“സിനിമയിലും ഇരുചക്രവാഹനം ഓടിക്കുന്ന രംഗങ്ങളിൽ അഭിനയിക്കുന്നവർ ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണർ ഋഷിരാജ്‌സിംഗ്. ഇതു സംബന്ധിച്ച് സെന്‍സർ ബോര്‍ഡിനും സിനിമാ സംഘടനകള്‍ക്കും ഋഷിരാജ് സിംഗ് കത്തയച്ചു. നിര്‍ദേശം ലംഘിച്ചാൽ കേസെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.” വാര്‍ത്ത
ഇത് സിനിമയോ യാഥാർത്ഥ്യമോ? കിംങ്, കമ്മീഷണര്‍ തുടങ്ങി സിനിമയിൽ നീതി നടപ്പാക്കിയ ആണ്‍ രൂപം പോലെ ഋഷിരാജ് സിംഗ് നായകനായ ഒരു സിനിമ ഇവിടെ കളിച്ചു കൊണ്ടിരിക്കുന്നുണ്ടോ? തെരുവില്‍ ഋഷിരാജ് സിംഗ് ഫാന്‍സ് അസോസിയേഷനുകളും ആരാധകരും ഉയര്‍ത്തിയ ഫ്ലെക്സ് ബോര്‍ഡുകള്‍. മാധ്യമങ്ങളില്‍, ഫെയ്‌സ് ബുക്ക് വാളുകളില്‍ നിറയെ പോസ്റ്ററുകള്‍. താരങ്ങളെ ഹെല്‍മറ്റ് അണിയിച്ച ധീരനായകചിത്രം. ഈ കാലഘട്ടത്തിന്റെ സൂപ്പർ സ്റ്റാർ ഋഷിരാജ് സിംഗാണെന്ന് മോഹന്‍ലാല്‍. എല്ലാം കാണുമ്പോള്‍ ഉല്‍പ്രേക്ഷയിൽ അകപ്പെട്ടതു പോലൊരവസ്ഥ.അതു താനല്ലയോ ഇത് എന്ന ശങ്ക? പക്ഷെ, ഏതാണ് വര്‍ണ്യം? ഏതവര്‍ണ്യം? സിനിമ യഥാര്‍ത്ഥവും നിയമ നിര്‍വ്വഹണം ഫിക്ഷനുമായി തലതിരിഞ്ഞുപോയ ഒരവസ്ഥ. നടീടനടന്‍മാരുടെ ആവിഷ്കാരമാധ്യമം കൂടിയായ മുഖത്തിനു മറയിടുകയെന്നതാണ് ‘ഭരണകൂട’ ഉത്തരവ്. കഥാ സന്ദര്‍ഭത്തിനനുസരിച്ച് കഥാപാത്രം പുലര്‍ത്തേണ്ട അഭിനയം ആവിഷ്‌കരിക്കാൻ എന്താണ് മാര്‍ഗ്ഗം? “അന്നേരം നായകന്‍ കര കവിഞ്ഞ ഹൃദയവികാരത്താല്‍ കരയുകയോ/ ചിരിക്കുകയോ/ അന്തം വിട്ടിരിക്കുകയോ ആയിരുന്നു”എന്ന് അടിക്കുറിപ്പു കൊടുത്താല്‍ മതി എന്നതുപോലെ വിചിത്രമായ ഉത്തരവുകളും വന്നുകൂടെന്നില്ല.
പുകവലി, മദ്യപാനം തുടങ്ങിയ സന്ദര്‍ഭങ്ങളിൽ ‘പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം‘ എന്ന പരസ്യം എഴുക്കാണിക്കണം എന്നാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സെന്‍സര്‍ നിയമം. അഥവാ എന്റെ പിഴ, എന്റെ പിഴ എന്റെ വലിയ പിഴ എന്ന കലാകാരന്റെ/ കാരിയുടെ വിലാപമോ ഏറ്റുപറച്ചിലോ കൂടി ആവശ്യമാണ്. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ സിനിമകൾ പ്രദര്‍ശനത്തിനെത്തുന്നത്. കല/ആവിഷ്‌കാരം തുടങ്ങിയ മേഖലകളിലുള്ള ഭരണകൂടത്തിന്റെ അതിരു കടന്ന ഇടപെടലുകളോട് കലഹിക്കുന്ന പ്രശസ്ത സംവിധായകൻ വുഡ്ഡി അലന്റെ നിലപാട് ഇവിടെ പ്രസക്തമാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ബ്ലൂ ജാസ്മിന്‍ ഇന്ത്യയിൽ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സിനിമയുടെ ദൃശ്യങ്ങളെ അതിന്റെ സൗന്ദര്യത്തെ ഭംഗപ്പെടുത്തിക്കൊണ്ട് എഴുതിക്കാണിക്കുന്ന ഭരണകൂട മുന്നറിയിപ്പുകള്‍ക്ക് തന്റെ കലാസൃഷ്ടി ഉപയോഗിക്കില്ലെന്നാണ് വുഡ്ഡിഅലന്റെ തീരുമാനം. വിലാപങ്ങളില്‍ നിന്നും വിധേയത്വത്തില്‍ നിന്നും മുന്നോട്ടാഞ്ഞു നില്‍ക്കുന്ന കലാപ സ്വരം വുഡ്ഡി അലനിൽ കാണാം.
