വൾ സുന്ദരിയായിരുന്നു. മികച്ച ഒരു കലാസൃഷ്ടി. ധാരാളം പകർപ്പുകളെടുത്ത് വിൽ‌പ്പനയ്ക്ക് വയ്ക്കാവുന്ന സൌന്ദര്യം. ഫ്രോക്കിനുള്ളിലെ കൊതിപ്പിക്കുന്ന പിന്നഴക് കാണിച്ച് അവൾ ഐസ് ക്യൂബുകളുമായി കടന്ന് പോയി.

സ്വീകരണമുറിയിലേയ്ക്ക് സംഗീതത്തിന്റെ ഓളങ്ങൾ ഒഴുക്കി വിട്ട് വിരുന്നുമുറി ആഘോഷത്തിൽ മുഴുകി. ഒരു വശത്ത് മികച്ചൊരു ബാറിനെ അനുകരിക്കുന്ന വിശാലമായ മുറിയിൽ മദ്യക്കുപ്പികൾ കഴുത്തറത്തു. ബിയർ കുപ്പികൾ നുരഞ്ഞ് നുരഞ്ഞ് ചില്ലുഗ്ലാസ്സുകളിലേയ്ക്കൊഴുകിയടങ്ങി. ഉഷ്ണം നിറഞ്ഞ ഒരു പകലിൽ വിജനമായ ഹൈവേയിലൂടെ വണ്ടിയോടിക്കുന്നത് പോലെ ബോബ് ഡിലൻ എന്ന ഡീസൽ വണ്ടി പാഞ്ഞു. പൊടി പാറി. വിരുന്നിന്റെ ഞരമ്പിൽ ലഹരി പടർന്നു. നൃത്തവും പാട്ടും നിറഞ്ഞ വിരുന്നുമുറി ഇറുകിയ വസ്ത്രം ധരിച്ച തടിച്ചിയെപ്പോലെ കിതച്ചു. ഞാൻ ഒരു കുപ്പി ബിയർ എടുത്ത് വരാന്തയിലേയ്ക്ക് നടന്നു. കൃത്യനിഷ്ഠയുള്ള കാവൽക്കാരനെപ്പോലെ പകൽ രാത്രിയ്ക്ക് വഴിമാറുന്നു. വെളിച്ചം ഇരുട്ടിൽ ലയിക്കുന്നു. ഇരുട്ട് എല്ലാം വിഴുങ്ങുന്നു. വിഴുങ്ങിയതെല്ലാം ദഹിച്ച് പൂന്തോട്ടത്തിലെ വിളക്കിൽ പ്രത്യക്ഷമാകുന്നു.

വരാന്തയിലെ ചൂരൽക്കസേരയിലിരുന്ന്, പൂന്തോട്ടത്തിൽ തെളിഞ്ഞിരുന്ന ഒരേയൊരു വിളക്കിന്റെ പ്രഭയിലേയ്ക്ക് നോട്ടത്തിന്റെ പാറ്റകളെ അയച്ച് തണുത്ത് നിർവ്വികാരമായ ബിയർ കുടിക്കുകയായിരുന്നു. അപ്പോൾ എവിടെ നിന്നോ അവൾ പ്രത്യക്ഷപ്പെട്ടു. എന്റെ കൂടെ വാ, അവൾ പറഞ്ഞു. ബിയർ കുപ്പി കസേരയുടെ അടിയിൽ വച്ച് ഞാൻ അവളെ പിന്തുടർന്നു.  അവൾ എന്റെ അടുത്ത കൂട്ടുകാരിയാണ്.  വില്ലയുടെ പിന്നിൽ അല്പം അകലെയായി ഒരു ചെറിയ പുര, സ്റ്റോർ റൂം.

