ഇയാൾ സലീംകുമാറിനോട് പറയാൻ കരുതുന്നത് ഷീലയെ പിന്നീട് പിടിക്കാമെന്നും
നസീറിനെ ഇങ്ങനെ പേടിക്കേണ്ടതുണ്ടോ എന്നുമാണ്.
സലീം കുമാര്‍ ആണത്രെ സലീം കുമാ എന്ന് കളിയാക്കുന്നു.
ഹാവൂ, എത്രയോ കൊല്ലമായ് ഭാഷകളിൽ ഈ ആശയം പ്രചരിപ്പിക്കപ്പെടുന്നുണ്ടല്ലേ.
ഷീലയെ പിന്തുടരാതെ നസീറിനെ പേടിക്കാതെ ഒരു സലീംകുമാർ!
ആ കിനാശ്ശേരിക്കാരനെ കിനാവ് കണ്ട എത്രയെത്ര മനുഷ്യജീവിതങ്ങൾ.
എന്നാൽ ലതീഷ് മോഹന്റെ കവിതയിലെ കഥാപാത്രം (നരേറ്റർ) വിപ്ലവകാരിയൊന്നുമല്ല.
പൊന്നാര്യൻ കൊയ്യും മുന്നെ അധികാരം കൊയ്യണമെന്നൊന്നും അയാൾക്ക് പറ്റില്ല.
അയാളൊരു മടിയനാണ്.
പക്ഷേ അയാളിൽ ചരിത്രത്തിന്റെ ഓർമ്മകളും ആവേശങ്ങളും ഉറങ്ങിക്കിടപ്പുണ്ടാകാം.
അയാൾ പറയുകയാണ്,

ബീഡികളഞ്ഞ്‌ ഉള്ളില്‍ വന്നിരിക്കൂ
ഷീലയെ പിന്നീട്‌ പിടിക്കാം
നസീറിനെപ്പോലെ ഒരു മണ്ടനെ ആരെങ്കിലും പേടിക്കുമോ
സലീം കുമാര്‍ ആണത്രെ സലീം കുമാ
എന്നൊക്കെ പുറത്തുചെന്ന്‌ പറയണം എന്നുതോന്നി

എന്നൊക്കെ പുറത്ത് ചെന്ന് പറയണം എന്നു തോന്നി.പുറത്ത് ചെല്ലുക എന്ന
പ്രയോഗം ഇനിയും  വിശദീകരിച്ചാൽ അത് എന്റെ വകയൊരു ഊളത്തരമാകും.

തോന്നി എന്ന പ്രയോഗം പെരുത്ത് ഇഷ്ടമായി.
തോന്നുകയല്ലാതെ പറയുന്ന പരിപാടി എവിടാണ്!

ഒപ്പം വേറൊന്ന്, കവലയിൽ നിന്ന് പറയുന്നത് അരോചകമായ് തോന്നുന്നവർക്ക് അതെ
സംഗതി ടിവിയിൽ കാണുമ്പോൾ ഉഷാറായ് തോന്നുന്നു.
അത് എന്തുകൊണ്ട് എന്നത് ആഴമുള്ള വിഷയമാണല്ലോ.
അങ്ങോട്ടൊക്കെ നോക്കുമ്പോഴെ തലകറങ്ങുന്നു.
ആത്മനിന്ദ തോന്നുന്നു.

ഇയാളാണെങ്കിൽ മറ്റൊരു പാട്ട്സീനിലേക്ക് തിരിച്ചു പോവുക മാത്രമെ ചെയ്യുന്നുള്ളൂ.
കാര്യങ്ങൾ ആവർത്തിക്കപ്പെടുകയാണ്.
നസീറിന്റെ ജാതിയും സലീംകുമാറിന്റെ പേരും അയാൾ ചിന്തിച്ചു നോക്കുന്നു.
ഷീലയുടെ മുലകൾക്ക് വത്യാസമൊന്നുമില്ല.
(
സിനിമയിൽ ഷീലയുടെ മുലകളുടെ തുടർച്ചകൾ എങ്ങനെയൊക്കെയാണെന്ന് പറഞ്ഞ്
ആർക്കും ഇടർച്ച വരുത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല, …ഓ സോറി,
ഷീലയൊരു സ്ത്രീ മാത്രമല്ലെന്ന് ഞാനും മറന്നു.).