‘നിയമമെന്നാല്‍ യഥാര്‍ഥ സാഹചര്യങ്ങളിൽ മാത്രം പ്രവര്‍ത്തനക്ഷമമാവുന്ന ഒന്നാണ്’. ആതുകൊണ്ടുതന്നെ ഫിക്ഷനില്‍ നിയമം പ്രയോഗിക്കാൻ കഴിയുകയില്ല.സിനിമയില്‍ ഒരാൾ ഒരാളെ കൊല്ലുമ്പോള്‍ അയാളെ ‘യഥാർത്ഥ’ കുറ്റവാളിയായി കണക്കാക്കി ശിക്ഷിക്കുന്നത് അസംബന്ധമാണ്. അതുപോലെ, സിനിമയില്‍ ഒരു അഭിനേതാവ് കഥാസന്ദര്‍ഭം ആവശ്യപ്പെടുകയാണെങ്കിൽ, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത് എങ്ങനെ ശിക്ഷാര്‍ഹമാകും? വേഷം അഴിച്ചുവയ്ക്കുമ്പോള്‍ തീരുന്നതല്ലേ നടനം. ഒരു കഥാപാത്രത്തിന്റെ പേരില്‍ ജീവിതകാലമത്രയും ക്രിമിനലായി മുദ്രകുത്തപ്പെടുന്നതിന്റെ യുക്തി എന്താണ്? ഇതേ അസംബന്ധ യുക്തി, നാളെ കുറ്റകൃത്യങ്ങളുടെ എല്ലാ ആവിഷ്‌കാരങ്ങളേയും നിയമംമൂലം നിരോധിച്ചാല്‍, പിന്നെ, സിനിമയ്ക്ക് സൗന്ദര്യശാസ്ത്രപരമായി എന്തു പ്രസക്തിയാണുള്ളത്? നന്മയേയും തിന്മയേയും ഒരേ ശക്തിയോടെ ആവിഷ്‌ക്കരിയ്ക്കുക എന്നതാണല്ലോ കലയുടെ ധര്‍മ്മം. കൊലയും ബലാല്‍സംഗവും ഭവനഭേദനവും കള്ളക്കടത്തും തീവ്രവാദവുമെല്ലാം കുറ്റത്തിന്റെയും ശിക്ഷയുടെയും പരിധിയില്‍ വരുന്നതിനാൽ ഇനി അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്‍മാര്‍ ശിക്ഷിക്കിപ്പെടുന്ന അവസ്ഥ എത്രമാത്രം അസംബന്ധമാണ്. അയഥാര്‍ത്ഥവും കാല്‍പനികവുമായ ഒരു ഭാവനാലോകത്തു നിന്നു കൊണ്ട് കലയെ/ ഫിക്ഷനെ യഥാര്‍ത്ഥ്യമായി ധരിച്ചുപോകുമ്പോഴുണ്ടാകുന്ന ചാപല്യമായി മാത്രം ഇതിനെ കാണുന്നതില്‍ അപകടമുണ്ട്. കാരണം ഇതൊരു തലതിരിഞ്ഞ സാമൂഹ്യബോധത്തെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്.
