രോഗി ഇച്ഛിച്ച മരുന്ന്
(ഹിന്ദുത്വ ഭീകരതയുടെ കഥ: അദ്ധ്യായം 16)
1949 ഡിസംബര്‍ 22 രാത്രിയില്‍ അഭിറാംദാസും സംഘവും ബാബ്‌റി മസ്ജിദിനുള്ളില്‍ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുമ്പോള്‍, കൊല്‍ക്കൊത്തയില്‍ ഹിന്ദു മഹാസഭ അതിന്റെ അഖിലേന്ത്യാ സമ്മേളനം ആരംഭിക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു. ഡിസംബര്‍ 24 നായിരുന്നു അതിന്റെ തുടക്കം തീരുമാനിച്ചിരുന്നത്. ഗാന്ധിവധത്തിന് ശേഷം അവരുടെ ഭാവി തുലാസില്‍ തൂങ്ങുന്ന നിലയിലാണ് ആ സമ്മേളനം തുടങ്ങുന്നത്. അഭിറാംദാസിനൊപ്പം രാംലല്ലയെ സ്ഥാപിക്കുന്ന കൃത്യത്തില്‍ പങ്കാളിയാകാമെന്ന് ഏറ്റിരുന്ന രാംചന്ദ്ര ദാസ് പരമഹംസ് ആ സമയമായപ്പോള്‍ മുങ്ങിയത് നാം കണ്ടു. പിന്നീട് ആ സംഭവം മറ്റൊരു തലത്തിലേയ്ക്ക് വ്യാപിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം അയോദ്ധ്യയില്‍ തിരിച്ചെത്തുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പരമഹംസ്, താനാണ് ബാബ്‌റി മസ്ജിദിനുള്ളില്‍ വിഗ്രഹം സ്ഥാപിച്ചത് എന്നവകാശപ്പെടുകയുണ്ടായി. രാംചന്ദ്ര ദാസ് പരമഹംസ് ഹിന്ദുമഹാസഭാ സമ്മേളനം നടക്കുന്ന സ്ഥലത്തേയ്ക്കായിരിക്കാം മുങ്ങിയത് എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
മൂന്നു ദിവസമാണ് ആ സമ്മേളനം നീണ്ടുനിന്നത്. ആ സമ്മേളനത്തിനിടയില്‍ അയോദ്ധ്യയില്‍ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് അറിയാനിടയായ നേതാക്കള്‍ക്ക് അത് വലിയ ആവേശം പ്രദാനം ചെയ്തു. രോഗക്കിടക്കയില്‍ നിന്ന് രോഗിയെ ചാടിയെണീപ്പിക്കുന്ന മട്ടിലാണ് അവര്‍ അതിനെ സ്വീകരിച്ചത്. ആ സമ്മേളനം, ഹിന്ദുമഹാസഭയുടെ പുതിയ പ്രസിഡന്റായി നിര്‍ദ്ദേശിച്ചത് എന്‍.ബി. ഘരേയെ ആയിരുന്നു. ആള്‍വാറില്‍ സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് ഘരേ എങ്ങനെയാണ് ആര്‍.എസ്.എസിനേയും ഹിന്ദു വംശീയ വാദികളേയും സഹായിച്ചിരുന്നത് എന്ന് നാം നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. അയോദ്ധ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഘരേ പ്രഖ്യാപിച്ചത് ‘രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ച ശേഷം പാര്‍ട്ടി ഇപ്പോള്‍ ഹിന്ദുരാഷ്ട്രത്തിന്റെ സാംസ്‌കാരികാവസ്ഥയുടെ പ്രത്യയശാസ്ത്രവുമായി രാഷ്ട്രീയത്തിന്റെ മണ്ഡലത്തിലേയ്ക്ക് വീണ്ടും പ്രവേശിച്ചു’എന്നാണ്.
ഘരേയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം താഴെ കൊടുക്കുന്നു.
‘മുസ്ലീം അനുകൂലികളായ കോണ്‍ഗ്രസ്സ് എല്ലാക്കാലത്തും മഹാസഭയെ ഒരു വര്‍ഗ്ഗീയ സംഘടന എന്ന നിലയ്ക്ക് ആക്ഷേപിച്ചിരുന്നു. മഹാസഭ എല്ലാ സന്ദര്‍ഭങ്ങളിലും വര്‍ഗ്ഗീയതയ്ക്ക് മുന്നിലുള്ള കോണ്‍ഗ്രസ്സിന്റെ കീഴടങ്ങലിനെ എതിര്‍ത്തിരുന്നു. ഇതെല്ലാം (ഗാന്ധിവധത്തിന് ശേഷം മഹാസഭയ്ക്കുണ്ടായ തിരിച്ചടി) ഒരു ദു:സ്വപ്നം പോലെ നമുക്ക് മറക്കാം. സര്‍ക്കാരിനെതിരെ ഒരു മോശപ്പെട്ട കാര്യങ്ങളും നാം ആരോപിക്കുന്നില്ല. മതേതര രാഷ്ട്രസങ്കല്പത്തില്‍ ഊന്നുക വഴി കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രത്തെ മതരഹിതവും ഭൗതികതയിലൂന്നുന്നതുമായ ഒന്നാക്കി മാറ്റാനാണ്. അത് രാജ്യത്തെ ധാര്‍മ്മികമായി അധഃപതിപ്പിക്കും. ഈ അധഃപതനത്തെ അവസാനിപ്പിക്കണമെങ്കില്‍, മതേതര രാഷ്ട്രം എന്ന പ്രത്യയശാസ്ത്രം ഉപേക്ഷിക്കുകയും സാംസ്‌കാരിക രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രം സ്വീകരിക്കുകയും വേണം. ജനസംഖ്യയുടെ എണ്‍പത്തഞ്ച് ശതമാനം കൈയ്യടക്കുന്നത് ഹിന്ദുക്കളാകയാല്‍, അവരുടെ സംസ്‌കാരമായിരിക്കണം രാഷ്ട്രത്തിന്റെ സംസ്‌കാരം. കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത് ഈ രാജ്യത്തില്‍ ഒരു ഹിന്ദുരാഷ്ട്രത്തിന്റെ സംസ്ഥാപനം അവര്‍ അനുവദിക്കില്ലെന്നാണ്. ആരും ഹിന്ദുരാജും ഹിന്ദു സര്‍ക്കാരും ആഗ്രഹിക്കുന്നില്ലെന്നും. അവരുടെ ആശയക്കുഴപ്പം അവസാനിപ്പിക്കേണ്ടതുണ്ട്. ഹിന്ദുരാഷ്ട്രം ഇപ്പോള്‍തന്നെ ഇവിടെയുണ്ട്. ഭൂമിയിലെ ഒരു ശക്തിക്കും അതിനെ നശിപ്പിക്കാന്‍ സാധ്യമല്ല.’
ഹിന്ദു വംശീയവാദികളുടെ മുസ്ലീം അപരവല്ക്കരണത്തിന്റെ ഏറ്റവും പരിഹാസ്യമായ ലളിതവല്ക്കരണവും ഘരേയുടെ പ്രഭാഷണത്തില്‍ ഉണ്ടായിരുന്നു.
‘മിക്കവാറും എല്ലാക്കാര്യങ്ങളിലും നമ്മള്‍ (ഹിന്ദുക്കളും മുസ്ലീങ്ങളും) വിപരീതങ്ങളെ, കാഴ്ചപ്പാടിലുള്ള വിരുദ്ധങ്ങളെ, പ്രതിനിധീകരിക്കുന്നവരാണ്. ഉദാഹരണത്തിന്, നമ്മുടെ കുടുമ സ്വര്‍ഗ്ഗത്തിലേയ്ക്ക് ചൂണ്ടുന്നു. മുസ്ലീങ്ങളുടെ താടി പാതാളത്തിലേയ്ക്കാണ് ചൂണ്ടുന്നത്. നാം പ്രാര്‍ത്ഥിക്കുന്നത് കിഴക്കോട്ട് നോക്കിയാണ്. അവരാകട്ടെ പടിഞ്ഞാറോട്ട് നോക്കിയും. നമ്മള്‍ എഴുതുന്നത് ഇടത്ത് നിന്നും വലത്തോട്ടാണ്. അവരാകട്ടെ വലത്തു നിന്നും ഇടത്തോട്ടും. നമ്മള്‍ മരിച്ചവരെ ചിതയില്‍ വയ്ക്കുന്നു. അവര്‍ മരിച്ചവരെ കുഴിച്ചിടുന്നു. അതിനാല്‍ രണ്ടു സംസ്‌കാരങ്ങള്‍ക്കിടയിലും ധാരാളം അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ ഉണ്ട്.’
ആര്‍.എസ്.എസ്. തങ്ങളുടെ നിരോധനത്തെ അതിജീവിച്ചത്, ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിക്കാനുള്ള ഭരണഘടനാ അസംബ്ലിയുടെ പ്രവര്‍ത്തനങ്ങളേയും ദേശീയപതാകയേയും തത്വത്തിലെങ്കിലും അംഗീകരിച്ചുകൊണ്ടാണ് എന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ ഹിന്ദു വംശീയവാദികളുടെ യഥാര്‍ത്ഥ ഉള്ളിലിരുപ്പ് മതേതരമായ ഭരണഘടനയ്ക്ക് എതിരായിരുന്നു എന്ന് ഘരേയുടെ പ്രസംഗം തെളിവു തരുന്നുണ്ട്.
‘ഈ രാഷ്ട്രത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍, ഭരണഘടനയില്‍ ഒരു മാറ്റം വരുത്തണമെന്നാണ് എന്റെ ഉറച്ച വിശ്വാസം. മുസ്ലീങ്ങളെ രണ്ടാംകിട പൗരരായാണ് കണക്കാക്കേണ്ടത്. അവര്‍ക്ക് എവിടെ സഞ്ചരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം നല്‍കേണ്ടതാണ്. കച്ചവടത്തിലോ വ്യവസായത്തിലോ പ്രവേശിക്കുന്നതിന് അവര്‍ക്ക് അനുമതി നല്‍കാവുന്നതാണ്. അവരുടെ മതം പിന്തുടരാനും. അവരുടെ പണവും ആസ്തികളും സംരക്ഷിക്കപ്പെടേണ്ടതാണ്. പക്ഷെ, അവര്‍ രാഷ്ട്രീയത്തില്‍ നിന്നും അകന്നുനില്‍ക്കേണ്ടതാണ്. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു ഭാഗത്തും അവര്‍ക്ക് ഇടം കൊടുത്തു കൂടാ. അത്തരമൊരു മാറ്റം ഭരണഘടനയില്‍ വരുത്തേണ്ടതാണ്. അത് ചെയ്തില്ലെങ്കില്‍ ഈ രാജ്യം പുരോഗമിക്കുക അസാധ്യമായിത്തീരും. ഇത് എപ്പോഴും ഏറ്റുമുട്ടലുകളുടെ ഇടമായ് മാറും.’
