നീറേങ്കൽ ചെപ്പേട് – 2

നീറേങ്കൽ ചെപ്പേട് – 2

SHARE

ഒന്ന് : ലിംഗ്വിസ്റ്റിക്ക് കശപിശകളുടെ കൂത്തമ്പലം

ടനാപരമായ തകരാറുള്ള മൂന്ന് താറാവുകൾ കുന്തിച്ചാടി നടക്കുന്ന പുലർച്ചക്ക് നാപ്പുണ്ണി മരണാനന്തര ചർച്ച – രണ്ടാം ദിവസംഅരങ്ങേറുന്നു. (ഏകാന്തതയുടെ നഗരചത്വരം മുറിച്ച് കടക്കുന്ന മൂന്ന് കന്യാസ്ത്രീകളെ ക്രെയിനിൽ കയറി ഫെല്ലിനി ഫ്രെയ്മിലാക്കുന്ന സാവകാശത്തിൽ …സമ്മേളന പന്തലിന്റെ അഷ്ടദിക്കുകളിലും കെട്ടിപ്പൊക്കിയ ബാസ്മാക്സ് സൗണ്ട്ബോക്സുകളിൽ ഗാനരാക്ഷസന്റെ കപടസംഗീതം ചെവിക്കല്ല് പൊട്ടിക്കുമ്പോൾ.. …)

ശ്രീ ശേഷഗിരിപ്രഭുവിന്റെ വ്യാകരണചിത്രം എന്ന കൃതിയെക്കുറിച്ച് മൂന്നേ മുക്കാൽ നാഴിക നേരം നീണ്ട പൊരിഞ്ഞ ചർച്ച അടികലശലിന്റെ വക്കത്തെത്തി. നീറേങ്കൽ നവീനഗദ്യത്തിലെ ലിപിവിന്യാസത്തെറ്റിൽ ലിംഗ്വിസ്റ്റുകൾ കയറിപ്പിടിച്ചതാണ് അക്കിടിയായത്. യുവകഥാകൃത്തുക്കൾക്ക് നേരെ ചൂണ്ട് വിരൽവിറപ്പിച്ച് പട്ടേരി മാഷ്‌ ശകാരം തുടങ്ങി:

സംഹിതയും തന്മൂലമായ സന്ധികാര്യവും വേണ്ടിടത്ത് നിങ്ങൾ അത് ചെയ്യാതിരിക്കുന്നു.. .അസ്ഥാനത്തിൽ അവ ചെയ്യുകയും ചെയ്യുന്നു . നിനച്ചിരിക്കാത്തിടത്ത് വിസന്ധി ചെയ്ത വാക്യവൈകൃതങ്ങൾ സർവ്വത്ര സുലഭം…”

അവ്യുല്പന്നരും പോരാത്തതിന് ദുഃരഹങ്കാരികളുമായ കുട്ടിക്കഥാകൃത്തുക്കൾ ക്ഷുഭിതരായി വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു .

മൂന്നക്ഷരവും മുറുക്കവും, അതായത് കുരുത്തം, കെട്ട് പോയാൽ ശബ്ദദോഷം, അർത്ഥദോഷം മുതലായ കാവ്യദോഷങ്ങളെക്കാൾ വലിയ അത്യാപത്ത് സംഭവിക്കും.” മോഡറേറ്റർ ഇട്ടിനാൻ ബാലസാഹിത്യക്കാരെ ഭീഷണിപ്പെടുത്തി.
നല്ല കരുത്തും കരുതലും ഇല്ലാതെ ഇക്കൂട്ടരോട് വാചകത്തെറ്റും പദപ്പിഴയും പ്രസംഗിച്ചിട്ടെന്ത്? ‘എന്ന് ഭാഷാശാസ്ത്രജ്ഞൻമാരെയും നിരുത്സാഹപ്പെടുത്തി.

പഴഞ്ചൻ വ്യാകരണ നിയമങ്ങളിലെ കടുംപിടുത്തം വിടാത്തവർ,  പൂജിക്കപ്പെട്ടതിനെ തന്നെ വീണ്ടും പൂജിക്കുന്നവർ കാമിക്കപ്പെട്ടതിനെ തന്നെ വീണ്ടും കാമിക്കുന്ന പെണ്ണുങ്ങളെപ്പോലെയാണെന്ന വിദുരവാക്യം ഓർക്കുന്നത് നന്നായിരിക്കും‘ . രമേഷ് പ്രാന്തത്ത് എന്ന നോവലിസ്റ്റ്‌ ചൊടിച്ചു. മൂന്നൂറിലേറെ ഏടുകൾ കവിയുന്ന നോവലുകൾ ആഴ്ചകൾ തോറും എഴുതുന്ന അത്യധ്വാനി ആയിരുന്നു അദ്ദേഹം. (എ. അദ്വാനിയെന്ന് തൂലികാനാമം). പരസ്യക്കൂലി കൊടുക്കാതെ സ്വയം പരസ്യം ചെയ്യാൻ പ്രാന്തത്ത് ഒരു വെബ്പേജും ആരംഭിച്ചിട്ടുണ്ട്.