വൃത്തിയായി സാധനങ്ങൾ അടുക്കി വച്ചിരുന്ന ഒരു മുറിയായിരുന്നു അത്. അവൾ ഷെൽഫിനിടയിലൂടെ എന്തോ തിരഞ്ഞു. സഹായിക്കാനെന്ന പോലെ ഞാനും അവളോട് ചേർന്ന് നടന്നു. അവളുടെ ശ്വാസം എന്റെ കവിളിൽ പതിഞ്ഞ ഒരു നിമിഷത്തിൽ അവളെന്റേതായി. അവളുടെ ചുണ്ട് ഒരു ശലഭം പോലെ എന്റെ കൺ മുന്നിൽ തെളിഞ്ഞു. അതിൽ ചുംബിക്കുക എന്നതല്ലാതെ വേറൊന്നും എനിക്ക് ചെയ്യാനില്ലായിരുന്നു. അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു. 

സോറി, ഐ ആം മാരീഡ്, അവൾ പറഞ്ഞു, എന്നിട്ട് ഷെൽഫിൽ നിന്നും ഒരു സെറ്റ് ബിയർ ഗ്ലാസ്സുകൾ എടുത്ത് പുറത്തിറങ്ങി. ഞാൻ ആ മുറിയിൽ നിന്നും പുറത്തിറങ്ങി വാതിലടച്ച് അല്പനേരം അവിടത്തന്നെ നിന്നു. സംഭവിച്ചതെല്ലാം ഓർത്തെടുക്കുകയായിരുന്നു ഞാൻ. ഒരു ഓർമ്മയിൽ എല്ലാം മറന്ന് പോകുകയായിരുന്നു.

അവൾ നടന്ന് തീർന്ന വഴിയിൽ ഞാവൽ‌പ്പഴങ്ങൾ ഉതിർന്ന് വീഴുന്നത് പോലെ.

എനിക്കവളോട് പ്രണയം തോന്നി.

*******

ആരോടും യാത്ര പറയാൻ നിൽക്കാതെ ഞാൻ വിരുന്നുപേക്ഷിച്ച് തിരിച്ച് പോയി. നഗരവെളിച്ചങ്ങൾക്കിടയിലൂടെ അന്നത്തെ അവസാനയാത്ര ചെയ്യുന്ന ബസ്സിൽ ഇരിക്കുമ്പോൾ എനിക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രശലഭത്തിനെ ഓർമ്മ വന്നു. അതിന്റെ ചിറകടി പോലെയായിരുന്നു അവളുടെ ചുണ്ടിൽ സ്പർശിച്ചപ്പോൾ. ഭൂമിയിലെ, പ്രപഞ്ചത്തിലെ തന്നെ, അവസാനത്തെ ചിറകടി. ശുഷ്കമെങ്കിലും, അപൂർണമെങ്കിലും അത്ര മനോഹരമായി ചുണ്ടുകളെ ചിറകടിപ്പിക്കാൻ ലോകത്ത് അവൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് തോന്നി. അത് ആഘോഷിക്കാനെന്ന പോലെ ആകാശത്ത് നക്ഷത്രങ്ങൾ വിരുന്നൊരുക്കി.

*****

ഒരു നുണ പറഞ്ഞതിനുള്ള ക്ഷമാപണമാവട്ടെ ആദ്യം. അവൾ എന്റെ സുഹൃത്തൊന്നുമല്ല. ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം (ഒരു ജനുവരിയിൽ, ഒരു മാർച്ചിൽ പിന്നെ ഒരു ആഗസ്റ്റിൽ) അവളെ കണ്ടിട്ടുണ്ട് എന്ന പരിചയം മാത്രമായിരുന്നു ആ വിരുന്നിൽ പങ്കെടുക്കാൻ എനിക്ക് ക്ഷണം ലഭിക്കാനുള്ള കാരണം.

അപ്പോഴൊന്നും എനിക്കവളുടെ പേരറിയില്ലായിരുന്നു. ഇപ്പോഴും അറിയില്ല. ഏത് പരിചയത്തിന്റെ പേരിലാണ് എന്നെ വിരുന്നിന് ക്ഷണിച്ചതെന്ന് പോലും അറിയില്ല. അവൾ ആരാണെന്ന് പോലും അറിയില്ല. വിരുന്നുകൾക്കിടയിൽ, വഴിയിൽ വച്ച് കണ്ടുമുട്ടുന്നതിനിടയിൽ മനസ്സിൽ പതിഞ്ഞ ഒരു മുഖം മാത്രമാണെനിക്കവൾ.

