പേടിക്കേണ്ടടാ, ടെര്‍മിനേഷൻ ഒന്നുമല്ല.. സ്റ്റാഫും മാനേജ്‌മെന്റും കൂടെ പിരിച്ചെടുത്ത കുറച്ച് തുകയാ. അത്ര വലുതൊന്നുമല്ല. പക്ഷേ, ഇപ്പോള്‍ ഇതൊരാശ്വാസമാകുമെങ്കില്‍ ആവട്ടെന്ന് കരുതിയാ മതി. ടോമിന്റെ വാക്കുകളെ സ്നേഹമെന്ന് മാത്രം വിളിക്കുവാനാണ് ജയിംസിന് അപ്പോള്‍ തോന്നിയത്. ഒരു മാത്ര നേരത്തേക്ക്, ടോമിനു ശിമയോന്റെ ഛായയൂണ്ടോ എന്ന് കൂടെ ജയിംസിന് സംശയം തോന്നി! കണ്ണുകള്‍ വല്ലാതെ നിറഞ്ഞിരുന്നത് കൊണ്ട് പോകുന്നതിനു മുന്‍പ് പാത്രത്തില്‍ അവശേഷിച്ചിരുന്ന ഒരു ചെമ്മീന്‍വട കൂടെ എടുത്ത് വായിലേക്കിടുന്ന വെങ്കിടാചലത്തിന്റെ തലക്ക് നോക്കി കിഴുക്കുന്ന ടോമിനെയും അത് കണ്ട് ചിരിക്കുന്ന ആന്റോയിനേയും ഒരു മങ്ങലായേ ജയിംസിന് കാണാന്‍ കഴിഞ്ഞുള്ളു.

ആറാം സ്ഥലം

എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി. ആരെയും കണ്ടില്ല. എന്നെയാശ്വസിപ്പിക്കാന്‍ ആരുമില്ല.

തീരെ പ്രതീക്ഷിക്കാതെ, ഡിസംബറിലെ കുളിരുള്ള ഒരു ഉച്ചയ്ക്കായിരുന്നു രാജി തറവാട്ടിലേക്ക് വന്നത്. നടക്കാവില്‍ നിന്നും ഉദയം‌പേരൂരിലെ തറവാട് വീട്ടിലേക്ക് അത്ര ദൂരമില്ലെങ്കിലും ഇത് വരെ അവള്‍ അവിടേക്ക് വന്നിരുന്നില്ല. ഇതിപ്പോള്‍ സ്വന്തം വീട്ടുകാരില്‍ നിന്നും  ബന്ധുക്കളില്‍ നിന്നുമുള്ള ശക്തമായ വിവാഹാലോചനാസമ്മര്‍ദ്ദങ്ങളെ  അതിജീവിക്കുവാന്‍ നിവൃത്തിയില്ലാതെ ഉടുതുണിയാലെ ഇറങ്ങിപ്പോന്നതാണെന്നാണ് പറയുന്നത്. തിരികെപൊയ്ക്കോളാന്‍ ജയിംസ് കരഞ്ഞുകൊണ്ട് പറയുന്നുണ്ടെങ്കിലും രാജി തീരുമാ‍നത്തിൽ ഉറച്ച മട്ടിലാണ്. എല്‍‌സമ്മച്ചിയാണെങ്കിൽ ആകെ പതറി താടിക്ക് കൈയും താങ്ങി മിണ്ടാതെ ഇരിക്കുന്നു. ഷേര്‍ളിയും ഷീബയും  കണ്ണുകള്‍കൊണ്ട് പരസ്പരം സംസാരിക്കുകയും ഷീബ മാറിനിന്ന് ഫോണില്‍ എന്തൊക്കെയോ കുശുകുശുക്കുന്നതും കണ്ടെങ്കിലും തന്നെ ബാധിക്കുന്ന പ്രശ്നമൊന്നും അല്ല എന്ന് തോന്നിയതുകൊണ്ട് ആന്റോവന്‍ ക്രിസ്മസ് ട്രീ ഒരുക്കുന്ന തിരക്കിലേക്ക് വീണ്ടും ഊളിയിട്ടു.

മഹാരാജാസ് കോളേജിലെ ക്ലാസ്സ്മുറികള്‍ക്കും വരാന്തകള്‍ക്കും മരത്തണലുകള്‍ക്കും പറയാനുള്ള ഒട്ടേറെ പ്രേമകഥകളിലെ വളരെ ചെറിയ ഒരേട് മാത്രമാണ് ജയിംസും രാജിയും എന്നതുകൊണ്ടും പ്രണയവിവരണങ്ങള്‍ ക്ലീഷേകളാണെന്ന പുത്തന്‍ കഥയെഴുത്തുകാരുടെയും കവികളുടെയും വാക്കുകളെ മാനിച്ചുകൊണ്ടും ആ ഭാഗത്തേക്ക് അധികം കാടുകയറി വല്ലാതെ ദീര്‍ഘിപ്പിക്കുന്നില്ല. സംഭവം വളരെ ചുരുക്കിപ്പറഞ്ഞാല്‍ എല്‍‌സമ്മച്ചിയുടെ മാത്രം  അനുഗ്രഹത്താല്‍ ടോം ജോസ് ഒന്നാംസാക്ഷിയായും അവന്റെ കൂട്ടുകാരി സെലീന രണ്ടാം സാക്ഷിയായും ഉദയം‌പേരൂർ രെജിസ്റ്ററാഫീസിന് പുറത്ത് ടോം ജോസിന്റെ ഷെവര്‍ലെ ബീറ്റലിന്റെ  പിന്‍ സീറ്റില്‍കിടക്കുന്ന ജയിംസിന്റെ കഴുത്തില്‍ രാജി മിന്നുകെട്ടി. കാറില്‍ തന്നെ ഒരു ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടയില്‍ കൊച്ച്  ആന്റോവാന്‍ ഏട്ടത്തിയുടെ നീണ്ട  താടിയില്‍ പിടിച്ച് വലിച്ച് വിവാഹത്തോടുള്ള അവന്റെ അനുഭാവം പ്രകടിപ്പിച്ചു.

