മലയാളഭാവനയിൽ ആനന്ദാണ് ചരിത്രത്തെക്കുറിച്ചുളള ഇത്തരം ധാരണകളെ തന്റെ രചനകളുടെ ആശയാടിത്തറയായി അവതരിപ്പിച്ചതും ആധുനികാനന്തര മലയാളനോവലിന്റെ സാംസ്‌കാരിക രാഷ്ട്രീയമായി പരിവർത്തിപ്പിച്ചതും. അഭയാർഥികൾക്കു ശേഷം എഴുതപ്പെട്ടമലയാളത്തിലെ മികച്ച നോവലുകൾക്കൊന്നും ഈ രാഷ്ട്രീയത്തെ മറികടക്കാനായില്ല എന്നതാണ് യാഥാർഥ്യം. ആധുനികാനന്തര മലയാളനോവൽ ഏതാണ്ടൊന്നടങ്കം അതിന്റെ ചരിത്ര, രാഷ്ട്രീയ, മാനവിക ബോധ്യങ്ങളിൽ അഭയാർഥികളുടെ അടിക്കുറിപ്പുകളാണ് എന്നുപോലും പറയാവുന്ന വിധം ഈ ഭാവുകത്വ ദിശാവ്യതിയാനത്തിൽ ആനന്ദിന്റെ പ്രഭാവം പ്രകടമാണ്. 1990 കളുടെ തുടക്കംതൊട്ടാണ് ആധുനികാനന്തരതയെക്കുറിച്ചുളള ബോധ്യങ്ങൾ മലയാളനോവലിൽ വ്യാപകമാകുന്നതെങ്കിലും സാമാന്യാർഥത്തിൽ അഭയാർഥികളുടെ മൂന്നു പതിറ്റാണ്ടാണ് ഈ ഭാവുകത്വത്തിന്റെ മലയാളത്തിലെ ആയുസ് എന്നു വിശദീകരിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. സ്വാഭാവികമായും തുടർന്നിങ്ങോട്ടുളള കാലമത്രയും മലയാളനോവലിൽ ആനന്ദിന്റെ നോവലുകളും ചിന്തകളും മുന്നോട്ടു വയ്ക്കുന്ന ചരിത്രാവബോധത്തെ പിൻപറ്റിയാണ് മിക്കവാറും നോവലുകളുടെ ചരിത്രരാഷ്ട്രീയം രൂപപ്പെട്ടിട്ടുളളത് എന്നും കാണാം.

നിശ്ചയമായും ആധുനികാനന്തരതയ്ക്കു മുൻപും നോവൽ, ചരിത്രത്തെ പലനിലകളിൽ അഭിസംബോധന ചെയ്യുന്നുണ്ട്. അതാകട്ടെ നോവലെന്ന സാഹിത്യഗണത്തിന്റെയും രൂപത്തിന്റെയും ഉത്ഭവം തൊട്ടുതുടങ്ങുന്നതുമാണ്. ഹിസ്റ്റോറിക്കൽ റൊമാൻസിൽനിന്നു തുടങ്ങുന്ന കഥാഖ്യാനരൂപങ്ങളും പത്രവാർത്തകളിലും യാത്രാനുഭവകുറിപ്പുകളിൽ നിന്നും തിടംവച്ച വസ്തുതാകഥനങ്ങളും ഒരുപോലെ നോവലിന്റെ രൂപീകരണത്തിനു പശ്ചാത്തലമൊരുക്കി. റബലെയും സെർവാന്റിസും മാത്രമല്ല, പിന്നീടുവരുന്ന ഡീഫോയും റിച്ചാർഡ്‌സനുമൊക്കെ ഈ രൂപത്തിന്റെ മൗലിക സ്വഭാവമായി സ്ഥാപിച്ചെടുത്തത് ചരിത്രത്തോടിണങ്ങി നിൽക്കുന്ന ഭാവനാത്മകതയായിരുന്നു. പാശ്ചാത്യനോവൽപഠനങ്ങൾ മിക്കതും ചൂണ്ടിക്കാണിച്ചിട്ടുളളതാണ് ഈ കാര്യം. മധ്യകാല വീരപുരുഷന്മാരിൽനിന്നും അവിശ്വസനീയവും അയുക്തികവുമായ ഗദ്യകഥാപാഠങ്ങളിൽനിന്നും ഭിന്നമായി 1605-ൽ തന്റെ നായകനും കൃതിക്കും സെർവാന്റിസ് കല്പിച്ചുകൊടുത്ത അസ്തിത്വവും ആഖ്യാനകലയും യൂറോപ്യൻ സാഹിത്യചരിത്രത്തിലെ തന്നെ വലിയൊരു ഭാവുകത്വവിച്ഛേദവും വഴിത്തിരിവുമായിരുന്നു.