അങ്ങനെ മുസ്ലീങ്ങളെ ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തില്‍ നിന്നും പുറത്താക്കാനുള്ള രാഷ്ട്രീയ പ്രക്രിയയില്‍ ഊന്നിക്കൊണ്ട്, ഹിന്ദുക്കളെ ഐക്യപ്പെടുത്താനും അതുവഴി ഹിന്ദുരാഷ്ട്ര സംസ്ഥാപനം സാധ്യമാക്കാനുമുള്ള രാഷ്ട്രീയ ശ്രമത്തിന്റെ രണ്ടാം പടവ്, ബാബ്‌റി മസ്ജിദിനെ തര്‍ക്കമന്ദിരമാക്കുന്നതോടെ ആരംഭിച്ചു. പ്രധാനമായും, ഗാന്ധി തടയുകയും തകര്‍ക്കുകയും ചെയ്ത ആ ഉദ്യമം പുനരാരംഭിക്കാന്‍ അതോടെ അവര്‍ക്ക് കഴിഞ്ഞു. കെ.കെ.കെ. നായരെപ്പോലെ, ഗുരുദത്ത് സിംഗിനെപ്പോലെ, ബാബ്‌റി മസ്ജിദില്‍ നിന്നും വിഗ്രഹം എടുത്തുമാറ്റിയാല്‍ താന്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ബാബാ രാഘവ്ദാസ് എന്ന നിയമസഭാ സാമാജികനെപ്പോലെയുള്ളവര്‍ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നും അവര്‍ക്ക് സഹായഹസ്തം നല്‍കി. പുതുതായി കിട്ടിയ ഊര്‍ജ്ജത്തിന്റെ ആവേശത്തില്‍, പരിപാടികള്‍ ആവിഷ്‌ക്കരിച്ചു കൊണ്ട് അതിന്റെ രാഷ്ട്രീയമായ തിരിച്ചുവരവ് ഹിന്ദു വംശീയവാദികള്‍ ആഘോഷിച്ചു.
അത് തുടങ്ങിവെച്ചത്, ഹിന്ദുമഹാസഭയുടെ ദേശീയ ഉപാദ്ധ്യക്ഷനായ വി.ജി. ദേശ്പാണ്ഡെ ആണ്. 1950 ജനുവരി 16 ന് ദേശ്പാണ്ഡെ ഐക്യസംസ്ഥാനങ്ങളിലെ ഹിന്ദു മഹാസഭയുടെ വര്‍ക്കിംഗ് പ്രസിഡന്റായ തേജ് നാരായണനും പ്രചരണവിഭാഗം സെക്രട്ടറിയുമായ വിശ്വനാഥ് അഗര്‍വാളിനുമൊപ്പം ഫൈസാബാദില്‍ തീവണ്ടിയിറങ്ങി. മഹന്ത് ദിഗ്വിജയ് നാഥ് അവരെ സ്വീകരിക്കാന്‍ സ്റ്റേഷനിലെത്തിയിരുന്നു. അവരെല്ലാവരും ചേര്‍ന്ന് അയോദ്ധ്യയിലെത്തി, തര്‍ക്കമന്ദിരമായി മാറ്റിയെടുത്ത ബാബ്‌റി മസ്ജിദ് സന്ദര്‍ശിച്ചു.

രാഷ്ട്രീയ ദുഷ്ടലാക്കോടെ ബാബ്‌റി മസ്ജിദിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള രാജ്യവ്യാപക പ്രചരണത്തിന് തുടക്കമിടാന്‍ ഹിന്ദുമഹാസഭ തീരുമാനിച്ചു. അതിന്റെ ആദ്യപടിയായി ഫൈസാബാദില്‍ തേജ് നാരായണിന്റെ നേതൃത്വത്തില്‍ ഒരു പ്രചരണവിഭാഗം തുറന്നു. ഈ പ്രചരണവിഭാഗം ആദ്യം ആലോചിച്ചത് അയോദ്ധ്യാപ്രശ്‌നത്തെ അഖിലേന്ത്യാടിസ്ഥാനത്തില്‍ ഹിന്ദുമതത്തിന്റെ തരളപ്രശ്‌നമാക്കി അവതരിപ്പിക്കുക എന്നതായിരുന്നു. അക്കൊല്ലത്തെ രാമനവമി-രാമന്റെ പിറന്നാള്‍ 1950 മാര്‍ച്ച് 27 നായിരുന്നു. അതുമായി ബന്ധപ്പെടുത്തി ഈ പ്രശ്‌നത്തെ ചൂടുപിടിപ്പിക്കുകയാണ് അവര്‍ ആദ്യം ചെയ്തത്. അതിന് വേണ്ടി ഹിന്ദുമഹാസഭ താഴെക്കാണുന്ന സന്ദേശം അവരുടെ എല്ലാ പാര്‍ട്ടി യൂണിറ്റുകളിലേയ്ക്കും അയയ്ക്കുകയുണ്ടായി.
‘അയോദ്ധ്യയിലെ രാമജന്മഭൂമി എപ്പിസോഡുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ യഥാര്‍ത്ഥ ചരിത്രനില നിങ്ങള്‍ പത്രങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടാകും. ഇക്കാര്യത്തെപ്പറ്റി ശ്രീ. വി.ജി. ദേശ്പാണ്ഡെ തയ്യാറാക്കിയ ചെറുവിവരണം ഞാന്‍ താഴെക്കൊടുക്കുന്നു. 1950 മാര്‍ച്ച് 27 രാമജന്മഭൂമി ദിവസമായി ആഘോഷിക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിച്ചു കൊള്ളുന്നു. രാമപ്രഭുവിന്റെ ജന്മദിനം ഈ തീയതിയിലായതുകൊണ്ട്, ഈ ദിവസം മുതല്‍ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കേണ്ടതും രാമജന്മഭൂമി തീര്‍ത്ഥാടനകേന്ദ്രത്തിന്റെ സംരക്ഷണം ഹിന്ദുക്കളില്‍ നിക്ഷിപ്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസ്സാക്കേണ്ടതും ആയത് യു.പി. സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും അയച്ചുകൊടുക്കേണ്ടതുമാണ്.
നിങ്ങളുടെ നഗരപരിസരത്തിലുള്ള ക്ഷേത്രങ്ങളുടെ അധികൃതരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണ്. പ്രത്യേകിച്ചും രാമക്ഷേത്രങ്ങളും ആര്യസമാജ്, ആര്യപ്രതിനിധി സഭ, സനാതന്‍ ധര്‍മ്മ പ്രതിനിധി സഭ, ധര്‍മ്മ സംഘ്, ആര്‍.എസ്.എസ്, വര്‍ണ്ണാശ്രം സ്വരാജ്യസംഘ്, ഗുരുദ്വാര പ്രബന്ധക് കമ്മറ്റി തുടങ്ങിയ സംഘടനകളുമായും. രാമപ്രഭു ജനിച്ച ഈ തീര്‍ത്ഥാടനകേന്ദ്രം തിരിച്ചു പിടിക്കുന്നതിനായി ഹിന്ദുക്കളോടൊത്ത് പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുകയും ശ്രീരാമചന്ദ്രന്റെ ജന്മദിനം ആഘോഷിക്കാന്‍ സമ്മേളിച്ചവരോട് ഇതേപ്പറ്റി സംസാരിക്കുകയും ചെയ്യേണ്ടതാണ്. ക്ഷേത്രങ്ങളില്‍ കൂടുന്നവരോടും സമാനമായ പ്രമേയം പാസ്സാക്കാന്‍ അഭ്യര്‍ത്ഥിക്കേണ്ടതാണ്.
ഇക്കാര്യത്തില്‍ ഗൗരവമായ ശ്രദ്ധകൊടുക്കുമെന്നും ആ ദിവസത്തെ വന്‍വിജയമാക്കി തീര്‍ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രത്യാശിക്കുന്നു.
പ്രചരണത്തിന് വേണ്ടിയുള്ള നടപടികള്‍ യഥാവിധി ചെയ്യേണ്ടതാണ്. ആ ദിനാചരണത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇവിടെ മുഖ്യകാര്യാലയത്തിലേയ്ക്ക് അയക്കേണ്ടതാണ്.
സമ്മേളന നടത്തിപ്പിനും പ്രമേയം പാസ്സാക്കുന്നതിനും പുറമേ, ഈ പ്രശ്‌നത്തെ സംബന്ധിച്ച ലഘുലേഖകളും പോസ്റ്ററുകളും ബന്ധപ്പെട്ട പ്രദേശങ്ങളില്‍ വിതരണം ചെയ്യേണ്ടതാണ്.’
അതോടെ ഇന്ത്യയെ നെടുകെപ്പിളര്‍ക്കുന്ന വര്‍ഗ്ഗീയ വൈരത്തിന് വെടിമരുന്നിട്ടു കഴിഞ്ഞു. ഐക്യസംസ്ഥാനങ്ങളില്‍ വിപുലമായ പ്രചരണ പരിപാടിയാണ് അവര്‍ ആസൂത്രണം ചെയ്തത്. ലഘുലേഖകളും പ്രചരണസാമഗ്രികളും ഡല്‍ഹിയിലെ മുഖ്യകാര്യാലയം കേന്ദ്രീകരിച്ച് തയ്യാറാക്കുകയുണ്ടാക്കി. ഈ ആഘോഷത്തോടെ ഐക്യസംസ്ഥാനങ്ങളിലെങ്കിലും ഹിന്ദു മഹാസഭയ്ക്ക് പുത്തന്‍ ഊര്‍ജ്ജം കൈവന്നു. 1950 ഒക്ടോബര്‍ രണ്ടിന് ഐക്യസംസ്ഥാനങ്ങളിലെ പ്രവിശ്യാ ഹിന്ദുമഹാസഭയുടെ സമ്മേളനം നടന്നതിന് ശേഷം പിറ്റേന്ന്, ആ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന എന്‍.ബി. ഘരേ നടത്തിയ അഭിപ്രായപ്രകടനത്തില്‍ ഈ പുത്തന്‍ ഊര്‍ജ്ജം കാണാം.
‘മൊറാദാബാദില്‍ ഉത്തര്‍പ്രദേശ് ഹിന്ദുസഭാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എല്ലാ സംവിധാനങ്ങളും വളരെ നല്ലതും പങ്കാളിത്തം വളരെ വലുതുമായിരുന്നു. ഞാന്‍ ശ്രദ്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം 1950 ഒക്ടോബര്‍ 2 എന്ന ഗാന്ധി ജയന്തി ദിനത്തില്‍ ഹിന്ദുമഹാസഭയുടെ സമ്മേളനത്തില്‍ പങ്കെടുത്തത് ഏറ്റവും ചുരുങ്ങിയത് 20,000 പേരാണ്. ഗാന്ധി ജയന്തി സമ്മേളനത്തില്‍ പങ്കെടുത്തതോ 200 പേരും. ജനങ്ങള്‍ക്കിടയില്‍ ഗാന്ധിസത്തിന്റെ സ്വാധീനം കുറഞ്ഞു വരുന്നതിന്റെ വ്യക്തമായ സൂചനയാണിത്. എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദുരാഷ്ട്ര പ്രത്യയശാസ്ത്രത്തിന് ലഭിക്കുന്ന ശുഭസൂചനയാണ്.’
ജീവിതത്തില്‍ നിന്ന് നീക്കം ചെയ്തിട്ടും ഗാന്ധി, തങ്ങള്‍ക്കെതിരെയുള്ള രാഷ്ട്രീയ വിവേകത്തിന്റെ മാനകമായി അവര്‍ ഉപയോഗിക്കുന്നു എന്നത് അവിടെ നില്‍ക്കട്ടെ. ആ സ്മരണയ്ക്കുമേല്‍, ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന്റെ പടിവാതിലില്‍ നിന്ന് തങ്ങളെ പടിയിറക്കിയ ആ സ്‌നേഹ രാഷ്ട്രീയത്തിന് മേല്‍ വെറുപ്പിന്റെ കൂടാരം പണിയാന്‍, ബാബ്‌റി മസ്ജിദിനുള്ളില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞതോടെ അവര്‍ തീരുമാനിച്ചു.
എന്നാല്‍ ഹിന്ദുമഹാസഭയോട് പഴയ മട്ടില്‍ ചേര്‍ന്നു നില്‍ക്കാനല്ല ആര്‍.എസ്.എസ്. തീരുമാനിച്ചത്. അതിന്റെ പ്രധാനപ്പെട്ട കാരണം ഗോഡ്‌സേയും ആപ്‌തേയും വിഷ്ണു കര്‍ക്കരേയും ഉള്‍പ്പെട്ട, ഗാന്ധിവധത്തിന് ചുക്കാന്‍ പിടിച്ച സംഘം ഹിന്ദുമഹാസഭക്കാരായാണ് പുറത്തറിയപ്പെട്ടിരുന്നത്. അതോടൊപ്പംതന്നെ നിരോധനത്തിന്റെ ക്ഷീണത്തില്‍ നിന്ന് ആ പ്രസ്ഥാനം എണീറ്റ് നില്‍ക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതേ സമയം രാഷ്ട്രീയത്തിലെ പിന്‍സീറ്റ് ഡ്രൈവിംഗില്‍ നിന്നും മുന്‍സീറ്റ് ഡ്രൈവിംഗിലേയ്‌ക്കെത്താന്‍ ആര്‍.എസ്.എസിനുള്ളില്‍ വലിയ ആലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. അത് ഹിന്ദുമഹാസഭയെ മുന്‍നിര്‍ത്തിയാകാന്‍ ആ സാഹചര്യത്തില്‍ അവര്‍ക്ക് സാധ്യവുമല്ലായിരുന്നു. അതേസമയം ഒരു രാഷ്ട്രീയകക്ഷിയായിരുന്നെങ്കില്‍ തങ്ങളെ നിരോധിക്കില്ലായിരുന്നു എന്ന തോന്നല്‍ ആര്‍.എസ്.എസിനുള്ളില്‍ ശക്തമായി വളര്‍ന്നു. ആര്‍.എസ്.എസിന്റെ ഇപ്പോഴത്തെ സര്‍സംഘ്ചാലക് ആയ മോഹന്‍ ഭാഗവതിന്റെ സഹോദരന്‍ രവീന്ദ്ര ഭാഗവത് ഒരു അഭിമുഖ സംഭാഷണത്തില്‍ വിനയ് സീതാപതിയോട് അക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ‘1948 ലെ നിയമവിരുദ്ധ നിരോധനത്തിന് ശേഷം ഒരു പാര്‍ലമെന്റംഗം പോലും നിരോധനത്തിനെതിരെ പാര്‍ലിമെന്റില്‍ സംസാരിച്ചിരുന്നില്ല.’
അതോടൊപ്പം മറ്റുചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. രാജ്യം ആദ്യത്തെ തെരഞ്ഞെടുപ്പിലേയ്ക്ക് പോകാനൊരുങ്ങുകയായിരുന്നു. കോണ്‍ഗ്രസ്സിലെ വലതുപക്ഷവുമായി എന്തെങ്കിലും നീക്കുപോക്കുകള്‍ ഉണ്ടാക്കാനുള്ള സാധ്യത 1950-ല്‍ സര്‍ദാര്‍ പട്ടേല്‍ മരിച്ചതോടെ അസ്തമിച്ചിരുന്നു. 1950-ല്‍ തന്നെ ഹിന്ദുമഹാസഭാ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി ഹിന്ദുമഹാസഭയില്‍നിന്നു മാത്രമല്ല, നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരുന്നു. അതോടെ ഒരു രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങാനുള്ള ആലോചന ആര്‍.എസ്.എസില്‍ പ്രബലമായി. ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ പത്രാധിപരായ കെ.ആര്‍. മല്‍ക്കാനി അക്കാര്യം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘1950-51 ലെ ശീതകാലത്തെപ്പോഴോ ആര്‍.എസ്.എസ്. നേതാവായ ശ്രീ. മാധവറാവു (പഞ്ചാബിലെ ആര്‍.എസ്.എസ്. നേതാവായ) ഡോ. ഭായ് മഹാവീറിനോടും ബല്‍രാജ് മധോക്കിനോടും എന്നോടും ഒന്നിച്ചിരിക്കാനും പുതിയൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയുള്ള കടലാസ് പദ്ധതി ഉണ്ടാക്കാനും ആവശ്യപ്പെട്ടു.’

മല്‍ക്കാനിയും ബല്‍രാജ് മധോക്കും രണ്ട് വ്യത്യസ്ത കടലാസ് പദ്ധതികള്‍ തയ്യാറാക്കി. അതു രണ്ടും ഗോള്‍വാള്‍ക്കര്‍ക്ക് സമര്‍പ്പിക്കപ്പെട്ടു. ഗോള്‍വാള്‍ക്കര്‍ അപ്പോഴും പ്രത്യക്ഷ രാഷ്ട്രീയ പ്രവേശനത്തിന് എതിരായിരുന്നു എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ രേഖകള്‍ പറയുന്നത്. അതേ സമയം മറ്റ് ആര്‍.എസ്.എസ്. നേതാക്കളായ ബി.കെ. ഓക്ക്, ധരംവീര്‍, മാധോറാവു മുല്ലി തുടങ്ങിയവര്‍ അതിനനുകൂലമായി നിലകൊണ്ടു.
യഥാര്‍ത്ഥത്തില്‍ ഡല്‍ഹിയിലെ ആര്‍.എസ്.എസ്. നേതാവായിരുന്ന വസന്ത് റാവു ഓക്ക് 1949-ല്‍തന്നെ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി എ.ജി. നൂറാണി അഭിപ്രായപ്പെടുന്നുണ്ട്. ഓക്ക് ആദ്യം ഇക്കാര്യം സംസാരിക്കുന്നത് അന്ന് ഡല്‍ഹിയിലുണ്ടായിരുന്ന മൈറോണ്‍ വെയ്‌നര്‍ എന്ന അമേരിക്കക്കാരനുമായാണ്. ഹിന്ദു വംശീയവാദികളുടെ നേതൃത്വങ്ങളുമായി വലിയ അടുപ്പം മൈറോണ്‍ വെയ്‌നര്‍ പുലര്‍ത്തിയിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജി, നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു പുറത്തു വന്നാല്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ സഹായിക്കാമെന്ന് ഓക്ക്, വെയ്‌നറോട് പറയുകയുണ്ടായി. ലിയാക്കത്ത്-നെഹ്‌റു ചര്‍ച്ച തുടങ്ങിയത് മുന്‍നിര്‍ത്തി നെഹ്‌റു മന്ത്രിസഭയില്‍ നിന്നും മുഖര്‍ജി 1950 ഏപ്രില്‍ ഒന്നിന് രാജിവെച്ചു. പാകിസ്ഥാനെ പ്രീണിപ്പിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം രാജി സമര്‍പ്പിച്ചതെങ്കിലും യഥാര്‍ത്ഥ ഉദ്ദേശം ആര്‍.എസ്.എസിന്റെ വാഗ്ദാനം സ്വീകരിച്ച് പുതിയ പാര്‍ട്ടി ആദ്യ തെരഞ്ഞെടുപ്പിന് മുമ്പായി രൂപീകരിക്കുക എന്നതായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.
മുഖര്‍ജിയുടെ ചാഞ്ചാട്ട സ്വഭാവം ശരിക്കും മനസ്സിലാക്കിയ ഒരാളായിരുന്നു വെയ്‌നര്‍. ‘അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം, ഒരു സംഘടനയില്‍ നിന്നും മറ്റൊരു സംഘടനയിലേയ്ക്കും, വേണ്ടി വന്നാല്‍ സ്വന്തം നിലയില്‍ സ്വതന്ത്രനായി നില്ക്കാനുമുള്ള കഴിവിനെ കാണിക്കുന്നു.’ ഇരുപതുകളുടെ അവസാനത്തില്‍ അദ്ദേഹം കോണ്‍ഗ്രസ്സ് ആയിരുന്നു. പിന്നീട് സവര്‍ക്കറുടെ ഹിന്ദുമഹാസഭയില്‍ ചേര്‍ന്ന അദ്ദേഹം 1940കളില്‍ ജിന്നയുടെ മുസ്ലീംലീഗില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഫസ്‌ലുല്‍ ഹക്കിന്റെ മന്ത്രിസഭയില്‍ അംഗമായ് ചേര്‍ന്നു. തുടര്‍ന്ന് നെഹ്‌റുവിന്റെ കാവല്‍ മന്ത്രിസഭയില്‍ അംഗമായി.
