നോവലും ചരിത്രവും അഥവാ, ആധുനികാനന്തര മലയാളനോവലിന്റെ ആനന്ദമാർഗങ്ങൾഷാജി ജേക്കബ്

History, whether as public collective awareness of the past or as private revisions of public experience, or even as the elevation of private experience to public consciousness, forms the epicentre of the eruptions of contemporary fictional activity – Richard Martin

ചരിത്രത്തിന്റെ പപ്പൈറസുകളിലും കളിമൺ ടാബ്‌ലറ്റുകളിലും പനയോലകളിലും ശിലാലിഖിതങ്ങളിലും സ്മൃതികളിലും കൃതികളിലുമൊക്കെ നോക്കൂ. നിങ്ങൾക്കൊരു അടിമയുടെ പേരുകാണാൻ കഴിയില്ല. യജമാനന്മാർ സ്വന്തം പേരുകൾ അടുക്കിവച്ചടുക്കിവച്ച് ചരിത്രത്തെ ഉയർത്തിക്കെട്ടി സംസ്‌കാരവും ഭരണതന്ത്രവും ശാസ്ത്രവും തത്വശാസ്ത്രവും സാഹിത്യവുമുണ്ടാക്കി‘ – അഭയാർഥികളിൽ ആനന്ദ് എഴുതി (1984:178).

          ചരിത്രത്തെ മനുഷ്യനുമേൽ പ്രതിഷ്ഠിക്കുന്ന ക്ലാസിക്കൽ ചരിത്രവീക്ഷണങ്ങളെ പൂർണ്ണമായും മനുഷ്യൻ ചരിത്രം സൃഷ്ടിക്കുന്നുവെന്നു സമ്മതിക്കുമ്പോൾതന്നെ മനുഷ്യനു വെളിയിൽ നിൽക്കുന്ന ഉല്പാദനശക്തികളെ ചരിത്രത്തിന്റെ വിധികർത്താവായി പരിഗണിക്കുന്ന മാർക്‌സിയൻ സാമൂഹ്യശാസ്ത്രത്തെ ഒരു പരിധിവരെയും മാറ്റിനിർത്തി ചരിത്രത്തിനു മുകളിൽ മനുഷ്യാനുഭവങ്ങളെ പ്രതിഷ്ഠിക്കുന്ന ആനന്ദിന്റെ ചരിത്രബോധം, ആത്മനിഷ്ഠവും അക്കാദമിക് വിരുദ്ധവുമായി മുന്നേറുന്ന ആധുനികാനന്തര ചരിത്രദർശനങ്ങളുടെ വലിയൊരു മണ്ഡലം തന്നെ സ്വന്തമാക്കുന്നുണ്ട്. അഭയാർത്ഥികൾഇന്ത്യാചരിത്രത്തെക്കുറിച്ചുളള ഒരു തീസിസായി വിഭാവനം ചെയ്യപ്പെട്ടരചനയായിരുന്നെങ്കിലും ’70 കളിലെ ഇന്ത്യാചരിത്രത്തിന്റെ വിശകലനത്തിൽ നിന്ന് മധ്യകാലനഗരസംസ്‌കാരത്തിന്റെ കൂടി വിശകലനത്തിലേക്കു വളരുന്ന നോവലായി അതു മാറുകയായിരുന്നു. ഒരുപക്ഷേ ചരിത്രം നോവൽവൽക്കരിക്കപ്പെടുതിന്റെ (Novelization of History)  മലയാളത്തിലെ ഏറ്റവും മികച്ച ഉദാഹരണം. ആശയങ്ങളുടെ സംവാദപരതയിലൂടെ നോവൽ സൃഷ്ടിക്കുന്ന ബഹുസ്വരതക്ക് മലയാളത്തിൽ ഏറ്റവും മികച്ച മാതൃകകൾ ആനന്ദിന്റെ നോവലുകളാണ്. അഭയാർഥികൾമുന്നോട്ടു വയ്ക്കുന്ന ചരിത്രതത്വങ്ങൾ വെളിപ്പെടുത്തുന്നതും മറ്റൊന്നല്ല. ഈയർഥത്തിൽ, ആധുനികാനന്തര നോവലിന്റെ സാംസ്‌കാരിക രാഷ്ട്രീയങ്ങളിൽ ഏറ്റവും പ്രമുഖമായ ചരിത്രത്തിന്റെ പാഠവൽക്കരണത്തിനുളള ആദ്യ മലയാള മാതൃകകളിലൊന്നാണ് അഭയാർഥികൾ‘. അഥവാ, മലയാളനോവൽ ആധുനികതയിൽനിന്നു മുന്നോട്ടു സഞ്ചരിച്ചു തുടങ്ങുന്ന ചരിത്രസന്ദർഭത്തിന്റെ ആദ്യ പടവുകളിലൊന്ന്.

