തുനിഞ്ഞേയ്ക്കാമായിരുന്ന കാന്തന്മാരിൽ അതിന്റെ കനൽ തെളിച്ചു എന്നതത്രേ. എന്താണ് ധർമ്മം? എത്ര വിളിച്ചു ചോദിച്ചിട്ടും പാഞ്ചാലിയ്ക്ക് ഉത്തരം കിട്ടിയില്ല. ഒടുക്കം, അപമാനത്തിൽ അഴിഞ്ഞു ചിതറിയ മുടി സാക്ഷിയാക്കി ആ മാനിനി എടുത്ത പ്രതിജ്ഞ ഏതു ദൂതു കൊണ്ടും പ്രശമം തേടിയില്ല. എന്നാലോ ഈ പ്രതികാരദാഹത്തിന്റെതിനു പുറമേയും ചില ധാതുക്കളുണ്ട് പാഞ്ചാലിയുടെ വ്യക്തിത്വത്തിൽ എന്ന് ടീച്ചർ വിശദീകരിക്കുന്നു. “തീവ്രവികാരങ്ങൾ മാത്രമല്ല ദ്രൗപതിയുടെ ജീവിതസമീപനത്തെ നയിച്ചിരുന്നത്.  യുക്തിവിചാരവും നീതിശാസ്ത്രനീതമായ വിചിന്തനശീലവും കൂടിയാണ്.”  (പുറം 502) വീണ്ടും: “ഏതു പ്രതിബന്ധത്തിനു മുന്നിലും പേടിച്ചു പിൻമാറുന്നവളായിരുന്നില്ല ആ ഭാരതനാരി.  ശാരീരികമായ കരുത്ത് പുരുഷനോളമില്ലെങ്കിലും ആത്മവീര്യത്തിൽ തെല്ലും പിന്നിലല്ല സ്ത്രീ എന്ന് വരും തലമുറകളെ ഓർമ്മിപ്പിക്കുന്ന ശക്തി സ്വരൂപിണിയാണവൾ.” (പുറം 506) എല്ലാമായാലും, “ഏതഗ്നിയും ഒരു പിടി ചാരമായി അവസാനിക്കും പോലെയുള്ള ഒരു പര്യവസാനമായിരുന്നു ദ്രൗപതിയുടേത്” എന്ന സമാപനത്തിന് ടീച്ചർ സങ്കോചിക്കുന്നില്ല. പോരാ, ഇത്രയും കൂടി ചേർക്കുന്നു; “രാമായണത്തിലെ സീതയുടെ അന്ത്യത്തിനുള്ള ജാജ്ജ്വല്യമാനത ദ്രൗപതിയുടെ അന്ത്യത്തിനു നൽകപ്പെട്ടിട്ടില്ല എന്നത് ഋഷിമാരുടെ ദർശനത്തെത്തന്നെ വ്യജ്ഞിപ്പിക്കുന്നു.” ( പുറം 534)

          ഇങ്ങനെ ഏതു കഥയും ചില പൊരുളുകളുടെ ഉപദർശനത്തിന് ഉതകുമാറ് പ്രപഞ്ചനം ചെയ്ത്, ഗ്രന്ഥകർത്രി തന്നിലെ അധ്യാപന ധർമ്മത്തെ ഗൗരവപ്പെടുത്തുന്നു. എല്ലാം ഉദാഹരിക്കാൻ ഒക്കുകയില്ലല്ലോ.  എങ്കിലും സമകാലിക സാംഗത്യം കുടുതലുള്ള സുരഭിയുടെ കഥ ഒന്നു സൂചിപ്പിക്കട്ടെ. എല്ലാ മക്കളും തനിക്കു തുല്യം, എന്നാലും ദീനാവസ്ഥയിൽ പെട്ടവനോടു ദയ ഏറും എന്ന് ആ സ്വർലോകധേനു ഒരിക്കൽ ഇന്ദ്രന് വെളിപ്പെടുത്തിയതാണ് സന്ദർഭം. ഇന്ദ്രൻ ആ പീഡിതനായ മകന് പൊറുതിയുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.  ഇതിൽ നിന്ന് ടീച്ചർ മനുഷ്യവംശം എന്നെന്നും ഓർക്കേണ്ട ഒരു വലിയ തത്ത്വം നിർധരിക്കുന്നു.പ്രകൃതി മാതാവ് പ്രബലനു മാത്രം സംരക്ഷണം കൊടുക്കുന്നവളല്ല”. ഇതു പിന്നെയും നീളുന്നു “…ദുർബലരായ മാനവസന്തതികളെ പീഡിപ്പിക്കാൻ ഇന്നത്തെ പ്രബലരായ രാഷ്ട്രങ്ങൾക്ക് അവകാശം പതിച്ചു കൊടുത്തിട്ടില്ല നിയതി.” (പുറം 625-6)

