ഒരു പൊതുസമൂഹത്തിന്റെ സൂക്ഷ്മതലമാണ് പലപ്പോഴും ചരിത്രനോവലുകൾ അവതരിപ്പിക്കുതെന്ന് ലൂക്കാച്ച്. HMF ഇതിനു വിരുദ്ധമായി സവിശേഷ സമൂഹങ്ങളുടെ തലങ്ങൾ അവതരിപ്പിക്കുന്നു. പ്രാന്തവൽകൃതസമൂഹങ്ങളുടെ ശബ്ദമാണ് പലപ്പോഴും HMF ൽ മുഴങ്ങിക്കേൾക്കുക. സംസ്‌കാരത്തിന്റെ ഏകസ്വരതക്കു പകരം ബഹുസ്വരതയാണ് HMF ലക്ഷ്യമാക്കുത്. സാംസ്‌കാരികമായൊരു സാർവ്വദേശീയത HMF ന്റെ ലക്ഷ്യമല്ല.

          ചരിത്രനോവലുകൾ പൊതുവെ ചരിത്രപരമായ സത്യസന്ധത പ്രകടിപ്പിക്കുന്നതിനും ഒരു മൂർത്തസന്ദർഭത്തിന്റെ ചരിത്രപരമായ പ്രസക്തി തെളിയിക്കുന്നതിനും വേണ്ടവിധം വിശദാംശങ്ങളുടെ കൃത്യത പാലിക്കേണ്ടതില്ല എന്ന് ലൂക്കാച്ച്. പല ചരിത്രനോവലിസ്റ്റുകളും ഈ അഭിപ്രായത്തെ എതിർക്കുന്നുവെന്നത് മറ്റൊരു കാര്യം. HMF, ചരിത്രരേഖകളുടെ തെറ്റും ശരിയും കാര്യമായെടുക്കുന്നില്ല. പല HMF കളും രേഖപ്പെടുത്തിയ ചരിത്രത്തിന്റെ പരിമിതികൾ തെളിയിക്കുവാനെന്നോണം നോവലിൽ ചരിത്രവസ്തുതകളെ വളച്ചൊടിക്കുകയോ പൊലിപ്പിക്കുകയോ ചെയ്യുന്നു. ഭൂതകാലയാഥാർത്ഥ്യങ്ങളുടെ രേഖപ്പെടുത്തിയ രൂപങ്ങൾക്കുളള പരിമിതികൾ തുറുകാണിക്കുകയാണ് ആ അർഥത്തിൽ HMF.

          ചരിത്രം വ്യക്തികളെ രണ്ടാം സ്ഥാനത്തേക്കു മാറ്റുന്നു, ചരിത്രനോവലിൽ എന്നു ലൂക്കാച്ച്. ആധുനികാനന്തരനോവലിൽ രീതി ഇതല്ല. ചരിത്രനോവലുകളിൽ ചരിത്രസന്ദർഭങ്ങളും വ്യക്തികളും സങ്കല്പിത സന്ദർഭങ്ങൾക്കും വ്യക്തികൾക്കും പൂരകമായ ഘടകങ്ങൾ മാത്രമാണ്. ചരിത്രനോവലിൽ പറയുന്ന ചരിത്രം അച്ചടക്കത്തോടെ സ്വീകരിക്കേണ്ടതാണ് എന്നൊരു അലിഖിത കരാർ എഴുത്തുകാരും വായനക്കാരും തമ്മിലുണ്ട് എന്ന് സൂചിപ്പിച്ചുകൊണ്ട് സ്ട്രൂവർ പറയുന്നു: ചരിത്രനോവലുകൾ ചരിത്രങ്ങളല്ല. കാരണം എഴുത്തുകാരും വായനക്കാരും തമ്മിലുളള കരാർ ചരിത്രമെന്ന സാമൂഹികപ്രയോഗത്തിൽ പങ്കുചേരുതിൽ നിന്ന് വായനക്കാരെ തടയുന്നു‘. HMF, ചരിത്രം ഒരു സാമൂഹിക പ്രയോഗമാണെന്ന തത്വത്തിൽ വിശ്വസിച്ചുകൊണ്ട് എഴുത്തിന്റെയും വായനയുടെയും കരാറുകളെല്ലാം ലംഘിക്കുന്നു.