സിനിമയില്‍ ബൈക്ക് ഓടിക്കുന്ന നടന്‍/ നടി ഹെല്‍മറ്റ് ധരിക്കണം എന്ന ഉത്തരവ്ഈ വിലക്കുകളുടെ തുടര്‍ച്ചയാണ്. നിയമം, നീതി തുടങ്ങിയ പദാവലികളും പ്രയോഗങ്ങളും സൃഷ്ടിക്കപ്പെടുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളുടെ അതിന്റെ ഉള്ളിലിരിപ്പുകളും പുറത്തുവരുന്ന സന്ദര്‍ഭം.മധ്യകാല മത/ പൗരോഹിത്യത്തിന്റെയും പില്‍ക്കാല വംശീയ ഏകാധിപത്യത്തിന്റെയും കാലത്ത് വിലക്കുകളായിരുന്നു നിയമങ്ങള്‍. മനുഷ്യരുടെ പെരുമാറ്റവും ജീവിതവും സദാചാരവും തീരുമാനിക്കപ്പെടുന്നത് കല്ലേപ്പിളര്‍ക്കുന്ന കല്‍പനകളിലൂടെയാണ്. ഉത്തരവുകള്‍ അനുസരിച്ചും പാലിച്ചും വിധേയപ്പെടുന്ന ശരീരങ്ങളാണ് പ്രജകള്‍. ആ പ്രജാസഞ്ചയമാണ് സമൂഹം. ജൂസപ്പി തൊര്‍ണാതോറിന്റെ പ്രശസ്തമായ സിനിമാ പാരഡൈസോ എന്ന ചലച്ചിത്രം നിയമം എങ്ങനെയാണ് സാമൂഹ്യ സദാചാരമായി മാറുന്നതെന്ന് കാട്ടിത്തരുന്നുണ്ട്. സിസിലിയിലെ ഒരു ഗ്രാമീണ ടാക്കീസിന്റെപശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അവിടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമകൾ ആദ്യം കാണുന്നത് പള്ളിയിലെ പുരോഹിതനാണ്. ചിത്രം പുരോഹിതനു വേണ്ടി രഹസ്യപ്രദര്‍ശനം നടത്തും. സിനിമയിലെ ചുംബനങ്ങളും ലൈംഗികസ്പര്‍ശമുള്ള ഭാഗങ്ങളും വരുമ്പോള്‍ പുരോഹിതന്‍ മണിമുഴക്കും. അങ്ങനെ ആ ഭാഗം മുറിച്ചുനീക്കും. ഗ്രാമത്തിലെ പൊതുജനങ്ങള്‍ കാണുന്നതിനു മുമ്പ് മതപുരോഹിതനാല്‍ സിനിമ സെന്‍സർ ചെയ്യപ്പെടുന്നു. ആണ്‍ പെൺ ഉടലുകള്‍ക്കിടയിൽ പൗരോഹിത്യത്തിന്റെ അദൃശ്യമായ ഇരുമ്പുമറ സ്ഥാപിക്കപ്പെടുന്നു. രണ്ടുപേര്‍ ചുംബിക്കുമ്പോൾ ലോകം മാറുന്നു” എങ്കില്‍ നൂറ്റാണ്ടുകളായി മുറിച്ചുമാറ്റിയ ചുംബനങ്ങളാലും വിലക്കപ്പെട്ട ഉടല്‍ ഗമനങ്ങളാലും സുസ്ഥിരമാക്കപ്പെട്ട ലോകമാണിത്. വിലക്കുകളാല്‍ നിര്‍മ്മിക്കപ്പെട്ട ലോകം.
ഇവിടെ നമ്മുടെ നിയമ നിര്‍വ്വഹണം സങ്കല്‍പ്പിക്കപ്പെടുന്നത് ജനാധിപത്യസങ്കല്‍പ്പത്തിൽ അധിഷ്ടിതമായ നീതിബോധത്തിലല്ല, മറിച്ച് മത പാരമ്പര്യത്തില്‍ അധിഷ്ടിതമായ ഏകാധിപത്യ സങ്കല്‍പ്പത്തിലാണ്. ഈഏകാധിപത്യ മനോഭാവം സകലതിനെയും വരുതിയിലാക്കാൻ ശ്രമിക്കും. തെരുവും പള്ളിക്കൂടങ്ങളും വായനശാലകളും സിനിമാശാലകളും ഒരേ വിധം അച്ചടക്കത്തോടെ പ്രവര്‍ത്തിക്കണമെന്ന ശാസനയാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്. ജീവിതത്തിലോ കഥയിലോ ചലച്ചിത്രത്തിലോ ഈ അച്ചടക്കം പരിധികടക്കാന്‍ പാടില്ല. സിനിമയില്‍ നിന്ന് ജീവിതത്തിലേക്കോ, ജീവിതത്തില്‍ നിന്ന് സിനിമയിലേക്കോ ഇനി ബൈക്കോടിക്കുന്നവര്‍ അതിനാൽ നിയമത്തിന്റെ പരിധിയിൽ വരുമെന്നും അത് ക്രമിനല്‍ കുറ്റമായി പരിഗണിക്കപ്പെടുമെന്നും അനുശാസിക്കപ്പെടുന്നത് അതു കൊണ്ടാണ്. ചുംബനം പോലെ, പ്രണയാലിംഗനങ്ങള്‍ പോലെ ഇനി പൊലീസ് പുരോഹതർ മണി മുഴക്കുമ്പോൾ മുറിച്ചു മാറ്റേണ്ട ദൃശ്യങ്ങളില്‍ ഹെല്‍മറ്റില്ലാത്ത തല കൂടി ഉള്‍പ്പെടും. ഇരുചക്രവാഹനവും അതിലെ യാത്രയും പ്രധാനമായി വരുന്ന ഒരു സിനിമ ഇനി സങ്കല്‍പ്പിക്കാനില്ല. വാള്‍ട്ടർ സാലെസിന്റെ മോട്ടോർ സൈക്കിൾ ഡയറീസ് പോലൊരു സിനിമ കേരളത്തില്‍ പ്രദർശിപ്പിക്കാനാവില്ല. സിനിമാ പാരഡൈസോയില്‍ കാണുന്ന സിസിലിയിലെ ഗ്രാമീണ കൊട്ടകയില്‍ സ്വകാര്യ പ്രദര്‍ശനം കാണാനെത്തുന്ന പുരോഹിതനില്‍ നിന്നും സമകാലിക പൊലീസ് മേധാവിയിലേക്കുള്ള ദൂരംനേര്‍ത്തു വരുന്നു.
