കുഴൂർ വിത്സന്റെ വയലറ്റിനുള്ള കത്തുകൾക്ക് കവി അരുൺ പ്രസാദ് എഴുതിയ കുറിപ്പ്.
പ്രിയപ്പെട്ട വയലറ്റ്
ഒരുവളുടെ ഓർമയിൽ ശരീരം വീർപ്പുമുട്ടിയിട്ട് അതിനെ മറികടക്കുവാനായി അവളെപറ്റി എഴുതുകയും മറികടക്കുക എന്ന പ്രവൃത്തിയിൽ ഭീകരമാം വിധം പരാജയപ്പെട്ട് അവളിൽ പെട്ടു പോകുകയും ചെയ്ത ഒരാളെക്കുറിച്ചാണ് പറഞ്ഞു വരുന്നത് . അയാൾ അവളുടെ ഓർമയിൽ ഉന്മത്തനായിരുന്നു. അയാളാണെങ്കിലതറിഞ്ഞുമില്ല. വീട് വിട്ട്  ആർ.വി യിൽ രാജ്യത്തിന്റെ  പല ഭാഗങ്ങൾ സന്ദർശിക്കുമ്പോളും വീടിനുള്ളിൽത്തന്നെ  കഴിയുന്നതായി അയാൾ കണക്കാക്കി.  കുളി മുറിയിലെ വെളുത്ത ഓടിന്റെ തണുപ്പിൽ കാലുകൾ മുക്കി മൂന്നു രൂപക്ക് കിട്ടുന്ന സാമ്പിൾ പൊതികളിൽ നിന്നും ഷാമ്പൂ തലയിൽ പതപ്പിച്ച് കൊണ്ട് അയാൾ ആ ഓർമയിൽ മുഴുകി.

കാര്യങ്ങൾ നീ കരുതുന്നത്ര എളുപ്പമല്ല.

ഓരോ നിമിഷവും അവളെ ഓർമിപ്പിക്കുന്ന അടയാളങ്ങൾ അയാൾക്ക് ചുറ്റുപാടിൽ നിന്നും കണ്ടെത്തുവാൻ കഴിഞ്ഞു. അതിലയാൾ പൂഴ്ന്നു പോയി.

വയലറ്റ് നിനക്കൊരുപാട് വയസാകുന്ന ഒരു കാലം വരും. നിന്നെ കണ്ടാൽ ആണാണോ പെണ്ണാണോ എന്നു മനസിലാകാത്ത വിധം വയസായ ഒരു കാലം. നിന്റെ വായിൽ പല്ലുകൾ ഒന്നും തന്നെ കാണില്ല.പക്ഷെ നിനക്ക് ചിരി വരും. മുഖത്തിന്റെ തൊലി വിരിച്ചിട്ട ജീൻസു തുണിപോലെ അയഞ്ഞു കിടക്കും.

അന്ന് നീ നിന്റെ ബാല്യകാലത്തിൽ ജീവിക്കും.

അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് നടക്കും.

വൈകീട്ട് അമ്മ പണി കഴിഞ്ഞ് വന്ന് ഉണ്ടാക്കിത്തരുന്ന അടയുടെ രുചിയെക്കുറിച്ചാലോചിച്ച് ദിവസം തള്ളി നീക്കും.

അതിന്റെ അവിടവിടങ്ങളിൽ പറ്റിപ്പിടിച്ച കറുത്ത തൊലിയുടെ സ്വാദ് ഒഴിവുസമയങ്ങളിൽ തികട്ടും.

നിനക്കു ചുറ്റും ശർക്കരയുടെ മണവും പൊള്ളിയ വാഴയിലയുടെ കഷ്ണങ്ങളും കാണും.

മുൾചെടികൾ കോറിയ കണങ്കാലുകളിൽ നിന്നും ഉണങ്ങിയ തൊലി പിച്ചിപ്പൊളിച്ചു തുടങ്ങും.

തക്കാളികളിൽ പഞ്ചസാരയിട്ട് തിന്നും.

മൂക്കുത്തിയുടെ ദ്വാരത്തിൽ തുളസിക്കമ്പ് തിരുകും.

അന്നൊന്നും സിഗരറ്റു വലിക്കുന്നവന്റെ എമണ്ടൻ കറുത്ത ചുണ്ടുകൾ നിനക്കറിയില്ല. അവന്റെ സംസാരത്തിന്റെ താളം നിനക്കറിയില്ല. പുക ഉള്ളിലേക്കെടുക്കുന്നതിനു മുൻപുള്ള ആ അർദ്ധ വിരാമം എന്തിനാണെന്ന് നിനക്കറിയില്ല.