കഥക്ക് ചരിത്രം എന്നുതന്നെ അർത്ഥം കല്പിക്കുന്നവരാണ് ബാർത്തിനെപ്പോലുളളവർ. റെയ്മണ്ട് വില്യംസ്, History, Story എന്നീ പദങ്ങളുടെ ഉത്ഭവം Historia എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് എന്നു സൂചിപ്പിച്ചുകൊണ്ട് ഭാവനയും യാഥാർത്ഥ്യവും രണ്ടല്ല എന്നു സ്ഥാപിക്കുന്നുണ്ട് (People of the black Mountains). കൊളോണിയൽ കാലത്തെ മുഖ്യധാരാചരിത്രകാരന്മാർ കൈവിട്ടതന്റെ നാടിന്റെ വംശീയചരിത്രങ്ങൾ പുനഃസൃഷ്ടിക്കുന്ന നോവലുകളെഴുതി (Things Fall Apart), ആഫ്രിക്കൻ എഴുത്തുകാരനായ അച്ചേബ സാഹിത്യത്തിനു പുതിയ മാനങ്ങൾ തീർത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയത്തിലെ അസംബന്ധങ്ങൾ നോവൽ രൂപത്തിലാവിഷ്‌ക്കരിച്ച് ചരിത്രത്തിന്റെ മാലിന്യങ്ങൾ വെളിപ്പെടുത്തി, റുഷ്ദി.

          നോവലിന്റെ കലയെക്കുറിച്ചു നടത്തുന്ന ദീർഘമായ ഒരു സംവാദത്തിൽ സാഹിത്യത്തിനു (നോവലിന്) തന്നെ ഒരു ചരിത്രസ്വഭാവം കൈവന്നതായി സൂചിപ്പിച്ചുകൊണ്ട്, രണ്ടുതരത്തിലുളള ചരിത്രസമീപനം നോവലിൽ കാണാം എന്ന് മിലാൻ കുന്ദേര ചൂണ്ടിക്കാണിക്കുന്നുണ്ട് (The Art of the Novel – 1986).  ഒന്ന്, ഒരു ചരിത്രസന്ദർഭത്തിന്റെ ചിത്രീകരണം. രണ്ട്, മനുഷ്യാസ്തിത്വത്തിനുളള ചരിത്രമാനങ്ങളുടെ ആവിഷ്‌ക്കാരം. ചരിത്രത്തിന്റെ  നോവൽവൽക്കരണം (Novelisation of History) എന്ന ആദ്യ രീതിയാണ് റിയലിസ്റ്റിക് നോവലുകളുടെ കാലത്ത് പൊതുവെ ലോകമെങ്ങും സംഭവിച്ചത്. നോവലിന്റെ ചരിത്രവൽക്കരണം (Historicsation of Novel)) എന്ന രണ്ടാമത്തെ രീതി പൊതുവെ ആധുനിക നോവലിന്റെ സ്വഭാവമാണ്. ചരിത്രത്തെ സമീപിക്കുന്നതിൽ താൻ നാലു തത്വങ്ങൾ പിന്തുടരുന്നുവെന്ന് വിശദമാക്കിക്കൊണ്ട് The Unbearable Lightness of being എന്ന നോവലിൽ ദൂബ് ചെക്കിന്റെ അവസ്ഥാന്തരങ്ങൾ ആവിഷ്‌ക്കരിച്ച സന്ദർഭത്തെക്കുറിച്ച് കുന്ദേര പറയുന്നു : ഏതെങ്കിലും ഒരു ചരിത്രസന്ദർഭം സൃഷ്ടിക്കുകയല്ല നോവലിൽ ചെയ്യുന്നത്. ചരിത്രം തന്നെ ഒരു അസ്തിത്വസന്ദർഭമായി തിരിച്ചറിയപ്പെടുകയും വിശകലനം ചെയ്യപ്പെടുകയുമാണ്‘. നോവലിസ്റ്റ് ചരിത്രകാരനോ പ്രവാചകനോ അല്ല, അസ്തിത്വത്തിന്റെ അന്വേഷകനാണ് എന്ന കുന്ദേരയുടെ തന്നെ വാക്കുകൾ അർത്ഥമാക്കുന്നതും ചരിത്രത്തിലുളള ഇടപെടലുകളിൽ നിന്ന് മനുഷ്യാവസ്ഥയെക്കുറിച്ച് പ്രബന്ധങ്ങളെഴുതുന്നയാൾ എന്ന നിലയിൽ നോവലിസ്റ്റിനെക്കുറിച്ചുളള കാഴ്ചപ്പാടുകൾ തന്നെയാണ്.

