[button color=”” size=”large” type=”square_outlined” target=”” link=””]ചെമ്പോല ഒന്ന് : കേക[/button] വയസ്സ്കാലത്തെ തോന്നാക്കേടെന്നെ  കരുതേണ്ടതുള്ളൂ. മറിച്ച് കരുതിയാലും വിരോധമുണ്ടായിട്ടല്ല. ക്ണാശ്ശീരിക്കാരൻ  നാപ്പുണ്ണി മാഷ്‌ ഏ.ആർ. തമ്പുരാൻ രചിച്ച  ‘വൃത്തമഞ്ജരിയിൽ’ ചില തെറ്റുകൾ തിരുത്തുകയും പല പരിഷ്ക്കാരങ്ങൾ വരുത്തുകയും ചെയ്തു. ആയത് ഭാഷാസമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന് ദില്ലിയിൽ  പോകാൻ കെട്ടും കിടക്കയും മുറുക്കി.chepped-1-1-1
“വേണ്ടാതീനത്തിന് മുതിരാതെ വീട്ടിലടങ്ങിയിരിക്കിൻ…..”  ഭാര്യയും  കുട്ടികളും സന്ധുബന്ധുക്കളും ആവുംമട്ട്  പറഞ്ഞിട്ടും മാഷ്‌ കൂട്ടാക്കിയില്ല.
“റിട്ടയർമെന്റിനു ശേഷം ഒരു പ്രേമവും – പ്രത്യേകിച്ച് ഭാഷാപ്രേമം തീരെ  നന്നല്ല…” സഹവൃദ്ധൻമാർ  ഗുണദോഷിച്ചതും ഏശിയില്ല.
‘ദുരന്തൊ’ എക്സ്പ്രസ്സിന്റെ താളം, ഭാരതപ്പുഴയുടെ മീതെ ഷൊർണ്ണൂർ  പാളങ്ങൾ വഴി ദില്ലിക്ക് വെച്ച് പിടിപ്പിക്കുമ്പോൾ മറ്റൊരു നായരുടെ വരികൾ നാപ്പുണ്ണിയുടെ ഉൾച്ചെവികളിൽ മുദ്രാവാക്യമായി:
‘തരിക്കില്ലാ മനം തെല്ലും
തിരിക്കാ  രണഭൂമിയിൽ
മരിക്കും ഞാൻ നിനക്കായ്
മംഗളാദർശ  ദേവതേ…’

chepped-1-222കേരള ഹൌസിലായിരുന്നു നാപ്പുണ്ണിക്ക്  ഊണും ഉറക്കവും ഏർപ്പാടാക്കിയിരുന്നത്. സമ്മേളനം തുടങ്ങാൻ ഒരു ദിവസം കൂടിയുണ്ട്. കുളി കഴിഞ്ഞ്‌, ഭസ്മം വരച്ച്, മുഴുക്കയ്യൻ ജുബ്ബക്ക് മീതെ മേൽമുണ്ടിട്ടപ്പോൾ സായാഹ്ന സവാരിക്കിറങ്ങിയാൽ  നന്നായിരിക്കുമെന്ന്  നാപ്പുണ്ണി മാഷ്ക്ക് പൂതിയിളകി. മുറി പൂട്ടി, അന്യഭാഷക്കാരോടൊന്നും  ഉരിയാടാതെ മാഷ്‌ നനുക്കനെ കേരള ഹൌസിന്  പുറത്ത് കടന്നു. കന്നിക്കോണ്‍ നോക്കി നടക്കാൻ തുടങ്ങി. കോണാത്തിടത്തിലെ  മൂന്ന് ട്രാഫിക്ക് റൌണ്ടുകൾ വലം വെച്ച് തീർന്നില്ല; അതിന്‌ മുൻപ്‌ നാപ്പുണ്ണിയുടെ വള്ളുവനാടൻ ദിശാബോധം ചിതറി. അഷ്ടദിക്കുകൾ കോണാട്ട് പ്ലേസിൽ കുഴ മറിഞ്ഞു.

