ബ്രസീലില്‍ കലാശിച്ച ലോകകപ്പ് ഫുട്‌ബോൾ പ്രഖ്യാപിച്ചത് രണ്ടു കാര്യങ്ങളാണ്. ബ്രസീലിൽ കാല്‍പ്പന്തുകളി ഇനി പഴതു പോലാവില്ല. യൂറോപ്പിലും.

ഗരിഞ്ച, പെലെ മുതൽ റൊമാറിയോ, ബബറ്റോ ദ്വയം വരെ കളിച്ച സാംബ ഫുട്‌ബോളിനെ തഴഞ്ഞ് സ്‌കോളാരി സ്വീകരിച്ച മെസ്റ്റിസൊ (Mestizo- ശകലം ലാറ്റിന്‍, ശകലം യൂറോപ്പ്യന്‍)ശൈലിയുടെ വൃദ്ധിക്ഷയമാണ് ബ്രസീലില്‍ കണ്ടത്. ബ്രസീലിൽ ഇനി കളി അറിയപ്പെടുക സ്‌കോളാരിക്കു മുമ്പും സ്‌കോളാരിക്കു ശേഷവും എന്നായിരിക്കും. മെസ്റ്റിസോ ഫുട്‌ബോൾ വഴി തന്നെയാണ് സ്‌കോളാരി ബ്രസീലിനെ ഔന്നത്ത്യത്തിൽ എത്തിച്ചിരുന്നത്. കൂടുല്‍ ബ്രസീലുകാര്‍യൂറോപ്പി കളിക്കാന്‍ പോകുമ്പോള്‍സ്വാഭാവികമായും  ടീമില്‍ അത്തരം മാറ്റം വരേണ്ടതാണെന്നു സ്‌കോളാരി  കരുതിയതിൽ തെറ്റില്ല. പക്ഷെ സ്വത്വം നഷ്ടപ്പെടുത്തി കളി തോറ്റാലും അത് കാല്‍പ്പനികമായിരിക്കുമെന്ന് വിശ്വസിക്കാൻ അദ്ദേഹം തയ്യാറായില്ല. വീരോചിതമായ ചില തോല്‍വികള്‍ക്ക് വിജയത്തേക്കാൾ പുകഴുണ്ട് എന്നതാണ് സുന്ദരമായ  ഫുട്‌ബോൾ കളിയുടെ തത്വശാസ്ത്രം. പക്ഷെ സ്‌കോളാരിയുടെ  ബ്രസീൽ അങ്ങനെ കളിച്ചുമില്ല അങ്ങനെ തോറ്റുമില്ല.

അത്ഭുതപ്പെടുത്തിയത് ജര്‍മ്മനിയാണ്. നീണ്ട പാസുകളും ജര്‍മ്മനുണ്ടകളും നിറഞ്ഞ ബ്ലിറ്റ്‌സ്‌ക്രീഗ്‘ (blitzkrieg) ശൈലി വിട്ട് മധ്യനിരയെ നിറച്ച് സുന്ദരമായ ടോട്ടല്‍ഫുട്‌ബോള്‍. ക്ലിന്‍സ്മാനെക്കാൾ കാല്‍പ്പനികൻ എന്തു കൊണ്ടും ജോക്ക്യം ലോ തന്നെ. കളി ജയിക്കുക എന്ന മധ്യയൂറോപ്പ്യന്‍ ക്ലിനിക്കൽ കേളീതത്വത്തില്‍ ടോട്ടൽ ഫുട്‌ബോളിന്റെ ലാറ്റിന്‍സൗന്ദര്യം ലോ തീര്‍ത്തു. വശങ്ങളിൽ നിന്നോടിക്കയറി  പാസുകള്‍ നല്‍കുന്ന ആ പഴയ ശൈലി വിട്ട് മധ്യനിരയിൽ കളി കേന്ദീകരിക്കുന്നതിന്റെ സൗന്ദര്യം ഒന്നു വേറെ തന്നെയാണ്. കൃത്യമായ പരീശീലനത്തിന്റെ, കൂട്ടായ്മയുടെ ആകത്തുകയാണ് ജര്‍മ്മന്‍ടീം. ബയേണ്‍മ്യൂണിക്കിൽ ഒരുമിച്ചു കളിക്കുന്ന ഒരു കൂട്ടം പേർ ടീമിലെത്തി എന്നത് ജര്‍മ്മനിയുടെ കരുത്തായി. അത് പരാജയപ്പെട്ടത് സ്പാനിഷ് ഫുടാബോളിന്റെ കാര്യത്തിലാണ്. ഒരുമിച്ചു കളിക്കുന്നതിന്റെ മടുപ്പ് അവരെ വല്ലാതെ അലട്ടിയതു പോലെ തോന്നി. പൂര്‍ണ്ണത എന്നാൽ വിരസമായ വിരക്തിയാണെന്ന് അന്യഥാ ലോകോത്തരമായ ആ ടീം തെളിയിച്ചു. ടിക്കിടാക്ക എന്ന ടച്ച് ഫുട്‌ബോളിന്റെ സ്വാഭാവിക മരണമാണ് തെക്കേ അമേരിക്കയിൽ കണ്ടത് എന്നു  വിശ്വസിക്കാൻ പ്രയാസം.

