(1)
എന്റെ അഭിപ്രായത്തില്‍
രാത്രി
പകലിനെക്കുറിച്ചുള്ള
ഭൂമിയുടെ
അഭിപ്രായമാണ്.

തീനാളങ്ങളുടെ വളവുകള്‍
ആകസ്മികതയെപ്പറ്റി
അഗ്നിയുടെ
അഭിപ്രായങ്ങളാണ്.

വിരഹം
മരണത്തെപ്പറ്റി
പ്രണയത്തിന്റെ
അഭിപ്രായമെന്നപോലെ

മൌനം
ഭാഷയെക്കുറിച്ച്
ചരിത്രത്തിന്‍റെ
അഭിപ്രായവും

ശരീരം
അതിജീവനത്തെപ്പറ്റി
പ്രകൃതിയുടെ
അഭിപ്രായവുമാണ്.

ഒരുകണക്കിന്
എല്ലാ അഭിപ്രായങ്ങളും
വികാരത്തെപ്പറ്റി
വിചാരത്തിന്‍റെയോ
വിചാരത്തെപ്പറ്റി
വികാരത്തിന്‍റെയോ
അഭിപ്രായത്തിലുള്ളതാണ്.

(2)
ഒരു സുഷിരത്തിന്
അതിലൂടെ വരുന്ന
വെളിച്ചത്താലും
ഉത്തോലകത്തിന്
അതിനാല്‍ സാക്ഷാത്ക്കരിക്കുന്ന
എളുപ്പങ്ങളാലും
സ്വയം സാധൂകരിക്കാനാവുന്നപോലെ
മുകളിലെഴുതിയിരിക്കുന്ന വരികള്‍ക്ക്
സാധിക്കാത്തത്
നിങ്ങളുടെ അഭിപ്രായത്തില്‍
എന്തുകൊണ്ടാണ് ?

Comments

comments