സാമ്പത്തികമേഖലയില്‍ കോര്‍പ്പറേറ്റ് മേധാവിത്വവും, ആശയരംഗത്ത് വര്‍ഗ്ഗീയവാദമടക്കമുള്ള പിന്‍തിരിപ്പന്‍ചിന്താഗതികളുടെ പ്രതിലോമതരംഗങ്ങളും  ശക്തിപ്പെടുന്നതിലൂടെ അതിദ്രുതം തീവ്രവലതുപക്ഷവല്ക്കരണത്തിലേക്ക് തെന്നി നീങ്ങുന്ന ഇന്ത്യന്‍സമൂഹത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഇടതു ഇടം‘ (ലെഫ്റ്റ് സ്‌പേയ്‌സ്) വീണ്ടെടുക്കുന്നതിനും വിപുലീകരിക്കുന്നതിനും വേണ്ടിയുള്ള മൂര്‍ത്തമായ അന്വേഷണങ്ങളും തീരുമാനങ്ങളും സാദ്ധ്യമാക്കി എന്നതാണ് സി. പി. ഐ. (എം) ന്റെ 21ആം പാര്‍ട്ടി കോഗ്രസ്സിന്റെ സവിശേഷത. (ഇടത് ഇടം എന്ന ഏകവചനത്തേക്കാൾ ഇടത് ഇടങ്ങൾ എന്ന ബഹുവചന പ്രയോഗമാണ് കൂടുതൽ നല്ലതെന്ന്  തോന്നുന്നു)  വിച്ഛിന്നമായി കിടക്കുന്ന ഇടതുപക്ഷധാരകളെയും പുരോഗമനാത്മകമനസ്സുകളേയും ഏകോപിപ്പിച്ചുകൊണ്ട്, വലതുപക്ഷവത്ക്കരണത്തിനെതിരായി പ്രതിരോധത്തിന്റെ മഹാപരിച ഉയര്‍ത്തിപ്പിടിക്കുക എന്ന കാലികദൗത്യത്തിന്റെ മുണിപോരാളിയായി നില്ക്കാന്‍ സി. പി. ഐ. (എം) തയ്യാറെടുക്കുകയാണ് എന്ന പ്രഖ്യാപനമാണ് പാര്‍ട്ടി കോഗ്രസ്സ് ഉയര്‍ത്തിയത്. വികസിത മുതലാളിത്തത്തിന്റെ രാക്ഷസീയമായ അത്യാര്‍ത്തിയുടെ ദയനീയമായ ഇരകളായി മാറുന്ന പണിയെടുക്കുന്നവരും പാവപ്പെട്ടവരുമായ എല്ലാ വിഭാഗങ്ങളേയും കൂട്ടി യോജിപ്പിക്കുവാനും തങ്ങളുടെ പരമിതമായ ഇടങ്ങളിൽ നിന്ന് പോലും നിര്‍ദ്ദയം പറിച്ചെറിയപ്പെടുന്ന ദരിദ്ര കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളുമടങ്ങുന്ന ഗ്രാമീണദരിദ്രജനതയും നഗരചേരികളില്‍ വന്നടിയുന്ന പാവപ്പെട്ടവരുമെല്ലാം ചേരുന്ന നിസ്വഭാരതത്തിലെ പ്രാന്തവല്ക്കരിക്കപ്പെട്ടവരുടെ പ്രക്ഷോഭങ്ങള്‍ക്കായി പൊതുവേദികൾ സൃഷ്ടിക്കുവാനും, ആഗോളവത്ക്കരണനയങ്ങളുടെ ആഘാതങ്ങളേറ്റു വാങ്ങുന്ന തൊഴിലാളികൾ, യുവാക്കള്‍, സ്ത്രീകൾ, ഇടത്തരക്കാർ, ദളിതർ, ആദിവാസികൾ എന്നിവരുടെ പ്രശ്‌നങ്ങൾ പ്രത്യേകം അഭിസംബോധന ചെയ്യുവാനും സാധ്യമാകുന്ന വിധത്തിലുള്ള രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങള്‍ ഉറപ്പോടെ ഉച്ചരിക്കാൻ കഴിഞ്ഞു എന്നതാണ് ഈ പാർട്ടി സമ്മേളനത്തിന്റെ വ്യതിരിക്തത.

