ഡോക്ടറോട് ചോദിച്ചിട്ട് ഞാന്‍ ചിറ്റപ്പനെ വിളിക്കാം. അത് പോരെ? രാജി അവസരോചിതമായി പെരുമാറുന്നത് കണ്ട് ജയിംസ് മെല്ലെ കണ്ണുകള്‍ അടച്ചു. അല്പം ഈര്‍ഷ്യയോടെ ഭദ്രന്‍  ചിറ്റപ്പന്‍ ഇറങ്ങിപ്പോകുന്നതും തന്നെയും എല്‍‌സാമ്മച്ചിയെയും ദയനീയമായി നോക്കി നിറഞ്ഞ കണ്ണുകളോടെ രാജി അപ്പുറത്തേക്ക് പോകുന്നത് കള്ളമയക്കത്തിനിടയിലും ജയിംസില്‍ നിന്ന് നെടുവീര്‍പ്പുയര്‍ത്തി.

എട്ടാം സ്ഥലം

നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു  കരയുവിന്‍.

മറ്റൊരവസരത്തില്‍  ഇത്തരത്തില്‍ പരീക്ഷിക്കാന്‍ എത്തിച്ചേര്‍ന്നത് യഹോവ  സാക്ഷികള്‍ ആയിരുന്നു. ഹല്ലേലൂയ.. ഹല്ലേലൂയ. കര്‍ത്താവിന്സ്ത്രോത്രം. കുഞ്ഞാടിന്റെ ആരോഗ്യത്തിനായി നമുക്ക് കൂട്ടായി പ്രാര്‍ത്ഥിക്കാം. ഹല്ലേലൂയ.. ഹല്ലെലൂയ’ എന്ന് പറഞ്ഞു കൊണ്ട് കയറി വന്ന കൊച്ചുറാണിയെയും ലൂസി ഫ്രാന്‍സിസ് എന്ന പഴയ കട്ടപ്പനക്കാരി ബിന്ദുമോളേയും സേവ്യറേട്ടന്‍ ചീത്തപ്പറഞ്ഞ് ഓടിക്കുന്നത്  കണ്ടപ്പോള്‍ ഒരു  ചാണ്‍വയറിന് വേണ്ടി വീടുകള്‍ കയറിയിറങ്ങുന്ന അവരുടെ അവസ്ഥയില്‍ വിഷമമുണ്ടായെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറ്റിയ സേവ്യറേട്ടനോട് ഉള്ളിന്റെയുള്ളില്‍ ജയിംസിന് ഒരാദരവ് തോന്നി.

ഒന്‍പതാം സ്ഥലം

കര്‍ത്താവേ, അങ്ങയുടെ പീഡകളുടെ മുമ്പില്‍ എന്റെ  വേദനകള്‍ എത്ര നിസ്സാരമാകുന്നു. എങ്കിലും ജീവിതഭാരം നിമിത്തം, ഞാന്‍ പലപ്പോഴും ക്ഷീണിച്ചുപോകുന്നു. പ്രയാസങ്ങള്‍ എന്നെ അലട്ടികൊണ്ടിരിയ്ക്കുന്നു. ഒരു വേദന തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു. ജീവിതത്തില്‍ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓര്‍ത്തു സഹിക്കുവാന്‍ എനിക്കു ശക്തി തരണമേ.

ഇപ്പോഴിപ്പോള്‍ കാളിങ്ബെല്‍ കേള്‍ക്കുമ്പോമരണമണി’ കേള്‍ക്കുന്നത് പോലെയാണ് ജയിംസിന് തോന്നുന്നത്. ഇപ്രാവശ്യം മരണമണിമുഴക്കി തന്റെ മുറിയിലേക്ക് ഇടിച്ചുകയറി വന്നത് ലാട വൈദ്യന്മാരുടെ മാര്‍ക്കെറ്റിങ്എക്സിക്യുട്ടീവ് ആയിരുന്നു! കറുത്ത് കുറിയ ശരീരപ്രകൃതം. കൈകളില്‍ എന്തൊക്കെയോ പച്ചകുത്തിയിട്ടുണ്ട്. നീണ്ടമീശ. ആകെ ഒരു കോലം. പക്ഷേ, നല്ല സ്പഷ്ടമായി മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യുന്നു. അവരുടെ ഡാറ്റാബാങ്കില്‍ ഈയിടെ ചേര്‍ക്കപ്പെട്ടതാണത്രേ ഈ അഡ്രസ്സ്!! മാര്‍ക്കെറ്റിങിന്റെ  പുത്തന്‍ വഴിത്താരകള്‍ കണ്ട് ജയിംസ് ഒരു നിമിഷത്തേക്ക് ഹര്‍ഷോന്മത്തനായി. സമചിത്തത വീണ്ടെടുത്തപ്പോഴേക്കും അവന്റെ വാചക കസര്‍ത്തിൽ എല്‍‌സമ്മച്ചി കഴിഞ്ഞ ദിവസം താറാവിനെ വിറ്റ വകയില്‍ കിട്ടിയ ആയിരം രൂപ ഒരു കുപ്പി ലാടമരുന്നിന് മുടക്കിക്കഴിഞ്ഞിരുന്നു.