ശ്രദ്ധിക്കണേ, ഇനിയാണ് കാലത്തിന്റെ മുദ്രാവാക്യം ഉയരുന്നത്.
അത്രമേൽ ആത്മാർത്ഥമായ് ഉള്ളിൽ തട്ടി ഇയാൾ പറയുന്നു,

സലിം കുമാര്‍
അത്ര വലിയ തെറ്റൊന്നുമല്ല

ഇത്രകാലം കഴിഞ്ഞിട്ടും ഇതെ അർത്ഥത്തിൽ എന്തെങ്കിലുമൊന്ന് പറയാത്തവർക്ക്
വായനയിൽ നിന്നും പിരിഞ്ഞ് പോകാം. അല്ലെങ്കിൽ ഞാനവരെ നമസ്കരിച്ച് കളയും.

ഇനിഒരല്പം ആവേശപ്പെടട്ടെ.
സനാതനമായ ഈ ആലസ്യത്തിന്റെ നെഞ്ചത്തല്ലേ ചരിത്രപുരുഷന്മാർ ഷീലകളെ ഓടിച്ചത്.
ഓടിക്കുന്നത്.
ഓടിക്കാൻ പോകുന്നത്.
അത്ര വലിയ തെറ്റല്ലെന്ന് പറഞ്ഞാൽ തെറ്റല്ലാതെ ആകുന്നില്ല എന്നിടത്താണ്
സാധരണക്കാരന്റെ ധാർമ്മികബോധത്തെ പറ്റി കവിത സൂചിപ്പിക്കുന്നത്  എന്നൊക്കെ
വെറുതെ അടിച്ച് വിടുകയല്ല. അങ്ങനെതന്നെയാകുമെന്ന് വിശ്വസിക്കുകയാണ്.
ഉള്ളിന്റെ ഉള്ളിലെ നന്മ എന്ന ക്ലീഷെ ആണ് ജീവിതത്തെ നിലനിർത്തിപ്പോരുന്നത്.
മനുഷ്യൻ അപ്പം കൊണ്ട് മാത്രം മരിക്കുന്നില്ല.

ദാ, അപ്പോഴാണ് അവളുടെ മെസേജ് വരുന്നത്.
ഇയാൾ നസീറൊ അവൾ ഷീലയോ അല്ല.
അവർ രണ്ട് പേരിൽ ആരോപിക്കാവുന്നത് കുറച്ചധികം സലീംകുമാറിനെയാണ്.
എന്നാൽ ഈ പ്രത്യേകസന്ദർഭത്തിൽ അത് ചെയ്താൽ കവിത ഫ്യൂസായിപ്പോകും.
അക്കാലം സലീംകുമാറല്ലാതിരിക്കുന്ന സലീംകുമാറാണ് ഇയാൾ.
ഈ കവിതയുടെ അവസാനവചനം പിന്നിടുമ്പോൾ അയാൾ വീണ്ടും സലീംകുമാറപ്പെടുമെന്ന്
തോന്നുന്നു.
അപ്പോൾ അതൊന്നുമല്ല, അവളുടെ മെസേജ് വന്നിരിക്കുന്നു.
അവളുടെ മെസേജ്- അതെപ്പോൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണെന്ന്
അനുഭവസ്ഥരായ ലക്ഷക്കണക്കിനാളുകൾക്ക് അറിയാവുന്നതാണ്.

പക്ഷേ ഇത്തവണ അവൾ പണി പാളിച്ചു.

അപ്പോള്‍ അവളുടെ മെസേജ് വന്നു
ടി വിയില്‍ കാണുന്നതു പോലെയല്ല
കാര്യങ്ങള്‍ എന്ന്
മടിയന്മാരോടൊത്തുള്ള ജീവിതം
ദുസ്സഹമാണെന്ന്

ഇതാണ് സ്ത്രീകളോട് കവികൾക്കുള്ള പരിഗണന.
അവർക്കെപ്പോഴും നല്ല പാർട്ട് അഭിനയിക്കാൻ കൊടുക്കും.
ഹാ കഷ്ടം, മടി കാരണം ഒരു പുരുഷന് അവന്റെ ഇണയെ നഷ്ടമാകുന്നു. (അതോ സുഹൃത്തോ?)
(
ഒരു വെറൈറ്റിക്ക് ഇതിലെ നരേറ്റർ ഒരു ലെസ്ബിയൻ ആണെന്നും വാദിക്കാവുന്നതാണ്)
എന്നിട്ട് ഇയാൾ കുലുങ്ങുന്നുണ്ടൊ?
ചെറിയ ഒരു വിറയുണ്ട്.
ഒരല്പം രമണപ്പെടുന്നുണ്ടെന്ന് അനുമാനിക്കാം.
ഈ കവിതയിലേക്ക് അയാൾ നോക്കുന്നു.