എവ്വിധമെങ്കിലും റൂമിൽ തിരിച്ചെത്തിയാൽ മതിയെന്നായി. അശോക  റോഡിന്റെ വക്കിൽ ദിഗ്ഭ്രമം ബാധിച്ച് നിൽക്കുമ്പോൾ മാഷ്‌ chepped-1-333ഭാര്യയേയും കുട്ടികളെയും  ഓർത്തു. പറഞ്ഞത് കേട്ടാൽ മതിയായിരുന്നു. ഇനിയിപ്പോൾ ഈ റോഡെങ്ങനെ മുറിച്ച് കടക്കും? ഗണിച്ച് നോക്കിയാൽ രാഹ്വാപഹാരത്തിലെ  സ്വഛിദ്രകാലമാണ്. സഞ്ചാരകഷ്ടനഷ്ടം, വാഹനഭയം, മിഥ്യാപവാദം, ജീവഹാനി …. പോരാത്തതിന് കണ്ടകശ്ശനി; കൊണ്ടേ പോകൂ …. നാപ്പുണ്ണിയുടെ കണ്ണിൽ വെള്ളം നിറഞ്ഞു. പാതയിൽ പല മാതിരി വണ്ടികൾ പരക്കം പായുന്നു. പത്രസാഹിത്യത്തിലെ ചീറുന്നവയും  ചീറാത്തവയും എമ്പാടും കാണ്‍മാനുണ്ട്.  ബജാജ് കബ്ബിലേറി വരും സന്തുഷ്ട കുടുംബങ്ങളിൽ  രണ്ട്   കായ്കൾ ഒരേ ഞെട്ടിലുണ്ടായ ശ്ലേഷം. മാരുതീമാലോപമ. ഇടംവെച്ചാലും വലംവെച്ചാലും മറുകണ്ടം  ചാടുന്ന പോത്തിൻകുട്ടികൾക്ക് ‘ദൃഷ്ടാന്ത’മായി ഓട്ടോറിക്ഷകൾ. റെഡ് ലൈൻ ബസ്സിന്റെ ആഭാസരൂപകം. സഡൻ  ബ്രേക്കിന്റെ വ്യാക്ഷേപകം.

ഉപസർപ്പിണി വൃത്തത്തിൽ വളഞ്ഞ് നീണ്ട് പിരിഞ്ഞ് പോകുന്ന പാതകളിലെ വാഹനപ്പെരുപ്പം നോക്കി നാപ്പുണ്ണി ഉള്ളുരുകി പ്രാർത്ഥി ച്ചു: ” ൻറെ  പര്യാനംപറ്റ മുത്ത്യെ …. എങ്ങിനെയെങ്കിലും ഈ ഏടാകൂടം മുറിച്ച് കടന്ന്  കേരള ഹൗസിലെത്തിക്കാൻ വഴി കാട്ടണേ … നാട്ടിലെത്തിയാലുടൻ നൂറ്റൊന്ന് വെടി …” നാപ്പുണ്ണി  മാഷ്‌ വലങ്കാൽ വെക്കാനാഞ്ഞു.

