രുതരം മത്തുപിടിപ്പിക്കുന്ന മണം!
പടർന്നു നിൽക്കുന്ന തൊട്ടാവാടികളും കടന്ന്, പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികളും വകഞ്ഞുമാറ്റി സർപ്പത്താന്മാരുടെ ശിലകൾക്കു മുൻപിൽ സന്ധ്യാദീപം കൊളുത്തുന്ന അമ്മയുടെ പിറകിൽ ഒതുങ്ങി നിന്ന് അമ്മു ചുറ്റും നോക്കി.

മുൻപെങ്ങും അനുഭവിച്ചിട്ടില്ലാത്ത ഒരു സുഗന്ധം. കാവിനുള്ളിൽഏക്ക് കയറിയപ്പോൾ കുറച്ചുകൂടെ കടുത്തതു പോലെ. പല നിറങ്ങൾ കൂട്ടിച്ചേർത്ത് പുതിയ നിറഭേദങ്ങൾ താൻ ഉണ്ടാക്കുന്നതുപോലെ, മണങ്ങളുടെ ഒരു കൂട്ട്. കപ്പയൂറ്റുന്ന മണവും തൊടിയിലെ മുല്ലപ്പൂവിന്റെ മണവും കൂടിക്കലർത്തിയതുപോലെയുള്ള ഒരു മണം!

എന്തൊരു കാടാൺഇത്! കാട്ടുമരങ്ങളും അതിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന വലിയ കാട്ടുവള്ളികളും. ഇടയിൽ ഇത്തിരിപ്പോന്ന സ്ഥലത്ത് സർപ്പങ്ങളുടെ മൂന്നു ശിലകൾ. എന്തിനാ ഈ കാട്ടിൽ കൊണ്ടുവന്ന് എന്നും സന്ധ്യയ്ക്ക് വിളക്കു വയ്ക്കുന്നത്? എന്നത്തേയും പോലെ അമ്മയോട് ചോദിക്കാൻ അമ്മു ആഞ്ഞു. പിന്നെ, വേണ്ട എന്നു വെച്ചു. അമ്മയ്ക്ക് ചിലപ്പോൾ മൂക്കിന്റെ തുമ്പിലാണു ദേഷ്യം. അമ്മയ്ക്ക് ദേഷ്യം വരുന്നത് അമ്മുവിനു ഇഷ്ടമല്ല. പിന്നെ തൊട്ടതീനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടും.

അമ്മേ എന്താ ഈ മണം?
സർപ്പശിലകൾക്കു മുൻപിലെ കൽവിളക്കിൽ തിരി നീട്ടി, കയ്യിൽ പറ്റിയിരിക്കുന്ന എണ്ണ തലയിൽ തൂത്ത് തിരിഞ്ഞ് ശബ്ദം താഴ്ത്തി അമ്മ പറഞ്ഞു.
അതോ, അത് സർപ്പത്താന്മാർ വായ തുറക്കുന്ന മണമാണു അമ്മൂ
എന്ത്? സർപ്പം വായ തുറക്കുന്ന മണമോ? അമ്മ എന്തൊക്കെയാണീ പറയുന്നത്?

കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നു വരുന്ന വഴി മഹി പറഞ്ഞത് അമ്മു ഓർത്തു. അവളുടെ അമ്മ പറഞ്ഞത്രേ നേരമിരുട്ടിയാൽ കാവിന്റെ അടുത്തുള്ള വഴിയിലൂടെ നടക്കാൻ പാടില്ലെന്ന്. ചുറ്റിക്കറങ്ങി വയൽ വരമ്പിലെ ചെളിയിൽ ൿഹവുട്ടി നടന്നു വന്നാലും വേണ്ടില്ലത്രേ.

