ആവശ്യപ്പെട്ടു. ഭൂരഹിതതരാണു തങ്ങളെന്ന് പ്രഖ്യാപിച്ചുകൊണ്ട് സെക്രട്ടേറിയേറ്റിനു മുന്നിൽ ആദിവാസികൾ കെട്ടിയ കുടിലുകൾ പൊളിച്ചുനീക്കാൻ ഉദ്യോഗസ്ഥവൃന്ദവും നിർബന്ധം ചെലുത്തി.  മുഖ്യമന്ത്രിയും ആക്ഷൻ കൗൺസിലും തമ്മിൽ 48 ദിനം നീണ്ട സമരം ഉന്നയിച്ച മിക്കവാറും ആവശ്യങ്ങളിലും ധാരണയിലെത്തിച്ചേർന്നു. സംസ്ഥാനത്തെ എല്ലാ ഭൂരഹിത ആദിവാസികൾക്കും രണ്ട് മുതൽ അഞ്ച് ഏക്കർ വരെ കൃഷിയോഗ്യമായ ഭൂമി നൽകാൻ ഗവണ്മെന്റ് സമ്മതിച്ചു. വിതരണത്തിനായി ഇതിനകം 42,000 ഏക്കർ ഭൂമി ഗവണ്മെന്റ് കണ്ടെത്തി. വയനാട്ടിൽ വിതരണം ചെയ്യുവാനായി മറ്റൊരു 1,000 ഏക്കർ ഭൂമിയും ഗവണ്മെന്റ് കണ്ടെത്തുകയുണ്ടായി. 2002 ജനുവരി ഒന്ന് മുതൽ ഭൂമി വിതരണം ചെയ്യാനായിരുന്നു തീരുമാനം. ഫലപ്രദവും നിലനില്പാധിഷ്ഠിതമായി വിതരണം ചെയ്യുന്ന ഭൂമി പ്രയോജനപ്പെടുത്തുന്നതിനുമായി അടുത്ത അഞ്ച് വർഷത്തേക്ക് ആദിവാസികുടുംബങ്ങൾക്ക് പ്രത്യേക വികസന സഹായവും  ഗവണ്മെന്റ് വാഗ്ദാനം ചെയ്തു.

എന്നാൽ 1975ലെ നിയമത്തിന്റെ പ്രാണൻ തന്നെ അപഹരിക്കുന്ന ഭേദഗതിയിന്മേൽ സുപ്രീം കോടതി സ്വീകരിക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാം എന്ന സർക്കാർ നിലപാടായിരുന്നു ഏറ്റവും സുപ്രധാനം. കേരളത്തിലെ ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങൾ ഷെഡ്യൂൾ 5ൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനുള്ള തീരുമാനം സഭയിൽ പാസാക്കാം എന്നതായിരുന്നു മറ്റൊരു നാഴികക്കല്ല്.  പുതുതായി നൽകപ്പെടുന്ന ഭൂമി ഏതെങ്കിലും രീതിയിൽ അന്യാധീനപ്പെടുന്നത് തടയാൻ പുതിയ നിയമം കൊണ്ടുവരാമെന്നും ഗവണ്മെന്റ് സമ്മതിച്ചു.  പത്താം പഞ്ചവൽസര പദ്ധതിയിന്മേൽ ആദിവാസികളുടെ വികസനത്തിനായി ഒരു ദീർഘകാല മാസ്റ്റർ പ്ലാൻ കൂട്ടിച്ചേർക്കാമെന്നും വാഗ്ദാനം ചെയ്യപ്പെട്ടു. മുഖ്യമന്ത്രിയും കൗൺസിലും തമ്മിൽ എത്തിച്ചേർന്ന ഈ ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു ആദിവാസി നേതാവായ സി കെ ജാനു പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം പിൻവലിക്കപ്പെട്ടത്. സമരം പിൻവലിക്കപ്പെട്ടെങ്കിലും മാറി മാറി വന്ന ഗവണ്മെന്റുകൾ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ നിന്ന് പിന്നോട്ട് പോയതാണു വീണ്ടും സമരം ആരംഭിക്കാൻ പ്രേരണയായത്. ആ സമര പരമ്പരയിലെ ഏറ്റവും കരുത്തുറ്റ സമരമായിരുന്നുമുത്തങ്ങയിലെ ആദിവാസി ഭൂസമരം. അന്നത്തെ ഏ. കെ ആന്റണി സര്‍ക്കാർ ആ സമരത്തെനേരിട്ടത് അങ്ങേയറ്റത്തെ പോലീസ് തേര്‍വാഴ്ച അഴിച്ചു വിട്ടാണ്. സമരക്കാരെവെടിവച്ച് കൊന്നും, വീടുകള്‍ തീയിട്ടു നശിപ്പിച്ചും ക്രൂരമായമർദ്ദനമുറകൾ ഉപയോഗിച്ചും ആ സമരം ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിച്ചു.താല്‍ക്കാലികമായി സമരക്കാരെ ഒഴിപ്പിക്കാന്‍ ആ അമിതമായ ബലപ്രയോഗത്തിന്സാധിച്ചെങ്കിലും ആദിവാസികളുടെ സമര വീര്യത്തെ ഒന്ന് തൊടാൻ പോലും അതിനുകഴിഞ്ഞില്ല എന്ന് പില്‍ക്കാല സംഭവങ്ങൾ തെളിയിച്ചു. ആ സമരത്തിന്റെയുംഅതിനു മുന്‍പും പിന്‍പുമായി നടന്നിട്ടുള്ള ദളിത്‌ ആദിവാസി ഭൂസമരത്തിന്റെതുടര്‍ച്ചയാണ് ഇപ്പോഴത്തെ ഈ നില്പുസമരവും.