‘ഉപേന്ദ്രവജ്രക്ക് ജതംജഗംഗം’  എന്ന വേഗത്തിൽ ഒരു ലംബോർഗിനി പാറി വന്നു.  മാഷ്‌ ഇരട്ടിവേഗത്തിൽ പുറകോട്ട് ചാടി . ‘ നനയുഗമെട്ടിൽ തട്ടണം മാലിനിക്ക്’ എന്നായി  മെഴ്സിഡസ്  ബെൻസ്‌- ഇ ക്ലാസ്സ്‌ ഹോണുകൾ. അതാ വരുന്നു രഥോദ്ധതഛന്ദസ്സിൽ ബി.എം .ഡബ്ലിയു. തൊട്ട്  പുറകെ, അരഞ്ഞാണം  കോർത്തത് പോലുള്ള രശനോപമയിൽ  തണ്ടർബേഡ് സ്റ്റോമിൽ  രൂപകല്പന ചെയ്ത ട്രയംഫ്  ബൈക്കുകളിൽ ഏതാനും നിയോ-നാസി- പങ്ക് ചുള്ളന്മാർ ചെരിഞ്ഞു ചെത്തി.  155 സി സി സുസുകി ജിക്‌സറിന്റെ പരമ്പരിത രൂപകം  അഞ്ചു  നിറങ്ങളിൽ നിറഞ്ഞാടി. ചേർച്ചയില്ലാത്തിടത്തെല്ലാം ചേർച്ചയുണ്ടെന്നു തോന്നുന്ന അസംബന്ധാതിശയോക്തിയിൽ യമഹ, ഹോണ്ട  ട്രിയർ ഇത്യാദി  സ്പോർട്ട് മോട്ടോർ  ബൈക്കുകൾ  നിയമലംഘനം നടത്തി. മറ്റൊന്ന് ഓർത്തതിനാലും ഭ്രമിച്ചതിനാലും സന്ദേഹിച്ചതിനാലും സ്മൃതിമാൻ, ഭ്രാന്തിമാൻ, സസന്ദേഹം എന്നീ കാവ്യാലങ്കാരങ്ങളിൽ വാഹനപ്പുക ഉയർന്നു. ചമത്ക്കാരം തീരെ തൊട്ടു തീണ്ടാതെ സൂര്യൻ അസ്തമിക്കാൻ പുറപ്പെടുകയാണ്. നട്ടപ്പാതിരക്ക് എരുവെട്ടി വയലിൽ വരമ്പറിയാത്തവനെപ്പോലെ മാഷ്‌ പകച്ചു. ഈ  കനത്ത പൊല്ലാപ്പിൽ നിന്നും തുഴഞ്ഞ് മറുകര പറ്റാനാകുമോ?

രണ്ട് വർണ്ണങ്ങൾ ചേരുമ്പോൾ ഒന്ന് നഷ്ടപ്പെടുന്ന കൊണോത്തിടത്തിലെ ലോപസന്ധിയിൽ അത്യന്ത സാദൃശ്യങ്ങളാൽ അത് താനല്ലയോ ഇത് എന്ന് വർണ്ണിക്കാനാവാത്ത ആശങ്ക പെരുകി. ‘അർത്ഥാപത്തിയിതോ പിന്നെ ചൊല്ലാനില്ലെന്ന യുക്തി’യിൽ നിസാൻ ടെറാനൊ ‘എൻ  വഴി തനി വഴിയിൽ’ പാടി പോകുന്ന ത്രിസന്ധ്യയിൽ.

നാപ്പുണ്ണിയെ സംബന്ധിച്ചിടത്തോളം ആദ്യത്തേയും അവസാനത്തേയും മഹാകവിയായ തുഞ്ചൻ മാലോപമകളിൽ നിബന്ധിച്ച ജീവിതത്തിന്ടെ ക്ഷണഭംഗുരത ആ  വഴിക്കവലയിൽ അത്യന്തം വ്യക്തമായി:
‘പാന്ഥർ   പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾപോലെയു-
മെത്രയും ചഞ്ചലമാലയസംഗമം’