വ്യാകരണസമ്മതമല്ലാത്ത വാക്യപ്രയോഗങ്ങളിലുള്ള നിന്റെ അതിസാമർത്ഥ്യം നാലാം ക്ലാസ്സ് തൊട്ടേ എനിക്കറിയാം.രമേശനെ മലയാളം പഠിപ്പിച്ച നമ്പീശൻ മാഷ്‌ കനപ്പെട്ടൊരു പരിഹാസഭാണ്ഡം അവന്റെ മുതുകത്തേറ്റിക്കൊടുത്തു.

കൂട്ടായ്മക്കവർച്ചക്കാരേക്കാൾ ഭയങ്കരന്മാരും താലൂക്കടിസ്ഥാനത്തിൽ ഗ്രൂപ്പ് വിഭജനം നടത്തി പോരടിക്കുന്നവരുമായ ക്ണാശ്ശീരി കഥാകാരസംഘങ്ങൾ പ്രാന്തത്തിനെ പിന്തുണച്ചും തരംകിട്ടുമ്പോൾ പിൻകുഴി കുത്തിയും ചർച്ച പൊലിപ്പിച്ചു.
ഇത്തരം അപവാദങ്ങൾ…. ആയത് പുറപ്പെട്ടവരുടെ മുഖത്ത് നിന്ന് അവരുടെ ഹൃദയത്തിലേക്ക് മടങ്ങി ചെല്ലുകയേ ഗതിയുള്ളൂ …”
പ്രാന്തത്തിന്റെ മധ്യവർഗ്ഗ സംത്രാസരചനകൾ വിർച്വൽ പബ്ലിഷിങ്ങിലൂടെ ഹൈപർഭാവമണ്ഡലങ്ങളിൽ അനശ്വരമാകുന്നത് അച്ചടി കെട്ടിപ്പിടിച്ചിരിക്കുന്ന കടൽക്കിഴവന്മാർ കാണാതെ പോവുകയോ ? കണ്ടില്ലെന്ന് നടിക്കുകയോ ?”

പണ്ടായിരുന്നെങ്കിൽ അവന്റെ ദുർഗ്രന്ഥങ്ങൾ അച്ചടിച്ച പ്രസ്സിൽ തന്നെ കെട്ടിക്കിടന്ന് ദ്രവിക്കുമായിരുന്നു.സാരവും സാരസ്യവും നിറഞ്ഞ ഫലിതങ്ങൾ പൊട്ടിക്കുന്നതിൽ വിരുതനായ കെ. നമ്പ്യാർ ഇ – എഴുത്തിനെ ഖണ്ഡനംചെയ്തു.

പ്രാന്തത്തിന്റെ കുടിയേറ്റമേഖല – റബ്ബർപരുവ രചനകളേക്കാൾ അനുവാചകരുള്ളത് മനഃസ്സാക്ഷിയെ മറയത്ത് തള്ളാതെ ശ്രീമതി ലക്ഷ്മി പത്രോസ് പിഷാരടി വെളിപ്പെടുത്തുന്ന ആഖ്യാനങ്ങൾക്കുണ്ടെന്ന് ആരും മറക്കേണ്ട….”

പെരുമാങ്ങോട് യൂണിവേഴ്സിറ്റിയിൽ നനഞ്ഞേടം കുഴിക്കുന്ന സ്ത്രൈണബിംബങ്ങൾഎന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്ന നാരാണൻ തന്റെ മുണ്ട്‌ മടക്കിക്കുത്തി. ശ്രീമതി ലക്ഷ്മി പത്രോസ് പിഷാരടി വെറുതെ ഒരു കുത്തിട്ടാൽപോലും എഫ്. ബിയിൽ ലഭിക്കുന്ന ലക്ഷോപലക്ഷം ലൈക്കുകൾ എടുത്ത്കാട്ടിയാണ് നാരാണൻ യു .ജി സി. വാദമുഖം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചത്.

മധുരപ്രസന്നോജ്ജ്വലപദാവലീനിബന്ധങ്ങളാൽ ലക്ഷ്മിയെ പാട്ടിലാക്കാൻ ശ്രമിക്കുന്നവരുടെ മനസ്സിലിരുപ്പ് ആർക്കാണറിയാത്തത്?’ തിരുവാഴിയോട് കുഞ്ഞിക്കുട്ടൻ എന്ന സിനിമാ നിരൂപകൻ പുച്ഛച്ചിരി ചിരിച്ചു.