കുറിപ്പുകൾ: 

[1] അധികാരക്കൈമാറ്റത്തിനു ഏറെനാളുകൾക്ക് മുൻപേ തന്നെയായി ഭൂപ്രഭുത്വം അവസാനിപ്പിക്കുവാനും കർഷകർക്കായി ഭൂമി പുനർവിതരണം ചെയ്യുന്നതിനുമായി കേന്ദ്രഗവണ്മെന്റ് ഒരു ഭൂപരിഷ്കരണ പാക്കേജ് മുന്നോട്ട് വച്ചു. ഇതാണു 1850കളിലും 60കളിലുമായി വിവിധ സംസ്ഥാനസർക്കാരുകൾ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമങ്ങളുടെ വിശാലമായ ചട്ടക്കൂടൊരുക്കിയത്. എങ്കിലും വിവിധ സംസ്ഥാനങ്ങളിലെ ഈ നിയമങ്ങൾ കാര്യമാത്രപ്രസക്തമായി ഭൂമിപുനർവിതരണം നടപ്പാക്കുന്നതിൽ കലാശിച്ചില്ല. മിക്ക കേസുകളിലും ജന്മിമാർ ആവശ്യത്തിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കുകയും നഷ്ടമായ ഭൂമികളിന്മേൽ അവർക്ക് ആവശ്യത്തിലധികം നഷ്ടപരിഹാരം ലഭ്യമാവുകയും ചെയ്തു. Omvedt  (1992: 89).

[2]  സിപിഐ(എം)-ൽ ഉണ്ടായ ഒരു പിളർപ്പിനെ തുടർന്ന് സിപിഐ(എം എൽ) രൂപീകൃതമായി. മാവോയിസം അനുസരിച്ചുള്ള കാർഷികവിപ്ലവപദ്ധതി  വിപ്ലവത്തിന്റെ യഥാർത്ഥ പാതയായി വിഭാവനം ചെയ്യുകയും ഇന്ത്യൻ ചക്രവാളത്തിലെ വസന്തത്തിന്റെ ഇടിമുഴക്കം എന്ന് പീക്കിംഗ് റേഡിയോ വാഴ്ത്തുകയും ചെയ്ത ഇക്കൂട്ടരുടെ പ്രവർത്തനങ്ങൾ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ആദിവാസികൾ വലിയ രീതിയിൽ അണിചേർന്ന  സംഘടിതങ്ങളായ കാർഷികമുന്നേറ്റങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിൽ പങ്കു വഹിച്ചു. ഗോത്രവിഭാഗങ്ങളുടെ ഭൂപ്രശ്നത്തിലേക്ക് രാഷ്ട്രീയ ശ്രദ്ധ തിരികെ ആകർഷിക്കുന്നതിൽ ഈ സമരങ്ങൾ വിജയിച്ചു.

