ഒന്ന് :

          ലയാളനോവലിന്റെ നാളിതുവരെയുളള ആഖ്യാനകലാപരീക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മുഖ്യമായും നാലുഘട്ടങ്ങളിൽ ഊന്നിയുളള വിശകലനം സാധ്യമാകും എന്നു കാണാം. കൊളോണിയൽ ആധുനികത (1850-1950), ദേശീയാധുനികത (1890-1950), ആധുനികതാവാദം (1950-1990), ആധുനികാനന്തരത (1990-) എന്നിങ്ങനെ. ഈ ഓരോ ഘട്ടത്തിലും പ്രാമുഖ്യം നേടിയ നോവലിന്റെ ആഖ്യാനകലകളെ കുറെക്കൂടി സൂക്ഷ്മമായി വിശകലനം ചെയ്താൽ പതിനൊന്നു തലങ്ങളിലേക്ക് അതു വ്യാപിപ്പിക്കാനും കഴിയും. സംഭവം, ക്രിയ തുടങ്ങിയവയുടെ ക്രമം, രേഖീകരണം; കഥപറച്ചിലിന്റെ രീതി, ശൈലി, ഭാഷ എന്നിവയെക്കാൾ നോവലിന്റെ രൂപം, മാതൃക, ഘടന എന്നിവയുടെ നിർമ്മിതിയെ നിർണ്ണയിക്കുന്ന രാഷ്ട്രീയത്തെയാണ് ഈ വിഭജനത്തിനു മാനദണ്ഡമാക്കുന്നത്. ഇവ ഇങ്ങനെ സംഗ്രഹിക്കാം.

          കൊളോണിയൽ ആധുനികതയുടേതെന്നു വിളിക്കാവുന്ന ഒന്നാംഘട്ടത്തിൽ മുഖ്യമായും മൂന്ന് തലങ്ങളാണുളളത്. കീഴാളനോവലുകളിലൂടെ മിഷനറിമാരും മിഷനറിരാഷ്ട്രീയം പങ്കുപറ്റിയവരുമായ എഴുത്തുകാർ മുന്നോട്ടുവച്ച ദലിത്‌സാമൂഹികതയുടെ രാഷ്ട്രീയമാണ് ആദ്യത്തേത്. മലയാളത്തിൽ നടാടെ മനുഷ്യജീവിതം ആവിഷ്‌കൃതമായ സാഹിത്യ-ഭാവനാരൂപമെന്ന നിലയിൽ മാത്രമല്ല, ഘാതകവധവും പുല്ലേലിക്കുഞ്ചുവും സരസ്വതീവിജയവുമടങ്ങുന്ന ഒന്നാംഘട്ടനോവലിനെ മനസ്സിലാക്കേണ്ടത്. കേരളീയ സാമൂഹ്യചരിത്രത്തിലും മലയാളസാഹിത്യചരിത്രത്തിലും നടന്ന കീഴാളരാഷ്ട്രീയ-സാംസ്‌കാരിക വിപ്ലവമായിക്കൂടിയാണ്. പ്രൊട്ടസ്റ്റന്റ് മാനവികതയുടെ പ്രത്യയശാസ്ത്ര പിൻബലത്തിൽ അച്ചടിക്കും വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങൾക്കുമൊപ്പം സംഭവിച്ച ആധുനികതയുടെ സാംസ്‌കാരിക വ്യതിയാനങ്ങളുടെ മാനിഫെസ്റ്റോകളായിരുന്നു ലോകത്തെവിടെയുമെന്നപോലെ മലയാളത്തിലും വർത്തമാനപത്രങ്ങൾക്കൊപ്പം നോവലുകളും. ബക്തിനിയൻ, ഹേബർമാസിയൻ പരികല്പനകൾ എത്രയും യുക്തിസഹമായി ഇണക്കിച്ചേർക്കാവുന്ന സാംസ്‌കാരിക പശ്ചാത്തലങ്ങളിലാണ് നോവലിന്റെ രാഷ്ട്രീയസാധ്യതകൾ മതമൂല്യവിമർശനം മുതൽ ജാതിവിവേചനവിമർശനം വരെയുളള മണ്ഡലങ്ങളിലേക്കു വ്യാപിപ്പിച്ച രചനകളുടെ കാലം. ദലിത്, സ്ത്രീ കർതൃത്വങ്ങൾക്ക് സാഹിത്യത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠ ലഭിക്കുന്ന ചരിത്രമുഹൂർത്തം. ഇംഗ്ലീഷിനോട് വിവർത്തനപരവും സ്വാധീനതാപരവും ഭാവുകത്വപരവുമായ ബന്ധങ്ങൾ രൂപപ്പെടുക വഴി മലയാളനോവലിന്റെ ഘടനയും ശൈലിയും വ്യവസ്ഥാപിതമായ ഘട്ടം. ഭാഷയും ആഖ്യാനവും നോവൽവൽക്കൃതമാകുന്ന ആദ്യ സന്ദർഭം. അച്ചടിയും എഴുത്തും വായനയും പുസ്തകവും ജനകീയമായി മാറുന്ന വഴിത്തിരിവ്.

          സാമൂഹ്യജ്ഞാനവ്യവഹാരങ്ങൾ നോവലിന്റെ ആഖ്യാനഘടനയിൽ ഇണങ്ങിച്ചേർന്ന സവർണ, സമുദായ നോവലുകളുടേതാണ് ഈ ഘട്ടത്തിലെ രണ്ടാമത്തെ ആഖ്യാനകല. ഇന്ദുലേഖയിൽ തുടങ്ങി, ‘അപ്ഫന്റെ മകളിലൂടെ നീളുന്ന ഇത്തരം നോവലുകളുടെ സാമൂഹ്യരാഷ്ട്രീയവും മുൻപു സൂചിപ്പിച്ച നോവൽഭാവുകത്വംപോലെതന്നെ പിൽക്കാല മലയാളഭാവനയെ ഏറെ സ്വാധീനിച്ച ഒന്നാണ്. 1880 കളുടെ അവസാനത്തോടെ നോവലിനെക്കുറിച്ച് മാറിവന്ന ധാരണകൾ സൃഷ്ടിച്ച എഴുത്തുരീതിയുടെ പുതുമകൾ, ഇംഗ്ലീഷ്-യൂറോപ്യൻ നോവൽ മാതൃകകളുടെ വൈവിധ്യമാർ സ്വാധീനങ്ങൾ, റിയലിസത്തിന്റെ ഭാവുകത്വപരമായ വ്യവസ്ഥാപനം, നോവൽ വായനാസമൂഹത്തിനു സംഭവിച്ച മാറ്റം, ദേശീയതാബോധത്തിന്റെയും സാമൂഹ്യാനുഭവങ്ങളുടെയും പുതിയ മാനങ്ങളിൽ നോവലിനു കൈവന്ന വിനിമയമൂല്യം, അച്ചുകൂടങ്ങളുടെയും പത്രമാധ്യമങ്ങളുടെയും വ്യാപനത്തോടെ നോവലിന്റെ എഴുത്തിലും പ്രസാധനത്തിലും വിതരണത്തിലും വായനയിലും വിമർശനത്തിലും മറ്റുമുണ്ടായ കുതിപ്പ്, നവോത്ഥാനാധുനികതയുടെ പൊതുവും കേരളീയാധുനികതയുടെ സവിശേഷവുമായ മൂല്യമണ്ഡലങ്ങളെ നോവൽവൽക്കരിക്കുന്നതിന്റെ സാധ്യതകൾ… വായനകളിലും പുനർവായനകളിലും കൂടി മലയാളനോവലിനു നിർമ്മിച്ചുകിട്ടിയിട്ടുളള കലാപദവികളുടെ ശ്രദ്ധേയമായ ചരിത്രസ്ഥാനമാണ് ഈ തലം.

          ഒന്നാംഘട്ടത്തിലെ മൂന്നാമത്തെ ആഖ്യാനകല ചരിത്രനോവലുകളുടേതാണ്. രാഷ്ട്രീയനോവലുകൾ എന്നും വിളിക്കാവുന്ന ഈ ഗണത്തിൽ സി.വി. രാമൻപിളളയും നാരായണക്കുരുക്കളും മുതൽ കെ.എം. പണിക്കർ വരെയുളളവരുടെ രചനകൾ പെടുന്നു. ഭാഷയിലും ശൈലിയിലും പുലർത്തു വൈവിധ്യം, ഭൂതകാലഭക്തി, സമകാല ഭരണ-രാഷ്ട്രീയവ്യവസ്ഥകളുടെ വിമർശനം, ഇതിഹാസപുരാണങ്ങൾ മുതൽ ക്ലാസിക്കൽ കലകൾ വരെയുളള ഭിന്നങ്ങളായ കേരളീയ ആഖ്യാനപാഠങ്ങളെ നോവലിന്റെ കലയിൽ കൂട്ടിയിണക്കാനുളള ശ്രമം, ജാതി-ലിംഗ ബോധ്യങ്ങളുടെ കാലാതീതമായ സന്നിവേശം, വീരനായകസങ്കല്പത്തിന്റെ ക്ലാസിക്കൽ-നിയോക്ലാസിക്കൽ ഭാവനകളിൽ നിന്നുളള വിട്ടുപോരൽ, നോവലും ദേശീയതയുമായുളള ബന്ധത്തിൽ സൃഷ്ടിക്കുന്ന വിസ്മയകരമായ പൊളിച്ചെഴുത്തുകൾ.. ഒട്ടേറെ മണ്ഡലങ്ങളിലേക്കു സഞ്ചരിച്ചുപോകുന്ന സവിശേഷമായ ഒരു ആഖ്യാനകലയുടെ നോവൽമാതൃകകളാണ് ഈ ഗണത്തിലുളളത്.

          ദേശീയാധുനികത എന്നു വിളിക്കാവുന്ന രണ്ടാംഘട്ടത്തിൽ, പൊതുസാമൂഹികതയുടെ കടന്നുവരവും കേരളീയ നവോത്ഥാനത്തിന്റെ സംഘർഷങ്ങളും നോവലിന്റെ ആഖ്യാനകലയിൽ രൂപംകൊടുത്ത വഴികൾ മേല്പറഞ്ഞവയിൽനിന്നു തികച്ചും ഭിന്നമാണ്. ഒരുവശത്ത് പാവങ്ങൾതൊട്ടുളള പാശ്ചാത്യനോവൽതർജമകളുടെ പ്രഭാവം. മറുവശത്ത് ഇന്ത്യൻദേശീയതയുടെ രാഷ്ട്രീയസ്വാധീനം. ഒരുവശത്ത് ആഗോള ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രഭാവം. മറുവശത്ത് പ്രാദേശികതയുടെ ജൈവരാഷ്ട്രീയം –നവോത്ഥാനകഥാസാഹിത്യംഎന്നു പേരുകേട്ടരാഷ്ട്രീയഭാവനയിലേക്കു വളർന്നെത്തുന്ന ഒരു ജീവിതം ഈ ഘട്ടത്തിലെ മലയാളനോവലുകൾക്കുണ്ട്. മുഖ്യമായും 1940-50 ദശകങ്ങളിൽ, സ്വാതന്ത്ര്യത്തിനു മുൻപും പിൻപുമായി, അഥവാ കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തുന്നതിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന നോവൽഭാവനയുടെ ഈ രാഷ്ട്രീയപരിണാമം തകഴി, ദേവ് തുടങ്ങിയവരിൽനിന്നു മുന്നോട്ടുപോയി ഗാന്ധിയൻ മാനവികതയുടെയും (ബഷീർ, ഉറൂബ്…) ജനപ്രിയവായനയുടെയും (പാറപ്പുറത്ത്, മുട്ടത്തുവർക്കി….) ഇരുകൈവഴികളിലൂടെ പരന്നൊഴുകിയാണ് ആധുനികതാവാദത്തിന്റെ (എം.ടി, കോവിലൻ, വി.കെ.എൻ, സുരേന്ദ്രൻ, വിലാസിനി…) ആദ്യപടവുകളിലെത്തുന്നത്.

