ന്ധ്യ ടീച്ചറിനെ ഹിമയ്ക്ക് ഇഷ്ടമല്ല. എന്തു കൊണ്ട്  ഇഷ്ടമല്ല എന്നു ചോദിച്ചാൽ കൃത്യമായൊരുത്തരം അവൾക്കില്ല. വായിച്ചറിഞ്ഞിട്ടുള്ള ഒരു ശരാശരി രണ്ടാനമ്മയുടെ സ്വഭാവങ്ങളൊന്നും അവർ ഇന്നേ വരെ കാണിച്ചിട്ടില്ല.

പക്ഷേ അമ്മയുള്ളപ്പോൾ അവർ രണ്ടാനമ്മയാവില്ലല്ലൊ. പിന്നെ, അച്ഛന്റെ ഭാര്യയ്ക്ക് ഒരു പ്രത്യേക വിളിപ്പേരുള്ളതായി അറിയില്ല. അങ്ങനെയൊക്കെ തുടക്കം മുതൽ പ്രശ്നങ്ങളുള്ള ഒരു ബന്ധമാണത്. അച്ഛൻ പറഞ്ഞതനുസരിച്ച് ഹിമയും സിദ്ധാർത്ഥും സന്ധ്യാന്റിയെന്നു വിളിക്കുന്നുണ്ട്. എന്നാലും ആദ്യം ടീച്ചറെന്നു പരിചയപ്പെട്ടതുകൊണ്ട് പലപ്പോഴും ഹിമയ്ക്ക് അങ്ങനെയേ നാവിൽ വരൂ. ടീച്ചറിൽ നിന്നും വിട്ട് ആന്റിയിലെത്താതെ നിൽക്കുന്ന ബന്ധം.

എന്നും കുളിക്കുകയും പെർഫ്യൂം പൂശുകയും ചെയ്യുന്ന സ്വഭാവമുണ്ട് സന്ധ്യടീച്ചർക്ക്. എന്നാലും അവരുടെ മണം എന്തുകൊണ്ടോ അവൾക്കിഷ്ടമല്ല. പെർഫ്യൂമൊന്നും ഉപയോഗിക്കാത്ത അമ്മയുടെ മണം തന്നെയാണു ഹിമയ്ക്കിഷ്ടം. കെട്ടിപ്പിടിച്ച് അങ്ങനെ മണം പിടിച്ചിരിക്കുന്നതൊന്നും പക്ഷേ അവളുടെ അമ്മയ്ക്ക് ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ചു ഡൈവോഴ്സ് കഴിഞ്ഞതിൽ പിന്നെ.
മാറൺണ്ടോ മേത്ത്ന്ന്

ഈയിടെയായി അമ്മ ചോദിച്ചതു തന്നെയാണു വീണ്ടും വീണ്ടും ചോദിക്കുന്നത്. അച്ഛൻ എപ്പോൾമ്പോകും , എപ്പോൾ വരും, ആ യക്ഷിക്കു എന്തെങ്കിലും വെക്കാനറിയാമോ, നിങ്ങളെ അടിക്കുമോ, തുണിയലക്കാനറിയാമോ. ഉത്തരം പറഞ്ഞ് ഹിമക്കു മടുത്തുപോകും.

അടുക്കളക്കാര്യത്തിനു ശാന്തിയെന്ന് പേരുള്ള നല്ല പാചകക്കാരിയുണ്ട്. അവർ തന്നെ വാഷിംഗ് മിഷീനിൽ തുണിയലക്കും, ഉണക്കി മടക്കി തേച്ച് മുറിയിലെത്തിക്കും എന്നൊക്കെ പറയുമ്പോൾ അമ്മക്കു കലികൂടും.

എത്ര വർഷം ഇത്തിരിപ്പോന്ന രണ്ടെണ്ണത്തിനേം കൊണ്ടു ഞാൻ പെടാപ്പാടു പെട്ടു.. ഒരാളുണ്ടായിരുന്നോ സഹായത്തിനു?

