ചരിത്രപരമായി നോക്കുമ്പോൾ രാഷ്ട്രീയസാമൂഹിക പോരാട്ടങ്ങൾ കൂടുതലും വിജയിച്ചിട്ടുള്ളത് ജനങ്ങൾ എന്ന ധാരണയെ പരോക്ഷമായി പരാമർശിച്ചിട്ടുള്ളപ്പോൾ മാത്രമല്ല. മറിച്ച് ജനങ്ങൾ എന്നത് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടതും അടിച്ചമർത്തപ്പെട്ടതുമായ വിഭാഗങ്ങളെ പരാമർശിച്ചിട്ടുള്ളപ്പോഴാണു. ഈ ധാരണയില്ലെങ്കിൽ ആം ആദ്മി അവകാശപ്പെടുന്ന സാമാന്യത, സാധാരണത്വം എന്നിവ വെറും പൊള്ളയായ വാദങ്ങൾ മാത്രമാകും.

സ്വവർഗ്ഗാനുരാഗി എന്നാരോപിച്ചുകൊണ്ട് സപാറ്റിസ്റ്റാകളുടെ (മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്തെ തദ്ദേശീയജനങ്ങളുടെ അവകാശങ്ങൾക്കായി വാദിക്കുന്നവർ) ഇതിഹാസ നേതാവായ സബ് കമാൻഡന്റ് മാർക്കോസിന്റെ പ്രതിച്ഛായയെ മെക്സിക്കൻ ഗവണ്മെന്റ് കരിവാരിത്തേക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: അതെ മർക്കോസ് സ്വവർഗ്ഗാനുരാഗിയാണു. സാൻ ഫ്രാൻസിസ്കോയിൽ സ്വവർഗ്ഗാനുരാഗി,  ദക്ഷിണാഫ്രിക്കയിൽ ഒരു കറുത്ത വർഗക്കാരൻ,  യൂറോപ്പിൽ ഒരു ഏഷ്യക്കാരൻ,  സാൻ ഇസിദ്രോയിൽ ചിക്കാനോ, സ്പെയിനിൽ അരാജകവാദി, ഇസ്രായേലിൽ ഒരു പാലസ്തീനി, സാൻ ക്രിസ്റ്റോബൻ തെരുവുകളിൽ ഒരു മായൻ-ഇന്ത്യൻ, ജർമ്മനിയിൽ ഒരു ജൂതൻ, പോളണ്ടിൽ ഒരു ജിപ്സി, ക്യൂബെക്കിൽ ഒരു മോഹക്ക്, ബോസ്നിയയിൽ ഒരു സമാധാനവാദി, രാത്രി പത്തുമണി സമയത്തെ ഒരു മെട്രോയിലാണെങ്കിൽ ഏകയായ യാത്രക്കാരി, ഭൂരഹിത കർഷകൻ, ചേരികളിൽ ഒരു ഗുണ്ട, തൊഴിൽരഹിതനായ തൊഴിലാളി, അസംതൃപ്തനായ ഒരു വിദ്യാർത്ഥി, പിന്നെ തീർച്ചയായും ഇവിടത്തെ  പർവ്വതങ്ങളിൽ ഒരു സപാറ്റിസ്റ്റ.”

ആം ആദ്മിക്ക് മാർക്കോസിനെപ്പോലെയാകുവാൻ കഴിയുമോ? എല്ലാ ചൂഷിതരേയും പാർശ്വവൽക്കരിക്കപ്പെട്ടവരേയും അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷക്കാരേയും പ്രതിരോധിച്ചുകൊണ്ട് മതി, ഇത്രയും മതിഎന്ന് പറയുവാൻ കഴിയുമോ? സംസാരിച്ചു തുടങ്ങിയിരിക്കുന്ന ഓരോ ന്യൂനപക്ഷക്കാരനെയും ഒരോ ഭൂരിപക്ഷവും വായ അടച്ചുപിടിച്ച് മിണ്ടാതെ ശ്രദ്ധിക്കണമെന്ന് മാർക്കോസിനെപ്പോലെ പറയുവാൻ കഴിയുമോ? ഇന്ത്യൻ സാഹചര്യത്തിലാണെങ്കിൽ  ആം ആദ്മിക്ക് ഒരേ പോലെ ഖൈർലാഞ്ചിയിലെ ദളിതനോ, ബസ്തറിലെ ആദിവാസിയോ, കുനാൻ പോഷ്പോറയിലെ കശ്മീരി സ്ത്രീയോ, മണിപ്പൂരിലെ തംഗ്ജം മനോരമയോ, മനേസറിലെ മാരുതി തൊഴിലാളിയോ, ഡൽഹിയിലെ ഉഗാണ്ടക്കാരനോ ആകുവാൻ കഴിയുമോ?

തങ്ങളുടെ അടിയന്തിരമായ ആവശ്യങ്ങളും ആഗ്രഹങ്ങളും മാത്രമാണോ ആം ആദ്മി പ്രതിനിധീകരിക്കേണ്ടത്? അതിനപ്പുറമുള്ള ഒരു ലോകത്തെപ്പറ്റിയും അവർ ബോധമുള്ളവരായിരിക്കേണ്ടതല്ലേ? അഭിമാനികളായ രാജ്യസ്നേഹികൾ എന്നതിനപ്പുറം, തങ്ങളുടെ രാജ്യത്തോടുള്ളതിനേക്കാൾ വലിയൊരു ഉത്തരവാദിത്തം മാനവരാശിയോട് ഉണ്ട് എന്നുള്ളത് ആം ആദ്മി മനസ്സിലാക്കേണ്ടതല്ലേ? അന്തിമമായി, നമ്മുടെ അസ്ഥിത്വമായ നിലവിലെ സാഹചര്യത്തിൽ ഈ ഗ്രഹത്തെത്തന്നെ രക്ഷിക്കുവാൻ ഉചിതമായ കാര്യങ്ങൾ ചെയ്യുക എന്ന വലിയൊരു ഉത്തരവാദിത്തം ആം ആദ്മിക്ക് ഇല്ലേ?

Comments

comments