അമ്മൂ, നിന്റെ കാവിൽ പാമ്പും പിന്നെ മറ്റെന്തൊക്കെയോ ഉണ്ട് അതു പറഞ്ഞപ്പോൾ സ്വതവേയുള്ള അവളുടെ ഉണ്ടക്കണ്ണുകൾ ഒന്നുകൂടി വലുതായി.

മഹിയെന്നു വിളിക്കുന്ന മഹേശ്വരിയ്ഉടെ വീട് തെക്കുവശത്തെ വയലിന്റെ അപ്പുറത്താണു. മഹിയുടെ വീട്ടിലേക്ക് കാവിന്റെ അടുത്തുകൂടി ഒരു കുറുക്കുവഴിയുണ്ട്. ഈ കുറുക്കുവഴി ഉപയോഗിച്ചില്ലെങ്കിൽ വരമ്പിലൂടെ ഏറെ നടക്കണം അവളുടെ വീട്ടിലെത്താൻ. പാമ്പുകൾ വായ തുറക്കുന്ന കാര്യം കേട്ടാൽ പിന്നെ അവൾ ഈ വഴി വരികയേയില്ല. അത്ര പേടിയാണു അവൾക്ക് എല്ലാത്തിനോടും. താനാണു അവൾക്ക് എല്ലാത്തിനും ധൈര്യം കൊടുക്കുന്നത്.

അറപ്പുരയ്ക്കു മുൻപിലെ നിലവിളക്കിനടുത്ത് ചമ്രം പടഞ്ഞിരുന്നു നാമം ചൊല്ലുമ്പോളും, അമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ കിടന്നപ്പോളും അമ്മുവിന്റെ മനസ്സിൽ സർപ്പക്കാവിലും വായ തുറന്നു വള്ളികളിൽ പിണഞ്ഞു കിടക്കുന്ന സർപ്പങ്ങളും വല്ലാത്തൊരു അസ്വസ്ഥതയായി വളർന്നു.

എന്താ പിച്ചും പേയും പറയുന്നേ, അമ്മൂ. നേരം നന്നേ വെളുത്തു, എഴുന്നേൽക്കൂ കുട്ടീ
ഞെട്ടി കണ്ണ് തുറക്കുമ്പോൾ കയ്യിൽ ചൂടുപറക്കുന്ന കാപ്പിയുടെ ലോട്ടയുമായി അച്ഛന്റെ ചാരുകസാലയെ ലക്ഷ്യമാക്കി നടക്കുന്ന അമ്മ. അമ്മയ്ക്ക് പ്രായം പിന്നെയും കൂടിയതുപോലെ. പാവം, ജോലിത്തിരക്ക് രാവിലെ തന്നെ തുടങ്ങി. തന്റെ അച്ഛനേയും അമ്മയേയും കണ്ടാൽ, തന്റെ മുത്തച്ഛനും മുത്തശ്ശിയുമാണെന്നു തോന്നുമെന്ന് കൂട്ടുകാരികൾ കളിയാക്കാറുണ്ട്. ഒത്തിരി പ്രാർത്ഥനകളുടെയും വഴിപാടുകളുടെയും വൈകിയെത്തിയ അനുഗ്രഹമാണു താനെന്ന് അമ്മ എപ്പോഴും പറയുന്നത്  കേൾക്കാം.

മുഖം കഴുകി കാപ്പിയെടുത്ത് കുടിക്കൂ. അവധിക്കാലം ഉറങ്ങിത്തീർക്കണ്ട. അമ്മ തിരിഞ്ഞു നിന്ന് പറഞ്ഞു. എന്തൊക്കെയോ പൊടികളൊക്കെയിട്ട് അമ്മയുണ്ടാക്കുന്ന ഈ ചക്കരക്കാപ്പിക്ക് എന്തൊരു സ്വാദാണു!

