4 ) ലോകവാർത്തക്രിയാപേതം –ലോകവാർത്തകളെ അതേപടി രംഗത്ത് ആവിഷ്കരിക്കുന്നത് ലോകധർമ്മിയാണ്. ഉദാ:സന്താനഗോപാലത്തിലെ ബ്രാഹ്മണൻ മക്കളെ തിരികേയേൽപ്പിച്ചു പോവുന്ന അർജ്ജുനനോടും കൃഷ്ണനോടും “പഴയ പോലെയല്ല, വലിയ വിലക്കയറ്റമാണ്. നിങ്ങൾ തന്നെ കുട്ടികളെ നോക്കണം”എന്നു പറയുന്നെന്നു വെക്കുക. അത് ലോകധർമ്മിയാണ്.
5) അംഗലീലാവിവർജ്ജിതം –നടശരീരത്തിലെ ഓരോ അംഗങ്ങൾക്കും നിയതമായ ചലനവ്യവസ്ഥകഥകളി നിഷ്കർഷിക്കുന്നു. പ്രസ്തുത അംഗചലനവ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രവർത്തിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നത് ലോകധർമ്മിയാണ്. ഉദാ:‘അരയ്ക്ക് വായുകൊടുത്ത് താണുനിൽക്കുക’എന്നത് കഥകളിയുടെ ശരീരഭാഷയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഇതു നിരാകരിച്ചുകൊണ്ട്സാധാരണ ലോകവ്യവഹാരത്തിലെന്ന പോലെ അരങ്ങിൽ നിവർന്നു നടക്കുന്നത് ലോകധർമ്മിയാണ്.
6) സ്വഭാവാഭിനയസ്ഥാനം – നിയതമായ പ്രമേയത്തിലെനിശ്ചിത കഥാപാത്രമായാണ് കഥകളിയിലെ ഓരോ നടനും രംഗത്തെത്തുന്നത്. പ്രസ്തുത കഥാപാത്രത്തെ കൈവിട്ട്, അതിനിടയിൽ നടൻ സ്വന്തം വ്യക്തിഭാവത്തെ കാണിക്കുന്നെങ്കിൽ അത് ലോകധർമ്മിയാണ്. ‘സെൽഫ് എക്സ്പ്രഷൻ’ എന്നത് താരവൽക്കരണത്തിന്റെ ഘടകങ്ങളിലൊന്നായി നിരൂപകർ ചൂണ്ടിക്കാണിക്കുന്നതാണ്.രജനീകാന്ത് പോലുള്ള സിനിമാനടന്മാർ സിനിമയ്ക്കിടയിൽ കഥാപാത്രബന്ധമില്ലാതെ ചില ഡയലോഗുകൾ പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ? (എൻ വഴി തനിവഴി, ഒരു തടവ്സൊന്നാൽ…) ഇതുപോലുള്ള വ്യക്തിഭാവങ്ങളുടെ കടന്നുവരവ് ലോകധർമ്മിയാണ്. ഉദാ:കല്യാണസൗഗന്ധികത്തിലെ ഭീമനും ഹനുമാനുമായുള്ള സംവാദരംഗം രണ്ട് പ്രമുഖആചാര്യന്മാർ ചെയ്യുന്നു. വിശ്വരൂപം കാണാനാവശ്യപ്പെടുന്ന ഭീമന്റെ ആവശ്യംഅംഗീകരിച്ച് പീഠത്തിൽ കയറാനൊരുങ്ങുമ്പോൾ ഹനുമാൻ ‘പഴയ പോലെയൊന്നുമല്ല, ഇപ്പോൾ തീരെ വയ്യ”എന്നും, ഭീമൻ “അങ്ങ് എപ്പോഴും ഒരുപോലെയാണല്ലോ”എന്നും കാണിക്കുന്നു. കഥാപാത്രങ്ങളെ വിട്ട് നടന്മാരുടെ സംഭാഷണങ്ങളായി മാറുന്ന ഇത്തരം സന്ദർഭങ്ങൾ ലോകധർമ്മിയാണ്.