അത്രയും നിസ്സഹായനാണ് ആരുമില്ല എങ്കിലും മറ്റാരോടൊക്കൊയോ അയാൾക്ക് പാവം തോന്നും. അയാൾ പൂച്ചകളെ തലോടും,മുയലുകൾക്ക് തീറ്റ കൊടുക്കും,ചിലന്തി വലകളിൽ നിന്നും പ്രാണികളെ തുറന്നു വിടും, കണ്ണട വച്ചുറങ്ങിപ്പോയവരുടെ കണ്ണട എടുത്ത് മാറ്റി വച്ചു തരും.

പക്ഷെ നീ ഇല്ലാതിരുന്ന ദിവസങ്ങൾ നീയില്ലാതാകുന്ന ദിവസങ്ങളേയല്ല.

നീയില്ലാതിരുന്ന ദിവസങ്ങളിലെല്ലാം
നിന്റെ സുതാര്യമായ വയറിൽ
രണ്ട് മീനുകൾ ഓടിക്കളിക്കുന്നത്
അയാൾ നോക്കി നിന്നു
.
ആഴങ്ങളിൽ നിന്നും
ജലോപരിതലത്തിലെ വായു
ശ്വസിക്കുവാൻ
പാഞ്ഞു വന്നു
വെട്ടി പോകുമ്പോഴുണ്ടായ
ഓളത്തിൽ അയാൾ
പുളഞ്ഞു
..

അയാൾ നിന്നെ വിട്ടു പോകുന്നതു പോലെയല്ല നീ അയാളെ വേണ്ടെന്നു വച്ച് പോകുന്നത്. എന്താണെന്ന് മനസിലാകാതെ പിന്നീടങ്ങോട്ട് ജീവിക്കാൻ പോലും തോന്നാതെ മിഴിച്ചിരിക്കുന്ന അയാളെ എനിക്കറിയാം. ഹെഡ് സെറ്റിലെ പാട്ട് എത്രയുച്ചത്തിൽ വച്ചാലും നീ തലയിൽ മുഴങ്ങുന്ന ഒരാൾ.മറ്റു തിരക്കുകൾക്കിടയിൽ പെട്ടെന്ന് നിന്നെ ഓർത്തുപോയി നിശബ്ദനായിപ്പോയവൻ.

അന്ന് അവൻ സമയം കളയുവാൻ പുതിയ ഒരു മാർഗം കണ്ട് പിടിച്ചു. മണ്ണിരയെ പിടിച്ച് തന്റെ ദേഹത്തിലിട്ട് അത് ഇഴയുന്ന വഴി നോക്കിക്കൊണ്ടിരുന്നു. അയാൾക്ക് ഇഷ്ടമല്ലായിരുന്നു എങ്കിൽക്കൂടി മണ്ണിരയുടെ ഇഴച്ചിൽ സമയത്ത് അയാൾ നിന്നെ മറന്നു പോയി. മണ്ണിരയുടെ വാലറ്റങ്ങൾ നോക്കി വയലറ്റ് ഇല്ലെന്ന് അയാൾ ഉപബോധമനസിൽ ഉറപ്പിച്ചു.

പക്ഷെ അയാൾക്ക് രക്ഷയൊന്നുമില്ല. അനിവാര്യമായ മരണം പോലെ നിന്റെ ഓർമ അയാളെ കീഴ്പ്പെടുത്തും. അയാൾ കഷ്ടപ്പെടും.

നിന്റെ കഴുത്തൊരു രാത്രിയിലേക്ക് തന്നു വിടുമോയെന്ന് നിന്നോട് ചോദിക്കാൻ മറന്ന് പ്രകൃതിയോട് അനുവാദം ചോദിച്ച് നടക്കുന്ന അയാൾ ഒരു ജന്മത്തിൽ ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ ആയിരുന്നു.

സ്വന്തം ലാപ് റ്റോപ്പ് എന്ന പോലെ അയാൾ നിന്നെ സ്നേഹിച്ചു. വേദനിക്കുമോ ഇക്കിളിപ്പെടുമോയെന്നു കരുതി അയാൾ കീബോർഡുകളിൽ  നീയെന്ന പോൽ തഴുകി.

