(?) സാഹിത്യലോകത്തേക്കുള്ള വരവിനെക്കുറിച്ച് പറയാമോ?
(
ഉ)സ്കൂൾപഠനകാലത്ത് എന്റെ ഗ്രാമത്തിൽ മീനാംബികാ നൂൽ നിലയംഎന്ന പേരിൽ ഒരു പുസ്തകശാലയുണ്ടായിരുന്നു. ഞങ്ങൾ ചില സുഹൃത്തുക്കൾ ചേർന്ന് നൂറു പേജുകളുള്ള ഒരു കയ്യെഴുത്തുമാസിക പ്രസിദ്ധപ്പെടുത്തി. തമിഴ് ചോലൈ എന്നായിരുന്നു അതിന്റെ പേരു. ആദ്യത്തെ അൻപത് പേജ് ഞങ്ങളായിരുന്നു നിറച്ചിരുന്നത്. ഒഴിച്ചിട്ടിരിക്കുന്ന ബാക്കി പകുതിയിൽ വായനക്കായി കൈമാറുന്നതിനിടയിൽ വായനക്കാർ തന്നെ സ്വന്തം സൃഷ്ടികൾ രേഖപ്പെടുത്തും. അങ്ങനെ ചെറുകഥകളും കവിതകളും പഴഞ്ചൊല്ലുകളുമൊക്കെയായി നൂറു പേജുകൾ; മുൻപ് പറഞ്ഞതു പോലെ എന്റെ അദ്ധ്യാപകനായ താണുമാലയപ്പെരുമാൾപിള്ള ഭാരതി, കവിമണി മുതലായ പ്രസിദ്ധരുടെ കവിതകൾ ഞങ്ങളെ പരിചയപ്പെടുത്തിയിരുന്നു. അങ്ങനെയാണു കവിതകൾ എഴുതാനുള്ള താൽപര്യം എന്നിൽ ഉണ്ടാകുന്നത്. ഞാൻ നിരവധി കവിതകൾ എഴുതി. പിന്നീട് ചെറുകഥകളിലായി താൽപര്യം. മുതൽപൂ എന്ന എന്റെ ആദ്യ ചെറുകഥ ദിനമണിയിൽ പ്രസിദ്ധീകൃതമായി. സ്വയം ഇഷ്ടം തോന്നിയ ആ കഥ പ്രസിദ്ധീകരിച്ചതിൽ വലിയ സന്തോഷം തോന്നി. പിന്നീട് എനിക്ക് അദ്ധ്യാപനായി ജോലി ലഭിച്ചു. അക്കാലങ്ങളിൽബൂതൈ പ്രസിദ്ധീകരിച്ചിരുന്ന കൈവിളക്ക്, ശ്രീനിവാസൻ പത്രാധിപത്വം നിർവഹിച്ചിരുന്ന അണ്ണാമലൈ, എഴുത്തുകോൽ എന്നിവയിൽ ഞാൻ എഴുതിയിരുന്നു.

(?)ആധുനികസാഹിത്യത്തെക്കുറിച്ച് എങ്ങനെയാണു അറിയുന്നത്?
(
ഉ)കൃഷ്ണൻ നമ്പിയുമായുള്ള ചങ്ങാത്തം. അദ്ദേഹമാണു ആധുനികസാഹിത്യം എനിക്ക് പരിചയപ്പെടുത്തുന്നത്. അദ്ദേഹം വഴി സുന്ദരരാമസാമിയെയും എനിക്ക് സുഹൃത്തായി ലഭിച്ചു. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ആ സമയത്ത് ഞാൻ അനവധി കവിതകൾ എഴുതിയിരുന്നു. എങ്കിലും ഒന്നും പ്രസിദ്ധീകൃതമായില്ല.1966എനിക്ക് തിരുനൽവേലിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അതൊരു വലിയ മാറ്റം തന്നെയായിരുന്നു. എന്നെ സംബന്ധിച്ച് കന്യാകുമാരിയിലെ താമസം മരങ്ങൾ കൊണ്ട് ചുറ്റപ്പെട്ട ഒരു ഗുഹയിലെന്നവണ്ണം ആയിരുന്നു. അയൽപക്കത്തുള്ള വീടുകൾ പോലും കാണാൻ സാധിക്കില്ല. എന്നാൽ തിരുനൽവേലിയിൽ എല്ലാ വശത്തേക്കും അതിർത്തി ചക്രവാളമായിരുന്നു. എങ്ങും തരിശ് നിലം. മനോഹരമായ ഭൂപ്രകൃതി. കറുത്ത മണ്ണ്. ഇക്കാലത്താണു ഞാൻ നോവലിന്റെ ലോകത്തേക്ക് കടക്കുന്നത്. 1967-71നും ഇടയ്ക്ക് ഞാൻ എന്റെ ആദ്യ നോവൽ എഴുതി. നാടോടി വിജ്ഞാനീയത്തിൽ പ്രമുഖ പണ്ഡിതനായ ന.വനമാലൈയുടെ സൗഹൃദവും മാർഗ്ഗനിർദ്ദേശവും എനിക്ക് ലഭിക്കുന്നതും ഇക്കാലത്താണു. പിന്നീട് എണ്ണപ്പെട്ട സാഹിത്യ പ്രസിദ്ധീകരണമായ താമരയിൽ  ഊട്ടിൽ മലർന്തവൈഎന്ന എന്റെ ചെറുകഥ വന്നു. എന്നെ സംബന്ധിച്ച് നല്ല രീതിയിലുള്ള ഒരു പരിചയപ്പെടുത്തലാണു തമിഴ് വായനക്കാർക്കിടയിൽ അതുവഴി ഉണ്ടായത്.