കാപ്പിയുടെ ലോട്ടയുമായി അമ്മു പതിവുപോലെ മുറ്റത്തേക്കിറങ്ങി. നേരെ പുളിമരത്തിന്റെ ചുവട്ടിലേക്ക് പഴുത്ത പുളികൾ ധാരാളം അടർന്നു വീീണു കിടക്കുന്നു. ഇതൊക്കെ പെറുക്കിയെടുത്ത് ഉണക്കുപായയിൽ കൊണ്ടിടുക തന്റെ ജോലിയാണു.

എന്തു സുഖമാണു ഈ പുളിമരത്തിന്റെ ചുവട്ടിൽ പടിഞ്ഞാറോട്ട് നോക്കിയിരിക്കാൻ. കൊയ്ത്തു കഴിഞ്ഞ വയലിൽ നിറയെ വെള്ളം കയറ്റിയിട്ടിരിക്കുന്നു. വയലിന്റെ ഇടക്കൊന്നും വീടുകളൊന്നും ഇല്ലാത്തതിനാൽ പടിഞ്ഞാറോട്ട് നോക്കിയാൽ ഒരു കുട്ടിസമുദ്രം പോലെ തോന്നും.

ഒഴിഞ്ഞ ലോട്ടയിലും പാവാടത്തുമ്പിലും പഴുത്ത പുളികൾ പെറുക്കിയിട്ട് തിരിച്ചു നടക്കാൻ തുടങ്ങുമ്പോൾ അമ്മുവിന്റെ നോട്ടം തെക്കേ സർപ്പക്കാവിലേക്ക് പാറിവീണു. എന്തൊക്കെ സ്വപ്നങ്ങളാണു ഇന്നലെ കണ്ടത്! വായും തുറന്ന് പറന്നു നടക്കുന്ന സർപ്പങ്ങൾ! ഹൊ!

കാവിന്റെ ഓരം ചേർന്ന് അമ്മു മെല്ലെ നടന്നു. ശ്വാസം വലിച്ചു നോക്കി. ആ മണം ഇപ്പോഴുമുണ്ടോ? വായ തുറന്ന് പാമ്പുകൾ ഇവിടെ എവിടെയെങ്കിലും പതുങ്ങി ഇരിപ്പുണ്ടോ?

അമ്മുവിന്റെ കണ്ണുകൾ സർപ്പക്കാവിലെ കാട്ടുചെടികളുടെ ഇടയിലൂടെ തല നീട്ടി നിൽക്കുന്ന വെളുത്ത പൂക്കുലയിൽ ഉടക്കി നിന്നു. നല്ല ഭംഗിയുള്ള വെളുത്ത പൂവുകൾ. ഈ പൂവ് മുൻപൊരിക്കലും കണ്ടിട്ടില്ലല്ലോ. ഒന്നു പൊട്ടിച്ചെടുത്താലോ. അമ്മു വള്ളികൾക്കിടയിലൂടെയുള്ള നുഴഞ്ഞ് കാവിനുള്ളിലേക്കു കയറി. കൈയ്യെത്തിച്ച് ഒരു ചില്ലയിൽ പിടിച്ചു. പൂവും മൊട്ടുമായി ആ പൂക്കുല ഒടിഞ്ഞു വീണു. കുനിഞ്ഞെടുക്കുമ്പോൾ മരംകേറിയമ്മൂ എന്ന് അച്ഛൻ സ്നേഹത്തോടെ വിളിക്കുന്നത് ഓർത്തൊന്നു പുഞ്ചിരിച്ചു. അമ്മ കാവിൽ കയറിയതിനു ദേഷ്യപ്പെടും, സാരമില്ല; കണ്ടിട്ടില്ലാത്ത ഈ പൂവു കാണുമ്പോൾ അമ്മേടെ ദേഷ്യമൊക്കെ പമ്പ കടക്കും.