          ആധുനികതാവാദത്തിന്റേതായ മൂന്നാംഘട്ടത്തിൽ, പ്രത്യക്ഷത്തിൽതന്നെ മൂന്നു കലാമാർഗങ്ങൾ മലയാളനോവലിൽ പ്രകടമാകുന്നു. തൊട്ടുമുൻഘട്ടത്തിൽ പ്രകടമായ ഇടത്-പുരോഗമന-സോഷ്യലിസ്റ്റ് റിയലിസ്റ്റ്-സാമൂഹ്യഭാവുകത്വത്തിൽനിന്ന് ഭിന്നമായ ഗാന്ധിയൻ മാനവികതയുടെയും ചരിത്രവിശകലനത്തിന്റെയും തലമാണ് ഒന്ന്. മുഖ്യമായും 1950-70 കാലം. കാല്പനിക-ജനപ്രിയ ആധുനികതയുടേതാണ് രണ്ടാമത്തെ തലം (1950-80 കാലം). ആധുനികതാവാദത്തിന്റെ തന്നെ ദന്തഗോപുരവൽക്കരണം മുന്നിട്ടുനിന്ന 1970-80 ദശകങ്ങൾ പ്രകടമാക്കിയ രാഷ്ട്രീയ ആധുനികത‘ (സച്ചിദാനന്ദന്റെ പ്രയോഗം)യുൾപ്പെടെയുളള രീതികൾ ഉൾപ്പെടുന്നതാണ് മൂന്നാമത്തെ തലം.

           മത, ജാതി വിമർശനങ്ങളുടെയും ജനാധിപത്യ സംവാദങ്ങളുടെയും ഗാന്ധിയൻ ദേശീയതാ-മാനവികതാ ബോധ്യങ്ങളുടെയും യുക്തി-സൗന്ദര്യചിന്തകളുടെയുമൊക്കെ സാന്നിധ്യവും സ്വാധീനവും മലയാളഭാവനയിൽ ഏറ്റവും മൂർത്തമായി ഏകീഭവിച്ച നോവൽ കല ബഷീർ-ഉറൂബ് -കോവിലൻ-വി.കെ.എൻ. കോവിലൻ വി കെ എൻഎന്നിവരിലാണ് ഈ ഘട്ടത്തിൽ പ്രകടമാകുന്നത്. പിന്നീട് ഈ ധാര ആനന്ദിലേക്കു നീളുകയും ചെയ്തു. കൽക്കത്താതീസിസിന്റെയും ഗാന്ധിവധത്തിന്റെയും രാഷ്ട്രീയാഘാതം സൃഷ്ടിച്ച ആധുനികതാവാദത്തിന്റെ ബാക്കിപത്രങ്ങളായിരുന്നു, കമ്യൂണിസത്തോടും സോഷ്യലിസ്റ്റ് റിയലിസത്തോടും മറ്റുമുളള വിയോജിപ്പും ഉദാരമാനവികതയോടുളള ആഭിമുഖ്യവുമായി മലയാളഭാവനയെ 1950 കളിൽ നവീകരിച്ച രചനകൾ ഏതാണ്ടൊന്നടങ്കം. ഭരണകൂടം, അധികാരം, പുരുഷാധിപത്യം തുടങ്ങിയവയോടുളള നിശിതമായ വിമർശനവും സ്ത്രീയുടെ കർതൃത്വം ആഖ്യാനത്തിന്റെ കേന്ദ്രത്തിലേക്കു മാറുന്ന പ്രക്രിയയും ഈ ഘട്ടത്തിന്റെ മുഖമുദ്രകളായി. വരേണ്യചരിത്രത്തിന്റെ വിമർശനവും അപനിർമ്മാണവും ദേശീയതയുടെ അയുക്തികളോടുളള വിയോജിപ്പും അതിനു പിന്തുണ നൽകി കൂടെനിന്നു.

          എം.ടി, പാറപ്പുറത്ത്, സുരേന്ദ്രൻ, വിലാസിനി, മുട്ടത്തുവർക്കി, കാനം ഇ.ജെ, കോട്ടയം പുഷ്പനാഥ്, പമ്മൻ തുടങ്ങിയവരിൽനിന്ന് മാത്യുമറ്റം, ജോയ്‌സി, ബാറ്റൺബോസ് തുടങ്ങിയവരിലേക്ക് വളർന്ന, മലയാളനോവലിന്റെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ എഴുത്ത്-വായനാഘട്ടത്തിൽ രൂപംകൊടുത്ത നോവൽകലയാണ് മറ്റൊരു തലം. വായനശാലകൾ, പുസ്തകപ്രസാധകർ, ആനുകാലികങ്ങൾ എന്നീ മൂന്നു ഘടകങ്ങൾ ചേർന്ന്, സാക്ഷരതാവിപ്ലവത്തിന്റെ പിന്തുണയിൽ നോവലിന്റെ വായനയിൽ സൃഷ്ടിച്ച വൻ കുതിപ്പിനൊപ്പം പ്രസക്തമാണ് ചലച്ചിത്രരൂപാന്തരം നോവലുകളുടെ ജനപ്രീതിയിൽ സൃഷ്ടിച്ച മുന്നേറ്റവും. പ്രണയഭാവനയ്ക്കു ലഭിച്ച മേൽക്കോയ്മയും കാല്പനികഭാവനയ്ക്കു കൈവന്ന ഗദ്യസ്വരൂപവും ചേർന്ന് നോവലിന്റെ എഴുത്തും പ്രചാരവും വായനയും അങ്ങേയറ്റം ജനപ്രിയമാക്കി നിലനിർത്തുകയും ചെയ്തു. തൊണ്ണൂറുകളുടെ തുടക്കത്തിലാരംഭിക്കുന്ന ടെലിവിഷൻ പരമ്പരകളുടെ പ്രചാരംവരെ നിലനിന്ന, നാലുപതിറ്റാണ്ടിന്റെ ഈ നോവൽകാലം ഭാഷയിലും ഭാവനയിലും എന്നതിനെക്കാൾ പ്രസാധനത്തിലും വിതരണത്തിലും വായനയിലും സൃഷ്ടിച്ച വിപണിവിപ്ലവമാണ് ആ സാഹിത്യരൂപത്തിന്റെ ആഖ്യാനകലയെ പ്രാഥമികമായും നിർണ്ണയിച്ചത് എന്നും കാണാം.

          ആധുനികതാവാദത്തിന്റെ മൂന്നാം തലം, വി.കെ.എൻ, കോവിലൻ എന്നിവരിൽ തുടക്കമിട്ട് വിജയൻ, ആനന്ദ്, കാക്കനാടൻ, മുകുന്ദൻ, കുഞ്ഞബ്ദുളള, സേതു, സുകുമാരൻ തുടങ്ങിയവരിലൂടെ മുന്നോട്ടുപോയ ഒന്നാണ്. എഴുത്തിന്റെ സാങ്കേതികതയിലും (അലിഗറി, ഫാന്റസി, മിത്ത്, സറ്റയർ…) നോവലിന്റെ ഭൂമിശാസ്ത്രപശ്ചാത്തലത്തിലും (ഉത്തരേന്ത്യ-ദൽഹി) ഒരേസമയം തന്നെയുളള ആത്മീയതാവാദത്തിലും (വിജയൻ, സുകുമാരൻ) ആത്മീയതാനിരാസത്തിലും (വി.കെ.എൻ, കോവിലൻ, ആനന്ദ്…) കമ്യൂണിസത്തിന്റെ സർവാധിപത്യ രാഷ്ട്രീയത്തോടുളള നിശിതമായ എതിർപ്പിലും (ഏതാണ്ട് മുഴുവൻ പേരും) പ്രാദേശികതാസ്വത്വവാദത്തിലേക്കുളള തിരിച്ചുപോക്കിലും (വിജയൻ, കോവിലൻ..) ചരിത്രത്തിന്റെ പ്രശ്‌നവൽക്കരണത്തിലും (വി.കെ.എൻ, കോവിലൻ, വിജയൻ, ആനന്ദ്, സി.ആർ. പരമേശ്വരൻ…) മറ്റും മറ്റും ഈ ഘട്ടം സൃഷ്ടിച്ച ആഖ്യാനപരീക്ഷണങ്ങൾ ആസൂത്രിതമായി എഴുത്തിന്റെയും വായനയുടെയും തലങ്ങളിൽ മലയാളനോവലിന് അക്കാദമികവും വരേണ്യവുമായ ഒരു ദന്തഗോപുരസ്വഭാവം നിർമ്മിച്ചുനൽകുകയും ചെയ്തു. മറുവശത്ത് ജനപ്രിയനോവലിന്റെ കാല്പനികഭാവുകത്വവും കാവ്യാത്മകറിയലിസവും സജീവമായി നിലനിന്നതുകൊണ്ട് വിശേഷിച്ചും. സാഹിത്യത്തിൽ മാത്രമല്ല സിനിമ, നാടകം, ചിത്ര-ശില്പകലകൾ, സംഗീതം തുടങ്ങിയ മുഴുവൻ കലാമണ്ഡലങ്ങളിലും മലയാളഭാവനയിൽ ഉദാത്ത-ജനപ്രിയ വിവേചനം ശക്തമായ കാലമായിരുന്നു ഇതെന്നും ഓർക്കണം. നിരവധി സാമൂഹികസ്ഥാപനങ്ങളുടെയും രാഷ്ട്രീയനിലപാടുകളുടെയും സൃഷ്ടിയായിരുന്നുവല്ലോ ഈ സാംസ്‌കാരിക വരേണ്യവാദം. നോവലിന്റെ വരേണ്യസൗന്ദര്യശാസ്ത്രവും കേവലം ഭാവനാപരം മാത്രമായിരുന്നില്ല.

രണ്ട്

          ആധുനികാനന്തരതയുടെ ഘട്ടത്തിലാകട്ടെ, മുഖ്യമായും നാലുതലങ്ങളിലാണ് നോവലിന്റെ ആഖ്യാനകല വേരുപടർത്തി നിൽക്കുന്നത്. യഥാക്രമം, സാമൂഹികതയുടെ തിരിച്ചുവരവ്, ചരിത്രാത്മകത, ജനപ്രിയതയുടെ ആധുനികാനന്തര സ്വരൂപം, എഴുത്തിന്റെ സാങ്കേതികത എന്നിവ മുൻനിർത്തിയാണ് ഈ വിഭജനം ഇവിടെ സൂചിപ്പിക്കുന്നത്. അഭയാർഥികൾ (1984) തൊട്ടാരംഭിക്കുന്ന ആധുനികാനന്തര ചരിത്ര-രാഷ്ട്രീയ സംവാദങ്ങളുടെ പശ്ചാത്തലം മലയാളനോവലിനുണ്ടെങ്കിലും ആഗോളവൽകൃത-കമ്യൂണിസ്റ്റനന്തര- ഇലക്ട്രോണിക് മാധ്യമ-സ്വത്വരാഷ്ട്രീയകാലമെന്നു വിളിക്കാവുന്ന 1990 കളുടെ തുടക്കം മുതലാണ് അടിമുടി ഭിന്നമായ ഭാവുകത്വസ്വഭാവങ്ങൾ ഈ സാഹിത്യശാഖ പ്രകടിപ്പിക്കുന്നത്. ആഖ്യാനകലയിലെ മാറ്റങ്ങളും ഇതിന്റെ ഭാഗമാണ്. മുൻപു സൂചിപ്പിച്ച മൂന്നുഘട്ടങ്ങളിലും നിന്ന് ഈ ഘട്ടത്തിനുളള പ്രകടമായ വ്യത്യാസം, ഇനി സൂചിപ്പിക്കുന്ന നാലു സവിശേഷതകളും തമ്മിൽതമ്മിൽ ഭിന്നങ്ങളായി നിലനിൽക്കുന്നവയോ ഓരോ വിഭാഗം കൃതികളുടെയും എഴുത്തുകാരുടെയും പ്രവണതകളായി വേറിട്ടുകാണാവുന്നവയോ അല്ല എന്നതാണ്. ഒരു കൃതിയിലോ കർത്താവിലോ തന്നെ പ്രകടമാകും, ഈ ഭാവുകത്വങ്ങളെല്ലാംതന്നെ. അഥവാ അപൂർവമായ ഒരു സമീകരണപ്രക്രിയ നടപ്പായിക്കഴിഞ്ഞിരിക്കുന്നു, ആധുനികാനന്തര മലയാളനോവലിന്റെ ആഖ്യാനകലയിൽ, സൂക്ഷ്മാർഥത്തിൽ അവയ്ക്കുളള വൈവിധ്യങ്ങൾ (വൈരുധ്യങ്ങളല്ല) മാത്രമാണ് ഇവിടെ സൂചിതം.