ഏതായാലും നാപ്പുണ്ണിയിൽ ഉളവായ ആത്മമഥനങ്ങളും വികാരഭേദങ്ങളുടെ തരംഗവിക്ഷോഭങ്ങളും അധികം നീട്ടി നീട്ടി എഴുതുന്നില്ല.chepped-1-444 ദൂരെ, ട്രാഫിക്  സിഗ്നലിൽ ജ്വലിക്കുന്ന തൃക്കണ്ണിനെ നോക്കി നാപ്പുണ്ണി മുക്കണ്ണനെ സ്മരിച്ചു. പൊടുന്നനെ ഒരു ഗതാഗതനിയമം തെളിഞ്ഞു. മാഷ്‌ മുണ്ട് കുടഞ്ഞു  മുറുക്കിയുടുത്തു. ജൂബ്ബയുടെ കയ്കൾ ആവുന്നത്ര തെറുത്തു വെച്ചു. മേൽമുണ്ട് അരയിൽ വലിച്ചു കെട്ടി. കണ്ണുകൾ ഇറുക്കെ പൂട്ടി. പിന്നെ, രണ്ടും കല്പിച്ച് കേകയുടെ ലക്ഷണം ഉറക്കെ ചൊല്ലി റോട്ടിലേക്കിറങ്ങി.
മൂന്നും രണ്ടും… (അതിവേഗം മൂന്നടി വലത്തോട്ട്‌ ; ബഹുദൂരം രണ്ടടി എങ്ങോട്ടെങ്കിലും …)
രണ്ടും മൂന്നും ….(ഒറ്റക്കാലിൽ രണ്ടുചാട്ടം പുറകോട്ട് ; മറ്റെക്കാലിൽ മൂന്ന് ചാട്ടം മുന്നോട്ട് …) രണ്ടും രണ്ടെന്നെഴുത്തുകൾ. ( രണ്ടു ഓതിരം തിരിച്ചിൽ; ഒരു കടകം മറിച്ചിൽ..)
പതിന്നാലിന്നാറു ഗണം….(പതിന്നാലിനെ ആറ് കൊണ്ട് ഹരിച്ചു ശിഷ്ടം മാത്രയിൽ നെട്ടോട്ടം…)chepped-1-555
പാദം രണ്ടിലുമൊന്നു പോൽ… (കാലടികൾ  രണ്ടും ചേർത്ത് വെച്ച് ഒറ്റച്ചാട്ടം..)
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും…. (ഈശ്വരാ, അതിനിനി എന്ത് ചെയ്യും! )
നടുക്കു യതി…. ( അശോകാ റോഡിന്റെ നടുക്ക് ചെന്നെത്തി നാപ്പുണ്ണി ശ്വാസം വിട്ടു. ഉടുമുണ്ടും മേൽമുണ്ടും പോയാലെന്ത്?)

പാദാദി പൊരുത്തമിതു കേ………

പാദാദി പൊരുത്തം ലഭിക്കും മുൻപ്‌ നാപ്പുണ്ണിയും ഓടി വന്ന ‘ഓഡി’യും
കാര്യകാരണങ്ങൾ ഒരുമിച്ചു സംഭവിക്കുന്ന ‘അക്രമാതിശയോക്തി’ യിൽ ഒന്നിക്കുകയും നാപ്പുണ്ണി തൽക്ഷണം ഇഹലോകവാസം വേണ്ടെന്നു വെക്കുകയും ചെയ്തു.

[button color=”” size=”large” type=”square_outlined” target=”” link=””]ചെമ്പോല രണ്ട് : ഊമപ്പേച്ചിന്റെ പാണിനീവ്യാകരണം.[/button]
നാപ്പുണ്ണിയുടെ  നിലവിളി ‘ക’ യിലായിരുന്നെന്നും അതല്ല, ഉക്തഛന്ദസ്സിലായിരുന്നുവെന്നും  തർക്കം നടക്കുന്നുണ്ട്. ഇനിയെങ്കിലും ദ്രാവിഡവൃത്തങ്ങളുടെ മ്ലേച്ചത്വം മനസ്സിലാക്കിയാൽ നന്നായിരിക്കുമെന്ന് പുത്രകാമേഷ്ടിയിലുണ്ടായ മൂന്ന് കവികൾ കുറ്റിപ്പുറത്ത്‌  വട്ടമിട്ടിരുന്നു വെറ്റിലച്ചെല്ലത്തിൽ സംസ്കൃതമായി താളം പിടിച്ചു. ഇക്കാവമ്മയുടെ വൃത്തം ഭേദിച്ച അധുനാധുന ഭാവബോധത്തിലേക്കാണ് നാപ്പുണ്ണിമാരുടെ ട്രാഫിക് മരണങ്ങൾ വിരൽ വീണ്ടും ചൂണ്ടുന്നതെന്നു ഒരു സൈബർ കവി ഉദ്ധരിച്ചു. അയാളുടെ അച്ഛൻ ഊന്നുവടി ഓങ്ങുകയും ‘ എഭ്യ, നിന്നെ കൊണ്ട് പറ്റുമെങ്കിൽ  ക്ണാശ്ശീരി  മലയാളത്തിനു പുത്തൻ ശൈലീവിജ്ഞാനീയം എഴുതെടാ..’ എന്ന് ചീത്ത വിളിക്കുകയുമുണ്ടായി.