സത്യം പറഞ്ഞാൽ അമ്മ ആരെയും സഹായിക്കാൻ സമ്മതിച്ചിട്ടില്ല. കോപം കുറ്റം ശകാരം. വന്നവരൊക്കെ മടുത്ത് വേഗം മടങ്ങിപ്പോയി. അധികം സംസാരിക്കാത്ത സന്ധ്യടീച്ചർക്ക് നിർദ്ദേശങ്ങളേയുള്ളൂ. ഉച്ചത്തിലുള്ള ശകാരമില്ല.

ജോലി കഴിഞ്ഞു വൈകി വരുന്ന അച്ഛന്റെ മുന്നിൽ അമ്മ കോപം കൊണ്ട് തുള്ളൂമായിരുന്നു.

തോന്നുമ്പൊ കയറി വന്നാ മതി. ഇട്ടിട്ടു പോകും ഞാനെന്റെ വഴിക്ക്.

ഒടുക്കം അച്ഛൻ പറഞ്ഞു.

പോവുക, നിന്റെ വഴിക്ക്ദയവായിട്ടൊന്ന് ഒഴിഞ്ഞു പോവുക!

അച്ഛന്റേത് മാന്യതയും ഭാരവുമുള്ള ജോലിയാണു. ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ ഇഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്റിന്റെ മുഴുവൻ ചുതല. അച്ഛൻ റാങ്ക് വാങ്ങി ഇൻഞ്ചിനീയറിംഗ് ജയിച്ചയാളാണു. ഉണർന്നിരുന്ന് പഠിക്കാൻ മുത്തശ്ശി മേശപ്പുറത്ത് കട്ടൻകാപ്പിയും കാൽച്ചുവട്ടിൽ വെള്ളവും എത്തിച്ചിരുന്നു. പക്ഷേ ട്ടൻകാപ്പി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അച്ഛൻ അറിഞ്ഞിരിക്കണമെന്ന് മുത്തശ്ശിയും അച്ഛനും വിചാരിച്ചില്ല.

അതു അമ്മയ്ക്ക് സഹിക്കാത്ത കാര്യമാണു.

തന്നെത്താനെ ഒരു കാപ്പിയുണ്ടാക്കി കുടിക്കില്ല. വല്യൊരു ഉദ്യോഗസ്ഥൻ!!!

അമ്മയും ക്ലാസിൽ ഒന്നാമതായി ജയിച്ചയാളാണു. അമ്മയുടെ അമ്മയും  കാപ്പിയും ഊണുമൊക്കെ മേശപ്പുറത്ത് എത്തിച്ചിരുന്നതത്രേ. പിന്നെ എന്താണു പ്രശ്നമെന്ന് ചോദിച്ചാൽ ഹിമയ്ക്കറിയില്ല.

ജോലി അച്ഛന്റെ ദിവസങ്ങൾക്ക് നീളം അധികമാക്കി. യാത്രകൾ ഒഴിവാക്കാൻ പറ്റാത്തതാക്കി. അച്ഛൻ വീട്ടിലില്ലാതിരിക്കുമ്പോൾ അമ്മയ്ക്ക് അരിശം കൂടുതലാണെന്ന് തോന്നുമായിരുന്നു.

സർക്കീട്ടു പോയിരിക്കല്ലേ! വല്ല ഉത്തരവാദിത്തോം ഉണ്ടോ?

യാത്ര കഴിഞ്ഞു വരുന്ന അച്ഛനു ചോറുണ്ടാക്കാതെയാണു അമ്മ പ്രതിഷേധിച്ചത്.

മൂന്നു ദിവസമായി രണ്ടെണ്ണത്തിനേം ഒറ്റയ്ക്കു വെച്ചൂട്ടുന്നു.ഇന്നിനി നിങ്ങളു തീറ്റ് എല്ലാരെയും. എനിക്കും ആവാം വിശ്രമമൊക്കെ.

കനത്ത മുഖവുമായി അച്ഛൻ ഹോട്ടലിലെ പൊതിയുമായി വരുമ്പോൾ ഹിമക്കും സിദ്ധാർത്ഥനും ഹോട്ടൽ ഭക്ഷണത്തിന്റെ രുചിയോർത്ത് സന്തോഷമാകും. പക്ഷേ അടുത്ത പൊട്ടിത്തെറിയോർത്ത് വല്ലാത്തൊരു പേടിയോടെയാണു ഭക്ഷണം കഴിച്ചിരുന്നത്. ഒടുക്കം വിവാഹമോചനം നടന്നതോടെ അത്തരം പേടി കുറഞ്ഞെന്നു പറയാം.

