ലാറ്റിനമേരിക്കൻ, യൂറോപ്യൻ, ആഫ്രിക്കൻ ഭൂഖണ്ഡങ്ങളുടെ ചിരസ്ഥായിയെന്ന് കരുതപ്പെട്ടിരുന്ന കേളീമികവുകൾ സമന്വയിക്കപ്പെട്ടു എന്നതാണ് ഇത്തവണത്തെ ലോകകപ്പിന്റെ പ്രത്യേകത.  ഫുട്ബോളിൽ ശാശ്വതസത്യങ്ങളായി നിലകൊണ്ടിരുന്ന പല ധാരണങ്ങളും തിരുത്തപ്പെട്ടു. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ താളാത്മകതയുടെയും യൂറോപ്യൻ ഫുട്ബോളിന്റെ പ്രഹരശേഷിയും  ആഫിക്കൻ ഫുട്ബോളിന്റെ ചടുലതയും സമന്വയിപ്പിച്ച് കൊണ്ടാണ് വിവിധ ടീമുകൾ അവരുടെ അടവുകൾക്കും തന്ത്രങ്ങൾക്കും രൂപം നൽകിയത്. ബൌദ്ധിക മണ്ഡലത്തിലെന്നപോലെ ഫുട്ബോളിലും ഏകസ്വരതയിൽ നിന്ന് ബഹുസ്വരതയിലേക്കും സർഗ്ഗപരമായ വൈവിധ്യത്തിലേക്കുമുള്ള മാറ്റം    ഇത്തവണ പ്രകടമായിരിക്കുന്നു.   സ്ട്രൈക്കർമാരുടെ പ്രതിഭാവിലാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള ഫുട്ബോൾ യുഗം അവസാനിച്ചിരിക്കുന്നു.  ഗോളടിക്കുന്നത് പോലെ ഗോൾ മുഖം കാക്കുന്നതും കളിയുടെ ഫലം നിർണ്ണയിക്കുന്നതിൽ ഇതിനു മുൻപില്ലാതിരുന്ന പങ്ക് വഹിച്ചു.  ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഫുട്ബോൾ സർഗ്ഗാത്മകതയുടെ വിളംബരമായിരുന്നു 2014 ലോകകപ്പിൽ കാണാൻ കഴിഞ്ഞത്. .