          (എ.) സാമൂഹികതയുടെ തിരിച്ചുവരവ് എന്ന തലം നോക്കുക. ഒന്നും രണ്ടും ഘട്ടങ്ങളിലെ മലയാളനോവൽ അവയുടെ നിശിതമായ സാമൂഹിക ജാഗ്രതയും നിതാന്തമായ രാഷ്ട്രീയപ്രബുദ്ധതയും കൊണ്ട് നവോത്ഥാനാധുനികതയുടെയും ദേശീയാധുനികതയുടെയും ഇടതുപക്ഷബോധത്തിന്റെയുമൊക്കെ സത്യവാങ്മൂലങ്ങളായി ഭിന്നനിലകളിൽ പ്രവർത്തിച്ചുവെന്നത് ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമാണ്.  ആധുനികതാവാദഘട്ടത്തിൽ ചുരുക്കം ചില എഴുത്തുകാരൊഴികെ ആരുംതന്നെ ആവിധമുളള സാമൂഹികപ്രതിബദ്ധതയും രാഷ്ട്രീയജാഗ്രതയും പ്രകടിപ്പിക്കുകയുണ്ടായില്ല. അഥവാ സാഹിത്യത്തെ സാഹിത്യംതന്നെയായി കാണാനും സൗന്ദര്യവസ്തുവെന്ന നിലയിൽ അതിനുളള സാധ്യതകൾ അതിന്റെതന്നെ മൂല്യങ്ങൾകൊണ്ടളക്കാനുമാണ് അവർ പൊതുവെ ശ്രമിച്ചത്. അരാഷ്ട്രീയവാദമോ സാമൂഹ്യപരാങ്മുഖത്വമോ അവരുടെ താൽപര്യങ്ങളായി എന്നല്ല, സാഹിതീയമാണ് നോവലിന്റെ പ്രാഥമികമൂല്യം എന്ന് അവർ കരുതിയെന്നു മാത്രമേ ഇതിനർഥമുളളു. പ്രസാധകർ മുതൽ എഴുത്തുകാരും നിരൂപകരും വരെയുളളവർ ഈ മാറ്റത്തിനു കുടപിടിച്ചു. നിശ്ചയമായും ഇതേ ഘട്ടത്തിൽതന്നെ രംഗത്തുവന്ന ആനന്ദിലൂടെയാണ് ആധുനികാനന്തര മലയാളനോവൽ അതിന്റെ രാഷ്ട്രീയ സ്വത്വം ഏറ്റവും ഊർജ്ജസ്വലമായി തിരിച്ചുപിടിച്ചത്. അടിസ്ഥാനപരമായി അത് കൊളോണിയൽ, ദേശീയതാവാദ, കമ്യൂണിസ്റ്റ് സാമൂഹികതകൾക്കും രാഷ്ട്രീയത്തിനും എതിരായിരുന്നു എന്നു മാത്രം. ആനന്ദിനു പിന്നാല

എം സുകുമാരൻ                സി ആർ പരമേശ്വരൻ      കെ ജെ ബേബി

സി.ആർ. പരമേശ്വരനിലും കെ.ജെ. ബേബിയിലും എം. സുകുമാരനിലും സജീവമായ ഈ രാഷ്ട്രീയം സാറാജോസഫും എൻ. പ്രഭാകരനും നാരായനും ടി.പി. രാജീവനും അംബികാസുതനും രാജു കെ. വാസുവും മറ്റും ഏറ്റെടുത്തു. ബദൽചരിത്രങ്ങൾ, പ്രത്യയശാസ്ത്രവിമർശനങ്ങൾ, ജനകീയപ്രതിരോധങ്ങൾ, സ്ത്രീ-കീഴാള-പ്രാദേശിക സ്വത്വബോധങ്ങൾ, മതവിമർശനം, ഭരണകൂടവിമർശനം, ആധുനികചരിത്രവിജ്ഞാനീയത്തിന്റെ അപനിർമ്മാണം, പലമകളെയും ചെറുതുകളെയും കുറിച്ചുളള ആകാംക്ഷ, പങ്കാളിത്ത ജനാധിപത്യത്തിന്റെ അനുഭവങ്ങൾ… എന്നിങ്ങനെ ഈ ഘട്ടത്തിലെ നോവലുകൾ പ്രകടിപ്പിക്കുന്ന സാമൂഹികത അപൂർവമാംവിധമുളള ഒരു രാഷ്ട്രീയജീവിതം സമകാല മലയാളനോവലിനു നിർമ്മിച്ചുനൽകുന്നു.

          ചരിത്രപരമായിത്തന്നെ ആധുനിക ബൃഹദ്-രാഷ്ട്രീയാഖ്യാനങ്ങൾക്കു സംഭവിച്ച ശൈഥില്യം ജന്മംകൊടുത്ത സ്വത്വരാഷ്ട്രീയങ്ങളുടെ സൂക്ഷ്മ-ബഹു-ലഘു ആഖ്യാനങ്ങളുടെ പാഠരൂപങ്ങളായെഴുതപ്പെടുന്ന നോവലുകളുടെ സാന്നിധ്യമാണ് ഈ ഘട്ടത്തിലെ ഏറ്റവും പ്രകടവും പ്രബലവുമായ ധാരകളിലൊന്ന്. സ്ത്രീ, കീഴാള, പാരിസ്ഥിതിക, പ്രാദേശികതാവാദങ്ങളുടെ സന്നിവേശം സാമ്രാജ്യത്തം മുതൽ മുതലാളിത്തം വരെയും ബ്രാഹ്മണ്യം മുതൽ പുരുഷാധിപത്യം വരെയും ആഗോളവൽക്കരണം മുതൽ ഉപഭോഗസംസ്‌കാരം വരെയും പ്രത്യയശാസ്ത്ര സർവാധിപത്യങ്ങൾ മുതൽ മതമൗലികവാദംവരെയുമുളള മുഴുവൻ അധികാര-സ്ഥാപന-വ്യവസ്ഥകളോടുമുളള പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഉഭയരാഷ്ട്രീയം ഏറ്റെടുക്കുകയാണ് ഈ നോവലുകളിൽ ചെയ്യുന്നത്. ഇവയോരോന്നും ഒറ്റയ്ക്കും കൂട്ടായും സന്നിഹിതമാകാം നോവലിൽ. ഒന്നു മറ്റൊന്നിൽ നിന്നു ഭിന്നമോ വിരുദ്ധമോ അല്ലെന്നു മാത്രമല്ല പലപ്പോഴും പരസ്പരപൂരകവും ബന്ധിതവുമാണെന്നും കാണാം.

          ആനന്ദ് (അഭയാർഥികൾ, അപഹരിക്കപ്പെട്ട ദൈവങ്ങൾ, സംഹാരത്തിന്റെ പുസ്തകം),സി.ആർ. (പ്രകൃതിനിയമം), സുകുമാരൻ (ശേഷക്രിയ, ജനിതകം), ബേബി (മാവേലിമന്റം), മുകുന്ദൻ (ഒരു ദലിത് യുവതിയുടെ കദനകഥ, പുലയപ്പാട്ട്), സേതു (പെണ്ണകങ്ങൾ), സാറാജോസഫ് (ആലാഹ.., മാറ്റാത്തി, ഒതപ്പ്, ഊരുകാവൽ, ആതി, ആളോഹരി), നാരായൻ (കൊച്ചരേത്തി, ഊരാളിക്കുടി), ഉത്തമൻ (ചാവൊലി), രാഘവൻ അത്തോളി (ചോരപ്പരിശം), രാജു കെ. വാസു (ചാവുതുളളൽ), ഖദീജ മുംതാസ് (ബർസ), സഹീറാതങ്ങൾ (റാബിയ), സുരേന്ദ്രൻ (ജൈവം), പ്രഭാകരൻ (തീയൂർ രേഖകൾ, ജനകഥ), അംബികാസുതൻ (മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ), രാജീവൻ (പാലേരിമാണിക്യം..), പ്രകാശൻ മടിക്കൈ (കൊരുവാനത്തിലെ പൂതങ്ങൾ), ബന്യാമിൻ (ആടുജീവിതം), സന്തോഷ്‌കുമാർ (അന്ധകാരനഴി), രാജീവ് ശിവശങ്കരൻ (തമോവേദം, പ്രാണസഞ്ചാരം, കൽപ്രമാണം) എന്നിങ്ങനെ നീളുന്നു, ഈ ആഖ്യാനകല പങ്കിടുന്ന നോവലുകളുടെ നിര.

ചരിത്രം, നരവംശശാസ്ത്രം, സാമൂഹ്യവിജ്ഞാനം, രാഷ്ട്രീയം, രാഷ്ട്രാന്തര സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എഴുതപ്പെട്ട ആഗോള, ദേശീയ, പ്രാദേശിക പഠനങ്ങൾ മാത്രമല്ല, കുറ്റവാളി ഗോത്രങ്ങളെക്കുറിച്ചും ആദിവാസി വംശീയതകളെക്കുറിച്ചും പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ചും ഒക്കെയുളള ആനന്ദിന്റെയും സ്ത്രീ ജീവിതത്തിന്റെ അവസ്ഥാ വൈവിധ്യങ്ങളെയും വൈരുധ്യങ്ങളെയും കുറിച്ചുളള സാറാ ജോസഫിന്റെയും ദേവികയുടെയും ദലിത്-കീഴാള സാമൂഹികതകളെ കുറിച്ചുളള കൊച്ചിന്റെയും സണ്ണിയുടെയും ജാനുവിന്റെയും സെലീനയുടെയും ആഗോളവൽക്കരണത്തെക്കുറിച്ചുളള പ്രഭാകരന്റെയും പ്രവാസജീവിതത്തെക്കുറിച്ചുളള മുസാഫിറിന്റെയും ദേശീയതയെക്കുറിച്ചുളള ഇ.വി. രാമകൃഷ്ണന്റെയുമൊക്കെ പഠനങ്ങളും വിശകലനങ്ങളും ഇക്കാലഘട്ടത്തിന്റെ നോവൽഭാവനയെ പലനിലകളിൽ പൂരിപ്പിക്കുകയും ചെയ്തു.

          സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കൾ എന്ന കൃതി നോക്കുക. അക്കാദമിക ഫെമിനിസത്തിന് സൗന്ദര്യാനുഭൂതിയിലേക്കു സംഭവിക്കുന്ന പരകായപ്രവേശത്തിന്റെ മികച്ച മാതൃകയെന്ന നിലയിൽ കാണാവുന്ന ആലാഹ‘, ആധുനികാനന്തര മലയാളനോവലിന്റെ, പലനിലകളിൽ പടർന്നുനിൽക്കുന്ന ആഖ്യാനകലയുടെ സാധ്യതകൾ വെളിപ്പെടുത്തുന്ന രചനകളിലൊന്നാണ്. പ്രത്യക്ഷത്തിൽ ക്രൈസ്തവ മതാനുഭവങ്ങളുടെ സ്ത്രീപക്ഷ വിമർശനമാണെന്നു കരുതാവുന്ന നോവൽ, ആധുനിക ചരിത്രവിജ്ഞാനീയത്തിന്റെ രീതിപദ്ധതികൾ ഉടച്ചുവാർക്കുന്ന ചരിത്രസമീപനങ്ങളും ആധുനിക ഭാഷാവബോധത്തിന്റെ വ്യാകരണരാഷ്ട്രീയം അപനിർമ്മിക്കുന്ന ഭാഷാസ്വഭാവങ്ങളും പുരുഷാധീശ സാമൂഹ്യഘടനയുടെ പൊളിച്ചെഴുത്തു സാധ്യമാക്കുന്ന സ്ത്രീസാമൂഹികതയുടെ നിർമ്മിതിയും ആഖ്യാനത്തിലുടനീളം അതിന്റെ കലയും പ്രത്യയശാസ്ത്രവുമായി വികസിപ്പിക്കുന്നു.