നഗരത്തിൽ തന്നെ താമസിച്ച് പഠിച്ചിരുന്ന സ്കൂളിൽ തന്നെ പഠിപ്പിക്കാം എന്ന വാദത്തിലാണു അച്ഛൻ ഹിമയേയും സിദ്ധാർത്ഥിനേയും വേണമെന്ന് ആവശ്യപ്പെട്ടത്.

പഠിക്കട്ടെ ഒരു പാഠം. ബുദ്ധിമുട്ടു ശരിക്കൊന്നറിയട്ടെ ഉദ്യോഗസ്ഥൻ!

എന്ന് പറഞ്ഞ് അമ്മ അത് ആഘോഷിക്കുകയും ചെയ്തു. സത്യത്തിൽ കുട്ടികൾ ഏതൊക്കെ ക്ലാസ്സിലാണു പഠിക്കുന്നതെന്നു തന്നെ അച്ഛനു അറിയുമായിരുന്നില്ല എന്ന് തോന്നുന്നു.

മുത്തശ്ശിയും ശാന്തിയും കൂടി വന്നപ്പോൾ വീട്ടിൽ കൃത്യമായി ഭക്ഷണമുണ്ടായി. ഉച്ചത്തിലുള്ള വഴക്കുകൾ ഇല്ലാതായി. പക്ഷെ മുത്തശ്ശിയുടെ മട്ട് ഹിമക്കു തീരെ ഇഷ്ടപ്പെട്ടില്ല. പുസ്തകങ്ങളിലെ മുത്തശ്ശിമാരെപ്പോലെയോ കവിയൂർ പൊന്നമ്മയെപ്പോലെയോ ആയിരുന്നില്ല അവരും. എന്തു ചെയ്താലും ഒരു പല്ലവി തന്നെ.

      മൂധേവി, കുട്ടികളെ പഠിപ്പിച്ചു വച്ചിരിക്കുന്നതു കണ്ടില്ലേ.

പിന്നെയാണു അച്ഛൻ സന്ധ്യ ടീച്ചറെ പരിചയപ്പെടുത്തിയത്. കല്യാണം കഴിച്ചിട്ട് ആന്റിയെന്ന് വിളിക്കാൻ പറഞ്ഞത്.

കുറച്ചുകാലം അവരൊരു കുവൈറ്റുകാരന്റെ ഭാര്യയായിരുന്നു. കുട്ടികളുണ്ടാവില്ല എന്നു തെളിവെടുപ്പു നടത്തി സ്ഥാപിച്ചിട്ട് അയാൾ ഒഴിഞ്ഞു പോയത്രേ. അതുകൊണ്ട് അങ്ങനെയൊരു ഭീഷണി ഹിമക്കും സിദ്ധാർത്ഥിനുമില്ല.

          നല്ല പൊക്കവും അതിനു ചേർന്ന അധികമല്ലാത്ത വണ്ണവുമുള്ള സന്ധ്യാന്റിക്ക് അമ്മയെക്കാൾ എടുപ്പും ആകർഷണീയതയുമുണ്ട്. പുതിയ തരത്തിലുള്ള സാരികൾ, അതിനു ചേരുന്ന അടിപ്പാവാട, മാല, കമ്മൽ ഒക്കെയായി പരസ്യത്തിലെ പെണ്ണിനെപ്പോലെ അമ്മ്അക്കില്ലാത്ത ഒരു ലക്ഷണമുണ്ടവർക്ക്.

          അമ്മ ഒരിക്കലും ഹോംവർക്കു നോക്കിയിരുന്നില്ല. എന്നാണു പരീക്ഷ, പഠിച്ചോ എന്നൊന്നും അന്വേഷിച്ചിരുന്നില്ല. പക്ഷേ മാർക്കു കുറഞ്ഞു പോയാൽ, യൂണിഫോമിൽ മഴിപറ്റിയാലൊക്കെ മുഖമടച്ചു ചീത്ത പറഞ്ഞിരുന്നു.