ലക്ഷ്മിപത്രോസ് പിഷാരടിയുടെ ഭാഷാകുചേഷ്ടിതങ്ങൾക്ക് ഒരതിരും എതിരും ഇല്ലാതായിരിക്കുന്നു. അവരെഴുതുന്ന പ്രണയപരവശകൃതികളിലെ വളരെ അപശബ്ദങ്ങൾ എടുത്ത് തിരുത്തിക്കൊടുക്കുന്നവരെയും തിരുവാഴിയോട്ടുകാർക്കറിയാം. ദുർലാക്കോടെ പലരും ലൈക്കുന്ന അത്തരം കൃതിവിശേഷങ്ങൾ അംഗീകരിക്കാൻ മനസ്സ് കൂട്ടാക്കുന്നില്ല. പത്രോസിച്ചായന്റെ കയ്യിൽ നിന്ന് കാശ് മുടക്കി കൊല്ലവർഷം 1190 ലെകണ്ടഅണ്ടനടകോടൻ പുരസ്ക്കാരം അവർ തരപ്പെടുത്തിയതിലെ മെയ്മിടുക്ക് അപാരം തന്നെ ! “
ലക്ഷ്മിപത്രോസ് പിഷാരടിയുടെ വൈദുഷ്യകീർത്തിക്ക് ഒരു വാട്ടവും തട്ടാതെ നോക്കാൻ പ്രതിജ്ഞാബദ്ധരായ പെരുമാങ്ങോട്ടുകാർ കുഞ്ഞിക്കുട്ടനെ കൂട്ടമായെതിരിട്ടു.

ശബ്ദശക്തിഗ്രാഹ്യമില്ലാതെ സിൽമാനിരൂപണമെഴുതുന്ന പടുവിഡ്ഢി‘ ; ‘ആണ്‍കോയ്മയുടെ ആൾരൂപം എന്നീ വിളിപ്പേരുകൾ സഭയിൽ വെച്ച് കുഞ്ഞിക്കുട്ടന് കൽപ്പിച്ച് നൽകി .

പഠിപ്പും പരിചയവും പരുങ്ങലായവരോട് അറിവ് വേണം, നെറിവ്വേണം, കാഴ്ച വേണം , ഓർമ്മ വേണം എന്ന് മുറവിളികൂട്ടിയിട്ടെന്ത്? ‘ എന്ന ശാപവാക്കുകളോടെ പഴഞ്ചൻ നീറേങ്കൽ നോം ചോംസ്കിമാർ സ്റ്റേജ് വിടുന്നു. ചായക്കും പഴം പൊരിക്കുമായി സദസ്സ് തത്ക്കാലം പിരിയുന്നു. (പാല് പിരിഞ്ഞ് മോരാകുന്ന പുളിയോടെ ).

* * * * * *

രണ്ട് : ക്ണാശ്ശിരിയിലെ ഐ.എസ്.എ ( Ideological State Apparatus) ഇടപെടലുകൾ

പഴംപൊരിയുടെ മധുരം നൊട്ടിനുണഞ്ഞ് ശ്രേഷ്ഠഭാഷാസ്നേഹികളും കാഷ്ഠഭാഷാകൂട്ടാളികളും ഒറ്റക്കും തെറ്റക്കും പന്തലിൽ തിരിച്ചെത്തി. അതോടെ ചർച്ച അടുത്ത ഘട്ടത്തിലേക്ക് വെച്ച് പിടിച്ചു.

ക്ണാശ്ശീരിയിലെമ്പാടും ജാതി തിരിച്ച് പാഠശാലകളെന്ന പേരിൽ കെട്ടിയുണ്ടാക്കിയ കോണ്‍ക്രീറ്റ് തടവറകൾ പൊളിക്കണം. ക്ണാശ്ശീരികിടാങ്ങളെ സ്വതന്ത്രരാക്കണം.ചിന്തകൻ ലൂയി മുന്നോട്ട് വെച്ച നിർദ്ദേശം പൊട്ടിത്തെറിച്ച അമിട്ട് പോലെ എല്ലാവരെയും തെല്ലിട ഞെട്ടിച്ചു. യാതൊരു കൂസലുമില്ലാതെ ലൂയി തിയറികൾ അക്കമിട്ട്നിരത്തി വായിച്ചു:

മതം, കുടുംബം, നിയമം, രാഷ്ട്രീയ പാർട്ടികൾ, ട്രേഡ് യൂണിയനുകൾ, പത്രം, ടി.വി, എഫ് .ബി, വാട്ട്സ് അപ്പ് എന്നീപ്രത്യയശാസ്ത്ര ഉപകരണങ്ങളാൽ നീറേങ്കൽ ഭരണകൂടം ഫാസിസ്റ്റ് നഖങ്ങളാഴ്ത്തി പൗരസമൂഹത്തിൽ പിടി മുറുക്കിക്കഴിഞ്ഞു. പുണ്യപുരാണ സീരിയലുകളിലെ വീരനായകന്മാരുടെ വേഷം കെട്ടി അമ്പും വില്ലും ധരിച്ചാണ് ചരിത്രാധ്യാപകർ സ്കൂൾ അസംബ്ലികൂടുന്നത്. ഒന്നാം ക്ലാസ്സിലെ ഒന്നാം പാഠത്തിൽ, ആദ്യാക്ഷരം മുതൽ ക്ലാസ്സ്‌ സ്ട്രൾ മറഞ്ഞിരിപ്പുണ്ടെന്ന് ആരും മറക്കരുത്. അധ്യാപക –രക്ഷാകർത്തൃ സമിതികളുടെ നിരന്തര സദാചാരപീഡനങ്ങളാൽ പത്താം ക്ലാസ്സിൽ എത്തുമ്പോഴേക്കും മിക്ക ആണ്‍കുട്ടികൾക്കും വാല് മുളക്കുന്നു. അവരാണ് ക്ണാശ്ശീരിയുടെ ഭാവിഭീകരവാഗ്ദാനങ്ങളായ വാനരസേനകൾ. അക്കൂട്ടരിൽ ഏറ്റവും പുത്തിശാലികൾ ആണവായുധ പരീക്ഷണശാലകളിലെ തന്ത്രപ്രധാനസ്ഥാനങ്ങളിൽ കയറി കുന്തിച്ചിരിക്കും. ചൊവ്വയിലേക്കുള്ള റോക്കറ്റിന്റെ മൂട്ടിൽ ചൂട്ടുകത്തിക്കും മുമ്പ് ചൊവ്വാദോഷം മാറാൻ നാളികേരമുടക്കുന്ന ശാസ്ത്രപ്രതിഭകളാണു അവർക്ക് റോൾ മോഡൽ. ചേറ്റിക്കൊഴിച്ച് ബാക്കി വരുന്ന മന്ദബുദ്ധികൾ നീറേങ്കൽ – വലിമ്പിലിമംഗലം അതിർത്തി കാക്കാൻ കനാൽ വരമ്പിൽ എ .കെ. കള്ളത്തോക്കും ഗദയുമായി കമിഴ്ന്നു കിടക്കും. ആയുധവ്യാപാരികളുടെ കച്ചവടം കൊഴുപ്പിക്കാൻ കന്നുകാലികൾക്ക് നേരെ ഉണ്ടയുതിർത്ത് യുദ്ധഭീതിപരത്തും.

വംശഹത്യ നടപ്പാക്കാൻ കമ്പോളയുക്തിക്ക് മൂർച്ചകൂട്ടുന്നവരുടെ മൃഗീയ ഭൂരിപക്ഷം പുഞ്ചപ്പാടം തൊട്ട് കോട്ടപ്പുറം വരെയുള്ള 26 പഞ്ചായത്ത്സമിതികൾ കയ്യടക്കിയിട്ടുണ്ട്. അനങ്ങൻ മലയിലെ കാക്കപ്പൊന്ന് – അലൂമിനിയം ഖനികളിലേക്ക് കാകദൃഷ്ടി പായിക്കുന്ന ഖനി മുതലാളിമാരുടെ വാടകഗുണ്ടകളാണ് വ്യാപാരക്കരാറുകളിൽ ഒപ്പ് വെക്കുന്നത്. വൻറാലികളിൽ ജപിക്കുന്ന വികസനമന്ത്രത്തിലെ താപ്പ് വേറെയാണ്. അവരുടെ പുരോഗതിയിൽനിന്ന് ആരുണ്ട്‌ നമ്മളെ രക്ഷിക്കാൻ? ആർക്കും ഉപദ്രവമില്ലാതെ അനങ്ങൻമലയിൽ നൂറ്റാണ്ടുകളായി പാർക്കുന്ന ആദിമജനവർഗ്ഗങ്ങളെ അല്പാൽപ്പമായി കൊന്നൊടുക്കുന്നതും അവരുടെ പെണ്ണുങ്ങളെ കൂട്ടബാലാത്ക്കാരം ചെയ്യുന്നതും കുട്ടികളുടെ തീവ്രവാദജഡങ്ങൾ മരക്കൊമ്പിൽ കെട്ടിത്തൂക്കുന്നതും അടക്കമുള്ള സൈനികവിനോദങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിച്ചേ മതിയാകൂ. കാരണം കമ്മ്യൂണിക്കേഷൻ മുതലാളിമാരും ഇൻവെസ്റ്റിഗേറ്റീവ്‌ ജേണലിസ്റ്റുകളും കാലങ്ങളായി കൂട്ടിക്കൊടുപ്പ് മാർക്കറ്റ് ഇക്കൊണമിയുടെ പങ്ക് പറ്റുന്ന പിമ്പുകളാണ്.

ലൂയിയുടെ അതിരുവിടുന്ന ആക്ഷേപങ്ങളിൽ പ്രതിഷേധിച്ച് സമ്മേളനം കവർ ചെയ്ത് ഒരു പരുവമാക്കാൻ എത്തിയ മുപ്പത്തിമുക്കോടി ചാനലുകൾ കാമറകൾ കെടുത്തി. സദാ ചിരികളി മുഖമുള്ള തലമുതിർന്ന പത്രക്കാർ പതുക്കെ സ്ഥലംവിട്ടു. ചെകിടന്മാർ ചരിത്രത്തിന്റെ നേർത്ത് വരുന്ന ശബ്ദത്തിന് കാതോർക്കുന്ന മട്ടിൽ സദസ്യർ സ്തബ്ധരായി ഇരുന്നു.