അത് കൊണ്ട് അവൾക്ക് ഞാൻ തന്നെ പേരിട്ടു.. പ്രേരണ.

*****

ജനുവരി

ഞാൻ കർത്താവിന്റെ മണവാട്ടിയാണ് കന്യാസ്ത്രീ വേഷത്തിൽ അതിസുന്ദരിയായ അവൾ പറഞ്ഞു. പള്ളിമുറ്റത്തെ വേപ്പുമരത്തിന്റെ ചുവട്ടിൽ ഞാൻ ആരെയോ കാത്ത് നിൽക്കുകയായിരുന്നു. കുമ്പസാരക്കൂട്ടിന്റെ മുന്നിലെന്ന പോലെ ഞാൻ പാപം കൊണ്ട് വിയർക്കുന്നുണ്ടായിരുന്നു.

കുർബാന കഴിഞ്ഞിറങ്ങുന്നവർ പെട്ടെന്ന് തിരക്കുകളെക്കുറിച്ച് ബോധവാന്മാരായത് പോലെ തിടുക്കത്തിൽ അപ്രത്യക്ഷരാകാൻ തുടങ്ങി.

സിസ്റ്റർ ആരോ വിളിച്ചു. അവൾ അവരുടെ കൂടെ മഠത്തിലേയ്ക്ക് പോയി. വേപ്പിൻ കായകൾ ചിതറിക്കിടക്കുന്ന മുറ്റത്ത് ഞാനേകനായി. എല്ലാ വർഷത്തേയും ജനുവരികൾ തീർന്നുപോയതായി എനിക്ക് തോന്നി.

മാർച്ച്

ഞാൻ യാക്കോബിന്റെ വിധവയാണ് സാരിത്തലപ്പ് തലയ്ക്ക് മുകളിലൂടെ വിരിച്ച് അവൾ പറഞ്ഞു. അന്ന് വെയിൽ ആവശ്യത്തിലും അധികമുണ്ടായിരുന്നു. നെറ്റിയിൽ വിയർപ്പുതുള്ളികളെ പറ്റിച്ച് വയൽപ്പൂവ് പോലെ അവൾ നിന്നു.

സെമിത്തേരിയിൽ അക്ഷമരായി നിൽക്കുന്നവർ യാക്കോബിനെക്കുറിച്ച് മാത്രം ഓർക്കുകയാണെന്ന് തോന്നി. ഞാൻ അവളെ മാത്രം നോക്കി. വിധവയ്ക്ക് ചേരുന്ന വിധം വിഷാദവും വിളർച്ചയും വരുത്തി അവൾ ദു:ഖം പങ്കിടാൻ വന്നവരിലേയ്ക്ക് നടന്നു.

യാക്കോബിനെ എനിക്കറിയില്ലല്ലോ എന്ന വിഷമത്തോടെ ഞാൻ സെമിത്തേരി ഗേറ്റ് കടന്ന് കാറ്റാടിമരങ്ങൾ നിരന്ന വഴിയിലൂടെ നടന്നു.

എല്ലാ മാർച്ചുകളും അവൾക്ക് ദു:ഖത്തിന്റേതായിരിക്കുമല്ലോയെന്ന് ഞാനോർത്തു.

ആഗസ്റ്റ്

ആഗസ്റ്റിലാണ് ഏറ്റവും കൂടുതൽ പ്രണയം സഫലമാകുന്നത് കവിതാപുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ അവൾ പറഞ്ഞു. കേട്ടിരുന്നവർ പ്രശംസയെന്നോ പ്രതിഷേധമെന്നോ മനസ്സിലാവാത്ത മൂളലുകൾ പുറപ്പെടുവിച്ചു. ഞാൻ നോട്ടുപുസ്തകത്തിൽ ആഗസ്റ്റ് എന്ന് കുറിച്ചിട്ട് അടിവരയിട്ടു. ആഗസ്റ്റ് എന്ന് ആദ്യമായി കേൾക്കുന്നത് പോലെയുണ്ടായിരുന്നു എനിക്ക്. അവളുടെ വരികളിൽ പിറന്ന ആ മാസം കലണ്ടറുകളെ കത്തിച്ച് കളഞ്ഞു.

