നിന്നു പകർന്നു കിട്ടുന്ന അവബോധം, അതിന് അതാതു കാലസന്ധി വരുത്തുന്ന പരിണാമം- ഇങ്ങനെ പലതും അപഗ്രഥിക്കാനുള്ള സമനിലയും സഹിഷ്ണുതയുമത്രേ. വേണമെങ്കിൽ ഒരു സംഘത്തിനു തന്നെ ഏറെക്കാലം വ്യാപകമായി ആരായാനും, വാർന്നു കിട്ടുന്ന നിഗമനങ്ങൾ അന്യോന്യം കൊണ്ടും കൊടുത്തും അന്തിമമായി കാഴ്ചപ്പാടു നിർധരിക്കാനും വകയുള്ളതാണല്ലോ ഈ പ്രമേയം. ഭാരിച്ച ഇത്തരം ബാദ്ധ്യത  ലീലാവതിട്ടീച്ചർ ഒറ്റയ്ക്കു നിറവേറ്റിയതിന്റെ ഉദ്ഗമമാകുന്നു ഈടുറ്റ ഈ ഗ്രന്ഥം.  സംയുക്തമായ അന്വേഷമത്തിന്റെയും അവലോകനത്തിന്റെയും ചരിത്രപരമായ സന്തുലനം ഇതിനു സാക്ഷാൽക്കരിക്കാൻ സാധിക്കുമോ എന്നു ശങ്കിക്കുന്നവരുണ്ടാകാം. സാങ്കല്പികമായ ആ ശങ്കയ്ക്കു സമാധാനമായി വേറൊരു ശങ്ക സ്പർശിക്കാനേ തൽക്കാലം തോന്നുന്നുള്ളൂ. അത് ഇങ്ങനെ: സംയുക്തമായ ഒരു ഉൽപ്പന്നം കടഞ്ഞെടുക്കാൻ കഴിഞ്ഞാൽത്തന്നെയും, വ്യക്തിപരമായ വിലയിരുത്തലിന്റെ ആർജവവും ആത്മവീര്യവും അതിന് ഉണ്ടാവും എന്നുറപ്പിക്കാമോ? ബഹുമുഖതയുടെ ചരിത്രപരതയ്‌ക്കെതിരെ, ഏകാഗ്രതയുടെ ചൈതന്യപൂർണതയാണ് ടീച്ചറുടെ യത്‌നത്തിന്റെ നേട്ടം എന്നു നിരീക്ഷിച്ചു കൊള്ളട്ടെ.