കാല്‍നൂറ്റാണ്ടുകാലത്തിനിടയിൽ, സോവിയറ്റ്‌യൂണിയന്റെ അപചയത്തെ തുടർന്ന് സാര്‍വ്വദേശീയ തലത്തില്‍ വര്‍ഗ്ഗശക്തികളുടെ ബലാബലത്തിന്‍ മാറ്റമുണ്ടാവുകയും നവലിബറല്‍സാമ്പത്തികനയങ്ങളുടെ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ സര്‍വ്വതലസ്പര്‍ശിയായി അനുഭവപ്പെടുകയും ഈ അവസ്ഥ മുതലെടുത്തുകൊണ്ട് തീവ്രവലതുപക്ഷനിലപാടുള്ള ഒരു മതാധിഷ്ഠിത രാഷ്ട്രീയപ്രസ്ഥാനം ഇന്ത്യയില്‍ അധികാരത്തിൽ വരികയും ചെയ്ത പശ്ചാത്തലത്തിൽ, ഈ കാലയളവിലെ രാഷ്ട്രീയനിലപാടുകളുടെ വിമര്‍ശനാത്മകപരിശോധന തൊഴിലാളി വര്‍ഗ്ഗപ്പാർട്ടിയെ സംബന്ധിച്ചിടത്തോളം അനുപേക്ഷണീയമായ ഒന്നാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്, 21 ആം പാർട്ടി കോഗ്രസ്സ് അത്തരമൊരു പരിശോധനയ്ക്ക് തയ്യാറായത്. ഈ കാലയളവില്‍, നിയോലിബറൽ സാമ്പത്തികനയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ഇന്ത്യന്‍മണ്ണിൽ ആവിഷ്‌ക്കാരം നല്‍കാൻ സി. പി. ഐ. (എം) ഉം അതിന്റെ വര്‍ഗ്ഗബഹുജനപ്രസ്ഥാനങ്ങളും നടത്തിയ പരിശ്രമങ്ങൾ  ഒട്ടും ചെറുതല്ല. ഈ പരിശ്രമങ്ങള്‍ ഈ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്പ് സമൂഹത്തിൽ ശക്തിപ്പെടുന്നതിന് നല്ലതുപോലെ  സംഭാവന ചെയ്തിട്ടുണ്ട്.  എന്നാല്‍,  വികസിതമുതലാളിത്തത്തിന്റെ സാമ്പത്തികനയങ്ങൾ നിര്‍ബാധം നടപ്പാക്കുന്ന ഒരു രാജ്യത്തിന്റെ നവലിബറല്‍ച്ചട്ടക്കൂടിനകത്തു നിന്നുകൊണ്ട് സംസ്ഥാനഭരണം കയ്യാളുന്ന സന്ദര്‍ഭങ്ങളിൽ  ഉണ്ടായ ചില പരിമിതികൾ ഉപയോഗിച്ചുകൊണ്ട്, സി. പി. ഐ. (എം) നെ ഈ വരേണ്യസാമ്പത്തികനയങ്ങളുടെ നടത്തിപ്പുകാരായി പോലും ചിത്രീകരിക്കാന്‍ രാഷ്ട്രീയപ്രതിയോഗികളും വലതുപക്ഷ മാധ്യമങ്ങളും കൈകോര്‍ക്കുകയുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് നന്ദീഗ്രാമിലും, സിംഗൂരിലും ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങള്‍ സി. പി. ഐ. (എം) ന് എതിരായി വന്‍തോതിൽ പ്രചരിപ്പിയ്ക്കപ്പെട്ടു.  