പത്താം സ്ഥലം

എന്റെ വസ്ത്രങ്ങള്‍  അവര്‍ ഭാഗിച്ചെടുത്തു.എന്റെ മേലങ്കിക്കു വേണ്ടി അവര്‍ ചിട്ടിയിട്ടു

കൊല്ലവര്‍ഷം2013 ഫെബ്രുവരി

കാര്യങ്ങള്‍ ഇത്രത്തോളമായപ്പോഴേക്കും ജയിംസിന്റെ ജീവിതത്തില്‍ രണ്ടാമത്തെ ഇടിവെട്ട് സംഭവിച്ചു. രാജിയുമായുള്ള വിവാഹബന്ധത്തോടെ തന്നെ അകന്നു തുടങ്ങിയിരുന്ന ഫിലിപ്പോസേട്ടായിയും സേവ്യറേട്ടായിയും മേല്‍‌സൂചിപ്പിച്ച സംഭവം കൂടെ കഴിഞ്ഞതോടെ ആകെ ഇടച്ചിലായി. നെല്ലിന്റെയും നാളികേരത്തിന്റെയും താങ്ങുവില നഷ്ടമായത് ഫിലിപ്പോസേട്ടായിയെയും പഴയപോലെ രാഷ്ട്രീയത്തില്‍ മാത്രം കറങ്ങി നടന്നാല്‍  വയറ്റില്‍ വളരുന്ന കൊച്ചുമായി ഞാന്‍ വല്ല പൊട്ടക്കിണറ്റിലും ചാടുമെന്ന ഷീബേടത്തിയുടെ ഭീഷിണി.

സേവ്യറേട്ടായിയെയും ഉലച്ചിരുന്നുവെങ്കിലും ലാടവൈദ്യന്‍ കൂടെ വന്ന് രൂപ ആയിരം കൊണ്ടുപോയതോടെ ഒരു കാരണം കണ്ടെത്തിയ പോലെ സ്വത്ത് വീതമെന്ന സ്വാഭാവിക പരിണാമത്തിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടു. പള്ളിക്കമ്മറ്റികളില്‍ ഇനിയും തരിയന്റെ മോനായി തലയുയര്‍ത്തി നില്‍ക്കാൻ ഈ വിവാഹം ഒരു പ്രശ്നമായിരിക്കുന്നുവെന്ന് ഫിലിപ്പോസും ഒരു പക്ഷേ രണ്ട് മതങ്ങള്‍ തമ്മിലുണ്ടായേക്കാവുന്ന സംഘര്‍ഷ സാദ്ധ്യതകള്‍ തന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കിയേക്കും എന്നും സേവ്യറും വീറോടെ അവകാശപ്പെടുമ്പോള്‍  നഷ്ടക്കണക്കുകള്‍ ഒന്നും പറയാന്‍ അറിയാതെ  ആന്റോവാന്‍ ഒരു പപ്പടവട കടിച്ചുമുറിക്കുന്ന  തിരക്കില്‍ വ്യാപ്രതനായിരുന്നു.

പതിനൊന്നാം സ്ഥലം

കര്‍ത്താവേ, അങ്ങയെ പീഡിപ്പിച്ചവര്‍ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു

ഒരു ശരാശരി സത്യന്‍ അന്തിക്കാട്ലോഹിതദാസ് സിനിമയിലെ രംഗങ്ങള്‍ പോലെയായിരുന്നു തുടര്‍ന്ന് നടന്നത്!! വക്കീല്‍, ഭാഗം വെയ്പ്, ചങ്ങല, ക്രോസ് സ്റ്റാപ്, തുടര്‍ന്നുണ്ടാകുന്ന ചെറിയ വാക്കേറ്റങ്ങള്‍. ഒടുവില്‍ എല്‍‌സമ്മച്ചിയും രാജിയും ആന്റോവനോടുമൊപ്പം അപ്പച്ചന്റെ പേരിലുള്ള മറ്റൊരു കൊച്ചുവീട്ടിലേക്ക് ടോം ജോസിന്റെ മേല്‍‌നോട്ടത്തിൽ ജയിംസിനെ മാറ്റി കിടത്തല്‍. അങ്ങിനെ പൊതുവില്‍ കാലാകാലങ്ങളായി  കൂടുതല്‍ അംഗങ്ങളുള്ള തറവാടുകളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ ഇവിടെയും സംഭവിച്ചു.