ഈ സാമൂഹ്യ സങ്കല്‍പ്പത്തിനുള്ളിൽ അനാസക്തിയുടെ പ്രമേയങ്ങളുണ്ട്.ക്രിസ്ത്യൻ യുഗത്തിൽ പലതരം പ്രമാണങ്ങളായി അത് വിപുലമാകുന്നു.ത്യജിക്കലിന്റെയും നിരോധനത്തിന്റെയും വിലക്കുകളുടെയും അദൃശ്യവും ശക്തവുമായ പ്രമാണങ്ങളാണ് ‘നിയമ’ങ്ങളായി പ്രവര്‍ത്തിച്ചത്. ലൈംഗിക നിയന്ത്രണങ്ങള്‍ക്ക് ഇവിടെ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് നിങ്ങള്‍ നിങ്ങളാവുന്നത് എന്ന അനുശാസിക്കുന്ന പൗരോഹിത്യ ശാസനം പിന്തുടരുന്നവരായി സമൂഹം മാറുന്നു. മറിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിക്കപ്പെടുന്നു. അത് കലയിലായാലും സാഹിത്യത്തിലോ, നിത്യജീവിതത്തിലോ ആയാലും. ഈ ‘സനാതന’സത്യങ്ങള്‍ ചോദ്യം ചെയ്തപ്പോഴൊക്കെ അധികാരികൾ ചകിതരാകുന്നുണ്ട്. ചാര്‍വാകൻ, ബ്രൂണോ, ഗലീലിയോ മുതല്‍ സല്‍മാൻ റുഷ്ദി, തസ്ലിമാനസറീന്‍, പി. എം ആന്റണി വരെ ചുട്ടെരിക്കപ്പെടുകയോ, നാടുകടത്തപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. എത്രയോ ശാസ്ത്ര ചിന്തകള്‍, ഗ്രന്ഥങ്ങള്‍, ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ ചുട്ടെരിക്കപ്പെട്ടിട്ടുണ്ട്.പൗരോഹിത്യ, വംശീയ ഏകാധിപത്യ കാലം മുതല്‍ ജനാധിപത്യ കാലം വരെ തുടരുന്നതാണ് ഈ അനുഭവം. ഇവിടെയാണ് ജനാധിപത്യം, നിയമം നീതി, എന്നീ പദാവലികള്‍ ചോദ്യംചെയ്യപ്പെടുന്നത്.
ഭരണകൂടങ്ങള്‍ അതിന്റെ ഫാസിസ്റ്റ് ആശയങ്ങൾ ആദ്യം നടപ്പാക്കുക പാഠപുസ്തകങ്ങളിലും കലാ ആവിഷ്‌കാരങ്ങളിലമായിരിക്കും. എല്ലാ ഭരണകൂടങ്ങളും ഏകാധിപത്യ സ്ഥാപനങ്ങളായി മാറുന്നിടത്ത് ഇത് പ്രകടമാണ്. ഫാസിസത്തില്‍ മാത്രമല്ല സോഷ്യലിസ്റ്റ് ജനാധിപത്യ അധികാര ഘടനയിലും ഹിറ്റ്ലർ ലീനമായിരിക്കുന്നതിന്റെ സൂചനകള്‍ ചരിത്രത്തിലുണ്ട്. ട്രാക്ടറുകളെക്കുറിച്ച് കവിതയെഴുതാന്‍ കവികളെ നിര്‍ബന്ധിച്ച പഴയ സോവിയറ്റ് ഭരണകൂടത്തിൽ നിന്ന്ഭിന്നമല്ല മാധ്യപ്രവര്‍ത്തകർ മാര്‍ക്‌സിസം എഴുത്തുപരീക്ഷ ജയിച്ചിരിക്കണം എന്ന ചൈനയുടെ പുതിയ നിയമം. രാഷ്ട്രീയോപരിതലത്തില്‍ പ്രത്യക്ഷനായിരുന്ന ഹിറ്റ്ലറെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ആയുധ ബലം കൊണ്ട് സാംസ്‌കാരിക മേഖലയില്‍ ലീനമായിരിക്കുന്ന ഹിറ്റ്‌ലറെ പ്രതിരോധിക്കുക സാധ്യമവുകയില്ല.
