പരശുറാം എക്സ്പ്രസ് വരുന്നതും കാത്ത് പുലർച്ചെ പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിലിരിക്കുമ്പോൾ പഴയ യാത്രകൾ മനസ്സിലെത്തി. പണ്ടൊക്കെ സിമന്റുബെഞ്ചുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കുറച്ച് സ്റ്റീൽ ഇരിപ്പിടങ്ങൾ കൂടി ഉണ്ട്. ഇരിപ്പിടത്തിലെ തണുപ്പിന് അന്നും ഇന്നും ഒരേ ഗന്ധവും രുചിയുമാണ്. പ്ലാറ്റ്ഫോമിലെ ടി.വിയിൽ തുണിക്കടകളുടെയും ആഭരണക്കടകളുടേയും സിനിമകളുടേയും പരസ്യങ്ങൾ. തീവണ്ടി എത്തുന്നതിന്റെ അറിയിപ്പ് വന്ന് അധികം വൈകാതെ മഞ്ഞിന്റെ മറക്കപ്പുറം ഗജരാജവിരാജിതമന്ദഗതി എന്ന മട്ടിൽ പരശുറാമെത്തി. ഒപ്പം പച്ചിരുമ്പിന്റെ ഗന്ധവും.

ഇഷ്ടം തോന്നിയ സീറ്റിലിരുന്ന് പുറത്തെ പ്രഭാതക്കാഴ്ചകളിലേക്ക് ഒരു കുഞ്ഞിനെപ്പോലെ കൗതുകം കൊള്ളാൻ നല്ല സുഖം തോന്നി.  കണ്ണൂരെത്തിയപ്പോൾ ചായയും ഇഡ്ഡലിയും കഴിച്ച് അടുത്ത സ്റ്റേഷനിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പോടെ വണ്ടിയുടെ പുറപ്പാടിനായി കാത്തു. ലാപ്ടോപ് ബാഗും സർട്ടിഫിക്കറ്റുകളും കുറച്ചു വസ്ത്രങ്ങളും അടങ്ങിയ ഒരു ബ്രീഫ്കേസും മാത്രമേ കയ്യിൽ കരുതിയിരുന്നുള്ളു

ട്രെയിൻ ഇറങ്ങി ഫ്ലൈ ഓവറിലൂടെ നേരെ ചെന്നിറങ്ങുന്നത് ബസ്സ്റ്റാൻഡിലാണ്. പുറപ്പെടാൻ നിന്ന ബസിൽ കയറി.  കുറച്ചു വിദ്യാർത്ഥികൾ തങ്ങൾക്കു കയറാൻ അനുവാദം കിട്ടുന്നതും കാത്ത് നില്പുണ്ടായിരുന്നു. ഒടുവിൽ അവരിൽ കുറച്ചുപേരെ കയറ്റി ബസ് പുറപ്പെട്ടു. മറന്ന വഴികളിലൂടെ ബസ് ഇരമ്പി നീങ്ങിയപ്പോൾ ഓർമ്മകളും ഒപ്പം ഇരമ്പുന്നത് അറിഞ്ഞു.  കോളേജ് സ്റ്റോപ്പെത്തിയപ്പോൾ ബസ്സിറങ്ങിയ ഉടൻ നിരത്തിന്റെ പടിഞ്ഞാറായി ഒരേ നിരയിലുള്ള കടകളിലേക്കാണ് കണ്ണു പാളിയത്. പുത്തൻ മോടികളിലാണ്  ഇപ്പോൾ അവയെല്ലാം. മൂന്നാമത്തെ ടീഷോപ്പിൽ കയറി  നിറമുള്ള കസേരകളിലൊന്നിൽ ഇരുന്ന് ഒരു ചായക്ക് ഓർഡർ കൊടുത്തു. കൗണ്ടറിലിരിക്കുന്ന ചെറുപ്പക്കാരൻ ഹൃദ്യമായി ചിരിച്ചുകൊണ്ട് ചോദിച്ചു:

ഈനൂമ്പ് കണ്ടീല്ലല്ലാകോളേജിൽക്ക് വന്നതാ?

അഞ്ച് കൊല്ലം മുമ്പ് ഇവിടെ പഠിച്ചിരുന്നു. ഇപ്പൊ ഇവിടെ മാഷായി വന്നതാ

അയ് ശെരി. അപ്പോ അച്ചനേക്കെ അറിയൂല്ലെ?

