-ദർബാർ ഹാളിനു പുറത്തെ മൈതാനം-
ഇന്ന്
ഈ പരിപാവനമായ ദിനത്തിൽ
ആൾക്കൂട്ടാരവങ്ങൾക്കിടയിൽ നിൽക്കുമ്പോൾ
എനിക്കും സന്തോഷം തോന്നേണ്ടതായിരുന്നു
അവിടെ ചെണ്ട കൊട്ടുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടാകേണ്ടതായിരുന്നു
എന്ത് കൊണ്ടോ മനുഷ്യരെ പതിയിരുന്നു പിടികൂടുന്ന
വൃത്തികെട്ട സന്ദേഹം എന്നെ അവശനാക്കിയിരിക്കുന്നു
കേട്ടാൽ ഇതിലെന്താണിത്ര കാര്യമെന്നാവും നീ ചിന്തിക്കുക
കേട്ട് നോക്കുവാൻ താല്പര്യമുണ്ടെങ്കിൽ വാ
ഒരു ചായ കഴിക്കാം സഖാവേ
അപ്പോഴേക്കുമെ പട്ടാഭിഷേകം തുടങ്ങുകയുള്ളൂ
–ചായക്കട-
അന്ന് സംഭവിച്ചതൊക്കെ നീ മറന്ന് കാണുമോ എന്നെങ്ങാനും ഞാൻ ചോദിച്ചാൽ നീ
എന്നെ കളിയാക്കുമെന്നെനിക്കറിയാം
ഓ എന്തൊരു ദിവസങ്ങളായിരുന്നു
നമ്മൾ ആകാശവും ഭൂമിയും വൃത്തിയിൽ വെടിപ്പാക്കി
ഈ ജനങ്ങളൊക്കെയും അത് മറന്ന് തുടങ്ങിയെങ്കിലും നമ്മളത് മറക്കുമോ
അങ്ങനെയൊരു മറവിയുണ്ടായാൽ പൊറുക്കത്തക്കതാവുമോ
എല്ലാ മനുഷ്യരും ഒരുമയോടെ ജീവിക്കണം എന്ന് പറയുന്നതാണ് ശരിയെങ്കിലും
എല്ലാ മനുഷ്യരും മനുഷ്യരല്ല എന്ന കാര്യം പലരും മറന്ന് പോകുന്നു
എല്ലായിടങ്ങളും എല്ലാവർക്കും ഉള്ളതാണെങ്കിലും
നമ്മുടെയിടങ്ങൾ നമ്മുടേതാണെന്ന കാര്യം പലരും അവഗണിച്ചുകളയുന്നു
അല്ലേ
നമ്മുടെയിടങ്ങളിൽ
നമുക്കിടയിൽ
നമുക്ക് വേണ്ടതെന്തൊക്കെയാണെന്ന്
നമ്മൾ തീരുമാനിച്ചു,
അതിനു ശേഷം കാര്യങ്ങൾ നടപ്പാക്കിയ ആ ആഴ്ചകളിലൊന്നിൽ
നഗരത്തിന്റെ ഒരു കോണിൽ കർമ്മസാധനയുടെ വിശുദ്ധമായ ആലസ്യത്തിൽ
ഞാനിരിക്കുന്നുണ്ടായിരുന്നു
ഇരുൾമുടിയിൽ നിന്നും ചന്ദ്രക്കലയുടെ മൃദുലമായ പ്രവചനം പൊഴിയുന്നുണ്ടായിരുന്നു
എന്റെ ചില ശീലക്കേടുകളെ പറ്റി നിനക്കറിവില്ലാത്തതല്ലല്ലോ
കഴിവതും ഗ്രന്ഥമനുസരിച്ചു ജീവിക്കുമ്പോൾ തന്നെയും
ഒരു മനുഷേനെന്ന നിലയിൽ ഏതൊരാൾക്കും സംഭവിക്കാവുന്ന ചില പിഴവുകളെനിക്കും
വന്ന് കൂടുന്നു
അത്തരം പിഴവുകളെ എഴുതിത്തള്ളാൻ മാത്രം സദ്‌വൃത്തികൾ മറുപുറത്ത് ഞാൻ
ചെയ്യുന്നുണ്ടെന്നാണെന്റെ വിശ്വാസം
എങ്കിലും ചിലപ്പോൾ ചില സന്ദേഹങ്ങൾ നമ്മെ വേട്ടയാടുന്നു
അങ്ങനെ ഒരു നുണുങ്ങ് സംശയമാണെന്റെ ഇപ്പോഴത്തെ പ്രശ്നം
അന്ന്
വെറുതെയങ്ങനെ നോക്കിയിരിക്കെ
തകർന്ന തെരുവ് താണ്ടി വരുന്ന ഒരു കൊച്ച് പയ്യനെ ഞാൻ കണ്ടു
അവന്റെ മുടിയിഴകളിൽ കവിൾത്തടങ്ങളിൽ നിക്കറിനറ്റത്ത് മൃദുലമെന്ന്