കാരണം പൊതുനിരത്തുകളില്‍, സിനിമാശാലകളിൽ, ഷോപ്പിംങ് മാളുകളിലും ഒഫീസുകളിലും ജീവിതത്തിന്റെ ഇടനാഴികളിലെല്ലാം നിങ്ങള്‍ നിരീക്ഷണത്തിലാണെന്ന ബോര്‍ഡ് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇത് ഭീതി നിറഞ്ഞ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുന്നു. പൊതു ഇടങ്ങളും തുറന്ന ചര്‍ച്ചകളും ഇറങ്ങി നടപ്പുകളും ഇനി സാധ്യമല്ലെന്ന തോന്നലുണ്ടാക്കുന്നു. ശരീരത്തിന്റെ സൂക്ഷ്മാംശങ്ങളിലേക്ക് പോലും ആണ്ടിറങ്ങുന്ന നോട്ടങ്ങളുടെ ഭയചകിതമായ അന്തരീക്ഷം. അത് സിനിമയിലേക്കും പുറം ജീവിതത്തിലേക്കും ഒരേ പോലെ കണ്ണ് പായിക്കുന്നു. കുറ്റവാളികളെ എവിടെ നിന്നും കണ്ടെടുക്കപ്പെടാമെന്ന അധികാരത്തിന്റെ തുറുകണ്ണുകള്‍ക്ക് മുന്നില്‍ വ്യക്തി കേവലം കഥാപാത്രങ്ങളായിമാറുന്നു. ഓട്ടോ ഡ്രൈവറായി, ടാക്‌സിയോടിക്കുന്നവനായി, തൊഴിലിടത്തിൽ നിന്നും വീട്ടിലേക്ക് ധൃതിയില്‍ മടങ്ങുന്ന ഇരുചക്രവാഹനക്കാരനായി, ബസ് തൊഴിലാളിയായി വേഷമിട്ടാടുന്ന കഥാപാത്രങ്ങള്‍. ഇവിടെ ഫിക്ഷനും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍വരമ്പാണ് മായ്ച്ചു കളഞ്ഞിരിക്കുന്നത്. കുറ്റവാളിയാകാനുള്ള സാധ്യതാവൃത്തം കുറച്ചുകൂടി വിപുലപ്പെടുത്തി. അച്ചടക്കം സമൂഹത്തിനു മാത്രമാവരുതെന്നും കലയ്ക്കും ആകാമെന്നും, നിയമം ലംഘിക്കുന്ന കല ക്രിമിനല്‍ കുറ്റമാകുമെന്നുമാണ് ഇതിന്റെ സന്ദേശം. അതൊരു തോട്ടിയാണ്. എം എന്‍ വിജയൻ നിരീക്ഷിക്കുന്നതുപോലെ ആനയുടെ കാലില്‍ ചാരി വച്ച തോട്ടി. ഒരു പിന്‍വലി, ശാസനം, വിലക്ക്. സ്വയം അനുസരിച്ചാല്‍ നമുക്ക് നല്ല പ്രജകളാകാം.അല്ലെങ്കില്‍ ചങ്ങലയിൽ തളയ്ക്കപ്പെടാം.
തല തിരിഞ്ഞ കാഴ്ചകള്‍
അതിവേഗം മധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത്. തലമുറകളായി ജീവിച്ചുവരുന്ന ചുറ്റുപാടുകളില്‍ നിന്ന്പല രീതിയില്‍ വിഭജിക്കപ്പെട്ട ജനക്കൂട്ടം. അനിയന്ത്രിതമായ നഗരവല്‍ക്കരണത്തിൽ തിങ്ങി ഞെരുങ്ങിയും പിന്നീടതിന്റെ ഭാഗമായും പുതിയ ശീലങ്ങളിലേക്ക് പ്രവേശിച്ച് ഒരു മൾട്ടി പ്ലക്‌സ് കാഴ്ചാസമൂഹമായി അതിവേഗം രൂപം മാറിക്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള സാധ്യത കുറവായതു കൊണ്ടാവണം നുണകളിലും സ്വയം മെനഞ്ഞെടുത്ത സ്വപ്നങ്ങളിലും വാര്‍ത്തകളിലും വാര്‍ത്താ വ്യാഖാനങ്ങളിലും ജനം അഭയം കണ്ടെത്താന്‍ ശ്രമിക്കുന്നത്. യാഥാര്‍ത്ഥ്യവും കല്‍പനയും വേര്‍തിരിച്ചെടുക്കാൻ കഴിയാത്ത സ്ഥിതി. വ്യാമോഹങ്ങളുടെയും സങ്കല്‍പങ്ങളുടെയും യാഥാര്‍ത്ഥ്യത്തിന്റെയും ഇടയിൽ കുരുങ്ങിയ ഒരു സമൂഹത്തെ എങ്ങനെ വായിച്ചെടുക്കാന്‍ കഴിയും?
