ഊർജമായിത്തീർന്നുവെന്നു സൂചിപ്പിച്ചുകൊണ്ട് വാൾട്ടർ സ്‌കോട്ടിന്റെ ചരിത്രനോവലുകൾ യൂറോപ്പിൽ പത്തൊൻപതാം നൂറ്റാണ്ടിൽ സൃഷ്ടിച്ച ഭാവനാവിപ്ലവം ജോർജ് ലൂക്കാച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട് (The Historical Novel, 1937). ചരിത്രത്തെക്കുറിച്ചുളള അവബോധത്തിന്റെ മാറ്റമാണ് അടിസ്ഥാനപരമായി ഇവിടെ സംഭവിച്ചത്. പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രനാടകത്തിന്റെയും യഥാതഥ സാമൂഹ്യനോവലിന്റെയും നേരിട്ടുളള തുടർച്ചയുമായിരുന്നു സ്‌കോട്ടിന്റെ ചരിത്രനോവൽ. പക്ഷെ അവ അന്യാദൃശമായ പുതുമകൾ പ്രകടിപ്പിച്ചു. സ്‌കോട്ടിന്റെ സമകാലികനായിരുന്ന റഷ്യൻ മഹാകവി, അലക്‌സാണ്ടർ പുഷ്‌കിൻ എഴുതി : ‘തന്റെ കാലത്തെ മുഴുവൻ സാഹിത്യമേഖലകളിലും സ്‌കോട്ടിന്റെ സ്വാധീനം പ്രകടമാണ്. ഫ്രാൻസിലെ ഒരു തലമുറ സമൂഹചരിത്രകാരന്മാർ അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. ഷേക്‌സ്പിയറുടെയും ഗൊയ്‌ഥേയുടെയും ചരിത്രനാടകങ്ങൾക്കുപോലും കഴിയാത്തവിധം ചരിത്രരചനയെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ സ്‌കോട്ടിന്റെ നോവലുകൾ നൽകി‘. സ്റ്റെന്താളിന്റെ ഒരു കൃതി നിരൂപണം ചെയ്യുന്ന വേളയിൽ ബൽസാക്ക് ഒരു പടികൂടി കടന്ന് ഐതിഹാസിക സാഹിത്യത്തിനു സ്‌കോട്ട് സൃഷ്ടിച്ച കലാസ്വഭാവങ്ങൾ വിശദമായി സൂചിപ്പിക്കുന്നു. സംഭവങ്ങൾക്കു മേൽ പെരുമാറ്റങ്ങളുടെയും സാഹചര്യങ്ങളുടെയും പ്രഭാവവും, ക്രിയകളുടെ നാടകീയ സ്വഭാവവും നോവലിലെ സംഭാഷണകലയും നവീകരിച്ചവതരിപ്പിക്കുതിൽ സ്‌കോട്ടിനുളള വൈഭവം ബൽസാക്ക് ചൂണ്ടിക്കാണിച്ചു.
ഫ്രഞ്ചുനോവലിന്റെ ചരിത്രം വിശകലനം ചെയ്യുമ്പോൾ നോവലിസ്റ്റിനെ അരിസ്റ്റോട്ടിലിന്റെ ‘ചരിത്രകാര‘നോടു സമാനപ്പെടുത്തിക്കൊണ്ട് തിമോത്തി അൻവിൻ പറയുന്നത് ‘യാഥാർത്ഥ്യമെന്നത് ഭാവന തന്നെയാണ്, അഥവാ ഭാവന മാത്രമാണ് യാഥാർത്ഥ്യം എന്ന ധാരണയിലാണ് കഥകൾ എഴുതപ്പെടുന്നത്‘ എന്നാണ് (The Cambridge Campanion to French Novel, 1997). ഇതേ ഗ്രന്ഥത്തിൽ ഫ്രഞ്ചുനോവലിനെക്കുറിച്ചു നടത്തുന്ന ഒരു പഠനത്തിൽ മറ്റേതു സാഹിത്യരൂപത്തെക്കാളും ഫ്രഞ്ചുവിപ്ലവം പോലുളള സംഭവങ്ങൾ സ്വാധീനിച്ചത് നോവലിനെയാണ് എന്ന് അലിസ ഫിഞ്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്തെവിടെയും നോവലിന് ചരിത്രവുമായുളള ബന്ധത്തിന്റെ കാരണങ്ങളിലൊന്നായി ഈ ആശയം പരാവർത്തനം ചെയ്യാൻ പറ്റും. പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിൽ ഏറ്റവുമധികം പ്രചാരം നേടിയ സാഹിത്യരൂപമായ നോവലിൽ തന്നെയാണ് ഓരോ നാടിന്റെയും ചരിത്രത്തെ വഴിതിരിച്ചുവിട്ട സംഭവങ്ങൾ ഏറ്റവുമധികം പ്രതിനിധാനം ചെയ്യപ്പെട്ടത്. മധ്യകാല ഫ്രാൻസിനെക്കുറിച്ച് ഏറ്റവുമധികം അറിവുനൽകുന്ന കൃതി റാബലെയുടെ Gargantua and Pantagruel ആണെന്ന് ആർനോൾഡ് കെറ്റിൽ. തന്റെ നോവലുകൾ ചരിത്രവുമായി എങ്ങനെ താരതമ്യം ചെയ്യാനാകും എന്നു സംശയിച്ച ബൽസാക്ക് പറഞ്ഞത് നോവലിസ്റ്റ് ചരിത്രകാരനെക്കാൾ സ്വതന്ത്രനാണെുന്നും നോവലെന്നത് ഉജ്ജ്വലമായ ഒരു നുണയാണെുന്നുമാണ് (Novel is an August lie). പക്ഷെ എല്ലാ ചരിത്രകാരന്മാരെക്കാളും സാമ്പത്തികവിദഗ്ധരെക്കാളും സാംഖ്യികരെക്കാളും കൂടുതൽ കാര്യങ്ങൾ തന്നെ പഠിപ്പിച്ചത് ബൽസാക്കാണ് എന്ന് ഫ്രഡറിക് എംഗൽസ് രേഖപ്പെടുത്തുന്നുണ്ട് (On literature – 1876).
നോവലിന്റെ ആദ്യഘട്ടത്തിലാകട്ടെ, നോവലിന്റെ നൂറ്റാണ്ട് എന്നറിയപ്പെട്ടപത്തൊൻപതാം നൂറ്റാണ്ടിലാകട്ടെ, ചരിത്രനോവലുകളെക്കാൾ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു ശാഖ നോവലിനുണ്ടായിട്ടില്ല. ഇരുപതാം നൂറ്റാണ്ടിൽ നോവലിനുണ്ടായ രൂപപരവും ഭാവപരവുമായ മാറ്റങ്ങൾ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടതും ചരിത്രവുമായി ബന്ധപ്പെട്ടാണ്. യുദ്ധം, അധികാരം, ദാരിദ്ര്യം എന്നിങ്ങനെ ചരിത്രത്തിന്റെ അടരുകൾ തന്നെയായി മാറിയ കഴിഞ്ഞ നൂറ്റാണ്ടിലെ ആഗോള മാനുഷികാവസ്ഥകൾ നോവലിനെ ‘ആധുനികകാലത്തിന്റെ ഇതിഹാസ‘ങ്ങളാക്കി മാറ്റി. ഏതുകാലത്തെയും നോവലിൽ പ്രാമുഖ്യം നേടിയ സ്ഥലം, കാലം തുടങ്ങിയ ഘടകങ്ങളും എപിക് നോവൽ, ക്രോണിക്കിൾ, സാഗാനോവൽ, ടൈം നോവൽ പോലുളള ഇതിവൃത്തപരമായ ഗണങ്ങളും അലിഗറി പോലുളള സങ്കേതങ്ങളും വലിയൊരളവിൽ ചരിത്രവുമായി ബന്ധപ്പെടുന്നവയാണ്. ഒരുപക്ഷെ മനഃശാസ്ത്രനോവൽ പോലുളള ചില ഗണങ്ങളാണ് ഇതിൽ നിന്ന് ഒഴിവായി നിന്നിരുന്നത്. പക്ഷെ ഇന്നിപ്പോൾ ജോയ്‌സിന്റെ ‘യുളിസിസ്‘ പോലുളള രചനകളെയും ചരിത്രബന്ധവും ചരിത്രബദ്ധതയും മുൻനിർത്തി പഠിക്കുന്നുണ്ട്. ആധുനികാനന്തര നോവലാകട്ടെ, വർത്തമാനകാല ജീവിതത്തിന്റെ ജ്ഞാനമണ്ഡലങ്ങൾ പലതിനെയും പോലെ ബഹുസ്വരതയുടെ സംസ്‌കാരത്തെ ഉൾക്കൊളളുന്ന ആഖ്യാനങ്ങളായിത്തീർന്നിരിക്കുന്നു. നോവലും ചരിത്രവും തമ്മിലുളള ബന്ധവും സ്വാഭാവികമായും പുതിയ തലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. തിയഡോർ അഡോണോ എഴുതുന്നു. “Fiction can serve as a form of subconscious writing of history and it can show us how man has experienced and been formed by, what happened down through the ages”
