സിനിമ കാണാനുള്ള സാധ്യതകളും ഒരു പരിധി വരെ പ്രേക്ഷകരെ തിയേറ്ററില്‍ നിന്നും അകറ്റി. ടെലിവിഷന്‍ വിനോദപരിപാടികളുടെ വ്യാപനവും ടെലിവിഷന്‍ തന്നെ സിനിമയുടെ സംപ്രേക്ഷകരായി മാറിയതും ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടി. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കാഴ്ചകളും അനുഭവങ്ങളും നല്കിയ ബിംബാവലിയും ആഖ്യാനങ്ങളും നമ്മുടെ ശീലങ്ങളെ മാറ്റിമറിച്ച സാഹചര്യമായിരുന്നു ഇത്. സവിശേഷമായ ഈ ലോകയാഥാര്ത്ഥ്യത്തിനു നടുവിൽ എല്ലാ പ്രാദേശിക സിനിമയേയുംപോലെ മലയാള ചലച്ചിത്രവും വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ട്. ഓരോ പ്രാദേശികസിനിമയും അവരവരുടെ പ്രാദേശിക-ജീവിതസ്വത്വങ്ങളിലേയ്ക്ക് മടങ്ങിപ്പോവുകയും ആഗോളവല്‍കൃത സാങ്കേതികതികവോടെ അവയെ ആവിഷ്കരിക്കുകയുമായിരുന്നു പ്രതിസന്ധികളെ മറികടക്കാൻ കണ്ടെത്തിയമാര്‍ഗ്ഗം. എന്നാല്‍ മലയാളസിനിമ ‘ജീവിത ഗന്ധിയായ‘ ഇടങ്ങളെ ആവിഷ്കരിക്കുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. അന്യഭാഷാ ചിത്രങ്ങളുടെ അനുകരണങ്ങള്‍, മുഴുനീള കോമഡി ചിത്രങ്ങൾ, അശ്ലീല ചിത്രങ്ങൾ (semi porn) എന്നിങ്ങനെ ദുര്‍ബലമായൊരു പ്രതിരോധമാണ് ഇവിടെയുണ്ടായത്. തൊണ്ണൂറുകളില്‍ വര്‍ദ്ധിച്ചുവന്ന ‘എ പടങ്ങള്‍‘ സി ക്ലാസ് തിയേറ്ററുകൾ എന്നു വിളിക്കുന്ന ഗ്രാമടാക്കീസുകളെ ഹൗസ് ഫുള്ളാക്കി. ‘പുരുഷലൈംഗിക വിപണി‘ ലക്ഷ്യമിട്ട് പുറത്തുവന്ന ചിത്രങ്ങളെ അവര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. തിയേറ്ററുകള്‍ പുരുഷ ലൈംഗിത തൃഷ്ണകളുടെയും (വൈകൃതങ്ങളുടെയും) കാഴ്ചയുടെയും ഇടമായി വളരെ പെട്ടെന്ന് രൂപം മാറുന്നു. ഒരു കാലത്ത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗ്രാമജീവിതത്തിന്റെ പരിഛേദമായിരുന്ന ഗ്രാമീണ കൊട്ടകകള്വളരെവേഗം പുരുഷന്മാരുടെ മാത്രം ഇടങ്ങളായിമാറി. ഗ്രാമ ടാക്കീസുകള്കുടുംബങ്ങളെ പുറത്തുനിര്‍ത്തി. സ്ത്രീകളെയും കുട്ടികളെയും വിലക്കി. നീലച്ചിത്രങ്ങളുടെ കാലം കഴിഞ്ഞപ്പോഴാകട്ടെ സി ക്ലാസ് തിയേറ്ററുകളിലേക്ക് കുടുംബങ്ങള്‍ മടങ്ങിവന്നില്ല. നടത്തിപ്പ് ബുദ്ധിമുട്ടായപ്പോള്‍ മിക്ക കൊട്ടകകളും അടച്ചുപൂട്ടി. ടെലിവിഷന്റെ പ്രചാരവും വളരെ വേഗം ലഭ്യമാകുന്ന പുതിയ ചിത്രങ്ങളുടെ സി ഡി/ഡി വി ഡികളും പൂട്ടലുകളുടെ ആക്കം കൂട്ടി. മലയാളസിനിമ പൊതുവില്‍ നേരിട്ട പ്രതിസന്ധികളുടെ ഇരകളായത് ഗ്രമടാക്കീസുകളായിരുന്നു.
2004ല്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ ഒരു സര്‍വ്വേയിൽ പറയുന്നത് ശരാശരി 23 ശതമാനം മലയാളികളാണ് മൂന്നു മാസത്തിനുള്ളില്‍ എപ്പോഴെങ്കിലും സിനിമ കണ്ടിട്ടുള്ളത് എന്നാണ്. അതില്‍ തന്നെ തിയേറ്ററില്‍ പോയി സിനിമകാണുന്നതില്‍ ഭൂരിഭാഗവും പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളാണെന്നും പറയുന്നു. ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള വിനോദ മാധ്യമങ്ങളുടെ അഭാവമാണ് ഇവരെ തിയേറ്ററുകളില്‍ എത്തിച്ചതെന്നു വ്യക്തം. ബി, സി ക്ലാസ് തിയേറ്ററുകളുടെ വ്യാപകമായ അടച്ചുപൂട്ടല്‍ സിനിമയുടെ പരമ്പരാഗത പ്രേക്ഷകരായിരുന്ന പിന്നോക്കജാതി – വര്‍ഗ്ഗങ്ങളുടെ പൊതു ഇടം നഷ്ടമാകുന്നതിന്റെ സൂചനയാണു. ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന മറ്റൊരു സംഗതി ഇന്ന് നിലവിലുള്ള 561 തീയേറ്ററുകളില്‍ 360 എണ്ണം എ, ബി ക്ലാസ് തിയേറ്ററുകളാണ്. ഇതില്‍ 1996നു ശേഷമാണ് നൂറില്‍പരം എ സി തീയേറ്ററുകള്‍ നിര്‍മ്മിക്കപ്പെട്ടത്. ബി, സി ക്ലാസ് തിയേറ്ററുകള്‍ വന്‍തോതിൽ പൂട്ടൽ നേരിടുമ്പോൾ എ ക്ലാസ് തിയേറ്ററുകള്‍ നിര്‍മ്മിക്കപ്പെടുന്നു. അതായത് ഉയര്‍ന്നു വരുന്ന നാഗരിക മധ്യ-ഉപരിവര്‍ഗ്ഗത്തിന്റെ കാഴ്ചയുടെ ഇടങ്ങളായി സിനിമാ ശാലകള്‍ പരിണമിക്കുന്നു. നാഗരികതയുടെ ഉപഭോഗ സംസ്കാരത്തെ തൃപ്തിപ്പെടുത്തും വിധം രൂപകല്‍പ്പന ചെയ്തും വാങ്ങല്‍ ശേഷിയെ ടിക്കറ്റ് നിരക്കിനോട് ബന്ധിപ്പിച്ചുമാണ് തിയേറ്ററുകളുടെ ഈ വര്‍ഗ്ഗ വിഭജനം സാധ്യമായിരിക്കുന്നത്. 2005ല്‍ തുടക്കമിട്ട മള്‍ട്ടിപ്ലക്സ് സംസ്കാരവും വിപുലമാവുന്ന ഡിജിറ്റല്‍ ശൃംഖലകളും ഈ പ്രക്രിയയുടെ ആക്കം കൂട്ടുന്നു.
(തുടരും)
Be the first to write a comment.