ആര്‍.എസ്.എസിന്റെ സഹായത്തോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി നിര്‍മ്മിക്കാന്‍ പുറപ്പെട്ട ശ്യാമപ്രസാദ് മുഖര്‍ജിയെ ഗോള്‍വാള്‍ക്കറുടെ ഈ നിലപാട് ആശയക്കുഴപ്പത്തിലാക്കി. പക്ഷെ, പതുക്കെ പതുക്കെ ആര്‍.എസ്.എസ്. രാഷ്ടീയ പാര്‍ട്ടി ഉണ്ടാക്കുക എന്ന നിലയില്‍ എത്തിച്ചേര്‍ന്നു. ഗോള്‍വാള്‍ക്കറെ മുഖര്‍ജി പലവട്ടം കണ്ടു. അവസാനം അത് സാധ്യമായി. 1951 ഏപ്രിലില്‍ കൊല്‍ക്കൊത്തയില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ ഭാരതീയ ജനസംഘ് എന്ന പുതിയ ഹിന്ദുത്വ പാര്‍ട്ടി ശ്യാമപ്രസാദ് മുഖര്‍ജി പ്രസിഡന്റായിക്കൊണ്ട് നിലവില്‍ വന്നു. 1951 ഒക്ടോബര്‍ 21-ല്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ കണ്‍വെന്‍ഷനോടെ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ആ പുതിയ പാര്‍ട്ടി ചുവടുറപ്പിച്ചു. പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വങ്ങളായി മുന്നോട്ടു വെച്ചത് ‘ഒരു രാജ്യം, ഒരു രാഷ്ട്രം, ഒരു സംസ്‌കാരം, ധര്‍മ്മരാജ്യം’ എന്നിവയായിരുന്നു. ദീപത്തോടുകൂടിയ മണ്‍ചെരാത് ആയിരുന്നു പാര്‍ട്ടി ചിഹ്നം.
1951-52 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ മൂന്ന് പാര്‍ട്ടികളായി തിരിഞ്ഞാണ് ഹിന്ദു ദേശീയവാദികള്‍ മത്സരിച്ചത്. അന്ന് ആകെ 401 സീറ്റുകളാണ് ലോക്‌സഭയില്‍ ഉണ്ടായിരുന്നത്. ഹിന്ദുമഹാസഭ, ഭാരതീയ ജനസംഘ്, കര്‍പത്രി മഹാരാജിന്റെ രാമരാജ്യ പരിഷത്ത് എന്നിവയായിരുന്നു ആ മൂന്ന് പാര്‍ട്ടികള്‍. ആകെ പത്തു സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത്. ഹിന്ദുമഹാസഭയ്ക്ക് നാല് സീറ്റുകള്‍ ലഭിച്ചു. യു.പിയിലെ ഗോണ്ട വെസ്റ്റില്‍ (കൈസര്‍ഗഞ്ച്) ശകുന്തള നായരും പശ്ചിമ ബംഗാളിലെ ഹുഗ്ലിയില്‍ എന്‍.സി. ചാറ്റര്‍ജിയും സെന്‍ട്രല്‍ പ്രൊവിന്‍സസിലെ ഗുണയിലും ഗ്വാളിയറിലും വി.ജി. ദേശ്പാണ്ഡെയുമാണ് ഹിന്ദു മഹാസഭയ്ക്ക് വേണ്ടി സീറ്റുകള്‍ നേടിയത്. ഭാരതീയ ജനസംഘിനും രാമരാജ്യ പരിഷത്തിനും മുമ്മൂന്ന് സീറ്റ് വീതമാണ് ലഭിച്ചത്. ജനസംഘിന് ആകെ 3.06% വോട്ടുകള്‍ മാത്രം കിട്ടി. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ഝാര്‍ഗ്രാമില്‍ നിന്നും ബന്ദോപദ്ധ്യായ ദുര്‍ഗാചരണും തെക്കു കിഴക്കന്‍ കൊല്‍ക്കത്തയില്‍ നിന്നും ശ്യാമപ്രസാദ് മുഖര്‍ജിയും രാജസ്ഥാനിലെ ചിത്തോറില്‍ നിന്ന് ഉമാശങ്കറുമാണ് ഭാരതീയ ജനസംഘിന് വേണ്ടി സീറ്റുകള്‍ നേടിയത്. രാജസ്ഥാനിലെ സിക്കാറില്‍ നിന്ന് നന്ദ്‌ലാലും ബില്‍വാരയില്‍ നിന്ന് ഹരിറാമും കോട്ടാബ് ബുണ്ടിയില്‍ നിന്ന് ചന്ദ്രസെന്നും രാമരാജ്യ പരിഷത്തിന് വേണ്ടി സീറ്റുകള്‍ കരസ്ഥമാക്കി. ഹിന്ദു മഹാസഭയ്ക്ക് വേണ്ടി രണ്ടു സീറ്റുകളില്‍ നിന്നും ജയിച്ച വി.ജി. ദേശ്പാണ്ഡേ, ഗ്വാളിയര്‍ സീറ്റ് ഉപേക്ഷിക്കുകയും അവിടെ നിന്നും പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ എന്‍.ബി. ഘരേ, ഹിന്ദുമഹാസഭയ്ക്ക് വേണ്ടി സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. യു.പിയിലും പൊതുവേ ഉത്തരേന്ത്യയില്‍ മുഴുവനും മുഖര്‍ജിയുടെ പ്രസംഗം ഹിന്ദിയിലേയ്ക്ക് പരിഭാഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടത് ആര്‍.എസ്.എസുകാരനായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയായിരുന്നു.

പ്രധാനപ്പെട്ട പ്രതിപക്ഷമെങ്കിലുമാകുമെന്നു കരുതിയ പാര്‍ട്ടിയുടെ ദയനീയ പ്രകടനം, അതിനുള്ളില്‍ അപസ്വരങ്ങള്‍ ഉയര്‍ത്തി. 1952 മെയ് 18 ന് ഡല്‍ഹിയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന മൗലി ചന്ദ്ര ശര്‍മ്മ, ആര്‍.എസ്.എസ്. പാലം വലിച്ചെന്ന വിമര്‍ശനമുയര്‍ത്തി. ആര്‍.എസ്.എസ്. പാര്‍ട്ടിക്കുള്ളിലെ അഞ്ചാംപത്തിയായി പ്രവര്‍ത്തിച്ചു എന്ന കഠിന വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്. ആര്‍.എസ്.എസുമായുള്ള ബന്ധം ജനസംഘ് വിഛേദിക്കണമെന്ന നിലപാടിലേയ്ക്ക് അദ്ദേഹം എത്തിച്ചേര്‍ന്നു. പക്ഷേ, ശ്യാമപ്രസാദ് മുഖര്‍ജി ആ അഭിപ്രായക്കാരനല്ലായിരുന്നു. ‘ജനസംഘിന് ആര്‍.എസ്.എസ്. സംഘടനയുമായി ഒരു ബന്ധവുമില്ല. പക്ഷെ, വ്യക്തിപരമായി ആര്‍.എസ്.എസ്. അംഗങ്ങള്‍ ജനസംഘില്‍ അംഗങ്ങള്‍ ആയിരുന്നേക്കാം. അത്തരം അംഗങ്ങളില്‍ ആരെങ്കിലും ശരിയല്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നുവെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറന്തള്ളും’ എന്നാണ് മൗലി ചന്ദ്ര ശര്‍മ്മയുടെ നിശിത വിമര്‍ശനത്തില്‍ നിന്നും വ്യത്യസ്തമായി മുഖര്‍ജി പ്രതികരിച്ചത്.
പക്ഷെ, ആര്‍.എസ്.എസ്. ജനസംഘില്‍ കൂടുതല്‍ പിടിമുറുക്കാനാണ് നിശ്ചയിച്ചത്. 1952 ഡിസംബറിലാണ് ജനസംഘിന്റെ ആദ്യ വാര്‍ഷിക സമ്മേളനം കാണ്‍പൂരില്‍ വെച്ചു നടന്നത്. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം വന്നപ്പോള്‍ ശ്യാമപ്രസാദ് മുഖര്‍ജി തന്നെയായിരുന്നു പ്രസിഡന്റ്. ജനറല്‍ സെക്രട്ടറിമാരുടെ പദവി രണ്ടാക്കി ഉയര്‍ത്തിയ സുപ്രധാന തീരുമാനം ആ സമ്മേളനം കൈക്കൊണ്ടു. മൗലി ചന്ദ്ര ശര്‍മ്മ ഒരു ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നപ്പോള്‍ രണ്ടാമത്തെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റത് അറിയപ്പെടുന്ന ആര്‍.എസ്.എസുകാരനായിരുന്ന ദീന്‍ദയാല്‍ ഉപാദ്ധ്യായ ആയിരുന്നു. 1916-ല്‍ മഥുരയ്ക്കടുത്ത് നാഗ്ല ചന്ദ്രബാന്‍ എന്ന ഗ്രാമത്തില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ഉപാദ്ധ്യായ ജനിച്ചത്. എംഎ ആദ്യവര്‍ഷം പൂര്‍ത്തിയാക്കിയതോടെ അദ്ദേഹം വിദ്യാഭ്യാസം ഉപേക്ഷിച്ച് ആര്‍.എസ്.എസിന്റെ സമ്പൂര്‍ണ്ണപ്രവര്‍ത്തകനായി. ഐക്യസംസ്ഥാനങ്ങളിലെ ലക്കിംപൂര്‍ ജില്ലയിലെ പ്രചാരക് ആയി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം താമസിയാതെ പ്രാന്ത് പ്രചാരക് ആയിത്തീര്‍ന്നു. ആ പദവിയിലെത്തുന്ന ആദ്യത്തെ മഹാരാഷ്ട്രേതരന്‍ എന്ന പദവിയും അദ്ദേഹത്തിനുണ്ട്.