ഭാസ്കരേട്ടന്റെ മോനാണോ?

അതെ. അച്ഛൻ വൈന്നാരം ഈടെ വന്നിരിക്കല്ണ്ടേനു. കൊറച്ചീസായിട്ട് മൂപ്പർക്കത്ര വയ്യ.

ഞാൻ കണ്ടോളാം.

ചായക്കപ്പിലെ ആവിയിലേക്ക് മുഖം കുനിച്ചപ്പോൾ പഴയ ചില നേരമ്പോക്കുകൾ തെളിഞ്ഞുവന്നു. കാലം മിനുസപ്പെടുത്തിയ മരബെഞ്ചിലിരുന്ന് ഭാസ്കരേട്ടന്റെ ചായയും പഴമ്പൊരിയും മരച്ചീനി കൊണ്ടുള്ള സ്പെഷൽ പലഹാരമായ കോയിക്കാലും എത്ര കഴിച്ചിട്ടുണ്ട്! ഒരുമിച്ചിരുന്നു രുചിച്ച ചങ്ങാതികൾ ഇന്നു ഈ നിമിഷത്തിൽ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോയി. കുറച്ചുകാലം ചിലരുമായി കത്തുബന്ധം ഉണ്ടായിരുന്നു. ഈ അടുത്തകാലത്ത് ഫേസ്ബുക്കിൽ ജെയ്സയെയും വിനോദിനെയും കിട്ടി. മറ്റുള്ളവരെക്കുറിച്ച് അവർക്കും അറിവില്ലെന്ന് പറഞ്ഞു. എന്നും തെരഞ്ഞു കൊണ്ടിരുന്നിട്ടും മറ്റാരെയും കിട്ടിയില്ല. ആന്റണിയെക്കുറിച്ച് അറിയാനായിരുന്നു ഏറ്റവും ആഗ്രഹിച്ചത്. അവൻ വല്ലാത്ത ഒരു നീറ്റൽ തന്നാണല്ലൊ പിരിഞ്ഞുപോയത്. ടീഷോപ്പിൽ നിന്ന് ഭാസ്കരേട്ടന്റെ മകൻ പ്രജിത്തിനോട് പിന്നെ കാണാം എന്നുപറഞ്ഞിറങ്ങി.

കാമ്പസിലേക്കുള്ള പടികൾ കയറുമ്പോൾ  എങ്ങു നിന്നോ ആ ഓർമ്മ ഓടിയെത്തി. എന്നും ഈ പടികൾ കയറുമ്പോൾ മനസ്സിലെത്തുന്ന ഒരു ചിത്രമായിരുന്നു അത്. കുട്ടിക്കാലത്ത് അച്ഛനും അമ്മക്കുമൊപ്പം ഏതോ ഒരു ക്ഷേത്രത്തിന്റെ പടി കയറിയ ഓർമ്മ! ചില കാര്യങ്ങൾ അങ്ങനെയാണ്. അതിനെ എപ്പോൾ സമീപിക്കുമ്പോഴും ഒട്ടും ബന്ധമില്ലാത്ത മറ്റൊരു കാര്യം മനസ്സിലെത്തും. അത് ഒരു ഓർമയോ രുചിയോ നിറമോ മണമോ ആവാം.

വിദ്യാർത്ഥികൾ നിർത്താതെ സംസാരിച്ചും ചിരിച്ചും കാമ്പസിനെ സജീവമാക്കി നടന്നു പോകുന്നുണ്ട്. ചില തെമ്മാടികൾ ബൊട്ടാണിക്കൽ ഗാർഡന്റെ അരമതിലിൽ ഇരുന്നു സല്ലപിക്കുന്നു. പ്രിൻസിപ്പൽ കാമ്പസിലെത്തി ഓഫീസിലേക്ക് കയറിയ ശേഷമേ അരമതിലുകൾ സജീവമാവാറുള്ളൂ. അദ്ദേഹം വന്നുകാണും. അതോ പഴയ രീതികൾ മാറിയോ? സംശയം നീണ്ടുപോയില്ല. പ്രിൻസിപ്പൽ എത്തിയിട്ടുണ്ട്. പണ്ട് സാറിന്റെ ഇരട്ടപ്പേരു വിളിച്ചു നടന്ന കുട്ടികളിൽ ഞാനും പെടുമെല്ലോയെന്ന് ചമ്മലോടെ ഓർത്തു.