7) നാനാസ്ത്രീപുരുഷാശ്രിതത്വം –ഒരുപാട് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന വിധം അരങ്ങ് നിറയേ നടീനടന്മാരായാൽഅതു തന്നെ ലോകധർമ്മിയായിത്തീരും. കഥകളി പൊതുവേ ഒരു കഥാപാത്രം സൂക്ഷ്മാഭിനയം കാഴ്ച്ച വെക്കുന്നെങ്കിൽ അപ്പുറവുമിപ്പുറവുമുള്ളവരെല്ലാം എന്തുചെയ്യുന്നു എന്നതിനേപ്പറ്റി ഉത്കണ്ഠപ്പെടാറില്ല. കേന്ദ്രീകൃതമായ അഭിനയ സങ്കൽപ്പവും ആസ്വാദന സങ്കൽപ്പവുമാണ് ഇക്കാര്യത്തിൽ കഥകളി വികസിപ്പിച്ചിരിക്കുന്നത്. ചുറ്റുമുള്ളവയെല്ലാം സൂക്ഷ്മാഭിനയം നിർവ്വഹിക്കുന്ന നടന് പരഭാഗശോഭ നൽകുന്ന ഘടകങ്ങളായി നിൽക്കുകയാണ് പതിവ്.എന്നാൽ അങ്ങനെയല്ലാതെ നിരവധി കഥാപാത്രങ്ങൾ ഒരുമിച്ച് അരങ്ങിൽ പലതരം പ്രവൃത്തികളിലേർപ്പെട്ടു കൊണ്ടിരുന്നാൽ അതുതന്നെ ലോകധർമ്മിയാണ്. ഉദാ:പട്ടാഭിഷേകരംഗം.
ഇങ്ങനെ ഏഴുഘടകങ്ങളാക്കി ലോകധർമ്മീഘടകങ്ങളെപിരിച്ചുപറയാമെങ്കിലും വാസ്തവത്തിൽ ഇവയെല്ലാം ഒരേ കാര്യമാണ്. ചുരുക്കത്തിൽ , നൈസർഗികമായ നാട്യാവിഷ്കാരം ലോകധർമ്മിയും കൃത്രിമമായി ചെയ്യുന്നത്നാട്യധർമ്മിയുമാണ്. അതുകൊണ്ടുതന്നെ ലോകധർമ്മിക്ക് അളന്നുമുറിച്ച നിയമങ്ങൾനിഷ്കർഷിക്കാൻ ബുദ്ധിമുട്ടാണ്. നാട്യധർമ്മി കൃത്രിമമായിരൂപപ്പെടുത്തുന്നതായതുകൊണ്ടൂ തന്നെ അതിനു നിയമങ്ങൾ വേണം. അവ നിയതമാം വിധംനിർവ്വചിക്കുകയും ചെയ്യാം.
കെ പി നാരായണപ്പിഷാരടി ലോകധർമ്മിയെ ഇപ്രകാരം നിർവ്വചിക്കുന്നു:
“തന്റെ ഭാവങ്ങൾക്കും കർമ്മങ്ങൾക്കും യോജിച്ചവിധത്തിൽ ശുദ്ധമോ വികൃതമോ ആയലോകവൃത്താന്തങ്ങളെ ആവിഷ്കരിക്കുന്നതും, ആംഗികഭംഗി വരുത്താതെയുള്ളതും, സ്വന്തം മനോഭാവങ്ങളെ പ്രകാശിപ്പിയ്ക്കുന്നതും, പല സ്ത്രീകളേയുംപുരുഷന്മാരെയും പരാമർശിച്ചുകൊണ്ടുള്ളതും ആയ നാട്യമേതോ അത് ലോകധർമ്മിയാണ്.”
നാട്യധർമ്മിയെ കുറേക്കൂടി സൂക്ഷ്മമായി നിർവ്വചിക്കാനാവും. കഥകളിയുടെ പശ്ചാത്തലത്തിൽ പ്രസക്തമായവ പരിശോധിക്കാം.
1) അതിവാക്യക്രിയാപേതങ്ങളും, അതിസാത്വതിഭാവുകങ്ങളും ആയ ആഭിനയം നാട്യധർമ്മി –അതിശയോക്തിപരമായ വാക്യങ്ങൾ, അസാധാരണമായ കർമ്മങ്ങൾ, ലോകസാമാന്യമല്ലാത്തപ്രവൃത്തികൾ – ഇവയെല്ലാം നാട്യധർമ്മിയുടെ സ്വഭാവമാണ്.