          ആനിയെന്ന പെൺകുട്ടിയുടെ കാഴ്ചകളിലൂടെയും അവൾ കേൾക്കുന്ന കഥകളിലൂടെയുമാണ് നോവലിന്റെ ആഖ്യാനം വികസിക്കുന്നത്. ബാല്യം ഓരോ വ്യക്തിയുടെയും ചരിത്രമാണ് (Childhood is the history of every Individual) എന്ന സൂചന ആനിയുടെ ചിത്രീകരണത്തിലുണ്ട്. യക്ഷിക്കഥകളെക്കാൾ അവൾക്കു പ്രിയം ചരിത്രകഥകളാണ്എന്ന് നോവലിൽ പറയുന്നു (2001 : 30). ഈ ചരിത്രകഥകളാകട്ടെ അവൾ കണ്ടും കേട്ടും അനുഭവിച്ചുമറിയുന്ന കോക്കാഞ്ചറയുടെ ജീവിതം തന്നെയാണ്. ഭൂത, വർത്തമാനകാലജീവിതങ്ങൾ. ചരിത്രത്തെയും ചരിത്രരചനയെയും കുറിച്ചുളള കാഴ്ചപ്പാടുകൾ മാറിയ സാഹചര്യത്തിൽ, ചരിത്രമെന്നത് ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയ വസ്തുതകൾ മാത്രമല്ലാതായി. ചരിത്രരചന, ചരിത്രപണ്ഡിതരുടെ അക്കാദമിക്‌വൃത്തി മാത്രവുമല്ലാതെയായി. മനുഷ്യനെക്കുറിച്ച്, സ്ഥലകാലങ്ങളിൽ ഊന്നിനിന്നുകൊണ്ട് നടത്തുന്ന ഏതൊരാഖ്യാനവും സംസ്‌കാരത്തിന്റെ ഭാഗമായതോടെ സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തൽ എന്ന നിലയിൽ ചരിത്രം ജനകീയവും അതുവഴി കൂടുതൽ സാമൂഹികവുമായി. ചരിത്രത്തിന്റെ ജനാധിപത്യവൽക്കരണമായ വാക്ചരിത്രത്തിന്റെ സാധ്യതകൾ ചരിത്രത്തിൽ ആത്മനിഷ്ഠതക്കുളള വിലക്കുകൾ കൂടി നീക്കിയതോടെ ചരിത്രമെന്നത് കഥയും കവിതയും നാടകവും നോവലും പോലെ അഥവാ അവകൂടിയുൾപ്പെട്ട ആഖ്യാനങ്ങൾ തന്നെയാണ് എന്നുവന്നു. ആഖ്യാനസ്രോതസുകളാണ് വാക്ചരിത്രത്തിന്റെ സ്രോതസുകൾ എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് സാഹിത്യത്തിന്റെയും ഫോക്‌ലോറിന്റെയും ആഖ്യാനസിദ്ധാന്തങ്ങളുമായി അതിനുളള ബന്ധം വിശകലനം ചെയ്യുന്നുണ്ട് അലസാന്ദ്രോ പോർട്ടെല്ലി (The Death of Luigi trastulli and other stories : Form amd meanings of Oral history – 1991). ആഖ്യാനത്തിന്റെ ക്രമംതന്നെ ആഖ്യാതാവിന് ചരിത്രവുമായുളള ബന്ധത്തിന്റെ സ്വഭാവം വ്യക്തമാക്കും. വസ്തുതയും ഭാവനയും തമ്മിൽ അഭേദം കല്പിക്കുന്ന കഥകളിലൂടെ നിർവ്വഹിക്കപ്പെടുന്ന ആലാഹയുടെ പെൺമക്കളിലെ ആഖ്യാനത്തിനുളള സ്വഭാവവും മറ്റൊന്നല്ല. ഈ നോവൽ ഒരു ഗ്രാമത്തിന്റെയും അതിലെ മനുഷ്യരുടെയും ചരിത്രമാകുന്നത്, ചരിത്രത്തെക്കുറിച്ചുളള ഈയൊരു കാഴ്ചപ്പാടിലാണ്.

          സ്ഥലനാമചരിത്രങ്ങളിലൊന്നും കോക്കാഞ്ചറയുടെ പേര് കാണില്ലായിരിക്കാം. എന്നാലും കോക്കാഞ്ചറയും ചരിത്രമുളള ഒരു സ്ഥലംതന്നെയാണ്‘. കുട്ടിപ്പാപ്പൻ പറഞ്ഞു : ചരിത്രാതീത കാലത്തും അതിവിടെ ഉണ്ടായിരുന്നു. അനേകം കോടി കാറ്റുകൾ അതിന്റെ മീതെ വീശിപ്പോയി. അത്രതന്നെ മഴകളും പെയ്തു. ഉൽഖനനങ്ങളൊന്നും അവിടെ നടന്നിട്ടില്ല. ഏറെ താഴ്ത്തിയാൽ അസ്ഥികൂടങ്ങൾ പൊങ്ങി വരും. കോക്കാഞ്ചറക്ക് ഒറ്റചരിത്രമല്ല ഉളളത്. അനേകങ്ങളാണ്‘ (2001:30). ചരിത്രങ്ങളുടെ ഈ ബഹുലതയാണ് കോക്കാഞ്ചറയുടെ കഥ. കഥകളുടെ ബഹുലത കോക്കാഞ്ചറയുടെ ചരിത്രവും. ആലാഹയുടെ പെൺമക്കൾചരിത്രവും കഥയും ഈ വിധം സമന്വയിപ്പിക്കുന്നതിലൂടെ നോവലിന്റെ ചരിത്രവൽക്കരണത്തിനുളള മൗലികമായ ഒരു ആഖ്യാനസങ്കേതം സാക്ഷ്യപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട്. ഈ ചരിത്രവൽക്കരണത്തിന്റെയും ആഖ്യാനത്തിന്റെയും പശ്ചാത്തലം മുൻപു സൂചിപ്പിച്ചതുപോലെ, ചരിത്രത്തെക്കുറിച്ചുളള മാറിയ കാഴ്ചപ്പാടുകൾ തന്നെയാണ്.

          കോക്കാഞ്ചറയുടെ ചരിത്രം ആനിയുടെ മനസ്സുപറഞ്ഞ കഥക്കും അമ്മാമയുടെ വാമൊഴികഥാചരിത്രത്തിനും തോട്ടികൾ പറഞ്ഞ കഥക്കും ഇറച്ചിവെട്ടുശാലയുടെ കഥക്കും പുറമെ അനേകം കഥകളിലൂടെയാണ് പൂരിപ്പിക്കപ്പെടുന്നത്. ഇനിയുമുണ്ട് പല ചരിത്രങ്ങൾ. പലർ രേഖപ്പെടുത്തിയവ. മീൻകച്ചവടക്കാർ, തരകുകാർ, ദല്ലാളന്മാർ, ചെറിയ ചെറിയ കളളന്മാർ, ചാരായം വാറ്റുകാർ, ശരീരം  വിൽപ്പന നടത്തുന്നവർ അങ്ങനെയങ്ങനെ കോക്കാഞ്ചറ നിറഞ്ഞു. നഗരം പുറന്തളളിയവരൊക്കെ വേഗം വേഗം കോക്കാഞ്ചറയിലെത്തി. നഗരവും വളരുകയായിരുന്നു‘. നഗരം പുറന്തളളിയവരുടെ കൂട്ടത്തിലാണ് ആനിയുടെ കുടുംബവും പെടുന്നത്. അമ്മാമ പറയുന്നു : പട്ടാളം റോഡിലെ സ്ഥലം ഒഴിയാൻ പറഞ്ഞപ്പോൾ നാഴീം ചെരട്ടീം പോലിളള ക്ടാങ്ങളീം കുഴിലേക്ക് കാലും നീട്ടിയിരിക്കണ തന്തേനീം തളേളനീം കൊണ്ട് ഗോസായിക്കുന്നാ കേറി ഈ ശവക്കോട്ടേല് വന്നാ കെടന്നത്ണ്ടല്ലാ? ഒക്കെ ഒരു ദയിര്യാ‘ (2001:33, 34). റോഡുകളും പാർക്കുകളും വൈദ്യുതപദ്ധതികളും കെട്ടിടസമുച്ചയങ്ങളും കെട്ടിയുയർത്തി നഗരങ്ങളിലെ ജീവിതം സുഖകരമാക്കാൻ വെളിമ്പുറങ്ങളിലേക്ക് ആട്ടിപ്പായിക്കുന്ന ജനങ്ങളുടെ ചരിത്രം ആധുനികസംസ്‌കാരത്തിന്റെ ഒരു മുഖംതന്നെയാണ്. കോക്കഞ്ചറയിലേക്ക് മുഖ്യധാരാസമൂഹങ്ങൾ പുറന്തളളിയ ഈ പ്രാന്തവൽകൃത സമൂഹങ്ങളുടെ ചരിത്രം, ജാതി, സാമ്പത്തിക നില, തൊഴിൽ, വിദ്യാഭ്യാസം, മതം, സാമൂഹികാന്തസ് എന്നിങ്ങനെയുളള ജീവിതമണ്ഡലങ്ങളിലെല്ലാം അവർ അനുഭവിക്കുന്ന അധഃകൃതാവസ്ഥയുടെ അടിവേരുകളോളം ചെന്ന്, ഓർമ്മകളും അനുഭവങ്ങളും സ്വപ്നങ്ങളും പ്രതിഷേധങ്ങളും സഹനങ്ങളുമായി പുനഃസൃഷ്ടിക്കുകയാണ് ആലാഹയുടെ പെൺമക്കൾ. ചരിത്രത്തെക്കുറിച്ചുളള ഈയൊരു ധാരണ, ആധുനികാനന്തര ചരിത്രരചനയുടെയും ചരിത്രവിജ്ഞാനീയത്തിന്റെയും രീതിശാസ്ത്രങ്ങൾക്കൊപ്പം സാഹിത്യരചനയുടെയും സാഹിത്യത്തിന്റെ ചരിത്രവൽക്കരണത്തിന്റെയും രീതിശാസ്ത്രങ്ങൾ കലർത്തി ആഖ്യാനം ചെയ്യുന്നതിലൂടെ (ആനന്ദിന്റെ നാലാമത്തെ ആണിഎന്ന കഥയിൽ മുൻപ് പരിചയപ്പെട്ട) ചരിത്രവിജ്ഞാനീയപരമായ അതികഥനത്തിന്റെ തലത്തിലേക്ക് ഈ നോവലിനെ എത്തിക്കുന്നു.

