ഹൃദയവും തലച്ചോറും രണ്ടു രൂപകങ്ങളാണ്. മനുഷ്യമനസ്സിന്റെ രണ്ടു സവിശേഷഭാവഘടനകളെ പ്രതിനിധീകരിക്കുന്ന രൂപകങ്ങൾ. സയുക്തികവും കാര്യകാരണബദ്ധവുമായ അറിവുകളെ മുൻനിർത്തി സ്വരൂപിക്കുന്ന ആശയത്തെ നമ്മൾ തലച്ചോറുകൊണ്ട് ചിന്തിച്ചതാണ് എന്നു പറയും. യുക്തിപരതകൾക്കപ്പുറം നമ്മുടെ വൈകാരികഭാവങ്ങളെ മുൻനിർത്തി എടുക്കുന്ന തീരുമാനങ്ങൾക്ക് ഹൃദയം കൊണ്ട് ചിന്തിച്ചതാണ് എന്നും. ഇനി, ഹൃദയത്തിനു ചിന്തയിലെന്തു കാര്യം എന്നു ശാസ്ത്രജ്ഞർ ചോദിച്ചാൽ അതു നിങ്ങൾ തലച്ചോറു കൊണ്ടു മാത്രം ചിന്തിക്കുന്നതിന്റെ പ്രശ്നമാണ് എന്നും പറയും. യുക്തികൾക്കു ദൂരെ, മനുഷ്യന്റെ വൈകാരികതകൾക്ക് സ്വന്തമായൊരിടമുണ്ട് എന്ന കാൽപ്പനികക്കിനാവിന്റെ മറുവാക്കാണ് മിക്കപ്പോഴും ഹൃദയം.

പറഞ്ഞുവന്നത്, അർജന്റീനയെന്ന ലോകത്തിന്റെ മറുകോണിലെ കൊച്ചുരാജ്യത്തിലെ ഫുട്‌ബോൾ ടീമിനോട് തോന്നുന്ന അടുപ്പത്തേപ്പറ്റിയാണ്.  ലോകത്തിലെ മികച്ച ടീമുകളിലൊന്ന് എന്നല്ലാതെ,  അർജന്റീന ലോകഫുട്ബോളിലെ എതിരില്ലാക്കൂട്ടമൊന്നുമായിരുന്നില്ല, മിക്കവാറും ഒരുകാലത്തും. അഞ്ചുതവണ ലോകകിരീടമേന്തിയ ബ്രസീലും എന്നും ക്വാർട്ടറിനപ്പുറത്തേയ്ക്ക് കുതിച്ചെത്താറുള്ള ജർമ്മനിയും ഇറ്റലിയുമടക്കമുള്ള ടീമുകൾ തലച്ചോറുകൊണ്ടാലോചിച്ചാൽ മുന്നിലുണ്ട്. എന്നാൽ ലോകകപ്പ് പോലെ രാജ്യങ്ങളേറ്റുമുട്ടുന്ന ഫുട്ബോൾ ഉൽസവം മുന്നിലെത്തിയാൽ ഹൃദയം തനിയേ അർജന്റീനയിലേക്കു ചായും. കേളീമികവളന്നു പക്ഷം തീരുമാനിക്കാൻ സൗകര്യമില്ല എന്നു ഹൃദയം പ്രഖ്യാപിക്കും.  പന്തു നിലയ്ക്കും വരെ ആകാശനീലനിറമാവും മനസ്സ്.