[3] ഭൂമികയ്യേറ്റങ്ങൾ തടയുന്നതിനായി ആറു മാസത്തിനകം നിയമം കൊണ്ടുവരാനും അവ നടപ്പിലാക്കാൻ രണ്ട് വർഷം മതിയായ കാലാവധിയായി തീരുമാനിക്കുവാനും സംസ്ഥാനസർക്കാരുകളോട് ആവശ്യപ്പെടാനുള്ള തീരുമാനം മീറ്റിംഗിൽ പാസാക്കി (Cheria et al 1997: 156).

[4] നാലാം കേരളനിയമസഭയിൽ 1975 ആഗസ്റ്റ് 5നു റവന്യൂ മന്ത്രിയായിരുന്ന ബേബി ജോൺ നടത്തിയ പ്രസംഗം..

[5] Ibid. ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്ന ഭരണഘടനാവ്യവസ്ഥകൾ റദ്ദു ചെയ്യുകയും വിപ്ലവകരങ്ങളായ സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്ത ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു തുടർച്ചയായാണു 20ഇന പരിപാടി പ്രഖ്യാപിക്കപ്പെട്ടത്. വികസന നടപടികളുടെ പേരിൽ ഭരണകൂടഭീകരത ന്യായീകരിക്കുന്നതിന്റെ ഭാഗമായാണു 20 ഇന പരിപാടി രൂപപ്പെടുത്തിയത്.

[6] കേരളത്തിലെ ഭൂപരിഷ്കരണത്തെക്കുറിച്ചുള്ള വിശദമായ വിലയിരുത്തൽ കാണുവാൻ Mencher (1980) കാണുക.  അവർ പറയുന്നതനുസരിച്ച് 1950കളിലും 1960കളിലും കുടിയാന്മാരെ ഒഴിപ്പിച്ച ജന്മികൾക്ക് ഭൂപരിഷ്കരണത്തിന്റെ ഏതെങ്കിലും രീതിയിലുള്ള പ്രതികൂലഫലങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാൻ കഴിഞ്ഞു. മറ്റുള്ളവരാകട്ടെ പൊടുന്നനെ തന്നെ ഭൂരഹിതരായി മാറി. നാമമാത്രമായ ഭൂമിയാണു കർഷകർക്ക് സ്വന്തമായി നൽകിയത് എന്നതിനാൽ കർഷകത്തൊഴിലാളികൾക്ക് ഭൂപരിഷ്കരണം കൊണ്ട് ഉദ്ദേശിച്ച നന്മകളൊന്നും സിദ്ധമായില്ലെന്നും അവർ അഭിപ്രായപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് Jayaraman and Lanjouw (1999: 8) കൂടി കാണുക.

[7] ഗവണ്മെന്റ് നയങ്ങൾക്കും പരിപാടികൾക്കുമെതിരെയും അവിഭക്തകമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണരീതികൾക്കുമെതിരായി ഉയർന്ന വിമോചനസമരം എന്ന് വിളിക്കപ്പെട്ട സമരത്തിന്റെ ഫലമായി ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കേന്ദ്രഗവണ്മെന്റ് പിരിച്ചു വിട്ടു.  പൊലീസ് വെടിവയ്പ്പുകളിൽ 17 പേർ കൊല്ലപ്പെടുകയും മുന്നൂറു പേർക്ക് സാരമായി പരിക്കേൽക്കുകയും ചുരുങ്ങിയ കാലയളവു കൊണ്ട് ഒന്നരലക്ഷത്തോളം പേർ തടവിലാവുകയും ചെയ്തു. സർക്കാർ പിരിച്ചു വിടുന്നതിലേക്ക് നയിച്ച ആദ്യസംഭവവികാസങ്ങൾ കാണാൻ Nossiter (1982, Chapter 6) നോക്കുക. സമരം സി ഐ എ പോലെയുള്ള വിദേശ ഏജൻസികളും കമ്മ്യൂണിസ്റ്റ് വിരുദ്ധ ജാതിമത കൂട്ടുകെട്ടുകളും സ്പോൺസർ ചെയ്തതാണു എന്നാണു കമ്മ്യൂണിസ്റ്റുകളുടെ ആരോപണം.