          ഒരുപക്ഷെ, ചരിത്രപരമായി ആലാഹയുടെ പെൺമക്കൾമലയാളനോവലിൽ പ്രസക്തി നേടുന്നത് മറ്റൊരർത്ഥത്തിലാകാം. നോവലിന്റെ ശീർഷകം മുതൽ ഭാഷയും ആഖ്യാനവും മുഖ്യ കഥാപാത്രങ്ങളും വരെ സൂചിപ്പിക്കുന്നതുപോലെ മറ്റൊരു പ്രാന്തവൽകൃത സമൂഹമായ സ്ത്രീയുടെ ലോകം കഥാലോകമാക്കുന്നതിലൂടെ. ഈ സ്ത്രീലോകത്തെ പൂർത്തീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്‌ത്രോപകരണം നോവലിലെ ഭാഷയാണ്. പുരുഷന്മാരായ പളളീലച്ചന്മാർക്കു മാത്രം അവകാശപ്പെട്ട പിശാചിനെ ഒഴിക്കൽ, അതിനുളള പുരുഷമഹാമന്ത്രമായ ആലാഹയുടെ നമസ്‌കാരം ഹൃദിസ്ഥമാക്കി നിർവഹിക്കുന്ന അമ്മാമ നിറവേറ്റുന്നത് ഈ രാഷ്ട്രീയ ധർമ്മമാണ്. നോവലിൽ സ്വന്തമായി ഭാഷയുളള ഏക പുരുഷൻ കുട്ടിപ്പാപ്പനാണ്. കുട്ടിപ്പാപ്പന്റെ ഭാഷയാകട്ടെ പാഠപുസ്തകത്തിലെപ്പോലെ വരിവരിയായുളള വ്യാകരണബദ്ധമായ അച്ചടിഭാഷയാണ്. കുട്ടിപ്പാപ്പന്റെ ഭാഷതന്നെ വേറെയാണ്. കുട്ടിപ്പാപ്പൻ സംസാരിക്കുമ്പോൾ ആനിക്കു തോന്നും അവൾ കോപ്പിയെഴുതുകയാണെന്ന്‘ (2001:29). ഭാഷ, വ്യക്തിയുടെ ലിംഗ, സാമൂഹികസ്വത്വങ്ങളെ നിർണ്ണയിക്കുന്ന ഏറ്റവും വലിയ ശക്തിയാണെന്ന ലക്കാനിയൻ കാഴ്ചപ്പാടും, വ്യാകരണം പിത്രാധികാരത്തിന്റെ ഒരു രൂപംതന്നെയാണെന്ന ഫെമിനിസ്റ്റ് കാഴ്ചപ്പാടും ഓർമ്മിക്കുക. സാറാജോസഫ് ഈ ഭാഷയെയും വ്യാകരണത്തെയും പൊളിച്ചെഴുതുന്ന കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലൂടെ സ്ത്രീയുടേതു മാത്രമായ ഒരു ആഖ്യാനമണ്ഡലം സൃഷ്ടിക്കുകയാണ് തന്റെ നോവലിൽ. ആ അർത്ഥത്തിൽ പുരുഷനിർമ്മിതമായ ഭാഷയുടെയും വ്യാകരണത്തിന്റെയും പാരമ്പര്യത്തിൽനിന്നും പുറത്തുകടക്കാനുളള ഒരെഴുത്തുകാരിയുടെ ശ്രമം ആലാഹയുടെ പെൺമക്കളിലുണ്ട്. പുരുഷഭാഷയെ നിരാകരിച്ചുകൊണ്ട് സ്ത്രീഭാഷയിൽ നോവലെഴുതാനുളള മലയാളത്തിലെ ആദ്യശ്രമമാണ് ഇത് (ഗ്രേസി, കഥയിൽ പരീക്ഷിച്ചത്). കൊളോണിയലിസം സ്വത്വങ്ങളെ ലിംഗവൽക്കരിക്കുകയും തദ്ദേശീയമായതിനെയെല്ലാം പ്രാകൃതവും സ്‌ത്രൈണവുമായി തരംതാഴ്ത്തുകയും ചെയ്തുവന്ന അലോക് റായിയുടെ നിഗമനം ഇ.വി. രാമകൃഷ്ണൻ ഉദ്ധരിക്കുന്നുണ്ട്. (ദേശീയതകളും സാഹിത്യവും‘, 2000:96) ഔദ്യോഗിക ദേശീയതക്കു പുറത്താണ് പ്രാദേശികസ്വത്വങ്ങളും സ്ത്രീയും നിലകൊളളുന്നത് എന്ന സങ്കല്പനത്തിന്റെ ഏറ്റവും നല്ല സൂചകം ഭാഷയാണ്. എന്തെന്നാൽ വ്യവസ്ഥപ്പെടുന്ന ദേശീയതയുടെ ഏറ്റവും വലിയ ചിഹ്നം വ്യവസ്ഥപ്പെടുന്ന ഭാഷയാണ്. സംസ്‌കൃതവൽക്കരണത്തിലൂടെയാണ് ഭാഷ വ്യവസ്ഥപ്പെടുന്നത്. സംസ്‌കൃതവൽക്കരണം അധികാരത്തിനു കീഴ്‌പ്പെടുത്തലാണ്. അധികാരവും വ്യവസ്ഥയും പുരുഷാധിപത്യപരമാണ്. അതുകൊണ്ട് വ്യവസ്ഥപ്പെടുന്ന ഭാഷ പുരുഷഭാഷയാണ്. സ്ത്രീഭാഷ അവ്യവസ്ഥിതമാണ്. വ്യവസ്ഥപ്പെട്ട ഭാഷയാകട്ടെ കൃത്രിമവും. ഹിന്ദി, ഹിന്ദുഭാഷയായി ഉറുദുവിനെ മുസ്ലിംഭാഷയാക്കി പുറന്തളളിയതുപോലെ കോക്കാഞ്ചറയിലെ നിരക്ഷരരായ സ്ത്രീകളുടെ ഭാഷയെ നഗരത്തിൽ നിന്നുവന്ന ടീച്ചർമാർ പ്രാകൃതമെന്നു പരിഹസിക്കുന്നു. അധികാരം കേന്ദ്രീകരിച്ചിരിക്കുന്ന പുരുഷസമൂഹത്തിനു വെളിയിൽ സ്ത്രീസമൂഹത്തിന്റെ ലിംഗസ്വത്വം ഈ നോവലിൽ ആവിഷ്‌ക്കരിക്കപ്പെടുന്നത്, പുരുഷഭാഷയുടെ വ്യാകരണച്ചിട്ടകൾക്കു പുറത്ത് സ്ത്രീഭാഷ അതിന്റെ അവ്യവസ്ഥകൾകൊണ്ടു നിറവേറ്റുന്ന ഭാഷാസ്വത്വത്തിലൂടെയാണ്.

ദ മേക്കിംഗ് ഓഫ് യൂറോപ്പ്‘ (1994) എന്ന ഗ്രന്ഥത്തിൽ റോബർട്ട് ബാർട്ട്‌ലെറ്റ് സൂചിപ്പിക്കുന്നതുപോലെ, വംശീയതയുടെ ഉത്ഭവത്തെക്കുറിച്ചുളള പഠനങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ആശയങ്ങളിലൊന്ന് ഭാഷകളിൽ നിന്ന് വംശങ്ങളുണ്ടായിഎന്നതാണ്. അതേസമയം, കൊളോണിയൽ ഭരണകാലത്ത് ഭരണകൂടത്തിന്റെ ഭാഷ എങ്ങനെ പ്രാദേശിക ഭാഷകളെയും അതുവഴി പ്രാദേശികസ്വത്വങ്ങളെയും അടിച്ചമർത്തിയെന്ന് ഇന്ത്യൻഭാഷകൾ മുൻനിർത്തി ഡൊണാൾഡ് ഹൊറൊവിറ്റ്‌സ് നടത്തുന്ന അന്വേഷണം ശ്രദ്ധേയമാണ്. ചില വിഭാഗങ്ങളെ മുഖ്യധാരയിൽ നിന്നൊഴിവാക്കാനുളള ഏറ്റവും വിദഗ്ദ്ധമായ തന്ത്രമെന്ന നിലയിൽ അവരുടെ ഭാഷയെ തമസ്‌കരിക്കുന്നത് വ്യാപകമായി നടപ്പിലിരുന്നുവെന്ന് ഹൊറൊവിറ്റ്‌സ് ചൂണ്ടിക്കാണിക്കുന്നു (Ethnic Groups and Conflicts – 1985). വിദ്യാഭ്യാസം, അച്ചടി, വ്യാകരണം, ഒദ്യോഗിക ഭാഷാപദവി, ദേശീയഭാഷാസങ്കല്പം എന്നിങ്ങനെ നിരവധി മാർഗ്ഗങ്ങളിലൂടെ തകർക്കപ്പെടുന്ന വാമൊഴി വഴക്കങ്ങളുടെ സാംസ്‌കാരിക പ്രതിസന്ധികൾ ഇവിടെ ഓർമ്മിക്കുക തന്നെവേണം.

          പത്തൊൻപതാം നൂറ്റാണ്ടിലെ ലാറ്റിനമേരിക്കൻ നോവലിൽ ലാറ്റിനമേരിക്കൻ വംശീയസ്വത്വങ്ങളുടെ ചരിത്രാഖ്യാനം നിർവഹിക്കുന്നതിൽ വാമൊഴികൾക്കും പ്രാദേശിക ഭാഷകൾക്കുമുളള  പ്രാധാന്യം ചൂണ്ടിക്കാണിക്കുന്ന ജൂലിയ റാമോസിന്റെ പഠനം (Faceless tongues : Language and Citizenship in Nineteenth century Latin America) ഈ വിഷയം ചർച്ചചെയ്യുന്നുണ്ട്. മാനകഭാഷ എന്ന സങ്കല്പം ലോകത്തെവിടെയും ദേശീയതയുടെ രൂപീകരണവുമായി നേരിട്ടു ബന്ധപ്പെടുന്ന ഒന്നാണ്. സംസ്‌കാരബഹുലതയുടെ നിരാകരണത്തിലേക്കു നയിക്കുന്ന ഒന്നായിരുന്നു യൂറോപ്പിലും ലാറ്റിനമേരിക്കയിലുമൊക്കെ കൊളോണിയൽ കാലത്തു നടന്ന ഭാഷകളുടെ ഈ മാനകീകരണപ്രക്രിയ. ഇതിനെതിരെയുളള രാഷ്ട്രീയമെന്ന മട്ടിലാണ് ക്യൂബൻ അടിമത്തവിരുദ്ധ (Abolitionist) നോവലിനെ റാമോസ് ഈ പഠനത്തിൽ വിശകലനം ചെയ്യുന്നത്. ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രമുഖനായ വൈയാകരണനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന ആന്ദ്രെബെല്ലോ, ‘വ്യാകരണമാണ് ആധുനിക രാഷ്ട്രത്തിന്റെ അടിസ്ഥാന വ്യവഹാരങ്ങളിലൊന്ന്എന്നു പറയുന്നത് റാമോസ് ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രനിർമ്മാണത്തിന്റെ സംസ്‌കാരരൂപീകരണം നടക്കുന്ന പ്രക്രിയ തന്നെയാകുന്നു, വ്യാകരണത്തിന്റെ ചിട്ടപ്പെടലും ഭാഷയുടെ മാനകീകരണവും. വാമൊഴികളുടെ പ്രാകൃതത്വവും നാട്ടുഭാഷകളുടെ വൈവിധ്യവും തകർത്തുകൊണ്ട് ശുദ്ധഭാഷയുടെ ചൈതന്യം വിജയംനേടുന്നതിനെക്കുറിച്ചും ബെല്ലോ പറയുന്നുണ്ട്. ഏഷ്യയുടെയും ആഫ്രിക്കയുടെയും കാടൻ സംസ്‌കാരത്തിൽനിന്ന് യൂറോപ്യൻ സംസ്‌കാരത്തിന്റെ പരിഷ്‌കൃതനാഗരികതയിലേക്ക് ലാറ്റിനമേരിക്കൻ നാടുകൾ മാറുന്നതിന്റെ സൂചനയായും ബെല്ലോ വ്യാകരണത്തിന്റെ ചിട്ടപ്പെടലിനെ കാണുന്നു.

          കോക്കാഞ്ചറയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഭാഷയെക്കുറിച്ച് പുറംലോകത്തിനുളളതും ഇതേ അഭിപ്രായങ്ങളാണല്ലോ. തീർച്ചയായും ആഗോളവൽക്കരണത്തിനു ശേഷമുളള പുതിയ ഒരു മതാത്മക, സാമ്പത്തിക ദേശീയതയുടെ തന്നെ പശ്ചാത്തലത്തിൽ ആലാഹയുടെ പെൺമക്കളിലെ ഭാഷാ, ലിംഗ, മത, സംസ്‌കാരസ്വത്വങ്ങൾ ചരിത്രത്തിന്റെ പ്രശ്‌നവൽക്കരണവുമായി നേരിട്ടു ബന്ധപ്പെടുന്ന നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഭാഷയുടെ രാഷ്ട്രീയം മുൻനിർത്തി ഒരു ജനതയുടെ സാംസ്‌കാരിക സ്വത്വം ആഖ്യാനം ചെയ്യുന്നതിൽ ആധുനികാനന്തര ചരിത്രസമീപനങ്ങൾ ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യനോവലായി ആലാഹമാറുന്ന സാഹചര്യം ഇതാണ്.