          സന്ധ്യടീച്ചർ ഇന്നു വരെ വഴക്കു പറഞ്ഞിട്ടില്ലെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? വല്ലാത്തൊരു അടുക്കും ചിട്ടയുമാണവർക്ക്. എഴുതി പഠിക്കാനുള്ള പേപ്പറുകൾ ഭംഗിയായി അടുക്കി വെച്ചിട്ടുണ്ട്. അതിനടുത്ത് കൂർപ്പിച്ച പെൻസിലുകളും റബ്ബറും പേനകളും. എടുത്തതൊക്കെ കൃത്യമായി തിരികെ വെക്കണം.

          ഹിമയുടെയും സിദ്ധാർത്ഥിന്റെയും നോട്ടുബുക്കും ടെക്സ്റ്റും ടൈംടേബിളുമൊക്കെ സന്ധ്യടീച്ചർക്കു മനഃപാഠമാണു.

          സിദ്ധാർത്ഥിനു റ്റ്യുസ്ഡേ സ്പെല്ലിംഗ് ടെസ്റ്റ് ഉണ്ടല്ലൊ. വാക്കുകൾ പഠിച്ചിട്ടു വരൂ.

അതു പറഞ്ഞ് ടിവി ഓഫ് ചെയ്യുമ്പോൾ അവനു ഉത്തരം മുട്ടിപ്പോകും. അരമണിക്കൂർ കഴിൻജ്ഞ് സ്പെല്ലിംഗ് ടെസ്റ്റു കൊടുക്കും. വാക്കുകൾ തെറ്റിച്ചാൽ വഴക്കു പറയില്ല. ശരിയായ വാക്ക് കാണിച്ച് ഇരുപത്തിയഞ്ച് തവണ എഴുതാൻ പറയും. പ്രതിഷേധിച്ചാൽ അന്നു പിന്നെ ടിവി കാണാൻ പറ്റില്ല. വലിഞ്ഞു മുറുകിയ മുഖമായിരുന്ന് എഴുതുന്ന സിദ്ധാർത്ഥിനെ കാണുമ്പോൾ ഹിമക്കു ഭയം തോന്നും.

          ഇവൻ ഒരു ദിവസം സന്ധ്യാന്റിയെ കുത്തിക്കൊന്നേക്കുമോ?

          അച്ഛൻ എത്ര ദിവസത്തേക്കു ടൂറു പോയാലും സന്ധ്യടീച്ചർക്കു പരാതിയില്ല. വൈകി വന്നാലും പ്രശ്നമില്ല, കുട്ടികളുടെ അത്താഴം എട്ടുമണി എന്ന കണക്ക് അവർ ഒരിക്കലും തെറ്റിക്കില്ല. സന്ധ്യാന്റി എന്തെങ്കിലും വായിച്ചുകൊണ്ട് അല്ലെങ്കിൽ സ്കൂളിലെ ബുക്കുകൾ കറക്ടു ചെയ്തുകൊണ്ടിരിക്കും. അപ്പോൾ വീടിനകത്ത് പേടിപ്പിക്കുന്ന ഒരു നിശബ്ദതയായിരിക്കും. വീട്ടിലെ വഴക്കും ബഹളോം ഇല്ലാതാക്കി തരണേന്ന് സെന്റ് ആന്റണീസിൽ പോയി പ്രാർത്ഥിച്ചതിനു ഭഗവാന്റെ ശിക്ഷയായിരിക്കും അതെന്നോർത്ത് ഹിമക്കു പേടിയാകും.

          അവധിക്കാലത്ത് അമ്മയുടെ അടുത്തു പോകാൻ അനുവാദമുണ്ട്. അമ്മക്ക് ചോദ്യങ്ങളേയുള്ളൂ.

          ആ യക്ഷി മയക്കിയെടുത്തോ നിന്നേം?

          അവൾക്ക് ഉപ്പിലിട്ടത് ഉണ്ടാക്കാനറിയാമോ?