ചരിത്രനോവലിന്റെ നിർവചനവും സ്വഭാവവും ഒരു തർക്കവിഷയമായി തുടർപ്പോൾതന്നെ 1960-കളിൽ ചരിത്രവും സാഹിത്യവും സമന്വയിപ്പിക്കുന്ന ഒരു പുതിയ നോവൽശാഖ നിലവിൽ വരികയുണ്ടായി. Non Fictional Novel എന്നു വിളിക്കപ്പെട്ടഇത്തരം രചനകൾ ഡോക്യുമെന്ററി സ്വഭാവവും വസ്തുതകളും വസ്തുനിഷ്ഠതയും കൊണ്ട് ആഖ്യാനത്തിൽ പുലർത്തിയ അതി (meta) ശൈലിയും മൂലം HMF ന്റെ വഴിയിൽതന്നെ വരികയുണ്ടായി. ന്യൂജേണലിസംഎന്നു വിളിക്കപ്പെട്ടഈ നോവൽരീതി അമേരിക്കയിൽ ഏറെ പ്രചരിച്ചു. വിയറ്റ്‌നാം യുദ്ധത്തെക്കുറിച്ച് സൈനികവൃത്തങ്ങളും മാധ്യമങ്ങളും ഔദ്യോഗികമായി പ്രചരിപ്പിച്ച വസ്തുതകൾ, 60കളിൽ ഹെൽമാനെപ്പോലുളളവർ മുന്നോട്ടു വെച്ച അനുഭവങ്ങളുടെ ഏകഭാവത്തിനും രൂപത്തിനുമെതിരായ കലാപം എന്നിവ വ്യക്തിനിഷ്ഠമായ പത്രപ്രവർത്തനശൈലി രൂപപ്പെടുത്തുകയും ചെയ്തു. റിയലിസ്റ്റിക് നോവലുകളുടെ പുനരാഖ്യാനം പോലെ തോന്നിക്കുന്ന ട്രൂമാൻ കപോട്ടയുടെ In cold blood ഒരു ഉദാഹരണമാണ്. തോമസ് കെനീല്ലിയെപ്പോലുളളവരുടെ ചരിത്രനോവലുകൾ സമീപഭൂതകാല സംഭവങ്ങൾ പ്രമേയമാക്കുകയും ചരിത്രത്തെ കഥയിൽ നിന്ന് അഭിന്നമായവതരിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലം ഇതാണ്. സത്യത്തെ ആര് നിശ്ചയിക്കുന്നുവെന്നതാണ് ഇവർ ഉന്നയിക്കുന്ന അടിസ്ഥാനപരമായ ചോദ്യം. HMF ചെയ്യുതും മറ്റൊല്ല. Non Fictional Novel ഉം HMF ഉം തമ്മിൽ ധാരാളം സമാനതകൾ കാണുന്ന നിരൂപകരുണ്ട്. ഉത്തരാധുനികത (Late Modernism) യുടെ സൃഷ്ടിയായി NFN കാണുവരുമുണ്ട്. NFN, HMF ന്റെ രൂപഭാവതലങ്ങളുമായി അടുത്തുവരുന്നുവെന്ന് ഹച്ചിയൺ ചൂണ്ടിക്കാണിക്കുന്നു. നോർമൻമെയ്‌ലറുടെ The Armies of the nightന്റെ ഉപശീർഷകം History as a Novel, The novel as historyഎന്നാണ്. ചരിത്രകാരനും നോവലിസ്റ്റും പരമ്പരാഗതമായി ഉപയോഗിക്കുന്ന പല ആഖ്യാനശൈലികളും മെയ്‌ലർ സ്വീകരിക്കുന്നു.

