അടിക്കാന്‍ യുവറാണി മാത്രമേയുള്ളു. ബാക്കി ബാറുകളെല്ലാം പൂട്ടിയിരിക്കുകയാണ്. തോന്നിയാൽ സൈഡ് തെന്നിക്കയറാൻ ഗാന്ധി റോഡിൽവഴി നീളെ ബാറുകളുണ്ടായിരുന്നതാണ്. പത്മ മുതല്‍ തേവര വരെ ഓരോ സ്റ്റോപ്പിനും ഒന്നു വീതമുണ്ടായിരുന്നതാണ്. എല്ലാം പഴയ കഥ.ബാറുകളിലേറെയും പൂട്ടി. തേവരയിലെ യുവരാജ് ഹോട്ടലാക്കിയെങ്കിലും വിജയിച്ചില്ല. അതിപ്പോള്‍ പൂര്‍ണ്ണമായും ഷട്ടറിട്ടിരിക്കുകയാണ്.കുടുംബത്തില്‍ കയറിച്ചെല്ലുന്നതു പോലെയായിരുന്നു അവിടം. എല്ലാം പഴയ കഥ. ബിവറേജിലെ ക്യൂ കാണുമ്പോള്‍ തന്നെ മനം മടുക്കും. അരമണിക്കൂര്‍ ക്യൂനില്‍ക്കേണ്ടി വരും. അങ്ങനെയാണ് യുവറാണിയിലെത്തിയത്. രണ്ട് പെഗ്ഗും സോഡയും പറഞ്ഞപ്പോള്‍, മരുന്നിന് കുറിപ്പടി തരുന്നതു പോലെ ഒരു കടലാസ്കിട്ടി. ബില്ലൊന്നുമില്ല. ഓട്ടോയ്ക്ക് മീറ്ററര്‍ ഇടാത്തതിനെ ചൊല്ലി, ഇവിടെ കൊണ്ടുവന്നു വിട്ട ഓട്ടോക്കാരനുമായി കശപിശ ഉണ്ടാക്കിയതേയുള്ളു. ആനിയമബോധം പെട്ടെന്നുയര്‍ന്നു. ബില്ലു ചോദിച്ചാല്‍ പെഗ്ഗു കിട്ടിയില്ലെങ്കിലോ എന്നൊരു മിന്നല്‍ പെട്ടെന്നുണ്ടായതു കൊണ്ട് ഒന്നും മിണ്ടിയില്ല. കൗണ്ടറിനു മുന്നില്‍ ഏറെ നേരം തിക്കി തിരക്കിയപ്പോൾ എന്റെപെഗ്ഗ് കിട്ടി. അച്ചാറും വെള്ളവും ഐസ്‌ക്യൂബും വെച്ചിരിക്കുന്ന മേശയ്ക്കു ചുറ്റുംവേറെയും ആളുണ്ട്.സ്പൂണിട്ട് ഐസെടുക്കാന്‍ കഷ്ടപ്പെടുന്നയാളോട് കൂടെയുള്ളയാള്‍ക്ക് പുച്ഛം – എല്ലാരും കയ്യിട്ടാ എടുത്തത്, നീ മാത്രം അങ്ങിനെ സായിപ്പാകണ്ട. ഉരുകി തീരാറായ ഐസ് അയാള്‍ കൈക്ക് കോരിയെടുത്ത് അവരുടെ ഗ്ലാസുകളിലിട്ടു.ഞാനും സായിപ്പായില്ല. ഗുജറാത്തില്‍ മദ്യത്തിന്റെ വരുമാനം വേണ്ടെന്ന് വെച്ച്, പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കിയ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന്റെ തൊട്ടടുത്ത ദിവസമായതിനാലാകും, ഇന്ത്യ മുഴുവന്‍ ഏതു നിമിഷവും മദ്യം നിരോധിച്ചേക്കാമെന്ന ഭീഷണി ബാറിലാകെയുള്ളതു പോലെ.എല്ലാവരും ധൃതിയിലാണ് അടിക്കുന്നത്. ഇന്ത്യയില്‍ മദ്യം നിരോധിക്കുന്നതിനുമുന്‍പ് കേറ്റാവുന്നത്രയും കേറ്റാം എന്നതു പോലൊരു തിരക്ക്. ഒറ്റവലിക്ക് ആദ്യത്തെ പെഗ്ഗും. രണ്ടാമത്തെ വലിക്ക് രണ്ടാമത്തെ പെഗ്ഗുംവലിച്ച് ഞാനും വേഗം പുറത്തിറങ്ങി.