[8] റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും ഫലപ്രദമായിരുന്നില്ലെന്ന് മാത്രമല്ല ചിലതെല്ലാം ആദിവാസികളുടെ ദീർഘകാല താല്പര്യങ്ങൾക്ക് വിരുദ്ധമായിരുന്നുവെന്നും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വനവിഭവങ്ങൾ കൈകാര്യം ചെയ്യുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കമ്മിറ്റിയുടെ നിലപാടുകൾ ഇത് വ്യക്തമാക്കുന്നുണ്ട്.

[9] ഭരണഘടനയുടെ  ഒൻപതാം ഷെഡ്യൂളിൽ പെടുത്തിയിട്ടുള്ള നിയമങ്ങൾ ഒരു നീതിന്യായ കോടതിയിലും വെല്ലുവിളിക്കാൻ കഴിയുന്നതല്ല. അതിനാൽ തന്നെ നിയമം നടപ്പിലാക്കുക എന്നത് ഭരണഘടനാപരമായ ഒരു ചുമതലയായി മാറുന്നു.

[10] വെള്ളക്കടലാസുകളിൽ സമ്മതം എഴുതി വാങ്ങിക്കൊണ്ട് നിസാരതുകൾ കൊടുത്തും കൊടുക്കാതെയും, ബലം പ്രയോഗിച്ചുമാണു വയനാട്ടിലെ കയ്യേറ്റങ്ങൾ നടന്നതെന്ന 1975ലെ നിയമനിർമ്മാണത്തോടനുബന്ധിച്ച് ഗവണ്മെന്റ് നിയോഗിച്ച കമ്മിറ്റിയുടെ അതിവേഗ സർവ്വേയിലെ കണ്ടെത്തലിന്റെ വെളിച്ചത്തിൽ ഇത് തികച്ചും അത്ഭുതകരമാണു(Bijoy 1999:1329. നിയമം നടപ്പിലാക്കുന്നതിൽ സർക്കാർ കാട്ടിയ അലംഭാവം ഏതെങ്കിലും രീതിയിൽ ഈ പ്രശ്നത്തിന്റെ പ്രാധാന്യക്കുറവു കൊണ്ടാണെന്ന് ഇതിനാൽ തന്നെ അനുമാനിക്കാൻ കഴിയുന്നതല്ല. അക്കാദമിക് ലോകങ്ങളിലും അന്ത്രാഷ്ട്ര സമൂഹങ്ങള്ളിലും മാതൃകാ സംസ്ഥാനം എന്ന് വാഴ്ത്തപ്പെട്ട ഒരു സംസ്ഥാനത്താണു ഇത് നടന്നത് എന്നത് രസാവഹമാണു. 

[11] ഒരു ആദിവാസി സ്ത്രീയെ വിവാഹം കഴിച്ച മറ്റു വിഭാഗത്തിൽ നിന്നുള്ള ആക്ടിവിസ്റ്റായിരുന്നു ഡോ നല്ല തമ്പി തേര. ആദിവാസികൾക്കു വേണ്ടി എന്നും നിലകൊണ്ട അദ്ദേഹം പലപ്പോഴും ആദിവാസിയായി തന്നെയാണു പരിഗണിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് Menon, M. C (2001) കാണുക

[12] കേരളനിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരുന്നതിനാൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകും എന്ന സാങ്കേതികതയനുസരിച്ച് ഓർഡിനൻസ് തള്ളപ്പെട്ടു.