          1980-കളിൽ പ്രചാരത്തിലായ ബ്രിട്ടീഷ് HMF ന്റെ മുന്നോടിയായി മുൻപു സൂചിപ്പിച്ച വടക്കേ അമേരിക്കൻ പരീക്ഷണ നോവലിനൊപ്പം സ്പാനിഷ് അമേരിക്കൻ മാജിക്‌റിയലിസവും സൂസന ഒനേഗ കണ്ടെത്തുന്നുണ്ട്. വിശേഷിച്ചും മാർക്കേസിന്റെയും ബോർഹെസിന്റെയും രീതികൾ. ഫാന്റസി, മിത്ത്, ആർക്കിടൈപ്പ് തുടങ്ങിയവ ഒരു ജനതയുടെ നഷ്ടസ്വത്വത്തെ വീണ്ടെടുക്കാനുളള യഥാതഥ മാർഗങ്ങൾക്കു ബദലായി മുന്നോട്ടുവെച്ച ഏകാന്തതയുടെ നൂറുവർഷങ്ങൾ‘ (1967) ആദ്യത്തെ HMF കളിലൊന്നായി ഒനേഗ വിലയിരുത്തുന്നു. 80 കളിലെ ലാറ്റിനമേരിക്കൻ നോവലുകൾ പൊതുവെ ചരിത്രത്തെക്കുറിച്ചുളള പുതിയ കാഴ്ചപ്പാടുകളവതരിപ്പിക്കുന്നുവെന്നാണ് ഗുസ്താവോ പെല്ല പറയുന്നത് (The Cambridge History of Latin American Literature, Vol.2). 80 കളിലും 90 കളിലും കഥയും കഥേതരവും തമ്മിലുളള വ്യത്യാസങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന രീതി വർദ്ധിക്കുകയാണുണ്ടായത് എന്നും സ്പാനിഷ് അമേരിക്കൻ ചരിത്രാനുഭവങ്ങളെക്കുറിച്ചുളള സ്ഥാപിത സങ്കല്പങ്ങൾ ചോദ്യം ചെയ്യാൻ ഇത് എഴുത്തുകാരെയും വായനക്കാരെയും സജ്ജരാക്കിഎന്നും പെല്ല ചൂണ്ടിക്കാണിക്കുന്നു. മാർക്കേസിന്റെ The General in his Labyrinthഎന്ന നോവൽ ചരിത്രത്തെ ഡി-മിത്തിഫൈ ചെയ്ത ആദ്യ ചരിത്രനോവലാണെന്ന് പെല്ല. ബൊളിവറുടെ ജീവിതത്തിന്റെ ചരിത്രപരതയെക്കാൾ കഥാപരതയാണ് മാർക്കേസ് തിരക്കിയത്. രണ്ടുവർഷത്തെ ഗവേഷണവും, ചരിത്രകാരന്മാരുമായുളള ചർച്ചകളും മാർക്കേസ് ഉപയോഗിച്ചതും, ബൊളിവറിനെ കുറിച്ചുളള പുതിയ ഒരു മിത്ത് സൃഷ്ടിക്കാനായിരുന്നു. മിക്ക സ്പാനിഷ് അമേരിക്കക്കാർക്കും ഒരു അലങ്കരിച്ച യൂണിഫോമായിരുന്നു ബൊളിവർ. മാർക്കേസ് ബൊളിവറുടെ ശരീരം കണ്ടെത്തി‘. കാർലോസ് ഫ്യൂവെന്റസ്, ഫെർണാൻഡോ ഡെൽപാസോ, മിലാൻ കുന്ദേര, ഹെന്റിക് ബോഹ്, ഇറ്റാലോ കാൽവിനോ, ഉമ്പർട്ടോ എക്കോ, ഇ.എൽ. ഡോക്ടറോവ്, ഇയാൻ വാട്‌സൺ, മൈക്കൾ കുറ്റ്‌സെ, മാർഗരറ്റ് അറ്റ്‌വുഡ്, സൽമൻ റുഷ്ദി തുടങ്ങിയവരുടെയെല്ലാം  ഏറ്റവും പ്രിയപ്പെട്ടനോവൽരചനാരീതി HMF ആണെ് ഒനേഗ ചൂണ്ടിക്കാണിക്കുന്നു.

ഇ.എൽ. ഡോക്ടറോവ് എഴുതുന്നു : history is a kind of fiction in which we live and hope to survive and fiction is a kind of speculative history….by which the available data for the composition is seen to be greater and more various in its sources than the historian supposes. സാഹിത്യം, സത്യത്തിന്റെ പരീക്ഷണങ്ങൾക്കു വിധേയമാക്കാനാവാത്ത ഒരു വ്യവഹാരമാണെുന്നും അത് സത്യമോ അസത്യമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെും ആ സ്വഭാവമാണ് സാഹിത്യത്തിന് അതിന്റെ കഥാത്വം നൽകുന്നതെുന്നും ടൊഡറോവ് നിരീക്ഷിക്കുന്നുണ്ട്.

