അവിടം നിരപ്പാക്കിയിരിക്കുന്നു. മരങ്ങളും കുറേ വെട്ടിമാറ്റിയിട്ടുണ്ട്! കാമ്പസ് വികസിപ്പിക്കാനാവണം. അതിരിലെ കൊന്നമരങ്ങൾ അവിടെത്തന്നെയുണ്ട്. തിരശ്ശീലയിലെന്നോണം ആ പഴയ ചിത്രം കണ്ണിൽ തെളിഞ്ഞു. കൽക്കൂട്ടങ്ങൾക്ക് മുകളിലിരുന്ന് കടൽനീലിമയിലേക്ക് കണ്ണും കയ്യും നീട്ടുന്ന നാലു ചങ്ങാതികൾ!
കണ്ടപ്പോൾ കണാരേട്ടനു പെട്ടെന്നുതന്നെ മനസ്സിലായി. ഒന്നാം നിലയിൽ ഇടതുഭാഗത്ത് ഒന്നാമത്തെ മുറി ഒഴിവുണ്ടെങ്കിൽ അതു മതി എന്നു പറഞ്ഞപ്പോൾ കണാരേട്ടൻ എന്തോ ഓർത്തെടുത്തു. പിന്നെ പറഞ്ഞു:
‘ഓ! ഞ്ഞി… അല്ല… മാഷ് ആ മുറീലായിര്ന്നല്ലൊല്ലെ?’
ഒന്നും മറുപടി പറയാതെ കണാരേട്ടന്റെ ചുമലിൽ ഒന്നു തട്ടുക മാത്രം ചെയ്തു. മുറി വൃത്തിയാക്കാൻ സ്വീപ്പർക്ക് നിർദ്ദേശം കൊടുത്തശേഷം കണാരേട്ടൻ മെസ്സിൽ കൊണ്ടുപോയി കുക്കിനു പരിചയപ്പെടുത്തി. കുക്ക് ചായ എടുക്കാനിരുന്നപ്പോൾ വരുംവഴി കുടിച്ചതാണ് എന്ന് ഞാൻ അയാളെ നിരുത്സാഹപ്പെടുത്തി.
‘ന്നാ മാഷ് മുറീ പോയി റെസ്റ്റെട്ക്ക്. ന്താ വേണ്ടേന്ന്ച്ചാ പറഞ്ഞോളീ. ഞാൻ കാബിൻല്ല്ണ്ടാവും. ദാസമ്മാഷ് വെരുമ്പൊ ഞാൻ വ്ളിക്കാ.’
കണാരേട്ടൻ പറഞ്ഞു.
മുറിയിൽ കയറി പെട്ടി അലമാരയിൽ വെച്ചശേഷം കസേരയും മേശയും പഴയ പോലെ ജനലിനോട് ചേർത്തിട്ടു. വസ്ത്രം മാറാൻ പോലും മിനക്കെടാതെ ജനലരികിൽ ഇരുന്നു. വാകമരം മാറ്റമൊന്നുമില്ലാതെ പന്തലിച്ചുനിൽക്കുന്നുണ്ട്. ചുവട്ടിൽ ചുവപ്പു കുടഞ്ഞിട്ടതുപോലെ വാകപ്പൂക്കൾ. ജനലിലേക്ക് ഒരു കുല പൂക്കൾ നീട്ടിനിന്നിരുന്ന ആ ശാഖ ആരോ ഒടിച്ചു കളഞ്ഞതാവണം. അത് ഇനി വളരുമ്പോൾ തടയില്ല. ഈ ജനലരികിലിരുന്നു എത്ര കാഴ്ചകൾ കണ്ടിട്ടുണ്ട്! കാമ്പസിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിനു അടുത്തുള്ള പിരിയൻ ഗോവണിയിൽ ക്ലാസ് കട്ടുചെയ്തു ഉല്ലസിച്ചിരിക്കുന്നവർ മടുപ്പിക്കാത്ത ഒരു കാഴ്ചയായിരുന്നു. പുറത്തെ നിരത്തിലൂടെ ഉറക്കെ സംസാരിച്ചു നടന്നുപോകുന്ന നാട്ടുമനുഷ്യർ. ഹോസ്റ്റലിനകത്തേക്ക് നടന്നു വരുന്ന സന്ദർശകർ. മഴക്കാലത്തെ പായൽനിലത്ത് തെന്നിവീഴുന്ന സന്ദർശകരിലേക്ക് ഓരോ ജനലിലൂടെയും നിന്നുപെയ്യുന്ന ചിരിമഴകൾ! കാലം ഒന്നും മനസ്സിൽനിന്നു മായ്ച്ചിട്ടില്ല.