ഷൂട്ടർമാരായിരുന്നു ലോകകപ്പ് മത്സരങ്ങളിൽ എല്ലാകാലത്തും ശ്രദ്ധാകേന്ദ്രം  പെലെ മുതൽ നയ്മർ വരെയും മറഡോണമുതൽ മെസ്സിവരെയുമുള്ളവരുടെ നേട്ടങ്ങളും കോട്ടങ്ങളുമാണ് വ്യാപകമായി ചർച്ച ചെയ്യപ്പെടുക. ഇത്തവണത്തെ ലോകകപ്പിന്റെ പ്രത്യേകത ഷൂട്ടർമാരേക്കാൾ മികച്ച് കളി കാഴ്ച്ചവച്ചത് ഗോളികളായിരുന്നു വെന്നതാണ്. ജർമ്മനി, അൾ ജീറിയ, മെക്സിക്കോ, കോസ്റ്ററിക്ക, അമേരിക്ക തുടങ്ങി നിരവധി രാജ്യങ്ങളുടെ ഗോൾകീപ്പർമാർ ഉജ്വലമായ ഗോൾ മുഖ സംരക്ഷണമാണ് നടത്തിയത്. ഇവരിൽ എന്നെ ഏറ്റവും ആകർഷിച്ചത് അമേരിക്കൻ ഗോളി റ്റിം ഹോവാർഡിന്റെ ഉജ്വലമായ സേവുകളാണ്. 35 വയസ്സ് പ്രായമുള്ള ഹോവാർഡിന്റെ അവസാനത്തെ ലോകകപ്പ് മത്സരമായിരുന്നു ഇത്തവണത്തേത്. ഘാനക്കെതിരായ മത്സരത്തിൽ മൂന്നും ജർമ്മനിയുമായുള്ള മത്സരത്തിൽ അഞ്ചും  പോർച്ചുഗലുമായി രണ്ടും തവണയാണ്  ലോകകപ്പിൽ നിന്നും ഇതാ പുറത്തായിയെയെന്ന് കരുതപ്പെട്ട അവസരത്തിൽ ഹോവാർഡ് അമേരിക്കയുടെ രക്ഷക്കെത്തിയത്. മെക്സിക്കോയുമായുള്ള കളിയിൽ ഹോവാർഡ് നടത്തിയ 15 ഉജ്വല സേവുകൾ ലോക ഫുട്ബോൾ ചരിത്രത്തിലെ അവിസ്മരണീയ മൂഹർത്തങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞിരിക്കുന്നു. മെക്സിക്കൻ മുൻമധ്യനിരക്കളിക്കാർ അമേരിക്കൻ ഗോൾമുഖത്തേക്ക് വർഷിച്ച് എതെണ്ടെല്ലാ വൈവിധ്യത്തിലുമുള്ള ഷോട്ടുകളും  അസാധാരണ മെയ് മികവോടെയും   ഫുട്ബോൾ പണ്ഡിറ്റുകളെ അമ്പരിപ്പിച്ച ദ്രുതചലനങ്ങളൊടെയുമാണ് ഹോവാർഡ് തട്ടി നീക്കിയത്. അമേരിക്കൻ ഫുട്ബോൾ (കൈകൊണ്ടുള്ള കളി)), ബേസ്ബോൾ, ബാസ്കറ്റ് ബോൾ, ഗോൾഫ്, ടെന്നീസ് എന്നിവക്ക് ശേഷം മാത്രമാണ് അമേരിക്കയിൽ സോക്കറിനുള്ള സ്ഥാനം. ലോകകപ്പ് നടക്കുന്ന അവസരത്തിൽ അമേരിക്ക കളിച്ച ദിവസങ്ങളിൽ പോലും അതേ ദിവസങ്ങളിൽ സാൻ അന്റോണിയോയിൽ അരങ്ങേറിയ ബാസ്കറ്റ് ബോൾ മത്സരത്തിലും ദേശീയ ഓപ്പൺ ഗോൾഫിലുമായിരുന്ന് അമേരിക്കക്കാരുടെ ശ്രദ്ധമുഴുവൻ. എന്നാൽ മെക്സിക്കൻ അമേരിക്കൻ മത്സരത്തിൽ ഹോവാർഡിന്റെ ഉജ്വല പ്രകടനം ഒന്നു കൊണ്ട് മാത്രം അമേരിക്കക്കാരുടെ പ്രിയ ദേശീയ വിനോദങ്ങളിലൊന്നായി സോക്കർ മാറുകയും ടൈഗർ വുഡ്സ്, സെറീന വില്യംസ്, ടിം ഡങ്കൻ, പേറ്റൻ മാ‍ന്നിങ്ങ്  എന്നിവരോടൊപ്പം അമേരിക്കയുടെ ദേശീയ കായിക താരങ്ങളിലൊരാളായി ഹോവാർഡ് മാറിയിരിക്കുന്നു.

ലോകകപ്പിലെ സിൻഡ്രല എന്ന് വിശേഷിപ്പിക്കപ്പെട്ട കോസ്റ്ററിക്കയായിരുന്നു എനിക്കേറെ ഇഷ്ടപ്പെട്ട ടീം. ലാറ്റിനമേരിക്കൻ ഫുട്ബോൾ എന്നാൽ ബ്രസീൽ അർജന്റീന ഏറിയാൽ ചിലി എന്ന ധാരണ കോസ്റ്ററിക്കൻ ടീം തട്ടി നീക്കി ലാറ്റിനമേരിക്കയുട്രെ മാത്രമല്ല ലോകഫുട്ബോളിലേക്ക്  തന്നെയുള്ള തങ്ങളുടെ വരവറിയിച്ചിരിക്കയാണ്.  ഗ്രൂപ്പ് മത്സരത്തിൽ കോസ്റ്ററിക്കയെക്കാൾ എന്തുകൊണ്ടും ശക്തരായി കരുതപ്പെട്ടിരുന്ന ഉറുഗ്വേ, ഇറ്റലി എന്നീ ടീമുകളുടെ മേൽ വ്യക്തമായ ആധിപത്യം ചെലുത്തിയും ഇംഗ്ലണ്ടിനോട് സമനില വഴങ്ങിയും ഗ്രീസിനെ പെനാൽടി ഷൂട്ടൌട്ടിൽ പരാജയപ്പെടുത്തിയുമാണ് കോസ്റ്ററിക്ക കോർട്ടറിലേക്ക് കടന്നത്.  ലോകകപ്പ് കണ്ട മികച്ച ഗോളികളിലൊരളായിരുന്ന കെയിലർ നവാസിനെ നിഷ്ക്രിയനാക്കി    പെനാൽറ്റി ഷൂട്ടൌട്ടിൽ ഹോളണ്ട് കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയില്ലായിരുന്നെങ്കിൽ തീർച്ചയായും മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യത്തിന്റെ ഉദയത്തിന് ഇത്തവണത്തെ ലോകകപ്പ് സാക്ഷ്യം വഹിച്ചേനെ. കളികളത്തിലെ അനിശ്ചിതത്വത്തിന്റെ മറ്റൊരു ദാരുണ ദൃശ്യമായിട്ടാണ് ഹോളണ്ട് – കോസ്റ്ററിക്ക മത്സരം എനിക്കനുഭവപ്പെട്ടത്. ഫുട്ബോൾ ലോകത്തിന് പുറത്തുള്ള ചില പരിഗണന കൊണ്ട്കൂ‍ടിയാണ് കോസ്റ്ററിക്കയുടെ മുന്നേറ്റം എന്നെ ഏറെ സന്തോഷിപ്പിച്ചതും ആവേശം കൊള്ളിച്ചതും  വികസ്വര രാജ്യങ്ങളിൽ ആരോഗ്യ മേഖലയിൽ മികച്ച നേട്ടം കൈവരിച്ച പ്രദേശമെന്ന നിലയിൽ കേരളത്തോടൊപ്പം കോസ്റ്ററിക്കയെ പറ്റി ഏറെ സംസാരിക്കയും എഴുതുകയും ചെയ്തിട്ടുള്ളത് കൊണ്ട് കൂടിയാവണം കോസ്റ്ററിക്കയോടെ പ്രത്യേക പ്രതിപത്തി തോന്നിയതെന്ന് വ്യക്തമാക്കട്ടെ.