          പുരാണങ്ങളിലെ സ്ത്രീ കഥാപാത്രങ്ങൾക്കെടുക്കുന്ന പ്രഥമ ദൃഷ്ടാന്തം ദേവി എന്ന മഹാത്മാവിന്റേതാണ്. പരമദൈവശക്തിക്ക് പുരുഷസ്വരുപമാണ് പാശ്ചാത്യമായ മതദർശനങ്ങളിൽ ഉള്ളതെങ്കിൽ, ഭാരതീയാബോധചേതസ്സിൽ സ്‌ത്രൈണാകാരത്തിൽ അതു നിലനിന്നു പോന്നു. (പുറം 653) എന്ന ഉപക്രമത്തോടെ ആരംഭിക്കുന്ന പ്രസ്തുത പഠനം ആദിരൂപസംബന്ധിയായ അന്തർവീക്ഷണത്തോടെ വിപുലമായ മാനം ആർജിക്കുന്നു. സന്ധ്യാവലിയെക്കുറിച്ചുള്ള പഠനത്തിലാവട്ടെ, ഒരറ്റത്ത് ഇടശ്ശേരിയുടെ പുതപ്പാട്ടിന്റെയുംമറ്റേ അറ്റത്ത് ബൈബിളിലെ പുത്രബലിയുടെയും നടുക്കു പ്രതിഷ്ഠിച്ചു  പെരുമപ്പെടുത്തിക്കൊണ്ടാണ് പൊരുളു വിശദമാക്കുന്നത്.  (പുറം 678-82).

          സംസ്‌കൃതസാഹിത്യത്തിലെ മുഖ്യനാടകങ്ങളിലും മഹാകാവ്യങ്ങളിലും സ്ത്രീ വ്യക്തിത്വങ്ങൾ എങ്ങനെ സ്വരൂപിക്കപ്പെട്ടിരിക്കുന്നു എന്നതിനെ മുൻനിർത്തിയാണ് ഭാരതസ്ത്രീയുടെമൂന്നാം ഭാഗം. മുഖ്യമെന്നു വിശേഷിപ്പിക്കാനേ ഒരുപക്ഷേ സംശയം ഉണ്ടാക്കിയേക്കാവുന്നതാണല്ലോ മാളവികാഗ്നിമിത്രം‘.  അതു സാരമില്ല, ടീച്ചർ മാളവികഎന്ന ശീർഷകം ഒരു നിമിത്തം മാത്രമാക്കി മാറ്റിക്കൊണ്ട് അതിനു കീഴെ ആ നാടകത്തെയും അതുവഴി കാളിദാസനെയും പഠിക്കുന്നു.  എന്നല്ല, പിന്നാലെ സ്വന്തം സങ്കല്പം കൊണ്ട് ഒ.എൻ.വി.സൃഷ്ടിച്ച ഉജ്ജയിനിചർച്ചയ്‌ക്കെടുക്കുന്നു. പോരാ, അതിലെ ചില ഘടനകൾക്കോ കല്പനകൾക്കോ ചില സഹൃദയർ ശങ്കിക്കുന്ന അനുപപത്തികൾക്കു സമാധാനവും കൊടുക്കുന്നു.