അവൾ കവിത വായിച്ച് കഴിഞ്ഞതും വേദിയിൽ നിന്നും ഇറങ്ങിപ്പോയതും ഞാനറിഞ്ഞില്ല. അടുത്തയാൾ കവിത വായിക്കാൻ കയറിയപ്പോൾ ഞാൻ എഴുന്നേറ്റു. ഹാളിന്റെ മുറ്റത്ത് അവൾ ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ മടിച്ച് മടിച്ച് അവളുടെയടുത്ത് ചെന്നു.

ഇത് ആഗസ്റ്റ് മാസമാണ് അവൾ പുഞ്ചിരിയോടെ പറഞ്ഞു. ആൽ മരത്തിലെ കാറ്റ് പോലെ.

ആഗസ്റ്റ് ആ‍ഗ്സ്റ്റ് ആഗസ്റ്റ് എന്ന് ഉരുവിട്ട് പഠിച്ച് ഞാൻ നടന്നു. അപ്പോഴേയ്ക്കും പുതിയ കലണ്ടറുകൾ ചുവരുകളിൽ സ്ഥാനം പിടിയ്ക്കാൻ തുടങ്ങിയിരുന്നു. അവയിൽ വർഷം തുടങ്ങുന്നത് ആഗസ്റ്റിലായിരുന്നു.

****

ബസ്സ് എപ്പോഴോ നിന്നിരുന്നു. അടഞ്ഞു തുടങ്ങിയ കടകൾ പൊഴിക്കുന്ന വെളിച്ചത്തിൽ സ്ഥലം തിരിച്ചറിയാൻ പ്രയാസപ്പെട്ടു. പകുതിദൂരമേ ആയിട്ടുള്ളൂ എന്ന് മനസ്സിലായി. എന്നെക്കൂടാതെ നാലഞ്ച് യാത്രക്കാർ കൂടിയുണ്ടായിരുന്നു. അവരാരും ഇടയ്ക്കൊന്നും ഇറങ്ങാനുള്ളവരല്ലെന്ന് അവരുടെ ധൈര്യപൂർവ്വമുള്ള ഉറക്കത്തിൽ നിന്നും അറിയാം. ബസ്സ് അവസാനത്തെ സ്റ്റോപ്പിൽ എത്തുന്നത് വരെ അവരും യാത്രയിൽ ഒപ്പമുണ്ടാകും. ഡ്രൈവറെ കാണാനില്ലായിരുന്നു. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടത് പോലെ ബസ്സും യാത്രക്കാരും അവനവന്റെ സ്വപ്നങ്ങളിൽ തുടർന്നു.

കുറച്ച് സമയമെടുക്കുംപഞ്ചറാണ് കണ്ടക്ടർ വാതിലിൽ നിന്നും എത്തി നോക്കി ഉറക്കെപ്പറഞ്ഞു. ഞാനൊഴികെ വേറേയാരും അത് ശ്രദ്ധിച്ചതായി തോന്നിയില്ല. അല്ലെങ്കിലും അസമയത്ത് ഏതെങ്കിലും ഒരു ബസ് സ്റ്റാന്റിൽ ഇറക്കി വിടുന്നതിനേക്കാൾ ഭേദമാണ് വൈകിയാണെങ്കിലും ബസ്സിൽത്തന്നെയിരുന്ന് എത്തിപ്പെടുന്നത്. തണുത്ത കാറ്റ് വീശി.

ഞാൻ ബസ്സിൽ നിന്നും ഇറങ്ങി. നഗരാതിർത്തിയിലെവിടെയോയാണിപ്പോൾ. കുറച്ചകലെ തട്ടുകടയിൽ കച്ചവടം പൊടിപൊടിക്കുന്നു. മദ്യശാലയിൽ നിന്നും അന്നത്തെ നേർച്ച കഴിഞ്ഞ് തലപെരുത്തവർ ആടിയാടി പോകുന്നു. ഞാൻ കുറച്ചപ്പുറത്ത് ആളൊഴിഞ്ഞ മൂലയിലെ ഒരു ബഞ്ചിൽ ഇരുന്നു. അവിടെയിരുന്ന് എനിക്ക് ബസ്സിനെ നിരീക്ഷിക്കാമായിരുന്നു. ടയർ മാറ്റുന്നവർ അന്ന് കണികണ്ടവനെ പഴിക്കുന്നുണ്ടായിരുന്നു.

