വിലയിരുത്തുന്ന പ്രകരണത്തിൽ ഒരു രാമായണരംഗംസവിസ്തരം വീണ്ടുവിചാരത്തിനെടുക്കുന്നു. ലക്ഷ്മണൻ തന്റെ നിവേദനത്തിനു ചെവിതരിക പോലും ചെയ്യാതെ തിടുക്കത്തിൽ രാമന്റെ പിന്നാലെ വനവാസത്തിന് ഇറങ്ങിത്തിരിച്ചതോടെ ലോകമെല്ലാം നിശ്ചലമാവുക എന്നതായിരന്നു ഊർമ്മിളയ്ക്കു നേരിട്ട അനുഭവം. നിമിഷം കൊണ്ടു നിത്യവിരാഗിണിയായിക്കഴിഞ്ഞ അവൾ തുടർന്ന് പാഴിൽ നിലത്തു വലിച്ചെറിഞ്ഞുള്ള താൻ പാവന പ്രേമം കുനിഞ്ഞെടുക്കാൻ പോലും നിൽക്കാതെ, എവിടെ എന്നു നിശ്ചയിക്കാനാവാത്തവിധം, അന്തർധാനത്തിന്റെ  അനുഗ്രഹം നേടുകയാണ്. ഇത്ര ഊഷ്മളമായ ഒരു രചനയെ ലീലാവതിടീച്ചർക്കുണ്ടോ വിഗണിക്കാനാവുന്നു! അഗാധമായ സജ്ജീകരണത്തിന്റെ മാത്രമല്ല, ആർദ്രമായ സംവേദനത്തിന്റെ കൂടി സാക്ഷ്യമത്രേ ഇവിടെ നമുക്ക് ലഭിയ്ക്കുന്നത്.

          ഊർമ്മിളയെ ഓർക്കാൻ ഒരു ടാഗോറുണ്ടായി, മലയാളത്തിൽ ഒരു സുഗതകുമാരിയും. സുമിത്രയുടെ നില ഇതിലും ദയനീയമാണ് എന്നു തോന്നുന്നു. “രാമം ദശരഥം വിദ്ധി…” എന്ന പ്രസിദ്ധമായ  ശ്ലോകത്തിലൂടെ, വിടവാങ്ങുന്ന ലക്ഷ്മണന് ഹിതോപദേശം പകർന്ന ആ പാവം അമ്മയെ, പ്രസ്തുത ശ്ലോകത്തിന്റെ അർത്ഥ പ്രസ്തരത്തിന്നിടയ്‌ക്കെങ്ങാനും തൊട്ടാലായി – അത്രമാത്രം.  പക്ഷേ ടീച്ചർ ഈ നിസ്തുലമായ വ്യക്തിത്വത്തെ നിഷ്‌കർഷയോടെ പഠിക്ക തന്നെ ചെയ്യുന്നു. (പുറം 245-52)

          സീതയെ ടീച്ചർ ആഴത്തിൽ പരിശോധിക്കും എന്നത് അനുക്തസിദ്ധം. ഈ പഠനം പല വിതാനങ്ങളിൽ ചൊരിയുന്ന വെളിച്ചം ഭാരതസ്ത്രീയിലൂടെ കടന്നു പോവുന്ന ഭാവുകനു കൈവരാവുന്ന ഏറ്റവും മികച്ച വിഭവമാണ് എന്ന് ആ അംശം സംഗ്രഹിക്കാനേ എനിക്ക് ആവതുള്ളൂ. ഒന്നു കൂടി; ആ അംശം മാത്രമെടുത്ത് ഒറ്റയ്‌ക്കൊരു പുസ്തകമായി പ്രസിദ്ധീകരിക്കുന്നത് ഉചിതമാവും. പിന്നാലെ ആശാന്റെ ചിന്താവിഷ്ടയായ സീതയെക്കുറിച്ചുള്ള പഠനവും അതിലേയ്ക്ക് ഇണക്കാവുന്നതാണ്. ആ സീതയുടെ ഖേദം, ക്ഷോഭം- അതിലൊക്കെയേ ആളുകളുടെ ദൃഷ്ടി പ്രായേണ പതിഞ്ഞിട്ടുള്ളൂ. അവയെ അധഃകരിച്ചു കൊണ്ട്, ആ സാധ്വി സാക്ഷാൽക്കരിക്കുന്ന പാകവും ടീച്ചർ സമജ്ഞസമായി പരിശോധിക്കുന്നു. വല്ലാത്ത ഒരന്ത്യമാണല്ലോ സീത സ്വീകരിക്കുന്നത്. അതിന്റെ തേജസ്സ് ടീച്ചർ തിരിച്ചറിയാതിരിക്കുന്നില്ല. ഈഡിപ്പസ് സ്വന്തം കണ്ണു സ്വയം കുത്തിപ്പൊട്ടിച്ച് അന്തർധാനം ചെയ്യുന്ന വിശ്രുതരംഗം സ്മരിച്ചു കൊണ്ടുള്ളതത്രേ ടീച്ചറുടെ വിധി. “അതു പോലും ഈ രാമായണരംഗത്തിനു കീഴെ നിൽക്കുകയേ ഉള്ളൂ” (പുറം 324) എന്നിട്ടും അത്തരമൊന്നിന്റെ നാടകീയ ദീപ്തി അറിഞ്ഞുകൊണ്ട് ത്യജിച്ച് ആശാൻ സീതയുടെ മനസ്സിലെ ആർദ്രതയുടെ തിരി നീട്ടുകയാണ് എന്നാകുന്നു ടീച്ചർ സ്വരൂപിക്കുന്ന നിഗമനം. ഇത് ഒരു ജ്ഞാപകം; താരതമ്യനിരീക്ഷണങ്ങളിലൂടെയും തന്റേടം വഴിയുന്ന അനേകം നിഗമനങ്ങളിലൂടെയും ചേതോഹരമാണ് ചിന്താവിഷ്ടയായ സീതയെ മുൻ നിർത്തിയുള്ള ഖണ്ഢം. ഈ രണ്ടു പ്രകരണങ്ങളും ചേരുന്ന പ്രത്യേകമൊരു പഠനത്തിന് വലിപ്പം കൊണ്ടു മാത്രമല്ല (64+32പുറം), തിളക്കം കൊണ്ടും വ്യതിരിക്തമായ പ്രതിഷ്ഠ ലഭിച്ചോളും. പുറമേ, നമ്മുടെ സാഹിത്യ വിദ്യാർത്ഥികൾക്ക് വിശ്വസിച്ച് ഉപജീവിക്കാവുന്ന ഒരു ശിക്ഷണസാമഗ്രിയും.