[13] പട്ടിക വർഗ്ഗ ഗ്രാമ വികസന സമിതിയുടെ ഭാരവാഹി സമർപ്പിച്ച ഒരു പെറ്റീഷനിന്മേൽ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിൽ തങ്ങൾ നിസ്സഹായരാണെന്ന് സർക്കാർ ഉണർത്തിച്ചു (Cheria, et al, 1997:151). ഇത് ഭാഗികമായേ സത്യമായിരുന്നുള്ളൂ. പല കർഷകരും നഷ്ടപരിഹാരം സ്വീകരിച്ചുകൊണ്ട് നിയമവിരുദ്ധമായി അവർ കൈവശം വച്ചിരുന്ന ഭൂമി തിരികെ ഏൽപ്പിക്കാൻ ഒരുക്കമായിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ കാണുവാൻ Parampett, M., Fr. 1996 നോക്കുക.

[14] ഭൂമി തിരികെയെടുക്കുന്നതിനെതിരെ അപ്പീൽ ഇല്ലാത്തവയും നഷ്ടപരിഹാരം നൽകേണ്ടതല്ലാത്തവയുമായ കേസുകളിൽ കയ്യേറ്റഭൂമികൾ അവയുടെ യഥാർത്ഥ അവകാശികൾക്കു നൽകുവാൻ വേഗത്തിലുള്ള നടപടികളെടുക്കുവാനും റവന്യൂ ഡിവിഷനൽ ഓഫീസർമാർക്ക് ഹൈക്കോടതി നിർദ്ദേശം കൊടുത്തിരുന്നു. കയ്യേറ്റക്കാരുടെ സംഘടിതങ്ങളായ ചെറുത്ത് നിൽപ്പ് മറികടന്നു കൊണ്ട് ഭൂമി തിരിച്ചു പിടിക്കാൻ വേണ്ട സന്നാഹങ്ങൾ ഒരുക്കുവാൻ സംസ്ഥാനസർക്കാരിനും കോടതി നിർദ്ദേശം നൽകിയിരുന്നു. കോട്അതിവിധി നടപ്പിലാക്കാൻ ആറാഴ്ച നൽകുകയും സമയപരിധിക്കു ശേഷം കൈക്കൊണ്ട നടപടികളിന്മേൽ സത്യവാങ്മൂലം നൽകുവാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്യുക വഴി ഇക്കാര്യത്തിലെ തങ്ങളുടെ സുതാര്യവും സുശക്തവുമായ നിലപാട് കോടതി വ്യക്തമാക്കിയിരുന്നു (Order dated 13-8-1996, State of Kerala vs. .P. Nalla Thampy Thera (1996 (2) KLT 930).

[15]  പാർട്ടി ബ്യൂറോക്രസിയുടെ ഉന്നതതലങ്ങളിലെ അഴിമതിക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ CPI (M)ൽ നിന്നും പുറത്തായ കെ ആർ ഗൗരിയമ്മയാണു പാർട്ടിയുടെ ദളിത് വിരുദ്ധ താത്വികനിലപാട് എന്ന് വിമർശിച്ചുകൊണ്ട് ഭേദഗതിക്കെതിരെ നിലപാടെടുത്ത ഒരേയൊരാൾ. 1957ൽ കേരള നിയമസഭ രൂപീകരിച്ചതിൽ പിന്നെയുള്ള ഏറ്റവും പിന്തിരിപ്പൻ ബിൽ എന്നാണു ഗൗരിയമ്മ അതിനെ വിളിച്ചത്(CHRO 2001). സിപിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ട പ്രമുഖ നേതാവായ എം വി രാഘവനാണു ഭേദഗതിക്കെതിരായി സംസാരിച്ച മറ്റൊരാൾ. ഹിന്ദുവർഗ്ഗീയവാദികളെ ചെറുക്കുന്നതിനായി ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ വേദികളുമായി സഹകരിച്ചുകൊണ്ട് ഒരു ബദൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഓർമ്മപ്പെടുത്തി.