വിളിച്ചോതുന്ന തുടകളിൽ തീയും നിലാവും പുരണ്ട് മായുന്നത് ഞാൻ കണ്ടു
നമ്മുടെ കൂട്ടത്തിൽ ഇത്ര സുന്ദരന്മാർ ഉണ്ടായിരിക്കുമോ, ഇല്ല
കാരണം ദൈവം നമ്മിൽ സ്നേഹവും ധർമ്മവും ആണ് നിറച്ചിരിക്കുന്നത്
നശ്വരമായ സൌന്ദര്യം കൊണ്ട് അവൻ നമ്മുടെ ശത്രുക്കളെ നിസ്സീമമായ
അഹങ്കാരത്തിനു അടിമകളാക്കിയിരിക്കുന്നു
അവർക്ക് പൊന്നും പണവും നൽകി
ആയുധങ്ങൾ നൽകി
ദൈവം പരീക്ഷിക്കുവാൻ ശ്രമിക്കുന്നു
പരീക്ഷയ്ക്കിരിക്കും മുന്നെ അവർ തോറ്റ് പോകുന്നു
അവർ തോൽക്കുന്ന ദൈവവിധിയുടെ നാളുകളിൽ അവരുടെ സൌന്ദര്യം അല്പം
ആസ്വദിക്കുന്നതിലെന്താണ് തെറ്റെന്നെ എനിക്കപ്പോൾ തോന്നിയുള്ളൂ
നശ്വരമെങ്കിലും ആ സൌന്ദര്യവും ദൈവീകമല്ല എന്ന് വരുമോ
മറ്റൊരിക്കൽ, അവർ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെട്ട് കഴിഞ്ഞ്,
അതിനായ് ആഗ്രഹിക്കുന്നത് പാഴായ് പോവുകയും ചെയ്യുമല്ലോ
ഒന്നോ രണ്ടോ നീക്കങ്ങൾക്കുള്ളിൽ തന്നെ അവൻ വീണു പോയി
സുഖകരമായ ആലസ്യം പൂർണ്ണമായ് വിടും മുന്നെ എന്തോ പുലമ്പി അവൻ ജീവനും
കൊണ്ട് കടന്ന് കളയുകയും ചെയ്തു
വിജനമായ തെരുവിൽ ധർമ്മപരിപാലനത്തിന്റെ ശംഖനാദങ്ങൾക്കിടയിൽ ഞാൻ നഗ്നനായി
കിടക്കുന്നത് നീ ഒന്ന് സങ്കല്പിച്ചു നോക്കൂ
ഓ വെറുതെ പറഞ്ഞതാണ്, നീ ചായ കഴിക്കൂ
നിനക്ക് താല്പര്യമില്ലാത്ത വിഷയമാണെന്നെനിക്കറിയാം
മുഷിഞ്ഞോ
അധികം നീട്ടാതെ ശരിക്കും എന്റെ പ്രശ്നമെന്താണെന്ന് തന്നെയാണ് പറഞ്ഞ് വരുന്നത്
ഇന്ന് പട്ടാഭിഷേകം കഴിഞ്ഞ് നാളെ മുതൽ നമ്മുടെ അധികാരമാണ്
നമ്മൾ ഓരോരുത്തരും ആ അധികാരത്തിന്റെ ഭാഗമായിരിക്കും
അത് നമ്മുടെ നാടിന്റെ വളർച്ചയ്ക്ക് വേണ്ടി കൃത്യമായ് പ്രയോജനപ്പെടുത്തുകയും ചെയ്യും
എന്റെ പണി നിഴലിലും നിലാവിലും തന്നെയാവും, അതാണെനിക്കിഷ്ടവും
നിന്റെ ചുമതല ഈ നാട്ടിലെ ഓരോ ജന്തുവിന്റെയും അടയാളപ്പകർപ്പുകൾ
സൂക്ഷിക്കുന്ന വിഭാഗത്തെ രക്ഷിച്ച് നിയന്ത്രിക്കുക എന്നതാവും
അത് നമ്മുടെ സംഘടനയുടെ തീരുമാനമാണ്
അടുത്ത ആഴ്ച തന്നെ അതിലേക്കായ് നിന്നെ അരിയിട്ട് വാഴിക്കുകയും ചെയ്യും
എനിക്കാണെങ്കിൽ നിന്നെ കൊണ്ടൊരു ഉപായവുമുണ്ട്
അതായത് നിനക്കെന്നെ സഹായിക്കുവാൻ ഒരവസരം വന്ന് ചേരുകയാണ്
അത് കൊണ്ടാണ് ഞാൻ നിന്നോടിതൊക്കെ പറയുന്നത്
നന്നായ് സംസാരിക്കുന്നവർക്ക് മാത്രമല്ല നന്നായ് മേലനങ്ങുന്നവർക്കും
നമ്മുടെ സംഘടന പ്രാധാന്യം കൊടുക്കുന്നു
അത് കൊണ്ട് എന്റെ വാക്കുകൾ നീ മറികടക്കില്ല എന്ന് തന്നെയാണെന്റെ പ്രതീക്ഷ