          ഫിക്ഷനെക്കുറിച്ചുളള ചർച്ചകളിൽ സത്യം, അസത്യം എന്നീ സംജ്ഞകളല്ല ഉപയോഗിക്കേണ്ടത് എന്ന് HMF കരുതുന്നു. കഥകളിൽ ഒരു സത്യമല്ല, സത്യത്തിന്റെ ബഹുലതയാണുളളത് എന്നും ഒന്നുംതന്നെ അസത്യമല്ല എന്നുമാണ് HMF ന്റെ രീതിശാസ്ത്രം വെളിപ്പെടുത്തുത്. ചട്ടക്കൂടിൽ മാത്രം വ്യത്യസ്തതയുളള ആഖ്യാനങ്ങളാണ് ചരിത്രവും സാഹിത്യവുംഎന്ന് ബി.എച്ച്.സ്മിത്ത്. HMF ഈ ചട്ടക്കൂടിനെ ആദ്യം അംഗീകരിക്കുകയും പിന്നീട് മറികടക്കുകയും ചെയ്യുന്നു. ഇതാണ് HMF ന്റെ ആധുനികാനന്തര വിരോധാഭാസം (Postmodern Paradox).

          ഭൂതകാലത്തെ കഥയിലോ ചരിത്രത്തിലോ തിരുത്തിയെഴുതുകയോ പുനരവതരിപ്പിക്കുകയോ ചെയ്യാൻ അതിന്റെ ആധികാരികതയും ഏകതയും നിരാകരിച്ചുകൊണ്ട് വർത്തമാനത്തിലേക്കു പറിച്ചുനട്ടാൽ മതി എന്ന് ആധുനികാനന്തര സാഹിത്യം കരുതുന്നു. ചരിത്രം ഈവിധം തിരുത്തിയെഴുതപ്പെടുതാണ് HMF ന്റെ പ്രധാന സ്വഭാവങ്ങളിലൊന്ന്. 1890 കളിൽ ആന്റൺ ചെക്കോവ് സൈബീരിയയെ മുറിച്ചുകടന്നു നടത്തിയ ഒരു യാത്ര ആഖ്യാനം ചെയ്യുന്ന ഇയാൻ വാട്‌സന്റെ Chekovs Journeyമുൻനിർത്തി ഹച്ചിയൺ ഈ ആശയം വിശദീകരിക്കുന്നുണ്ട്. ചെക്കോവിന്റെ യാത്ര തുടങ്ങുന്ന ഒന്നാമധ്യായത്തിന് ഒരു ചരിത്രനോവലിന്റെ ഘടനയാണുളളത്. അടുത്ത അദ്ധ്യായം 1990 കളിലേക്കു വരുന്നു. ചെക്കോവിനോട് മുഖസാമ്യമുളള ഒരു നടനെക്കൊണ്ട് ചെക്കോവിന്റെ യാത്രയെക്കുറിച്ചുളള സിനിമ നിർമ്മിക്കാനുളള ഒരുക്കമാണ് വിഷയം. ചെക്കോവിന്റെ വ്യക്തിത്വം നടനിൽ പകരാനുളള ശ്രമത്തിനിടയിൽ നടൻ ചരിത്രസംഭവങ്ങളെ കാലംതെറ്റിച്ച് ഉൾക്കൊളളുന്നു. സിനിമ, അചരിത്രത്തിന്റെ ക്രമരാഹിത്യത്തിലേക്ക് (Chaos of unhistory) താഴ്ന്നുപോകുന്നുവെന്ന് നോവലിസ്റ്റ് എഴുതുന്നു. പിന്നെ ഭാവിയിൽ നിന്ന്  ഒരു സ്‌പേസ്ഷിപ്പ് കാലത്തിലൂടെ പുറകോട്ടു സഞ്ചരിക്കുന്നു. താൻ ചരിത്രം തിരുത്തിയെഴുതുകയാണെന്ന് അതു നിയന്ത്രിക്കുയാൾ തിരിച്ചറിയുന്നു. ചെക്കോവിന്റെ  പുസ്തകങ്ങൾ തിരുത്തിയെഴുതിയ ലൈബ്രറി, കാലം മാറി സംഭവിക്കുന്ന കാര്യങ്ങൾ, തിരിച്ചറിയപ്പെടാനാവാത്തവിധം മാറിപ്പോകുന്ന ട്രോട്‌സ്‌കി തുടങ്ങിയ വ്യക്തികൾ എന്നിവയൊക്കെ ഈ നോവലിന്റെ ആഖ്യാനത്തെ നിയന്ത്രിക്കുന്നു. ഭൂതകാല സംഭവങ്ങൾ മാറ്റിമറിക്കപ്പെടുന്നു. ചരിത്രം തിരുത്തിയെഴുതപ്പെടുന്നു. ഒരുപക്ഷെ ഈ ലോകത്തിന്റെ യഥാർത്ഥ ചരിത്രംതന്നെ ഈവിധം സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്നതല്ലേ? എന്തുകൊണ്ട്? ചരിത്രം കഥയാണെതുതന്നെ കാരണം. മനുഷ്യമനസ്സിലെ ഒരു സ്വപ്നമാണത്. പൂർണ്ണത തേടിക്കൊണ്ടിരിക്കുന്ന ഒരു സ്വപ്നം‘. നോവലിലെ ഒരു കഥാപാത്രം പറയുന്നു.