          വാൾട്ടർ ബൻയമിൻ പറഞ്ഞതുപോലെ, നാഗരികതയുടെ രേഖകൾ കാടത്തത്തിന്റേതുകൂടിയാണ് (Theres no document of civilization which is not at the same time a document of barbarism) എന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണ് അഭയാർഥികൾ ചെയ്യുന്നത്. അഥവാ, വർത്തമാനകാലത്തെക്കുറിച്ചു മനസ്സിലാക്കാൻ ഭൂതകാലത്തെയും മനസ്സിലാക്കണമെന്ന, ചരിത്രത്തിന്റെ എക്കാലത്തെയും സാംസ്‌കാരികദൗത്യത്തെ സാഹിതീയവൽക്കരിക്കുകയാണ്. ആത്യന്തികമായി ആധുനികാനന്തര മലയാളനോവൽ അതിന്റെ നിരവധിയായ ചരിത്രപാഠങ്ങളിലൂടെ നിർവഹിക്കുന്ന ദൗത്യവും മറ്റൊന്നല്ല. മോചനത്തിനുവേണ്ടി പടവാളെടുത്ത പടയാളികളെയെല്ലാം, വീണ്ടും വീണ്ടും അഭയാർഥികളാക്കി മടക്കിയയച്ച, കാളപ്പോരുകാരന്റേതു പോലത്തൊരു രക്താംബരമായി ചരിത്രത്തെ വിഭാവനം ചെയ്യുന്ന ആനന്ദ് ദേശീയത മുതൽ മാർക്‌സിസം വരെയും മതം മുതൽ ശാസ്ത്രം വരെയുമുളള ആധുനികതയുടെ ബൃഹദാഖ്യാനങ്ങളെ ഒന്നൊന്നായി അപനിർമ്മിക്കുകയാണ് അഭയാർഥികളിൽ. ചരിത്രമെന്നത്… സ്ഥലത്തിലായാലും കാലത്തിലായാലും ദുരിതത്തിൽനിന്നും അടിമത്തത്തിൽ നിന്നും ആശ്വാസത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുളള മനുഷ്യന്റെ നിത്യമായ, അഭയം കിട്ടാത്ത,  അഭയാർഥിപ്രവാഹത്തിന്റെ കഥയാണ് എന്നു വിശദീകരിക്കുന്ന ആനന്ദ് (1984:471) തന്റെ നോവൽ അവസാനിപ്പിക്കുന്നതിങ്ങനെയാണ്:
 
പുതിയ പ്രോജക്റ്റുകളുടെ അങ്കണങ്ങളിൽ, റിക്രൂട്ടിങ് സെന്ററുകളിൽ, റെയിൽവെസ്റ്റേഷനുകളിൽ, ആസ്പത്രിമുറ്റത്ത്, കച്ചേരിപ്പടിക്കൽ, പീടികത്തിണ്ണയിൽ, മരച്ചുവട്ടിൽ – എവിടെയും അവർ താവളമടിച്ചിരിക്കുന്നു. കീറിപ്പറഞ്ഞ തുണികളിൽ പൊതിഞ്ഞ്, വിഴുപ്പുഭാണ്ഡവും ചുരുൾപ്പായും പേറി, തുപ്പലിന്റെയും മൂത്രത്തിന്റെയും തീട്ടത്തിന്റെയും നടുവിൽ തിന്നും ഉറങ്ങിയും വഴക്കടിച്ചും ഇണചേർന്നും കുട്ടികളെ പ്രസവിച്ചും, അവരുടെ യാത്ര തുടരുന്നു. ഒരു താവളം വിട്ട് വേറൊരു താവളത്തിലേക്ക്, ഈ കാലം വിട്ട് വരും കാലത്തിലേക്ക് നിത്യമായി അഭയം അന്വേഷിച്ച്. നിൽക്കുന്നിടത്തോ, ഇരിക്കുന്നിടത്തോ, നിലനില്ക്കുന്ന കാലത്തിലോ വേരിറങ്ങാനാകാത്ത പുറമ്പോക്കുമനുഷ്യർ. എന്നിട്ടും അവരുടെ ചുമലിൽ കയറിയിരുന്നാകുന്നു ചരിത്രം മുന്നോട്ടു നീങ്ങുന്നത്.

