ഒക്കെയായാലും, “മന്ത്രദർശന സിദ്ധിയിലോ ജ്ഞാനത്തിലോ സ്ത്രീകൾ പുരുഷൻമാരോടൊപ്പം ഉയർച്ചയുള്ളവരായിരുന്നില്ല” എന്നുമുണ്ട് നിരീക്ഷണം. “സ്ത്രീകളുടെ മന്ത്രദർശനം സുലഭമല്ല, വിരളമാണ്” (പുറം 163) അഥവാ, പുരുഷൻമാരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ലല്ലോ എന്നു ടീച്ചർ ന്യായമായും അനുമാനിക്കുന്നു. യൗവ്വനത്തിൽ പത്‌നി,ഗൃഹിണി, മാതാവ് എന്നീ നിലകളിൽ സ്ത്രീ സ്വത്വത്തിന്നു സ്‌നേഹാദരങ്ങൾ ലഭിച്ചു പോന്നു എന്നത്രേ ഋഗ്വേദകാലത്തെ അവസ്ഥയുടെ ചുരുക്കം( പുറം 163-5).

          ഇനി വരുന്നത് ഈ ഗ്രാഫിന്റെ ഗാഢമായ ഇറക്കം തന്നെ. പെൺകുട്ടി പിറക്കരുതേ എന്നു പ്രാർത്ഥിക്കുന്നവരുടെ കാലം അഥർവവേദത്തിൽ ആരംഭിക്കുന്നു. പിറന്നാൽ പുറംതള്ളുന്ന ക്രൂരാചാരം അടയാളപ്പെടുന്നില്ല അത്രയും ആശ്വാസം (പുറം 165-6).

          ബ്രാഹ്മണങ്ങളിലേയ്ക്ക് കടക്കുമ്പോഴോ പുത്രന്റെ സ്ഥാനം കയറുന്നു. പുത്രിയുടേത് ഇറങ്ങുന്നു. സ്ത്രീ അന്തഃപുരത്തിലേയ്ക്ക് പതുക്കെ ഒതുക്കപ്പെടുന്നതു തൊട്ട് ഈ ഇറക്കത്തിനു പല തെളിവുകളും ലഭിയ്ക്കുന്നു.  ഗണികകൾ സമുഹവ്യവസ്ഥിതിയിൽ സ്ഥാനം പിടിക്കുന്നു. അവിവാഹിതകളായ അമ്മമാരെ എങ്ങനെ നേരിട്ടിരുന്നു തീർച്ചപോരാ. അവരുടെ കുട്ടികൾ ആദ്യമൊന്നും ക്രൂരതയ്ക്ക് ഇരയായില്ല. എന്നാൽ ക്രമത്തിൽ അത്തരമൊരു നീചൻ‘, യാഗപരിസരത്തു കാണായി എന്ന കുറ്റത്തിന് മരുഭൂമിയിലേയ്ക്ക് നിഷ്‌കാസിതനാവുന്നു. സരസ്വതീനദിയിലെ തീർത്ഥജലത്തിന് അനർഹനായ അവൻ ദാഹിച്ചു ചാവട്ടെ എന്നു നിസ്സന്ദേഹമാണ് വിധി! ഈ നിഷ്ഠൂരതയാവാം സരസ്വതീ നദി ഭൂഗർഭത്തിലേയ്ക്ക് ഉൾവലിയാൻ  നിമിത്തം എന്നു ടീച്ചർ നിരീക്ഷിക്കുന്നു. എന്തോ ആവട്ടെ, ഇത്തരം കഥകൾ ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇടം നേടിയല്ലോ എന്നാകുന്നു ടീച്ചറുടെ നിശ്വാസം (പുറം 178-9).