പത്തൊൻപതാം നൂറ്റാണ്ടിൽ പോലും ഒരേ ജ്ഞാനവൃക്ഷത്തിലെ രണ്ടു ശാഖകളെന്ന നിലയ്ക്കാണ് സാഹിത്യത്തെയും ചരിത്രത്തെയും കണ്ടിരുന്നത്. കുറഞ്ഞപക്ഷം റാങ്കെയുടെ ‘ശാസ്ത്രീയ ചരിത്ര‘സിദ്ധാന്തത്തിന്റെ കാലം വരെയെങ്കിലും അത് അങ്ങനെതെയായിരുന്നു. റിയലിസ്റ്റിക് നോവലും ‘ശാസ്ത്രീയ‘മായ ചരിത്രവും യാഥാർത്ഥ്യത്തെക്കുറിച്ചു വലിയ വ്യത്യാസങ്ങളില്ലാതെ എഴുതിയിരുന്ന കാലമൊക്കെ മറന്ന് സാഹിത്യപഠനങ്ങളും ചരിത്രപഠനങ്ങളും പിന്നീടു രണ്ടുവഴിക്കു പിരിഞ്ഞു. ചരിത്രമെന്നാൽ യാഥാർത്ഥ്യവും സാഹിത്യമെന്നാൽ ഭാവനയുമാണെന്ന ആശയം സർവ്വസമ്മതമായി. Fact, Fiction എന്നിവ വിപരീത പദങ്ങളുമായി.
നരവംശശാസ്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും നിന്നുളള രീതിശാസ്ത്രങ്ങൾ സ്വീകരിച്ചുകൊണ്ട് പുതിയ ചരിത്രരചനാരീതികൾ നിലവിൽ വന്നു. 1970 കളിൽ എഴുതിത്തുടങ്ങിയ ഹെയ്ഡൻ വൈറ്റ്, ഡൊമിനിക് ലാകാപ്ര, ഫ്രാങ്ക് ആങ്കർ സ്മിത്ത്, പാട്രിക് ജോയ്‌സ് തുടങ്ങിയവർ ചരിത്രത്തിന്റെ പാഠപരതയിലാണ് ഊന്നിയത്. വസ്തുനിഷ്ഠ ചരിത്രത്തിന്റെ നേരെ എതിർവശത്താണ് സാഹിത്യത്തിന്റെ സ്ഥാനമെന്ന ധാരണ തിരുത്തിക്കൊണ്ട് ചരിത്രവും സാഹിത്യവും (അർത്ഥം അന്വേഷിക്കുന്നതിലുപരി) അർത്ഥം സൃഷ്ടിക്കുന്ന രണ്ട് ആഖ്യാനങ്ങൾ മാത്രമാണെന്ന് അവർ സിദ്ധാന്തിച്ചു. പോൾ റിക്വയറും റൊളാങ് ബാർത്തുമൊക്കെ ആഖ്യാനവും ചരിത്രവും തമ്മിലുളള ബന്ധം മുൻപേതന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും വൈറ്റിന്റെ രചനകളിലൂടെയാണ് ഈ വിചാരം പ്രചരിക്കുന്നത്. വസ്തുതകളിലൂടെ അർത്ഥം കണ്ടെത്തുകയല്ല, ഭാഷയിലൂടെ അർത്ഥം സൃഷ്ടിക്കുകയാണ് ചരിത്രകാരന്മാർ ചെയ്യുതെന്ന് വൈറ്റ് വിശദീകരിച്ചു.
ചരിത്രമെന്നത് ആഖ്യാനമല്ലാതെ മറ്റൊന്നുമല്ല എന്നു കരുതുന്ന ഫ്രെഡറിക് ജെയിംസണെപ്പോലുളളവർ ‘ആധുനികാനന്തര ചരിത്രനോവൽ‘ എന്ന സങ്കല്പം മുന്നോട്ടു വയ്ക്കുന്നതുതന്നെ ചരിത്രത്തെക്കുറിച്ചുളള ആധുനികാനന്തരമായ കാഴ്ചപ്പാടു പുലർത്തുന്ന രചനകളെ മുൻനിർത്തിയാണ്. ‘ചരിത്രനോവൽ ഭൂതകാലത്തെ പ്രതിനിധാനം ചെയ്യുന്ന രീതിക്ക് ഇനിമേൽ പ്രസക്തിയില്ല. ഭൂതകാലത്തെക്കുറിച്ചുളള നമ്മുടെ ആശയങ്ങളും ധാരണകളുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്‘ എന്ന് ജെയിംസൺ ചൂണ്ടിക്കാണിക്കുന്ന പശ്ചാത്തലം ഇതാണ്.