ഇത്തരം വിഷയങ്ങളുള്‍പ്പടെ വിവിധ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടികൾ നേരിടാനിടയാക്കിയ സാഹചര്യങ്ങള്‍ വിലയിരുത്തികൊണ്ട് ആ പരമിതികൾ മുറിച്ചുകടക്കാൻ അനിവാര്യമായ രാഷ്ട്രീയതീരുമാനങ്ങള്‍ എടുക്കാൻ പര്യാപ്തമായ വിധത്തിൽ, രണ്ടരപതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ഇടപെടലുകളുടെ സൂക്ഷ്മാംശങ്ങളിലേക്കിറങ്ങിച്ചെന്നുകൊണ്ടുള്ള സമഗ്രപരിശോധന നടത്താനാണ് മാര്‍ക്‌സിസ്റ്റ് പാർട്ടി തയ്യാറായത്. താല്ക്കാലികമായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് വേണ്ടി ബൂര്‍ഷ്വാ നിലപാടുകളുള്ള പ്രാദേശികപാർട്ടികളുമായി കൂട്ടുകൂടുന്ന രാഷ്ട്രീയ അടവുനയം  പാര്‍ട്ടിയുടെ സ്വതന്ത്രശക്തിയുടെ വളര്‍ച്ചയ്ക്ക് വിഘാതമായി എന്ന തിരിച്ചറിവ്, ഈ നയത്തിന്റെ പുനരവേലോകനം അനിവാര്യമാണെന്നു സാക്ഷ്യപ്പെടുത്തിയതും ഇത്തരമൊരു പരിശോധനയ്ക്ക് കളമൊരുക്കി. വര്‍ഗ്ഗപരമായ ഐക്യത്തിനെ തുരങ്കം വയ്ക്കുന്ന വിധത്തില്‍ വര്‍ഗ്ഗീയവാദത്തിന്റെ, വിശേഷിച്ച് ബി. ജെ. പി എന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ഈ കാലയളവിൽ ഉണ്ടായി എന്നതും പ്രസ്തുത പുനരേലോകനത്തിന് പ്രേരണയായി.

ഇന്ത്യാരാജ്യത്ത് കോഗ്രസ്സിന്റെ അധികാരകുത്തക തകർന്ന 77-ലെ തെരഞ്ഞെടുപ്പിനെ തുടർന്ന്, 78 –ല്‍ നടന്ന സി. പി. ഐ. (എം) ന്റെ 10 ആം കോഗ്രസ്സിലാണ് ബൂര്‍ഷ്വാ – ഭൂപ്രഭു വ്യവസ്ഥയ്ക്ക് ബദലായി ഇടതുജനാധിപത്യ മുണി ഈട്ടിയുണ്ടാക്കുക  എന്നത് മുഖ്യലക്ഷ്യമായി പാര്‍ട്ടിനിര്‍വചിച്ചത്.  അതിനുമുന്‍പ് കോൺഗ്രസ്സ് ഗവൺമെന്റിനെതിരായി ഒരു ജനാധിപത്യബദലിനുവേണ്ടിയുള്ള ആഹ്വാനമാണ് നടത്തിയിരുന്നത്.  എന്നാല്‍ 77 ലെ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയനിലപാടുള്ള പ്രസ്ഥാനങ്ങളും ഇന്ത്യയിൽ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന നയരൂപീകരണവേദികളിലേക്ക് പ്രവേശിക്കുവാൻ തക്കം പാര്‍ത്തിരിക്കുന്നു എന്ന തിരിച്ചറിവും വര്‍ഗ്ഗപരമായ നിലപാടുകൾ നിശിതമാക്കാൻ സി. പി. ഐ (എം) നെ പ്രേരിപ്പിച്ചു. വര്‍ഗ്ഗബലാബലത്തിൽ മാറ്റം വരുത്തുവാനുള്ള യത്‌നവുമായി ബന്ധപ്പെട്ടതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈട്ടിയുണ്ടാക്കുന്നതിനുള്ള സമരം. ഇടതുപക്ഷജനാധിപത്യ മുന്നണിഎന്ന സങ്കല്‍പ്പനം, കേവലം തെരഞ്ഞെടുപ്പിനോ മന്ത്രിസഭക്കോ വേണ്ടിയുള്ള സഖ്യമല്ല, മറിച്ച് കുറേ കൂടി വിശാലമായ രീതിയില്‍  സമ്പദ്‌വ്യവസ്ഥയെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കുന്ന