ഹലോയെന്ന് ചാറ്റിൽ പറയുമ്പോൾ നിന്റെ ചിത്രത്തിലെ നീ , ഫോൺ വിളിക്കാറുള്ള നിന്റെ ശബ്ദത്തിൽ അയാളോട് ഹലോ പറഞ്ഞു. നീയില്ലാതെ ഇനി വയ്യ എന്ന് പറയണമെന്നുണ്ടായിരുന്നു അയാൾക്ക് .പകരം 😛 എന്നൊരു സ്മൈലി അയച്ചു.  അവളെ പരിചയപ്പെടാനേ പാടില്ലായിരുന്നു. ചാറ്റ് ചെയ്യാനേ പാടില്ലായിരുന്നു. ഫോൺ വിളിക്കാനേ പാടില്ലായിരുന്നു.കാണാനേ പാടില്ലായിരുന്നു. എന്നൊക്കെ ഓർത്ത് അയാൾ സങ്കടപ്പെടും.ഇടക്ക് ഒരു കണ്ണടച്ച്  അവളുടെ പ്രൊഫൈലിലേക്ക് ഒളിഞ്ഞു നോക്കും. താൻ ഇല്ലാഞ്ഞിട്ടും അവൾ സുഹൃത്തുക്കളോടൊപ്പം എത്ര സന്തോഷവതിയാണ് എന്ന് കണ്ട് ദേഷ്യം വരും. പിരിഞ്ഞതിൽ അവൾക്ക് വിഷമമൊന്നുമില്ല എനിക്കു മാത്രമേ വിഷമമുള്ളു.അല്ലെങ്കിലും അവൾക്കെവടന്നാ സ്നേഹം.അവൾടെ പുതിയ ഫോട്ടോ കണ്ടില്ലേ എന്തു ഭംഗിയാണ്.ഇനി പുതിയ ഏതെങ്കിലും ഒരുത്തന്റെ ഒപ്പം കൊഞ്ചികുഴയുന്നുണ്ടാകുമോ? എന്നൊക്കെ ആലോചിക്കും. അവളെ എന്ന പോലെ ആ പ്രൊഫൈൽ സ്ക്രോൾ ചെയ്യും. നെടുവീർപ്പിടും .ഇനിയൊരിക്കലും ഈ പ്രൊഫൈലിൽ നോക്കില്ല എന്നുറപ്പിക്കും.മറ്റെന്തൊക്കെയോ ചെയ്തു തീർക്കുവാൻ തിടുക്കപ്പെട്ട് ജീവിക്കും. ഒരുമിച്ച് വാറ്റ്സ് ആപ്പിൽ ഷെയർ ചെയ്ത ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണം എന്നുറപ്പിച്ച് അതു നോക്കി ഇരുന്നു പോകും.പഴയ കാര്യങ്ങൾ ഓർത്ത് ബ്ല എന്ന് വായ കൊണ്ട് കാണിക്കും. ഒരുമിച്ചു കേട്ടിരുന്ന പാട്ടുകൾ ഡിലീറ്റ് ചെയ്യും റീ സൈക്കിൾ ബിന്നിൽ കിടക്കുന്നത് പോയി നോക്കും. ഫേസ് ബുക്ക് ഡീ ആക്റ്റിവേറ്റ് ചെയ്യും.ജി മെയിലിലെ ചാറ്റ് ലിസ്റ്റിലെ എല്ലാവരേയും ബ്ലോക്ക് ചെയ്യും.ചാറ്റ് ഹിസ്റ്ററി മുഴുവൻ ഡിലീറ്റ് ചെയ്യും. ലോകത്തിനോട് പിണങ്ങി ഒടുവിൽ ലാപ് ടോപ് അടച്ചു വക്കും.

നിന്റെ കഴുത്തൊരു രാത്രിയിലേക്ക് തന്നു വിടുമോയെന്ന് നിന്നോട് ചോദിക്കാൻ മറന്ന് പ്രകൃതിയോട് അനുവാദം ചോദിച്ച് നടക്കുന്ന അയാൾ മറ്റൊരു ജന്മത്തിൽ  ഒരു മനുഷ്യനായിരുന്നു.

