ജയിംസ് ലജ്ജിക്കുകയും ഡോക്ടര്‍മാരുടെ മുഖഭാവം കണ്ട് അപമാ‍നഭാരത്താൽ തലതിരിക്കുകയും ചെയ്തു. കണ്ണൂകളില്‍ ഉരുണ്ടുകൂടിയ ജലാംശം തുടക്കുവാന്‍ ജയിംസ് വൃഥാ ഒരു ശ്രമം നടത്തുകയും അതില്‍ പരാജയപ്പെടുകയുംചെയ്തു.

സീ, മിസ്റ്റര്‍ ജയിംസ്  തരിയന്‍. നിങ്ങള്‍ വിദ്യാസമ്പന്നനും ഒരു പ്രൊഫഷണലുമായതു കൊണ്ടും നിങ്ങളോടൊപ്പം ഇവിടെ മറ്റാരുമില്ലാത്തതു കൊണ്ടും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട  കാര്യങ്ങള്‍ ആയത് കൊണ്ടും കാര്യങ്ങള്‍ തുറന്ന് തന്നെ പറയാം.” വല്ലാത്ത മുഖവുരയോടെയാണ് സീനിയര്‍ ഡോക്ടര്‍ ആരംഭിച്ചത്. ജയിംസ് എന്തും സഹിക്കാന്‍ തയ്യാറായി തന്നെ കിടന്നു.

ഡോക്ടര്‍, .സി.യുവിലെ …………..പേഷ്യന്റിന്റെ നില അല്പം വഷളായി. ഒരു എമര്‍ജന്‍സി സര്‍ജ്ജറി  ചിലപ്പോള്‍ വേണ്ടി വന്നേക്കും. തീയറ്ററിലേക്ക് ഷിഫ്റ്റ് ചെയ്യട്ടേയെന്ന് ഡോക്ടര്‍ രേഖ ചോദിക്കുന്നു

മൈ ഗോഡ്.. ക്വിക്കാള്‍ അനസ്തീഷ്യസ്റ്റ് ആന്റ് തീയറ്റര്‍ സ്റ്റാഫ്

ഡോക്ടര്‍മാര്‍ എല്ലാവരും പെട്ടന്ന് തന്നെ റൂം നമ്പര്‍ 979 ല്‍ നിന്നും ഐ സി യുവിലേക്ക് പോകുന്നത് കണ്ട് ഭയപ്പാടോടെ ജയിംസ് കിടന്നു.

നാലാം സ്ഥലം 

സങ്കടകരമായ ഒരു കൂടികാഴ്ചഅവിടുത്തെ മാതാവു ഓടിയെത്തുന്നുഅവര്‍ പരസ്പരം നോക്കികവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍അമ്മയും മകനും സംസാരിക്കുന്നില്ലമകന്റെ വേദനഅമ്മയുടെ ഹൃദയം തകര്‍ക്കുന്നുഅമ്മയുടെവേദന മകന്റെ ദുഃഖം വര്‍ദ്ധിപ്പിക്കുന്നു.

ഉദയം പേരൂരിലെ തറവാട്ട്മുറ്റത്ത് ലേക് ഷോര്‍ ഹോസ്പിറ്റലിന്റെ ആംബുലന്‍സ് വന്ന്   നില്‍ക്കുമ്പോൾ എല്‍‌സമ്മതരിയന്‍ ഇതുവരെയുള്ള  സംഭവവികാസങ്ങള്‍ ഒന്നും വ്യക്തമായറിയാതെ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വരുന്ന മോനു വേണ്ടി അവനിഷ്ടപ്പെട്ട അയക്കൂറ കൊടം‌പുളിയിട്ട് വെക്കുന്നതിന്റെ തിരക്കിലായിരുന്നു. മൂത്ത മരുമകള്‍ ഷേര്‍ളിയും രണ്ടാമത്തെ  മരുമകൾ ഷീബയും ഇതൊന്നും വേണ്ട അമ്മച്ചീന്ന് ഒരു വെറും വാക്ക് പറഞ്ഞെങ്കിലും അയക്കൂറയോടൊപ്പം സ്വന്തം ഭര്‍ത്താക്കന്മാര്‍ക്ക് പ്രിയപ്പെട്ട പോത്തിറച്ചിയും അമ്മച്ചിയെകൊണ്ട് വാങ്ങിപ്പിക്കുകയും അത് തേങ്ങാക്കൊത്തിട്ട് വരട്ടുന്നതിന്റെയും ടേസ്റ്റ് നോക്കുന്നതിന്റെയും ഹരത്തിലായിരുന്നു.

ആംബുലന്‍സ് വന്ന് തറവാട്ടുമുറ്റത്ത് നിന്നപ്പോള്‍ ഷേര്‍ളിയും ഷീബയും ഒന്ന് പകച്ചു. സത്യം പറഞ്ഞാല്‍ അനിയച്ചാരുടെ അവസ്ഥ എന്തെന്ന് ചേട്ടത്തിമാര്‍ക്ക് വല്ല്യ തിട്ടമൊന്നുമുണ്ടായിരുന്നില്ല. അവരെയും കുറ്റം പറയാന്‍ പറ്റില്ല. അതെങ്ങിനെയാ, ഹോസ്പിറ്റലില്‍ നിന്നും വന്നാല്‍  ഫിലിപ്പോസച്ചായന്‍ നേരെ പറമ്പിലേക്ക് ഇറങ്ങും. സേവ്യറാണെങ്കില്‍ വീട്ടിലേക്ക് വരുന്നത് തന്നെ ഒരു സമയത്താവും.

