തീയാട്ടും ഗരുഡന്തൂക്കവുംതെയ്യവും വരെ സ്വാധീനിച്ചിരിക്കാമെങ്കിലും ശൈലീകരണത്തിന്റെ ഘട്ടങ്ങൾപിന്നിട്ടുവരുമ്പോൾ കഥകളിയെ ഇവയൊന്നുമല്ലാത്ത വിധം കഥകളിയാക്കുന്ന നിഷ്കർഷകളും നിയമങ്ങളും രൂപപ്പെട്ടു. ആ നിയമങ്ങളുടെ പിന്തുടർച്ചശൈലീകൃതകലയുടെ പരിണാമത്തിൽ സുപ്രധാനമായ കാര്യമാണ്. ഏതുതരം മാറ്റങ്ങളെയും പ്രസ്തുതനിയമങ്ങളെ വെച്ച് സാധുകരിക്കാനാവണമെന്നും, അല്ലാത്തവ കഥകളിസ്വീകരിക്കില്ല എന്നിടത്തോളമെത്തിയ ശൈലീവാദത്തിലാണ് ഇന്നും കഥകളി നിലനിൽക്കുന്നത്. അതുകൊണ്ട് നമുക്ക് എന്തൊക്കെയാണ് കഥകളിയിൽ പാടുള്ളതുംപാടില്ലാത്തതുമായ കാര്യങ്ങൾ എന്നും അവയുടെ അനുശീലനത്തിന്റെ സവിശേഷതകളെയും സൂക്ഷ്മമായി മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഏതു പാരമ്പര്യകലയിൽ നിന്നും ഒരു നൂൽ പിന്നിലേക്കു വലിച്ചുകെട്ടിയാൽ എത്താവുന്ന ഭരതന്റെനാട്യശാസ്ത്രത്തിന് ഇന്നും കഥകളിയിലുള്ള പ്രാധാന്യം അവിടെയാണ്. ഭരതനു ശേഷംവന്ന ആനന്ദവർദ്ധനന്റെ ധ്വന്യാലോകത്തിലും ധ്വന്യാലോകത്തിന്റെ ടീകാകാരനായധനജ്ഞയന്റെ അവലോകത്തിലുമായി വിവരിക്കപ്പെടുന്ന നാട്യധർമ്മി ലോകധർമ്മിസങ്കൽപ്പങ്ങൾ ഏറെക്കുറെ വിജയിക്കപ്പെട്ടത് കഥകളിയുടെ പ്രകാശനത്തോടെയാണ്എന്നു പറയാം. പ്രസ്തുത സങ്കൽപ്പനങ്ങളുടെ സവിശേഷതകളെ അടിസ്ഥാനപ്പെടുത്തികഥകളിക്ക് അനുയോജ്യമായ കാര്യങ്ങൾ മാത്രം അൽപ്പം വിശദമാക്കാം.

നാട്യധർമ്മീ ലോകധർമ്മീ സങ്കൽപ്പം
നാട്യശാസ്ത്രത്തിലാണ് ധർമ്മിയെപ്പറ്റിയുള്ള കണ്ടെടുക്കപ്പെട്ടതിൽ വെച്ച് പഴക്കമുള്ള പരാമർശം.എങ്കിലും നാട്യശാസ്ത്രത്തിലാണ് പ്രാരംഭമെന്നു പറഞ്ഞുകൂടാ. വിശുദ്ധ ഖുറാൻ ഉണ്ടായ കഥപോലെ പരമശിവൻ നേരിട്ടു പറഞ്ഞുകൊടുത്തതാണ് നാട്യശാസ്ത്രമെന്ന മിത്ത് മാറ്റിനിർത്തിയാൽ, നാട്യശാസ്ത്രം അക്കാലത്തെ സൗന്ദര്യശാസ്ത്രചിന്തകളുടെ ക്രോഡീകരണമാണ്. ഏതാണ്ട് സംഗീതത്തിൽ വെങ്കടമഖിചെയ്തതുപോലെ, നാട്യശാസ്ത്രകാരനും ചെയ്തത് അറിവുകളുടെ ഒരു സമുച്ചയത്തെ നിർമ്മിക്കലാണ്. അതുകൊണ്ടുതന്നെ നാട്യധർമ്മിയെന്ന പദമോ പ്രസ്തുതസങ്കൽപ്പനമോ നാട്യശാസ്ത്രകാരൻ നിർമ്മിച്ചതെന്നു കരുതാനാവില്ല. അതുനുമുൻപേയുള്ള സൗന്ദര്യശാസ്ത്രചിന്തകളാവണം ഇവയെല്ലാം.
ആറാമദ്ധ്യായമായ  രസവികൽപ്പത്തിലും  ഇരുപത്തിമൂന്നാം അദ്ധ്യായമായ ആഹാര്യാഭിനയത്തിലും  സജ്ഞകളുണ്ടെങ്കിലും പതിനാലാം അദ്ധ്യായമായ കക്ഷ്യാപ്രവൃത്തിധർമ്മിവ്യഞ്ജകത്തിലാണ് ഇരു ധർമ്മികളുടെയും ലക്ഷണങ്ങൾ സഹിതം വിശദമാക്കുന്നത്.അവയുടെ വിശദപഠനത്തിന് ഇവിടെ മുതിരുന്നില്ല. നമുക്ക് കഥകളിയുടെ സൗന്ദര്യശാസ്ത്രത്തെ നിർണയിച്ച കാര്യങ്ങൾ മാത്രം വിശദമാക്കാം. ലോകധർമ്മിയെപരമാവധി നിരാകരിച്ച് നാട്യധർമ്മിയിലേക്കടുക്കുന്ന കഥകളിയുടെ തീയറ്റർസ്വഭാവും എന്നാൽ കഥകളിയുടെ അഭിനയപ്രകരണത്തിലുള്ളടങ്ങിയിരിക്കുന്ന ലോകധർമ്മീസ്വഭാവവും വ്യക്തമാവാൻ ഓരോന്നും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