ശ്രദ്ധിച്ചിട്ടുള്ള ഒരു വസ്തുത, എഴുപത്എൺപതുകളിൽ ജനിച്ചുവളർന്ന ബാല്യമുള്ള തലമുറയാണ് ഈ ഹൃദയം പങ്കുവെക്കുന്നതിലെ ഭൂരിപക്ഷം എന്നതാണ്.  ടെലിവിഷനെന്ന അത്ഭുതപ്പെട്ടി കേരളനാട്ടിൽ അങ്ങുമിങ്ങും ആന്റിന പൊക്കിയ കാലമായ 1986ലെ മെക്‌സിക്കോ ലോകകപ്പ് കണ്ടു ഫുട്ബോൾ പരിചയിച്ച തലമുറയാണത് എന്നത് യാദൃശ്ചികമല്ല. പ്രതിഭാസമൃദ്ധമായ ലോകകപ്പ് ആയിരുന്നു അത്. സ്കീറിയയും ബെർഗോമിയും പൊളോറോസിയും അടങ്ങുന്ന കരുത്തൻ നിരയുമായി ഇറ്റലി , ഗാരി ലിനേക്കറും പീറ്റർ ഷിൽറ്റനുമടങ്ങുന്ന ഇംഗ്ലണ്ട്, ലോതർ മത്തേവുഡും ഷുമാക്കറും അടങ്ങുന്ന പശ്ചിമജർമ്മനി, സാക്ഷാൽ സോക്രട്ടീസ് വരെ അണിനിരന്ന ബ്രസീൽ. ഇതിനിടയിൽ ഒരു ടീമെന്ന നിലയിൽ പതിവുപോലെ താരതമ്യേന ദുർബലമായിരുന്നു അർജന്റീന. പുംപിഡോ എന്ന ഗോളിയും ബാറ്റിസ്റ്റയെന്ന കളിക്കാരനുമൊഴിച്ചാൽ ഒരേയൊരു മനുഷ്യനായിരുന്നു അർജന്റീനയുടെ ദൈവം ഡിയാഗോ മാറഡോണ. ദൈവമാണെന്നു കൈകൊണ്ടും കാലുകൊണ്ടും തെളിയിച്ച് ലോകകപ്പുമായി മാറഡോണ ഉയർന്നു നിൽക്കുന്ന ദൃശ്യമാണ് ആന്റിന മറിച്ചും തിരിച്ചും ഗ്രൈയിൻസുള്ള ടീവിയിൽ മലയാളി കണ്ടത്. അവിടുന്നു ഹൃദയത്തിൽ ചേക്കേറിപ്പോയതാണ് സത്യത്തിലാ നീലനിറം. അടുത്ത ലോകകപ്പിലെ റണ്ണർ അപ്പ് സ്ഥാനം കഴിഞ്ഞ്, പിന്നീടുള്ള ലോകകപ്പുകളിലും അർജന്റീനയുടെ നിരയിൽ പ്രതിഭകൾ വന്നുപോയിരിയ്ക്കാം, കനീജിയയും ബാറ്റിസ്റ്റ്യൂട്ടയും റിക്വൽമിയും പോലെ. എങ്കിലും മികച്ച ടീമുകൾ പിന്നെയും പിന്നെയും ലോകത്തെമ്പാടും പിറന്നു, റിവാൾഡോറൊണാൾഡോ, റൊണാഡീഞ്ഞോ കാർലോസ് കൂട്ടുകെട്ടുപോലെ  ഉജ്ജ്വലനിരകളുമായി ബ്രസീൽ തുടർന്നുള്ള ലോകകപ്പുകൾ കീഴടക്കി. എന്നിട്ടും മലയാളിയുടെ  മനസ്സിൽ നിന്നു മായാതെ നീലനിറം നിലനിന്നത് എന്തുകൊണ്ടാവാം? ആകസ്മികതകളുടെയും യാദൃശ്ചികതകളുടെയും തമ്പുരാനായി മാറഡോണ നൽകിയ നിമിഷങ്ങളുടെ ഓർമ്മകൾ? ഏതാണ്ട് ഒറ്റക്കു പടനയിച്ച നായകൻ വിജയിച്ചുവന്ന അന്നത്തെ കാഴ്‌ച്ചയോടു തോന്നിയ സൂപ്പർമാൻ ഇഫക്‌ട്? ലോകനിലവാരമുള്ള ഫുട്ബോൾ കാഴ്‌ച്ചയുടെ വാശിയും വീറും ആദ്യമേറ്റു വാങ്ങിയതിനെ പനിച്ചൊരുക്ക്? എന്തുമാവാം. ഏതായാലും ഇന്നും ലോകകപ്പ് വന്നാൽ അംഗങ്ങളെ നോക്കാതെ അർജന്റീനക്കാരനാവാൻ മടിയില്ലാത്ത  എന്നേപ്പോലുള്ള അനേകരെ സൃഷ്ടിച്ചു, ആ കാലം.