          അവളു കാലത്ത് ഉണർന്നാലുടൻ അച്ഛനു കാപ്പി കൊടുക്കുമോ?

സത്യത്തിൽ ശാന്തി കാപ്പിയുണ്ടാക്കും. ഭംഗിയുള്ള നൈറ്റിയിട്ട് മുടി ചീകിയൊതുക്കിയ സന്ധ്യ ടീച്ചർ ആ കപ്പ് ബെഡ് റൂമിലേക്ക് കൊണ്ടു പോകും. അച്ഛനു കണ്ണു തുറക്കുമ്പോൾ കാപ്പി വേണം. മുത്തശ്ശി പഠിപ്പിച്ച മറ്റൊരു ദുശീലം.

കാപ്പിയുടെ പേരിൽ ഒരുപാടു ലഹളകൾ വീട്ടിലുണ്ടായിട്ടുണ്ട്.

          അങ്ങോട്ടൊന്നും എഴുന്നള്ളിക്കാൻ എന്നെക്കൊണ്ട് പറ്റില്ല.

          ഇവിടെ വന്ന് കാപ്പി കുടിച്ചാൽ എന്താ ആകാശം ഇടിഞ്ഞു വീഴ്വോ?

          എനിക്കു വേണ്ട നിന്റെ നശിച്ച കാപ്പി.

സത്യത്തിൽ അവധി ദിനങ്ങളിലെ പ്രഭാതങ്ങളെയായിരുന്നു കൂടുതൽ പേടി. ഒരു കപ്പ് അല്ലെങ്കിൽ ഒരു പാത്രമെങ്കിലും അന്ന് ഉടയും. ഇപ്പോൾ അച്ഛനും സന്ധ്യാന്റിയും എഴുന്നേൽക്കുന്നതുതന്നെ വളരെ വൈകിയാണു. ഒരു ദിവസം ടീച്ചർ കുളിച്ചിറങ്ങി വന്നപ്പോഴേക്കും അച്ഛൻ  അടുക്കളയിൽ ചെന്ന് ശാന്തിയോട് കാപ്പി വാങ്ങി ഉമ്മറത്തേക്കു പോയി. അന്നു പത്തു തവണയെങ്കിലും സന്ധ്യാന്റി അച്ഛനോട് സോറി പറഞ്ഞു.

          സോറി ദിനൂ. ഇപ്പോഴേ എഴുന്നേൽക്കുമെന്ന് കരുതിയില്ലാട്ടോ. സോറി.

          സാരമില്ലെടോ

അതു പറഞ്ഞ് അയാൾ സന്ധ്യയെ സോഫയിൽ പിടിച്ചിരുത്തി കാപ്പി കുടിപ്പിച്ചപ്പോൾ ഹിമ അന്തം വിട്ടു പോയി.

ബഹളമില്ലാത്ത വീട്ടിൽ ഇപ്പോൾ വല്ലാത്ത നിശബ്ദതയാണു. പക്ഷേ കാര്യങ്ങളെല്ലാം കൃത്യമായി നടക്കുന്നുണ്ട്. ഹിമക്കും സിദ്ധാർത്ഥിനും നല്ല മാർക്കും കിട്ടുന്നുണ്ട്. അത് അച്ഛനു വളരെ സന്തോഷമുള്ള കാര്യമാണു. എന്നാലും അവരേതൊക്കെ ക്ലാസിലാണു പഠിക്കുന്നതെന്ന് അച്ഛനിപ്പോഴും അറിയില്ലെന്നു തോന്നുന്നു.

          അമ്മയുടെ വീട്ടിൽ ചെന്നാൽ ഇഷ്ടമില്ലാത്ത ശബ്ദമേയുള്ളൂ.

          അമ്മേ എനിക്കാ ക്ലാസിലു ഫസ്റ്റ് റാങ്ക്.

          നിനക്കൊക്ക്കെ ഞാൻ പറയുമ്പോഴേ പഠിക്കാൻ പറ്റാതുള്ളൂ. ആ യക്ഷി പറഞ്ഞാൽ നീയും കേൾക്കും നിന്റെ അച്ഛനും കേൾക്കും.