ടി .വി സീരിയലുകൾ അവയെത്തന്നെ സ്വയംകാണുകയും ജനപ്രിയസംഗീതം അതിനെത്തന്നെ സ്വയം കേൾക്കുകയും ചെയ്യുന്ന സ്വീകരണമുറികളിൽ ഒ.സി .ഡി (Obsessive compulsive disorder ) ക്രമപ്പെടുത്തി നീറേങ്കലുകാർ തലയിലെഴുത്തിന്റെ പാറ്റെണുകളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു .

ആവർത്തനങ്ങളിൽ വിട്ടുമാറാതെ അള്ളിപ്പിടിച്ചിരിക്കുന്നതാണ് അഭികാമ്യം. ഏതെങ്കിലും എതിർമനോവിശകലനപ്രക്രിയയിൽ ഉരുത്തിരിയാനിടയുള്ള പുതിയതെന്തും ഭയം ജനിപ്പിക്കും.

മുരുകാ ടാക്കീസിൽ വാരങ്ങളോളം കളിക്കുന്ന ന്യൂ-ജെൻ സിനിമകൾ ക്ണാശ്ശിരിക്കാർക്ക് മസ്തിഷ്കാഘാതമുണ്ടാക്കി. കാമറ, എഡിറ്റിംഗ് മെഷീൻ, പ്രോജക്ടർ, ഡോൾബി… സാങ്കേതിക മികവിന്റെ യന്ത്രവിന്യാസം മയക്ക് വെടി സെൻസിബിലിറ്റിയുടെ ഭീമോത്പാദനത്തിലേർപ്പെട്ടു. ബോക്സോഫീസ് പൊളിച്ചടുക്കി. ടാക്കീസിലേക്കുള്ള ഇടവഴിയിൽ തീട്ടം ചവുട്ടിയത് തത്ക്കാലം മറക്കാൻ അമ്പലവാസി നായികയുടെ കുളിസീൻ ചന്തികളും കുളി കഴിഞ്ഞ് അവൾ വരച്ച ചന്ദനക്കുറിയുമല്ലാതെ നീറേങ്കലുകാർക്ക് ഗത്യന്തരമില്ലായിരുന്നു.

ക്ണാശ്ശീരി ഡിമൻഷ്യ കണക്കാക്കാതെ ലൂയി ചിന്താഭാരങ്ങളുടെ തീസിസ് വായന തുടർന്നു:

യാഥാർത്ഥ്യത്തിനും സങ്കൽപത്തിനുമിടക്കുള്ള അകലം എന്നന്നേക്കുമായി നഷ്ടപ്പെട്ട നീറേങ്കൽ സാംസ്കാരിക കമ്പോളത്തിൽ കാവ്യവൃത്തി ചരക്കായി സാന്ദ്രീകരിച്ചിരിക്കുന്നു എന്നിരിക്കെ കല മാർക്കറ്റ് ചെയ്യാതെ തരമില്ലെന്നായി. ചെവ്വാഴ്ച്ച ചന്തയിൽ തിക്കുന്ന ആൾക്കൂട്ടത്തിന് കച്ചവടം തന്നെയാണ് കല. എന്നാൽ കാശ് കീശയിലുള്ളവൻ (ൾ) / കീശ കാലിയായവൻ (ൾ) എന്ന സാമ്പത്തികവൈരുദ്ധ്യം നിലനിൽക്കുന്നിടത്തോളം കാലം ക്ണാശ്ശീരികലാന്തരീക്ഷത്തിൽ രൂപഭദ്രത സ്കിസോഫ്രീനിയ അല്ലാതെ മറ്റെന്ത്?

പരസ്പരബന്ധം വേർപെട്ട സൗന്ദര്യസൂചകങ്ങൾ മംഗലാംകുന്ന് അങ്ങാടിയിൽ നിന്ന് ശ്രീകൃഷ്ണപുരം പ്രൈമറി ഹെൽത്ത്‌ സെന്ററിന്റെ വരാന്തകളിലേക്ക് ചാത്തൻകുന്നിറങ്ങുന്നു. നെറ്റിസണ്‍ സിമുലേഷനുകളുടെ ഉത്പന്നങ്ങൾ നിരന്തരം വെട്ടിവിഴുങ്ങി ക്ണാശ്ശീരി അന്തമില്ലാത്ത നിദ്രാവിഹീനതയിൽ അല്ലെങ്കിൽ സ്വപ്നാടനത്തിലൊഴുകുന്നു. അന്നേരം അയ്യപ്പഭക്തിഗാനങ്ങളും റിയാലിറ്റിഷോയിലെ എതിർവിസ്താരങ്ങളും പത്മവിഭീഷണൻ സ്ക്രീൻ തകർക്കുന്ന കുടുംബമെഗാഹിറ്റും 1150 പേജ് നീറോ – ആംഗ്ലിയൻ അപ്പിനോവലും ഒരേ ‘കിച്ചി’ന്റെ വിവിധ രൂപകാഭാസങ്ങൾ തന്നെ.