വള്ളികൾക്കിടയിൽ നിന്നു പൂക്കുലയുമായി ഊർന്നിറങ്ങുമ്പോൾ അതാ ആ മണം പിന്നെയും!
ദൈവമേ സർപ്പങ്ങൾ വീണ്ടും വായ തുറന്നോ? എന്തിനാവും അവ വായ തുറക്കുന്നത്? അമ്മ ഇന്നലെ വ്യക്തമായ മറുപടി ഒന്നും പറഞ്ഞില്ല. അമ്മ അങ്ങിനെയാണു, ഉത്തരം ഇല്ല എന്നു വന്നാൽ പെട്ടെന്നു വിഷയം മാറ്റും.

അമ്മു പതുക്കെ കാവിൽ നിന്നിറങ്ങി ഓടാൻ തുടങ്ങി. ആ മണം തന്റെ പിറകേ വരുന്നുവോ? അമ്മു ഓട്ടത്തിനു വേഗത കൂട്ടി. പിന്നെ കിതപ്പോടെ തെക്കേ മുറ്റത്തെ കിളിച്ചുണ്ടൻ മാവിന്റെ കീഴിൽ തളർന്നിരുന്നു. കിതപ്പിനിടയിൽ കൈയ്യിലിരിക്കുന്ന വെളുത്ത പൂങ്കുലയെ നോക്കി. നല്ല സുന്ദരിപ്പൂക്കൾ. ഒന്നിറുത്തെടുത്ത് മെല്ലെ മുഖത്തോടടുപ്പിച്ചു.

ഒരു നിമിഷം! എന്ത് ! അമ്മു വീണ്ടും ആ പൂവ് മണത്തു നോക്കി. അതെ, ആ മണം തന്നെ. അപ്പോൾ ഈ പൂവിന്റെ മണമായിരുന്നു പാമ്പുകൾ വായ തുറക്കുന്നത് എന്ന് അമ്മ പറഞ്ഞത്? അമ്മുവിനു വിശ്വസിക്കാനേ പറ്റിയില്ല. അമ്മയെ ഈ പൂങ്കുല കാണിക്കണം. അമ്മ പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയണം.

സയൻസ് പഠിപ്പിക്കുന്ന മറിയാമ്മ ടീച്ചർ പറഞ്ഞത് അമ്മു ഓർത്തു. പാമ്പുകൾ ഒരു ജീവി മാത്രം.  
അവ ദൈവങ്ങളുമല്ല, അവർക്കു ദൈവിക ശക്തിയുമില്ല. അമ്മ പറയുന്നത് സർപ്പത്താന്മാർക്ക് ഉരുളി കമിഴ്ത്തിയിട്ടാണു തൻ ഉണ്ടായതെന്നാണു!

ആകെ ഒരു ചിന്താക്കുഴപ്പം. അമ്മ വിശ്വസിച്ചിരുന്നത് സത്യമായില്ല എന്നറിയുമ്പോൾ അമ്മയുടെ മുഖം വാടും, തീർച്ച. അമ്മയ്ഉടെ മുഖം വാടുന്നത് അമ്മൂനു ഇഷ്ടമല്ല! അമ്മയോട് പറയണോ വേണ്ടയോ? അമ്മു ധർമ്മസങ്കടത്തിലായി.

അമ്മൂ, നീ അവിടെ എന്തെടുക്കുവാ? ഇങ്ങോട്ട് വരൂ കുട്ടീ

കൈയ്യിലിരിക്കുന്ന പേരറിയാത്ത വെളുത്ത സുന്ദരികൾ തന്നെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചുവോ?

എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ അമ്മു ആ പൂങ്കുലയെ മെല്ലെ ഒന്നു തലോടി, പിന്നെ അതിനെ ദൂരേക്കു വലിച്ചെറിഞ്ഞ് വിളിച്ചു പറഞ്ഞു.

അമ്മേ, ദാ വരുന്നൂ

തിരിഞ്ഞു നടക്കുമ്പോൾ അമ്മു മനസ്സിൽ പറഞ്ഞു
ഈ സുന്ദരികളെ താൻ സർപ്പഗന്ധിപ്പൂക്കൾ എന്നു വിളിക്കും!

Comments

comments