ഉദാ:ബാലിവിജയം. രാവണൻ ഇരുപത് കൈകൾ കൊണ്ട് പർവ്വതമെടുത്ത് അമ്മാനമാടുന്നു.പൂർണമായും അതിശയോക്തിപരമായ ഈ പ്രമേയത്തെ ഒരേയൊരു നടന്റെ സൂക്ഷ്മമായ അഭിനയംകൊണ്ടും വാദ്യവിശേഷങ്ങളുമായുള്ള ശൈലീകൃതമായ സമ്മേളനം കൊണ്ടുമാണ്കഥകളിയരങ്ങിൽ സാക്ഷാത്കരിക്കുന്നത്. അതുകൊണ്ടുതന്നെ കൈലാസോദ്ധാരണം ആദ്യന്തം നാട്യധർമ്മിയായിത്തീരുന്നു. ഈ അഭിനയം റിയലിസ്റ്റിക്ക് അല്ല എന്നുമാത്രമല്ല, സറിയലിസ്റ്റിക്ക് ആണുതാനും. ഉടലോടെമനുഷ്യൻ സ്വർഗത്തിൽ പോവുക (കാലകേയവധം) , പാമ്പുകടിച്ചാൽ മനുഷ്യൻ വികൃതനാവുക ( നളചരിതം) എന്നിങ്ങനെയുള്ള അതിയാഥാർത്ഥ്യസന്ദർഭങ്ങളാണ് കഥകളിയ്ക്ക്അനുയോജ്യമാവുന്നത്.
2) നാട്യലക്ഷണലക്ഷിതമായ ലീലാംഗഹാരാഭിനയം –‘അംഗഹാരം’എന്നതിന് നാട്യശാസ്ത്രത്തിൽ ലക്ഷണങ്ങളുണ്ട്. കൈകാലുകൾ ചേതോഹാരിയാവും വിധം ശൈലീകൃതമായി ചലിപ്പിക്കുന്ന ചലനവിശേഷങ്ങൾഎന്നു സാമാന്യേന പറയാം. കഥകളിയാസകലം ഇത്തരം ചലനവിശേഷങ്ങളാണ്. കഥകളിയെ നാട്യധർമ്മിയാക്കുന്ന പ്രധാനഘടകം തന്നെ ഇതാണ്.
3) സ്വരാലങ്കാരസംയുക്തം –വാക്യപ്രയോഗങ്ങൾ നാട്യധർമ്മിയിൽ സ്വരാലങ്കാരസംയുക്തമായി ശൈലീകരിക്കുന്നു, സംസ്കരിക്കപ്പെടുന്നു.അലർച്ചകളടക്കം കഥകളിയിലെ ശബ്ദവിന്യാസങ്ങൾക്കെല്ലാം നിയതമായ ശൈലികരണംനടന്നിട്ടുണ്ട്. വാചികം പൂർണമായും പിൻപാട്ടിലേക്ക് ചെന്നതോടെ സംഗീതം എന്നവിഭാഗമായി വാചികം ആദ്യന്തം ശൈലീകരിക്കപ്പെടുകയും ചെയ്തു.
4) ശ്രവണനിരോധം –അരങ്ങിൽ ആത്മഗതമായോ മറ്റുചിലരോടോ ചില കഥാപാത്രങ്ങൾ പറയുന്നത്അരങ്ങിൽ തന്നെയുള്ള മറ്റു ചില കഥാപാത്രങ്ങൾ നാട്യധർമ്മിയിൽ കേൾക്കില്ല.ഉദാ: കുചേലവൃത്തത്തിൽ അവൽപ്പൊതി പിടിച്ചുവാങ്ങിയ ശേഷമുള്ള രുഗ്മിണിയുടെ പരിഭവവും കൃഷ്ണന്റെ മറുപടിയുമെല്ലാം നടക്കുമ്പൊഴും കുചേലൻ അവിടെത്തന്നെയുണ്ട്, എന്നാലൊന്നും കേൾക്കുന്നില്ല.
5) അശബ്ദശ്രവണം –രംഗത്ത് ഇല്ലാത്ത ശബ്ദം കേട്ടെന്നു നടിക്കുന്നത് നാട്യധർമ്മിയാണ്.കഥകളിയിലെ ശബ്ദവർണ്ണന തന്നെ മികച്ച ഉദാഹരണമാണ്. പർവ്വതങ്ങൾ കൂട്ടിമുട്ടുന്നശബ്ദമാണോകടൽ കരകയറിവരികയാണോ എന്നിങ്ങനെയുള്ള ശബ്ദശ്രവണങ്ങളെല്ലാം നടക്കുന്നത് അഭിനയത്തിലൂടെയാണ്.