നിന്നോട് മിണ്ടാതിരുന്നാൽ അയാളുടെ ശരീരത്തിന്റെ പ്രതിരോധശക്തി അവതാളത്തിലാകുമായിരുന്നു. അതിൽ ആയിരമായിരം രോഗാണുക്കൾ ഗ്രാമങ്ങളും നഗരങ്ങളും അതിൽ ബസ് സ്റ്റാൻഡുകളും പണിതുയർത്തിയിരുന്നു. അതിലേക്ക് കടന്നു വരുന്ന ജലദോഷമെന്ന അവസ്ഥയെ സ്നേഹിച്ചും എങ്ങോട്ടും പറഞ്ഞയക്കാതെയും മാറാൻ സാധ്യതയുള്ളപ്പോഴൊക്കെ ഷവറിനു കീഴെ അധിക നേരം നിന്ന് കൊണ്ട് ആ രോഗ സാധ്യത നില നിർത്തി. അയാൾ എഴുതി.

ഞാനെന്റെ മകളെ കൊലപ്പെടുത്തി
ഇപ്പോഴുമെന്റെ ഭാര്യ
മകളുടെ
കുഞ്ഞു കാലുറ
കഴുകിയിടുകയും
മണക്കുകയും
കരയുകയും ചെയ്യും.

ഭക്ഷണം കഴിഞ്ഞ് മൂന്നു നാലു പെഗ്ഗടിച്ച് കാറ്റും കൊണ്ട് ഉമ്മറത്ത് ഇരിക്കുമ്പോളായിരുന്നു ഒന്നര വയസുള്ള മകൾ ബൈക്കിനെ ചൂണ്ടിക്കാട്ടി പപ്പാ പപ്പാ എന്ന് കൈ ആട്ടി വിളിച്ചത്. ആ സമയങ്ങളിൽ ഞങ്ങൾ കറങ്ങിയിട്ടു വരിക പതിവാണ്. അവളാണെങ്കിൽ ബൈക്കിന്റെ ശബ്ദം കേട്ടാൽ എങ്ങോട്ട് വേണമെങ്കിലും ചാടിക്കയറിവരും. പാത്രങ്ങൾ കഴുകിക്കൊണ്ടിരിക്കുന്നതിനാൽ പപ്പയും മോളും കൂടെ പോയിട്ട് വേഗം വായെന്ന് ഭാര്യ പറഞ്ഞു. ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ മകൾ മുഖത്ത് നോക്കി ചിരിച്ചു. കൈകളാട്ടി ശബ്ദം വച്ചു. അവളെ പെട്രോൾ ടാങ്കിനു മേൽ എന്റെ മടിയിലേക്ക് ചാരിയിരുത്തി ബൈക്കോടിച്ചു. എന്റെ കൈകളിൽ പിടിച്ചവൾ തുള്ളിക്കൊണ്ടിരുന്നു. ഹൈവേയിൽ വച്ച് കാട്ടുമുയലൊന്ന് വട്ടം ചാടുകയായിരുന്നു.

ഞാനെന്റെ മകളെ കൊലപ്പെടുത്തി
ഇപ്പോഴുമെന്റെ ഭാര്യ
മകളുടെ കുഞ്ഞു മോതിരങ്ങൾ
ചെറു വിരലിലെ
നഖത്തിലിട്ടു നോക്കുകയും
അതിലുമ്മ വക്കുകയും
കരയുകയും ചെയ്യും.

പിന്നീട് ബൈക്കോടിക്കുവാൻ സാധിച്ചിട്ടില്ല
മദ്യപിക്കാതെ ഉറങ്ങുവാൻ സാധിച്ചിട്ടില്ല
എനിക്കെന്നോട് സ്നേഹം തോന്നിയിട്ടില്ല
പകരം
വീട്ടിൽ ഒരു ജോഡി മുയലുകളെ വളർത്തി
.

ഇപ്പോളെന്റെ ഭാര്യ
മകളെന്നു കരുതി
മുയലുകളെ
കൊഞ്ചിക്കുകയും
കറുകപ്പുല്ലും മുരുക്കിലകളും
തീറ്റയായി
നൽകുകയും
കരയുകയും
ചെയ്യും
.

എഴുതിക്കഴിഞ്ഞയാൾ ഏങ്ങിയേങ്ങിക്കരയുകയും നിന്റെ മുല കുടിച്ചുറങ്ങുവാൻ അതിയായി ആഗ്രഹിച്ചത് പറയാൻ മറന്ന് ഉറങ്ങിപ്പോകുകയുമായിരുന്നു.

——-

വയലറ്റിനുള്ള കത്തുകൾ

കുഴൂർ വിത്സൺ
സൈകതം ബുക്സ്

Comments

comments