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയത്തു നിന്ന് കേട്ട ഒരു ഉൽസവത്തിന്റെ കഥ. കിഴക്ക് പാലായ്ക്ക് അടുത്തുള്ള ഉള്‍നാടൻ ഗ്രാമമായ അമ്പാറയിലെ അമ്പലത്തില്‍ ഉത്സവത്തിന് ഗുരുവായൂർ പദ്മനാഭനെ കൊണ്ടുവന്നു. ഒറ്റ ആനയുടെ എഴുന്നള്ളിപ്പ് മാത്രം നടക്കുന്ന ചെറിയ ഒരു ഉത്സവം മാത്രമായിരുന്നു അന്നോളം അത്. ഒരാനയെപ്പോലും തികച്ച് കണ്ടു തീര്‍ത്തിട്ടില്ലാത്ത ഉല്‍സവപ്രേമികള്‍ക്ക് മുന്നിൽ പത്മനാഭന്‍ നിന്നു. അവനെ കാണാന്‍ മാത്രമായി ആളുകള്‍ തടിച്ചുകൂടി. തൊട്ടടുത്ത വര്‍ഷം മുതൽ കഥ മാറി.കേരളത്തിലെ ഏറ്റവും മുന്തിയ കരിവീരനെത്തന്നെ എഴുന്നള്ളിക്കണമെന്ന് നാട്ടുകാര്‍ തന്നെ ആവശ്യപ്പെടാന്‍ തുടങ്ങി. അത് ഒരു അഭിമാനപ്രശ്നമായി വളര്‍ന്നു. ഉത്സവത്തേക്കാള്‍ ഉയരത്തിൽ ആന തിളങ്ങി. കേരളത്തിലെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും സൂപ്പർ താരങ്ങളേക്കാൾ ഫ്ലെക്സ് ബോര്‍ഡുകളിൽ നിറഞ്ഞുനില്‍ക്കുന്നത് ആനകളാണ്. ആനകള്‍ക്ക് ഫാന്‍സ് ആസോസിയേഷനുകൾ ഉള്ള നാടാണ് കേരളം. നമ്മുടെ കാഴ്ചയും കാഴ്ചപ്പാടും വിശ്വാസവും വിധേയത്വവും ആരാധനയും പൂജയുമെല്ലാം ഉല്‍സവവും പിന്നിലും ആന മുന്നിലുമായി തല തിരിഞ്ഞു പോയിരിക്കുന്നു. ഇത് ഉല്‍സവങ്ങൾ വിട്ട് നിത്യജീവിതത്തിലുംസാമൂഹ്യജീവിതത്തിലും ആവര്‍ത്തിക്കുന്നു. പ്രസ്ഥാനങ്ങളേക്കാള്‍ നേതാക്കള്‍ക്കുംആത്മീയതയേക്കാള്‍ ആള്‍ ദൈവങ്ങള്‍ക്കും പുരോഹിതര്‍ക്കും സുവിശേഷകര്‍ക്കും സിനിമയേക്കാള്‍ താരങ്ങള്‍ക്കും നിയമത്തേക്കാള്‍ നിയമ പാലകകര്‍ക്കും വാര്‍ത്തകളേക്കാൾ അവതാരകര്‍ക്കും വന്നു ചേര്‍ന്ന ആനവലിപ്പത്തിനു മുന്നില്‍, നമ്മുടെ കാഴ്ചകളും കാഴ്ചപ്പാടുകളും കൊമ്പും തുമ്പിക്കൈയും ചെവിയും വാലും ചൂലുമായി വിഭജിക്കപ്പെടുന്നു. അറിഞ്ഞ ശരികളില്‍ അഭിരമിക്കുന്നു. ദൃശ്യങ്ങളുടെ ഈ ആഘോഷത്തില്‍ ബിംബങ്ങളുടെ മഹത്വവല്‍ക്കരണത്തിൽ സമൂഹം അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങൾ മുറിച്ചു മാറ്റപ്പെടുകയോ മൂടിവയ്ക്കപ്പെടുകയോ ചെയ്യുന്നു.