അന്നുമുതലിന്നോളം ലോകകപ്പ് സ്വപ്നം മാത്രമായ അർജന്റീനയിൽ നിന്ന് ഇത്തവണ സ്വപ്നത്തിനു കൂടുതൽ  തെളിച്ചം പകരുന്ന ഒന്നുണ്ടായിരുന്നു, മാറഡോണയ്ക്കു ശേഷം അർജന്റീനിയൻ ഫുട്ബോളും  ലോകഫുട്ബോളും കണ്ട ഏറ്റവും മികച്ച പ്രതിഭയുടെ സാനിദ്ധ്യം. ചരിത്രം ആവർത്തിച്ചേക്കാം എന്നൊരു വെള്ളിരേഖ മനസ്സിലുണ്ടായിരുന്നു ഇത്തവണ ഓരോ അർജന്റീനയാരാധകനും. വാസ്തവത്തിൽ മെസി മറഡോണയേക്കാളും പെർഫെക്ട് ഫുട്ബോളർ ആണ് എന്ന വിദഗ്ധമതവും പിന്തുണ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. സാങ്കേതികാർത്ഥത്തിൽ അതിന്റെ ശരിതെറ്റുകളെപ്പറ്റി വിവാദമുണ്ടെങ്കിലും, വ്യക്തിത്വത്തെ മുൻനിർത്തി മറഡോണയേക്കാൾ മെസി കരുത്തനാണ് എന്ന് എളുപ്പം സ്ഥാപിക്കാനാവുമായിരുന്നു.  അനിതരസാധാരണമായ ഇംപൾസുകളിൽ ജീവിക്കുകയും ആഘോഷിക്കുകയും വിലപിക്കുകയും ചെയ്യു‌ന്ന മറഡോണയിൽ നിന്ന് പാടേ വ്യത്യസ്തനാണ് മെസി. ബാറ്റിസ്റ്റയെപ്പോലെ ഒപ്പം ഡി മരിയയുടെ സാനിദ്ധ്യം. പിന്നെ എണ്ണിപ്പറയാവുന്നതും അന്നത്തെ ടീമിലെ കീപ്പർ പുംപിഡോയെപ്പോലെ കീപ്പർ റൊമേറോ തന്നെ. ആകെ നോക്കിയാൽ ആരെയും പിടിച്ചുകുലുക്കാൻ പോന്ന ബലം ടീമിനുണ്ട്. ബാക്കി പതിവുപോലെ ആകസ്മികതകളുടെ കയ്യിലും. ഹൃദയത്തിനു സന്തോഷിക്കാൻ വകയുള്ള ടീം.

