ഇന്ന് മാലാഖയാണ് .
ലോ ബഡ്ജറ്റ് സിനിമയായത് കൊണ്ടായിരിക്കണം
തുന്നി പിടിപ്പിച്ച ചിറകിൽ രണ്ട് തുളകളുണ്ടായിരുന്നു .
എന്നാലും മാലാഖയാണ് .
നായകന്റെ ഉറക്കത്തിലേക്ക് ഈ തുള വീണ ചിറകടിച്ച് വേണം കയറിക്കൂടാൻ .
ടപ്പ് ടപ്പ് ടപ്പ്
ടപ്പ് ടപ്പ് ടപ്പ്
ശബ്ദം പോര …ഒപ്പിച്ചെടുക്കാം .
ഇന്നലെ സ്വപ്നം കണ്ടിരുന്നു …
തറയിൽ വീണാലും പൊട്ടാത്ത നക്ഷത്ര വടി
തലയ്ക്കരികിൽ വെച്ച്
ഒറ്റയ്ക്കൊറ്റയ്ക്ക് ഉറങ്ങുകയും ഒറ്റയ്ക്കൊറ്റയ്ക്ക് ഉണരുകയും ചെയ്യുന്ന
മാലാഖമാരെ.
സിസിലി മാലാഖയെ പോലല്ല ജൂലി മാലാഖ.
അവരിരുവരേം പോലല്ല മറ്റൊരുവൾ.
അവനവന്റെ ആകാശങ്ങളിലേക്ക് ഒളിച്ച് കടത്താനുള്ള വെളിച്ചം
ഗൗണ്‍കീശകളിലേക്ക് കുത്തി നിറയ്ക്കുകയായിരുന്നു അവർ.
ഏത് ഡയറക്ടറാണാവോ ‘കട്ട് ‘പറഞ്ഞത് !!!
ഒടുക്കത്തെ കട്ടായി പോയി .
ചിതറിയോടുമ്പോൾ ഒരുവൾ ഗൗണിൽ ചവിട്ടി വീഴുകയും
മറ്റവൾ ചിണുങ്ങുകയും ചെയ്തു.
ഗെറ്റ് സെറ്റ് റെഡി.
കവിളൊക്കെ വേദനിക്കുന്നുണ്ട് .
ഇന്നലെ
ചത്ത് കിടന്ന ഒരു അപ്പാപ്പന്റെ കാല്ക്കലിരുന്ന്
നിലവിളിക്കുകയായിരുന്നു .
നാളെ
ഡാൻസ് ക്ലാസിൽ നായികയ്ക്കൊപ്പം
ഒരു താ താ തിത്തിത്തൈ കുട്ടി .
തുടർന്നങ്ങോട്ട്
ബസ്സ് കാത്ത് നില്ക്കുന്നവൾ ..
പച്ചക്കറി വാങ്ങാൻ തിരക്കുന്നവൾ …
പൂക്കടക്കാരി…
സെയിൽസ്ഗേൾ …
പലപ്പോഴായി അങ്ങനെ പലതുമാവേണ്ടതുണ്ട്.
പലരിൽ ഒരാളാവേണ്ടതുണ്ട്.
പഠിച്ചിട്ടുണ്ട്
ഒരിക്കലൊരു ഫ്രെയിമിൽ ഒറ്റയ്ക്കൊരുത്തിയാവുമെന്ന് പ്രതീക്ഷിക്കാൻ…
പല ജാതി കണ്ണുകളെ ഒറ്റ ചൂണ്ടയിൽ കോർത്തെടുക്കുമെന്ന് വിശ്വസിക്കാൻ..
;എല്ലാത്തിനും ഒരു സമയമുണ്ടെന്ന് ഉരുവിട്ട് ഉറപ്പിക്കാൻ…
എങ്കിലേ പറ്റൂ..
പറന്ന് / നടന്ന് / ഓടി / കരഞ്ഞ് / നനഞ്ഞ്
നിറം മാറി ഗുണം മാറി മണം മാറി
ഡയലോഗിന് പ്രസക്തിയേതുമില്ലാത്ത പകലുകൾ താണ്ടാൻ
‘പറഞ്ഞ് തീർക്കുന്ന‘ രാത്രികൾ താണ്ടാൻ.
Be the first to write a comment.