          ഈ നിരീക്ഷണം, എന്തായാലും, ചരിത്രപരതയുടെ നിഷേധമോ അഭാവമോ ആണ്  ഭാരതസ്ത്രീയുടെ പാകം എന്ന എഴുതാപ്പുറത്തേയ്ക്കു നീട്ടി വായിക്കാൻ പാടില്ല. സാഹിത്യം എന്ന സ്രോതസ്സിനെ ആധാരമാക്കി, ഇന്ത്യൻ സ്ത്രീനില അതാതു ഘട്ടങ്ങളിൽ എങ്ങനെയിരുന്നു എന്ന് ഏറെക്കുറെ സമഗ്രമായി പഠിക്കുക എന്നതാണ് ഇവിടത്തെ പദ്ധതി. ഇതര സ്രോതസ്സുകളോട് ഇടതട്ടിച്ചു നോക്കി പഠനത്തിനു പ്രാബല്യം തികയ്ക്കുക എന്ന രീതി പ്രായേണ പാലിക്കപ്പെട്ടിട്ടില്ല. ലിഖിതരൂപത്തിൽ ലഭ്യമായ സാമഗ്രികളിലേയ്ക്ക് പരിമിതപ്പെടുത്തിക്കൊണ്ടുള്ള പഠനമേ ലക്ഷ്യം വച്ചിരിക്കയുള്ളൂ. അത്തരം സാമഗ്രികളിലെ സാന്നിദ്ധ്യത്തെ മാത്രം അവലംബിച്ച് അതാതു ഘട്ടങ്ങളിലെ സാധാരണ സ്ത്രീയുടെ അവസ്ഥ അനുമാനിച്ചെടുക്കുന്നതിന് സാധുത്വം മതിയാവുമോ? ഈ പ്രശ്‌നം പ്രസക്തം തന്നെ. ഇതു സംബന്ധിച്ച് ടീച്ചർ നിർണ്ണായകമായ ഒരു നിലപാടെടുക്കുന്നു. ഇടയ്ക്കിടെ അയവിറക്കി ആക്കം വരുത്തുന്ന ഈ നിലപാട്, ഒരു പ്രകരണത്തിൽ വാക്യങ്ങളായി പ്രത്യക്ഷത്തിൽ ഉരുത്തിരിയുന്നത് ഉദ്ധരിക്കാം. സീതയുടെ വ്യക്തിത്വം വിപുലമായി വിശകലനം ചെയ്യുന്നതിനിടെ, ആ മഹാസത്ത്വ ലക്ഷ്മണനോടു നടത്താൻ ഇടയായ ക്രൂരഭാഷിതത്തിന്റെ പ്രേരണ ആരായുന്നതാണ് പ്രകരണം. ഇതിനൊരു ഭൂമികയായി ടീച്ചർ സ്വരൂപിക്കുന്നവയത്രേ പ്രസ്തുത വാക്യങ്ങൾ. “ഒരു നാടിന്റെ സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ ദർപ്പണമാണ് അന്നാട്ടിലെ സാഹിത്യം. സാഹിത്യം നിർവഹിക്കുന്നത് മനുഷ്യ കഥാനുഗാനമാകയാൽ അതിൽ ചിത്രിതമായ നര-നാരീ സമൂഹങ്ങൾ തന്നെയാണ് സാഹിത്യത്തെ കണ്ണാടിയാക്കുന്ന പദാർത്ഥഘടകങ്ങൾ. രാമായണഭാരതേതിഹാസങ്ങളിലെ കഥാപാത്രസ്വരൂപചിത്രണസ്വഭാവങ്ങളും അവയുടെ ധ്വനികളും വിശകലനം ചെയ്ത് ആകെത്തുകയായ സാംസ്‌ക്കാരിക ദർശനത്തിന്റെ മൗലീകതത്ത്വങ്ങൾ ഗ്രഹിക്കാം” (പുറം 270) സാഹിത്യത്തെ മഹത്വരപ്പെടുത്തുന്ന നിലപാടാണിത് എന്നത് നിസ്സംശയം. ഈ സ്രോതസ്സിനെ ഉപജീവിക്കാൻ തനി ചരിത്രകാരൻപോലും ഒട്ടും സങ്കോചിക്കേണ്ടതുമില്ല. എന്നാൽ ഒന്നുണ്ട്, വ്യാഖ്യാനഭേദങ്ങൾക്ക് എമ്പാടും വക നൽകുന്നതാണ് ഈസ്രോതസ്സ്. ടീച്ചർ സൂചിപ്പിച്ചപോലെ, ധ്വനികളും വേണമല്ലോ വിശകലനം ചെയ്യുക.  അങ്ങനെ ചെയ്യുന്നതിലെ വിശ്യാസൃതയെ അനുസരിച്ചിരിക്കും വ്യാഖ്യാനത്തിന്റെ സ്വീകാര്യത. എനിക്ക് ഈ വിഷയത്തിൽ വിഭവ പടുത പോരാ. എന്നാലും ടീച്ചറാണ് ഇത്തരം വ്യാഖ്യാനം നിർവ്വഹിക്കാൻ നിപുണ എന്ന വിശ്വാസദൃഢത പൂർണമത്രേ. അതിനുള്ള ആധാരമോ, ആവിഷ്‌ക്കരണത്തിലെ ധാടി മാത്രമല്ല, ടീച്ചർ ആർജ്ജിച്ചിട്ടുള്ള സജ്ജീകരണത്തിന്റെ അപൂർവ്വമായ ധാരാളിത്തം കൂടിയത്രേ.