[16] ഭരണഘടനയുടെ 338ആം വകുപ്പിന്റെ ഒൻപതാം ഷെഡ്യൂൾ പ്രകാരം പട്ടികജാതിപട്ടികവർഗ്ഗത്തെ ബാധിക്കുന്ന എല്ലാ നയരൂപീകരണങ്ങളിലും കേന്ദ്രസംസ്ഥാനസർക്കാരുകൾ കമ്മീഷന്റെ ഉപദേശം തേടേണ്ടതുണ്ട് എന്ന് കമ്മീഷൻ ചെയർമാനായ എച്ച് ഹനുമന്തപ്പ ചൂണ്ടിക്കാട്ടി. ഈ നിബന്ധന പാലിക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയെ അദ്ദേഹം വിമർശിക്കുകയും സർക്കാരിനോട് ഇതിന്മേൽ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു (The Hindu, 11 November 1996).

[17] പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വിളിച്ച പത്രസമ്മേളനത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും നേതാക്കാന്മാരുമായും ആദിവാസികളുടെ പ്രതിനിധികളുമായും വിശദമായ ചർച്ചകൾക്കു ശേഷമാണു ബിൽ പാസാക്കിയത് എന്ന്  മുഖ്യമന്ത്രി നായനാർ അവകാശപ്പെട്ടു. എന്നാൽ പ്രസിഡന്റിനെ സന്ദർശിക്കാൻ അനുമതി ലഭിക്കാതിരുന്ന ആദിവാസി നേതാക്കൾ ഇത് നിഷേധിച്ചു (Indian Express, 27 December 1996).

[18] കുറിപ്പ്  9 നോക്കുക.

[19] 1975ലെ നിയമം ലിസ്റ്റ് III ലെ ആറാം എൻട്രിയിൽ വരുന്ന വസ്തു കൈമാറ്റവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. എന്നാൽ 1999 ലെ നിയമം ആ നിയമത്തിനു കീഴിലും  ലിസ്റ്റ് II ലും വരുന്ന കൃഷിസ്ഥലങ്ങളെ സംബന്ധിച്ചുള്ളതും. 1975ലെ നിയമം അനുസരിച്ച് ശരിയല്ലാതാകുന്നതിനാൽ ഇത് ഭൂമികൈമാറ്റങ്ങളെ ബാധിക്കുകയില്ല എന്ന് കോടതിയിൽ അപ്പോഴേ സൂചിക്കപ്പെട്ടതാണു. ലിസ്റ്റ് II ൽ വരുന്ന നിയമങ്ങൾ രൂപീകരിക്കുന്നതിനു പ്രസിഡന്റിന്റെ അനുമതിക്കു പകരം ഗവർണ്ണറുടെ അനുമതി മതിയാകും. പുതിയ ബില്ലിനു ഗവർണ്ണറുടെ അനുമതി നേടുന്നതിൽ രാഷ്ട്രീയ നേതൃത്വം വിജയിച്ചു.

[20] ‘C C.C.NO. 542 of 1998, Dr.P Nalla Thampy Thera vs. B. P Sing and another’ Court order dated 16 December 1999, High Court of Kerala.

[21] Cheria et al (1997).

[22] ഇത് പിന്നീട് മേഖലാ പണിയ സമാജം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