          ആശയവിനിമയത്തിന്റെയും ആത്മാവിഷ്‌ക്കാരത്തിന്റെയും മാർഗം എന്നതിലുപരി ഭാഷ അടിച്ചമർത്തലിന്റെയും അന്യവൽക്കരണത്തിന്റെയും സാമൂഹികമാർഗം തന്നെയാണ്എന്ന ബാർത്തിന്റെ നിരീക്ഷണം (Mythologies, 1957). ‘ആലാഹയുടെ പെൺമക്കളുടെ ചരിത്രസ്വഭാവം സാക്ഷാൽക്കരിക്കുന്ന ആശയങ്ങളിലൊന്നാണ്. മുഖ്യധാരാസമൂഹങ്ങളുടെ ഭാഷാധിപത്യത്തെയും അതുവഴി അവരുടെ സംസ്‌കാരത്തെയും വെല്ലുവിളിക്കുകയാണ് കോക്കാഞ്ചറയിലെ സ്ത്രീകൾ. കോക്കാഞ്ചറയും കൊടിച്ചിയങ്ങാടിയും തന്റെ സ്ഥലപ്പേരുകളായതിൽ ആനി ദുഃഖിക്കുന്നുണ്ട്. പെണ്ണുങ്ങൾ കൊടിച്ചിപ്പട്ടികളെപ്പോലെ കടിപിടി കൂടുന്നതുകൊണ്ടാണ് അങ്ങാടികൊടിച്ചിയായത്. കൂനിന്മേൽ കുരുപോലെയാണ് കോക്കാഞ്ചറയിന്മേൽ കെടിച്ചിയങ്ങാടികുട്ടിപ്പാപ്പൻ ആനിക്കു പറഞ്ഞുകൊടുക്കും. കുട്ടിപ്പാപ്പന്റെ കാഴ്ചതന്നെയാണ് തൃശൂരിലെ ടീച്ചർമാർക്കും. കോക്കാഞ്ചറയിലെ കുട്ടികൾ പിശാശ്ക്കളാണ് എന്നവർ ആവർത്തിച്ചു. കോക്കാഞ്ചറയിൽ മനുഷ്യരില്ലെന്നാണവരുടെ അഭിപ്രായം. ആ ടീച്ചർമാർ ഒരു വർഗ്ഗമാണ്. കോക്കാഞ്ചറയിലെ സ്ത്രീകൾ മറ്റൊരു വർഗ്ഗവും. വർഗ്ഗം വർഗ്ഗത്തിനുനേർക്കെടുക്കുന്ന ഇത്തരം നിലപാടുകളാണ് ചരിത്രത്തിന്റെ രേഖപ്പെടുത്താത്ത ഏടുകൾ എന്ന് നോവൽ തെളിയിക്കുന്നു. പ്രാന്തവൽക്കരിക്കപ്പെടുന്ന സ്ത്രീകളുടെ നെടുവീർപ്പുകളിന്മേലാണ് ആലാഹയുടെ പെൺമക്കളുടെ ചരിത്രദർശനം രൂപംകൊളളുന്നത്. ആത്മനിഷ്ഠമായ യാഥാർത്ഥ്യങ്ങളുടെ ചരിത്രവൽക്കരണ പ്രക്രിയയാണിത്. ഒരു സമൂഹത്തിലെ സ്ത്രീകളുടെ ഓർമ്മകളെ ചരിത്രമാക്കി മാറ്റുന്ന ഫെമിനിസ്റ്റ് വാക്ചരിത്രത്തിന്റെ രീതിശാസ്ത്രം വിശകലനം ചെയ്തുകൊണ്ട് സ്ത്രീയുടെ നിശ്ശബ്ദതകളും സഹനങ്ങളും പ്രതിഫലം കിട്ടാത്ത ഗാർഹികാധ്വാനങ്ങളും പോലും സ്ത്രീയുടെ ചരിത്രം പൂരിപ്പിക്കുന്ന സംഗതികളാണെന്ന് ജോവൻ സാംഗ്സ്റ്റർ സൂചിപ്പിക്കുന്നുണ്ട് (Women’s History Review – 1994). കോക്കാഞ്ചറയിലെ സ്ത്രീചരിത്രങ്ങളിലൂടെ ആലാഹയുടെ പെൺമക്കൾനിർവഹിക്കുന്ന ദൗത്യവും മറ്റൊന്നല്ല.

          ആനിയുടെയും അവളുടെ അമ്മയുടെയും അമ്മാമയുടെയും അമ്മായിമാരുടെയും കഥയും ഇട്ടിയെ കല്യാണം കഴിച്ച് ദിവസങ്ങൾക്കകം വിധവയായി തിരിച്ചെത്തിയ കുഞ്ഞിലയുടെ കഥയും ഡേവിസ് ശെമ്മാശ്ശനെ കെട്ടിയ ചെറിച്ചി അമ്മായിയുടെ കഥയും ഭാര്യയെ മറന്ന് കുഞ്ഞിലയെ പ്രേമിച്ച കുഞ്ചൻ കമ്പോണ്ടറുടെ കഥയും ദേശീയപ്രസ്ഥാനത്തെക്കുറിച്ചു സ്വപ്നം കാണുന്ന കുട്ടിപ്പാപ്പന്റെ കഥയും കമ്മുക്കൾക്കെതിരെ വിശ്വാസികളെ സംഘടിപ്പിച്ച പളളിയുടെ കഥയും കോക്കാഞ്ചറയെ വിറപ്പിച്ച പതിനാലു കേഡികളുടെ കഥയും കുറിക്കച്ചവടം നടത്തുന്ന വെളുത്ത കുഞ്ഞാറത്തിന്റെയും കറുത്ത കുഞ്ഞാറത്തിന്റെയും കഥയും കൊല്ലച്ചെക്കന്റെ കൂടെ നാടുവിട്ട നോനു അമ്മായിയുടെ കഥയും മിത്തുകളെക്കാൾ വിസ്മയകരമായ അനുഭവങ്ങൾ സ്വന്തമായുളള പന്ത്രണ്ടു തോട്ടിക്കുടുംബങ്ങളുടെയും കഥയും തോട്ടികളുമായി തീരായുദ്ധത്തിലേർപ്പെട്ട ഇറച്ചിവെട്ടുകാരുടെ കഥയും ആത്മനിഷ്ഠം തന്നെയായ ആഖ്യാനങ്ങളിലൂടെ കോക്കാഞ്ചറയുടെ ചരിത്രവും സംസ്‌കാരവും മുഴുമിപ്പിക്കുന്നു.

          ചരിത്രത്തെ കേന്ദ്രമാക്കിയും കീഴാളവർഗത്തെയും അവരുടെ സാമൂഹികതയെയും സാംസ്‌കാരികതയെയും മുൻനിർത്തിയും മലയാളത്തിലെഴുതപ്പെടുന്ന ആദ്യനോവലായിരിക്കും ആലാഹയെന്ന നിരീക്ഷണം ചരിത്രത്തിന്റെ പുറമ്പോക്കുകളും പുറമ്പോക്കുകളുടെ ചരിത്രവുംഎന്ന പഠനത്തിൽ (മധുസൂദനൻ, ജി., 2002:364) സി.ബി. സുധാകരൻ മുന്നോട്ടുവയ്ക്കുന്ന പശ്ചാത്തലവും മറ്റൊന്നല്ല. കോക്കാഞ്ചറയുടെ ഭൂമിശാസ്ത്രത്തിലും ആലാഹയുടെ നമസ്‌കാരങ്ങളിലും പ്രകൃതിദർശനത്തിന്റെ മൗലികമായൊരു വാതിൽ തുറന്നിടുന്ന ഇ.വി. രാമകൃഷ്ണന്റെ പഠനം വേറിട്ടൊരു കാഴ്ചയിലൂടെ ഈ നോവലിന്റെ ആഖ്യാനകലയെ സ്ഥലരാഷ്ട്രീയത്തോടു ബന്ധപ്പെടുത്തുന്നു (അതിൽതന്നെ, 2002:26). ഇത്തരം നിരീക്ഷണങ്ങൾക്കൊക്കെ ഇടംനൽകുംവിധം ആഖ്യാനത്തിന്റെ തുറസ്സുകളിലേക്ക് എഴുത്തിന്റെയും വായനയുടെയും സാധ്യതകളെ കൈപിടിച്ചു നടത്തുകവഴി ആലാഹയുടെ പെണ്മക്കൾആധുനികാനന്തര മലയാളനോവലിന്റെ ഒരു ഭാവുകത്വമുഖംതന്നെയായി മാറുന്നു എന്നു ചുരുക്കം.

          (ബി) ചരിത്രമെന്ന വ്യവഹാരത്തിന്റെ പ്രത്യക്ഷത്തിൽതന്നെയുളള പ്രശ്‌നവൽക്കരണങ്ങളാണ് മറ്റൊരു തലം. ചരിത്രാത്മകവും ചരിത്രപരവുമായ ഭാവനാരൂപമെന്ന നിലയിൽ നോവലിനു കൈവന്ന സാംസ്‌കാരികപദവികളാണ് ആനന്ദിൽ തുടക്കമിടുന്ന ഈ ഘട്ടത്തിലെ സവിശേഷമായ ഒരു ആവിഷ്‌ക്കാരമേഖലയായി വേറിട്ടുനിൽക്കുന്നത്. അഭയാർഥികൾതൊട്ടുളള ആനന്ദിന്റെ നോവലുകൾക്കൊപ്പം കോവിലൻ, വിജയൻ, മുകുന്ദൻ, വി.കെ.എൻ. എന്നിവരുടെ ചില രചനകളും സജീവമാക്കിയ ഈ ഭാവുകത്വശൈലിയാണ് പിന്നീടുവന്ന മലയാളനോവലിസ്റ്റുകൾ ഏതാണ്ടൊന്നടങ്കം ഏറ്റെടുത്തത്. സാറാജോസഫ് മുതൽ കെ.ആർ. മീര വരെ; എൻ.എസ്. മാധവൻ മുതൽ ടി.ഡി. രാമകൃഷ്ണൻ വരെ. ഈ പഠനത്തിന്റെ മൂന്നാം അധ്യായത്തിൽ ചൂണ്ടിക്കാണിച്ചിട്ടുളളതുപോലെ, ആധുനികതയുടെ ചരിത്രയുക്തികളെയും പാഠങ്ങളെയും വിവിധ നിലകളിൽ അപനിർമ്മിക്കുന്ന നവ – ചരിത്രവാദങ്ങളുടെ സാരസ്വതരൂപങ്ങളായി മാറുന്നു, ഈ ഘട്ടത്തിലെ പല നോവലുകളും. പുതിയ രീതിശാസ്ത്രങ്ങൾ (ഓർമ്മ, വാമൊഴി, കീഴാളത, സ്ത്രീ, ജനപ്രിയത, പ്രാദേശികത, മിത്ത്….) കൊണ്ടു പുതുക്കിപ്പണിയുന്ന ചരിത്രത്തിന്റെ അസ്തിവാരങ്ങളിന്മേലാണ് ആധുനികാനന്തര നോവലിന്റെ ആഖ്യാനഘടന നിർമ്മിക്കപ്പെടുന്നതെന്ന് മലയാളവും തെളിയിക്കുന്നു.

          ആധുനികചരിത്രവിജ്ഞാനീയങ്ങളുടെ വിമർശനപദ്ധതിയെന്ന നിലയിൽ ഉയർന്നുവന്ന ചരിത്രവിചാരങ്ങൾക്ക് മുക്കാൽ നൂറ്റാണ്ടെങ്കിലും പഴക്കമുണ്ട്. വാൾട്ടർ ബൻയമിനുംവാൾട്ടർ ബെൻയമിൻ ഴാക് റാൻസിയറും മുതൽ റെയ്മണ്ട് വില്യംസും ഫ്രെഡറിക് ജയിംസണും ഹെയ്ഡൻ വൈറ്റും റോബർട്ട് ഹോൾട്ടണും പിയറി വെയ്‌നും ലിൻഡാഹച്ചിയനും വരെയുള്ള നിരൂപകരും ആൽബർകാമുവും നോർമൻ മെയ്‌ലറും മിലൻകുന്ദേരും സൽമാൻ റുഷ്ദിയുമുൾപ്പെടെയുള്ള നോവലിസ്റ്റുകളും ചരിത്രവും നോവലുൾപ്പെടെയുള്ള സാഹിത്യവും തമ്മിലുള്ള  ബന്ധം നിരവധി തലങ്ങളിൽ  പ്രശ്‌നവൽക്കരിച്ചവരാണ്. ചരിത്രം, കഥ എന്നീ പാഠരൂപങ്ങൾ നിർമ്മിക്കുന്ന പ്രതിനിധാനങ്ങൾ ആധുനികാനന്തരതയുടെ ആഖ്യാന രാഷ്ട്രീയമായി മാറുന്നതിനെക്കുറിച്ചാണ് ഇവരുടെ നോവൽ വിചാരങ്ങൾ അന്വേഷിച്ചത്. ഇ.പി. തോംസൺന്റെയും ല്യോത്താറിന്റെയും ചരിത്രവിമർശനം 1970 കൾക്കു ശേഷം ഇവരിൽ ചിലർക്കു പിന്തുണനൽകി. ഭൂതകാലത്തിന്റെ ഓരോ പ്രതിനിധാനത്തിനും സവിശേഷമായ പ്രത്യയശാസ്ത്രഫലങ്ങളുണ്ട് എന്ന് ഹെയ്ഡൻ വൈറ്റ് പറയുന്നു. ചരിത്രത്തെ യഥാർഥനോവൽ (a true novel) എന്നാണ് വൈറ്റ് വിളിക്കുന്നത്.ഹെയ്ഡൻ വൈറ്റ് കഥയും കവിതയും ആത്മകഥയും ജീവചരിത്രവുംപോലുള്ള ആഖ്യാനരൂപങ്ങളുമായി നോവലിനുകല്പിച്ചിരുന്ന അതിർവരമ്പുകൾ ഇടിഞ്ഞു തുടങ്ങിയതാണ്  ആധുനികാനന്തരതയുടെ കാവ്യശാസ്ത്രത്തെ നിർണയിക്കുന്ന ഘടകങ്ങളിൽ പ്രമുഖമെന്ന് ലിൻഡാഹച്ചിയൺ ചൂണ്ടിക്കാണിക്കുന്നത് ചരിത്രവിജ്ഞാനീയത്തിലും നോവൽ വിചാരത്തിലും രൂപം കൊണ്ട ആധുനികതാവിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ്. ചരിത്രം നാം ജീവിക്കുകയും അതിജീവിക്കാനാഗ്രഹിക്കുകയും ചെയ്യുന്ന കഥയാണ്; കഥയാകട്ടെ ഊഹിച്ചെടുക്കാവുന്ന ചരിത്രവുമാണ്, എന്ന് ഇ. എൽ. ഡോക്ടറോവ്.

