സംബന്ധിച്ചിടത്തോളം ലീലാവതിയെ ഒഴിവാക്കി വായിക്കുക അസാധ്യമാണ്. നിരൂപണവും സാഹിത്യചരിത്രവും സിദ്ധാന്തവിശകലനവും അവർ നിരന്തരം എഴുതി. ഒറ്റയടിക്കു പറഞ്ഞാൽ സാഹിത്യത്തെ വിശകലനം ചെയ്യൽ. പക്ഷേ ഇവിടെ ഉയരുന്ന ചോദ്യം മുകളിൽ പറഞ്ഞ വിദൂഷി / ബുദ്ദിജീവികളുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകൾ കാര്യമായി പ്രവേശിക്കാതിരുന്ന ഒരു ബൗദ്ധിക മേഖലയിൽ നീണ്ടകാലം തന്റെ പ്രതിഭയുമായി പോരാടി, വിമർശന എഴുത്തിൽ തന്നെ സമർപ്പിച്ച ഒരു സ്ത്രീയെ എങ്ങനെയാണ് നാം നോക്കികാണേണ്ടത്? വിമർശനമെന്നത് സാമ്പ്രദായികമായി വിലയിരുത്തുന്നത് സാഹിത്യത്തിന്റെ ഗുണദോഷങ്ങൾ വിശകനം ചെയ്ത് നല്ലതും ചീത്തയും വേർതിരിക്കുന്ന പ്രക്രിയയാണ്, വിജ്ഞാന വിശകലനമാണ്. അവിടെ എഴുത്തുകാരുടെ മുകളിൽ നിൽക്കുന്ന മാർഗദർശിയോ വിലയിരുത്തുകാരിയോ ആകുന്ന വിമർശക. സാധാരണ പുരുഷന്മാർ വാണ ആ ഗുരുസ്ഥാനത്താണ് ലീലാവതി ഇരുന്നത്. പെൺബുദ്ധി പിൻബുദ്ധിയാവുകയല്ല മറിച്ച് മുൻബുദ്ധിയാവുകയാണ്. സ്ത്രീവാദ ചിന്തകളും ആശയങ്ങളും എഴുത്തിൽ വന്നില്ലെങ്കിലും എഴുത്തിലെ സ്ഥാനവും സാന്നിധ്യവും സമർപ്പണവും കൊണ്ട് എഴുത്തിന്റെ ദിശയെ നിർണയിക്കുന്ന, നിർവചിക്കുന്ന പ്രക്രിയയിൽ ഇടപെട്ട് നിരന്തര സാന്നിധ്യമായി സ്ത്രീയുടെ ഇടം ഉറപ്പിക്കുകയാണ് ലീലാവതി. അമ്പതുകളും സൈദ്ധാന്തിക ആശയപ്പോരാട്ടങ്ങൾ ഏറെ ഉളവായ എഴുപതുകളും പിന്നീട് ഉത്തരാധുനികതയിലും ലീലാവതി നിരൂപകയായി തുടരുന്നു. തൊണ്ണൂറിനടുത്ത് പ്രായമെത്തിയിട്ടും അവർ എഴുത്തിൽ വളരെ സജീവമായിരിക്കുന്നു. മലയാളത്തിൽ ഇത്തരത്തിൽ വിഭിന്നവും വൈവിധ്യമാർന്നതുമായ കാലത്തിലൂടെ സഞ്ചരിച്ച വിമർശകനില്ലെന്നു പറയാം. പല നിരൂപകരുമാകട്ടെ തങ്ങളുടെ സൈദ്ധാന്തിക കാഴ്ചപ്പാടുകൾ ചോദ്യം ചെയ്യപ്പെടുന്നതോടെ കളം ഒഴിയുകയാണ് പതിവ്. വിമർശക പ്രതിഭയായ കെ.പി.അപ്പൻ പോലും ഉത്തരാധുനികതയുടെ പ്രളയത്തിൽ ഒലിച്ചു പോയി. അപ്പോഴും ലീലാവതി എഴുതി ഉത്തരാധുനികയെക്കുറിച്ചും.
