മാർസെലൊ വിയെറാ, റയൊ ഡി ജനെറയുടെ ഓമനപ്പുത്രാ, എന്താണ് നീ അറിയാതെ ചെയ്തുപോയത്? ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിൽ ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന ആദ്യത്തെ കളിയിൽ നിന്റെ കാലിൽ നിന്നും ഉതിർന്നു വീണൊരു പന്ത് ഗോളി ജൂലിയോസിസാറിനെ കബളിപ്പിച്ചുകൊണ്ട് മുന്നോട്ടു പോയപ്പോൾ, ശ്വാസം നിലച്ചുപോയ സാവൊപോളൊയിലെ അറീന കൊറിന്ത്യൻസിൽ അന്നൊരു ചരിത്രമുഹൂർത്തം പിറന്നു വീണു. ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ബ്രസീലിന്റെ വലയിൽ ആദ്യമായൊരു സ്വന്തംഗോൾ…പക്ഷെ പതിനൊന്നാം മിനുട്ടിലെ ആ സെൽഫ്ഗോൾ കളിയുടെ അവസാനമായപ്പോഴേക്കും എല്ലാവരും മറന്നു. ബ്രസീൽ തിരിച്ചടിച്ച മൂന്നു ഗോളുകൾ വിയെറാ, നിന്റെ സെൽഫ് ഗോളിനെ കുറച്ചു നേരത്തേക്കെങ്കിലും മറവിയിലാഴ്ത്തി.

അന്നു സാവൊപോളോയിൽ ബ്രസീൽ ആ ഒരൊറ്റ ഗോളിനു തോറ്റിരുന്നെങ്കിൽ വിയെറ, നിന്റെ ഗതി എന്താകുമായിരുന്നു? ഇ-മെയിലിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും നിനക്കെതിരെ തിരിഞ്ഞ ആയിരം നാവുകൾക്ക് വാൾമുനയേക്കാൾ മൂർച്ചയുണ്ടാകുമായിരുന്നു. സ്വന്തം നാട്ടിൽ നീ ഒറ്റുകാരനാകുമായിരുന്നു.

കാൽപ്പന്തുകളിയിലെ വിജയവും തോൽവിയും നിശ്ചയിക്കപ്പെടുന്നതെങ്ങിനെയാണ്? വേഗം, കരുത്ത്, തന്ത്രങ്ങൾ ഇവയ്ക്കപ്പുറത്തേക്കും അതിനു മാനങ്ങളില്ലേ?

പരിശീലകൻ പറഞ്ഞുപഠിപ്പിച്ച പാഠങ്ങൾ അതേപടി പകർത്താൻ കാണികൾ തിങ്ങിനിറഞ്ഞസ്റ്റേഡിയം ഒരു വെള്ളക്കടലാസല്ല. തൊട്ടടുത്ത നിമിഷത്തിൽ പന്ത് ആരുടെ കാലിലെന്നറിയാത്ത ഒരു വ്യാകുലതയുണ്ടവിടെ. ഉരുളുന്ന പന്തിന്റെ കാരുണ്യമെന്നപറയാമൊഴികളുമുണ്ട്. ഉത്കണ്ഠ നിറഞ്ഞ കാണികളുടെ മനസ്സു കാണുന്ന കളിക്കാരന്റെ നിസ്സഹായതയുണ്ട്.

മാറിവരുന്ന കളിയുടെ നിയമങ്ങളിൽ, ജർസിയുടെയും ലെഗ്വെയറിന്റെയും നിറംമാറ്റങ്ങളിൽ നിന്നു തുടങ്ങി ഗോൾ ലൈൻ ടെക്നോളജിയും കൂളിങ്ങ് ബ്രേക്കുമെല്ലാംപുതിയ നിയമങ്ങളായി അവതരിക്കുമ്പോൾ ലോകത്തെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ പലതരത്തിൽ ഇതിനെതിരെ പ്രതികരിക്കുന്നു. പെട്ടെന്നുള്ളതും ഫലപ്രദവുമല്ലാത്തചില നിയമങ്ങൾ ടൂർണമെന്റിനെ നശിപ്പിക്കുകയേയുള്ളുവെന്ന പൊതു അഭിപ്രായത്തോട് കുറേപ്പേരെങ്കിലും യോജിക്കുന്നുണ്ട്. പോയകാലത്തെ ഫുട്ബോൾ എന്ന മാസ്മരികലഹരിആസ്വദിച്ച പഴയതലമുറ കളിയുടെ പാരമ്പര്യത്തെ മാറ്റിമറിക്കുന്നതിനെതിരാണ്. ഇഷ്ടപ്പെട്ട ടീം ജയിക്കുമ്പോൾ മാത്രം പുതിയ നിയമങ്ങളെ അനുകൂലിക്കുന്നവരും ഫുട്ബോൾ പ്രേമികൾക്കിടയിലുണ്ട്എന്നതുകൊണ്ട് ഒരു കാര്യം ഉറപ്പാക്കാം, ചിലർക്കിത് ഭ്രാന്തും ലഹരിയുമാണെന്ന്.

