വിതയുടെ മേഖലയിൽ മുപ്പത്തഞ്ചു കൊല്ലത്തെ സാന്നിദ്ധ്യം. അറുപതിൽ കുറവ് കവിതകൾ. സഹൃദയരും സമാനഹൃദയരുമായ വായനക്കാർക്കു മുമ്പിൽ അവ അവതരിപ്പിക്കുമ്പോൾ ജയശ്രീ തോട്ടയ്ക്കാട്ട് എന്ന കവി ഒരു അവകാശവാദവും ഉന്നയിക്കുന്നില്ല. വ്യക്ത്യനുഭവങ്ങളുടെ നോവും നീറ്റലും ആഹ്ലാദവും കാലിക പ്രശ്നങ്ങളും കാലാതീത സമസ്യകളും എല്ലാം ആ കാവ്യലോകത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ആ വ്യവഹാരത്തിന്റെ ബഹുസ്വരതയിൽ ഏറ്റവും ശ്രദ്ധേയമായ വസ്തുത സ്വന്തം അവബോധത്തിനു വഴങ്ങാത്ത, സ്വന്തം നീതിബോധത്തിനു നിരക്കാത്ത ഒന്നും രേഖപ്പെടുത്തുവാൻ കവി യത്നിക്കുന്നില്ല എന്നതാണു. കയ്യടി നേടാൻ കാലികപ്രവണതകൾക്കു പിറകേ പോകുന്നില്ല. ഒരു പക്ഷേ ജയശ്രീ എന്ന കവിയുടെ ശക്തിയും ദൗർബല്യവും ഇതുതന്നെയാകാം. ദൗർബല്യം എന്നത് ബോധപൂർവ്വം സൂചിപ്പിച്ചതാണു. കാരണം എണ്ണം കൊണ്ട് കുറവെങ്കിലും ഉൾക്കനം കൊണ്ട് മികവുള്ള കവിതകൾ രചിച്ചിട്ടുള്ള ഈ കവിയുടെ രചനകൾ കവിതയെക്കുറിച്ചുള്ള ചർച്ചകളിൽ പൊതുവെ പരാമർശിക്കപ്പെടാതെ പോകുന്നു എന്നത് ഖേദകരമായ വസ്തുതയാണു. ആവേശവും അക്രമവും ഗാനാത്മകതയുമാണു കവിതയുടെ കരുത്തെങ്കിൽ ഈ ഒഴിവാക്കൽ ന്യായമാണു. മറിച്ച്, സഞ്ചിതാനുഭൂതിസമ്പന്നതയിൽ നിന്ന് ഉയിർകൊണ്ട് സമകാലീനതയുടെ മാലിന്യങ്ങളും ക്രൂരതകളും കശ്മലതകളും അത് ഹൃദയാലുക്കളുടെ ചേതസ്സിനേൽപ്പിക്കുന്ന മുറിവുകളും പീഢകളുടേയും സാഫല്യത്തിന്റെയും നേർച്ചിത്രങ്ങളും സഫലമായി ആവിഷ്കരിക്കുന്ന വാങ്മയങ്ങളായി കവിതയെ തിരിച്ചറിയുന്നവരെ സംബന്ധിച്ചിടത്തോളം ഈ അവഗണന ക്ഷന്തവ്യമല്ല. ജയശ്രീയുടെ ഒരു കവിതയുടെ ശീർഷകം കടമെടുത്തു പറയട്ടെ, മലയാള കവിതയിലെ ഘടദീപമാണു ജയശ്രീ. അതു വിടർത്തുന്ന വെളിച്ചത്തിന്റെ ധന്യത തിരിച്ചറിയാനുള്ള ഒരവസരമാണു പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്എന്ന സമാഹാരം.