          രഘുവംശത്തിലെ ഇന്ദുമതി, സുനന്ദ എന്നിവരുടെ അനന്വയത്വം അതിലവസാനിപ്പിക്കാതെ അജവിലാപത്തിലേയ്ക്കു നീളുന്നതും ഇതേ പ്രവണതയ്ക്കുള്ള വേറെ നിദർശനമാവാം. രഘുവംശത്തിലെ സീത എന്ന ശീർഷകത്തിനു താഴെ നമുക്കു ലഭിക്കുന്നതും യഥാർത്ഥത്തിൽ ആ സാധ്വിയുടെ വ്യക്തിത്വത്തിന്റെ വിശകലനം മാത്രമല്ല, പതിനാലാം സർഗ്ഗത്തിലെ പല പദ്യങ്ങളുടെയും ഹൃദയത്തിലേയ്ക്കു വീഴുന്ന വെളിച്ചം തന്നെയാകുന്നു. മാരാരുടെ ഏതാനും പ്രക്ഷിപ്തകല്പനകളുടെ അയുക്തികത ഇവിടെ അപഗ്രഥിക്കുന്നു.  ഒപ്പം, രാമന്റെ രാജ്യലോഭം പത്‌നീസ്‌നേഹത്തെ കാടുകേറ്റി എന്നു സ്ഥാപിക്കുന്നതിൽ അദ്ദേഹം കാട്ടുന്ന ആവേശവും അയുക്തികതയെ ഖണ്ഡിക്കുമ്പോഴാകട്ടെ, ടീച്ചരുടെ സ്വരം അടക്കിപ്പിടിച്ച അമർഷം സ്ഫുരിക്കുമാറ്  തീക്ഷ്ണമാവന്നതും സൂക്ഷിക്കേണ്ടതുണ്ട്.  (പുറം 768) തുടർന്ന്, മാരാരുടെ ഒരു വ്യാഖ്യാനത്തിലെ കുസൃതി എടുത്തു കാട്ടുന്നു, കൊള്ളരുതായ്മയ്ക്കു നേരെ അമ്പു തൊടുക്കുന്നു. (പുറം 769)

          ഗാർഹസ്ഥ്യത്തെ സംബന്ധിച്ചുള്ള പാപബോധം അഭാരതീയവും അപകർഷത്വബോധം അനാർഷവുമാണ്” (പുറം 773) എന്നു സ്ഥാപിക്കുന്നു കാളിദാസന്റെ കുമാരസംഭവത്തിന്റെ സംശോധനം.  ശാരീരികം, മാനസീകം, ആത്മീയം എന്നീ ശക്തികളിലെല്ലാം ഒരുപോലെ പുരുഷതുല്യയാണ് സ്ത്രീ എന്നും (പുറം 781) ഇതിന്റെ മറുവശം വേണം മനസ്സിരുത്തുക. ഈ ശക്തികൾ സ്പഷ്ടമാക്കിയ പാർവ്വതി, സപ്തമഹർഷിമാർ പരമശിവന്റെ വിവാഹപ്രാർത്ഥന അറിയിക്കുന്ന സന്ദർഭത്തിൽ ആ പഴയ പെൺകുട്ടിയായി, ലജ്ജാവിവശയായ പേലവാംഗിയായി, കളിത്താമരപൂവിന്റെ ഇതളുകളെണ്ണിക്കൊണ്ടു നിന്നു! തപസ്വിനിയിൽ നിന്നും രാഗിണിയായ കുമാരിയിലേക്കുള്ള രൂപാന്തരപ്രാപ്തി എത്ര ഹൃദ്യമാക്കിത്തീർത്തിരിക്കുന്നു കവി! സ്ത്രീത്വത്തിന്നുള്ള ഈ രണ്ടു ശക്തികളും – ശാരീരികവും ആത്മീയവും – സമന്വയിപ്പിച്ചു പ്രതിഷ്ഠ നടത്തിയ കഥാപാത്രമാണ് കാളിദാസന്റെ ഗൗരി.(പുറം 782)