നാലു നൂറ്റാണ്ടുമുമ്പ്, കൃത്യമായി പറഞ്ഞാൽ 1605-യാഥാതഥ്യത്തിന്റെ 360 ഡിഗ്രിയും കറങ്ങിത്തിരിഞ്ഞ്ഡോൺ ക്വിക്സോട്ടിലാരംഭിച്ച നോവലിന്റെ ഭാവനാസഞ്ചാരം കൊളോണിയൽ ആധുനികതയുടെ സാംസ്‌കാരികചരിത്രമായി മാറിയത് വളരെ വേഗമാണ്. ഒരേസമയം തന്നെ ചരിത്രംഎന്നും കഥഎന്നും അർത്ഥം വരുന്ന ഹിസ്റ്റോറിയാഎന്ന സ്പാനിഷ് പദത്തിന്റെ സാധ്യതകളിന്മേൽ ഭാവനകൊണ്ടു നടത്തിയ ഒരു ഞാണിന്മേൽ കളിയായിരുന്നു മിഗ്വെൽ ഡി സെർവാന്റിസ് സാവെദ്ര എഴുതിയ ഡോൺ ക്വിക്‌സോട്ട്. നോവലിലെ രണ്ടാം പുസ്തകത്തിന്റെ ഒന്നാമധ്യായത്തിൽ സെർവാന്റിസ്, തന്റെ രചനയെക്കുറിച്ച് വെളിപ്പെടുത്തു ഗംഭീരമായ ഒരു ആഖ്യാനരസതന്ത്രമുണ്ട്. ഒരു ദിവസം സെർവാന്റിസ് ചന്തയിൽ പഴയ സാധനങ്ങൾ വിൽക്കാൻ വന്ന സ്ത്രീയുടെ കയ്യിൽ അറബിക് ഭാഷയിൽ എഴുതിയ ഒരുകെട്ട് കടലാസ് കണ്ടു. സെർവാന്റിസിന് അറബിക് വായിക്കാനറിയില്ല. അതിനാൽ ചന്തയിൽ നിന്നുതന്നെ കണ്ടുപിടിച്ച ഒരു ദ്വിഭാഷിയോട് അദ്ദേഹം ആ കടലാസുകൾ വായിച്ച് സ്പാനിഷിൽ വിശദീകരിച്ചുതരാൻ ആവശ്യപ്പെട്ടു.. അതിൽ ടൊബോഡോവിലെ ഡാൽസിനിയയെക്കുറിച്ചു പരാമർശിക്കുന്നതറിഞ്ഞ സെർവാന്റിസ് വിസ്മയഭരിതനായി. താൻ എഴുതിക്കൊണ്ടിരിക്കുന്ന ഡോൺക്വിക്സോട്ട് എന്ന ചരിത്രത്തിലെ നായികയായ ലാമഞ്ചയിലെ രാജകുമാരി തന്നെയാണ് ഈ ഡാൽസിനിയയും എന്നു മനസ്സിലാക്കിയ അദ്ദേഹം, എന്തിനെക്കുറിച്ചാണ് ഈ കടലാസുകളിൽ എഴുതിയിരിക്കുന്നത് എന്ന് ദ്വിഭാഷിയോടു ചോദിച്ചു. അയാൾ പറഞ്ഞ ഉത്തരം ഇതായിരുന്നു. അറേബ്യൻ ചരിത്രകാരനായ സിദ് ഹാമെത് ബെനെംഗലി എഴുതിയ ലാമഞ്ചായിലെ ഡോ ക്വിക്‌സോട്ടിന്റെ ചരിത്രമാണ് ഈ കടലാസുകളിലുളളത്‘. സ്ത്രീ, കടലാസുകൾ വിറ്റ കടക്കാരനിൽ നിന്ന് കൂടുതൽ വില നൽകി അവ വാങ്ങി, ആ ചരിത്രത്തിൽ പറയുന്ന കാര്യങ്ങളാണ് ഇനി താൻ വിവരിക്കുന്നത് എന്നു സൂചിപ്പിച്ചുകൊണ്ട് സെർവാന്റിസ് ഡോൺ ക്വിക്‌സോട്ടിന്റെ രചന തുടരുന്നു.