          എല്ലാ വ്യവസ്ഥിതികളും ആ പുറമ്പോക്കുമനുഷ്യരുടെ ഓഹരി അപഹരിച്ചു വളർന്നു. നഗരങ്ങളും പിരമിഡുകളും അമ്പലങ്ങളും മഹലുകളും കലയും കാവ്യവും തത്ത്വചിന്തയും ശാസ്ത്രവും അവർ വിളയിച്ച ബാർലിയുടെയും ഗോതമ്പിന്റെയും അവർ ചുമക്കുന്ന മണ്ണിന്റെയും കല്ലിന്റെയും പങ്ക് പരിണമിച്ചുണ്ടായി. അവരുടെ പുറത്തുകയറി സംസ്‌കാരങ്ങൾ സവാരി ചെയ്തു. എന്നിട്ടും ഇതൊന്നും അവർക്ക് ഒന്നുമായില്ല. തങ്ങളിൽനിന്നു പരിണമിച്ച ഓരോന്നിൽ നിന്നും അഭയം തേടി അവർ ഇറങ്ങിത്തിരിച്ചു (1984:488-89)

          പാശ്ചാത്യനാടുകളിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽതന്നെ ചരിത്രവും സാഹിത്യവും തമ്മിലുളള ബന്ധത്തിലെ ആധുനിക ബോധ്യങ്ങളെ എഴുത്തുകാരും വിമർശകരും പ്രശ്‌നവൽക്കരിച്ചു തുടങ്ങിയിരുന്നു. ചരിത്രവിജ്ഞാനീയത്തെ ചരിത്രപണ്ഡിതരും. ചരിത്രത്തിന്റെ ഉടമകൾക്കൊപ്പംനിന്ന കാലം പിന്നിട്ടചരിത്രവിജ്ഞാനീയത്തെപ്പോലെ സാഹിത്യവിജ്ഞാനീയവും ചരിത്രത്തിന്റെ അടിമകളെ തേടിത്തുടങ്ങി. ചരിത്രത്തോടു നമുക്കുളള ഏക കടപ്പാട്, അതു തിരുത്തിയെഴുതുക(The one duty we owe to history is to rewrite it) യാണെന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽതന്നെ ഓസ്‌കാർ വൈൽഡ് എഴുതുന്നുണ്ട്.
ആൽബർ കാമുവിന്റെ വിഖ്യാതമായ നോബൽപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു : The writers function is not without its ardent duties. By definition, he cannot serve today those who make history: he must serve those who are subject to it. …..all rulers are the heirs of those who conquered  before them…  പോലുളള വാൾട്ടർ ബൻയമിന്റെ ചിന്തകൾ പിൻപറ്റി ഴാക്‌റാൻസിയർ എഴുതി : കരുത്തുള്ളവർ മുക്കിക്കളഞ്ഞ അജ്ഞാതർക്കുവേണ്ടി ശബ്ദിക്കുകയാണ് ചരിത്രകാരന്റെ ദൗത്യം‘. നോവലിസ്റ്റ് കൂടിയായ റെയ്മണ്ട് വില്യംസ് താഴെനിന്നുളള ചരിത്രത്തെക്കുറിച്ചു പറയുന്നതും ഫ്രാങ്കോ ല്യോത്താർ ചരിത്രത്തിലെ വേട്ടക്കാരെയും ഇരകളെയുംകുറിച്ചെഴുതുന്നതും പിന്നീടാണ്. ഒരുവശത്ത് ചരിത്രവിജ്ഞാനീയത്തിൽ, മറുവശത്ത് സാമൂഹ്യചിന്തകളിൽ, ഇനിയുമൊരുവശത്ത് സാഹിത്യത്തിൽ, വിശേഷിച്ചും നോവലിൽ – ചരിത്രം അതിന്റെ ആധുനികാനന്തര രാഷ്ട്രീയത്തിലേക്കു പരിണമിക്കുന്നതിന്റെ രീതിശാസ്ത്രങ്ങളാണ് മേല്പറഞ്ഞ സന്ദർഭങ്ങളോരോന്നും. രണ്ടാംലോകയുദ്ധാനന്തരം ഇത് ആഗോളതലത്തിൽ തന്നെ ചരിത്ര-സാമൂഹിക-സാഹിതീയ ചിന്തകളുടെ നെടുംതൂണായി മാറുകയും ചെയ്തു. യൂറോ-അമേരിക്കൻ, ഏഷ്യൻ-ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ സാഹിത്യങ്ങൾ പൊതുവെ കഴിഞ്ഞ  നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ഏറ്റെടുത്ത ചരിത്രത്തിന്റെ രാഷ്ട്രീയങ്ങളിൽ ഏറ്റവും പ്രമുഖം ഇതായി.

Comments

comments