ഡി.ടി.സി. (ദൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ), ഡി.ഓ.ടി. (ഡിപ്പാർട്മെൻറ് ഓഫ് ടെലികമ്മ്യുണിക്കേഷൻ), ഭായി ( ഭാഷയിൻസ്റ്റിറ്റുട്ട്) എന്നിവയുടെ ആഭിമുഖ്യത്തിൽ വെണ്ണീറിൽ നാലുകുടം വെള്ളം വീഴ്ത്തി മരണം  കഴിഞ്ഞുള്ള പതിനാറിന് അടിയന്തരമായി ചർച്ച ചെയ്തത്:  ‘ട്രാഫിക് ചിഹ്നശാസ്ത്രത്തിലെ വ്യാകരണ പിശകുകൾ.’. ചർച്ചയിൽ,  ‘ലിഖിതമോ ഭാഷണമോ പ്രാഥമികം?’ എന്ന ദെരിദിയൻ വിഘടനവാദമുയർത്താൻ ശ്രമിച്ച ക്ണാശ്ശീരി ഘടനാവാദാനന്തര ചിന്തകൻ സോസ്യൂർ ശീമോനെ  ദേശസ്നേഹികൾ  അതിർത്തികടക്കും വരെ ഓടിച്ചിട്ട് തല്ലിയതു കഷ്ടമായിപ്പോയി. എന്നിരുന്നാലും, പാണിനീ സൂത്രങ്ങളുടെ പൌരാണിക കാചങ്ങളിലൂടെ കമ്പ്യൂട്ടർ ഫസി  ലോജിക്കിന്റെ  ആഴക്കിണറുകളിലേക്ക് നോക്കുന്ന എം. ഐ. ടി സിംഹങ്ങൾ നാപ്പുണ്ണിയുടെ മരണം ഗൗരവാവഹമെന്നു  തല കുലുക്കിയതായി ഐ.ബി.എം റിപ്പോർട്ട് ഉണ്ടത്രേ.

റിപ്പോർട്ട്  വായിച്ച്, ക്ണാശ്ശീരിയുടെ മുറ്റങ്ങളിൽ , ക്ലാസ്സിൽ മലയാളത്തിൽ വർത്തമാനം പറഞ്ഞതിനു ഹെഡ് മിസ്ട്രസ് തല മൊട്ടയടിച്ചു വിട്ട നവസാക്ഷര കുഞ്ഞുങ്ങൾ ഊമപ്പേച്ചിൽ ചിരിക്കുന്നു.

[button color=”” size=”large” type=”square_outlined” target=”” link=””]ചെമ്പോല മൂന്ന്: ക്ണാശ്ശീരി സാംസ്‌കാരികവിമർശത്തിലെ ഇട്ടിനാനിസം[/button]
ഇട്ടിയാരെന്നു ചോദിച്ചു
ഇട്ടിനനാനെന്നു ചൊല്ലിനേൻ
ഇട്ടി കേട്ടഥ കോപിച്ചു!
ഇട്ടിനാനെ പൊറുക്കണേ.
പുലകുളിക്കു ശേഷം  നാൽപ്പത്തൊന്ന്  ദിവസം നീണ്ടു നിന്ന സംവാദവിവാദപ്രവാദപ്രഘോഷങ്ങളുടെ മാമാങ്കമായിരുന്നു  നീറേങ്കലിൽ അരങ്ങേറിയത്. ക്ണാശ്ശീരിയുടെ  സാംസ്കാരിക തലസ്ഥാനമായ നീറേങ്കലിന്റെ ഇടവഴികളിൽ  പ്രത്യേകിച്ച്  പണിയും തൊരവുമില്ലാതെ  തേരാപാരാ നടക്കുന്ന ഇട്ടിനാൻ മരണാന്തരചടങ്ങുകളുടെ നേതൃത്വം  ഏറ്റെടുക്കുകയും പ്രത്യയശാസ്ത്രപരമായി ഇടപെടാൻ ശ്രമിച്ച് ഇടയിൽ പെടുകയും ചെയ്തു.