4
സാധാരണമായ നിരൂപണത്തിൽ നിന്ന് ഭിന്നമായ ലീലാവതിയുടെ ചില പുസ്തകങ്ങൾ വളരെ ശ്രദ്ധേയമാണ്. കവിതയും ശാസ്ത്രവും (1969), ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ (1993), ദിശാബോധം സാഹിത്യനിരൂപണത്തിൽ (2000), ഫെമിനിസം (2000). തലക്കെട്ടു തന്നെ സൂചിപ്പിക്കുന്നു അവയുടെ വൈവിധ്യം. സാധാരണ എഴുത്തുകാർ തങ്ങളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ഓരോ സംഗതികളെയും വിശകലനം ചെയ്യുന്നത്. പലപ്പോഴും ഇതൊരു പരിമിതയാവുകയും ചെയ്യും. മാറുന്ന കാലത്ത് തങ്ങളുടെ ചിന്തകൾക്കു ഇടം കിട്ടാതാവുമ്പോ പലരും എഴുത്തു തന്നെ വിടും. ലീലാവതിയെ നോക്കിയാൽ പ്രായം കൂടുന്തോറും അവരുടെ ചിന്തയ്ക്കും എഴുത്തിനും മൂർച്ചയും വൈവിധ്യവും കൂടുകയാണെന്നു കാണാം. സാഹിത്യനിരൂപണത്തിന്റെ ചിട്ടകളും മറ്റും വെടിഞ്ഞ് ആഴമുള്ള ഗവേഷണപരതയിൽ വൈജ്ഞാനിക ഇടപെടൽ നടത്തുന്നത് ഇക്കാലത്താണ്. അതിന്റെ അടയാളമാണ് ഈ പുസ്തകങ്ങൾ. ഇതിൽ കവിതയും ശാസ്ത്രവും എന്ന കൃതി ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയും അതെങ്ങനെ സാഹിത്യത്തിൽ വായിക്കപ്പെട്ടു എന്ന പ്രശ്‌നവും വിവരിക്കുന്നു. പാശ്ചാത്യ സാഹിത്യത്തിലും ഭാരതീയ സാഹിത്യത്തിലും ആഴത്തിലുള്ള അന്വേഷണമാണ് അവർ നടത്തുന്നത്. മലയാളത്തിൽ ഇത്തരത്തിലൊരു വായന വേറിട്ടു നിൽക്കുന്നുവെന്നു പറയാം. ആദിപ്രരൂപങ്ങളെക്കുറിച്ചുള്ള പഠനം അവരുടെ ശാസ്ത്രത്തോടുള്ള ആഴമുള്ള ബന്ധം കുറിക്കുന്നതാണ്. മനഃശാസ്ത്ര വിശകനത്തിന്റെ സാധ്യതയും സാമുഹിക ബന്ധങ്ങളും സാഹിത്യവും ഇവിടെ പരിശോധിക്കപ്പെടുന്നു. തികച്ചും പണ്ഡിതോചിതമായിട്ടാണ് അവരുടെ വിശകലനം പ്രവർത്തിക്കുന്നത്. ഉത്തരാധുനിക സാഹിത്യ ചിന്തകളുടെ വരവ് പല നിരൂപകരെയും അസ്വസ്ഥരാക്കിയെങ്കിലും ലീലാവതി അതിലേക്കു പ്രവേശിക്കുകയാണ് ദിശാബോധം സാഹിത്യ നിരൂപണത്തിൽ എന്ന കൃതിയിൽ. ഉത്തരാധുനികതയിലെ മിക്ക ചിന്തകരെയും വളരെ ആഴത്തിൽ അവർ വിവരിക്കുന്നു ഇവിടെ. തന്റെ പാണ്ഡിത്യത്തെ വളരെ ഉന്നതനിലയിൽ തന്നെ ഇവിടെ ഉപയോഗിക്കുന്നു. ഫെമിനിസം ജീവിതത്തിൽ ഉപയോഗിക്കുന്നില്ലെന്നു പറയുമ്പോൾ തന്നെ അതിനെ സൈദ്ധാന്തികമായി വിശകനം ചെയ്തു കൊണ്ട് മലയാളത്തിലെ സ്ത്രീവാദത്തിന്റെ ചരിത്രത്തിൽ കണ്ണി ചേരുകയാണ് ടീച്ചർ. ഈ പുസ്തകങ്ങളുടെ വൈവിധ്യമാണ് ടീച്ചറുടെ ബുദ്ധിജീവിതത്തിന്റെ ആഴവും ശക്തിയും . വിജ്ഞാനത്തെ പലനിലകളിൽ തന്റെ എഴുത്തിലേക്കും അതിലൂടെ സമുഹത്തിലേക്കും കൊണ്ടു വരികയും ആശയസമരത്തിന് കളമൊരുക്കുകയും ചെയ്യുക എന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്.