അമ്മച്ചീ, ദാണ്ടേ. ജയിംസിനെ ഹോസ്പിറ്റലില്‍ നിന്നും കൊണ്ടോന്നിട്ടുണ്ട്. ആംബുലന്‍സിലാ

ഈശോയേ, ന്റെ കൊച്ചനെന്നാ പറ്റിയെന്റെ പുണ്യാളോ.. എടി ഷീബേ, അടപ്പത്തിരിക്കണ അയക്കൂറ ഒന്ന് നോക്കിയേക്കണേട്യേന്ന് വിളിച്ചോണ്ട് നെഞ്ചത്ത് രണ്ട് ഇടീം ഇടിച്ച് വെളുത്ത ചട്ടേല് കൈയിലെ കരീം തൊടച്ച് എല്‍‌സമ്മച്ചി മുറ്റത്തേക്കോടി.

അഞ്ചാം സ്ഥലം

എന്റെ ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങ സഹായം ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളി ചെയ്തിട്ടുണ്ടല്ലോ.” അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട്‌ കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ

ദിവസങ്ങളും മാസങ്ങളും കുറച്ചേറെ കടന്നുപോയി. ഹോസ്പിറ്റലിലേക്കുള്ള പോക്കുവരവും ചികത്സയുടെ ചെലവുകളും പലപ്പോഴും വീട്ടില്‍ ചേട്ടത്തിമാര്‍ക്കിടയിൽ മുറുമുറുപ്പുയര്‍ത്തുന്നത് തന്റെ മുറിയില്‍ കിടന്നാലും ജയിംസിന് കേള്‍ക്കാവുന്ന സ്ഥിതിയായി. എല്‍‌സാമ്മച്ചി പ്രാര്‍ത്ഥനയും വഴിപാടുമായി ഉദയം‌പേരൂരിലെ രണ്ട് പള്ളികളും കഴിഞ്ഞ് മുളന്തുരുത്തിയിലും തെക്കന്‍പറവൂരും സമയമൊത്താല്‍ എറണാകുളത്തെ  കലൂര്‍ പള്ളിയിലും ഒരിക്കലോ മറ്റോ ചെട്ടിക്കാട് അന്തോണീസ് പുണ്യാളന്റെയടുത്ത് ചൊവ്വാഴ്ച നൊവേനേ കൂടാന്‍ പോയതും ഇനിയിപ്പോള്‍ ചാലക്കുടിയിലെ പള്ളിയില്‍ നിന്നും ഏതോ അച്ചനെകൊണ്ട് മുത്തിച്ച മോതിരം വാങ്ങി ജയിംസിന്റെ  വിരലില്‍ ഇടീക്കണം എന്ന് പറഞ്ഞതുമാണ് പുതിയ മുറുമുറുപ്പുകള്‍ക്ക് കാരണമെന്ന് ഇളയ സഹോദരന്‍  ആന്റോയിന്‍  സ്കൂളില്‍ നിന്നും വന്ന് ജയിംസിന്റെ മുറിയിലിരുന്ന് കപ്പലണ്ടി കൊറിക്കുന്നതോടൊപ്പം പറയുമ്പോഴായിരുന്നു കുറച്ച് നാളുകളിലെ ഇടവേളക്ക് ശേഷം ടോം ജോസും ഓഫീസിലെ ഫിനാന്‍സ്  മാനേജര്‍ വെങ്കിടാചലവും കൂടെ കയറി വന്നത്.

ഓഫീസിലെ പുതിയ സംഭവവികാസങ്ങളായ സന്ധ്യാമേരിയെ കാ‍നഡ പ്രോജക്ടിലേക്ക് ട്രാന്‍സ്ഫർ ചെയ്തതും പുതിയ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ ഫെയ്സ്ബുക്കും ബ്ലോഗ്‌സ്പോട്ടും ഗൂഗിള്‍പ്ലസ്സും എല്ലാം ബ്ലോക്ക് ചെയ്തതും സന്ദീപ് ഒരു വാശിക്ക് എല്ലാം ക്രാക്ക് ചെയ്ത് യൂസ് ചെയ്തതും പറഞ്ഞ് ടോം ചിരിക്കുമ്പോള്‍ അമ്മച്ചി കൊണ്ടുവെച്ച  ചെമ്മീന്‍ വടയുടെ ടേസ്റ്റില്‍ മുങ്ങിത്താഴ്ന്നിരിക്കുകയായിരുന്നു വെങ്കിടാചലം!!

മതിയെടാ ആസാമീ എന്ന് പറഞ്ഞ് ടോം വെങ്കിടാചലത്തിന്റെ തുടയില്‍ അടിക്കുന്നതും ആംഗ്യത്തിലൂടെ എന്തോ കാണിക്കുന്നതും കണ്ട് ചിരിച്ചുകൊണ്ടിരുന്ന ജയിംസ്, സ്വാമി ബ്രീഫ്‌കേസ് തുറന്ന്‍  ഗ്ലോബല്‍ ഐടി സൊലുഷന്‍സ് എന്ന ലോഗോ പതിച്ച ഒരു  കവര്‍ എടുത്ത് കൈയില്‍ പിടിപ്പിക്കുമ്പോള്‍ ഒരു നിമിഷം സ്തംഭിച്ചുപോയി.

Comments

comments