          ഗോവർധന്റെ യാത്രകൾ, തട്ടകം, ആലാഹയുടെ പെണ്മക്കൾ, ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, പാലേരിമാണിക്യം, ഫ്രാൻസിസ് ഇട്ടിക്കോര, മനുഷ്യന് ഒരു ആമുഖം, ആരാച്ചാർ, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്നിങ്ങനെ ഏറെ ചർച്ചചെയ്യപ്പെട്ട രചനകൾ പോലെതന്നെ ശ്രദ്ധേയമാണ് ഈ ഘട്ടത്തിലുണ്ടായ മറ്റുചില വിഭാഗം കൃതികളും. ഉദാഹരണത്തിന്, പോഞ്ഞിക്കര റാഫി സ്വർഗദൂതനിൽ (1948/1958) അവതരിപ്പിച്ച തീരദേശ കത്തോലിക്കാ സമൂഹത്തിന്റെ മിത്തിക്കൽ ഭ്രമഭാവനകളുടെ ചരിത്രവൽക്കരണവും സവിശേഷമായ ഒരു സാംസ്‌കാരിക ദേശീയതയുടെ സ്വത്വാനുഭൂതികളും തുടർക്കണ്ണികൾ പോലെ കോർക്കപ്പെടുന്ന പി.എഫ്. മാത്യൂസിന്റെയും (ചാവുകടൽ) വി.ജെ. ജയിംസിന്റെയും (പുറപ്പാടിന്റെ പുസ്തകം) കെ.എ. സെബാസ്റ്റ്യന്റെയും (രാജാക്കന്മാരുടെ പുസ്തകം) സെബാസ്റ്റ്യൻ പളളിത്തോടിന്റെയും (ആഞ്ഞൂസ് ദേയി, ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ) ജോണി മിറാൻഡയുടെയും (ജീവിച്ചിരിക്കുന്നവർക്കുളള ഒപ്പീസ്) മറ്റും നോവലുകൾ സൃഷ്ടിക്കുന്ന ആഖ്യാനകലയുടെ ഭാഷാപരവും മതാത്മകവുമായ സ്വഭാവങ്ങൾ. എല്ലാവിധ അധികാരവ്യവസ്ഥകളോടും വരേണ്യതകളോടും പ്രത്യയശാസ്ത്ര വരട്ടുവാദങ്ങളോടും കലഹിക്കുകയും യഥാതഥമെന്നതുപോലെതന്നെ മിത്തിക്കലുമായ സ്ഥല-കാല ഭൂമികകളിൽ രൂപപ്പെടുന്ന മനുഷ്യാവസ്ഥകളെ ചരിത്രവൽക്കരിക്കുകയും ചെയ്യുന്ന രചനകളിലൂടെ എൻ. പ്രഭാകരൻ (ബഹുവചനം, തീയൂർരേഖകൾ, ജനകഥ), കെ.പി. ഉണ്ണി (ചരിത്രത്തിൽ ഇടപെടുമ്പോൾ, ഫോസിലുകളിൽ ഉണ്ടായിരുന്നത്, മാതംഗിഫാം, കല്പിതകഥയിലേതുമാതിരി), സി. അഷ്‌റഫ് (ചില വിശുദ്ധജന്മങ്ങൾ, ഭാരതപ്രദർശനശാല) തുടങ്ങിയവർ സ്വീകരിക്കുന്ന സമീപനമാണ് ശ്രദ്ധേയമായ മറ്റൊരു ആഖ്യാനവഴി.

          ആധികാരിക ചരിത്രങ്ങളെ ഉടച്ചുവാർത്തും അഴിച്ചുപണിതും നിർമ്മിച്ചെടുക്കുന്ന സമാന്തര ജനകീയ ചരിത്രങ്ങളായി മാറുന്നവയാണ് ഈ രചനകളോരോന്നും. പരാജിതരുടെയും പുറമ്പോക്കുകളുടെയും ചരിത്രം താഴെ നിന്നെഴുതുന്നതിന്റെ രാഷ്ട്രീയമാണ് ഇവയിൽ ചില കൃതികൾക്കുള്ളതെങ്കിൽ മുഖ്യധാരാ ചരിത്രങ്ങൾ തമസ്‌കരിച്ച പാർശ്വധാരകളുടെയും കീഴാളരുടെയും ചരിത്രമാണ് മറ്റു ചിലതിലുള്ളത്. ആധുനികത ചരിത്രരചനയ്ക്കു സ്വീകരിച്ച രീതിശാസ്ത്രങ്ങളുടെ വിമർശനമാണ് ചിലകൃതികളുടെ വിഷയമെങ്കിൽ ദേശീയതയുടെയും സവർണ്ണതയുടെയും നിരാകരണമാണ് ഇനിയും ചിലകൃതികളുടെ സ്വഭാവം. ചരിത്രത്തിൽ  നിശ്ശബ്ദരാക്കപ്പെട്ടവരും നിർവീര്യരാക്കപ്പെട്ടവരും  ചില കൃതികളിൽ ഉയർന്നുവരുമ്പോൾ ഇത്തരം ചരിത്രരചനാപദ്ധതികൾ കാണാതെപോകുന്ന ഭാവനയുടെ താമോഗർത്തങ്ങൾ മറ്റു ചില കൃതികൾ മറനീക്കിക്കാണിക്കുന്നു. ഏതർഥത്തിലും ചരിത്രവിജ്ഞാനീയത്തിന്റെ ആധുനികതാപദ്ധതികളെയും അധീശപ്രത്യയശാസ്ത്രങ്ങളെയും വെല്ലുവിളിക്കുന്ന ആധുനികാനന്തരപാഠങ്ങളായി അവ മാറുന്നു.

          എൻ.എസ്. മാധവന്റെ ലന്തൻബത്തേരിയിലെ ലുത്തിനിയകൾഎന്ന കൃതി നോക്കുക.

യാഥാർത്ഥ്യങ്ങളെ ഭാവനയിൽനിന്നു വേർപെടുത്താത്ത ചരിത്രത്തിന്റെ ജനകീയതകളിലൂടെയാണ് ലന്തൻബത്തേരി അതിന്റെ ലുത്തിനിയകൾ ചൊല്ലുന്നത്. രാഷ്ട്രീയം, മതം, നാടകം, സിനിമ, സംഗീതം, പാചകം, വളളംപണി, മദ്യപാനം, സമുദ്രയാത്ര എന്നിങ്ങനെ ഒരു ജനത ചവിട്ടിയാടുന്ന അനുഭവങ്ങളുടെ ആഘോഷമാണ് ലന്തൻബത്തേരിയിലെ ജീവിതം. ആഖ്യാതാവായ ജസീക്ക, നോവലിൽ ഒരു നിമിത്തമോ ആഖ്യാന കർതൃത്വമോ മാത്രമല്ല, ചരിത്രത്തിലെയും ഭാവനയിലെയും യുക്തിക്കു പിടിതരാത്ത ഒരാവർത്തനം കൂടിയാണ്. നിരവധി സമാനതകളിലൂടെ യേശുവിന്റെ സ്ത്രീഭാവമാരോപിക്കുന്നുണ്ട് മാധവൻ ജസീക്കയിൽ.

          യഥാർത്ഥത്തിൽ കഥയെന്ന മട്ടിൽ പറയാൻ ലന്തൻബത്തേരിയിൽ കുറച്ചു കാര്യങ്ങളേയുളളു. ജസീക്കയുടെ ആത്മകഥാപരമായ കഥനമായാണ് നോവലിന്റെ ആഖ്യാനം മുന്നേറുന്നത്. ആശാരി മത്തേവൂസിന്റെയും മറ്റിൽഡയുടെയും ഈ ഏക മകളുടെ ഓർമ്മകളും സ്വപ്നങ്ങളും ഭീതികളും പ്രാർത്ഥനകളും വിഭ്രമങ്ങളുമാണ് ആ അർത്ഥത്തിൽ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ. യേശുവിന്റെ പാതിവയസ്സുവരെ ജീവിച്ച ജസീക്ക. അപ്പനമ്മമാർ, ബന്ധുക്കൾ, പളളി, പളളിക്കൂടം, കൂട്ടുകാർ, പ്രാർത്ഥനകൾ, നിശിതമായ കുസൃതികൾ എന്നിങ്ങനെ ജസീക്കയുടെ ബാല്യം. ആദിപ്രലോഭനങ്ങളുടെ കൗമാരം, സ്വപ്നലോകത്തിലെ യാത്രകൾ, ഒരധ്യാപകനിൽനിന്നു നേരിടുന്ന ആഘാതം, അതിന്റെ തുടർച്ചയായുണ്ടാകുന്ന വിഭ്രമിപ്പിക്കുന്ന ഭാവനകൾ, അവിശ്വാസങ്ങൾ. സമാന്തരമായി മത്തേവൂസിന്റെ കുടുംബം, കടലിൽ പോയി മരിച്ചുവെന്നു കരുതിയ അപ്പന്റെ നാൽപതാണ്ടിനു ശേഷമുളള തിരിച്ചപവരവ്, സന്ത്യാഗുവിന്റെയും കൂട്ടരുടെയും നാടകലഹരി, എഡ്വിന്റെ പാചകജ്ഞാനം, രാഘവന്റെയും ഷേണായിയുടെയും ജോസഫിന്റെയും രാഷ്ട്രീയം, വിമോചനസമരത്തിനു നേതൃത്വം നൽകിയ പീലാത്തോസച്ചന്റെ പളളി, ഗിൽബർട്ടിന്റെയും കൂട്ടരുടെയും സംഗീതം, പുഷ്പാംഗദന്റെ കണക്ക് എന്നിങ്ങനെ ലന്തൻബത്തേരിയുടെ നാനാമണ്ഡലങ്ങളിലേക്കു പടരുന്ന ജനജീവിതത്തിന്റെ കഥവഴികൾ.

          ജസീക്കയുടെ സ്വത്വത്തിൽ നോവലിസ്റ്റ് കൊണ്ടുവരുന്ന അതീതഘടകങ്ങളും ലന്തൻബത്തേരിയുടെ സാമൂഹിക സ്വത്വത്തിലെ മായികഘടകങ്ങളും ഭാഷയും ആഖ്യാനതന്ത്രങ്ങളും ചേർന്ന് മലയാളത്തിൽ എഴുതപ്പെട്ട ആദ്യ ലാറ്റിനമേരിക്കൻ നോവൽ എന്ന വിശേഷണം ലന്തൻബത്തേരിയിലെ ലുത്തിനിയകൾക്ക് സമ്മാനിച്ചേക്കാമെങ്കിലും മലയാളനോവലിലെതന്നെ ഗുണപരമായ ഒരു തുടർച്ചയുടെ സ്വഭാവവും ഈ കൃതിക്കുണ്ട്. നോവലിനെ ചരിത്രാഖ്യാനത്തിന്റെ ഒരു സാധ്യതയായി കാണുന്നതിന്റെ ഈ തുടർച്ചയിൽ ലന്തൻബത്തേരി സ്വർഗദൂതന്റെയും എണ്ണപ്പാടത്തിന്റെയും തട്ടകത്തിന്റെയും ആലാഹയുടെ പെൺമക്കളുടെയും പിൻഗാമിയാണ്.