(?) സാഹിത്യത്തിനു പുറമേ അങ്ങ് ഇടപെടുന്ന, താൽപര്യമുള്ള മറ്റ് മേഖലകൾ?
(
ഉ)സംഗീതം ഒരു നാല്പതു വയസ്സു വരെ എന്നെ നിദ്രാലസനാക്കിയിരുന്നു. ലതാ മങ്കേഷ്കറുടേയും മൊഹമ്മദ് റാഫിയുടെയുമൊക്കെ പാട്ടുകൾ റേഡിയോയിൽ ഒരുപാട്കേൾക്കുമായിരുന്നു. ദിവസം മുപ്പത് മിനിട്ടെങ്കിലും. ഇപ്പോൾ അവയെല്ലാം എന്റെ ഭാര്യ കേൾക്കുന്നു.

മനുഷ്യൻ സമാധാനത്തിൽ ജീവിക്കണം. ജാതിപരവും ലിംഗപരവുമായ ഒരു പാട് ചേരിതിരിവുകളുണ്ട്. എന്നാൽ എല്ലാവരും പരസ്പരം സ്നേഹിക്കുകയും സമാധാനത്തോടെ ജീവിക്കുകയും വേണം. പരസ്പരം ബഹുമാനിക്കണം. അങ്ങനെ ലോക സമാധാന മുന്നേറ്റവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വ്യാപൃതനായി. എൺപതുകളിൽ ജാതീയതയുമായി ബന്ധപ്പെട്ട നിരവധി സംഘർഷങ്ങൾ ഇന്ത്യയിൽ പല ഭാഗത്തും ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ പോലും മൊണ്ടൈക്കാട് വെടിവയ്പ്പ് പോലുള്ളവ ഉണ്ടായി. അന്താരാഷ്ട്ര രംഗത്ത് ആണവയുദ്ധത്തിന്റെ സാധ്യതകളും ഉണ്ടായി വന്നു. അങ്ങനെ ഇന്ത്യയിൽ ഒരു ആണവായുധ വിരുദ്ധ മുന്നേറ്റം രൂപം കൊള്ളുകയുണ്ടായി. യുദ്ധമല്ല, പകരം പരസ്പരധാരണ സൃഷ്ടിക്കുന്നതിനുള്ള കൂടിയാലോചനകൾ നടത്തണം എന്നതായിരുന്നു ഞങ്ങളുടെ നിലപാട്. ഞങ്ങൾ രണ്ട് റാലികൾ നടത്തുവാൻ തീരുമാനിച്ചു: ഒരുപക്ഷേ ഞാൻ ജാഥാ ക്യാപ്റ്റനായി കന്യാകുമാരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒന്ന്. മറ്റൊന്ന് ഏതെങ്കിലും ഒരു പ്രമുഖമലയാളം എഴുത്തുകാരൻ ജാഥാ ക്യാപ്റ്റനായി കാസർഗോഡ് നിന്നും കന്യാകുമാരിയിലേക്ക് . രണ്ട് റാലികളും തിരുവനന്തപുരത്ത് സംഗമിച്ച് ഒരു വൻപിച്ച സമ്മേളനം നടത്തുവാനായിരുന്നു പദ്ധതി. എന്നാൽ ഇതിനിടയ്ക്ക് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു. അതോടനുബന്ധിച്ച് നടന്ന സംഭവ വികാസങ്ങൾ മൂലം ഞങ്ങളുടെ പദ്ധതിക്ക് തിരിച്ചടി നേരിട്ടു.
പിന്നീട് തമിഴ്നാട് കലൈ ഇലക്കിയ പെരുമന്ത്രത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കിടയിലെ സമാധാനത്തിനും ശാന്തിക്കും വേണ്ടി ആഹ്വാനം ചെയ്തു കൊണ്ട് കന്യാകുമാരിയിൽ നിന്നും കളിയിക്കവിളയിലേക്ക് ഒരു റാലി നടത്തി. തെരുവുനാടകങ്ങളും പാട്ടുകളുമൊക്കെയായി ഞങ്ങൾ ജില്ലയുടെ മുക്കിലും മൂലയിലും വരെ ചെന്നെത്തി. കളിയിക്കാവിളയിൽ നല്ല രീതിയിലുള്ള ഒരു സമ്മേളനവും നടത്തി. പിന്നീട്  ISCUS  (ഇൻഡോ സോവിയറ്റ് കൾചുറൽ സൊസൈറ്റി) യുടെ സഹകരണത്തോടെ ഞങ്ങൾ 22 പേർ 22 ദിവസം നീളുന്ന ഒരു പദയാത്ര കന്യാകുമാരിയിൽ നിന്നും ചെന്നൈ വരെ സംഘടിപ്പിച്ചു. അന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി ചെന്നൈയിൽ വെച്ചും മുഖ്യമന്ത്രി പോണ്ടിച്ചേരിയിൽ വെച്ചും ഞങ്ങളെ സ്വീകരിച്ചു. ആ കാലത്ത് സമാധാനത്തിനു വേണ്ടി നടത്തിയ ദീർഘമായ ഒരു പദയാത്ര തന്നെയായിരുന്നു അത് കണക്കാക്കപ്പെട്ടത്.

Comments

comments