പന്ത്രണ്ടാം സ്ഥലം 

ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെ ഇപ്രകാരം പ്രാര്‍ത്ഥിക്കുവാൻ എന്നെ അനുവദിക്കണമേ. എന്റെ പിതാവേ, ഭൂമിയില്‍ ഞാൻ അങ്ങയെ മഹത്വപ്പെടുത്തി; എന്നെ ഏല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ആകയാല്‍  അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ.

ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. പഴയകാല സാഹിത്യരചനകളില്‍ ഒക്കെ പറയുമ്പോലെ പകലോനും രാത്രിഞ്ജരനും തങ്ങളുടെ  വലിയോന്‍ചെറിയോന്‍ കളി അനസ്യൂതം തുടര്‍ന്നു. ചികത്സാചിലവുകള്‍ അധികരിച്ചപ്പോള്‍ പട്ടിണിയും ഇടക്കിടെ  വലിയോന്‍ചെറിയോന്‍ കളികളിച്ചു. അന്ന് സമയം ഏതാണ്ട്മൂന്ന് മണിയോടടുത്തിരുന്നു. ആ കൊച്ചുവീട്ടില്‍ ആകെയുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണമായ റേഡിയോയിലെ  സിലോണ്‍  സ്റ്റേഷനില്‍ നിന്നും അശ്വമേധം നാടകത്തിലെ പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട് എന്ന ഗാനം ഒഴുകിയെത്തുന്നത് എല്‍‌സമ്മച്ചി ഒരു നെടുവീര്‍പ്പോടെ കേട്ടു. കെ.പി..സി ഖാന്‍ തകര്‍ത്തഭിനയിക്കുന്ന  രംഗങ്ങള്‍ പണ്ട് നടക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്  തരിയന്‍ ചേട്ടനോടൊപ്പം ഇരുന്ന് കണ്ടത്  അവര്‍ ഓര്‍ത്തു.

ജയിംസേട്ടാ എന്നൊരു വിളി രാജിയില്‍ നിന്നും  ഉച്ചത്തില്‍ കേട്ടാണ് എല്‍‌സമ്മച്ചി ഓടി മുറിക്കകത്ത് ചെന്നത്. കട്ടിലില്‍ വായില്‍നിന്നും പത തുപ്പി കണ്ണുകള്‍ തുറിച്ച് ജയിംസ് കിടക്കുന്നു. തൊട്ടടുത്ത് ഒരു കൊച്ചു പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും അവശേഷിച്ച ഒന്ന് രണ്ട് ഉറക്ക  ഗുളികകള്‍ കര്‍മ്മനിര്‍വ്വഹണത്തിന്റെ  ആലസ്യത്തില്‍ കിറുങ്ങിക്കിടക്കുന്നു.

അടുത്ത് കിടന്ന കടലാസ് കീറ് അവരോട് മൂവരോടും ഇപ്രകാരമാണ് സംസാരിച്ചത്.

അമ്മച്ചിക്ക്, ആന്റോവനെ നോക്കണം. ഒപ്പം രാജിയെയും
ആന്റോവന്, അമ്മച്ചിയെ നോക്കണം. ഒപ്പം ഏട്ടത്തിയെയും
രാജിക്ക്.. ഞാന്‍ പോകുന്നു. നിന്റെ കാര്യം നിനക്ക് തീരുമാനിക്കാം

പെട്ടന്ന് സൂര്യന്‍ ഇരുളുകയും വല്ലാത്ത അന്ധകാരം ആ പരിസരത്തെ ബാധിക്കുകയും ചെയ്തു എന്ന് പറഞ്ഞാല്‍ പൊടിപ്പും തൊങ്ങലും ചേര്‍ക്കലാണെന്ന് പറയപ്പെടുമെങ്കിലും സത്യം സത്യമല്ലാതാവില്ലല്ലോ!

പതിമൂന്നാം സ്ഥലം

അനന്തരം മിശിഹായുടെ മൃതദേഹം കുരിശില്‍ നിന്നിറക്കി  അവര്‍ മാതാവിന്റെ  മടിയില്‍ കിടത്തി.

ഒരു നിയോഗം പോലെ സംഭവിച്ചതാണൊ അതോ ജയിംസ് അറിഞ്ഞ് പ്രവര്‍ത്തിച്ചതാണോ എന്ന് അറിയില്ല.. അന്നും വെള്ളിയാഴ്ചയായിരുന്നു. ദുഃഖവെള്ളിയാഴ്ച!!

ഫിലിപ്പോസും സേവ്യറും മറ്റു ബന്ധുജനങ്ങളും എത്തി. സുന്നഹദ്ദോസ് പള്ളി വികാരിയെത്തി.പ്രാര്‍ത്ഥനകൾ! പതിവ്ആചാരാനുഷ്ഠാനങ്ങള്‍.

————————————————————

 

Comments

comments