അടയ്ക്കാപുത്തൂർ എയർപോർട്ടിൽ, ഏഴുചുറ്റുകളായി കയറി പോകുന്ന പാർക്കിംഗ് ലോട്ടിൽ, ഏക്കർ കണക്കിന് വിസ്തൃതമായ ഷോപ്പിംഗ്‌ മാളുകളുടെ എസ്കലേറ്ററുകളിൽ പേപ്പർബാഗുകളിൽ നിറച്ച പാപ്പർപോസ്റ്റ്‌ മോഡേണ്‍ വിഭവങ്ങളുമായി നീറേങ്കൽ നിവാസികൾ തലകുനിച്ച് നീങ്ങുന്നു. ഡേവിഡ്‌ ക്രോനൻബർഗിന്റെ കോസ്മോപോളിറ്റൻ മെഷീൻ ഗണ്ണുകളാണ് അവരുടെ ഭാവുകത്വത്തെ മാർക്ക്‌ ചെയ്യുന്നത്. പ്രതലങ്ങളുടെ വഴുക്കലിൽ വടികുത്തലല്ലാതെ ആഴങ്ങളുടെ അഗാധാനുഭൂതിക്ക് ഇനി സാംഗത്യമെന്ത് ? എക്റ്റസി , മെസ്കലിൻ …എന്നിങ്ങനെ രാസസംയുക്തങ്ങൾ ആക്കം കൂട്ടുന്ന അഡ്രിനാലിൻ അമിതസ്രവത്തിന്റെ ഉദ്വേഗങ്ങൾ; ഞരമ്പ്‌ വലിഞ്ഞുകീറുന്ന ആകാംക്ഷകളിലെ ആനന്ദമൂർച്ച….

അതിനാൽ….. ലൂയിയുടെ ഉപസംഹാരം താണ്ഡവമാടി. മരിച്ച ഭാഷയുടെ മുഖംമൂടി വെച്ച് നമുക്ക് സംസാരിക്കാം. ചിരി വറ്റിയ തമാശകൾ കൈമാറാം. ദു:ഖമേശാതെ ഹൃദയം പൊട്ടിക്കരയാം. നരഭോജനത്തിന്റെ ആസ്വാദ്യതയോടെ എല്ലാം സ്വയം അകത്താക്കാം. അതാ..
സമ്മേളന പന്തലിനു പുറത്ത്പാതയ്ക്കിരുപുറവും കാണുന്ന പരസ്യപ്പലകകളും കട്ട് ഔട്ടുകളുമാണ്‌ നമ്മുടെ ചരിത്രം. ക്ണാശ്ശീരി പൊതുകക്കൂസ്സുകളിൽ കോറിയ ഇരുണ്ട ദാഹങ്ങളിലാണ് നമ്മുടെ നിലനിൽപ്പ്‌. ഇങ്ങിനെയങ്ങിനെ നിലനിൽക്കുന്നതിലെ അയുക്തികളെ തകർക്കാൻ ഈ സമ്മേളന സ്ഥലത്ത് കുഴിച്ചിട്ട കലാസ്ഫോടനവസ്തുക്കളെ കണ്ടെത്തി അതീവജാഗ്രതയോടെ നിർവീര്യമാക്കുക…

ആരോ ചുളുവിൽ മൈക്ക് ഓഫ്‌ ചെയ്തു. എല്ലാവരേയും ഒരു വട്ടം തുറിച്ച് നോക്കി ലൂയി നിശബ്ദനായി നിന്നു .

സംഗതികൾ മയപ്പെടുത്താൻ മോഡറേറ്റർ ഇട്ടിനാൻ സഹകരണസംഘം റിട്ടയേർഡ് സെക്രട്ടറിയും പ്രശസ്ത കഥാപ്രാസംഗികനുമായ നന്ദകുമാറിന് ധൃതിയിൽ മൈക്ക്കൈമാറി.

മൂന്ന്: ചെറോണ കൗണോത്തരയുടെ കാലികപ്രസക്തി

ഫുഡ് ചെയിനുകളിലൂടെ ഒരേ ബ്രാൻഡ്‌ ചിക്കൻ സാൻഡ്‌വിച്ച് നാവുകളുടെ മോണോപൊളി പിടിച്ചെടുക്കുന്നത് പോലെ ക്ണാശ്ശീരി  ലിബറൽ – ഹ്യുമനിസ്റ്റ് സാഹിത്യ കുത്തക നന്ദകുമാറിന്റെ കൈവശമായിരുന്നു. ഖണ്ഡികകൾക്കിടക്ക് മനുഷ്യസ്നേഹം തിരുകി അദ്ദേഹം വാരാന്തങ്ങളിൽ വിതറുന്ന ലേഖനങ്ങളും തുടർക്കഥകളും ഒട്ടേറെ കൈയ്യടിനേടി. സ്നേഹത്തിന്റെ ISO മാർക്ക്‌ ഇല്ലാത്ത ഒറ്റ സാഹിത്യ ചരക്കും നന്ദകുമാറിന്റെ എഴുത്ത് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങാറില്ല. കരുണ, ദയാവായ്പ്‌, സാമൂഹ്യപ്രതിബദ്ധത എന്നിങ്ങനെ ഡിസ്കൗണ്ട് ഓഫറുകൾ ഓരോ സൃഷ്ടിക്കൊപ്പവുമുണ്ടാകും. പോസിറ്റിവിസ്റ്റ് ഗുണപാഠങ്ങളായിരുന്നു നന്ദൻബ്രാൻഡ്‌ ഭാവുകത്വത്തിന്റെ യുനിക് സെല്ലിംഗ് പോയിൻറ്റ്.