ചരിത്രധാരണകളെ ഈവിധം പ്രശ്‌നവൽക്കരിക്കുന്ന നോവലുകൾ ആഖ്യാനരൂപങ്ങളെന്ന നിലയിൽ നോവലിനെയും ചരിത്രത്തെയും കുറിച്ച് നിരവധി പ്രശ്‌നങ്ങൾ ഉയിക്കുന്നുണ്ട്. ഹെയ്ഡൻ വൈറ്റ് ചരിത്രത്തെ വിളിക്കുന്നത് യഥാർത്ഥ നോവൽ‘ (A true Novel) എാണ്. വൈറ്റ് എഴുതുന്നു : Historians necessarily employ the forms and devices-rhetoric, narratives, metaphor and so on-of literature. Thus history is simply a branch of literature, in which the narratives of historians do not significantly differ from the novels of a novelist (Meta history, 1973) (Arthur Marwick, The New Nature of History, Palgrave, 2001). പക്ഷെ അതുകൊണ്ട് ചരിത്രവും നോവലും ഒന്നാണെന്നു വരുന്നില്ല. അതേസമയം രണ്ടായിരിക്കുമ്പോഴും അവ സാമൂഹികവും സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ പശ്ചാത്തലങ്ങളും രൂപസങ്കേതങ്ങളും പങ്കിടുന്നു. നോവലുകൾ പൊതുവെ സാമൂഹിക, രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെടുന്ന ആഖ്യാനങ്ങളാണല്ലോ. ചരിത്രവിജ്ഞാനീയവും അതുതന്നെയാണു ചെയ്യുന്നത്. ചരിത്രകാരന്മാരും നോവലിസ്റ്റുകളും ആഖ്യാന പ്രതിനിധാനങ്ങളിൽ ഒരേതലം പങ്കിടുന്നു എന്നു ചുരുക്കം. ചരിത്രത്തിനും സാഹിത്യത്തിനും തനതായ നിലനിൽപ്പില്ല, നമ്മുടെ ധാരണയനുസരിച്ച് അവയ്ക്കു രൂപം നൽകപ്പെടുകയാണ് എന്ന് ഴാക്ക് എഹ്ർമൻ പറയുതിന്റെ അർത്ഥമിതാണ്. ചരിത്രവിജ്ഞാനീയം ഏറ്റവും പ്രശ്‌നഭരിതമായ ഒരു പ്രക്രിയയാണെു തെളിയിക്കുകയാണ്, ചരിത്രമെഴുതാനുളള ഒരു ശ്രമം വിഷയമാക്കുന്ന ഡോക്ടറോവിന്റെ Welcome to hard timesഎന്ന