          സ്മൃതികളിലെ സ്ഥിതിയോ, വ്യഭിചാരത്തോട് ഒട്ടാകെ വിട്ടുവീഴ്ച കാട്ടിയിരുന്നുപോലും. വേശ്യ  ചില വ്യവസ്ഥകൾക്ക് അടിപ്പെട്ടാലും, ഒരാവശ്യമായി നിലനിന്നു പോന്നു. വ്യവസ്ഥകൾ കണിശം: “യോനിയല്ലാത്ത അവയവത്തിലൂടെയാണ് ഭോഗത്തിന്നു സ്ത്രീയെ വിധേയയാക്കിയതെന്നു തെളിഞ്ഞാൽ 24 പണം പിഴ ഒടുക്കണം”! ( പുറം 184).

          കുലീനകളോടും സ്മൃതി പുലർത്തിപ്പോന്നതു ക്രൂരത തന്നെ എന്ന അഭിപ്രായത്തിന് അടിസ്ഥാനം ന സ്ത്രീ സ്വാതന്ത്ര്യമർഹതിഎന്ന പ്രസിദ്ധമായ പ്രമാണമാണെങ്കിൽ, ടീച്ചർക്ക് അതിനോട് ആനുകൂല്യമില്ല. ആ സ്മൃതിവാക്യം ഒന്നിലധികം സന്ദർഭങ്ങളിൽ താൻ വ്യാഖ്യാനിക്കുന്നതു സ്വാർത്ഥകമാണ്.

             ഉപനിഷത്തുകൾ സ്ത്രീയെ ആദരിച്ചതായി ഊഹിക്കേണ്ടിയിരിക്കുന്നു. ടീച്ചറുടെ വാക്യം ഉദ്ധരിക്കട്ടെ: “ദാർശനിക ചർച്ചകളിൽ പുരുഷനോടൊപ്പം മുന്നേറുന്ന സ്ത്രിയുടെ പ്രഭാവപൂർണമായ ദൃശ്യങ്ങളുള്ള ബൃഹദാരണ്യകോപനിഷത്തിന്റെ കാലം ഇന്ത്യാ ചരിത്രത്തിലെ തേജഃപുർണമായ ഘട്ടങ്ങളിലൊന്നാണ്” (പുറം 188). വിപുലമായ ഈ ഗ്രന്ഥത്തിൽ ടീച്ചർ ഏറ്റവും മനസ്സു തെളിഞ്ഞ് എഴുതിയ വാക്യം ഇതായിരിക്കും എന്നു ഞാൻ വിചാരിക്കുന്നു. വിദുഷിയായിരിക്കണം മകൾ എന്ന് ഇച്ഛിക്കുന്ന ജനയിതാക്കൾ അന്നുണ്ടായി എന്നത് ടീച്ചർ ചാരിതാർത്ഥ്യത്തോടെ രേഖപ്പെടുത്തുന്നു. “ആയിരത്താണ്ടുകൾക്കു മുമ്പ് ഗാർഗിയെപ്പോലെ ഒരു ബ്രഹ്മവാദിനിയെ സൃഷ്ടിച്ച ഭാരതം, കുലസ്ത്രീകൾക്കു വിദ്യാഭ്യാസം ആവശ്യമില്ല എന്ന് വിധിക്കുന്ന അവസ്ഥയിലേയ്ക്ക് നിപതിച്ചുപോയ”തിലെ അത്ഭുതവും രേഖപ്പെടുത്താതിരിക്കുന്നില്ല. (പുറം 197)