പിന്തിരിപ്പന്‍വര്‍ഗ്ഗങ്ങള്‍ക്കെതിരായുള്ള സാമ്പത്തിക രാഷ്ട്രീയശക്തികളുടെ സഖ്യമാണ് (21 ആം പാർടികോൺഗ്രസ്സിന്റെ  രാഷ്ട്രീയ – അടവ് നയത്തെ കുറിച്ചുള്ള അവലോകന റിപ്പോർട്ട്) ചുരുക്കിപ്പറഞ്ഞാല്‍ ഇടതുപക്ഷ ജനാധിപത്യമുണി വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള ഒരു സഖ്യമാണ്. ഈ മുന്നണിയുടെ നിര്‍മ്മാണത്തിന് തൊഴിലാളി വര്‍ഗ്ഗത്തിന്റെയും അതിന്റെ പാർട്ടിയുടെയും സ്വതന്ത്രരാഷ്ട്രീയ പ്രവര്‍ത്തനവും അതിന്റെ വര്‍ദ്ധിച്ചു വരുന്ന ശക്തിയും ആവശ്യമാണ്എന്ന് 10 ആം പാർട്ടികോൺഗ്രസ്സിന്റെ രാഷ്ട്രീയപ്രമേയം ഊന്നി പറയുന്നു. എന്നാല്‍, 13 – ആം പാര്‍ട്ടി കോൺഗ്രസ്സോടെ,  കോൺഗ്രസ്സിതര, മതനിരപേക്ഷബദല്‍ എന്നതിനു മുന്‍ഗണന ലഭിക്കുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നത് യാഥാര്‍ത്ഥ്യമാക്കാവുന്ന മുദ്രാവാക്യമല്ല, വിദൂരലക്ഷ്യമാണ് എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു. ഇതോടെ, ഇടതുപക്ഷജനാധിപത്യമുണി എന്ന വര്‍ഗ്ഗപരമായ സഖ്യത്തെ വെറും പ്രചാരണ മുദ്രാവാക്യമായി മാറ്റി നീക്കിവയ്ക്കുകയും ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷസഖ്യം  എന്ന ഇടക്കാല മുദ്രാവാക്യം രൂപപ്പെടുകയും ചെയ്തു.  തുടര്‍ന്ന് മൂന്നാംബദല്‍ എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ട്, ഇടതുപക്ഷപാര്‍ട്ടികള്‍ മതനിരപേക്ഷ ബൂര്‍ഷ്വാ പാർട്ടികളുമായി സഖ്യത്തിലേര്‍പ്പെടണമെന്നും ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മൂന്നാംബദല്‍ ഉണ്ടാവേണ്ടത് എന്നും കാണുകയുണ്ടായി.  പക്ഷെ 15 – ആം കോൺഗ്രസ്സായപ്പോഴേയ്ക്കും ഈ കക്ഷികളെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ കൊണ്ടു വരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാൻ ഇടയായി. മൂന്നാം ബദൽ എന്ന ലക്ഷ്യം കൂടുതൽ വിദൂരമാവുകയും കോൺഗ്രസ്സിതര ബൂര്‍ഷ്വാ മതനിരപേക്ഷ പാര്‍ട്ടികളെ ചേര്‍ത്തു കൊണ്ട് തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കുകയാണ് അടിയന്തിരകടമ എന്ന നിഗമനത്തിലെത്തി ചേരുകയും ചെയ്തു. അതോടെ ഇടതുപക്ഷമുണിഎന്ന വര്‍ഗ്ഗസഖ്യം കെട്ടിപ്പടുക്കുകയെന്ന ഉത്തരവാദിത്തം  മൂന്നാം ഘട്ടത്തിലേയ്ക്ക് നീക്കിവയ്ക്കപ്പെട്ടു.