നോവൽ. അർത്ഥം സൃഷ്ടിക്കാൻ വേണ്ടി ലോകത്തെ മാധ്യമമാക്കുന്ന രീതികളും നമ്മുടെ സംസ്‌കാരത്തിലെ സൂചിത വ്യവസ്ഥകളുമാണ് ചരിത്രം, കഥ എന്നീ ആഖ്യാനരൂപങ്ങൾഎന്ന് ഡോക്ടറോവ് സൂചിപ്പിക്കുന്നു. അർത്ഥത്തിന്റെ ഈ നിർമിതസ്വഭാവമാണ് കൂവറുടെ The Public burning പോലുളള HMF കൾ വെളിപ്പെടുത്തുന്നത്. ആഖ്യാനത്തിന്റെയും ഭാഷയുടെയും പ്രത്യയശാസ്ത്രത്തിന്റെയും കീഴ്‌വഴക്കങ്ങളെ ആശ്രയിച്ചുനിൽക്കുന്ന ചരിത്രം ഈ നോവൽ അവതരിപ്പിക്കുന്നു. ചരിത്രവും കഥയും സാംസ്‌കാരികമായ ചിഹ്നവ്യവസ്ഥകളും പ്രത്യയശാസ്ത്ര നിർമ്മിതികളുമാണ്. ചരിത്രം നാം ജീവിക്കുകയും അതിജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന കഥയാണ്. കഥയാകട്ടെ ഊഹിച്ചെടുക്കാവുന്ന ചരിത്രവുമാണ്എന്ന് ഡോക്ടറോവ്. ചരിത്രപരമായ പ്രാതിനിധ്യം രേഖീയ നോവലുകളെപ്പോലെ തന്നെ പ്രതിസന്ധിയിലാണെന്നു രേഖപ്പെടുത്തുന്ന ഫ്രഡറിക് ജെയിംസൺ അൽത്തൂസറിനെ ഉദ്ധരിക്കുന്നു. പഴയ മാതൃകയിലുളള ആഖ്യാനങ്ങളോ റിയലിസ്റ്റിക് ചരിത്രവിജ്ഞാനീയമോ പ്രശ്‌നവൽക്കരിച്ചുകൊണ്ട് യഥാർത്ഥത്തിൽ നടന്നത്എന്ന മട്ടിൽ ചരിത്രത്തിന്റെ പ്രതിനിധാനം നിർമ്മിക്കുകയല്ല ചരിത്രകാരൻ. ചരിത്രത്തെക്കുറിച്ചുളള ഒരു ധാരണ (Concept) നിർമ്മിക്കുക മാത്രമാണ് അയാൾക്ക് ചെയ്യാനുളളത്‘. ആധുനികതയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുളള ചർച്ചയിലാണ് അൽത്തൂസർ  ഇതു പറയുന്നത്. ഹച്ചിയൺ അൽത്തൂസറിന്റെ ആധുനികത (modernism) എന്ന പ്രയോഗം ആധുനികാനന്തരത (Post modernism) എന്നാക്കി മാറ്റി ഇതേ ആശയംകൊണ്ടുതന്നെ ആധുനികാനന്തരമായ HMF ന്റെ കാവ്യശാസ്ത്രം വിശദീകരിക്കുന്നു.