മദനന്റെ ഭാഗം അഭിനയിക്കാൻ ലതീഷ് മോഹൻ ആരെയും നിർത്തിയിട്ടില്ല.
ചത്തിട്ട് കാര്യമില്ല.
അതൊക്കെ പണ്ടെ ഇറങ്ങിയ ഒരു നമ്പറാണ്.
ജീവിക്കണം എന്ന സ്വാർത്ഥത.
അതെല്ലാ സലീംകുമാറിലും ഉണ്ട്.
മുലകൾ മാത്രമെന്ന് നമ്മൾ കരുതുന്ന ഷീലകളിലുണ്ട്.
എന്തിനെന്നറിയാതെ ബഹുദൂരം അതിഗൂഡം ഓടുന്ന നസീറുകളിലുമുണ്ട്.
അതിജീവനം എന്ന ജൈവികപ്രഭാവം!

എന്തരായാലും ഒടുക്കം അയാൾ ആത്മ-ഹത്യ/നിന്ദ ഒഴിവാക്കാനായ് തന്റെയുള്ളിൽ
തന്നെ കണ്ടെത്തിയ മദനനെ സംസാരിക്കാൻ അനുവദിക്കുന്നു.

പുറത്തിറങ്ങി നോക്കിയപ്പോള്‍
സലിം കുമാര്‍ ഇല്ല
ടി വിയില്‍ കാണുന്നതുപോലെയായിരിക്കില്ല
കാര്യങ്ങള്‍
ഷീലയും നസീറും
ഒന്നുമായിരിക്കില്ല ജീവിതം

ഇത്ര നേരം തന്റെ ചിന്തകളിൽ നിറഞ്ഞ യാന്ത്രിക ദൃശ്യങ്ങളല്ല ജീവിതമെന്ന്
ഇയാൾ പറയുന്നു.
ഇയാൾക്ക് വിഷമമുണ്ട്.
ഒരു വ്യക്തിയുടെ മടിയെക്കുറിച്ച് തന്നെയാണ് ഈ കവിത.
പക്ഷേ അതൊരു അസാധരണ-അസുലഭ-വ്യക്തിയല്ല.
പെട്ടന്നൊരു ആൾക്കൂട്ടത്തിലേക്ക വെറുതെ സൂം ചെയ്താൽ ഇയാളുടെ ഛായ
ഉള്ളവരിലേക്കാകും എത്തുക.
കൃത്യം ഇയാളെ പോലെയൊരാൾ കാണില്ലായിരിക്കാം.
അത്ര കൃത്യത ഒരു കവിതയ്ക്ക് താങ്ങാനൊക്കില്ല.
കാരണം കവി അത്ര കണ്ട് ഭഗവാനല്ല.
കവിതയുടെ ഇട്ടാവട്ടത്തിലെ ഒരു പ്രജാപതി മാത്രം.

എന്നാൽ സലീംകുമാർ എവിടെപ്പോയി?
സിനിമകളിൽ അയാളുടെ ചരിത്രം അവ്യക്തമാണെന്ന് പറഞ്ഞല്ലോ.
അങ്ങനെയൊരാൾ എവിടെ പോയി എന്ന ചിന്ത ആരെയും വേദനിപ്പിക്കുകയില്ല.
അത്ര കണ്ട് കൌതുകപ്പെടുത്തില്ല.
അയാൾ എങ്ങും പോയിട്ടില്ല എന്നും അയാളെ പോലെയുള്ള കോമാളികൾ
സുലഭമാണെന്നും… ഉം, ഇതിലും കൃത്യത ഈ കുറിപ്പിനും താങ്ങാൻ പറ്റില്ല
കേട്ടൊ.

ഇനി കവിതയുടെ ക്ലീഷെയാണ്. അവസാനവരിയിൽ പണ്ടോറയുടെ പഴയ പെട്ടി തന്നെ.
വിശദീകരിക്കാൻ സമയമില്ല. ബാങ്കിൽ പോകണം. സമയം 8:16 ഏ എം ആയി. അതുകൊണ്ട് ആ
വരികൾ തന്നെ പകർത്തുന്നു.(ഇപ്പോൾ സമയം 8:51 പി എം, കുറിപ്പ് എഡിറ്റ്
ചെയ്യുന്നു.) കവിത ഇങ്ങനെ അവസാനിക്കുന്നു/തുടരുന്നു.

ബീഡിവലിച്ച് മറ്റൊരു പ്രഭാതത്തില്‍
ജീവിതം ഇതുവഴി വീണ്ടും
വന്നേക്കും

 

Comments

comments