ല്യോത്താറിന്റെയും മറ്റും സ്വാധീനത്തിൽ മറ്റുചില ആധുനികാനന്തര നിരൂപകർ (റോബർട്ട് ഹോൾട്ടൺ, തോമസ് ഡോകർട്ടി തുടങ്ങിയവർ ഉദാഹരണം) മറ്റൊരു കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്നു. നാളിതുവരെ പ്രത്യയശാസ്ത്ര മേൽക്കോയ്മ പുലർത്തിയിരുന്ന ചരിത്രവ്യവഹാരങ്ങളെ ദുർബ്ബലപ്പെടുത്തുന്ന പ്രതിനിധാനങ്ങളെ അവർ സ്വീകരിച്ചു. ‘പ്രാന്തവൽകൃത ജനസമൂഹങ്ങൾ ചരിത്രത്തിന്റെ വിഷയവും ആഖ്യാനവുമായി ഉയർന്നു വന്നു”വെന്നാണു ഇതേപ്പറ്റി ഹോൾട്ടൺ പറയുന്നത്. റിയലിസത്തിന്റെയും മോഡേണിസത്തിന്റെയും കാലത്തെ പ്രധാനപ്പെട്ട ചരിത്രാഖ്യാന ശൈലികൾ നിരസിക്കുന്ന കാര്യത്തിൽ പക്ഷെ ഈ രണ്ടു നിലപാടുകളും സമാനത പുലർത്തുകയും ചെയ്യുന്നു.
എഴുതപ്പെടുന്ന ചരിത്രത്തെയും സാഹിത്യത്തെയും കുറിച്ചുളള പഴയ ധാരണകൾ മാറിവന്നതോടെ എഴുതപ്പെടാതെപോയ ചരിത്രത്തെയും സാഹിത്യത്തെയും കുറിച്ചുളള പുതിയ ധാരണകൾ കടന്നുവന്നു. സാഹിത്യം, സാഹിത്യത്തെക്കുറിച്ചു തന്നെ എഴുതിയപ്പോൾ ചരിത്രം ചരിത്രരചനയെക്കുറിച്ചും ചിന്തിച്ചുതുടങ്ങി. ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും ആഖ്യാനങ്ങളുടെ തലത്തിലുണ്ടായ ഈ മാറ്റങ്ങളാണ് ചരിത്രവിജ്ഞാനീയത്തിന്റെയും അതികഥനത്തിന്റെയും പിന്നിലുളളത്. അതികഥ, പ്രാചീന, മധ്യകാല സാഹിത്യങ്ങളിലുമുളള ഒരു ആഖ്യാനസങ്കേതമാണെങ്കിൽ പോലും ആധുനികതയിലാണ് നോവലിന്റെ ഒരു എഴുത്തുരീതിയായി സ്ഥാനം നേടിയതും പ്രചരിച്ചതും(A Poetics of Post Modernism : History, Theory, Fiction – 1988) എന്ന ഗ്രന്ഥത്തിൽ ലിൻഡാഹച്ചിയനാണ് ചരിത്രത്തെയും നോവലിനെയും കുറിച്ചുളള ഈ പുതിയ കാഴ്ചപ്പാടിന്റെ ഫലമെന്നോണം ‘ചരിത്രവിജ്ഞാനീയപരമായ അതികഥനം‘ (HMF- Historiographic Meta Fiction) എന്ന സംജ്ഞ രൂപപ്പെടുത്തിയത്. ഹിസ്റ്റോറിക്കൽ റൊമാൻസിൽ നിന്നും ഹിസ്റ്റോറിക്കൽ നോവലിൽ നിന്നും