          മഹാഭാരതത്തിലേയ്ക്ക് കടക്കുന്നതോടെ ഗ്രന്ഥത്തിന്റെ പാരായണസുഖം ഗണ്യമായി കനക്കുന്നു.  അല്ലെങ്കിലും ഇത്ര പെരുത്ത ഒരു ഗ്രന്ഥത്തോട് അനുവാചകന് ഉണ്ടായേക്കാവുന്ന ഉദാസീനതയ്‌ക്കെതിരെ ടീച്ചറെടുത്തിട്ടുള്ള ജാഗ്രത ആഖ്യാനത്തിലെ സ്വാച്ഛന്ദ്യം തന്നെ. പ്രസന്നവും പ്രവാഹക്ഷമവുമായ ശൈലയിലാണ് ഏതു പ്രകരണത്തിന്റെയും അവതരണം. ഈ കലാതന്ത്രം കൂടുതൽ സുപരിക്ഷിതമാവുന്നു, മഹാഭാരതം പരിചരിക്കുമ്പോൾ. മാരാരുടെ ഭാരതപര്യടനംഇവിടെ സ്മരിച്ചു പോവുന്നതു സ്വാഭാവികം.  മാരാരെ ഇണക്കുന്നതിന്റെയും എതിർക്കുന്നതിന്റെയും നിർദ്ദേശങ്ങൾ ധാരാളം. എന്നാലും ഒട്ടാകെ ഭാരതപര്യടനത്തിൽ അദ്ദേഹം അവലംബിച്ച ആഖ്യാനമാതൃക ടീച്ചറെ സ്വാധീനിച്ചിരിക്കും എന്നു സങ്കല്പിക്കാനത്രേ എനിക്കിഷ്ടം. മാരാരുടെ മുറുക്കം ഒരുപക്ഷേ ഇവിടെ ഉദ്ദിഷ്ടമല്ല. കുറേക്കൂടി മൃദുത്വം ആഖ്യാനത്തിൽ ഒഴുകിക്കൂടുന്നു. അദ്ദേഹം വിട്ടു കളഞ്ഞ അനേകം സന്ദർഭങ്ങളിലേയ്ക്ക് ഊർന്നിറങ്ങുന്നു. പുതിയ ധാർമ്മിക സമസ്യകൾ ഉന്നയിക്കാൻ ഈ ഇറക്കം ഉതകുന്നത് ഇരിക്കട്ടെ. ആഖ്യാനത്തിന് സവിശേഷമായ സൗഭാഗ്യമിയറ്റുന്നു എന്നതത്രേ ഏറെ സംഗതം. അനുവാചകനെ ഒപ്പം കൊണ്ടു പോകുന്ന ആഖ്യാനം, ഇടയ്‌ക്കൊന്നു തിരിഞ്ഞു നിന്ന് ഏതെങ്കിലും ഘടനയുടെ അപഗ്രഥനം, അതുവഴി എക്കാലത്തും പ്രസക്തമായ ചില പൊരുളുകളുടെ ആവേദനം – ഇപ്രകാരം ഒരു ഘടനയാണ് ടീച്ചർ അവലംബിച്ചു കാണുന്നത്.  മഹാഭാരതത്തിൽ താൻ ഒന്നാമതായി ഇഴവിടർത്തുന്ന സത്യവതിയുടെ ഉപാഖ്യാനം തന്നെ ഈ ഘടനയുടെ സാഫല്യത്തെ ഉദാഹരിക്കുന്നു. 