1942-ല്‍ തന്നെ ആര്‍.എസ്.എസ്. ജമ്മു കശ്മീരില്‍ വര്‍ഗ്ഗീയമായ അസ്വസ്ഥതകള്‍ സൃഷ്ടിച്ചു തുടങ്ങിയത് നാം മുന്‍അദ്ധ്യായങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. അന്ന് ആര്‍.എസ്.എസിന്റെ കുടക്കീഴില്‍ ജമ്മു കശ്മീരിലെ ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ നിയോഗിച്ചത് ബല്‍രാജ് മധോക്കിനെ ആയിരുന്നു. മധോക്കും പ്രേംനാഥ് ഡോംഗ്രയും ചേര്‍ന്നാണ് അവിടെ ആര്‍.എസ്.എസിനെ ചലിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം അവര്‍ രണ്ടുപേരും ചേര്‍ന്ന് ജമ്മു കശ്മീരില്‍ പ്രജ പരിഷദ് പാര്‍ട്ടി എന്ന പേരില്‍ ഒരു ഹിന്ദു വംശീയ പാര്‍ട്ടി രൂപീകരിച്ചു. ജമ്മു കശ്മീരില്‍ നിലവിലുണ്ടായിരുന്ന ആര്‍.എസ്.എസിന്റെ ശൃംഖല ഉപയോഗിച്ചാണ് ഈ പാര്‍ട്ടി പ്രവര്‍ത്തിച്ചത്.
ഇന്ത്യന്‍ യൂണിയനില്‍ സമ്പൂര്‍ണ്ണമായി കശ്മീരിനെ കൂട്ടിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രജ പരിഷദ് പാര്‍ട്ടി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കശ്മീരിന്റെ പ്രത്യേക പദവിക്കെതിരെയാണ് അവര്‍ നിലകൊണ്ടിരുന്നത്. 1952-ല്‍ ഈ മുദ്രാവാക്യത്തിന്റെ മറവില്‍ കശ്മീരി മുസ്ലീങ്ങള്‍ക്കെതിരെ ഈ പാര്‍ട്ടി പ്രവര്‍ത്തിച്ചു തുടങ്ങി. അപ്പോഴേയ്ക്കും ജനസംഘുമായി ചേര്‍ന്നാണ് പ്രജ പരിഷദ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നത്. അതോടെ ശ്യാമപ്രസാദ് മുഖര്‍ജി യും ജനസംഘും അവരുടെ മുഖ്യ അജണ്ടയായി ഈ പ്രക്ഷോഭത്തെ മാറ്റി. അതിന്റെ ഭാഗമായി 1953 മെയ് 11 ന് ശ്യാമപ്രസാദ് മുഖര്‍ജി, കശ്മീരില്‍ പ്രവേശിച്ചു. അതേ തുടര്‍ന്ന് പത്താന്‍കോട്ടില്‍ വെച്ച് അദ്ദേഹം അറസ്റ്റിലായി. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എ.ബി. വാജ്‌പേയ് ഡല്‍ഹിയിലേയ്ക്ക് മടങ്ങി. കസ്റ്റഡിയിലിരിക്കേ തന്നെ 1953 ജൂണ്‍ 23 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മുഖര്‍ജി അന്തരിച്ചു.
മുഖര്‍ജിയുടെ മരണത്തെ തുടര്‍ന്ന് 1954 ജനുവരിയില്‍ ചേര്‍ന്ന ജനസംഘിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് മൗലി ചന്ദ്ര ശര്‍മ്മയെ പുതിയ പ്രസിഡന്റായി അവരോധിച്ചു. മുഖര്‍ജിയുടെ മരണത്തെ തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. അതോടെ ദീന്‍ദയാല്‍ ഉപാദ്ധ്യായയാണ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തെ പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നത്. വാര്‍ഷിക സമ്മേളനം ആര്‍.എസ്.എസുകാരനായ ഉപാദ്ധ്യായയെ തന്നെയാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുഖര്‍ജി മരിച്ച സമയത്ത് ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ബല്‍രാജ് മധോക്ക് എഴുതിയ ലേഖനത്തില്‍ ജനസംഘിന് മേല്‍ ആര്‍.എസ്.എസ്. ചെലുത്തുന്ന ആധിപത്യത്തെ പരസ്യമാക്കിയിരുന്നു. മുഖര്‍ജിയുടെ പിന്‍ഗാമി ‘ആര്‍.എസ്.എസ്. പ്രതിനിധീകരിക്കുന്ന ധര്‍മ്മത്തിനും ജനസംഘ് പ്രതിനിധീകരിക്കുന്ന അര്‍ത്ഥകാമങ്ങള്‍ക്കും ഇടയിലെ കണ്ണിയായിരിക്കണം’ എന്നായിരുന്നു മധോക്ക് എഴുതിയിരുന്നത്. പക്ഷെ, നേരത്തേതന്നെ ജനസംഘിനുമേല്‍ ആര്‍.എസ്.എസിനുള്ള പിടിമുറുക്കത്തെ ഒരിക്കലും അംഗീകരിക്കാന്‍ ശര്‍മ്മ തയ്യാറായിരുന്നില്ല. ഈ ഘര്‍ഷണം അവസാനം എത്തിച്ചേര്‍ന്നത് ശര്‍മ്മയുടെ രാജിയിലായിരുന്നു. 1954 നവംബര്‍ മൂന്നിന്, പ്രസിഡന്റായി ഒരു വര്‍ഷം പോലും പ്രവര്‍ത്തിക്കാന്‍ കഴിയാതെ ശര്‍മ്മയ്ക്ക് രാജി സമര്‍പ്പിക്കേണ്ടി വന്നു. ‘ജനസംഘ് കെട്ടിപ്പെടുത്ത ലക്ഷ്യങ്ങളെ പൂര്‍ണ്ണമായും പിന്‍പറ്റുന്നുണ്ടെങ്കിലും, ഏതൊരു മണ്ഡലത്തിലും അതനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുമെങ്കിലും അതിന്റെ വര്‍ത്തമാന സംവിധാനങ്ങളുമായുള്ള എന്റെ സഹകരണം തുടര്‍ന്നു കൊണ്ടുപോകുന്നത് എന്നെ സംബന്ധിച്ചിടത്തോളം സാധ്യമല്ലാതായിരിക്കുന്നു.’ ആര്‍.എസ്.എസ്. പാര്‍ട്ടി പിടിച്ചെടുക്കുന്നതായി തോന്നിയപ്പോഴാണ് ശര്‍മ്മ ഒഴിയാന്‍ തീരുമാനിച്ചതെന്ന കാര്യം സുവിദിതമാണ്. ഡല്‍ഹി സംസ്ഥാനത്തെ ജനസംഘിന്റെ പ്രസിഡന്റും ജനസംഘിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന ഗുരുദത്തും ഇക്കാരണം കൊണ്ടു തന്നെ അധികം താമസിയാതെ രാജി വെച്ചു.

ദീന്‍ദയാല്‍ ഉപാദ്ധ്യായയും അടല്‍ ബിഹാരി വാജ്‌പേയിയും പ്രൊഫസര്‍ മഹാവീറും ബല്‍രാജ് മധോക്കും ബാപ്പു സാഹേബ് സോണിയും ഉള്‍പ്പെട്ട ആര്‍.എസ്.എസ്. സംഘം അങ്ങനെ ജനസംഘിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്തു. അതോടൊപ്പം തന്നെ നാനാ ദേശ്മുഖും ഭൈറോണ്‍ സിംഗ് ശേഖാവത്ത്, സുന്ദര്‍സിംഗ് ഭണ്ഡാരി, ജഗന്നാഥ് റാവു ജോഷി തുടങ്ങിയ ആര്‍.എസ്.എസുകാരും ചേര്‍ന്നു. മൗലിചന്ദ്ര ശര്‍മ്മയുടെ ഒഴിവില്‍ പ്രജാ പരിഷദ് പ്രസിഡന്റും ആര്‍.എസ്.എസിന്റെ ജമ്മു യൂണിറ്റിന്റെ മുന്‍തലവനുമായ പ്രേംനാഥ് ഡോഗ്ര പുതിയ പ്രസിഡണ്ടായി ചാര്‍ജ്ജെടുത്തു. ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ‘ഏകാത്മകാ മാനവവാദം’ ജനസംഘിന്റെ പ്രത്യയശാസ്ത്രമായി.
ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു വംശീയ സംഘടനകള്‍ ഒറ്റപ്പെട്ട കാലത്താണ്, വെള്ളം ചേര്‍ത്ത ഹിന്ദുത്വവാദവുമായി ജന്‍സംഘ് സൃഷ്ടിക്കപ്പെട്ടതെന്ന് നാം നേരത്തേ കണ്ടുവല്ലോ. അതിന്റെ രൂപീകരണ വേളയില്‍, പാര്‍ട്ടിയുടെ പേരില്‍ ഹിന്ദുവെന്ന നാമം ഇല്ലാതിരിക്കാനായി ശ്യാമപ്രസാദ് മുഖര്‍ജി ശ്രദ്ധ പതിപ്പിച്ചിരുന്നതും ഗാന്ധിവധത്തിന്റെ പശ്ചാത്തലത്തിലാണ്. അങ്ങനെയാണ് ആ പേര്, ഭാരതീയ ജന്‍സംഘ് എന്നായത്. ഇതേ വെള്ളപൂശല്‍ പ്രത്യയശാസ്ത്ര രംഗത്തും നടത്തുകയുണ്ടായി. സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും ഹിംസാത്മക ഹിന്ദുത്വത്തെ നേര്‍പ്പിച്ച് അവതരിപ്പിക്കുകയായിരുന്നു ദീന്‍ദയാല്‍ ഉപാദ്ധ്യായ. ഹിന്ദുമതത്തിലെന്നതിനേക്കാള്‍ ദേശീയതയില്‍ ഊന്നിയാണ് ദീന്‍ദയാല്‍ ഉപാദ്ധ്യായ ഇത് നിര്‍വ്വഹിച്ചത്. ഹിന്ദുരാഷ്ട്രത്തിന്റെ ദേശീയ സങ്കല്പത്തെയാണ് അത് മുന്നോട്ടുവെച്ചത്. ആഗോളതലവുമായി അതിനെ കൂട്ടിയോജിപ്പിച്ചു കൊണ്ട് ഹിന്ദുത്വത്തിന്റെ ദംഷ്ട്രകളെ മറച്ചു പിടിക്കാനും ഉപാദ്ധ്യായ പണിപ്പെട്ടു. രാഷ്ട്ര സങ്കല്പത്തെ ആഗോള മാനവികതയോടും പ്രപഞ്ചത്തോടും പരമമായ ദൈവസങ്കല്പത്തോടും ചേര്‍ത്തുവെയ്ക്കുന്ന മതാത്മക മാര്‍ഗ്ഗമാണ് അദ്ദേഹം അവതരിപ്പിച്ചത്. അതിനുള്ളിലെ രാഷ്ട്രീയ കാമനകളെ തത്വശാസ്ത്രപരവും വൈകാരികവുമായ പുതപ്പുകള്‍ അണിയിച്ച് മറച്ചുപിടിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രം എന്നതിനെ മനസ്സിലാക്കേണ്ടത് സാംസ്‌കാരികമായ കാഴ്ചപ്പാടിലാണ് എന്ന വാദമാണ് ഉപാദ്ധ്യായ മുന്നോട്ടു വെച്ചത്. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘നമ്മുടെ ദേശീയതയുടെ അടിസ്ഥാനം വെറും ഭാരതദേശമല്ല, ഭാരതമാതാവാണ്. മാതാ എന്ന വാക്കെടുത്തു മാറ്റിയാല്‍ ഭാരതം ഒരു കഷണം സ്ഥലം മാത്രമാകും.’ ഭാരതീയ സംസ്‌കാരത്തിന്റെ ആദ്യ ലക്ഷണം എന്തെന്നാല്‍ അത് ജീവിതത്തെ സമഗ്രസങ്കല്പമായി കാണുന്നു എന്നാണെന്നാണ്. സൂക്ഷ്മമായി നോക്കിയാല്‍ അത് ബഹുസ്വര ഇന്ത്യയെ നിരാകരിക്കുന്ന ഒന്നാണെന്ന് കാണാന്‍ പ്രയാസമില്ല. ഭരണഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തിയ ഹൈന്ദവതയുടെ സാംസ്‌കാരിക രാഷ്ട്രീയത്തെ പ്രത്യയ ശാസ്ത്രത്തിന്റെ പ്രച്ഛന്നതയിലൂടെ തിരിച്ചു കൊണ്ടുവരികയായിരുന്നു ഉപാദ്ധ്യായ. ആ അര്‍ത്ഥത്തില്‍ സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും തുടര്‍ച്ചയും വികാസവുമായിരുന്നു ഉപാദ്ധ്യായ. പടിഞ്ഞാറന്‍ പ്രത്യയശാസ്ത്ര വീക്ഷണങ്ങളില്‍ നിന്ന് ‘ഭാരതീയത’യ്ക്കുള്ള വ്യത്യാസം എടുത്തു കാണിക്കാനും ഉപാദ്ധ്യായ മുതിരുന്നത് കാണാം. ‘പടിഞ്ഞാറന്‍ തത്വജ്ഞാനികള്‍ ദ്വന്ദാത്മകതയുടെ തത്വത്തിലാണ് എത്തിച്ചേര്‍ന്നത്. ഹെഗല്‍ വാദം, പ്രതിവാദം, സമന്വയം എന്ന തത്വം മുന്നോട്ടുവെച്ചു. കാള്‍ മാര്‍ക്‌സ് ഈ തത്വം അടിസ്ഥാനമായെടുത്ത് ചരിത്രത്തേയും സാമ്പത്തികതയേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനം അവതരിപ്പിച്ചു. അര്‍ഹതയുള്ളവയുടെ അതിജീവനം എന്ന തത്വത്തെ ഡാര്‍വിന്‍ ജീവന്റെ ഏകാടിസ്ഥാനമായി പരിഗണിച്ചു. പക്ഷെ നാം, ഈ രാജ്യത്തുള്ളവര്‍ എല്ലാ ജീവന്റേയും അടിസ്ഥാന ഐക്യം ദര്‍ശിച്ചു. ദ്വൈതികള്‍ പോലും പ്രകൃതിയും ആത്മാവും പരസ്പര വിരുദ്ധങ്ങള്‍ എന്നതിനേക്കാള്‍ പരസ്പര പൂരകങ്ങള്‍ ആണെന്നാണ് വിശ്വസിച്ചത്. ജീവന്റെ വൈവിദ്ധ്യങ്ങള്‍ ആന്തരിക ഐക്യത്തിന്റെ വെറും പ്രകടനങ്ങള്‍ മാത്രമാണ്. വ്യത്യസ്തതകള്‍ക്കടിയില്‍ പരസ്പരബന്ധത്തിന്റേതായ തലമുണ്ട്. വിത്തിന്റെ ഏകത വ്യത്യസ്ത രൂപങ്ങളില്‍ പ്രകാശനം കണ്ടെത്തുന്നു; മരത്തിന്റെ വേരായും തടിയായും ചില്ലകളായും ഇലകളായും പൂക്കളായും കായ്കളായും. ഇവയെല്ലാറ്റിനും വ്യത്യസ്ത രൂപങ്ങളും നിറങ്ങളുമാണെന്ന് മാത്രമല്ല, ഒരു പരിധി വരെ വ്യത്യസ്ത ഗുണങ്ങളുമാണ്. എന്നിട്ടും അവ തമ്മിലുള്ള പരസ്പര ഐക്യം വിത്തിലൂടെ നാം തിരിച്ചറിയുന്നു. സമൂഹമെന്നത് മനുഷ്യരുടെ കൂട്ടമാണെന്നത് ലഘുവായ ഒരു സത്യമാണ്. പക്ഷെ, സമൂഹം എങ്ങനെയാണ് ഉണ്മയാകുന്നത്? തത്വജ്ഞാനികള്‍ പലതരം കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ സാമൂഹ്യ-രാഷ്ടീയ ഘടന ആസ്പദിക്കുന്ന, പടിഞ്ഞാറന്‍ തത്വം വിശാലമായി ഇങ്ങനെ സംഗ്രഹിക്കാം. ‘സമൂഹമെന്നാല്‍ തമ്മില്‍ തമ്മിലുള്ള കരാറിലൂടെ വ്യക്തികള്‍ രൂപീകരിച്ചിട്ടുള്ള, വ്യക്തികളുടെ ഒരു കൂട്ടമാണ്.’ ഈ കാഴ്ചപ്പാടിനെ ‘സാമൂഹിക കരാര്‍ സിദ്ധാന്തം’ എന്ന് വിളിക്കുന്നു. ഈ കാഴ്ചപ്പാടില്‍ വ്യക്തികള്‍ക്ക് വലിയ പ്രാധാന്യം നല്‍കപ്പെടുന്നു. വ്യത്യസ്ത പാശ്ചാത്യ കാഴ്ചപ്പാടുകള്‍ തമ്മില്‍ വ്യത്യസ്തകള്‍ ഉണ്ടെങ്കില്‍ അവയെല്ലാം ഒരേ ചോദ്യത്തിലേയ്ക്കാണ് നയിക്കുന്നത്. ‘വ്യക്തികളാണ് സമൂഹത്തെ സൃഷ്ടിക്കുന്നതെങ്കില്‍, മിച്ചമായി വരുന്ന അധികാരം ആരിലാണ് നിക്ഷിപ്തമായിട്ടുള്ളത്? സമൂഹത്തിലോ വ്യക്തികളിലോ? സമൂഹത്തിന് വ്യക്തിയുടെമേല്‍ വ്യത്യസ്തമായ ചട്ടങ്ങള്‍ ചുമത്താന്‍ കഴിയുമോ? വ്യക്തിക്ക് തന്നോട് തന്നെയുള്ള വിധേയത്വത്തിന് മേല്‍ സമൂഹത്തിന് അവകാശം ഉന്നയിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് വ്യക്തി സ്വതന്ത്രനാകുമോ?’

ഇങ്ങനെ തത്വശാസ്ത്രത്തിന്റെ രൂപത്തില്‍ ഹിന്ദു വംശീയത എന്ന ഫാസിസ്റ്റ് സാംസ്‌കാരികതയുടെ ഏകാത്മകത സൃഷ്ടിച്ചെടുക്കാന്‍ വെമ്പുന്ന ഉപാദ്ധ്യായ, മുസ്ലീങ്ങളുടെ കാര്യം വരുമ്പോള്‍ തന്റെ പ്രത്യയ ശാസ്ത്രത്തിന്റെ കോമ്പല്ലുകള്‍ വെളിവാക്കുന്നു. അവിടെയും കൂട്ടുവരുന്നത് ഗോള്‍വാള്‍ക്കര്‍ ആണ്. ഗോള്‍വാള്‍ക്കറും വിനോബ ഭാവെയും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ് ഉപാദ്ധ്യായ ഉദാഹരിക്കുന്നത്.
‘ഏത് സമൂഹത്തിലും നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ടെന്ന് ഗുരുജി (ഗോള്‍വാള്‍ക്കര്‍) വിനോബാജിയോട് പറയുകയുണ്ടായി. ഹിന്ദുക്കളിലും മുസ്ലീങ്ങളിലും വിശ്വസ്തരും നല്ലവരുമായവരെ കണ്ടെത്താം. സമാനമായി രണ്ട് സമുദായങ്ങളിലും തെമ്മാടികളേയും കണ്ടെത്താം. നന്മയുടെ കുത്തക ഒരു സമുദായത്തിനും ഇല്ല. പക്ഷെ, വ്യക്തി ജീവിതത്തില്‍ തെമ്മാടികളാണെങ്കില്‍ പോലും ഹിന്ദുക്കള്‍ ഒരു സംഘമായി കൂടിച്ചേരുമ്പോള്‍ എല്ലായ്‌പ്പോഴും നല്ല കാര്യങ്ങളെക്കുറിച്ചാണ് ചിന്തിക്കുക. എന്നാല്‍ രണ്ടു മുസ്ലീങ്ങള്‍ കൂടിച്ചേര്‍ന്നാലോ അവര്‍ മുന്നോട്ടുവെയ്ക്കുന്നതും സമ്മതിയിലെത്തുന്നതുമായ കാര്യങ്ങള്‍, വ്യക്തികള്‍ എന്ന നിലയില്‍ അവര്‍ ചിന്തിക്കാത്ത സംഗതികള്‍ ആയിരിക്കും. അവര്‍ മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങും. ഇതാണ് ദൈനംദിനാനുഭവം.’
അതായത് ഏകത എന്നത് ഹിന്ദുവിന്റെ അതിര്‍ത്തിയില്‍ അവസാനിക്കുന്ന ഒന്നാണ്. മാനവികതയുടെ വേരിലും ഇലയിലും പൂവിലും കായിലുമൊന്നും മുസ്ലീം പെടില്ല. എപ്പോഴും ചീത്തയാകാന്‍ വേണ്ടി സംഘടിക്കുന്ന മുസ്ലീം അപരത്വത്തെ സൃഷ്ടിക്കുന്നതാകട്ടെ, നാം കണ്ടപോലെ ബീഹാറിലും കൊല്‍ക്കൊത്തയിലും ഡല്‍ഹിയിലും ചോരപ്പുഴയൊഴുക്കിയ, ഗാന്ധിയെ വെടിവെച്ചു കൊന്ന, ഹിന്ദു വംശീയതയെ ഉദ്‌ഘോഷിക്കുന്ന സംഘത്തിന്റെ തലവനും.