[23] കൗമാരപ്രായത്തിൽ ഒരു കൂലിത്തൊഴിലാളിയായിരുന്ന കാലത്ത് സിപിഎം പ്രവർത്തകയായാണു സി കെ ജാനു തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. ഔപചാരികവിദ്യാഭ്യാസം നേടിയിട്ടില്ലാഞ്ഞതിനാൽ ഏകദേശം അക്കാലത്തു തന്നെയാണു സോളിഡാരിറ്റി സംഘടിപ്പിച്ച സാക്ഷരതാക്ലാസ്സുകളിൽ അവർ പങ്കെടുക്കുന്നത്. അഞ്ച് വയസ്സു മുതൽ അടുത്തുള്ള തിരിനെല്ലിയിലെ ജന്മിമാരുടെ ഭവനങ്ങളിൽ വീട്ടുജോലിക്ക് നിൽക്കാൻ അവർ നിർബന്ധിതയായിരുന്നു.  ആദിവാസികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പാർട്ടി വിമുഖമാണെന്ന് മനസ്സിലാക്കിയതോടെ അവർ സിപിഎമ്മിൽ നിന്ന് പിൻവാങ്ങി (Prasannakumar and Rama 1995:13). ഇടതുപക്ഷ ഗവണ്മെന്റിന്റെ 1994ലെ മികച്ച സാമൂഹ്യപ്രവർത്തകയ്ക്കുള്ള അവാർഡ് വേദിയിൽ വെച്ചു തന്നെ നിരസിക്കുക വഴി അവർ ആദിവാസികളുടെ അവകാശപ്പോരാട്ടങ്ങളുടെ തീപ്പൊരി നേതാവായി അറിയപ്പെടാൻ തുടങ്ങി. അവരുടെ പ്രസംഗത്തിൽ ഉന്നയിച്ച ആദിവാസികളുടെ ചില നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബന്ധപ്പെട്ട മന്ത്രി തയ്യാറാകാഞ്ഞതിനെ തുടർന്നാണു ആ പുരസ്കാരം അവർ നിരസിച്ചത്(Cheria et al 1997:128). അടുത്തിടെ കേരള സർക്കാർ ഏർപെടുത്തിയ അംബേദ്കർ അവാർഡും അവർ നിരസിക്കുകയുണ്ടായി.

[24] സിപിഐ(എം എൽ), റെഡ് ഫ്ലാഗ്, കേരളാ കമ്മ്യൂണിസ്റ്റ് പാർട്ടി (KCP), തുടങ്ങിയ ഒരു നക്സൽ ഗ്രൂപ്പുകളും KST നിയമം നടപ്പാക്കുന്നതിനു എതിരല്ല. സംഗമത്തിനെതിരായ നിലപാട് ഒരുപക്ഷേ എൻ ജി ഓകൾക്കെതിരായ പൊതു ഇടത് താത്വിക നിലപാടിന്റെ ഭാഗമായിരുന്നിരിക്കാം. എന്നാൽ എൻ ജി ഓകൾക്കെതിരെയുള്ള എല്ലാ വിമർശനങ്ങളിലും ഇവരെല്ല്ലാവർക്കും ഒരേ സ്വരമായിരുന്നില്ല. ഉദാഹരണത്തിനു എല്ലാ ആദിവാസി സംഘടനകളെയും സാമ്രാജത്ത ഏജന്റുമാരെന്നും അവർ വിദേശഫണ്ടുകൾ സ്വീകരിക്കുന്നുവെന്നുമുള്ള റെഡ് ഫ്ലാഗിന്റെ ആരോപണത്തെ കെ സി പി വിമർശിക്കുക പോലും ചെയ്തു (Ravunny, Undated). എന്നാൽ മറു വശത്ത് സിപിഎം ഉൾപ്പടെയുള്ള എല്ലാ രാഷ്ട്രീയപാർട്ടികളും ശക്തമായ ആദിവാസിവിരുദ്ധസമീപനം കൈക്കൊള്ളുകയും KST നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിനെ അനുകൂലിക്കുകയും ചെയ്തു

[25] എൻ ജി ഓകളെയും മൂന്നാംലോകങ്ങളിലെ അവയുടെ പങ്കിനെക്കുറിച്ചുമുള്ള പ്രാതിനിധ്യസ്വഭാവമുള്ള ഒരു പൊതു ഇടത് വിമർശം കാണുന്നതിനു Petras (1999), Karat (1984) and James (1993) എന്നിവ കാണുക

[26] വിമർശനങ്ങളെക്കുറിച്ചും അവയ്ക്ക് ആക്ടിവിസ്റ്റുകൾ കൊടുത്ത മറുപടികളെക്കുറിച്ചുമുള്ള വിശദമായ ചർച്ചകൾ കാണാൻ Cheria et al (1997: 85-7) നോക്കുക.