അപ്പുറത്ത് തലച്ചോറിനു മറുപടി പറയാനുള്ള ടീം ആദ്യമേ തയ്യാറായിരുന്നു , ജർമ്മനി. ഡബിൾ സ്ട്രോങ്ങ് മദ്ധ്യനിര. മുള്ളർ ഫോമിലേക്കുയരുകയും പഴയ പടക്കുതിര ക്ലോസേ വരെ പൊരുതിക്കളിക്കുകയും റിസർവ്വ് ബഞ്ചിൽ പോലും  അപായകാരികളായ കളിക്കാർ കാത്തിരിക്കുകയും ചെയ്യുന്ന ടീം. ബ്രസീലും കളി തുടങ്ങും മുൻപ്  അർജന്റീനയ്ക്ക് ഏറെ മുന്നിലായിരുന്നു.  സ്കൊളാരി വാർത്തെടുത്ത യുവനിരയിൽ അത്രമേൽ വിശ്വാസത്തിനു വകയുമുണ്ടായിരുന്നു. പക്ഷേ ഇത്തവണ ആദ്യ റൗണ്ട് പിന്നിടുമ്പോഴേ ചിത്രം ഏറെക്കുറെ വ്യക്തമായിരുന്നു ബ്രസീൽ പതിവു ബ്രസീലാവുന്നില്ല. സ്പെയിനും ഇറ്റലിയും നേരത്തേ യാത്രയായി. ജർമ്മനി, ഹോളണ്ട്, ഫ്രാൻസ്, അർജന്റീന എന്നീ വലിയ മീനുകളിൽ നിന്ന് ചെറുമീനുകൾ കളി കൊത്തിക്കൊണ്ടുപോവുമോ എന്നായിരുന്നു പിന്നീടു നോക്കാനുണ്ടായിരുന്നത്. കൊളംബിയയും കോസ്റ്റാറിക്കയും പൊരുതിത്തോറ്റു മടങ്ങിയതോടെ കളി വീണ്ടും വലിയ ടീമുകളിലായി. ബ്രസീൽ ചരിത്രദുരന്തമേറ്റു പിൻവാങ്ങിയതോടെ ജർമ്മനി അതിന്റെ വിശ്വരൂപത്തിലുമായി. എന്നാൽ ഹോളണ്ട് അർജന്റീന മാച്ച് ആണ് ലോകകപ്പിൽ അർജന്റീന കളിച്ച ഏറ്റവും മികച്ച മാച്ച്. സബലേറ്റ തലക്കു പരിക്കേറ്റും മാഷറോനോ തലക്കടിയേറ്റും പിൻമടങ്ങാതെ പൊരുതിക്കളിച്ച ഗെയിമിനൊപ്പം ഫൈനൽ പോലും എത്തിയില്ല. ആ പരീക്ഷയും കടന്ന് ജർമ്മനിക്കു മുന്നിലെത്തിയ സ്വപ്നം തകരാതെ അവസാന ഏഴുമിനിറ്റിനു മുൻപു വരെ പിടിച്ചു നിന്നു.  അവസാനം കീഴടങ്ങി. മൽസരശേഷമുള്ള മെസിയുടെ മുഖമാണ് ഇത്തവണത്തെ അവിസ്മരണീയദൂശ്യം.

പെറോൺ എന്ന ഏകാധിപതി ഭരിക്കുന്ന കാലത്താണ് 1978ലെ അർജന്റീന ലോകകപ്പ് വരുന്നത്. ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള ലോകമനുഷ്യാവകാശ സംഘടനകൾ ലോകകപ്പ് അന്ന് അർജന്റീനയിൽ വെച്ചു നടക്കുന്നതിനെ എതിർത്തു മുന്നോട്ടുവന്നിരുന്നു. ബെൽജിഅയയും ഹോളണ്ടും അന്ന് ആതിഥേയത്വം വഹിക്കാനും തയ്യാറായിരുന്നു.ർജന്റീനയിൽ നിന്നു മാറ്റണോ എന്ന ആലോചന വന്നപ്പോൾ ജോവോ ഹവലാഞ്ച് പറഞ്ഞൊരു വാചകമുണ്ട്.
അർജന്റീനയെ ഏകാധിപത്യം ഗ്രസിച്ചിരിക്കാം. പക്ഷേ ഫുട്ബോളിന്റെ ഈറ്റില്ലമാണ് ബ്രസീലെങ്കിൽ സ്വപ്നഭൂമിയാണ് അർജന്റീന. സ്വപ്നങ്ങളെ ഫുട്ബോൾ കൈവിട്ടുകൂടാ.അന്നുവരെ പ്രതിരോധത്തിലൂന്നിയ അർജന്റീന ആക്രമണ ഫുട്ബോളിന്റെ അനിശ്ചിതമാർഗത്തിലേക്കു തിരിഞ്ഞതും വിജയങ്ങൾ നേടിയതും ആ ലോകകപ്പ് മുതലാണ്. പെറോൺ കിരാതഭരണം അവസാനിച്ചു. പഷേ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല.

ലോകത്തിന്റെ മറുപാതിയിൽ ഫുട്ബോൾ കളിക്കുന്നവർക്കു ലോക്കൽ കമ്പാർട്ട്മെന്റ് യാത്രവിധിക്കുന്ന സർക്കാർ ഭരിക്കുന്ന നാട്ടിലിരുന്ന് സ്വപ്നം കാണാൻ നമുക്കിത്തരം ചില രാജ്യങ്ങളെങ്കിലും വേണ്ടേ.

Comments

comments