chepped-1-6666ജ്ഞാനപിണ്ഡം വെച്ച പാട്ടെഴുത്തുകാർ, നോബേൽ  വെടിക്കെട്ടിന് പോയി ഡയനാമിറ്റ് പൊട്ടി മീശയും പുരികവും  കരിഞ്ഞ് പോയ മഹാകാവ്യവ്യാവസായികസംരഭകർ , സൈബർ  സാഹിത്യത്തിനു പേരും സ്വരൂപവും സ്ഥാനവും കൽപ്പിച്ച് കൊടുക്കാൻ വിർച്വൽ നിരൂപണത്തിൽ വെളിച്ചപ്പെടുന്ന നാരായണൻകുട്ടി, കോമുട്ടി മുതലായ  ചെറുവാല്യക്കാർ,  വാഗ്ദേവിയോട് ദുർവാശിയോടെ മല്ലിടുന്ന ഫേസ്ബുക്ക്‌ കുട്ടിത്തരങ്ങൾ, പൊതുവഭിരുചിയെ പ്രീണിപ്പിക്കുന്ന നിലവാരത്തിലെഴുതി വിലാസചേഷ്ടകൾ തൊടുക്കുന്ന സൈബർ- ഫെം മധ്യവയസ്കകൾ, അന്യാപദേശ നിരാശാഭരിത  ബ്ലോഗെഴുത്തുകാർ, അജീർണ്ണവും മലബന്ധവും കൈമുതലായുള്ള  ഈരടിക്കാവിയധുരന്ധരന്മാർ, അറുമൂഢന്മാരായ  ‘അരാഷ്ട്രീയ’ വാദികൾ, സ്വശരീരത്തിൽ ഭ്രമിച്ച് അത് തന്നെ നോക്കിയിരുന്ന്,  സെൽഫിയിൽ പ്രതിബിംബിച്ച് കണ്ട നാർസിസ്റ്റിക് ആത്മനാശമടിഞ്ഞു പ്രാണൻ പോകാറായ വിരൂപക- സിനിമാനിരൂപകർ …..ഇക്കൂട്ടരേർപ്പെട്ട വാക്ക് കൊണ്ടുള്ള യുദ്ധത്തിൽ നടക്കാത്ത അധർമ്മമൊന്നും ബാക്കിയില്ല. ‘ശ്ലഥകാകളിയോ ശ്ലഥഗൂഗിളിയോ ‘ എന്ന ചർച്ചയിൽ, മെനോപാസ് അടുത്ത ഒരു ഫെമ്മി പറഞ്ഞ അല്പം വാക്കുകൾ ഭയങ്കരമെന്നേ പറയാനാവൂ!