ചരിത്രവിജ്ഞാനീയവും കഥയും തമ്മിലുളള ബന്ധത്തിലും ആധുനികാനന്തര നോവൽ നിരവധി പ്രശ്‌നങ്ങൾ ഉയിക്കുന്നുണ്ട്. സ്വത്വത്തെയും കർതൃത്വത്തെയും കുറിച്ചും; പ്രമാണത്തെയും പ്രതിനിധാനത്തെയും കുറിച്ചും; ഭൂതകാലത്തിന്റെ പാഠാന്തരതയെക്കുറിച്ചും; ചരിത്രരചനയുടെ പ്രത്യയശാസ്ത്ര മാനങ്ങളെക്കുറിച്ചും ഒക്കെയുളള പ്രശ്‌നങ്ങൾ. ആധുനികാനന്തരതയുടെ കാവ്യശാസ്ത്രത്തെക്കുറിച്ചുളള അന്വേഷണം ഈ പ്രശ്‌നങ്ങളെക്കുറിച്ചുളള അന്വേഷണം തന്നെയാണെന്ന് ഹച്ചിയൺ സൂചിപ്പിക്കുന്നു.

          ചരിത്രം സ്വാഭാവികമായ ഒരു തെരഞ്ഞെടുപ്പാണ്. ഭൂതകാലത്തെക്കുറിച്ചുളള പല വ്യാഖ്യാനങ്ങളും ആധിപത്യത്തിനായി പൊരുതുമ്പോൾ പുതിയ വസ്തുതകൾ ഉയർന്നുവരും. കരുത്തുളളവ അതിജീവിക്കും. ദുർബ്ബലമായവ മൺമറയും. ചരിത്രം അവളെ കീഴടക്കുന്നവരെ മാത്രം സ്‌നേഹിക്കുന്നു. പരസ്പരം കീഴടക്കുന്നതിന്റെ ഒരു ബന്ധമാണത്‘, റുഷ്ദി Shameഎന്ന നോവലിൽ എഴുതുന്നു. ആരുടെ ചരിത്രമാണ് അതിജീവിക്കുക എന്ന ചോദ്യം ആധുനികാനന്തരനോവൽ പൊതുവെ ഏറ്റെടുക്കുന്ന ഒന്നാണ്. ചരിത്രനോവൽ ചോദ്യം ചെയ്യാതെ സ്വീകരിച്ചതിനെയെല്ലാം തന്നെ HMF പ്രശ്‌നവൽക്കരിക്കുകയും അതുവഴി ചരിത്രത്തെയും കഥയെയും കുറിച്ചുളള അംഗീകൃത ധാരണകൾ തിരുത്തുകയും ചെയ്യുന്നു. ഭൂതകാലത്തിന്റെ ഓരോ പ്രതിനിധാനത്തിനും സവിശേഷമായ പ്രത്യയശാസ്ത്ര ഫലങ്ങളുണ്ട്എന്ന് ചരിത്രത്തെക്കുറിച്ച് ഹെയ്ഡൺ വൈറ്റ് പറയുന്ന കാര്യം ആധുനികാനന്തരനോവലിനും ബാധകമാണെന്ന് ഹച്ചിയൺ.

നോവലും ചരിത്രവും തമ്മിലുളള ബന്ധം കലയും പ്രത്യയശാസ്ത്രവും തമ്മിലുളള ബന്ധം തന്നെയാണെന്നു നിരീക്ഷിച്ചുകൊണ്ട് ഇർവിംഗ് ഹോ 1990 ലെഴുതിയ ഒരു പഠനലേഖനമുണ്ട് – History and the Novel (WW. Norton, 2001:1332-47). ഡീഫോ, ബൽസാക്ക്, ദസ്തയേവ്‌സ്‌കി, ജോയ്‌സ് എന്നിവരുടെ രചനകൾ മുൻനിർത്തി മറ്റു മുഴുവൻ സാഹിത്യഗണങ്ങളിൽ നിന്നും ഭിന്നമായി നോവലിന് ചരിത്രത്തെ ഉൾക്കൊളളാനും വ്യാഖ്യാനിക്കാനും കഴിയുന്നതെങ്ങനെ എന്നു വിശദീകരിക്കുന്നു, ഹോ. അദ്ദേഹമെഴുതുന്നു : In the novel, there is no once upon a time…. There is London in the 1840s, Moscow in the 1950s. The clock rules, place helps determine psychic formation, characters reach identity through social role…. Social circumstances melts ito historical process (p. 1336).

          നോവലിൽ സന്നിഹിതമാകുന്ന ചരിത്രം നിർവഹിക്കുന്ന ഏറ്റവും വലിയ ദൗത്യം, യൂറോപ്യൻ പശ്ചാത്തലത്തിൽ, ദൈവികതയുടെ നിരാസമായിരുന്നുവെന്നും ഹോ ചൂണ്ടിക്കാണിക്കുന്നു. മിത്തുകൾക്കും ഐതിഹ്യങ്ങൾക്കും പകരം ചരിത്രം മനുഷ്യന്റെ കാലബോധത്തിലും സാഹിത്യഭാവനയിലും ഇടം നേടി. Novelists write on the tacit premise of the self sufficiency of history, the cosmic solitariness of mankind. Beneath heavens indifferent blue, we are now freed from the decrees of any external will, as the glow of faith is replaced by the hard light of causality (1336).
———————-
തുടരും.(ലേഖനത്തിന്റെ മൂന്നാം ഭാഗം അവസാനിക്കുന്നത് അടുത്ത ലക്കത്തിലായിരിക്കും)

 

 

Comments

comments