ക്വാർട്ടർ സെമി മത്സരങ്ങളിലേതങ്കിലും ഒന്നാണ് ഇതുവരെ നടന്ന പല ലോകകപ്പുകളിലും   ഫൈനലിനെക്കാൾ ഏറ്റവും മികവുറ്റ കളികളായി മാറിയിട്ടുള്ളത്.  കളിയുടെ സാങ്കേതിക മികവ്കൊണ്ടും  കോചുകളുടെയുടെയും  ക്യാപ്തൻ മാരുടെയും തന്ത്രാ‍വിഷ്കാരമികവുകൊണ്ടും  കൊണ്ടും  ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ജർമ്മനിഅർജന്റീന ഫൈനൽ തന്നെയായിരുന്നു ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും ചാരുതയാർന്ന മത്സരം. ലോകകപ്പ് മത്സരങ്ങൾ പലപ്പോഴും തോൽവി ഒഴിവാക്കാനായി നടത്തുന്ന ആവർത്തന വിരസമായ നീക്കങ്ങളും അമിത പ്രതിരോധതന്ത്രങ്ങളും മൂലം വിരസമായാണ് അനുഭവപ്പെടാറ്. ഇത്തവണ എതിരാളിയുടെ ശക്തിയും ദൌർബല്യവും മനസ്സിലാക്കി വേണ്ടത്ര ഗൃഹപാഠം ചെയ്ത് കളികളത്തിൽ ആത്മവിശ്വാസത്തോടെയെത്തിയ അർജന്റീനയാണ് ലോകകപ്പ് ഫൈനൽ ഹൃദ്യമായ അനുഭവമാക്കി മാറ്റിയതെന്നത് ഒരു വിരോധാഭാസമായി അവശേഷിക്കുന്നു.  ലോകമെമ്പാടുമുള്ള ഫുട്ബോൾ  പ്രേമികളെയാകെ ഞെട്ടിച്ച് കൊണ്ട് ബ്രസീലിനെ 7-1 നെ തകർത്ത് മറ്റൊരു ലാറ്റിനമേരിക്കൻ കുരുതിക്ക് തയ്യാറായാണ് ജർമ്മനി സ്റ്റേഡിയത്തിലെത്തിയത്. എന്നാൽ ജർമ്മൻ മുന്നേറ്റത്തെ അതിവിദഗ്ദമായി പ്രതിരോധിച്ചും ഇടക്കിടെ ജർമ്മൻ ഗോൾ മുഖത്തെ ആക്രമിച്ചും അക്ഷരാർത്ഥത്തിൽ അർജന്റീന ജർമ്മനിയുടെ താളം തെറ്റിച്ചു.  മെസ്സിക്ക് നിറം മങ്ങിയ കളിയിൽ പരാജയപ്പെട്ടെങ്കിലും ഫൈനൽ മത്സരം എക്കാലത്തേയും ഏറ്റവും മികച്ച ഫൈനലുകളിലൊന്നാക്കി മാറ്റിയത് അർജന്റീനയാണെന്ന് സമ്മതിക്കേണ്ടിവരും.  മെസ്സി മുൻ കളികളിൽ പ്രകടിപ്പിച്ച ലക്ഷ്യഭേദന മികവ് കാട്ടിയിരുന്നെങ്കിൽ ഇത്തവണത്തെ ലോകകപ്പിൽ മറ്റൊരു അട്ടിമറിവിജയവുമായി അർജന്റീന നടന്നു നീങ്ങിയേനെ.

Comments

comments