വ്യത്യസ്തമാണ് ഹിസ്റ്റോറിയോഗ്രാഫിക് മെറ്റഫിക്ഷൻ. മുൻപ് സൂചിപ്പിച്ചതുപോലെ അത് ചരിത്രത്തെയും നോവലിനെയും കുറിച്ച് ഒരേസമയം നടത്തുന്ന പുനരാഖ്യാനമാണ്. ഹിസ്റ്റോറിക്കൽ റൊമാൻസിൽ ചരിത്രത്തിനും ഹിസ്റ്റോറിക്കൽ നോവലിൽ സാഹിത്യത്തിനും പ്രാധാന്യമുണ്ടായിരുന്നെങ്കിൽ ഇവിടെ രണ്ടും തമ്മിലുളള അതിർവരമ്പുകൾ തന്നെ ഇല്ലാതാകുന്നു. അതേസമയം ചരിത്രത്തെക്കുറിച്ചും നോവലിനെക്കുറിച്ചുമുളള ധാരണകളിൽ വന്ന രീതിശാസ്ത്രപരമായ മാറ്റം ഇത് ഉൾക്കൊളളുകയും ചെയ്യുന്നു. ആധുനികാനന്തര സാഹിത്യചിന്ത, ചരിത്രവും സാഹിത്യവും തമ്മിലുളള വ്യത്യാസങ്ങൾ അന്വേഷിക്കുന്നതിനെക്കാൾ അവയ്ക്കു പൊതുവായുളള സ്വഭാവങ്ങൾ അന്വേഷിക്കുന്നതിലാണ് താത്പര്യം കാണിക്കുന്നത് എന്നും പറയാം. ചരിത്രവും സാഹിത്യവും വസ്തുനിഷ്ഠമായ സത്യ (Objective truth) ത്തെക്കാളധികം സത്യാത്മകത (Verisimilitude) കളിൽ നിന്നാണ് ഊർജ്ജം സംഭരിക്കുന്നത് എന്നും അവ രണ്ടും ഒരേപോലുളള ഭാഷാനിർമ്മിതിക (Linguistic Constructs) ളാണെുന്നും ആഖ്യാനരൂപങ്ങളിൽ വ്യവസ്ഥാപിത സ്വഭാവമുളളവയാണെുന്നും ഒരേപോലെ പാഠാന്തരതയുളളവയാണെുന്നും മുൻകാല പാഠങ്ങളെ നിരന്തരം പരിഷ്‌ക്കരിക്കുന്നവയാണെന്നുമൊക്കെ നമുക്കറിയാം. HMF – ന്റെ കാഴ്ചപ്പാടുകളും ഇതുതെയാണ്. സമീപകാലത്ത് ചരിത്രത്തെയും സാഹിത്യത്തെയും കുറിച്ചുണ്ടായ ഇതര സിദ്ധാന്തങ്ങളെപ്പോലെ HMF- ഉം നമ്മെ ഓർമ്മിപ്പിക്കുത് ചരിത്രം, നോവൽ തുടങ്ങിയ സംജ്ഞകൾ തന്നെ ചരിത്രപരമാണെും അവയുടെ നിർവചനങ്ങളും പരസ്പര ബന്ധവുമൊക്കെ ചരിത്രപരമായി നിർണ്ണയിക്കപ്പെട്ടതാണെുന്നും അവ കാലംതോറും മാറിക്കൊണ്ടിരിക്കുന്നുവെന്നുമാണ്. ലിൻഡാ ഹച്ചിയൺ എഴുതുന്നു: “Fiction and history are narratives distinguished by their frames, frames which historiographic metafiction first establish and then crosses, positing both the generic contracts of fiction and of history” (1996:110).