അജ്ഞാതവും വിദൂരവുമായ ദേശങ്ങളിൽ മറ്റൊരു കാലത്തെഴുതപ്പെട്ട ചരിത്രത്തിന്റെ പാഠാന്തരമാണ് തന്റെ നോവലെന്ന സെർവാന്റിസിന്റെ ഈ ബോധ്യം നോവലിന്റെ ആഖ്യാനകലയെക്കുറിച്ച് എക്കാലത്തേക്കുമായി എഴുതപ്പെട്ടരസസൂത്രം തന്നെയാണ്. ക്വിക്‌സോട്ടിനു ശേഷം ലോകത്തെവിടെയും എഴുതപ്പെട്ട നോവലുകൾ ഏറ്റവും മൗലികമായി വെളിപ്പെടുത്തുന്ന കലയുടെ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും മറ്റൊന്നല്ലതന്നെ. ചരിത്രത്തിൽ ഭാവനകൊണ്ടു വെട്ടുന്ന വഴികളാണ് നോവലുകൾ. ഭാവനയുടെ തരവും തോതുമനുസരിച്ച് അവ നടപ്പാത മുതൽ രാജവീഥി വരെയാകാം എന്നു മാത്രം. ചരിത്രങ്ങളായിതന്നെ എഴുതപ്പെടുകയോ എഴുതപ്പെട്ടചരിത്രങ്ങളെ തിരുത്തിയെഴുതുകയോ ചെയ്തുകൊണ്ട് ചരിത്രത്തിന്റെ രാഷ്ട്രീയപാഠമായി മാറുന്നൂ, ഓരോ നല്ല നോവലും. സെർവാന്റിസ് മുതൽ ഡാനിയൽ ഡീഫോ വരെ. ബൽസാക്ക് മുതൽ ദസ്തയവ്‌സ്‌കി വരെ. കാഫ്ക മുതൽ സറമാഗു വരെ – ഉദാഹരണങ്ങൾ നിരവധി.

സംഭവിച്ചതുമാത്രം പറയുന്നയാളാണ് അരിസ്റ്റോട്ടിലിന് ചരിത്രകാരൻ. സംഭവിക്കാവുന്നതിനെക്കുറിച്ചു പറയുന്നയാൾ സാഹിത്യകാരനും. ചരിത്രരചനക്ക് രേഖീയസ്വഭാവമാണുളളതെുന്നും സാഹിത്യത്തിന് അങ്ങനെ വേണമെില്ലെന്നും അദ്ദേഹം കരുതി. ചരിത്രം സാഹിത്യത്തിൽ പരാമർശിക്കപ്പെടാമെങ്കിലും ചരിത്രരചനയിൽ സാഹിത്യം കടന്നുവരുന്നതിനെ അരിസ്റ്റോട്ടിൽ എതിർത്തു. സാധ്യതകൾക്ക് ചരിത്രത്തിൽ ഇടമില്ല‘. സാഹിത്യരചനയും ചരിത്രവും തമ്മിലുളള ബന്ധം അരിസ്റ്റോട്ടിലിന്റെ പൊയറ്റിക്‌സ്തൊട്ട് ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. ചരിത്രത്തെ, നടന്ന സംഭവങ്ങളുടെ പഠനമായും കവിതയെ നടക്കാവുന്ന സംഭവങ്ങളുടെ ചിത്രീകരണമായും അരിസ്റ്റോട്ടിൽ വ്യാഖ്യാനിച്ചു. ഈ സങ്കല്പങ്ങൾ രണ്ടും പരസ്പരം വിരുദ്ധമായ ആശയങ്ങളെ കുറിക്കുന്നുവെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും രണ്ടും പരാമർശിക്കുന്നത് സംഭവങ്ങളെയാണ്. ചരിത്രം സവിശേഷ സത്യത്തെയും കവിത പൊതുസത്യത്തെയും കുറിക്കുന്നു എന്നുമാത്രം. കവിതയെ ചരിത്രത്തിനുമേൽ പ്രതിഷ്ഠിക്കാനുളള ശ്രമമായിരുന്നു അരിസ്റ്റോട്ടിലിന്റേത്. ബേക്കണോടുകൂടിയാണ് ചരിത്രത്തിന് സാഹിത്യത്തിനുമേൽ സയൻസിനൊപ്പം സ്ഥാനം ലഭിക്കുന്നത്. ചരിത്രത്തിന്റെ ശാസ്ത്രീയമായ വസ്തുനിഷ്ഠത സാഹിത്യത്തിന്റെ സാങ്കല്പികമായ ആത്മനിഷ്ഠതയെ വെല്ലുവിളിച്ചു മുന്നേറുകയായിരുന്നൂ പിന്നീട്. പിൽക്കാലത്ത് ഹോളോവേ, ലെവിനിബ്രോഡി, ഹെൻഡേഴ്‌സൻ തുടങ്ങിയ നിരവധി ചരിത്രകാരന്മാർ തങ്ങളുടെ ചരിത്രരചനയിൽ സാഹിത്യത്തെയും ഭാവനാത്മക രചനകളെയും ഉപയോഗിച്ചിട്ടുണ്ട്.