നിത്യകാമുകി ചെറോണക്ക് വേണ്ടി രചിക്കുന്ന ചെറോണ കൗണോത്തരഎന്ന സന്ദേശകാവ്യത്തിൽ നിന്ന് ഏതാനും വരികൾ ചൊല്ലിയാണ് നന്ദകുമാർ സദസ്സിനെ സമാശ്വസിപ്പിച്ചത്.

ശയ്യോപാന്തേ സലളിതമിരുന്നു ചെറോണയുമിരുത്തി-
ക്കമ്രാകാരേ നിജകരതലേ നന്ദന്റെ കൈയ്യുമേന്തി.

വലങ്കയ്യിലെ ചപ്ലാംകട്ട വേറൊരു മട്ടിൽ അടിച്ച് അദ്ദേഹം കാവ്യാലാപനം തുടർന്നു:

ക്ഷീരശ്രീ ചേർന്ന വാചാസരസമിഹമുള –
പ്പിച്ചു നിൻ കീർത്തി ബീജം.
പാരെപ്പേരും വിതചിന്ടഴകോടു വിളയി –
ച്ചീടുവൻ നൂനമിഞ്ഞാൻ.

ചെറോണ മണിപ്രവാളത്തിന് ശേഷം അരിയെറിഞ്ഞാൽ ആയിരം കാക്ക; മെല്ലെത്തിന്നാൽ പനയും തിന്നാം; ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും; അനുഭവിച്ചെഴുത്തേ മനസ്സിൽതട്ടൂ; വർക്ക്‌ ഈസ്‌ വർഷിപ്പ്; ടൈം ഈസ്‌ മണി; നഖം കടിക്കരുത്, വയറിളക്കം വരും ഇത്യാദി അത്യഗാധ ദാർശനിക നിരീക്ഷണങ്ങൾ നന്ദൻ നടത്തി. ബുധനാഴ്ച വാചകമേളയിൽ വരാൻ പാകത്തിന് ഇത്തവണ ലോകകപ്പ്‌ കൊത്താങ്കല്ല് കളിയിൽ ഷെഡുംകുന്ന് ചെങ്കല്ല് കപ്പ് നേടിയിരിക്കും എന്നൊരു പ്രവചനവും നടത്തി. മുരുകാ ടാക്കീസിന്ടെ വളഞ്ഞ സ്ക്രീനിൽ ഒരു ചാക്ക് വയറിൻമേൽ വയസ്സറിയിക്കാത്ത പെണ്‍കിടാങ്ങളെ കമിഴ്ത്തിക്കിടത്തി ഓട്ടിസം ഗാനപരാക്രമങ്ങൾ തിമർത്തഭിനയിക്കുന്ന മുതുക്കനെ സ്തുതിക്കുകയും ചെയ്തു. ആയിടെ ഇതിഹാസങ്ങളിലെ ഏതോ കാട്ടളത്തിയെ, റിട്ടയേർഡ് പുരുഷ ബലഹീനത മറയ്ക്കാൻ സ്ത്രീപക്ഷവാദത്തിന്റെ പർദ്ദയിട്ട് മൂടി അദ്ദേഹം ഒരു നോവെല്ലെ രചിച്ചിരുന്നു. അക്കഥ ബ്ലോക്ക്‌ ബസ്റ്റർ പ്ലസ് ഓസ്കാർ പുരസ്കാരം എന്ന ലാക്കിൽ നന്ദകുമാർ തിരക്കഥയാക്കി; മഹാനടന്മാരുടെ കോണകം അലക്കാൻ വേൾപൂൾവാഷിംഗ് മെഷീൻ ഓണാക്കി കാത്തിരിക്കുന്ന കാര്യം ക്ണാശ്ശീരിവുഡ് ഗോസ്സിപ്പുകളിൽ ഒന്നത്രേ. ഏതായാലും ലൂയിയുടെ പിരിയിളക്കത്തെക്കാൾ നേരമ്പോക്കുണ്ടെന്നു തലകുലുക്കി എല്ലാവരും ചർച്ചയവസാനിപ്പിച്ചു.

എന്നാൽ അസ്തമിച്ച് കളഞ്ഞാലോ എന്ന് സൂര്യനും ആലോചിച്ചു.

നാല്‌ : ചാമി, ചുംബനം, ലാത്തി സമ്മേളനം കഴിഞ്ഞയുടനെ ഉത്രത്തിൽ പാട്ട് കവികളുടെ ഖണ്ഡകവനങ്ങൾ ഉച്ചഭാഷിണിയിൽ അലക്കിയത് ചെറിയൊരു വിനയായി.
സരോജിനി നവസാരമിട്ട് കാച്ചിയ റാക്ക് മൂക്കറ്റം കുടിച്ച് അന്തിചെത്തിന് തെങ്ങിൽ കയറിയതായിരുന്നു ചാമി. മൈക്ക് കവിതകൾ കേട്ട് ചെത്ത് മുടങ്ങിയ ചാമിക്ക് കലിയിളകി .

