക്കപ്പെടുന്ന ത് തെരഞ്ഞെടുക്കപ്പെടുന്ന ഒരു ചെറു വിഭാഗത്തിനു വേണ്ടിയല്ല. ഭൂരിപക്ഷം വരുന്ന ജനതയാൽ അത് വായിക്കപ്പെടുകയും അവർ അത് മനസ്സിലാക്കുകയും വേണം. അതേ സമയം അത് സൗന്ദര്യശാസ്ത്രപരമായി ആസ്വദിക്കുവാൻ കഴിയുന്നതുമായിരിക്കണം.

Comments

comments