24 മണിക്കൂറിൽ ഉറങ്ങാത്തപ്പൊഴെല്ലാം ടിവി കാണാനാണ് ഒരുപാട് പേർക്കും ഹരം.
ഹരം ആണോ?
അതോ സിഗരറ്റ് വലി പോലെയൊരു ശീലക്കേടോ?
പക്ഷേ എന്തായാലും പുകയില കൊണ്ട് മാത്രം ശരീരം ജോലി ചെയ്യില്ല.
അതിനു ഓക്സിജനും വേണം.
അപ്പോഴാണ് പുകവലിയിൽ അടിമകളായവർ ഒരു ദീർഘനിശ്വാസം എടുക്കുന്നത്, ചുമയ്ക്കുന്നത്.
അങ്ങനെയാണ് ഇയാൾ വരാന്തയിലേക്ക് ഇറങ്ങിച്ചെല്ലുന്നതും സലീംകുമാറിനെ കണ്ട്
മുട്ടുന്നതും.
അയാളൊരു ബീഡി വലിച്ച് കുത്തിയിരിക്കുന്നു.
വിളിച്ച് കാപ്പി കൊടുത്താലോ എന്നിയാൾ ചിന്തിക്കുന്നുണ്ട്.
സലീം കുമാറും നസീറും തമ്മിലുള്ള അന്തരം ആലോചിക്കാവുന്നതെയുള്ളൂ.
ഒരാൾ നിത്യഹരിതനായകൻ എന്ന നിലയിൽ മലയാളകച്ചവടസിനിമ ഉത്പാദിപ്പിച്ച
ഏക്കാലത്തെയും മികച്ച പ്രോഡക്ടുകളിലൊന്നാണ്.
മരം ചുറ്റി പ്രേമിക്കുക, ഡിഷ്യും ഡിഷ്യും വെക്കുക ഒക്കെയാണ് ആളുടെ ഭാവുകത്വം.
രണ്ടാമത്തെയാളും കച്ചവടസിനിമയുടെ ഒരു വിജയിച്ച പ്രോഡക്ട് തന്നെ.
പക്ഷേ ഒരു കോമാളിയാണ്.
അസുന്ദരനാണ്.
അയാളുടെ ഭാഷ മിക്കപ്പോഴും വക്രിച്ചതും അസംബന്ധജടിലവുമാണ്.
അയാൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ചരിത്രം ആ സിനിമകൾ അവതരിപ്പിക്കാറില്ല തന്നെ.
(നസീറും സലീംകുമാറും പങ്കെടുത്ത മികച്ച കലാസംരംഭങ്ങളെ മാറ്റി
നിർത്തിക്കൊണ്ടാണിതൊക്കെ പറയുന്നത്.)
കച്ചവടച്ചരക്കായ വിനോദം സൃഷ്ടിച്ച രണ്ട് തരം താര ഴോനറുകളാണിവ.
നസീർ, കുഞ്ചാക്കോ ബോബനിലൂടെയും ആസിഫ് അലിയിലൂടെയും എല്ലാം തുടരുന്നു.
സലീകുമാറിനു മുന്നെ കുതിരവട്ടം പപ്പുവും മാളയുമൊക്കെ ഉണ്ടായിരുന്നു.
നസീറും സലീംകുമാറും വത്യസ്തകാലങ്ങളിൽ ജീവിച്ച മനുഷ്യരാണെങ്കിൽ ഈ കവിതയിൽ
അവർ ഇങ്ങനെ സമകാലീനരാകുന്നു.
അതാണ് ലതീഷ് മോഹൻ സൃഷ്ടിക്കുന്ന അ/കാലത്തിന്റെ കളി.
ഇയാളെങ്കിൽ പുറത്തിരുന്ന സലീംകുമാറിനെ ഉള്ളിലേക്ക് വിളിക്കാൻ തുനിയാതെ
അകത്തേക്ക് പോകുന്നു.
എന്നിട്ട് പുറത്തേക്ക് നോക്കി.
നോക്കുമ്പോൾ സലീംകുമാർ ഷീലയെ ഓടിക്കുന്നു.
നസീർ സലീംകുമാറിനെ പിന്തുടരുന്നു.
ടിവിയിൽ ഉണ്ടായിരുന്നതങ്ങനെയല്ല.
നസീർ ഷീലയെ ഓടിക്കുകയായിരുന്നു.
ഇതെങ്ങനെ സംഭവിച്ചു.
ശരിക്കും സംഭവിക്കുന്നതിങ്ങനെയൊക്കെ തന്നെയാണ്.
ഏതെങ്കിലുമൊരു നസീർ ഏതെങ്കിലുമൊരു ഷീലയെ കുറച്ചൊന്ന് ഓടിക്കും.
അല്ലെങ്കിൽ ആർക്കെങ്കിലും ഓടിക്കാൻ കൊടുക്കും.
(അശ്ലീപ്പെടരുത്, ഷീല ഒരു സ്ത്രീമാത്രമല്ലെന്നതോർക്കണം.)
അത് വാർത്തയാകുന്നു.
പിന്നീട് സംഭവിക്കുന്നത് കവിതയിൽ പറഞ്ഞ രീതിയിലാണ്.
സലീംകുമാർമാർ ആ ഷീലയെ ഓടിക്കുന്നു.
അപ്പോൾ നസീർമാർ സലീംകുമാർമാരെ പിന്തുടരുന്നു.
ഇതിനൊക്കെ ഓരോ സമയത്തും ഒരോത്തർക്കും പല ഫലങ്ങളുണ്ടായിട്ടുണ്ട്.
തിരഞ്ഞെടുപ്പുകളിൽ, ഭൂമിക്കച്ചവടങ്ങളിൽ ഒക്കെയും ഇത്തരം പാച്ചിലുകൾ ഗുണം
ചെയ്തിട്ടുണ്ട് എന്ന് ഇരുന്ന് ചിന്തിച്ചാൽ അവ്യക്തമല്ലാതെ കാണാം.
‘നസീര്‍ സലീം കുമാറിനു പിറകേ പായുന്നു‘
എന്നത് കഴിഞ്ഞാൽ വീണ്ടും ഷീലയുടെ നെഞ്ചിനെ പറ്റിയാണ്.
‘കൊള്ളാം കുറച്ചുകൂടി നന്നായിട്ടുണ്ട്
തീര്‍ച്ഛയായും ഉപകാരപ്പെടുത്തണം‘
എന്ന് തന്നെ ആവർത്തിക്കുന്നു. മാദ്ധ്യമങ്ങളിലൂടെ കടന്ന് പോയ
ഷീലമാരോടെല്ലാം നമുക്ക് ഇതെ സമീപനമായിരുന്നല്ലോ.
Be the first to write a comment.