ബാർബറാഫോളിയെപ്പോലുളളവർ ചൂണ്ടിക്കാണിക്കുന്നതുപോലെ 19-ആം നൂറ്റാണ്ടിൽ ചരിത്രരചനയും ചരിത്രനോവൽ രചനയും പരസ്പരം സ്വാധീനിച്ചിരുന്നു. മെക്കാളെയും സ്‌കോട്ടും തമ്മിലും ഡിക്കൻസും കാർലൈലും തമ്മിലുമുളള കടപ്പാടുകൾ ഓർക്കുക. ഇന്ന്, ഹെയ്ഡൻ വൈറ്റിന്റെയും (Meta history : The historical Imagination in 19th Century Europe – 1973) ഡൊമിനിക് ലാകാപ്രായുടെയും (History and Criticism – 1985) കൃതികളിൽ ആധികാരികമായ ചരിത്രരചനയെക്കുറിച്ചുന്നയിക്കുന്ന സംശയങ്ങൾ റുഷ്ദിയുടെയും (Shame) റോബർട്ട് കൂവറുടെയും (The Public Burning) മറ്റും നോവലുകളിൽ പ്രതിഫലിക്കുന്നു. ആഖ്യാനത്തിലെ വ്യവസ്ഥാപിതത്വം ചോദ്യം ചെയ്യുന്നതിൽ, കർതൃത്വത്തെക്കുറിച്ചുളള സങ്കല്പത്തിൽ, പാഠപരതയുടെ സ്വീകാര്യതയിൽ ഒക്കെ ഇവർ ഒരേ നിലപാടെടുക്കുന്നു. ചരിത്രരചനയിലും നോവൽ രചനയിലും അനുഭവജ്ഞാനപരവും വസ്തുജ്ഞാനപരവുമായ അറിവിനുണ്ടായിരുന്ന മേൽക്കൈയ്ക്ക് ഇളക്കംതട്ടിയതോടെ മേൽപ്പറഞ്ഞ ഘടകങ്ങൾക്കു പ്രസക്തിയേറി. ചരിത്രപരമായ അറിവുകളെത്തന്നെ പ്രശ്നവൽക്കരിച്ചുകൊണ്ട് ആധുനികാനന്തര ചരിത്രവും നോവലും ആഖ്യാനത്തിന്റെ തലത്തിൽ സ്വീകരിക്കുന്ന പുതുമയായി HMF മാറുന്ന പശ്ചാത്തലം ഇതാണ്.
പിയറിവെയ്ൻ ചരിത്രവും ചരിത്രനോവലും തമ്മിലുളള ബന്ധം വിശകലനം ചെയ്തുകൊണ്ടു പറയുന്നത്, ചരിത്രരചന നോവൽരചനയിൽ നിന്നും ഒട്ടുംതന്നെ ഭിന്നമല്ല എന്നാണ്. ഒരു കാര്യത്തിലേ ചരിത്രരചന നോവൽരചനയിൽ നിന്നു ഭിന്നമാകുന്നുളളൂ എന്നദ്ദേഹം പറയുന്നു: “History can afford to be boring without losing its value” (Companion to historiography, Ed. by Michael Bently – 1997).
‘കഥയും കാര്യവും (Fiction and Fact) വിരുദ്ധ ദ്വന്ദ്വങ്ങളായി കാണുത് ഇനിമേൽ പ്രസക്തമല്ല‘ എന്ന് പോൾ ഡി മാൻ പറയുന്നുണ്ട്. HMF, ഈ വൈരുദ്ധ്യം അംഗീകരിച്ചുകൊണ്ടുതന്നെ ചരിത്രവും കഥയും തമ്മിലുളള അതിർവരമ്പ് മായ്ചുകളയുന്നു എന്ന് ലിൻഡാ ഹച്ചിയൺ. ഈ അതിർവരമ്പുമായ്ക്കൽ ക്ലാസിക്കൽ എപ്പിസോഡുകളുടെയും ബൈബിളിന്റെയും സ്വഭാവമാണെന്ന് വിൻസ്റ്റീൻ ചൂണ്ടിക്കാണിക്കുന്നതു സമ്മതിച്ചുകൊണ്ട്, പരസ്പരം അതിരുകൾ മുറിച്ചു കടന്നുകയറുന്ന സ്വഭാവം ആധുനികാനന്തരം തന്നെയാണെന്ന് ഹച്ചിയൺ സ്ഥാപിക്കുന്നു. ഭൂതകാലത്തെക്കുറിച്ചുളള ആഖ്യാനത്തിന് ഉമ്പർട്ടോ എക്കോ മൂന്നു വഴികൾ നിർദ്ദേശിക്കുന്നുണ്ട്. റൊമാൻസ്, ധീരോദാത്ത കഥ, ചരിത്രനോവൽ. ചരിത്രനോവലിനുശേഷം വന്ന ചരിത്രനോവൽരചനാരീതികൾ വിശകലനം ചെയ്തുകൊണ്ടാണ് ചരിത്രത്തിന്റെയും കഥനത്തിന്റെയും തിരിച്ചറിവുകളുമായി ആഖ്യാനം നിർവഹിക്കുന്ന HMF എന്ന നാലാമതൊരു രീതി ഹച്ചിയൺ മുന്നോട്ടു വെയ്ക്കുന്നത്. ചരിത്രനോവലിനെക്കുറിച്ച് ലൂക്കാച്ച് പറയുന്ന കാര്യങ്ങൾ വിശകലനം ചെയ്തുകൊണ്ട് ചരിത്രനോവലും HMF ഉം തമ്മിലുളള വ്യത്യാസങ്ങൾ ഹച്ചിയൺ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
Be the first to write a comment.