ഇങ്ങനെ ഒരു വശത്ത് ആര്‍.എസ്.എസിന് മേല്‍ക്കൈയുള്ള രാഷ്ട്രീയ കക്ഷി രൂപീകരിക്കുന്നതോടൊപ്പം തന്നെ മറുവശത്ത് മതാധിഷ്ഠിതമായ പ്രക്ഷോഭങ്ങള്‍ക്ക് മാറ്റുകൂട്ടുന്ന പ്രവര്‍ത്തനങ്ങളിലും ഹിന്ദു വംശീയവാദികള്‍ വ്യാപൃതരായി. ഹിന്ദു ഐക്യത്തിനായി ദയാനന്ദ് സരസ്വതിയും മറ്റും ഉപയോഗിച്ച പശുവിനെ മുന്‍നിര്‍ത്തിയാണ് ഈ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. ഗാന്ധി വധത്തോടെ മടക്കിവെച്ചിരുന്ന ഹിന്ദുരാഷ്ട്ര സ്വപ്നം വീണ്ടും പുറത്തെടുക്കുന്നത് ഈ പ്രക്ഷോഭത്തിലൂടെയായിരുന്നു. ഒളിച്ചുവെച്ചിരുന്ന ഹിംസാത്മകതയെ വീണ്ടും ഹിന്ദുത്വ രാഷ്ട്രീയം പുറത്തെടുക്കുകയായിരുന്നു.
ആദ്യ തെരഞ്ഞെടുപ്പിന് ശേഷം നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രിസഭയെ അട്ടിമറിക്കാനാണ് യഥാര്‍ത്ഥത്തില്‍ ഗോവധ നിരോധനത്തിന്റെ പേരില്‍ ഹിന്ദു വംശീയവാദികള്‍ സംഘടിച്ചത്. 1952 ഒക്ടോബര്‍ 26 ഗോവധ വിരുദ്ധ ദിനമായി ആര്‍.എസ്.എസ്. ആചരിക്കുന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹിന്ദുത്വത്തിന്റെ തലതൊട്ടപ്പനായ സവര്‍ക്കര്‍, പശുവിനെ കേന്ദ്രീകരിച്ചുള്ള ഹിന്ദുവികാരം ഉണര്‍ത്തിവിടുന്നതിന് എതിരുനിന്നിരുന്ന ആളായിരുന്നു. പശുവിനോടുള്ള ഹിന്ദു മൃദുവികാരം, മുസ്ലീം രാജാക്കന്മാര്‍ക്ക് ഇന്ത്യയില്‍ വിജയങ്ങള്‍ കൊയ്യാന്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുത്തു എന്നായിരുന്നു സവര്‍ക്കറുടെ വിചിത്രവാദം. പശുവിനെപ്പോലൊരു സൗമ്യജീവിയെ ആരാധിക്കുന്നവര്‍ മൃദുല മനസ്‌ക്കരായിപ്പോകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിചിത്രവാദം. അതിനാല്‍ ഏതെങ്കിലും മൃഗത്തെ ആരാധിക്കണമെന്നുണ്ടെങ്കില്‍, സിംഹം പോലെ ക്രൗര്യമുള്ള ജന്തുക്കളെ ആരാധിക്കാനായി തെരഞ്ഞെടുക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ഗോള്‍വാള്‍ക്കറോ ആര്‍.എസ്.എസോ പശുപ്രശ്‌നം ഒരു പ്രധാനപ്രശ്‌നമായി കരുതിയിട്ടില്ലായിരുന്നു. എന്നാല്‍ തങ്ങളുടെ കൈയ്യില്‍ നിന്നും വഴുതിപ്പോയ ഹിന്ദുരാഷ്ട്ര സ്വപ്നത്തെ തിരിച്ചു കൊണ്ടുവരാന്‍, ഗോവധം പോലുള്ള അതീവലോലമായ പ്രശ്‌നങ്ങളെ മുന്നില്‍ വെച്ചാല്‍ ഒരു പരിധി വരെ സാധിച്ചേയ്ക്കുമെന്ന് ഇക്കാലയളവില്‍ ഗോള്‍വാള്‍ക്കര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. ഗോവധം എന്ന പ്രവൃത്തിയെ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭം ഡല്‍ഹി കേന്ദ്രീകരിച്ചാണ് നടന്നതെന്നത് പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ആ പ്രശ്‌നത്തോടുള്ള ആത്മാര്‍ത്ഥതയേക്കാള്‍, നെഹ്‌റു സര്‍ക്കാരിനെ അട്ടിമറിച്ച് ഹിന്ദു രാഷ്ട്ര സംസ്ഥാപനത്തോട് കുറേക്കൂടി അടുത്തെത്തുക എന്നതായിരുന്നു ആര്‍.എസ്.എസിന്റെ ലക്ഷ്യം. അതുകൊണ്ടാണ് അവര്‍ സമരം ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചത്. ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ നിരവധി ജാഥകള്‍ നടത്തിയാണ് ആര്‍.എസ്.എസ്. ആ ദിനം ആചരിച്ചത്. അവസാനം ഒരു പൊതു സമ്മേളനവും ആര്‍.എസ്.എസ്. സര്‍കാര്യവാഹ് ആയ ഭയ്യാജി ദാനിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. മറ്റ് ഹിന്ദുവംശീയ സംഘടനകളായ ജനസംഘിന്റേയും ഹിന്ദുമഹാസഭയുടേയും നേതാക്കള്‍ അതില്‍ പങ്കെടുത്തു.
ശ്യാമപ്രസാദ് മുഖര്‍ജി ജീവിച്ചിരിക്കുന്ന സമയത്താണ് ഈ ഗോ സംരക്ഷണ പ്രക്ഷോഭങ്ങള്‍ തുടങ്ങി വെച്ചത്. 1952 ഡിസംബര്‍ ആറിന് ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ഗോ സംരക്ഷണ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് മുഖര്‍ജി ആയിരുന്നു. പിറ്റേ ദിവസം പൊതുസമ്മേളനവും നടന്നു. അതില്‍ പങ്കെടുത്ത് ഗോള്‍വാള്‍ക്കര്‍ സംസാരിക്കുകയുണ്ടായി. രണ്ടു കോടിപ്പേര്‍ ഒപ്പിട്ട ഭീമഹര്‍ജി ഗോ സംരക്ഷണത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. യഥാര്‍ത്ഥത്തില്‍ 5 ലക്ഷത്തില്‍ താഴെപേര്‍ മാത്രമാണ് അതില്‍ ഒപ്പിട്ടിരുന്നത്. ഇതേ തുടര്‍ന്ന് സന്ന്യാസിമാര്‍ നയിക്കുന്ന ഹിന്ദു വംശീയ സംഘടനയായ രാമരാജ്യ പരിഷത്ത് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. അതെല്ലാം പരാജയപ്പെടുകയാണുണ്ടായത്. മഥുരയില്‍ പ്രവര്‍ത്തിച്ചിരുന്ന ചില അറവുശാലകള്‍ അടച്ചു പൂട്ടാന്‍ അവര്‍ക്കായി. പക്ഷെ, ഗോവധനിരോധനത്തിനായുള്ള കേന്ദ്ര നിയമം കൊണ്ടുവരിക എന്ന അവരുടെ ലക്ഷ്യം പരാജയപ്പെട്ടു.
എന്നാല്‍ ഹിന്ദുവംശീയത എന്ന വ്യാജ വംശീയതയെ നിലനിര്‍ത്താന്‍ പശുവിനെ കേന്ദ്രമാക്കിക്കൊണ്ടുള്ള പ്രക്ഷോഭത്തിന് വലിയ പങ്കു വഹിക്കാന്‍ കഴിയും എന്ന അറിവ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലുടനീളം ഇന്ധനമായി വര്‍ത്തിച്ചിരുന്നു. മാത്രമല്ല, ഹിന്ദു വംശീയ നിര്‍മ്മിതിയുടെ ഒരു ഭാഗം നിര്‍വ്വഹിച്ചിരുന്നത് രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടുള്ള ഹിന്ദു സന്ന്യാസിമാരുടെ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു എന്നതും നാം കാണുകയുണ്ടായി. ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്ക് സന്ന്യാസിമാരെ മുന്‍ നിര്‍ത്തിയുള്ള ഭീകരപ്രവര്‍ത്തനം അനിവാര്യമാണെങ്കില്‍, അതും തങ്ങള്‍ക്കന്യമല്ല എന്ന് ഹിന്ദുത്വ രാഷ്ട്രീയം തെളിയിച്ചിട്ടുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളെപ്പോലും മാനിക്കാത്ത നിലയിലേയ്ക്ക് അത് നീങ്ങിയതിനും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1966 നവംബര്‍ 7 ന് 1,25,000 ത്തോളം വരുന്ന ജനക്കൂട്ടം ഇന്ത്യന്‍ പാര്‍ലിമെന്റ് വളയുകയുണ്ടായി. അതിന് നേതൃത്വം കൊടുത്തത് വാളുകളും തൃശൂലങ്ങളും കുന്തങ്ങളും ഏന്തിയ സന്ന്യാസിമാരാണ്. റോഷനാരാ ഗാര്‍ഡനില്‍ നിന്നും ചെങ്കോട്ടയില്‍ നിന്നും അജ്മല്‍ പാര്‍ക്കില്‍ നിന്നും അവര്‍ അക്രമാസക്തമായി ഇന്ത്യന്‍ പാര്‍ലിമെന്റിന് നേരെ മാര്‍ച്ച് ചെയ്തു. ജനസംഘിന്റെ എംപി ആയിരുന്ന സ്വാമി രാമേശ്വരാനന്ദിന്റെ പ്രകോപനപരമായ പ്രസംഗത്തോടെ ജനക്കൂട്ടം അക്രമാസക്തമായി. പോലീസിന് നേരെ പാഞ്ഞടുത്ത ജനക്കൂട്ടം അവര്‍ക്ക് നേരെ കല്ലുകള്‍ വലിച്ചെറിഞ്ഞു. അവര്‍ പാര്‍ലിമെന്റ് മന്ദിരം ആക്രമിക്കാതിരിക്കാനായി പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. അവസാനം അത് പോലീസ് വെടിവെയ്പിലാണ് കലാശിച്ചത്. പിരിഞ്ഞുപോയ ജനക്കൂട്ടം വീണ്ടും കൂടിച്ചേര്‍ന്ന് ഓള്‍ ഇന്ത്യാ റേഡിയോ, പി.ടി.ഐ, പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ശ്രം ഭവന്‍, ഗോള്‍ ഡക് ഖാനാ തുടങ്ങിയ കെട്ടിടങ്ങള്‍ ആക്രമിച്ചു. സര്‍ക്കാരിന്റെ വാഹനങ്ങള്‍ തീയിടപ്പെട്ടു. ഒരു പെട്രോള്‍ പമ്പ് നശിപ്പിച്ചു. ഡല്‍ഹി മില്‍ക്ക് സപ്ലൈ സ്‌കീമിന്റെ നിരവധി ബൂത്തുകള്‍ തീയിട്ടു. കോണ്‍ഗ്രസ്സ് പ്രസിഡന്റും അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന കെ. കാമരാജിന്റെ വസതിയും അവര്‍ ആക്രമിച്ചു. ആകെ നഷ്ടം 90 ലക്ഷം രൂപയെന്ന് കണക്കാക്കുകയുണ്ടായി.