സാഹിത്യസംഗീതനാടകാദി മണ്ഡലങ്ങളിൽ കൈനടത്തുന്നവർക്കിടയിലെ ഇണക്കൂത്തുകൾ നക്രതുണ്ഡികളായി രാവേറെച്ചെല്ലുവോളം തിരശ്ശീല  വിറപ്പിച്ചു. പ്രകരണമോ പരസ്പരസംബന്ധമോ ഇല്ലാത്ത വ്യക്തിനിന്ദാസ്തുതിപരങ്ങളായ പദ്യങ്ങൾ ഓണ്‍ലൈൻ കേളികളിൽ നിറഞ്ഞു കവിഞ്ഞു. ഇൻറർനെറ്റിൽ ടി.സി .പി  / ഐ .പി  ട്രാഫിക് ജാം വഴി തിരിച്ച് വിടാൻ നെറ്റ്‌വർക്ക് എഞ്ചിനീയർമാർ അഹോരാത്രം കീ-ബോർഡുകളിൽ  കമിഴ്ന്നു കിടന്നു. ക്ണാശ്ശീരി സാംസ്കാരിക വിമർശനത്തിലെ മഹാവിക്ഷോഭമായി നാപ്പുണ്ണിയുടെ അപകടമരണം വളരുന്നത് കണ്ട് പരശതം ചർച്ചകളിൽ മോഡറേറ്ററാകേണ്ടി വന്ന  ഇട്ടിനാൻ അന്ധാളിച്ചു.

യു.ജി.സി.പണ്ഡിതപ്രൗഢന്മാരുടെ മൗഢ്യം   എല്ലാ അതിരുകളും വിട്ട് കവിഞ്ഞൊഴുകി . സമ്മേളനപ്പന്തലുകളിൽ സദസ്യർ മരിച്ച വിധം മടുത്തിരുന്നു. മർമ്മം പിളക്കുമാറ് കടുക്കെ ശകാരിക്കുക,  ശകാരത്തിന്  വ്യാഖ്യാനം, വ്യാഖ്യാനത്തിന്  വ്യാഖ്യാനം, അതിനു പിന്നെയും വ്യാഖ്യാനം….. ഒടുവിൽ മുട്ടൻ തെറിവിളി എന്നിങ്ങനെ വാക്ക്പയറ്റുകൾ പുരോഗമിച്ചു. ‘മുഖത്ത് നിന്ന് കറുത്ത ഒരു വാക്ക് പോലും..’ എന്ന് മോഡറേറ്റർ  ഇട്ടിനാൻ കേണപേക്ഷിച്ചത് ആര് ചെവിക്കൊള്ളാൻ?

പതിനാറായിരത്തിയെട്ട് വിഷയങ്ങളിലായി നടന്ന ശതലക്ഷം ആഗമനിഗമസംഭാഷണങ്ങളുടെ ചെപ്പേടുകൾ ക്ണാശ്ശീരി ചരിത്ര-പുരാവസ്തു വകുപ്പുകാർ കുഴിച്ചെടുത്ത് കൊണ്ടിരിക്കുകയാണ്. ‘വസ്തുക്കളുടെ ക്രമം’ തകിടം  മറിയുന്ന ഫൂക്കോൾഡിയൻ  ജ്ഞാനസിദ്ധാന്തങ്ങളുടെ  കോരികയും മണ്‍വെട്ടിയും കൊണ്ട് അടരുകൾ മാന്തുന്ന കിരുകിരുപ്പ്‌ ഇട്ടിനാനിൽ നിറയുന്നു.

നാപ്പുണ്ണിമരണ ചർച്ചകളുടെ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്നും കിട്ടുന്ന ചെമ്പോലകൾ പൊടി  തട്ടി, ക്ലാവ് മാറ്റി, അതാതു സമയം സൗഹാർദ്ദപരമായി ഇ-മെയിലിൽ അയച്ച് തരാമെന്ന് ഇട്ടിനാൻ  ഞങ്ങൾ നവമലയാളികളോട് ഏറ്റിട്ടുണ്ട്. അദ്ദേഹത്തിൽ നിന്നും അടുത്ത സന്ദേശം കൈപ്പറ്റുന്നത് വരെ വായനക്കാർക്ക് വിടുതി നൽകുന്നു. തത്ക്കാലം ലാപ്‌ടോപുകൾ സ്വിച്ച് ഓഫ് ചെയ്യുക.
(തുടരും…)

നീറേങ്കൽ ചെപ്പേടിന്റെ രണ്ടാം ഭാഗം വയിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

comments