ഒരു കളിക്കാരനും ഒരിക്കലും തോൽക്കുന്നില്ല. റോബർട്ടൊ കാർലോസ് പിന്തുടർച്ചക്കാരൻ എന്നു വിളിച്ച മാർസെലൊ വിയേറ ഡ സിൽവ ജൂനിയ’, നീയുംതോറ്റിട്ടില്ല. ഭക്ഷണത്തിനും വസ്ത്രത്തിനും വകയില്ലാതെ ഒൻപതാമത്തെ വയസ്സിൽ ഫുട്ബോളിനെ പ്രേമിച്ചു തുടങ്ങിയപ്പോൾ, മുത്തശ്ശൻ സാൻ പെദ്രോയുടെ കാരുണ്യം കൊണ്ട് കളി മുടങ്ങാതിരുന്നപ്പോൾ, ഒരു സെൽഫ് ഗോൾ ഒരിക്കലും നിന്റെ ഉറക്കം കെടുത്തിയിട്ടുണ്ടാവില്ല. പക്ഷെ നിന്റെ ആരാധകരുടെ ഉറക്കം നഷ്ടപ്പെടുത്താനായി ഒരു ചിത്രം ഫുട്ബോൾ ചരിത്രത്തിൽ നിന്നും അന്നു രാത്രി ഇറങ്ങി വന്നു. ആൻഡ്രെ എസ്കോബാർ എന്ന ഇരുപത്തിയേഴു വയസ്സുണ്ടായിരുന്ന കൊളംബിയൻ ഫുട്ബോളറുടേതായിരുന്നു അത്. തൊണ്ണൂറ്റിനാലിലെ ഫിഫ ലോകകപ്പിൽ നിന്നും കൊളംബിയ പുറത്താവാൻ കാരണം എസ്കോബാറിന്റെ സെൽഫ് ഗോളായിരുന്നു. എസ്കോബാർ അന്നു ചെയ്ത കുറ്റത്തിന് കളിഭ്രാന്തന്മാർ വിധിച്ച ശിക്ഷ മരണമായിരുന്നു. ആറു തവണ എസ്കോബാറിനു നേരെ വെടിയുതിർക്കുമ്പോൾ കൊലയാളി അലറി വിളിച്ചു: ഗോൾ.

വീണ്ടും പുതിയ നിയമങ്ങളുമായെത്തുന്ന അടുത്ത ലോകകപ്പിനെ ഞങ്ങൾ കാത്തിരിക്കുകയാണ്. വിയേറ, നിറഞ്ഞുകളിക്കാൻ നീയുണ്ടാകുമെന്ന പ്രതീക്ഷയോടെ.കളി കണ്ട് വാശി കയറുമ്പോൾ ഒരു സെൽഫ് ഗോളെങ്കിലും എതിരാളികൾ അടിക്കണേയെന്ന് അറിയാതെ വിളിച്ചു പറഞ്ഞു പോകുന്ന സ്വാർത്ഥതക്ക് വീഞ്ഞുപോലെ നുരഞ്ഞു പൊന്തുന്ന ആ ലഹരിക്ക് പേരിടാനാകാതെ, ഉറക്കമൊഴിഞ്ഞും വാതുവെച്ചും ഞങ്ങളാ ദിവസങ്ങൾ ആഘോഷിച്ചു തീർക്കും, മൈതാനത്തിൽ നെഞ്ചുരുകുന്ന നിസ്സഹായതകളെ വിമർശിച്ചുകൊണ്ടേയിരിക്കും.

Comments

comments