          ഈ ഗാർഗിയുടേതിനൊപ്പം മൈത്രേയിയുടേതുകൂടി നടത്തിയാൽ പൂർത്തിയാകാവുന്നതേയുള്ളൂ ഇവിടെ ഗ്രന്ഥ പ്രമേയം ആവശ്യപ്പെടുന്ന ആഖ്യാനം. പക്ഷേ ടീച്ചറുടെ പരിചരണം ഈ പ്രകരണത്തിൽ മറ്റൊരു വിതാനത്തിലേയ്ക്കു വികസിക്കുന്നു. എങ്ങനെ വികസിക്കാതിരിക്കും: അന്നത്തെ ഗാർഗിയുടെയും മൈത്രേിയിയുടെയും ആത്മവത്തയ്ക്ക് നമ്മുടെ കാലത്തു ലഭിച്ച നവജന്മമായി ലീലാവതിടീച്ചറെ ഗണിക്കാമല്ലോ. അതിനാൽ, ശ്രദ്ധിച്ചു ഗ്രഹിക്കണം എന്ന പ്രത്യേക നിർദ്ദേശത്തോടെ യാജ്ഞവല്ക്യൻ മൈത്രേയിക്കു നൽകിയ തത്ത്വോപദേശം പിഴയ്ക്കാതെ വ്യാഖ്യാനിക്കൽ തന്റെ നിയോഗമായി ടീച്ചർ എടുക്കുന്നു. “ഭർത്താവിന്റെ കാമത്തിനു വേണ്ടിയല്ല ഭർത്താവു പ്രിയനായിരിക്കുന്നത്, ആത്മാവിന്റെ കാമത്തിനായിട്ടാണ്” എന്ന് ആരംഭിയ്ക്കുന്ന വിശ്രുതമായ ആ പംക്തി ലൗകികമായ അർത്ഥത്തിലേ പലരും ധരിക്കാറുള്ളൂ എന്നത്രേ ടീച്ചറുടെ വിചാരം. ടീച്ചർ അതിന്റെ ലാക്ഷണികാർത്ഥം വിസ്തരിക്കുന്നു. ആത്മാവിന്റെ അഗാധതകളിലേയ്ക്കു വേരൂന്നിയ ഏത് കാമവും ഇച്ഛയും വെറും ലൗകികമായ തലത്തിൽ വിരമിക്കുകയില്ല. ആത്മാർത്ഥംഎന്ന പദം നാം പരക്കെ ഉപയോഗിക്കുന്നു. അതിന്റെ വ്യാപ്തി പക്ഷേ ആലോചിക്കാറില്ല. അവനവൻഎന്നു പരിഭാഷപ്പെടുത്തുമ്പോൾ അതിന്റെ അർത്ഥം അപചയപ്പെടുന്നു. ടീച്ചർ അതു ശരിക്കു നജപ്പെടുത്തുന്നു. എന്നല്ല, ടീച്ചർക്കു മാത്രം പറ്റുന്നവിധം എന്നു പറയട്ടെ, ബാലാമണിയമ്മയുടെ ഒരു വരി (“തീവ്രമായിച്ഛിപ്പതു പരകാര്യത്തിന്നെങ്കിൽക്കൈവരാതൊരാളില്ല” – വിശ്വാമിത്രൻ എന്ന കവിത) നമ്മുടെ നിനവിൽ ഉണർത്തുകയും ചെയ്യുന്നു.

          ബുദ്ധമതകാലഘട്ടത്തിലെ ഥേരിമാരെ തുടർന്ന് പരിചയപ്പെടുത്തുന്നു. ബുദ്ധഭിക്ഷുക്കൾ സ്ഥവീരർ: അതിന്റെ സ്ത്രീലിംഗം സ്ഥവിരിതദ്ഭവം ഥേരിയും.  അപ്പോൾ ബുദ്ധഭിക്ഷുകിമാരെ ഉദ്ദേശിക്കുന്നു ഈ സംജ്ഞ. ഥേരി ഗാഥകളിലെ ഒട്ടേറെ നായികമാർ ഈ ഖണ്ഡത്തിൽ പരാമൃഷ്ടരാവുന്നു. ഇവരിൽ ചിലർ മലയാള സാഹിത്യത്തിൽ വിശേഷിച്ചു വിഖ്യതരാണല്ലോ. കൂട്ടത്തിൽ കരുണയിലെ വാസവദത്തയെ സംക്ഷിപ്തമായി സ്പർശിക്കുന്നതേ ഉള്ളൂ.  എന്നാൽ ചണ്ഡാലഭിക്ഷുകിയിലെ മാതംഗിയെ അങ്ങനെ സ്പർശിച്ചതിന്നു പിറകേ, സച്ചിദാനന്ദന്റെ ബോധവതിയുടെ സാമാന്യം വിസ്തൃതമായ അപഗ്രഥനത്തിലേയ്ക്കു പ്രവേശിക്കുന്നു. ദളിതവർഗം ആത്മബോധത്തിലൂടെ ഉയിർത്തെഴുന്നേൽക്കുന്നതിന്റെ അവതരണമായി ആ കാവ്യത്തിന്റെ പൊരുള് ടീച്ചർ തിരിച്ചറിയുന്നു. ആനന്ദിന്റെ അംബപാലിയുമതേ, പുതിയ കാലഘട്ടത്തിലെ സമസ്യയോടിണക്കി പുനർവായന നടത്തുന്നു. (പുറം 212-15)