          ഭൂമിശാസ്ത്രം, സമൂഹം, സംസ്‌കാരം എന്നിവയെ കൂട്ടിയിണക്കി സ്ഥലത്തിലും കാലത്തിലും ഒരേപോലെ പടർന്നുനിൽക്കുന്ന ഒരു നാടിന്റെ ജനകീയ ചരിത്രമാവിഷ്‌കരിക്കുന്ന രചനയെന്ന നിലയിൽ റാഫി സ്വർഗദൂതനിൽ തുടങ്ങിവച്ച, മുൻപു സൂചിപ്പിച്ച നോവൽഭാവനയുടെ താവഴിയിൽ ഇടംപിടിച്ചുകൊണ്ട് ലന്തൻബത്തേരി മലയാളനോവലിൽ വേറിട്ടുനിൽക്കുന്നു. വൻകര-പുഴ-ദ്വീപ് എന്ന മൂന്നു കേന്ദ്രസ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലം, ബോട്ട് എന്നീ മാധ്യമങ്ങളും ദ്വീപിലെയും വൻകരയിലെയും എടുപ്പുകളും ഇടങ്ങളുംകൊണ്ടു സമൃദ്ധമായ ഒരു സ്ഥലപടം സ്വർഗദൂതനെന്നപോലെ ലന്തൻബത്തേരിക്കുമുണ്ട്. നാലുവെളളങ്ങളാൽ ചുറ്റപ്പെട്ടഈ ഭാവനാഭൂപടത്തിന്റെ സാമൂഹിക സ്വത്വം വൻകരയിൽ രൂപംകൊണ്ടു തുടങ്ങിയ നഗരത്തിന്റെ തണലിലേക്ക് നീളുന്ന തലമുറകളുടെ വേരുകളാണ്. മതം, രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴിൽ, ഗതാഗതം, വിനോദം എന്നിങ്ങനെ എല്ലാ രംഗങ്ങളിലും. 17-ാം നൂറ്റാണ്ടിൽ കൊച്ചി കീഴടക്കിയ ഡച്ചുകാർ വൻകരയിൽനിന്നു തുരത്തിയ മുക്കുവരുടെയും സങ്കരജാതിക്കാരുടെയും പിൻഗാമികളാണ് ലന്തൻബത്തേരിക്കാർ. വർഷങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ, സ്ഥലങ്ങൾ എന്നിവയിലെല്ലാം ചരിത്രത്തിന്റെ വസ്തുനിഷ്ഠതയെ വൻതോതിൽ ആശ്രയിച്ചുകൊണ്ടുതന്നെ അതിൽ ഭാവനയുടെ സ്ഥല, കാലപടങ്ങൾ സൃഷ്ടിക്കാൻ മാധവനു കഴിയുന്നു.

          സന്ത്യാഗു എന്ന കഥാപാത്രം പറയുന്നതുപോലെ കമ്യൂണിസം വന്ന് ദൈവവിശ്വാസം നശിക്കണകാലത്തിന്റെ കഥയാണ് നോവലിൽ കടന്നുവരുന്ന ലന്തൻബത്തേരിയുടെ സാമൂഹിക ചരിത്രത്തിന്റെ ആദ്യഘട്ടം. 1950-കളുടെ തുടക്കം. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ ദ്വീപിൽ ഒരാളേ തയാറുളളു, ഗോമസ്. ദ്വീപിലെ ബാക്കി കമ്യൂണിസ്റ്റുകൾ വരത്തന്മാരാണ്. ദ്വീപുവാസികൾ ഏതാണ്ട് പൂർണമായിത്തന്നെ പളളിയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് വിരുദ്ധത വളർത്തിയെടുത്ത ക്രൈസ്തവരാണ്. ’50-കളിലും ’60-കളിലും കൊച്ചിയിൽ പാർട്ടിക്കുണ്ടാകുന്ന വേരോട്ടവും വേരിളക്കവും നോവലിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രധാരയാണ്. ഒളിവിലും തെളിവിലും പ്രവർത്തിക്കുന്ന സഖാക്കൾ, ’57-ലെ മന്ത്രിസഭ, ’59-ലെ വിമോചനസമരം, ’64-ലെ പിളർപ്പ് എന്നിങ്ങനെ നിരവധി ഘട്ടങ്ങളിലൂടെ ലന്തൻബത്തേരിക്കാരുടെ ഏറ്റവും വലിയ വിശ്വാസഭീതിയായി വളരുന്ന കമ്യൂണിസ്റ്റ് പാർട്ടിയും അതിന്റെ നേതാക്കളും പ്രവർത്തകരും നോവലിലുണ്ട്.

          ചവിട്ടുനാടകമാണ് ഈ നോവലിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക ചരിത്രമണ്ഡലം. കാറൽമാൻ ചരിതത്തിന്റെ ഐതിഹാസികമായ രൂപപ്പെടലിന്റെ കഥ തൊട്ട് ക്രിസ്ത്യാനികളുടെ കഥകളിയല്ല ചവിട്ടുനാടകംഎന്ന തിരിച്ചറിവിലൂടെ വളരുന്ന സന്ത്യാഗുവിന്റെയും സുഹൃത്തുക്കളുടെയും ചവിട്ടുനാടക ഭ്രമങ്ങളിലൂടെയാണ് ദ്വീപുവാസികളുടെ ജീവിതത്തിന്റെ ഭാവനാസ്ഥലങ്ങൾ മിക്കതും ഉരുവംകൊളളുന്നത്. സിനിമ, പിന്നീട് അതിന്റെ മായികമായ ദൃശ്യ, സംഗീതവിലാസങ്ങളിലും വൈകാരികതയിലും കൂടി കവർന്നെടുക്കുന്ന ഈ ഭാവനാസ്ഥലത്തിന്റെ പരിണതികൾ നോവലിലെ വംശീയചരിത്രത്തിന്റെ രേഖകളാണ്. ഹിന്ദി, മലയാളം സിനിമാപ്പാട്ടുകളും ഗിൽബർട്ടും കുന്തൻ മ്യൂസിക് ക്ലബ്ബും ചേർന്ന് ലന്തൻബത്തേരിയുടെ പ്രാചീനങ്ങളായ പ്രാർത്ഥനാഗീതങ്ങൾക്കു ബദലുകൾ സൃഷ്ടിക്കുന്നു.

          ഇത്തരം സാംസ്‌കാരികാനുഭവങ്ങളിലൂടെ ഒരു ജനതയുടെ ചരിത്രം നോവൽവൽക്കരിക്കുന്നതിൽ ലന്തൻബത്തേരിമറ്റൊരു മലയാളനോവലും കൈവരിക്കാത്ത മാനങ്ങൾ സ്വന്തമാക്കുന്നുണ്ട്. നിരവധി തന്ത്രങ്ങളിലൂടെ ഭിന്നതലങ്ങളിലേക്കു വ്യാപിച്ചുപോകുന്ന ചരിത്രത്തിന്റെ ഒഴുക്കുകളും അടരുകളും ആഖ്യാനത്തിന്റെ ഭാഗമാക്കാൻ മാധവനു കഴിയുന്നതുകൊണ്ടാണിത്. ഒരുദാഹരണം എഴുത്ത്തന്നെയാണ്. നോവലിന്റെ തുടക്കംതന്നെ സിനിമാ നോട്ടീസ് എഴുത്തിലുളള ആഖ്യാനകൗശലങ്ങളുടെ ചർച്ചയിൽ നിന്നാണ്. കാറൽമാൻ ചരിതരചനയുടെ ഐതിഹ്യങ്ങൾ ലന്തൻബത്തേരിയുടെ ഏറ്റവും മൗലികമായ ഒരു ചരിത്രാന്വേഷണമാണ്. സ്വന്തം പിതാവിനെപ്പോലെ സന്ത്യാഗുവിനും ചവിട്ടുനാടകത്തിന്റെ രചന വലിയൊരു സ്വത്വപ്രശ്‌നം തന്നെയായി മാറുന്നു. കാനം ഇ ജെയിലും എം.ടി. വാസുദേവൻ നായരിലും മറ്റും പുതിയ രീതിയിൽ എഴുതപ്പെടുന്ന സാഹിത്യത്തിന്റെ വായന ലന്തൻബത്തേരിയുടെ ഭാവുകത്വത്തെ മാറ്റിയെടുക്കുന്നത് മറ്റൊരു വിഷയമാണ്. വിമോചനസമരത്തിനു മുദ്രാവാക്യമെഴുതാൻ കെ. ബാലകൃഷ്ണനും സി.ജെ. തോമസും എറണാകുളത്തെത്തുന്നതാണ് മറ്റൊരു സംഭവം. എഴുത്തുപോലെതന്നെ പ്രസംഗവും (പീലാത്തോസച്ചൻ, ബ്രദർ വടക്കൻ എന്നിവർ തൊട്ട് പാർട്ടിയാഫീസിലെ ജോസഫ് വരെ) മാധ്യമങ്ങളും (പത്രം, റേഡിയോ, സിനിമ, നാടകം, സംഗീതം എന്നിങ്ങനെ) മറ്റു നിരവധി സാംസ്‌കാരിക സൂചകങ്ങളും ചേർന്നു പൂർത്തീകരിക്കുന്നതാണ് ലന്തൻബത്തേരിയുടെ ചരിത്രം.

          ജീവിതത്തിന്റെയും ചരിത്രത്തിന്റെയും സൂക്ഷ്മയാഥാർഥ്യം കൂടുതൽ തെളിയുന്നത് സാഹിത്യത്തിലാണ് എന്നു സൂചിപ്പിച്ചുകൊണ്ട് സുനിൽ പി.ഇളയിടം ലന്തൻബത്തേരിയുടെ ചരിത്രാനുഭൂതികൾ വിശദീകരിക്കുന്ന സന്ദർഭം ഓർമ്മിക്കാവുന്നതാണ് (2013).  സുനിൽ എഴുതുന്നു: ലന്തൻബത്തേരിയിൽ ചരിത്രം അനുഭൂതികൾ നിറഞ്ഞതാണ്. ആധുനിക ചരിത്രവിജ്ഞാനീയത്തിന്റെ സത്ത ദൈവരഹിതവും ശൂന്യവും ഏകാത്മകവുമായ കാലമാണെന്ന വാൾട്ടർ ബെഞ്ചമിന്റെ നിരീക്ഷണം ലന്തൻബത്തേരിയിൽ സാധുവായി തുടരുന്നില്ല. വർത്തമാനജീവിതത്തിലും ചരാചരങ്ങളിലും ആഴത്തിൽ വേരോടിപ്പടർന്ന നിലയിലാണ് ലന്തൻബത്തേരിക്കാർ ചരിത്രത്തെ അറിയുന്നത്. ചരിത്രമവിടെ  വികാരനിർഭരവും അനുഭവനിഷ്ഠവുമാണ്. ജൈവപ്രകൃതിയിൽനിന്നും നിത്യജീവിതത്തിന്റെ ദൈനംദിനത്വത്തിൽനിന്നും ലന്തൻബത്തേരിക്കാർ ചരിത്രം കണ്ടെടുക്കുന്നു. വർത്തമാനജീവിതത്തിന് പുറത്ത് നിത്യജീവിതത്തിന്റെ താൽപ്പര്യങ്ങളാലും വികാരങ്ങളാലും കളങ്കപ്പെടാത്ത ഭൂതകാലസംഭവങ്ങളും അവയെക്കുറിച്ചുളള ആഖ്യാനങ്ങളുമല്ല ലന്തൻബത്തേരിയിലെ ചരിത്രം. ദൈവങ്ങളും മനുഷ്യരും ചരാചരങ്ങളും പങ്കുചേരുന്ന പുതിയൊരു അനുഭവലോകമാണത്. ഈ നോവലിന്റെ ഭാവനാത്മകതയുടെ കേന്ദ്രവും ഇത്തരമൊരു ചരിത്രബോധമാണ്‘ (2013:1959). നിശ്ചയമായും മൗലികമായ ചരിത്രബോധങ്ങളുടെയും അവ നിർമ്മിച്ചുനൽകുന്ന ആഖ്യാനകലയുടെയും വൈവിധ്യത്തിലൂടെ അടയാളപ്പെടുന്ന ഒരു കലാജീവിതം ലന്തൻബത്തേരിക്കു മാത്രമല്ല, ഈ ഘട്ടത്തിലെ ശ്രദ്ധേയമായ മിക്ക മലയാളനോവലുകൾക്കുമുണ്ട്.
(അടുത്ത ലക്കത്തിൽ തുടരും)

Comments

comments