[27] സമിതിയുടെ രൂപീകരണവും അംഗീകാരവും എളുപ്പമായിരുന്നില്ല. ആന്തരികതർക്കങ്ങളും എല്ലാവരുടെയും യഥാർത്ഥ പ്രതിനിധികളാണെന്നുമുള്ള അവകാശവാദങ്ങളിന്മേലുള്ള തർക്കങ്ങളും ഇപ്പോഴും പരിഹരിച്ചിട്ടില്ല.
ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്കായി കേരളത്തിലെ ആദിവാസികളെ സാമൂഹികമായി രംഗത്തിറക്കിയതിനെക്കുറിച്ചാണു ഇവിടെ പ്രതിപാദിക്കുന്നത് എന്നതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നില്ല.

[28] 1993 ജുലൈയിൽ നടന്ന ഈ സമ്മേളനത്തിൽ സ്വയംഭരണാവകാശത്തിനായുള്ള അന്താരാഷ്ട്ര നിയമങ്ങൾക്കു വേണ്ടി ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുമുള്ള ആദിമനിവാസികളുടെ പ്രതിനിധികൾ വാദിക്കുകയുണ്ടായി. നൂറ്റി ഇരുപത്തഞ്ചിലധികം രാജ്യങ്ങളിലെ ആദിവാസി പ്രതിനിധിസംഘങ്ങളും അറുപതിലധികം സർക്കാർ പ്രതിനിധി സംഘങ്ങളും ചേർന്നു നടത്തിയ വാദപ്രതിവാദങ്ങളിലൂടെയും ചർച്ചകളിലൂടെയുമാണു ആദിവാസി അവകാശ പ്രഖ്യാപനത്തിന്റെ കരട് രൂപപ്പെടുത്തിയത്.

[29] ആ പ്രോജക്റ്റ്  ഗവണ്മെന്റിന്റെ ദുർവ്യയത്തിന്റെയും പാഴാക്കലിന്റെയും അനുകമ്പയില്ലായ്മയുടെയും ഏറ്റവും മികച്ച ദൃഷ്ടാന്തമായിരുന്നു.  ഭൂമിയിൽ കാപ്പിത്തോട്ടങ്ങൾ ഉണ്ടാക്കിയ ശേഷം 120 ആദിവാസി കുടുംബങ്ങളെ അവിടെ കുടിപാർപ്പിക്കാനായിരുന്നു ആദ്യ ആശയം. എന്നാൽ ഭൂമിവിതരണം അതിനായി മാറ്റി വച്ചിരുന്നതിനെക്കാൾ വളരെ കുറവും നാമമാത്രവുമായിരുന്നു (FEDINA Undated).

[30] അയ്യങ്കാളി (1856-1940) പുലയസമുദായത്തിലെ ഏറ്റവും പ്രസിദ്ധനായ നേതാവായിരുന്നു. സാമൂഹിക നവോത്ഥാനത്തിലും ജനാധിപത്യവൽക്കരണത്തിലും അദ്ദേഹം വഹിച്ച വിപ്ലവകരവും നിസ്തുലവുമായ ഒഅങ്കിനെ കേരളത്തിലെ മാർക്സിസ്റ്റ് ചരിത്രകാരന്മാർ പാർശ്വവൽക്കരിക്കുകയാണു ചെയ്തത്.

[31] അവരെ അറസ്റ്റ് ചെയ്തില്ലായെന്നും അവർക്ക് സുരക്ഷിതമായ ഒരു പാതയൊരുക്കുകയാണു ഉണ്ടായതെന്നും ഗവണ്മെന്റ് അവകാശപ്പെട്ടു. ഒളിവിൽ പോയ പ്രവർത്തകരെ പിടികൂടാൻ പൊലീസിനു വർഷങ്ങൾ വേണ്ടി വന്നു.

[32] വിശദവിവരങ്ങൾക്ക് 1997 ആഗസ്റ്റ്  14ലെയും 26ലെയും മാധ്യമം ദിനപത്രം കാണുക.

Comments

comments