ബൂര്‍ഷ്വാപ്രാദേശിക പാര്‍ട്ടികളുമായുള്ള കൈകോര്‍ക്കൽ, സി. പി. ഐ. (എം) ന്റെ സ്വതന്ത്രമായ വളര്‍ച്ചയ്ക്ക് വിഘാതമായി തീരുന്ന അവസ്ഥയാണ് സൃഷ്ടിച്ചത്. നവലിബറല്‍സാമ്പത്തികനയങ്ങളോട് അനുരഞ്ജനാത്മകമായ നിലപാടാണ് ഈ പാർട്ടികളില്‍ പലതും സ്വീകരിച്ചത്. മുതലാളിത്തത്തിന്റെ വികാസത്തോടെ പ്രാദേശികബൂര്‍ഷ്വാ – ഭൂപ്രഭു വര്‍ഗ്ഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രാദേശികകക്ഷികളുടെ വീക്ഷണത്തിൽ മാറ്റം വന്നു. നവലിബറല്‍നയങ്ങളെ ആശ്ലേഷിക്കാൻ തയ്യാറായ പ്രാദേശികബൂര്‍ഷ്വാപാർട്ടികള്‍, ഗ്രാമീണ സമ്പന്നക്കൂട്ടായ്മയെ പ്രതിനിധാനം ചെയ്യുന്നതിനാല്‍ ദരിദ്രകര്‍ഷകനും, കര്‍ഷകതൊഴിലാളികളും അടങ്ങുന്ന ഗ്രാമീണദരിദ്രവിഭാഗങ്ങളുടെ താല്പര്യങ്ങളുമായി വൈരുദ്ധ്യങ്ങളുണ്ടായി.  ഇത്തരം വൈരുദ്ധ്യങ്ങള്‍ സി. പി. ഐ. (എം) ന് അതിന്റെ സ്വതന്ത്രശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിൽ തടസ്സങ്ങള്‍ ഉണ്ടാക്കി. എല്ലാ മതനിരപേക്ഷപാര്‍ട്ടികളേയും ഒരു പൊതുമിനിമംപരിപാടിക്ക് ചുറ്റും അണി നിരത്തുക എന്നത് പ്രായോഗികമല്ല എന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടപ്പോൾ, 20- ആം കോൺഗ്രസ്സോടെ മൂന്നാംബദല്‍ എന്ന മുദ്രാവാക്യം ഉപേക്ഷിച്ചു. പതിനഞ്ച് വര്‍ഷങ്ങളോളം ആവര്‍ത്തിച്ച് യത്‌നിച്ചിട്ടും പ്രായോഗികമായ  ബദലൊന്നും ഉയർന്നുവരാഞ്ഞതിനാല്‍ മൂന്നാം ബദൽ ഊട്ടിയുണ്ടാക്കുന്നത് സംബന്ധിച്ച അനുഭവം മുഴുവന്‍ 20 ആം കോൺഗ്രസ്സ്പുനരവേലോകനം ചെയ്തു. വര്‍ഗ്ഗസഖ്യമായ ഇടതുപക്ഷജനാധിപത്യ മുണി കെട്ടിപ്പടുക്കലാണ് മുഖ്യം എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും പാർട്ടിയുടെ താല്പര്യങ്ങള്‍ക്ക് ആവശ്യമായി വരുന്നിടങ്ങളിലെല്ലാം ബൂര്‍ഷ്വാമതനിരപേക്ഷകക്ഷികളുമായി സഖ്യത്തിലേര്‍പ്പെടാവുന്നതാണ്  എന്ന് 20 – ആം കോൺഗ്രസ്സ് രാഷ്ട്രീയപ്രമേയം പ്രസ്താവിച്ചു. ഇതിന്റെ തുടര്‍ച്ച എന്ന നിലയിലാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി സി. പി. ഐ (എം) തുടർന്നു വരുന്ന രാഷ്ട്രീയനിലപാടുകളുടെ  സമഗ്രമായ പരിശോധന  21 – ആം കോൺഗ്രസ്സ് നടത്തിയത്. ഇടതുപക്ഷജനാധിപത്യമുണി എന്ന വര്‍ഗ്ഗസഖ്യം ഊട്ടിയുറപ്പിച്ചുകൊണ്ട്, പാവപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കുമെതിരായുള്ള വികസിതമുതലാളിത്തത്തിന്റെ ആക്രമണങ്ങള്‍ നേരിടാനുള്ള യുദ്ധമുന്നണി വളര്‍ത്തിയെടുക്കുക എന്ന അനുപേക്ഷണീയമായ കാലികചുമതലയാണ് 21 – ആം കോൺഗ്രസ്സ് ഏറ്റെടുത്തത്.