അതിനിടയിൽ ഒരു ഞെട്ടലോടെയാണ് ആന്റണിയുടെ നിശ്വാസങ്ങൾ അനുഭവപ്പെട്ടത്. അവന്റെ ശ്വാസം തങ്ങിനിൽക്കുന്ന മുറിയാണിത്. ഒരു പ്രണയനൈരാശ്യമായിരുന്നോ അവനെ തകർത്തുകളഞ്ഞത്? വിപ്ലവം പറഞ്ഞുനടന്നിരുന്നവന് അത്രക്ക് ആത്മധൈര്യമില്ലാതെ പോവുമോ?
ആൻ സെബാസ്റ്റ്യനെ ഇഷ്ടമാണെന്ന് അവൻ പറഞ്ഞപ്പോൾ അതിൽ അസ്വാഭിവികമായി ഞാൻ ഒന്നും കണ്ടിരുന്നില്ല. എന്നാൽ ആൻ അങ്ങനെയായിരുന്നില്ല.
‘താനെന്നതാഡോ വിചാരിച്ചെ? റോമൻ കാത്തലിക്കായ ഞാൻ പൊലയകൃസ്ത്യാനിയായ തന്നെ പ്രേമിക്കുമെന്നൊ? അതിനിവിടെ കാമ്പസിൽ വേറെ ആമ്പിള്ളാരില്ലിയോ?’
ഒരുപാടുപേർ ആനിന്റെ ഈ ആക്രോശം കേട്ടു. ചിലർ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ആന്റണി ഒന്നുമല്ലാതായപോലെ തോന്നി. അന്നു മുഴുവൻ അവൻ മൗനിയായിരുന്നു. ആവുംവിധം അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പ്രണയം നിരസിച്ചതിലല്ല അവഹേളിച്ചതിലാണ് അവൻ തകർന്നത് എന്നത് ഉറപ്പായിരുന്നു. ജാതി ചൊല്ലി അപമാനിച്ചപ്പോൾ വിശ്വസിച്ച ആശയാദർശങ്ങൾപോലും അവനു കരുത്തായില്ല. വിപ്ലവപ്പാർട്ടിയുടെ വിദ്യാർത്ഥിനേതാവായിട്ടും രണ്ടു ദിവസത്തേക്ക് അവൻ ക്ലാസ്സിൽ പോയില്ല. എല്ലായ്പ്പോഴും കണ്ണുതുറിച്ച് കട്ടിലിൽ ചുമരും ചാരി ഇരുന്നു. നിർബന്ധിച്ചു എന്തെങ്കിലും ആഹാരം കഴിപ്പിക്കലായിരുന്നു. പിന്നെപ്പിന്നെ അവൻ മൗനം വിട്ടു. കല്യാണ ഒരുക്കങ്ങൾക്ക് ഓടിനടക്കുന്നപോലെ മുറിക്കകത്തും വരാന്തയിലും! ഈ മാറ്റങ്ങൾ വാർഡനെ അറിയിക്കാം എന്നു തീരുമാനിച്ച രാത്രി ഉറക്കത്തിനിടയിൽ ഞെട്ടിയുണർന്നപ്പോൾ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. പാന്റ്സും ഷർട്ടും ധരിച്ച് ഒരു ബാഗും എടുത്തു എങ്ങോട്ടോ പോകാൻ തയ്യാറായി ജനലിലൂടെ പുറത്തേക്കുനോക്കി നിൽക്കുന്ന ആന്റണിയെയാണ് കണ്ടത്. ടൈംപീസിൽ നോക്കിയപ്പോൾ രണ്ടുമണി കഴിഞ്ഞ് പത്തുമിനിറ്റായതേയുള്ളൂ. എന്താണ് കാണിക്കുന്നത് എന്ന് നയത്തിൽ ചോദിച്ചപ്പോൾ അവൻ പറഞ്ഞു:
‘ആൻ വരും. ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ പോവ്വാഡാ. അവളിപ്പൊ എത്തും. ഞാൻ കാത്തിരിക്ക്യാ.’
കഴിഞ്ഞ ദിവസം കണ്ട അവസ്ഥയായിരുന്നില്ല അത്. കല്യാണ ഒരുക്കങ്ങൾക്ക് ഓടിനടന്നത് മറന്നുകാണും. ഇനി സ്വകാര്യമായി ഇരുവരും ഒരുമിക്കാം എന്നാവണം. മനസ് ശരിക്കും താളം തെറ്റിയിട്ടുണ്ട് എന്ന് ബോദ്ധ്യമായി. തന്നെ അവഹേളിച്ച് പ്രണയം നിരസിച്ച ആൻ അല്ല, പ്രണയിനിയായ ആൻ ആയിരിക്കണം അപ്പോൾ അവന്റെ മനസ്സ് നിറയെ.