ലോകധർമ്മിക്ക് ഏഴ് ലക്ഷണങ്ങൾ പറയുന്നു. അവയെല്ലാം കഥകളിയിൽ പ്രസക്തമാണ്.

1) സ്വഭാവകർമ്മോപഗതം ഓരോ കലയ്ക്കും മറ്റു കലകളിൽ നിന്നു വ്യത്യസ്തമായ , പ്രസ്തുതകലയുടേതായ വ്യക്തിത്വമുണ്ടാവും അവ അവഗണിച്ച് സാധാരണക്കാരെപ്പോലെ അരങ്ങുപയോഗിച്ച് അഭിനയിച്ചാൽ അതു കഥകളിയാവുകയില്ല. കഥകളിയുടെ അനേകം ഘടകങ്ങൾ ചേർന്നാണ് അതിനെ അതാക്കി നിലനിർത്തുന്നത്. a) വേഷവിഭജനം, b) ആഹാര്യക്രമം, c) സവിശേഷ മുദ്രാഭാഷ, d) നൃത്തവിശേഷം എന്നിങ്ങനെ അനേകം കാര്യങ്ങൾ ചേർന്നാണ് കഥകളിയെ കഥകളിയാക്കി നിലനിർത്തുന്നത്. ഇവയെ നിരാകരിച്ച് വേഷമണിയുന്നെങ്കിൽ അത് ലോകധർമ്മിയാണ്.
 
2)
ശുദ്ധം നാട്യസംബന്ധിയായ മൂന്നു ഘടകങ്ങളുടെസമീചീനമായ മിശ്രണമാണ് കഥകളിയിലുള്ളത് അഭിനയം,, ഗീതം, താളം. ഇവയുടെ സമ്മേളനത്തെ തൗര്യത്രികം എന്ന പദം കൊണ്ട് വിവക്ഷിക്കാറുണ്ട്.തൗര്യത്രികതയില്ലാതെ, ഈ മൂന്ന് ഘടകങ്ങളുടെയും സമുചിതമായ സമന്വയമില്ലാതെ ലോകവൃത്താന്തങ്ങളെ ആവിഷ്കരിക്കുന്നുവെങ്കിൽ അത് ലോകധർമ്മിയാണ്. ഉദാ:ഉത്തരാസ്വയം വരത്തിൽ രണ്ടുതവണ വാർത്തയറിയിക്കാനുള്ള ദൂതന്മാർപ്രത്യക്ഷപ്പെടുന്നു. ദുര്യോധനന്റെ രാജധാനിയിലേക്ക് പാണ്ഡവന്മാരെ അന്വേഷിച്ച വിവരമറിയിക്കാനായി ഒരു ദൂതനും, പിന്നീട് ഉത്തരന്റെ അടുത്തേക്ക്കൗരവന്മാർ പശുക്കളെ തട്ടിക്കൊണ്ടു പോയതറിയിക്കാനായി ഗോപാലകന്മാരും. ആദ്യദൂതന്റെ ജയജയ നാഗകേതനഎന്ന പദവുമായുള്ള പ്രവേശവും രംഗപ്രവൃത്തിയുംതൗര്യത്രികഭംഗികൊണ്ട് അടിമുടി നാട്യധർമ്മിയാണ്. എന്നാ ഗോപാലകന്മാരുടെ പദത്തിൽ അഭിനയവും ഗീതവും പരമാവധി ന്യൂനീകരിക്കുകയും നൃത്തത്തെ ഏതാണ്ടുനിരാകരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പ്രസ്തുതരംഗം ലോകധർമ്മിയാണ്.

3)
വികൃതം – രംഗപാഠങ്ങളെ വികൃതമാക്കി കാണിക്കുന്നത് ലോകധർമ്മിയാണ്. ഉദാ:ബകവധത്തിലെ ആശാരി. കഥകളിയിലെ നൃത്തഘടകങ്ങളിൽ പ്രധാനമായവയെല്ലാം ബകവധത്തിന്റെ ആശാരിയ്ക്ക് വരുന്നുണ്ട്. കലാശങ്ങ, ഇരട്ടി, അടക്കം, തോങ്കാരം എന്നിവയെല്ലാം കഥകളിയുടെ രംഗപാഠത്തിൽ നിന്ന് വിഭിന്നമായി വികൃതമാക്കികാണിക്കുന്നു. അത് ലോകധർമ്മിയാണ്.

Comments

comments