          നാലാം ഭാഗം ഇതിഹാസ പുരാണകഥാപാത്രങ്ങൾ എങ്ങനെ മലയാള സാഹിത്യത്തിൽ അവതിരിക്കുന്നു എന്നതിന്റെ അനുസന്ധാനമാണ്. പല വിശദാംശങ്ങളും പരമൃഷ്ടമായ്കയില്ല. എഴുത്തച്ഛന്റെ കിളിപ്പാട്ടിൽ ദേവയാനി, ശർമ്മിഷ്ഠ, ശകുന്തള  എന്നിവർക്കു കിട്ടുന്ന വ്യക്തിത്വം ; ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥയിൽ ദമയന്തി നേടുന്ന നിസ്തുലത – ഒക്കെ ഉജ്ജ്വലമായി ഉപന്യസിച്ചിരിക്കുന്നു. എന്നാലും, പൂർവ്വ ഭാഗങ്ങളുമായി ഒത്തു നോക്കുമ്പോൾ ഈ നാലാംഭാഗത്തിന് ഗ്രന്ഥപൂർത്തി എന്നൊരു ലക്ഷ്യത്തിൽ ഒതുങ്ങേണ്ടി വരുന്നില്ലേ എന്നു പേടി! നമ്പ്യാരുടെ കുറേ തുള്ളലുകൾ ഇഴപേർത്തശേഷം ടീച്ചർ എഴുതുന്നു. “..ഇത്തരം കൃതികൾ വിമർശിക്കാൻ കുട്ടികൃഷ്ണമാരാർ പുറപ്പെടാതിരുന്നത് സ്ഥാലീപുലാകന്യായേന ഒറ്റ നിദർശനം കൊണ്ട് സർവവിമർശനം സാധിക്കുമെന്ന് കരുതിയിട്ടാവാം.” (പുറം 826) ആ കരുതലിൽ പൊരുളുണ്ടെന്നു പറയട്ടെ.

          ഏതായാലും ഇതിനെത്തുടർന്നാണല്ലോ മലയാളത്തിലെ ആധുനിക സാഹിത്യത്തിൽ സ്ഥാനം പിടിക്കുന്ന ഇതിഹാസ പുരാണപാത്രങ്ങളെ പഠിക്കാൻ തുനിയുന്നത്.  അവിടെ വിശേഷിച്ചും ആശാന്റെ ചിന്താവിഷ്ടയായ സീതയുടെ പരിശോധനയിൽ, ഗ്രന്ഥം സ്വന്തം പ്രൗഢിയ്ക്ക് പ്രബല്യമിയറ്റുന്നു. ചില പ്രസക്ത പഠിതാക്കൾ പരിപൂർണമായ തൃപ്തിയോടെ ഉയർത്തുന്ന പക്ഷങ്ങൾ നിഷ്പ്രയാസം ഛേദിക്കുന്നുണ്ട്.  എന്നെ സംബന്ധിച്ചിടത്തോളം അതല്ല ഈ ഖണ്ഡത്തിന്റെ പ്രൗഢി.  പിന്നെയോ, കാവ്യത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ചില ശ്ലോകങ്ങൾ ആസ്വാദനത്തിന്റെ അനുഗൃഹീത ഹസ്തത്താൽ തഴുകുന്നു എന്നതത്രേ.  (പുറം 912-13, 914, 915, 919) ആകപ്പാടെ നാടേ സൂചിപ്പിച്ചത് ആവർത്തിക്കട്ടെ: മലയാളത്തിലെ ഈ മഹിതകാവ്യത്തിന്റെ സൂക്ഷ്മ പഠനത്തിനു സിദ്ധിക്കുന്ന അസ്സൽ ശിക്ഷണസാമഗ്രിയാണിത്.

