വിവര്‍ത്തനം: ലോപ

 

എന്റെയീ വാക്കുകള്‍

എന്റെ വാക്കുകള്‍ …
സ്വപ്നോദ്യാനത്തെ കൈനീട്ടി തൊടുന്ന
എന്റെയീ വാക്കുകള്‍…
ഇവയിലുണ്ട് ജീവിത പ്രേമത്തിന്‍റെ
ഒഴുക്കും ചന്തവും…..
കാലത്തിന്‍റെ ഉ
ൾച്ചൂടും തുടിപ്പും  ….
എന്റേതായി പുതിയൊരു കണ്ടെത്തലുമില്ല….
ഒരു കര്‍ഷകന്‍ നെന്മണിയെന്നപോലെ
വാക്കിന്റെ നെന്മണിയെ
ഉള്ളം കയ്യിലിട്ടു തിരുമ്മി
ഞാന്‍ മൂപ്പും ചൂടുമറിയുന്നു…
പാലും പതിരും രുചിക്കുവാന്‍
വായിലിട്ടു നുണയുന്നു…..

ചോരയുടെ ആസക്തി നിറഞ്ഞ വാക്കാണ്‌
മനുഷ്യന്റെ ഏറ്റവും വലിയ കണ്ടെത്തലെന്നു
എനിക്കറിയാം …

ഞാന്‍ വ്യതിരിക്തനല്ലാത്ത ഒരു കവി…
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക്
പടര്‍ന്നു കയറുന്ന എന്റെയീ വാക്കുകളില്‍
ചൂടും ചൂരും നിറഞ്ഞ അനുഭവങ്ങള്‍..
ചരിത്രത്തിന്റെ കരുണ തീണ്ടാത്ത കൈപ്പാടുകള്‍ ….

 

ഈ മണ്ണ്‍ എന്‍റെ കവിത

കൊല്ലന്റെ ചുറ്റികയാണ്
എന്‍റെ തൂലിക….
കര്‍ഷകന്‍ കലപ്പ കൊണ്ടെന്നപോലെ …
ഞാന്‍ വാക്കുകളെ ഉഴുതു മറിക്കുന്നു……..
എന്‍റെ ആലയില്‍ അടിച്ചു പരത്തി
ഋജുവും സൂക്ഷ്മവുമാക്കുന്നു….


ആശാരിയുടെ അറക്കവാള്‍ പോലെ
അരമുള്ളത്….
ഉഴവുചാലിലെ കാഞ്ചനസീത…..
ഏതു കടുംതടിയുടെ ചീളില്‍ നിന്നും
അനുഭവത്തിന്‍റെ ചോരപുരണ്ട വിത്തുകളെ
ഞാന്‍ വാറ്റിയെടുക്കുന്നു…..
സാന്താളന്റെ  കുലച്ച വില്ലി

ഊന്നിനില്‍ക്കുന്ന
ഉറച്ച  അമ്പ്‌പോലെ
വാക്ക് എന്നില്‍ പ്രചണ്ഡമാകുന്നു…

ഉടലില്‍… ചോരയില്‍ …
ആസക്തികളില്‍  കരുത്താര്‍ജിക്കുന്നു …
ചിലത് പര്‍വ്വതങ്ങളെപ്പോലെ
തല പൊക്കുന്നു…..
ചിലത് ഭാഗീരഥി ആയി
മണ്ണിനടിയിലൂടെ ഒഴുകുന്നു …….

ചിലത് …
ആര്‍ ഞെടിച്ചാലും പിന്നാലെ പോകാത്ത
തടാകം പോലെ പ്രശാന്ത ധീരതയാളുന്നു….

ഞാന്‍-മലകളും പുഴകളും വിളക്കിച്ചേര്‍ത്ത
വിശാല ഭൂമികകളുടെ കവി…
ഈ മണ്ണ്‍ എന്‍റെ കവിത……

 

 

 

Comments

comments