ഏഴാം സ്ഥലം

ജീവിതത്തിന്റെ ഭാരത്താല്‍ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാൻ കഴിവില്ലാതെ വലയുകയും ചെയ്യുന്നു.അങ്ങ് തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ.

കാളിങ്ബെല്‍ തുടര്‍ച്ചയായി അടിക്കുന്നത് കേട്ടാണ് രാജി പുറത്തേക്ക് വന്നത്. ഭദ്രന്‍ ചിറ്റപ്പനെ ഇറയത്ത്കണ്ട് ഒരു നിമിഷം അവളുടെ കണ്ണ് നിറഞ്ഞു. വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്നതിന് ശേഷം തന്നെ തിരക്കി ആദ്യമായി വരുന്ന സ്വന്തക്കാരന്‍! അവള്‍ ജയിംസ് കിടക്കുന്ന മുറിയിലേക്ക് ചിറ്റപ്പനെ ആനയിച്ചു. എല്‍‌സമ്മച്ചി ബ്ലൗസിനു മീതെ ഒരു തോര്‍ത്തുണി പുതച്ചുകൊണ്ട് ചെറുചിരിയുമായി വട്ടേപ്പത്തിന്റെ പ്ലെയിറ്റ് ടീപ്പോയിന്മേലേക്ക് നീക്കിവെച്ച് കുമ്മായമടര്‍ന്നു തുടങ്ങിയ ഭിത്തിയില്‍ ചാരി നിന്നു.

കല്യാണ വിശേഷങ്ങളും ജയിംസിന്റെ അസുഖവിവരങ്ങളും തിരക്കുന്ന കൂട്ടത്തില്‍ ഇതുവരെ ഇവിടേക്ക് വരാത്ത രാജിയുടെ അച്ഛനെയും അമ്മയെയും ഒന്ന് കൊള്ളിച്ച് പറയുവാനും ശേഷം എല്‍‌സമ്മച്ചിയുടെ മുഖത്തേക്ക് പാളിനോക്കിക്കൊണ്ട് ആ മനസ്സില്‍ ഇടം തേടാനും ഒരു ശ്രമം നടത്തുന്നത് കണ്ടപ്പോഴേ ചെറിയ വശപ്പിശക് ജയിംസ് മണത്തിരിന്നു.

അപ്പഴേ രാജിമോളേ, ചിറ്റപ്പന്‍ വന്നത് മറ്റൊരു കാര്യം കൂടെ സൂചിപ്പിക്കാനാ. ജയിംസ് മോനും എല്‍‌സ ചേട്ടത്തിയും കൂടെ കേള്‍ക്കേണ്ടതാ. നമ്മളുടെ ഒക്കെ ആഗ്രഹമെന്താ? ജയിംസ് മോന്‍ പെട്ടന്ന് പഴേ പോലെ ഉഷാറാവണം. അങ്ങിനെയാവുമ്പോ രാജിമോളുടെ വീട്ടീന്നൊള്ള ഈ പരിഭവോക്കെ അങ്ങോട്ട് പോകോന്നേ! ജയിംസ് മോനെന്താ ഒരു കുറവ്. പഠിപ്പില്ലേ? ജോലിയില്ലേ? പിന്നെ ഇപ്പോഴുള്ള ഈ തളര്‍ച്ച. അത് ഈ മരുന്നോണ്ടൊന്നും മാറൂല്ലാന്നേ. ഞാന്‍ ഒരു ടോണിക് തരാം. കൊളീബ്രിയം എന്നാണ് അതിന്റെ പേര്. ഒരു ബോട്ടിലിന് ഏകദേശം മൂവായിരം രൂപയോളമേ വരൂ. അതൊരു നാല് ബോട്ടില്‍ വാങ്ങികഴിച്ചാല്‍ എന്റെ ജയിംസ് മോന്‍ പഴേതിലും ഉഷാറായി നടക്കും. ഒപ്പം ഈ ടോണിക് മറ്റൊരാളെ കൊണ്ട്  നിങ്ങള്‍ വാങ്ങിപ്പിക്കുമ്പോള്‍  കമ്മീഷന്‍  ഇനത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഏകദേശം ആയിരത്തോളം രൂപയാണ്. നമ്മുടെ അസുഖവും മാറും അതിലൂടെ ചെറിയ ഒരു വരുമാനവും കിട്ടും. ജയിംസ്മോന്‍ എന്ത് പറയുന്നു

Comments

comments