പുറത്ത് ഗാന്ധി റോഡാണെന്ന് നേരത്തെ പറഞ്ഞല്ലോ. റോഡില്‍ ഒരു ട്രാഫിക്ബ്ലോക്ക്. ഒരാള്‍ക്കൂട്ടം. ആക്‌സിഡന്റു തന്നെ. ആക്‌സിഡന്റാണെന്നറിയുമ്പോൾ, ചക്ക പൊളിക്കുമ്പോൾ ഈച്ചകളെത്തുന്ന മാതിരി ഒരു ജനത്തിരക്ക് സ്വാഭാവികമാണല്ലോ. ഞാനും ഈച്ചകളിലൊന്നായി. സംഭവം ഒന്നു വ്യക്തമല്ല. അവിടെ നിന്നും ഇവിടെ നിന്നുമായി കേള്‍ക്കുന്നവകൂട്ടിച്ചേര്‍ത്ത് ഒരു ഏകദേശ ചിത്രം ഉണ്ടാക്കാന്‍ അല്‍പ്പം ഭാവനയുംകുറ്റാന്വേഷണബുദ്ധിയും വേണം. ഞാന്‍ കണ്ട കാഴ്ച ഇതാണ്. ഓട്ടോയുടെ പിന്‍സീറ്റിനു താഴെ ഇരിക്കുന്നഒരാള്‍. അപ്പോള്‍, അയാളാണ് അപടത്തില്‍പ്പെട്ടത്. ആളപ്പോൾ മരിച്ചിട്ടില്ല. അയാളുടെ മുഖത്ത് വേദനയുമില്ല. ആള്‍ക്കൂട്ടത്തിലൊരാളാണ് പറഞ്ഞത്- കാല് പറിഞ്ഞു തൂങ്ങി കിടക്കുകയാണ്.ഞാന്‍ എത്തി നോക്കി.ശരിയാണ്, ഓട്ടോയ്ക്ക് പുറത്തേയ്ക്ക് അയാള്‍ നീട്ടിവെച്ചിരിക്കുന്ന കറുത്തഷൂ ഇട്ട വലതുകാല്‍ ചതഞ്ഞിരിക്കുകയാണ്. രക്തം ഇനിയും ഒഴുകിതുടങ്ങിയിട്ടില്ല. പുഴുങ്ങിയ മുട്ടയുടെ വെള്ളപോലെ അയാളുടെ ചതഞ്ഞ മാംസം.അതില്‍ നിന്ന് എല്ല് പുറത്തേയ്ക്ക് ഉന്തിനില്‍ക്കുന്നത് വ്യക്തമായി കാണാം. അത് എല്ല് തന്നെയാണെന്ന് മനസിലാക്കാന്‍ ഇത്തിരിസമയമെടുത്തു.എനിക്ക് എന്നെയോര്‍ത്ത് അഭിമാനം തോന്നി. എല്ലുകള്‍ പുറത്തേയ്ക്ക് വന്നത്മറ്റാരും കണ്ടുകാണില്ല. അതെനിക്കു മാത്രമേ കാണാന്‍ സാധിച്ചിട്ടുണ്ടാകൂ.ഞാനത് കണ്ടതിന് ഒരു സാക്ഷി വേണമല്ലോ – കൂടെ നിന്നയാളോട് ഞാൻ പറഞ്ഞു, അയാളുടെ എല്ല് പുറത്തു വന്നിട്ടുണ്ട്. കൂടെ നിന്നയാള്‍, എവിടെഎവിടെയെന്ന് നോക്കി. ഞാന്‍ കണ്ടെത്തിയത് സത്യമാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കൊരു നിരാശ- ശ്ശെടാ ഞാനത് ഇത്ര നേരമായിട്ടും കണ്ടില്ലായിരുന്നുകെട്ടോ….