          ഗ്രന്ഥത്തിന്റെ ള്ളടക്കമൊന്നു സൂചിപ്പിക്കുക എന്നത് ഇത്തരം അവലോകനത്തിൽ സ്വതേ ദീക്ഷിക്കാറുള്ള അനുഷ്ഠാനമാണ്. ഭാരതസ്ത്രീയുടെ വലുപ്പം എന്നെ അതിന് അശക്തനാക്കുന്നു. എങ്കിലും ഏതാണ്ടൊന്നും സൂചിപ്പിക്കാതെ വയ്യല്ലോ. ഒരു ഉപചാരത്തിനും മുതിരാതെ, സ്വന്തം രീതിശാസ്ത്രത്തിന്റെ സത്തയിൽ സ്പർശിച്ചു കൊണ്ട് ഈ മഹാനിബന്ധനത്തിന്റെ ഒന്നാം വാക്യം വാർന്നു വീഴുന്നു. അതോടെ, വേദോപനിഷത്തുക്കളിലെ  സ്ത്രീ സാന്നിദ്ധ്യത്തിന്റെ വിശദ പരിശോധന ആരംഭിക്കയുമായി. പംക്തികൾ ഉദ്ധരിച്ച് ഒതുക്കി അർത്ഥം പറഞ്ഞു പോകുന്ന പാകമാണ് പൊതുവേ. ആവശ്യം പോലെ ഒ.എം.സിയുടേയോ വള്ളത്തോളിന്റെയോ പരിഭാഷ ഉപയോഗപ്പെടുത്തുന്നും ഉണ്ട്. എന്നാലോ, ചില കഥകളിലെ പ്രതീകാത്മകതയുടെ പൊരുൾ ഇഴചേർക്കുന്നതത്രേ ഏറ്റവും പ്രധാനം. അപാലാ എന്ന ഖണ്ഡം (പുറം 410) ഉദാഹരണം. ഓരോ വിശകലനത്തിൽ നിന്നും സമകാലികതയിൽ സാംഗത്യമുള്ള അംശങ്ങൾ വേർതിരിച്ചു വിചാരണയ്‌ക്കെടുക്കുന്നു. ഭർത്തൃപരിത്യക്തകളായ സ്ത്രീകൾക്കു പുനർവിവാഹം നിഷിദ്ധമായിരുന്നില്ലഎന്ന സൂചന അപാലയുടെ കഥയിൽ നിന്നു നിർധരിക്കുന്നതു ദൃഷ്ടാന്തം. ലോപാമുദ്രയുടേതിൽ നിന്നു നിർധരിക്കുന്നതാവട്ടെ, ‘ഋഷിത്വവും സന്യാസിത്വവും പര്യായങ്ങളല്ല എന്ന ദൃഢപ്രത്യയമത്രേ. തുടർന്ന്, ഈ ദൃഢപ്രത്യയം കാളിദാസന്റെ ദർശനത്തെ എങ്ങനെ ദീപ്തമാക്കിയിരിക്കും എന്നും സ്മരിക്കുന്നു (പുറം 11).

          സൂക്തങ്ങളുടെ താൽപര്യം കാലാന്തരത്തിൽ തെറ്റിദ്ധരിച്ചതിനുമുണ്ട് ദൃഷ്ടാന്തം. കന്യക ആദ്യം സോമന്, രണ്ടാമത് ഗന്ധർവ്വന്, മൂന്നാമത് അഗ്നിക്ക്, പിന്നെ നാലാമതേ മനുഷ്യൻ പതിയാവുന്നുള്ളൂ.  (1085 (40) എന്ന സൂക്തം, ആദ്യത്തെ മൂന്നു ദിവസം കന്യകയെ ദേവൻമാർക്ക് അനുഭവിക്കണം. നാലാം ദിവസമേ മനുഷ്യന്റെ ഊഴം ആവുന്നുള്ളൂ എന്ന അർത്ഥത്തിൽ സേകം എന്ന ആചാരത്തിന് അധീനപ്പെട്ടു പോയി.  വധുവരന്മാരുടെ മൂന്നു നാളത്തെകാത്തിരിപ്പു യജ്ഞമാണെന്നും ദേവൻമാർക്ക് സ്വയം അർപ്പിക്കലാണെന്നുമുള്ള ഉദാത്തമായ ആശയം കേവല ലൗകികത കൊണ്ട് ആവരണം ചെയ്യപ്പെടുകയാണ് ഉണ്ടായത് എന്ന് ടീച്ചർ ഉപപാദിക്കുന്നു (പുറം 39).