1966 ഏപ്രില്‍ 2 ന് ഏതാനും സന്ന്യാസിമാര്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വസതിക്ക് മുന്നില്‍ ഗോവധ നിരോധനം ആവശ്യപ്പെട്ട് ധര്‍ണ നടത്തുന്നതോടെയാണ് ഈ പ്രക്ഷോഭത്തിന്റെ തുടക്കം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിട്ട് മാസങ്ങള്‍ മാത്രമേ പിന്നിട്ടിരുന്നുള്ളൂ. അതോടൊപ്പം തന്നെ ചില മന്ത്രിമാരുടെ വസതിക്ക് മുന്നിലും കേന്ദ്ര സെക്രട്ടറിയേറ്റിന് മുന്നിലും അവര്‍ ധര്‍ണയിരുന്നു. പോലീസുകാര്‍ അവരെ അറസ്റ്റ് ചെയ്ത് നീക്കുകയുണ്ടായി.
പിന്നീട് അതേ വര്‍ഷം ജൂലൈയില്‍ പാര്‍ലിമെന്റിന് മുകളില്‍ സന്ന്യാസിമാര്‍ ഇതേ ആവശ്യം ഉന്നയിച്ച് ധര്‍ണ നടത്തുകയുണ്ടായി. ഇത്തവണ ഹിന്ദു വംശീയ വാദികള്‍ സന്ന്യാസിമാര്‍ക്കുള്ള അവരുടെ പിന്തുണ പരസ്യമാക്കുകയുണ്ടായി. ആര്‍.എസ്.എസുകാരനായിരുന്ന, അക്കാലത്ത് ജന്‍സംഘിന്റെ എംപി ആയിരുന്ന സുന്ദര്‍സിംഗ് ഭണ്ഡാരി സമരം ചെയ്യുന്ന സന്ന്യാസിമാരെ മാലയിട്ട് സ്വീകരിച്ചു.
ഹിന്ദു വംശീയവാദികളുടെ എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റേയും ലക്ഷ്യം ഹിന്ദുസമുദായത്തില്‍ പെടുന്ന എല്ലാവരേയും തങ്ങളിലേയ്ക്ക് ആകൃഷ്ടരാക്കുകയും അവരെ ആത്യന്തികമായി ഹിന്ദു വംശീയവാദികളാക്കി മാറ്റിയെടുക്കുകയും ചെയ്യുക എന്നതാണ്. എന്നു പറഞ്ഞാല്‍, ഹിന്ദു സ്വത്വബോധത്തിലേയ്ക്ക്, ഹിന്ദു എന്ന സംജ്ഞയ്ക്കടിയില്‍ വരുന്ന ഓരോരുത്തരേയും പതുക്കെപ്പതുക്കെ അടുപ്പിക്കുക. ഹിന്ദു രാഷ്ട്ര സംസ്ഥാപനത്തോട് കൂറില്ലാത്തവരില്‍ പോലും മൃദുഹിന്ദുത്വം ഉണര്‍ത്തി ഹിന്ദു വംശീയതയോട് സൗഹൃദപ്പെടുത്തുന്ന രാഷ്ട്രീയ സമരങ്ങളില്‍, അയോദ്ധ്യയിലെ ബാബ്‌റിപ്പള്ളി തര്‍ക്കമന്ദിരമാക്കിയ ശേഷം അടുത്തത് പശു സമരമായിരുന്നു. വാസ്തുവിദ്യയുടെ ചരിത്രത്തെ വികലമാക്കി സംസ്‌കാരം പിടിച്ചെടുക്കുക എന്ന ഭീകരതയുടെ ആദ്യപടിയായിരുന്നു 1949-ല്‍ അയോദ്ധ്യയില്‍ കണ്ടതെങ്കില്‍, ഭക്ഷണത്തിന്റെ സംസ്‌കാരത്തെ ഹൈന്ദവവല്ക്കരിക്കുന്ന ഭീകരപ്രവര്‍ത്തനമാണ് സ്വതന്ത്ര ഇന്ത്യയില്‍ 1950കള്‍ മുതല്‍ അവര്‍ തുടങ്ങിവെച്ചത്. വലത്തോ ഇടത്തോ അല്ലാതെ മദ്ധ്യസമീപനം സ്വീകരിച്ചിരുന്ന പാര്‍ട്ടികളിലെ വലതുപക്ഷ ഹിന്ദുച്ചായ്‌വ് ഉള്ളവരേയും പശു സമരം വൈകാരികമായി ബാധിച്ചു. അതിനാല്‍ അതിലേയ്ക്ക് വന്ന് ചേര്‍ന്നത് ഹിന്ദു വംശീയവാദികള്‍ മാത്രമായിരുന്നില്ല. സുന്ദര്‍സിംഗ് ഭണ്ഡാരിക്കൊപ്പം ആ വേദിയില്‍ സന്നിഹിതനായിരുന്നത് കോണ്‍ഗ്രസ്സിന്റെ എംപിയായിരുന്ന ഗോവിന്ദ് ദാസ് കൂടിയായിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല സമീപനമാകും ഈ സമരത്തോടുണ്ടാകുക എന്ന് അദ്ദേഹം അവിടെ പ്രസംഗിക്കുകയും ചെയ്തു. 1966 ആഗസ്റ്റ് 10 ന് ന്യൂസ് ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരു സംഘം എംപി മാര്‍ ഗോവധ നിരോധന നിയമം നടപ്പാക്കാനുള്ള കമ്മറ്റി രൂപീകരിച്ചുവെന്നാണ്. ഈ ദിശയിലുള്ള പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നതിനായി ഹിന്ദുവംശീയ വാദികളുടെ മുന്‍കൈയ്യില്‍ സര്‍വ്വദാലിയ ഗോരക്ഷാ മഹാ അഭിയാന്‍ സമിതി (എസ്.ജി.എം.എസ്.) 1966 സെപ്തംബര്‍ 25 ന് രൂപം കൊണ്ടു. ഹിന്ദു വംശീയസംഘടനകളായ ആര്‍.എസ്.എസ്, വിശ്വ ഹിന്ദു പരിഷത്ത്, ജനസംഘ്, ഹിന്ദുമഹാസഭ, രാമരാജ്യ പരിഷത്ത്, ആര്യസമാജ് തുടങ്ങിയവയ്ക്ക് പുറമേ ഭാരത് സാധു സമാജ് പോലുള്ള സന്ന്യാസി സംഘടനകളും അതില്‍ ഭാഗഭാക്കായിരുന്നു. ആ സംഘടന സ്ഥാപിച്ചത് കോണ്‍ഗ്രസ്സ് നേതാവായിരുന്ന ഗുല്‍സാരിലാല്‍ നന്ദ ആയിരുന്നു. എസ്.ജി.എം.എസിന്റെ നേതാവായി അവരോധിക്കപ്പെട്ടത് പ്രഭുദത്ത് ബ്രഹ്മചാരി എന്ന സന്ന്യാസി ആയിരുന്നു. ഇതേ സന്ന്യാസിയാണ് നെഹ്‌റുവിനെതിരെ ആദ്യ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ പാര്‍ട്ടികളുടെ പൊതു സ്ഥാനാര്‍ത്ഥിയായി അലഹാബാദില്‍ മത്സരിച്ചിരുന്നത്. ഉത്തരേന്ത്യയിലാകമാനം സനാതനധര്‍മ്മത്തിന്റെ പേരില്‍ ബ്രാഹ്മണിസം പ്രചരിപ്പിച്ചിരുന്ന ഗീതാപ്രസ്സ് പ്രസിദ്ധീകരിക്കുന്ന കല്യാണ്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചുമതലക്കാരനായിരുന്ന ഹനുമാന്‍ പ്രസാദ് പോദ്ദാര്‍ ആയിരുന്നു ഖജാന്‍ജി. പോദ്ദാറിനെ സഹായിക്കുന്ന ചുമതല ഏറ്റെടുത്തത് ആര്‍.എസ്.എസുകാരനായ രാജുഭയ്യ എന്ന രാജേന്ദ്രസിംഗ് ആയിരുന്നു. അദ്ദേഹം പിന്നീട് ആര്‍.എസ്.എസിന്റെ സര്‍സംഘ്ചാലക് ആയി. എസ്.ജി.എം.എസിന്റെ നേതൃത്വത്തിലാണ് 1966 നവംബര്‍ 7 ന് പ്രക്ഷോഭം ആഹ്വാനം ചെയ്തത്.

ഇന്ദിരാഗാന്ധി പക്ഷെ, പ്രക്ഷോഭത്തെ നേരിടാന്‍ ഉറച്ച തീരുമാനമെടുത്തു. ആടി നിന്നിരുന്ന ഗുല്‍സാരിലാല്‍ നന്ദയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. നന്ദയ്ക്ക് രാജി വെയ്‌ക്കേണ്ടി വന്നു. ജനസംഘിന്റേയും ആര്‍.എസ്.എസിന്റേയും നേതാക്കളെ അറസ്റ്റ് ചെയ്തു. ഇന്ദിരാഗാന്ധിയുടെ ദൃഢനിശ്ചയത്തിനു മുന്നില്‍ ആര്‍.എസ്.എസും ഹിന്ദു വംശീയവാദികളും മുട്ടുമടക്കേണ്ടി വന്നു.
ലഷ്‌ക്കര്‍ എ തോയ്ബയും ജയ് ഷേ മുഹമ്മദും ആക്രമിക്കുന്നതിന് മുമ്പ് പാര്‍ലിമെന്റ് ആക്രമിക്കാന്‍ ശ്രമിച്ചത് ഹിന്ദുത്വ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആണ് എന്ന് ഇത് കാണിക്കുന്നു.







Be the first to write a comment.