ഈ യുദ്ധമുണിയില്‍ ഇടതുപക്ഷപാർട്ടികളും അവയുടെ വര്‍ഗ്ഗബഹുജനസംഘടകളും, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പുരോഗമനാത്മകപൈതൃകം പേറുന്ന സോഷ്യലിസ്റ്റ് ധാരകൾ, ഇടതുപക്ഷനിലപാടുള്ള ബുദ്ധിജീവികള്‍, ഗ്രൂപ്പുകൾ  എന്നിവയ്ക്കുപുറമെ ദളിതര്‍, ആദിവാസികൾ, സ്ത്രീകള്‍ തുടങ്ങി ഇന്ത്യൻ സമൂഹത്തിൽ പ്രാന്തവല്ക്കരിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ വിഭാഗങ്ങളുടേയും പ്രശ്നങ്ങളെ  പ്രതിനിധീകരിക്കുന്ന എല്ലാ കൂട്ടായ്മകളും (നവസാമൂഹ്യപ്രസ്ഥാനങ്ങളുള്‍പ്പടെ) ചേരുന്നു.

എന്നാലിവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്.  നീതിക്കു വേണ്ടി നിൽക്കുന്നു എന്ന് സ്വയംധരിച്ചുവശാവുന്ന പല സാമൂഹ്യപ്രസ്ഥാനങ്ങളും വ്യക്തമായി നിര്‍വ്വചിക്കപ്പെട്ട രാഷ്ട്രീയ/ സാമ്പത്തികനയങ്ങളുടെ അഭാവത്തില്‍, പലപ്പോഴും തങ്ങളിടപെടുന്ന പ്രശ്‌നത്തിന്റെ മുഖ്യകാരണമായ മുതലാളിത്തത്തെ ചെറുക്കുന്നതിന് പകരമായി,  ഫലത്തില്‍ അതിനെ സഹായിക്കുതായി കണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന് ഇന്ത്യയില്‍ അതിഭീമമായ വിധത്തിൽ കരുത്താര്‍ജ്ജിക്കുന്ന അഴിമതിയെ ചെറുക്കുന്നു എന്നവകാശപ്പെടുന്ന ആം ആദ്മി പാർട്ടിക്ക്, അഴിമതിയുടെ പ്രഭവകേന്ദ്രമായ നവലിബറൽ സാമ്പത്തികനയങ്ങളോട് സൗഹൃദമാണുള്ളത്. യഥാര്‍ത്ഥ പ്രതിയെ ഒളിപ്പിക്കുന്നതിനുള്ള ഒരു മറ കൂടിയായി ഇവിടെ ഇത്തരം പ്രസ്ഥാനങ്ങള്‍ മാറി പോകുന്നുണ്ട്. അതുകൊണ്ടു തന്നെ നിര്‍ദ്ദിഷ്ട ഇടതുപക്ഷജനാധിപത്യമുണിയിൽ അണി ചേരുന്ന ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളും തങ്ങളുടെ രാഷ്ട്രീയലക്ഷ്യത്തേയും സാമ്പത്തികപരിപ്രേക്ഷ്യത്തേയും സംബന്ധിച്ച് വ്യക്തമായ ദിശാബോധം ഉള്ളവയായിരിക്കണം എന്നതില്‍ സംശയമില്ല.

തങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെ വസ്തുനിഷ്ഠവും സ്വയംവിമര്‍ശനാത്മകവുമായ പരിശോധന നടത്താന്‍ സി. പി. ഐ (എം) തയ്യാറായി എന്നത് സ്വാഗതാര്‍ഹമാണ്. വര്‍ഗ്ഗവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ വിശാലലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഒരു വിപ്ലവപ്പാര്‍ട്ടിക്ക് താത്ക്കാലികമായ തെരഞ്ഞെടുപ്പ് വിജയങ്ങളേക്കാള്‍ പ്രധാനം, തങ്ങള്‍ പ്രതിനിധാനം ചെയ്യേണ്ടുന്ന വര്‍ഗ്ഗവിഭാഗങ്ങളുടെ താത്പര്യങ്ങൾ കൃത്യമായി ഏറ്റെടുക്കുകയാണ് എന്ന ബോധ്യം തീര്‍ച്ചയായും ഗുണാത്മകമാണ്. ഇതു വരെ പിന്തുടർന്നു വന്ന രാഷ്ട്രീയ അടവുനയത്തിന്റെ പുനഃപരിശോധന, പാർട്ടിസംഘടനയുടെ പ്രവര്‍ത്തനത്തിന്റെയും ജനങ്ങള്‍ക്കിടയിലെ ഇടപെടലുകളുടേയും വിലയിരുത്തൽ,  ബഹുജനസംഘടനകളുടെ പ്രവര്‍ത്തനത്തിന്റെ അവലോകനം, ഉദാരവല്ക്കരണത്തിന്റെ സാമൂഹികസാമ്പത്തികഫലങ്ങളുടെ പഠനം എന്നിവ മൂര്‍ത്തമായ നിലയില്‍ത്തന്നെ നിറവേറ്റികൊണ്ടാണ് മേല്‍പ്പറഞ്ഞ ബോധ്യത്തിലെത്തിച്ചേര്‍ന്നത്. നിയോലിബറല്‍ സാമ്പത്തികനയങ്ങൾ വ്യാവസായിക കാര്‍ഷികമേഖലകളിൽ പണിയെടുക്കുന്നവരുടേയും ഇടത്തരക്കാരുടേയും ജീവിതങ്ങളെ എങ്ങനെ ബാധിക്കും എന്ന പഠനം ഗൗരവപൂര്‍വ്വം നടത്തുകയുണ്ടായി എന്നത് ശ്രദ്ധേയമാണ്.  ഇത്തരമൊരു പരിശോധനയുടെ ഭാഗമായി കുറവുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നേതൃത്വം സന്നദ്ധരായി എന്നതും ചെറിയ കാര്യമല്ല.  എന്നാല്‍ അതോടെ കാര്യം അവസാനിപ്പിച്ച് പോകാനല്ല, മറിച്ച് വര്‍ദ്ധിതവീര്യത്തോടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനാണ് ഈ വിമര്‍ശനാത്മക പരിശോധന ഉപയോഗിക്കപ്പെടുന്നത്. ആഗോളവത്ക്കരണകാലഘട്ടത്തില്‍ അതിന്റെ പരിക്കുകൾ ഏറ്റു വാങ്ങേണ്ടി വരുന്ന എല്ലാ വിഭാഗങ്ങളുടേയും (തൊഴിലാളികള്‍, ഇടത്തരക്കാർ, ദളിതർ, ആദിവാസികള്‍, സ്ത്രീകള്‍ മുതലായവര്‍) പ്രശ്നങ്ങൾ കൃത്യമായി അഭിസംബോധന ചെയ്ത് കൊണ്ട് അവര്‍ക്കിടയിലുള്ള സംഘടനാ പ്രവര്‍ത്തനം ആശയ വ്യക്തതയോടെ നിറവേറ്റാൻ പര്യാപ്തമായ വിധത്തില്‍ പാർട്ടി