          വധുവിന്നുള്ള ആശംസയാണ് വേറൊരു സൂക്തം (1085(44) “അല്ലയോ വധൂ, നീ അഘോര ചക്ഷുസ്സായി ഭവിക്കുക (കോപം കൊണ്ട് കണ്ണു കലങ്ങരുത്, സ്‌നേഹാർദ്ര ദൃഷ്ടിയാവണം).  ഭർത്താവിന്ന് ദ്രോഹകാരിണിയാവരുത് (അനുകൂലയാവണം). പ്രാണികൾക്കു മുഴുവൻ ഹിതകാരിണിയാവണം. നമ്മുടെ മനുഷ്യർക്കും നാൽക്കാലികൾക്കും സുഖത്തിനായി, ശാന്തിക്കായി വസിക്കുക” (പുറം 41). ഇന്നത്തെ പെൺവാദക്കാർ ഈ ആശംസയോടെങ്ങനെ പ്രതികരിക്കും, ആവോ! എങ്ങനെയായാലും ശരി, പ്രതികരണത്തിനു  പ്രചോദനമോ, പ്രകോപനമോ ആയി വിഭവം  ഒരുക്കുക എന്ന നിയോഗം ടീച്ചർ നിറവേറ്റിയിരിക്കുന്നു.

          പുരൂരവസ്സിന്റെയും ഉർവശിയുടെയും കഥയ്ക്ക് വ്യാപകമായ മാനങ്ങൾ നൽകി വ്യാഖ്യാനിക്കുന്നത് (പുറം 52-5) ടീച്ചറുടെ സജ്ജീകരണത്തിന്റെ സമ്പന്നതെയ സാക്ഷ്യപ്പെടുത്തുന്നു. തുടർന്നു പല പ്രകരണങ്ങളിലും കാണാം പ്രകൃതി പുരാവൃത്തങ്ങളുടെ സമന്വയം. ടീച്ചർക്കു പ്രത്യേകം പഥ്യമായ പഠനമേഖലയാണല്ലോ ആദിപ്രരൂപങ്ങളുടെ അർത്ഥസാദ്ധ്യത, അതും പല പ്രകരണങ്ങളിലേയ്ക്കും പുതിയ പ്രകാശം പൊഴിയുന്നു.  മനഃശാസ്ത്രം, നരവംശശാസ്ത്രം, ആചാരാനുഷ്ഠാനങ്ങളുടെ അന്തസ്സത്ത – ഇങ്ങനെ അനേകം അറിവുകൾ, പതിവുപോലെ, ടീച്ചറുടെ അന്വേഷണങ്ങൾക്ക് അകമ്പടിയൊരുക്കുന്നു. അതിനിടെ, പണ്ടത്തെ സ്ത്രീയ്ക്ക് അവകാശപ്പെട്ടിരുന്ന പദവിയുടെ പ്രാണബലത്തിന് അടിവരയിടുന്ന നിഗമനങ്ങൾ നിർധരിക്കപ്പെടുന്നതത്രേ ശ്രദ്ധേയം.

1) ഋഗ്വേദകാലത്ത് സ്ത്രീകൾ പുരുഷന്മാരോടൊപ്പം യുദ്ധത്തിലും പങ്കെടുത്തിരുന്നിരിക്കാം. 

2) “പെൺകുട്ടി വിലപ്പെട്ടവളായിരുന്നു. അഭിലാഷത്തിന്നെതിരായി പിറന്നവളോ ആർക്കും വേണ്ടാത്തവളോ ആയിരുന്നില്ല. അവൾ അണിഞ്ഞൊരുങ്ങി നിൽക്കുന്നതിൽ കുടുംബാംഗങ്ങളെക്കെ ഒരു പോലെ താൽപര്യമുള്ളവരായിരുന്നു” (പുറം 137).

3) “ശൈശവ വിവാഹം നടന്നിരുന്നുവെന്നതിന്റെ സൂചനകൾ ഋഗ്വേദത്തിൽ കാണുന്നില്ല” (പുറം 156).

4) സതി എന്ന ആചാരം നിലനിന്നരുന്നതായി ഉറപ്പിച്ചുകൂടാ (പുറം 160- 1)

5) ഒട്ടാകെ ഋഗ്വേദത്തിലെ അന്തരീക്ഷം സ്ത്രീയെ രണ്ടാംതരം പൗരത്വത്തിലേയ്ക്കു തള്ളിവിടുന്നതായി കാണുന്നില്ല. ലൈംഗിക ബന്ധങ്ങൾ അവയുടെ തികഞ്ഞ സ്വഭാവികതയോടെയാണ് പുരുഷനും സ്ത്രീയും കൈകാര്യം ചെയ്തിരുന്നതു” (പുറം 162).

Comments

comments