അവിടെ ചെല്ലുമ്പോൾ സിദ്ധാർത്ഥൻ പറ്റുന്നതൊക്കെ ഉടയ്ക്കും. പശുക്കുട്ടിയെ വെറുതേ വടികൊണ്ട് തല്ലിച്ച്അതയ്ക്കും. അവൻ കുഞ്ഞുറുമ്പുകളെയും കുഴിയാനകളെയും മിനുസപ്പെട്ട ഒരു കല്ലിൽ വെച്ച് മറ്റൊരു കല്ലു കൊണ്ട് ഇടിച്ച് ചമ്മന്തിയാക്കും.

          ചാവ്ചാവ്ചത്തു പോ!

വഴക്കു പറഞ്ഞാൽ വല്ലാതെ കാറുകയും ബഹളം വയ്ക്കുകയും ചെയ്യും. അതുകൊണ്ടാണു ഹിമ തനിക്കു പോകാൻ മൂന്നാമതൊരു സ്ഥലം വേണമെന്ന് ആഗ്രഹിച്ചത്.

പ്ലസ് ടൂ കഴിഞ്ഞാൽ അതിനുള്ള മാർഗ്ഗമാണു നോക്കേണ്ടത്. ഇലക്ട്രോണിക്സു പഠിക്കുക. കമ്പ്യൂട്ടർ കാണാപ്പാഠമാക്കിയാൽ യൂറോപ്പിലോ അമേരിക്കയിലോ പോകാം. എത്രായിരം രൂപയാ അവർക്കൊക്കെ ശമ്പളം! മാസികകൾ മറിച്ചു നോക്കി അവൾ കണക്കു കൂട്ടി വെച്ചിട്ടുണ്ട് എല്ലാം.

          സിദ്ധാർത്ഥിനെയും കൊണ്ടു പോകണം. അവനു ഒരാളെ കുത്തിക്കൊല്ലണമെന്ന് വാശി വളരാത്ത ഒരിടത്തേക്ക്. പഠിക്കുകയും, കളിക്കുകയും ടിവി കാണുകയും ഒച്ചയെടുക്കുകയും ഒക്കെ ചെയ്യാനായിട്ട് ഒരു വീടു വേണം.

          സന്ധ്യാന്റിയുള്ളപ്പോൾ അച്ഛനു ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെന്ന് ഹിമക്കറിയാം. അല്ലെങ്കിലും കുട്ടികൾ അടുത്തായാലും അകലെയാണെങ്കിലും അച്ഛനു വ്യത്യാസമറിയുമെന്ന് തോന്നുന്നില്ല.

          പിന്നെ അമ്മ; അമ്മയെ കൂടെ കൊണ്ടുപോയാൽ പോകുന്നതു വെറുതേയാവും. പരാതിപ്പെട്ടു പരാതിപ്പെട്ടു ജീവിതം ഇല്ലാതാക്കിക്കളയും. ഇട്ടിട്ടു പോയാൽ പത്രക്കാരും ടിവിക്കാരും ഹിമയെ അമ്മ ഉപേക്ഷിച്ചു പോയ മകളെന്ന്അ കുറ്റക്കോളത്തിലെ കണക്കാക്കി മാറ്റും.

          ഒരു മാർഗ്ഗമേയുള്ളൂ. അമ്മയെ ആരെയെങ്കിലും ഏൽപ്പിക്കുക. അടുക്കളയിൽ വന്ന് കാപ്പി കുടിക്കുന്ന, അല്ലെങ്കിൽ കാപ്പിയുണ്ടാക്കാനറിയാവുന്ന തിരക്കു കുറഞ്ഞ ജോലിയുള്ള ഒരാൾ. പിന്നെ ഹിമക്കും സിദ്ധാർത്ഥിനും സമാധാനമായി അമേരിക്കയിലോ യൂറോപ്പിലോ ജീവിക്കാം. പറ്റിയൊരു പരസ്യം കണ്ടു പിടിക്കാൻ ഹിമ ഞായറാഴ്ചപ്പത്രങ്ങൾ തിരയാൻ തുടങ്ങി.

          തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട്……’


നിർമല

Comments

comments