പി എസ് സി എഴുതി കാത്തിരിക്കുമ്പോൾ കിട്ടുകയാണെങ്കിൽ ഈ കാമ്പസിലേക്കാവണേ എന്ന്  കൊതിച്ചിരുന്നു. പല കാമ്പസുകളിൽ പഠിച്ചിട്ടും ഈ കുന്നിൻപുറക്കാമ്പസിനോട് വല്ലാത്ത ഇഷ്ടമാണ്. എന്നിട്ടും പിരിഞ്ഞുപോയി പിന്നീട് വരുമ്പോൾ സ്വയം അന്യവൽക്കരിക്കപ്പെട്ടതായി തോന്നുന്നു! ഒരു അപരിചിതത്വം പൊതിഞ്ഞുനിൽക്കുന്നതുപോലെ. പ്രിൻസിപ്പലിന്റെ ഓഫീസിൽ ചെന്ന് ജോലിയിൽ ഔദ്യോഗികമായി പ്രവേശിച്ച ശേഷം  ഫിലോസഫി ഡിപ്പാർട്ടുമെന്റിലെത്തി മേധാവിയെ കണ്ടു. പൊതുവെ അദ്ധ്യാപകരെ സർ എന്നു വിളിക്കുന്ന പതിവില്ലാത്ത കാമ്പസായതിനാൽ മാഷ് വിളി തന്നെ തുടരാനാണ് തോന്നിയത്.  അശോകൻ മാഷ് ഒട്ടും നാട്യമില്ലാത്തയാളാണ്. ഞാൻ എത്തിയതിൽ മാഷിന്റെ സന്തോഷത്തിനു അതിരില്ലെന്നു തോന്നി. ഡിപ്പാർട്ടുമെന്റിൽ എല്ലാവരെയും അദ്ദേഹം ഉത്സാഹത്തോടെ പരിചയപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥിയിൽ മാഷ് അഭിമാനിക്കുന്നത് ശരിക്കും അനുഭവപ്പെട്ടു. ചെറുപ്പക്കാരനായ മാഷ് ഞങ്ങളിൽ ഒരാളെപ്പോലായിരുന്നു. മലയാളം ഡിപ്പാർട്ട്മെന്റിലായിരുന്നു അദ്ദേഹത്തിന്റെ കൂട്ടുകാരൊക്കെ. ഒഴിവുള്ള പിരീഡുകളിലെല്ലാം മാഷ് അവിടെ കഥയും കവിതയും വെടിപറച്ചിലുമായി ഇരിക്കുമായിരുന്നു. മാഷിന്റെ പിരീഡ് ഓർമ്മിപ്പിക്കാൻ പലപ്പോഴും അവിടേക്ക് പോയിരുന്നത് ഞാനായിരുന്നു. അഞ്ചു വർഷങ്ങൾ അദ്ദേഹത്തെ ഒരു പാതിവൃദ്ധനാക്കിയപോലെ! മിനുസമുള്ള കറുത്ത മുടിയിഴകൾ ഏറെയും ഇപ്പോൾ നരച്ചതു കൊണ്ടാവാം. മാഷിനോട് പഴയ അദ്ധ്യാപകരെക്കുറിച്ചു ചോദിച്ചു. പരസ്പരം വീട്ടുവിശേഷങ്ങൾ സംസാരിച്ചു.

ഞ്ഞി ഹോസ്റ്റൽക്ക് വ്ട്ടോ സജീവെ. വാർഡൻ ഫിസിക്സിലെ ദാസൻമാഷാന്ന്. മാഷ് ഉച്ചക്ക് ഉണ്ണാമ്പെര്മ്പൊ കാണ്. റൂമൊക്കെ വാച്ച്മാൻ കണാരൻ കാണിച്ചെരും.

ആഹ! ഇപ്പഴും കണാരേട്ടൻ തന്ന്യാ വാച്ച്മാൻ?

അതേടോ. അതോണ്ട് പരിച്യക്കേടൊന്നും തോന്നൂല സജീവിന്

ഡിപ്പാർട്ടുമെന്റിൽ നിന്ന് ഹോസ്റ്റലിലേക്ക് വഴി തിരിയുന്നിടത്തു നിന്ന് മരങ്ങൾക്ക് ഇടത്തു ഭാഗത്തുള്ള കൽക്കൂട്ടങ്ങളിലേക്കു കണ്ണു നീണ്ടു. നിരാശതോന്നി.

Comments

comments