സംഘടനയെ സുസജ്ജമാക്കുന്നതിന് സമീപഭാവിയില്‍ തന്നെ ഒരു പ്ലീനം കൂടി നടത്തണമെന്ന സംഘടനാപരമായ തീരുമാനം കൂടിയാവുമ്പോൾ, തൊഴിലാളിവര്‍ഗ്ഗനേതൃത്വത്തിലുള്ള ഒരു ബഹുജനവിപ്ലവപാർട്ടി കാലം ഏല്പിക്കുന്ന കടമ ഏറ്റെടുക്കാന്‍ സര്‍വ്വാത്മനാ തയ്യാറാവുന്നു എന്ന സന്ദേശമാണ്.  സി. പി. ഐ (എം) സമൂഹസമക്ഷം വിനിമയം ചെയ്യുന്നത്. അതോടൊപ്പം വികസിത മുതലാളിത്തത്തിന്റെ സാമ്പത്തിക അജണ്ട എളുപ്പത്തില്‍ നടപ്പാക്കാൻ സഹായകരമായ വിധത്തിലുള്ള ആശയപരിസരം സൃഷ്ടിക്കുകയും വര്‍ഗ്ഗഐക്യത്തെ ശിഥിലീകരിക്കുകയും ചെയ്യുന്ന സ്വത്വരാഷ്ട്രീയത്തിന്റെ സങ്കുചിതത്വങ്ങളെ, പ്രത്യേകിച്ച് ഹിന്ദുവര്‍ഗ്ഗീയവാദത്തിന്റെ ഫാസിസ്റ്റ് രീതികളെ ചെറുക്കുന്നതിനുള്ള സംഘടനാപരമായ ആഹ്വാനവും പാര്‍ട്ടി കോൺഗ്രസ്സ് മുന്നോട്ട് വയ്ക്കുന്നു. മാനുഷികതയുടെ വീണ്ടെടുപ്പിനോടൊപ്പം മനുഷ്യനും, പരിസ്ഥിതിയും തമ്മിലുള്ള ഗുണാത്മകമായ പാരസ്പര്യം നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യകത 19 ആംപാർട്ടി കോൺഗ്രസ്സ് മുതല്‍ തന്നെ പ്രാധാന്യത്തോടെ തിരിച്ചറിഞ്ഞതാണ്. ഭൂമിയ്ക്കും  പ്രകൃതിവിഭവങ്ങള്‍ക്കും മേലെയുള്ള വികസിതമുതലാളിത്തത്തിന്റെ ആര്‍ത്തി പൂണ്ട കടന്നുകയറ്റങ്ങള്‍ ചെറുക്കുക എന്നതും 21 – ആം പാർട്ടി കോൺഗ്രസ്സ് കൂടുത കരുത്തോടെ ഊന്നിപ്പറയുന്ന ഉത്തരവാദിത്തമാണ്.

ഇന്ത്യയിലെ ഇല്ലാത്തവരുടെ പടയൊരുക്കങ്ങളുടെ പടഹധ്വനി ചക്രവാളങ്ങളില്‍ അതിശക്തമായി മുഴങ്ങേണ്ടുന്ന ഒരു കാലത്ത്, അതിന് കാതു കൊടുക്കാനാവുന്ന വിധത്തിൽ, ഒരു സമൂഹത്തെ പരുവപ്പെടുത്തുക എന്ന പ്രയാസകരമായ ദൗത്യം കൃത്യമായി നിറവേറ്റാൻ  പാർട്ടി കോൺഗ്രസ്സിന്റെ തീരുമാനങ്ങള്‍ സി. പി. ഐ (എം) നെ സഹായിക്കുമോ എന്നതാണ് നിര്‍ണ്ണായകമായ കാര്യം.  ഈ തീരുമാനങ്ങള്‍, പാളിച്ചകളില്ലാതെ പ്രയോഗത്തിലേക്ക് പരാവര്‍ത്തനം ചെയ്യാൻ പാർട്ടിക്ക് കഴിയുന്ന പക്ഷം, ആഗോളവത്ക്കരണത്തിന്റെ കരിനിഴലില്‍ വിറങ്ങലിച്ചു നില്ക്കുന്ന ഇന്ത്യയിലെ ശരാശരി മനുഷ്യന്റെ വിമോചകപ്രതീക്ഷകള്‍ക്ക് ചിറകുകൾ നല്‍കാനാകും.

Comments

comments