അന്നവൻ പോയ് കളയുമ്പോൾ എന്നോട് ചിലത് പറഞ്ഞിരുന്നു
അന്നത്തെ ഉത്തരവാദിത്വങ്ങൾക്കിടയിൽ അതൊക്കെ ആരാണ് ഓർത്തിരിക്കുന്നത്
പിന്നീടെപ്പൊഴോ ഒരു പാതിരാവിൽ ഉറക്കം വരാതെ കിടന്നപ്പോഴാണ് മനസിനെ
അഴിച്ചുലച്ചുകൊണ്ട് അതെല്ലാം വീണ്ടും കേട്ട് തുടങ്ങുന്നത്
കേട്ട് തുടങ്ങാതെ രക്ഷയില്ല, കാരണം അവനെ മറക്കുക അസാധ്യം തന്നെയെന്ന്
പറഞ്ഞാൽ… നീ വിശ്വസിക്കണമെന്ന് എനിക്കൊരു വാശിയുമില്ല
പിണഞ്ഞ് പോയതെന്താണെന്ന് പറഞ്ഞാൽ
അവന്റെ സംസാരരീതിയും ദൈവത്തെ കുറിക്കുവാൻ അവനുപയോഗിച്ച പദവും-
ഇക്കാര്യങ്ങൾക്ക് വന്ന് ഭവിച്ച അവ്യക്തതയാണ് എല്ലാത്തിനും കാരണം
നാശം, ഈ ദൈവത്തിനു എല്ലാ ഭാഷയിലും ഒരെ ശബ്ദമായിരുന്നെങ്കിലെന്ന്
ഞാനഗ്രഹിച്ചു പോവുകയാണ്
അപ്പോഴതല്ല,
ഞാൻ കരുതിയിരുന്ന പോലെയല്ല, അവൻ നമ്മുടെ കൂട്ടത്തിൽ ഉള്ളവനാണോ
എന്നെനിക്ക് സംശയമായിത്തുടങ്ങി
ചിലപ്പോൾ വെറും സംശയം മാത്രമാകാനും മതി
അവന്റെ മുൻഭാഗത്തെ പറ്റിയുള്ള എന്റെ ഓർമ്മകളെ പലവട്ടം മാടി വിളിച്ചിട്ടും
അവ വന്നില്ല
അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഈ കഥയിൽ നമ്മുടെ മതമേതാണെന്ന് വായനക്കാർ
ഊഹിച്ചു കളയുകയും മറ്റും ചേയ്തേനെ
അങ്ങനെ സംഭവിക്കുന്നതേയില്ല
പകരം അവൻ നമ്മുടെ കൂട്ടരിൽ പെട്ടവനാണോ എന്ന ഭയം എന്നെ ഗ്രസിക്കുകയാണ്
കൂട്ടുകാരാ സഹപ്രവർത്തകാ എന്നെ സഹായിക്കണം
അവന്റെ പിൻഭാഗത്തെ പറ്റിയുള്ള സമ്പൂർണ്ണവിവരങ്ങളും ഞാൻ നിനക്ക് തരാം
അവനാരാണെന്നും ഏത് കൂട്ടത്തിൽ പെട്ടവനാണെന്നും ഒന്ന് കണ്ട് പിടിച്ച് തരണം
അവൻ അവരുടെ കൂട്ടത്തിലാണെങ്കിൽ അന്ന് ആഘോഷമാണ്, മാത്രമല്ല അവനെ ഒന്ന്
കൂടി പിടികൂടുക കൂടി വേണ്ടി വരും
മറിച്ചാണെങ്കിൽ നമ്മുടെ രഹസ്യാന്വേഷണവിഭാഗം ശ്രമിച്ചാൽ പോലും കണ്ടെത്താൻ
കഴിയാത്ത ഇടത്തേക്ക് ഞാൻ പോയ്ക്കളയും
ഇത് സത്യം
ഞാൻ നമ്മെ അത്രമേൽ സ്നേഹിക്കുന്നു
എനിക്ക് നമ്മൾ മാത്രമാണുള്ളത്
നീ,
ഞാൻ പറഞ്ഞതൊന്നും മറക്കണ്ട
ആരോടും പറയുകയും വേണ്ട
തൽക്കാലം വരൂ
പട്ടാഭിഷേകത്തിന്റെ ചടങ്ങുകൾ ആരംഭിച്ചിരിക്കുന്നു
–ചായക്കടയ്ക്കും ദർബാർ ഹാളിനുമിടയിലുള്ള തിരക്ക് നിറഞ്ഞ പാത-
ഇത്ര നല്ല ഒരു ദിവസം ഇത്രമേൽ ദുഖിതനായ ഞാനെന്തൊക്കെയോ മഹാപാപം
ചെയ്തിട്ടുണ്ടാകുമെന്ന് വിചാരിച്ച് പോവുകയാണ്
അങ്ങനെയൊന്നും വിചാരിക്കാൻ പാടുള്ളതല്ലെങ്കിലും
Be the first to write a comment.