നായകന്‍മാർ ഉണ്ടാകുന്നത്
ജനങ്ങളെ ബാധിക്കുന്ന “യഥാര്‍ത്ഥ പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നത് എന്ന പ്രതീതി സൃഷ്ടിക്കുകയും ആ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ക്രിമിനൽ ബന്ധങ്ങളും സ്വഭാവ ഘടനയുമുള്ള ചില വ്യക്തികളാണെന്ന് പറഞ്ഞു വെക്കുകയുമാണിവര്‍. ഇതിലൂടെ അതിനിടയാക്കിയ വ്യവസ്ഥിതിയും സ്ഥാപനങ്ങളും മോചിപ്പിക്കപ്പെടുന്നു. അതായത്, രാഷ്ട്രീയനായകന്റെ/ സംഘത്തിന്റെ, പൊലീസ് അധികാരികളുടെ, ന്യാധിപന്‍മാരുടെ എല്ലാത്തരം ധാര്‍മ്മിക രോഷവും നിലവിലുള്ള വ്യവസ്ഥിതിയുടെയും അധികാരത്തിന്റെയും യുക്തിക്കും നേരെ ഒരിക്കലും ഉന്നയിക്കപ്പെടുന്നില്ല. സിനിമയില്‍ നിന്നും വലിച്ചു നീട്ടിയ ആക്ടിവിസമാണ് സമൂഹത്തില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ആദിമ രൂപങ്ങളുടെയും മൂല്യങ്ങളുടെയും ആവര്‍ത്തനത്തിലൂടെ ജനങ്ങളുടെ സംവേദനക്ഷമതയെ ഉണര്‍ത്തി പ്രതീക്ഷകളെ പ്രീണിപ്പിക്കുകയായിരുന്നു ഈ സിനിമകള്‍. പൊലീസ്, കളക്ടര്‍ എന്നിവരുടെ അമാനുഷികമായ ധീരതയും ബുദ്ധിയും പൊലിപ്പിച്ചുകാട്ടി, ബ്യൂറോക്രസിയെ ഉദാത്തവല്‍ക്കരിക്കുന്ന ‘ദ കിംഗ്‘, ‘കമ്മീഷണര്‍‘ തുടങ്ങിയ ചലച്ചിത്രങ്ങൾ ഉദാഹരണമാണ്. സിവിൽ സര്‍വ്വീസിനെക്കുറിച്ചുള്ള പൊതുജനത്തിന്റെ ഭയം കലര്‍ന്ന ബഹുമാനവും സംഘടിത രാഷ്ട്രീയപാര്‍ട്ടികളുടെയും ബ്യൂറോക്രസിയുടെയും അഴിമതികളെക്കുറിച്ചുള്ള രോഷവും ഒരുമിച്ച് പ്രീണിപ്പിക്കാന്‍ സിനിമക്ക് കഴിയുന്നു.
ഇത്തരം ആര്‍ക്കി ടൈപ്പുകൾ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത് സമകാലിക സമൂഹത്തിലാണ്. ടെലിവിഷനാണ് നായക പ്രതിനായകത്വങ്ങളെ സൃഷ്ടിക്കുന്നത്. സിനിമയില്‍ നിന്ന് ഭിന്നമായി നായകന്‍മാർ നമ്മുടെ സ്വീകരണ മുറിയിലേക്ക് വന്നു ചേരുന്നു. മാധ്യമങ്ങള്‍ പ്രത്യേകിച്ച് ടെലിവിഷൻ നല്‍കിയ തികച്ചും ഭിന്നമായ ‘താരപരിവേഷം‘, ഒരു സൂപ്പര്‍ താരമായി വളരാനോ, പദവി നിലനിര്‍ത്താനോ ഉള്ള നിരന്തര ശ്രമങ്ങളിലേക്ക് ‘പൊതു വ്യക്തി‘കളെ (public personalities) കൊണ്ടു ചെന്നെത്തിക്കുന്നുണ്ട്. ആര്‍ക്കെതിരെയും അഭിപ്രായം പറയാന്‍ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാതാവ്, മുഖം നോക്കാതെ നീതി നടപ്പാക്കുന്ന കളക്ടര്‍, ജനങ്ങള്‍ക്കായി നിയമം കയ്യിലെടുക്കുന്ന പൊലീസ്അധികാരി, ഏത് അധികാരിയെയും ചോദ്യമുനയില്‍ നിര്‍ത്തുന്ന വാര്‍ത്താ അവതാരകർ എന്നിങ്ങനെ സിനിമയിലെ ആദിരൂപങ്ങള്‍ക്ക് സമൂഹത്തിൽ പാരഡികൾ നിര്‍മ്മിക്കപ്പെട്ടു.