ലീലാവതിയുടെ എഴുത്തുകൾ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. പാണ്ഡിതോചിതമായി അവരത് നിർവഹിക്കുകയും ചെയ്യുന്നു. മലയാളത്തിൽ മറ്റൊരു നിരൂപകന് ഇതുപോലെ ഒരെഴുത്തു ജീവിതം ഇല്ലെന്നുറപ്പായി പറായം. എന്നാൽ അവരുടെ പല പുസ്തകങ്ങളും വാദങ്ങളും ഇനിയും ചർച്ച ചെയ്യപ്പെടേണ്ടതായിട്ടാണിരിക്കുന്നത്. ബുദ്ധിജീവി, പണ്ഡിത മുതലായ ആൺനിർവചനങ്ങളെ ചോദ്യം ചെയ്തു കൊണ്ട് ബുദ്ധിജീവിയുടെ പുതിയൊരു രാഷ്ട്രീയം അവരുടെ എഴുത്തു ജീവിതം അവതരിപ്പിക്കുന്നു. വാർദ്ധക്യത്തിലും തളരാത്ത മനീഷയും പൊൻപേനയും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് മലയാളി ബുദ്ധിജീവിതം.
അടിക്കുറിപ്പ്
1. മൈക്കൾ തരകന്റെ മലയാളിയെ സാക്ഷരരാക്കിയത് ആരാണ് തുടങ്ങിയ ലേഖനങ്ങൾ.
2. കേരളീയ ആധുനികതയുടെ ലിംഗപരമായ വിശകലനത്തിന് ജെ.ദേവികയുടെ പഠനങ്ങൾ കാണുക.
3. ലീലാവതിയുടെ ജീവിതകഥ അവരുടെ അശ്രുപൂജ എന്ന കാവ്യഗ്രന്ഥത്തിൽ നിന്നുവായിക്കാം.
പുസ്തക സൂചി
ലീലാവതി എം. – 2001, അശ്രുപൂജ, നാഷനൽ ബുക്സ്റ്റാൾ, കോട്ടയം
2005 കവിതയും ശാസ്ത്രവും, സാഹിത്യ അക്കാദമി, തൃശ്ശൂർ
ദേവിക.ജെ.(എഡി) 2001ൽ കൽപ്പനയുടെ മാറ്റൊലി, ശാസ്ത്ര സാഹിത്യ പരിഷത്ത്
സാഹിത്യ പഞ്ചാനൻ 1995 സാഹിത്യ പഞ്ചാനനന്റെ കൃതികൾ (വാല്യം മൂന്ന് ) , കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്, തിരുവനന്തപുരം.
ഉള്ളൂർ പരമേശ്വരയ്യർ, വിജ്ഞാന ദീപിക, ഒന്നാം ഭാഗം.
Be the first to write a comment.