ഇക്കാലത്ത് ഏത് പെണ്ണാടാ പന്ത്രണ്ട് പെറ്റത്? ഓൾക്കാണ് നാട്ടപ്രാന്ത് ..” ചാമി തെങ്ങിൻ മണ്ടയിലിരുന്ന് തെറി തുടങ്ങി .
ഓന് കണ്ണട വേണം പോലും .. കണ്ണടക്കമ്പനിയുടെ പരസ്യവാചകം പദ്യമാണെങ്കിൽ ചാമീം ചൊല്ലും പദ്യം …”
പന്തലിൽ നിന്ന് പിരിഞ്ഞവർ തെങ്ങിൻ ചുവട്ടിൽ തിങ്ങിക്കൂടി .

രണ്ട് മാസത്തിലേറെയായി പ്രേയസി മുണ്ടിച്ചിയുമായി ചാമി പിണക്കത്തിലായിരുന്നു. മുണ്ടിച്ചി കുട്ടിയേയും ഒക്കത്ത് വെച്ച് അവളുടെ വീട്ടിൽ പോയി. ആ വിരഹത്തിന്റെ ഓർമ്മയിൽ , തെങ്ങിൻപട്ടയിലിരുന്നാടി, ചങ്ക്പൊട്ടി ചാമി പാടി:

എന്റച്ഛനും കള്ളവാറ്റാണ്
നിന്റച്ഛനും കള്ളവാറ്റാണ്
പിന്നെന്താട്യെ മുണ്ടിച്യേ
നമ്മള് തമ്മില് മുണ്ട്യാല് ?

മുണ്ടിച്ചി വരാതെ ഞാനീ തെങ്ങിൽനിന്ന്റങ്ങില്ല.. വേറെ തെങ്ങ് കേറൂല്ല.. കൂട്ട്യാ കൂട്ണത്ങ്ങള് നോക്കിക്കോ ..” ചാമി വെല്ല് വിളിച്ചു. ക്ണാശ്ശീരിക്കാർ പറഞ്ഞ പൊന്നാരമൊന്നും ഏശിയില്ല. റാക്കിന്റെ ഊക്ക്അത്രയ്ക്കുണ്ടായിരുന്നു.

മുണ്ടിച്ചിയെ വിളിക്കാൻ ഒരു കൂട്ടർ ആര്യമ്പാവിലേക്ക് ജീപ്പെടുത്ത് പോയി. ഇട്ടിനാൻ ചെർപ്പുളശ്ശേരിയിലെ ഫയർഫോഴ്സ്കാരെ വിവരം വിളിച്ചറിയിച്ചു.

ഇനി സൈറണ്‍ മുഴക്കി ഫയർഫോഴ്സ് വണ്ടി കുതിച്ചെത്തും. തെങ്ങിൻമണ്ടയിലേക്ക് നീളൻ കോണി ചാരും. ചാമിക്ക് വീഴാൻ പാകത്തിൽ താഴെ വല വിരിക്കും. അപ്പോഴേക്കും തേങ്ങിക്കരഞ്ഞ് മുണ്ടിച്ചിയുമെത്തും.

ഫയർഫോഴ്സ്കാർ പാടുന്ന നാടൻ – കാടൻ പാട്ടുകൾ കേട്ട്, കെട്ട് വിട്ട് ചാമി തളപ്പിട്ട്‌ താഴെക്കിറങ്ങട്ടെ… മുണ്ടിച്ചിയെ കെട്ടിപ്പിടിച്ച് ഗാഢചുംബനത്തിലേർപ്പെടട്ടെ . അതുവരെ തെങ്ങിൻമൂട്ടിലെ പൊതുവിടത്തിൽ നമുക്ക് കാത്ത് നിൽക്കാം. ചുണ്ടുകൾ, മുലകൾ, തുടകൾ എന്നിങ്ങനെ ഉടലിന്റെ അശ്ലീലങ്ങൾ സെൻസർ ചെയ്യാൻ ലാത്തിയും കുറുവടിയും ക്ണാശ്ശീരിയുടെ ഇരുട്ടിൽ നിന്ന് പാഞ്ഞ് വരും വരെ.

എല്ലാവരും ഓടിയിട്ട് വേണം, തലയിൽ മുണ്ടിട്ട് പതുങ്ങി വന്ന്, കോഞ്ഞാട്ടകൾക്കിടയിൽനിന്ന് ഇട്ടിനാന് മൂന്നാം ചെമ്പോല തപ്പിയെടുക്കാൻ… .
നീറേങ്കൽ ചെപ്പേടിന്റെ ഒന്നാം ഭാഗം വയിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നീറേങ്കൽ ചെപ്പേട്- ഓല ഒന്ന്

Comments

comments