ഈ ആദിരൂപങ്ങളെ നിര്‍മ്മിക്കുന്നതിൽ ടെലിവിഷന്റെ പങ്ക് നിര്‍ണ്ണായകമാണ്.മുഖ്യധാരാ മാധ്യമങ്ങളിൽ ഇല്ലാത്ത ഒരു റാഡിക്കലിസം കേരളത്തിലെ വാര്‍ത്താ ചാനലുകൾക്കു മേൽ ആരോപിച്ചു. പൊതുസമൂഹത്തിന് അന്യമായ ശുദ്ധതയും ആത്മാര്‍ത്ഥതയും കാല്‍പ്പനികതയും വിപ്ലവാത്മകതയും ഇതിലേക്ക് പ്രക്ഷേപിക്കപ്പെട്ടു. അനീതി കാണുന്നിടത്തൊക്കെ ‘പിന്തിരിപ്പനെന്ന്‘ വിളിക്കപ്പെട്ടിരുന്ന മാധ്യമങ്ങള്‍ പോലും പാഞ്ഞെത്താൻ തുടങ്ങി. ഈ തിരക്കില്‍ വാര്‍ത്തയുടെ കുത്തൊഴുക്കിൽ ഓരങ്ങളിലേക്ക് പോകാതിരിക്കാന്‍ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ബ്ര്യൂറോക്രാറ്റുകളും കച്ചവടക്കാരും കിണഞ്ഞു പോരാടുന്ന ഒരു ഉല്‍സവപ്പറമ്പിലാണ് തലയെടുപ്പുള്ള ആള്‍രൂപങ്ങളുണ്ടാകുന്നത്.
ഒരു ടെലിവിഷന്‍ പരമ്പരയിൽ എന്നതുപോലെ ഉദ്വേഗവും റേറ്റിംങും ഒരുമിച്ച് നിലനിര്‍ത്താനുള്ള ഗിമ്മിക്കായി മാധ്യമപ്രവര്‍ത്തനവും ഭരണവും നിയമ–നീതി നിര്‍വ്വഹണവും മാറുന്നു. സമൂഹം, ജനം എന്നിങ്ങനെയുള്ള ജനാധിപത്യ പൊതുബോധങ്ങൾക്കു മേല്‍ വ്യക്തികൾ പ്രതിഷ്ഠിക്കപ്പെടുന്നു. ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളെ കാണാൻ പാതിരയോളംകാത്തിരുന്ന് ദര്‍ശനം വാങ്ങി, ആധിവ്യാധികള്‍ ബോധിപ്പിച്ച് മടങ്ങുന്നു. ജനസമ്പര്‍ക്കങ്ങൾ അവകാശങ്ങൾ നേടിയെടുത്ത ഒരാള്‍ക്കൂട്ടത്തെയും സൃഷ്ടിക്കുന്നില്ല, മറിച്ച് ‘പ്രജാവല്‍സലനായ‘ ഒരാദിരൂപത്തെ, പുനസൃഷ്ടിക്കുകയാണ്. ഈ സൃഷ്ടിക്കപ്പെടുന്ന നായക രൂപങ്ങള്‍ക്കാകട്ടെ നിരന്തരം അവരുടെ ജനകീയത നിലനിര്‍ത്തേണ്ട ബാധ്യതയും വന്നു ചേരുന്നു. അങ്ങനെ റേറ്റിങ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഭരണവും നിയമ നീതി നിര്‍വ്വഹണവും മാറുന്നു.
ജനാധിപത്യപരമായി സംഘടിപ്പിക്കപ്പെട്ട് ബഹുജന സമരങ്ങളിലൂടെ വൈകി മാത്രം വരാനിടയുള്ള നീതിക്കായി കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത, വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്ത, അഴിമതിക്കാര്‍ക്കെതിരെ സ്വയം നീതി നടപ്പാക്കുന്ന നായകന്‍മാരിലൂടെ സാമൂഹ്യ പ്രക്രിയയില്‍ നിന്നും സ്വതന്ത്രമാക്കപ്പെട്ട ‘അതീതവ്യക്തി‘യെയും ‘അതിമാനുഷ‘നെയും കുറിച്ചുള്ള (പുരുഷകേന്ദ്രിതമായ) മിത്തുകള്‍ പുനഃസൃഷ്ടിക്കപ്പെടുകയാണ്. വ്യക്തികേന്ദ്രീകൃതമായ മല്‍സരത്തിന്റെ ഫലമാണ്എല്ലാ ആത്യന്തിക ‘വിജയവും‘ എന്നു സ്ഥാപിക്കുകയും അവരുടെ പ്രവര്‍ത്തികളെ ഏകപക്ഷീയമായി ഉദാത്തവല്‍ക്കരിക്കുകയും ചെയ്യുന്നു. നന്‍മ തിന്‍മകളെ നിശ്ചയിക്കുന്നത് വ്യക്തിസദാചാരമാണെന്നും, വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതാകട്ടെ വര്‍ണ, വംശ, പാരമ്പര്യ മൂല്യങ്ങളാണെന്നുമുള്ള ഉപരിവര്‍ഗ്ഗ സാംസ്‌കാരിക പ്രത്യയശാസ്ത്രം തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. ഫിക്ഷനും നിത്യജീവിതവും സവിശേഷമായ രീതിയില്‍ കൂടിക്കലര്‍ന്നുപോയ വര്‍ത്തമാനകാലത്താണ് പൊതുജനം അകപ്പെട്ടിരിക്കുന്നത്.
Be the first to write a comment.