          തുറന്നു പറയട്ടെ: ഏതാനും ദിവസമെടുത്തു ഞാനീ ഗ്രന്ഥത്തിന്റെ പാരായണത്തിന്. ഒരുപക്ഷേ രചനയ്ക്ക് ടീച്ചർ എടുത്തിരിക്കാവുന്നതിൽ ഏറെ! എന്നാലും ഒട്ടും ചേതം തോന്നുന്നില്ല. പല വ്യഗ്രതകളിലേയ്ക്ക് ആവശ്യത്തിനോ, അനാവശ്യത്തിനോ ചിതറുക പതിവാക്കിയ നമ്മിൽ പലർക്കും ഇത്തരമൊരു ബൃഹദ്ഗ്രന്ഥത്തിന്റെ സന്നിധിയിൽ ഇടവേളകളില്ലാതെ സ്വയം സമർപ്പിക്കാൻ സാധിച്ചോളണം എന്നില്ല.  രാമായണഭാരതാദികളുടെ വായനയ്ക്ക് അനുഷ്ഠാനത്തിന്റെ പരിവേഷത്തോടെ വാരമോ മാസമോ ഒക്കെ നീക്കി വെയ്ക്കുക എന്ന ഏർപ്പാട് നമുക്ക് അപരിചിതമല്ലല്ലോ. ഭാരതസ്ത്രീയുടെ വായനയ്ക്കും അത്തരം വല്ല ചിട്ടയും ആലോചിക്കാവുന്നതത്രേ. അങ്ങനെ അനൈകാഗ്ര്യത്തോടെ വായിച്ചാലും, നമ്മെ വശീകരിക്കുന്ന എന്തോ ചൈതന്യം ഇതിന്റെ താളുകളെ വ്യാപിച്ചു നിൽക്കുന്നു.  എന്റെ അനുഭവം ഏറ്റു പറയാം: വൈചാരിതകയ്ക്കു മുൻതൂക്കം നൽകിക്കൊണ്ടാണ്, അതിനു വൈഷ്മ്യമുണ്ടെങ്കിലും, ഞാനീ വലിയ കൃതി വായിക്കാൻ മുതിർന്നത്.  എന്നിട്ടും അവിടവിടെ വൈകാരിതയ്ക്ക് അധീനനായി എന്നതത്രേ വസ്തുത. കൂട്ടത്തിൽ ഏറ്റവും മുന്തിയ ഒന്ന് ധൃതരാഷ്ട്രരോടും ഗാന്ധാരിയോടുമൊപ്പം കുന്തി നടത്തിയ വനയാത്രയും തുടർന്ന് പാണ്ഡവർക്കനുഭവപ്പെട്ട വ്യാകുലതയും അവതരിപ്പിക്കുന്ന സന്ദർഭമാണ്. അവിടെ സഹദേവന്റെ ഉദ്വേഗവുമായി സന്ധിച്ചപ്പോൾ (പുറം 421-2) എനിക്കു ശരിക്കും കണ്ണുനിറഞ്ഞു. എന്റെ അമ്മ മരിച്ചിട്ടു കൊല്ലം തികഞ്ഞു കഴിഞ്ഞിരുന്നില്ല എന്ന സ്ഥിതി വിശേഷം ഇതിനു ഹേതുവായിട്ടുണ്ടാവാം. എന്നാൽ യഥാർത്ഥ ഹേതു, ആ പ്രകരണം ആവിഷ്‌കരിച്ച ഇതിഹാസ കവിയുടെ മിടുക്കും അതിന്റെ അന്വാഖ്യാനത്തിൽ ലീലാവതിട്ടീച്ചർ അവലംബിച്ച മൃദുത്വവും തന്നെ.

 

Comments

comments