പ്ലെമേക്കര്‍മാരില്ലാത്ത ലോകകപ്പായിരിന്നു ഇത്. കോച്ചുകളായിരുന്നു ആ റോൾ ഇത്തവണ വഹിച്ചിരുന്നത്. ഗെയിം പ്ലാനിലൂടെ എങ്ങിനെ ടീമിനെ മാറ്റാമെന്നതിനു തെളിവാണ് അര്‍ജന്റീനയുടെ കോച്ച് സബേല. ‘അക്കിലീസ് ഹീല്‍ആയി നിലകൊണ്ട അര്‍ജന്റീനയുടെ പ്രതിരോധനിരയെ സര്‍ഗ്ഗാത്മകമാക്കി എന്നതാണ് അയാളുടെ സംഭാവന. മെസ്സി എന്ന മാന്തികന്‍ ഉണ്ടായിട്ടു പോലും മഷരാനോയിൽ ഊന്നിയുള്ള കളി. മഷരാനോയെ ഒരേ സമയം പ്ലെമേക്കർ ഇന്‍കോഗ്നിറ്റോയുംഡിഫന്‍സീവ് സ്വീപ്പറുമാക്കിയ സബേലയാണ് ഇത്തവണത്തെ സൂപ്പര്‍കോച്ച്. ഫൈനലില്‍ആദ്യ ഗോൾ അര്‍ജന്റീന അടിച്ചിരുന്നിവെങ്കിൽ സബലേറ്റയുടെ തന്ത്രവും പ്രാര്‍ഥനകളും സാര്‍ഥകമായേനെ.

മുപ്പതു വയസ്സ് എങ്ങിനെ വസ്‌ഫോടകമാക്കാം എന്നു തെളിയിച്ച ആര്യൻ റൂബനാണ് നിസ്സംശയമായും ബ്രസീലിലെ കളിക്കാരന്‍. സമ്പൂര്‍ണ്ണനായ ഫുട്‌ബോളർ. കള്ളച്ചുവടുകളും സെല്‍ഫും കുതിച്ചോട്ടങ്ങളും അപാരമായ ഡ്രിബിളിങ്ങ് സ്‌കില്ലും സ്റ്റാമിനയും ഫിനിഷിങ്ങും അഭിനയവും. ഇങ്ങനെയെങ്കിൽ മുപ്പതുകൾ മോശമല്ലെന്ന് ഏറ്റവുമധികം പ്രത്യാശപ്പെടുക അര്‍ജന്റീനക്കാരായിരിക്കും. കാരണം അടുത്ത ലോകകപ്പിൽ മെസ്സിക്ക് മുപ്പതാവും. വിശ്വരൂപം ഇത്തവണയുണ്ടായില്ലെങ്കിലും അടുത്ത തവണ പ്രതീക്ഷിക്കാം എന്നതായിരിക്കണം പ്രതിഭകൾ തരുന്ന ദൃഷ്ടാന്തം.

Comments

comments