മനുഷ്യരെ സംബന്ധിച്ചിടത്തോളം അവർ ആരാണു എന്നുള്ളതല്ല മറിച്ച് അവർക്ക് ആരായിത്തീരുവാൻ കഴിയും എന്നുള്ളതാണു എന്നിൽ താൽപര്യം ജനിപ്പിക്കുന്നത്.

                  Jean Paul Sartre

കുറച്ചു വർഷങ്ങൾക്കു മുൻപ്, നാലു വയസ്സുകാരിയായ എന്റെ മകൾ എന്നോട് ചോദിച്ചു, എന്തിനാണു ഇത്രയും കുഞ്ഞു ഷൂസുകൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്?കണ്ണാടിക്കൂടുകൾക്കിടയിൽ കുന്നുകൂട്ടിയിട്ടിരിക്കുന്ന ഷൂസുകളിലേക്ക് അവൾ വിരൽ ചൂണ്ടി. അവ ഏകദേശം എൺപതിനായിരം ജോഡികൾ ഉണ്ടായിരുന്നു, കുട്ടികളുടേതായ 8000 ജോഡികൾ ഉൾപ്പടെ. നാസി ജർമ്മനി കാലത്തെ പോളണ്ടിലെ ഏറ്റവും മാരകമായ കോൺസൻട്രേഷൻ ക്യാമ്പ് നില നിന്നിരുന്ന സ്ഥലത്ത് നിർമ്മിച്ച ഓഷ്വിറ്റ്സ് – ബിർക്കാനോ സ്റ്റേറ്റ് മ്യൂസിയത്തിലായിരുന്നൂ ഞങ്ങൾ. ഞാൻ അവളുടെ ചോദ്യം കേട്ടില്ല എന്ന് നടിച്ച് മറ്റെവിടേയ്ക്കോ നോക്കി. ഞാനവളോട് പറഞ്ഞില്ല ഈ ക്യാമ്പുകൾ നടത്തിയിരുന്നത് നമ്മെപ്പോലുള്ള മനുഷ്യരാണെന്ന്, ആം ആദ്മി. അങ്ങനെ പറയാമെങ്കിൽ – ഈ സാധാരണ മനുഷ്യരാണു മറ്റ് മനുഷ്യരെ ഗ്യാസ് ചേംബറുകളിലേക്ക് തള്ളിവിട്ടത്. ഇതേ മനുഷ്യരാണു അഡോൾഫ് ഹിറ്റ്ലറെ തെരഞ്ഞെടുത്ത് അധികാരത്തിലെത്തിച്ചത്.

ഇതേ ജനങ്ങൾ തന്നെയായിരുന്നില്ലേ റുവാണ്ടയിൽ സ്വന്തം രാജ്യത്തെ ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം വരുന്ന,  ഏകദേശം ഒരു മില്യണോളം സ്വന്തം ജനങ്ങളെ കശാപ്പുകത്തിക്ക് ഇരകളാക്കി ഉന്മൂലനം ചെയ്തത്? നരോദ പാട്യയിൽ കൂടിയ ഇതേ ജനങ്ങൾ തന്നെയല്ലേ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രേരണയാൽ സ്വന്തം മൊഹല്ലയിൽ പെട്ട, വർഷങ്ങളോളം ഒരുമിച്ച് ജീവിച്ച മുപ്പത്തിയാറു സ്ത്രീകളെയും മുപ്പത്തിയഞ്ച് കുട്ടികളെയും ഇരുപത്തിയാറു പുരുഷന്മാരെയും കൊള്ളയടിക്കുകയും മാനഭംഗപ്പെടുത്തുകയും ചുട്ടെരിക്കുകയും ചെയ്തത്?

ആം ആദ്മി ഉണർന്നു കഴിഞ്ഞു. അത് ആഘോഷിക്കേണ്ട സമയമായി. ആം ആദ്മി ഇല്ലാതെ എന്ത് ജനാധിപത്യം?  ജനങ്ങളില്ലാതെ എന്ത് ജനാധിപത്യം? പക്ഷേ ജനങ്ങൾ എന്ന വാക്കു കൊണ്ട് എന്താണു ഉദ്ദേശിക്കുന്നതെന്ന് നമുക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ആം ആദ്മിയെപ്പറ്റി മനസ്സിലായിട്ടില്ല. ആം ആദ്മിയെപ്പറ്റി പരാമർശിക്കുമ്പോൾ നമ്മൾ ആരെപ്പറ്റിയാണു സംസാരിക്കുന്നത്? ചേരികളിൽ ജീവിക്കുന്ന ജനങ്ങളാൽ ചുറ്റപ്പെട്ട ഇരുപത്തിയേഴ് നില കെട്ടിട്ടടത്തിൽ ജീവിക്കുന്ന ചിലർ ഇതിൽ ഉൾപ്പെടുന്നു എന്ന് തോന്നുന്നില്ല. ഇവരെ ഒഴിവാക്കിയാൽ ജനങ്ങൾ എന്നുള്ള ധാരണയിൽ തീർത്തും സാധാരണക്കാരായ ജനങ്ങളെ മാത്രമായി ഉൾപ്പെടുത്താനാകും.

എന്നാൽ സാമാന്യം, സാധാരണം എന്നിവ നിർവചിക്കുക എന്ന പ്രവൃത്തി നമ്മൾ അപ്പോഴും നേരിടേണ്ടി വരുന്നു. സാധാരണംഎന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് ഏതെല്ലാം വിഭാഗത്തിലും ഏതെല്ലാം ജീവിതരീതികളിലും പെടുന്നവരാണു? നിരീക്ഷണാനുഭവങ്ങളിൽ നിന്നും പറയുകയാണെങ്കിൽ പോലും എന്തൊക്കെ മൂല്യങ്ങളാണു സാധാരണത്വം കൊണ്ട് അർത്ഥമാക്കുന്നതെന്ന സദാചാരപരവും ധാർമ്മികവുമായ ചോദ്യം ബാക്കിയാകും. എന്തെന്നാൽ നമ്മൾ കണ്ടു കഴിഞ്ഞു, ഇപ്പറഞ്ഞ സാമാന്യക്കാരായ ജനങ്ങൾക്ക്  സാമാന്യക്കാരും സാധാരണക്കാരുമായ മറ്റ് ജനങ്ങളോട് ചെയ്യാൻ പറ്റുന്നതെന്തെന്ന്.

Comments

comments