6) ശൈലം, യാനം, വിമാനം, ചാട്ടവാർ, മാർച്ചട്ട, ആയുധം, ധ്വജം മുതലായവക്ക് നടന്റെ ശരീരം സങ്കൽപ്പിച്ച്അഭിനയിക്കുന്നത് നാട്യധർമ്മിയാണ്. ഇവയിൽ ആയുധമൊഴിച്ച് എല്ലാം കഥകളിയിൽനടശരീരം തന്നെയാണ്. ആയുധവും പ്രത്യേകസന്ദർഭങ്ങളിൽ നടന്റെ ശരീരമാക്കാൻമടിയുമില്ല. ഇനി അയുധത്തിനാകട്ടെ, അതിന്റെ യഥാർത്ഥരൂപവുമായി കാര്യമായബന്ധവും പലപ്പോഴുമില്ല. ഉദാ: കഥകളിയിലെ ഗദ.
7) രണ്ടുവേഷം ഒരേകഥയിൽചെയ്യുന്നത് നാട്യധർമ്മിയാണ്. കഥകളിയിൽ ഇത് സുലഭമാണ്. ഉത്തരാസ്വയംവരത്തിലെദൂതനും വലലനും ഒരാളാവുക പോലുള്ളവ പതിവാണ്. അതിന്നുമപ്പുറം, പകർന്നാട്ടംഎന്ന അഭിനയസങ്കേതമുപയോഗിച്ച് ഒരു നടൻ തന്നെ അപ്പുറത്ത് മറ്റൊരുകഥാപാത്രമായി അഭിനയിക്കുകയും ചെയ്യുന്നു.
8) പുരാണേതിഹാസപ്രഖ്യാതപ്രമേയങ്ങൾ – സാധാരണലൗകികപ്രമേയങ്ങൾ നാട്യധർമ്മിയായആവിഷ്കരണത്തിനുചിതമല്ല. അവയിൽ ആസ്വാദകർ ലയിച്ചു പോകാനിടയുണ്ട്. അത്തരംആസ്വാദനമല്ല നാട്യധർമ്മിയായ തീയറ്റർ ലക്ഷ്യം വെക്കുന്നത്. അതിന് അനുയോജ്യംഅതിയാഥാർത്ഥ്യതലത്തിലുള്ള പ്രമേയങ്ങളാണ്. അതുകൊണ്ടാണ് പുരാണേതിഹാസകഥകൾകഥകളിക്ക് അനുയോജ്യമായിത്തീരുന്നത്. വിമർശനാത്മവും വിശകലനാത്മകവുമാണ്ആസ്വാദനം എന്ന കാഴ്ച്ചപ്പാടിനെ മുൻനിർത്തി തീയറ്ററിനെ കാണുകയാണ് നാട്യധർമ്മി ചെയ്യുന്നത്.
നാട്യധർമ്മി –ലോകധർമ്മീ സങ്കൽപ്പനങ്ങളെകഥകളിയെ മുൻനിർത്തി വിശകലനം ചെയ്യുമ്പോൾ, പാരമ്പര്യകലയുടെ സവിശേഷതകളെകൂടുതൽ സൂക്ഷ്മമായി നമുക്ക് തിരിച്ചറിയാനാവും. ഒരുസവിശേഷചരിത്രസാഹചര്യത്തിന്റെ സൃഷ്ടിയായി രൂപം കൊള്ളുന്ന കലാരൂപങ്ങളുണ്ട്.പ്രസ്തുത സാഹചര്യത്തെ ആവികരിക്കുകയോ പ്രതിരോധാത്മകമായി സമിപ്പിക്കുകയോചെയ്യുന്ന കലാരൂപങ്ങളുണ്ട്. സുനിശ്ചിതമായ സാമൂഹികധർമ്മങ്ങൾ നിറവേറ്റാനുള്ളബാദ്ധ്യതയേറ്റെടുക്കുന്ന ‘പ്രൊപ്പഗാൻണ്ട തീയറ്ററും’ അനേക കാലത്തെ കലാഘടകങ്ങൾചേർന്നുണ്ടാവുന്ന ‘ട്രെഡീഷണൽ തീയറ്ററും’വ്യത്യസ്തമായ കലാസമീപനങ്ങളാണ്കൈക്കൊള്ളുന്നത്. കഥകളിയെ ആധുനീകരിക്കാനോ തിരസ്കരിക്കാനോ ഒരുങ്ങുന്നതിനുമുൻപ് അതാതു കലാവിഷ്കാരങ്ങളെ അതാതു സവിശേഷതകളെ മുൻനിർത്തി മനസ്സിലാക്കാൻനാം തയ്യാറാവേണ്ടതുണ്ട്. അതിന് കഥകളിയെ കഥകളിയാക്കി നിലനിർത്തുന്ന ഈഅടിസ്ഥാനസങ്കൽപ്പനങ്ങളെ വ്യക്തമായി മനസ്സിലാക്കുന്നത് ഉപകരിക്കും.
Be the first to write a comment.