ഈ ഡിസംബറിൽത്തന്നെ വേണമായിരുന്നു യാത്രഎന്തൊരു തണുപ്പ് ആരോ എന്റെയടുത്ത് നിന്ന് പറയുന്നത് പോലെ തോന്നി. ശരിയായിരുന്നു, നിനച്ചതിലും തണുപ്പുണ്ടായിരുന്നു. ഞാൻ തിരിഞ്ഞു നോക്കി.

***

ചിത്രശലഭത്തിന്റെ ഓരോ ചിറകടിയും ഓരോ ചുംബനമാകുന്നു. അതിന്റെ അലകൾ ചുംബനത്തിന്റെ പരാഗങ്ങൾ ഓരോ പൂവിലും തൊട്ടുപോകുന്നു. പ്രേരണാ, ഇപ്പോൾ നിന്നെ ഇവിടെ കാണുമ്പോൾ എന്റെ ഇതളുകൾ വിരിയുന്നു. നിന്റെ അഴകിനെ പെരുപ്പിച്ച് കാണിക്കുന്ന അതേ ഫ്രോക്ക്. അതിൽ പൂത്തുലയുന്ന നീ. നിന്റെ ചിത്രശലഭങ്ങൾ.

****

നീയെന്താ പറയാതെ പോയത്? തോളിൽ തല ചായ്ച്ച് അവൾ ചോദിച്ചു. നീ ആ സ്റ്റോർ മുറിയിൽ ഉണ്ടാകുമെന്ന് വിചാരിച്ച് ഞാൻ വീണ്ടും അങ്ങോട്ട് പോയി. നീ അത് അടച്ചിട്ടാണല്ലേ പോയത്…”

പ്രേരണാ…”

എന്റെ പേര് നിനക്കെങ്ങിനെയറിയാം?

നക്ഷത്രങ്ങൾക്കും ചിത്രശലഭങ്ങൾക്കും പേരിടുന്നത് പോലെ. നിന്റെ പേര് അതായിരിക്കുമെന്ന് പറയപ്പെടുന്നു. അത് അനുകരിക്കുക മാത്രമേ ഞാൻ ചെയ്തുള്ളൂ…”

പ്രേരണ എനിക്കിഷ്ടമായി പേര് അവൾ ഒന്നുകൂടി ചേർന്നിരുന്നു. അവളുടെ ശരീരം ചൂടുപിടിച്ചിരുന്നു.

നിനക്ക് തണുക്കുന്നില്ലേ? ഞാൻ അവളെ ഇരുകൈകളും കൊണ്ട് പുതപ്പിച്ചു. സ്വാസ്ഥ്യത്തിൽ അവളുടെ കണ്ണുകൾ തെന്നി.

നിനക്ക് തെറ്റി ഞാൻ പറഞ്ഞു.

എന്ത്?

ആഗസ്റ്റിലല്ല പ്രണയം സഫലമാകുന്നത്

പിന്നെ?

ഡിസംബറിൽ

ഇത് ആഗസ്റ്റ് അല്ലേ?

അല്ല.ഡിസംബർ

എല്ലാ ഡിസംബറും എനിക്ക് ആഗസ്റ്റാണ്

ഞാൻ തോറ്റു

****

എല്ലാരും കയറിയോ? കണ്ടക്ടർ വിളിച്ച് ചോദിച്ചു. ഡ്രൈവർ ബസ്സ് സ്റ്റാർട്ടാക്കി അക്ഷമ പ്രദർശിപ്പിച്ചു. ബസ്സിന്റെ മുരൾച്ചയിൽ ഉറക്കം മുടങ്ങിയ യാത്രക്കാർ മുഖം ചുളിച്ച് ചുറ്റും നോക്കി.

എവിടെയെത്തി? ആരോ ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. ഉറങ്ങുന്ന ഒരു ലോകത്തിനെ നക്കിത്തുടച്ച് പാത പിന്നോട്ടുരുണ്ടു. എനിക്കും ഉറക്കം വരുന്നുണ്ടായിരുന്നു.

