ഫുട്ബോൾ ഇതിഹാസം യൊഹാൻ ക്രൈഫ് വിടവാങ്ങി. കാൻസർ ബാധയെ തുടർന്നാണു അറുപത്തിയെട്ടാം വയസ്സിലാണു മരണം. ലോകഫുട്ബോളിലെ ഇതിഹാസതാരങ്ങളിൽ ഒരാളായി എണ്ണപ്പെടുന്ന ക്രൈഫ് റ്റോട്ടൽ ഫുട്ബോളിന്റെ ഏറ്റവും മികച്ച പ്രയോക്താക്കളിൽ ഒരാളായും കണക്കാക്കപ്പെടുന്നു.

ഡച്ച് ഫുട്ബോളിന്റെ സുവർണ്ണകാലമായി കരുതപ്പെടുന്ന  എഴുപതുകളിൽ ദേശീയ ടീമിനെ നയിച്ച ക്രൈഫ് 1974-ലെ ഫിഫ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരമായി മാറുകയും ടീമിനു റണ്ണേഴ്സ് അപ്പ് സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തു.  1971, 1973 1974 വർഷങ്ങളിലായി മൂന്നു വട്ടം ഏറ്റവും മികച്ച  യൂറോപ്യൻ ഫുട്ബോളർക്കുള്ള ‘ബാലൻ ഡി ഓർ’ പുരസ്കാരം കരസ്ഥമാക്കിയ ക്രൈഫ് ഏറ്റവുമധികം തവണ ആ പുരസ്കാരത്തിനു അർഹരായവരിൽ ഒരാളാണു.യൊഹാൻ ക്രൈഫ്  ക്ലബ്ബ് തലത്തിൽ അയാക്സിനു വേണ്ടി കളിച്ചുതുടങ്ങിയ അദ്ദേഹം 1974-ൽ റെക്കോർഡ്  കൈമാറ്റത്തുകയോടെ ബാഴ്സലോണയിലെത്തി.  1960-നു ശേഷം ആദ്യമായി ബാഴ്സലോണയ്ക്ക് ‘ലാ ലിഗ’ കിരീടം സ്വന്തമാക്കാൻ സഹായിച്ചു. കിരീടവഴിയിൽ  ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ 5-0 എന്ന സ്കോറിനാണു അവർ തകർത്തത്. ബാഴ്സലോണയിലായിരിക്കെ അറ്റ്ലെറ്റിക്കോ മാഡ്രിഡുമായുള്ള മൽസരത്തിൽ അദ്ദേഹം നേടിയ ഗോൾ ‘ഫാന്റം ഗോൾ’ അഥവാ ‘ക്രൈഫിന്റെ അസാധ്യമായ ഗോൾ’  എന്ന പേരിൽ പ്രസിദ്ധമാണു. ക്രൈഫിന്റെ നേതൃത്വത്തിൽ  1971, 72, 73 വർഷങ്ങളിൽ തുടർച്ചയായി മൂന്നു വട്ടം ബാഴ്സലോണ യൂറോപ്യൻ ക്ലബ് കിരീടം നേടി – 1950-കളിലെ സുപ്രസിദ്ധമായ റയൽ മാഡ്രിഡ് ടീം നേടിയ തുടർച്ചയായ നാലു കിരീടങ്ങൾ എന്ന റെക്കോർഡിനു തൊട്ടു താഴെ.

ബൂട്ടഴിച്ച ശേഷം ബാഴ്സലോണയുടെ മാനേജരായി സേവനമനുഷ്ഠിച്ച ക്രൈഫ്  ക്ലബിന്റെ സ്പാനിഷ് കിരീടവിജയങ്ങളിൽ നാലു തവണ പങ്കാളിയായി. ക്രൈഫിന്റെ ഫുട്ബോൾ ഫിലോസഫി പിന്നീട് വന്ന പല തലമുറകളെയും വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. മുൻ അർജന്റിനീയൻ കോച്ചും ബാഴ്സലോണ കോച്ചുമായിരുന്ന  സിസർ ലൂയി മെനോട്ടിയുടെ വാക്കുകളിൽ “ഫുട്ബോളിൽ നാലു രാജാക്കന്മാരാണുള്ളത്. ഡി സ്റ്റെഫാനോ, പെലെ, ക്രൈഫ്, മറഡോണ”.

കൊളംബിയ യൂണിവേഴ്സിറ്റിയിലെ ലോകപ്രശസ്തനായ പ്രഫസർ ഹമീദ് ദബാഷി പറയുന്നത് കേൾക്കുക. “ഇതിഹാസം മരിച്ചുപോയിരിക്കുന്നു. യൊഹാൻ ക്രൈഫ് മരിച്ചു പോയിരിക്കുന്നു. എനിക്കറിയാവുന്ന ലോകത്തിന്റെ എല്ലാ ധ്രുവപ്രകാശങ്ങളും അസ്തമിച്ചുപോയിരിക്കുന്നു. നമുക്ക് ഉംബർട്ടോ എക്കോയെ നഷ്ടമായി. അതിനു മുൻപ്  മാർക്വിസിനെ. അതിനും മുൻപ് ബെർഗ്മാനെ. ഇതാ ഇപ്പോൾ ക്രൈഫിനെയും. നിങ്ങൾക്കറിയുമോ ആരാണു ക്രൈഫെന്ന്? നിങ്ങൾക്കറിയാവുന്ന നിങ്ങളുടെ എല്ലാ ലയണൽ മെസ്സികളെയും ക്രിസ്റ്റ്യാനോ റൊണാൾഡോമാരെയും ഒരുമിച്ചു ചേർക്കുക. അപ്പോൾ ഒരു മാന്ത്രികനുണ്ടായി വരുന്നുവെങ്കിൽ അതാണു ക്രൈഫ്”

ഫുട്ബോൾ രാജാവാണു കളി എന്നത്തേക്കുമായി അവസാനിപ്പിച്ച് വിടവാങ്ങിയിരിക്കുന്നത്. ക്രൈഫിനു അന്ത്യാഞ്ജലി.

Comments

comments