          കുന്തിയെക്കുറിച്ചുള്ള ഉപാഖ്യാനത്തിൽ, ഈയിടെയായി ഉണരുന്ന ദളിതബോധത്തിന്റെ ഉത്തേജനം കൊണ്ട് എന്നുദ്ദേശിക്കേണ്ടതില്ല, ടീച്ചറുടെ ഉന്നിദ്രത കൊണ്ടു തന്നെ, ഒരു ധർമ്മപ്രശ്‌നം ഉന്നയിക്കുന്നു.  അരക്കില്ലത്തിൽ നിന്ന് ആ അമ്മയും അഞ്ചു മക്കളും രക്ഷപ്പെടുന്നത്, അവർ അഗ്നിയ്ക്ക് ഇരയായി എന്ന ധാരണ പരത്താൻ പാകത്തിൽ, ഒരു നിഷാദസ്ത്രീയും അഞ്ചു മക്കളും കിടന്നുറങ്ങുന്ന ആ ചതിപ്പുരയ്ക്കു തീ കൊളുത്തിക്കൊണ്ടാണല്ലോ. അതോ വിളിച്ചു വരുത്തി ആഹാരം കൊടുത്ത് വിശ്വാസം വളർത്തി, ആ വിശ്വാസത്തിന്റെ വിരിപ്പിൽ ഉറങ്ങുമ്പോൾ ഈ നെറികേടിന്റെ പ്രത്യാഘാതമാവില്ലേ, പിന്നീട് കുരുക്ഷേത്രയുദ്ധം കലാശിച്ചന്നു രാത്രി പാണ്ഡവർ മക്കളുമൊത്ത് പടകുടീരത്തിൽ തളർന്നുറങ്ങവേ അശ്വത്ഥാമാവു നടത്തിയ നിഷ്ഠൂരമായ ഹത്യ? അതിനിരയായതോ, പാഞ്ചാലിയുടെ അഞ്ചുമക്കളും.  കർമ്മം അതിന്നു തക്ക ഫലത്തെ പെട്ടെന്നോ പിറകെയോ ആനയിക്കാതിരിക്കയില്ല എന്നത് ഈ ഗ്രന്ഥത്തിൽ ഉടനീളം ടീച്ചർ ഉയർത്തിക്കാട്ടുന്ന അടിസ്ഥാനപ്രമാണമാകുന്നു. നിഷാദരെ നിസ്സാര ഭാവത്തിൽ എരിച്ചു കളഞ്ഞതും അശ്വത്ഥാമാവിന്റെ നിർദയമായ തിരിച്ചടിയും ഇണക്കി ചിന്തിക്കരുതേ എന്നു ടീച്ചർ ചോദിക്കുന്നു. “ധർമ്മത്തിന്റെ നിഗുഢരഹസ്യങ്ങളാരായുന്നത് രണ്ടാം പ്രകൃതിയായിത്തീർന്ന കുട്ടികൃഷ്ണമാരാർ പോലും” (പുറം 408) അങ്ങനെ ചെയ്തില്ലല്ലോ എന്ന ചൊടിയോടെ . ഇത്തരം ഒരു പാടു പുതിയ സ്ഫുലിംഗങ്ങൾ ഉജ്ജ്വലിപ്പിക്കുന്നു എന്നതത്രേ ടീച്ചറുടെ പുനരാഖ്യാനത്തിന്റെ സിദ്ധി. അഥവാ, മഹാഭാരതം പോലെ അനന്തസാധ്യതകളുള്ള ഇതിഹാസം ഒരു മനീഷി ആവർത്തിച്ചു വായിക്കുന്നതിന്റെ ഉപലബ്ധി ഇങ്ങനെത്തന്നെ ആവണമല്ലോ.

          മിക്ക ഖണ്ഡങ്ങളും പുതിയ ഉൾക്കാഴ്ചകളെ പ്രചോദിപ്പിക്കുന്നവതന്നെ. പാഞ്ചാലിയെക്കുറിച്ചുള്ളത് ഏറ്റവും ദീർഘമായ ഒന്നാണ് (95 പുറത്തോളം).  ഉത്പത്തികഥയിലെ പ്രതീകാത്മകത തൊട്ട് തുടങ്ങുന്നു അന്വേഷണം.  തീയിൽ മുളച്ച ഈ നായിക തുടരെ വെയിലുകൾ താങ്ങാൻ വിധിക്കപ്പെട്ടവളാണല്ലോ.  എന്നിട്ടും വാട്ടം തട്ടാതെ തേജസ്സ് കാത്തു താൻ കാത്തതിനേക്കാൾ നിർണ്ണായകം, സത്യധർമ്മാദികളുടെ പേരിൽ അലസതയെ ആദർശവൽക്കരിക്കാൻ

Comments

comments