****

പ്രേരണ തിരിഞ്ഞു കിടന്നു. പ്രേരണ കൂർക്കം വലിച്ചു. അവളുടെ കൈകൾ എന്തിനെയോ ആലിംഗനം ചെയ്യാനായി തിരഞ്ഞു. അവളുടെ സ്വപ്നത്തിലെ ചിത്രശലഭങ്ങൾ മുറിയിലെങ്ങും പരാഗം ചെയ്തു. പ്രേരണ ഉണർന്നു.

സ്വെറ്ററിനും തടുക്കാനാവാത്ത തണുപ്പിൽ അവൾ വിറച്ചു. കൈകൾ കൂട്ടിത്തിരുമ്മി, മഞ്ഞ് പെയ്യുന്ന ഉച്ഛ്വാസത്തോടെ അവൾ ബാൽക്കണിയിൽ നിന്നു. ഞാൻ കൊടുത്ത ആവി പറക്കുന്ന കട്ടൻ ചായ മൊത്തിക്കുടിച്ച് അവൾ ഉറക്കച്ചടവിനെ ആട്ടിപ്പായിച്ചു.

ഇത്ര നാൾ ഒരുമിച്ച് മാറി നിൽക്കുന്നത് ആദ്യമായിട്ടാണ് അവസരത്തിന് യോജിക്കാത്ത ഒരു സംഭാഷണം അവൾ തുടങ്ങി വച്ചു.

ഇനി തിരിച്ചു പോകാനാകാത്ത വിധം എന്ന് കൂടി ഞാൻ പറഞ്ഞു. അവൾ ചിരിച്ചു. ചിത്രശലഭങ്ങൾ ചിറകടിച്ചു. അവൾക്ക് ഞാൻ ചൂട് പകർന്നു.

****

ബാൽക്കണിയിൽ കുറുകുന്ന പ്രാവുകളെ കണ്ടു. അവ ചിറകുകൾ കോതിയൊതുക്കി. പ്രേരണ മുടി കോതുന്നത് പോലെ.

പെട്ടെന്ന് ഏകാന്തത എന്നെ പൊതിഞ്ഞു. പ്രേരണയുടെ സ്വപ്നത്തിൽ ഇപ്പോൾ ആരായിരിക്കുമെന്ന് ആലോചിച്ചു. അവൾ ആരേയായിരിക്കും ഇപ്പോൾ കെട്ടിപ്പിടിച്ചുറങ്ങുന്നുണ്ടാവുകയെന്ന് അസൂയപ്പെട്ടു.

പ്രാവുകൾ പറന്ന് പോയി.

***

ഏയ് മാൻഇവിടെയെന്തെടുക്കുകയാ?

സ്റ്റോർ റൂമിന്റെ മുന്നിൽ വഴിതെറ്റിയവനെപ്പോലെ നിൽക്കുകയായിരുന്ന എന്നോട് ആരോ ചോദിച്ചു.

നിന്റെ പേര് യാക്കോബ് എന്നല്ലേ?

വാട്ട്?

നിന്റെ ശവസംസ്കാരത്തിന് ഞാനും വന്നിരുന്നു

നിനക്ക് ഭ്രാന്തായോ?

ഇല്ല. നിന്റെ ഭാര്യ കവിതയെഴുതുമല്ലേ?

അതെ . എന്റെ ഭാര്യയാകുന്നതിന് മുമ്പ് അവൾ കന്യാസ്ത്രീയായിരുന്നുസമാധാനമായോ?

ഇതേത് മാസം?

ആഗസ്റ്റ്

****

ഡിസംബറിൽ പുറപ്പെടാനിരിക്കുന്ന ബസ്സ് കാത്ത് ഞാൻ ബസ് സ്റ്റോപ്പിൽ ഇരുന്നു. വല്ലാത്ത തണുപ്പുമുണ്ടായിരുന്നു. ചിത്രശലഭങ്ങൾക്ക് പേരിടുന്നൊരാൾ അന്ന് രാത്രി മരിച്ചുവീണു.

Comments

comments