          ഏതും ടീച്ചരുടെ സ്വക്ഷേത്രം തന്നെ. എങ്കിലും സാഹിത്യത്തിന് ആ സ്ഥാനം ഏറെ ചേരുമല്ലോ.  എങ്കിൽ, താൻ സ്വക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ചതിന്റെ ലാഘവം രണ്ടാം ഭാഗം തൊട്ട് തികച്ചും പ്രകടമാണ്.  ഇതിഹാസങ്ങളിലേയും പുരാണങ്ങളിലേയും സ്ത്രീകളെ പഠിയ്ക്കാൻ നീക്കി വച്ചിരിക്കുന്നതത്രേ ഈ ഭാഗം.

          രാമായണത്തിലെ പാത്രങ്ങളെ പലരും പലപാടു വ്യാഖ്യാനിച്ചിട്ടുണ്ടല്ലോ. ലീലാവതിട്ടീച്ചറും ലോപമേതും കൂടാതെ ഈ ധർമ്മം നിർവ്വഹിക്കായ്കയില്ല. ഇവിടെ സ്ത്രീ കഥാപാത്രങ്ങൾ എന്നൊരു സീമ കല്പിച്ചിട്ടുണ്ട് എന്നു മാത്രം. വിശകലനങ്ങൾക്കിടയിൽ ചിലപ്പോൾ ആ സീമ വിസ്മരിക്കുകയും ചെയ്യും. അത്തരം വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഇവിടെ ഇടമില്ലല്ലോ. ഏതായാലും ഒരംശം എടുത്തു പറയാതെ വയ്യ.  ഊർമ്മിളയെ ഋഷികവി മൗനത്തിന്റെ ഇരുട്ടിൽ ഒതുക്കിയിരിക്കയാണല്ലോ. ഈ ഇരുട്ടിലേയ്ക്ക് തിളങ്ങുന്ന ഒരു കിരണം തിരിച്ചു വിടാൻ ഒരു മലയാളകവി മറന്നില്ല. ഒരു രാമായണരംഗംഎഴുതിയ സുഗതകുമാരി (ദേവദാസി എന്ന സമാഹാരം) അവർ അതു മറക്കാതിരുന്നത് എത്രത്തോളം പ്രധാനമാണോ അത്രത്തോളം തന്നെ പ്രധാനമാണ് സന്ദർഭവശാൽ ആ കവിത സ്പർശിക്കാൻ ലീലാവതിടീച്ചർ മറക്കാതിരുന്നും (പുറം 228.)  സന്ദർഭവശാലുള്ള സ്പർശനമേ ഈ പ്രകരണത്തിൽ പ്രസക്തമാവൂ. എങ്കിലും പിറകേ, ഇതിഹാസ പുരാണകഥാപാത്രങ്ങൾ ആധുനിക മലയാളകവിതയിൽ എന്ന അവസാന ഭാഗത്ത് സുഗതകുമാരിയുടെ പുനരാവിഷ്‌ക്കാരങ്ങളെ

Comments

comments