അച്ചടി കണ്ടുപിടിച്ചതിനെത്തുടർന്ന് പത്രപ്രവർത്തനത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട വാർത്താ ലേഖനങ്ങളുടെ മാതൃകയിലുളള ചിത്രീകരണങ്ങളിൽ നിന്നാണ് നോവൽ രൂപംകൊണ്ടതെന്ന് ലിയൊനാർഡ് ജെ. ഡേവിസ് പറയുന്നുണ്ട് (Factual Fictions :  The origins of the English Novel – 1983). ആദ്യകാല ഇംഗ്ലീഷ് നോവലിസ്റ്റുകൾ മിക്കവരും പത്രപ്രവർത്തന രംഗവുമായി ബന്ധമുളളവരായിരുന്നു എന്ന കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ഡേവിഡ് ലോജ് ഈ നിഗമനം സമർത്ഥിക്കുന്നു. വസ്തുതാപരമായ രേഖകൾ (Factual Documents) എഡിറ്റു ചെയ്യുക എന്നതായിരുന്നു നോവൽരചന കൊണ്ട് അവർ അർത്ഥമാക്കിയത്. രേഖാചിത്രീകരണവും ചരിത്രരചനയും അനുകരിച്ച് വായനക്കാർക്ക് പുതിയ ഒരു അനുഭവമണ്ഡലം പകർന്നു നൽകിയതിനൊപ്പം തങ്ങൾ സൃഷ്ടിക്കുന്ന കഥയും കഥാപാത്രങ്ങളും യാഥാർത്ഥ്യമാണെന്നു വിശ്വസിപ്പിക്കാനും അവർക്കു കഴിഞ്ഞു. റോബിൻസൺ ക്രൂസോ, പമേല തുടങ്ങിയ നോവലുകൾ സത്യമാണോ ഭാവനയാണോ എന്ന തിരിച്ചറിവ് അന്നു ആർക്കുമുണ്ടായിരുന്നില്ല എന്ന കാര്യം ഡേവിസ് ചൂണ്ടിക്കാണിക്കുന്നു. നോവലിസ്റ്റുകൾ ആദ്യകാലം മുതലേ തങ്ങളുടെ കൃതികൾ ഭാവന ചെയ്യപ്പെടുന്നവയല്ല; ഉളള കാര്യങ്ങൾ പറയുന്നവയാണ്എന്നു സൂചിപ്പിച്ചിരുന്നതായി ജോസിപ്പോവിച്ചി രേഖപ്പെടുത്തുന്നുണ്ട്. ഡാനിയൽ ഡിഫോ തന്റെ രചനകൾ വസ്തുതാപരമാണെന്ന് നിരന്തരം സാക്ഷ്യപ്പെടുത്തിയിരുന്നു. വളരെയധികം വായനക്കാർ അതു വിശ്വസിക്കുകയും ചെയ്തിരുന്നു. തന്റെ ബ്ലീക്ക് ഹൗസ് എന്ന നോവലിനെഴുതിയ അവതാരികയിൽ ചാൾസ് ഡിക്കൻസ് പറയുന്നു : ഈ കൃതികളിലുളളതെല്ലാം സത്യമാണ്‘. ജെയിംസ് ജോയ്‌സിന്റെ നോവലുകളിലെ ഓരോ സംഭവവും കഥാപാത്രവും ജോയ്‌സിന്റെ തന്നെ ജീവിതത്തിലും അനുഭവങ്ങളിലും നിന്നു പൂർണ്ണമായി പകർത്തിയവയാണ്. ഡബ്ലിൻ നഗരം തകർക്കപ്പെടുകയാണെങ്കിൽ തന്റെ നോവലുകളിൽ നിന്ന് അതു പഴയ രൂപത്തിൽ പുനർനിർമ്മിക്കാൻ കഴിയുംഎന്ന് ജോയ്‌സ് പറയുന്നത് തമാശയായല്ല. നോവലിസ്റ്റുകൾ എക്കാലത്തും തങ്ങളുടെ രചനകളിലെ സത്യത്തിനും ഭാവനയ്ക്കുമിടയിൽ അപാരമായ സർഗസംഘർഷം അനുഭവിക്കുന്നുവെന്ന ലോജിന്റെ വാക്കുകൾ പ്രസക്തമാകുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.

നവോത്ഥാനത്തിന്റെ ചരിത്രമെഴുത്ത് ഫ്രഞ്ചുവിപ്ലവത്തിന്റെയും ഫ്രഞ്ചുവിപ്ലവത്തിന്റെ രാഷ്ട്രീയം ചരിത്രനോവലിന്റെയും പ്രത്യയശാസ്ത്ര

Comments

comments