മെലിഞ്ഞ ഒരു പോലീസുകാരൻ മാത്രമേ അവിടെയുള്ളു. വയര്‍ലെസിലൂടെ അയാൾസംഭവം മേലേയ്ക്ക് അറിയിക്കുന്നുണ്ട്. തൊട്ടടുത്ത ജംങ്ഷനില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്നയാളാണ് അയാളെന്നുറപ്പ്. അയാള്‍ ആകപ്പാടെ അങ്കലാപ്പിലാണ്. ഈ അപകടം ഗാന്ധിറോഡിനെ ബ്ലോക്കാക്കിയിരിക്കുകയാണിപ്പോൾ. ബ്ലോക്ക് പരിഹരിക്കാനും അപകടത്തിലായയാളെ ആശുപത്രിയിലെത്തിക്കാനും അപകടം കാണാനെത്തിയജനക്കൂട്ടത്തെ നിയന്ത്രിക്കാനും അപകടമുണ്ടാക്കിയ ബസിലെ ജീവനക്കാരെരക്ഷപെടാന്‍ അനുവദിക്കാതെ തടഞ്ഞു നിര്‍ത്താനും അയാൾ മാത്രം. ഇത്രയധികംകാര്യങ്ങള്‍ ഒരേ സമയം ചെയ്യേണ്ടി വരുന്നതിന്റെ ജോലിസമ്മർദ്ദം അയാള്‍ക്കുണ്ട്. ഓട്ടോയില്‍ ഡ്രൈവർ മാത്രമേയുള്ളു. പുറകില്‍ അപകടത്തില്‍പ്പെട്ടയാളെകയറ്റിയിട്ടുമുണ്ട്. ഇത്രനേരമായിട്ടും ഓട്ടോ ആശുപത്രിയിലേയ്ക്ക് പോയിട്ടുമില്ല. ആരെങ്കിലും കയറിയാലല്ലേ ഓട്ടോ വിടാന്‍ പറ്റൂ. മെഡിക്കല്‍ട്രസ്റ്റിലേയ്ക്ക് വിട്ടോ… പോലീസുകാർ വിട്ടതാണെന്ന് പറഞ്ഞാൽ മതിയെന്നു പറഞ്ഞിട്ടും ഏതൊക്കയോ ഭയം നിമിത്തം ഓട്ടോക്കാരന്‍ ഓട്ടോവിടുന്നുമില്ല. സാറും കൂടി കയറൂ എന്നയാള്‍ അഭ്യര്‍ത്ഥിക്കുകയാണ്.പെട്ടെന്ന് ജനക്കൂട്ടം ആ ആവശ്യം കോറസായി ഉയര്‍ത്തി – അല്ല, സാറും കൂടികയറന്നേയ്… അതോടെ പോലീസുകാരന്റെ സകല പിടിയും വിട്ടു. അയാള്‍, കാക്കിഉടുപ്പിട്ട് കൂടെ നില്‍ക്കുന്നയാളോട്, നീ കയറ് എന്നു പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിലായത് ആ കാക്കികാരന്‍ ബസിന്റെ ആളായിരിക്കും. അയ്യോസാറേ…ഞാന്‍ ഡ്രൈവറാ എന്നയാളും കയ്യൊഴിഞ്ഞു. ബാക്കിയവന്മാരൊക്കെ എവിടെടാ എന്ന് പോലീസുകാരൻ ആക്രോശിക്കുന്നുണ്ട്. അപകടം നടന്നയുടന്‍ രണ്ട്കണ്ടക്ടര്‍മാരും ഓടിക്കളഞ്ഞെന്ന് ജനം പറഞ്ഞു. അപ്പോള്‍ എനിക്ക് അപകടത്തിന്റെ ഏതാണ്ടൊരു ചിത്രം കിട്ടി. അപകടത്തില്‍പ്പെട്ടത് ഒരുകാല്‍നടക്കാരനാണ്. അയാള്‍ റോഡ് ക്രോസ് ചെയ്തപ്പോൾ ബസിനടിയിൽ കാലു പോയതാണ്. ഒന്നെങ്കിൽ അയാൾ ബാറിലേയ്ക്ക് വരാനായിരിക്കണം ഗാന്ധി റോഡ്ക്രോസ് ചെയ്തത്. അല്ലെങ്കില്‍ ബാറിൽ നിന്ന് പോവുകയായിരുന്നിരിക്കണം. ഇടിച്ച ബസാണ് അല്‍പ്പം ദൂരെ കിടക്കുന്നത്. ആ ബസിലെ യാത്രക്കാര്‍ ഇപ്പോഴുംബസിലുണ്ട്. ഡ്രൈവര്‍ മാത്രമേ ഇപ്പോൾ അവിടെയുള്ളൂ.രസകരമായ ഏതോ കളിയിലെന്നതു പോലെ ജനമിപ്പോഴും പോലീസുകാരനോട് പറയുകയാണ് –സാറേ സാറു കൂടി കയറ് സാറേ…

Comments

comments