വാർഡനെയും വാച്ച്മാനെയും പെട്ടെന്നു തന്നെ വിവരമറിയിച്ചു. മറ്റുമുറികളിലും വെളിച്ചം തെളിഞ്ഞു. ആളുകളെ കണ്ടപ്പോൾ അവൻ പെട്ടെന്ന് വയലന്റാവുകയായിരുന്നു. ഡോക്ടറെ കൊണ്ടുവന്ന് മയങ്ങാനുള്ള ഇഞ്ചക്ഷൻ കൊടുത്തശേഷം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. വാർഡനും ബോട്ടണിയിലെ കാസിമും കൂടെ വന്നു. എല്ലാത്തിനും കാരണം ഞങ്ങൾ കൂട്ടുകാരാണ് എന്ന രീതിയിലായിരുന്നു ആന്റണിയുടെ വീട്ടുകാർ പെരുമാറിയത്. ആശുപത്രി വിട്ടശേഷം അവന്റെ വീടുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് നടന്നില്ല. റോഡുസൗകര്യം പോലും ശരിക്കില്ലാത്ത മലയോരത്തായിരുന്നു ആന്റണിയുടെ വീട്. ആ ഇടവകയിലെ പള്ളിയിലേക്ക് വിളിച്ച് കാര്യങ്ങൾ തിരക്കി. ഒന്നുരണ്ടു കത്തുകളിലൂടെയുള്ള അന്വേഷണങ്ങൾക്കൊന്നും വീട്ടുകാർ മറുപടി അറിയിച്ചില്ല. പിന്നീട് അവനെക്കുറിച്ച് ഒന്നും അറിഞ്ഞുമില്ല. കൺവേർട്ടഡ് ക്രിസ്ത്യനാണെന്നും പട്ടികജാതി സ്റ്റൈപ്പൻഡ് വാങ്ങുന്നവനാണെന്നും ആൻ എല്ലാവരോടും ആന്റണിയെ പരിഹസിച്ച് പറഞ്ഞുനടന്നിരുന്നു. അന്ന് അതിനെ പ്രതിരോധിക്കാനും അവൾക്ക് താക്കീതു നൽകാനും മലയാളത്തിലെ രജീഷായിരുന്നു മുന്നിൽ. അതുകൊണ്ടൊന്നും ആന്റണിയുടെ മാനസികനില ശരിയായില്ല. ഇപ്പോൾ അവനെ കാണാൻ, അവനെക്കുറിച്ചു കൂടുതൽ വിവരങ്ങളറിയാൻ വല്ലാതെ വെമ്പുന്നു മനസ്സ്. ഈ മുറിയിൽ ആന്റണിയുടെ സാമീപ്യം വല്ലാതെ…
വാതിലിൽ മുട്ടുകേട്ടാണ് ചിന്തകൾ മുറിഞ്ഞത്. ദാസൻമാഷ് എത്തിയെന്ന് കണാരേട്ടൻ അറിയിച്ചു. ഉണ്ണാനെത്തിയ കുട്ടികളുടെ ബഹളവും ഉയർന്നു കേട്ടു. ഉണ്ണുന്നതിനിടയിൽ ദാസൻമാഷ് കുറെ വിശേഷങ്ങൾ പറഞ്ഞു. അന്നാട്ടുകാരൻ തന്നെയായിരുന്ന ഞങ്ങളുടെ ക്ലാസ്മേറ്റ് ജെയിംസ് ബൈക്കപകടത്തിൽ ഒരു കൊല്ലം മുൻപ് മരിച്ചകാര്യം പറയാൻ ഊണു കഴിയുംവരെ കാത്തു മാഷ്. വീട് അടുത്തായിരുന്നിട്ടും ഹോസ്റ്റലിൽ ഞങ്ങൾക്കൊപ്പം ഇരുന്ന് പഠിക്കാനെന്ന വ്യാജേന ഇടക്കിടെ വരുമായിരുന്നു ജെയിംസ്. ഭാര്യ ടൗണിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജോലി ചെയ്യുകയാണ്. ഒരു കുഞ്ഞുമുണ്ട്.
‘ഇനീപ്പൊ കോളെജിൽക്ക് വരുന്നില്ലെങ്കിൽ ഒന്ന് ഉറങ്ങിക്കോളൂ. വൈകുന്നേരം നമുക്കൊന്ന് പുറത്തിറങ്ങാം.’ ദാസൻ മാഷ് പറഞ്ഞു.
അദ്ദേഹം കാമ്പസിലേക്ക് തിരിച്ചു പോയ ശേഷം വീണ്ടും ജനാലക്കൽ തന്നെയിരുന്നു. ആ ഇരിപ്പിൽ ഉറങ്ങിപ്പോയി.
മുറിയിൽ ഞാൻ ഒറ്റക്കല്ല. കട്ടിലിൽ കിടന്ന് സീലിംഗിൽ കണ്ണുതറപ്പിച്ച് ആന്റണിയല്ലാതായ ആന്റണിയുമുണ്ട്. അതേ ശ്വാസത്തിൽ, പ്രണയഗന്ധത്തിൽ. അവഹേളനത്തിൽ സ്വയം നഷ്ടമായ ആന്റണി. ഞാൻ ഇപ്പോൾ അവിടെയാണ്. അതേ മുറിയിൽ. ആന്റണിയുടെ മുറിവിൽ തൊട്ട്…
Be the first to write a comment.