                      ജനുവരിയുടെ ദേവനായ ജാനസ്സിനെക്കുറിച്ച് ജയശ്രീ ഒരു കവിത എഴുതിയിട്ടുണ്ട് (1995-ൽ). ജയശ്രീയുടെകവിതകളുടെ പൊതുസ്വഭാവം വിശദീകരിക്കാൻ ഉപയുക്തമായ ഒരു പ്രതീകമാണത്, മാറ്റത്തിന്റെയും പരിവർത്തനത്തിന്റെയും ഭൂതത്തിൽ നിന്ന് ഭാവിയിലേയ്ക്ക് ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്ക്, ഒരു ലോകത്തിൽ നിന്ന് മറ്റൊരു ലോകത്തേയ്ക്ക് പ്രയാണത്തിന്റെയും പ്രതിരൂപമാണു ജാനസ്സ്. ഒരു ശരീരവും എതിർദിശകളിലേക്കുള്ള നോട്ടവുമായി ആ ദേവൻ നിൽക്കുന്നു. ആ ദേവന്റെ വിടർന്ന തണലിലാണു കവിയുടെ നില്പ്. ഭൂത ഭവൽ ഭവിഷ്യകാലങ്ങളെ സമീപിക്കുമ്പോൾ കവി കൈക്കൊള്ളുന്ന നിലപാടുതറയാണത്. ഭൂതകാലത്തിന്റെ പ്രഭാവതന്തുക്കളെക്കൊണ്ട് ഭൂതിമത്തായ ഭാവിയെ നെയ്യുക എന്ന കാല്പനിക സങ്കല്പമല്ലത്. ഭാവികാലത്തെ ഭൂതിമത്താക്കാൻ പല തുരുമ്പിച്ച വ്യവസ്ഥിതികളെയും ഉടച്ചുവാർക്കേണ്ടതുണ്ട്.പാട്ടിന്റെ വരമ്പിലൂടെ പുറകോട്ട് എന്ന കവിതയിൽ ജയശ്രീ പറഞ്ഞുവയ്ക്കാൻ ശ്രമിക്കുന്നതും അതു തന്നെയാകണം. അലസക്കാഴ്ചയുടെ കറുപ്പിലും വെളുപ്പിലുമായിമിനുങ്ങുന്ന ഭൂതകാലത്തിന്റെ നിലാവ് ഉണർന്നു വരുന്നു. കറുപ്പിലും വെളുപ്പിലും എന്ന പ്രയോഗം സാർത്ഥകമാണു. ആ പാടവരമ്പിലൂടെ നടന്നുകയറി വലത്തോട്ട് തിരിഞ്ഞാൽ എത്തുന്ന നാൽക്കവല. അവിടെ നിന്ന് പഴങ്കഥപ്പാട്ടിലേറി പുറകോട്ടു യാത്ര ചെയ്യുന്നു. എത്തുന്നത് എന്റെയിടമായ നഗരഹൃദയത്തിലാണു. ഗൃഹാതുരത ഉണർത്തുന്ന ഗ്രാമശ്യാമ ഭൂമികയിലല്ല എന്നതു ശ്രദ്ധേയം. അവിടെ മഞ്ഞച്ചായമിട്ട വലിയ വീട്ടിൽ കൊണ്ടാട്ടം വറക്കുന്ന വെളിച്ചെണ്ണവാസന പരക്കുന്ന ഇടനാഴികളുണ്ട്. ശ്വാസം മുട്ടിനിടയിലും (ജീവിതത്തിന്റെ തന്നെയാകാം) കഥകളിൽ അഭിരമിക്കുന്ന അമ്മയും പടത്തിലിരുന്ന് ചിരിക്കുന്ന അച്ഛനുമുണ്ട്, പഴയ മർഫി റേഡിയോവിന്റെ പൊട്ടലിനും ചീറ്റലിനുമിടയിൽ മെൽവിൻ ഡിവില്ലോയുടെ വാർത്ത പിടിച്ചെടുക്കുന്ന വലിയേട്ടനും വിപ്ലവാഭിവാദനങ്ങളുമായി പടികയറി വരുന്ന ചെറിയേട്ടനുമുണ്ട്. സിമന്റ് തറയുടെ ഇളംതണുപ്പിൽ കവിൾചേർത്തുറങ്ങുന്ന കുഞ്ഞുമോളുണ്ട്. ഗ്ലാസ്കോ പാലിൽ അല്പം ബാക്കിവരുന്നത് നുകരാൻ കൊതിച്ചു നിൽക്കുന്ന വക്താവുണ്ട്. വരവ് ചിലവ്  ബുദ്ധിമുട്ടി ശരിയാക്കി സമർപ്പിക്കുന്ന കാര്യസ്ഥനുണ്ട്. ഒരു വ്യവസ്ഥിതിയുടെ കറുപ്പിനെയും വെളുപ്പിനെയും വിദഗ്ദ്ധമായിത്തന്നെ ജയശ്രീ അവതരിപ്പിക്കുന്നു. ഗന്ധവും നാദവും, ദൃശ്യവും, സ്പർശവും, രുചിഭേദങ്ങളും നിറഞ്ഞ ലോകത്തെ കാലത്തിന്റെ ബുൾഡോസർ ഇല്ലാതാക്കി. വ്യക്തിബന്ധങ്ങളെ ഉൽപ്പന്നങ്ങളുടെ ബന്ധം കവർന്നെടുത്തു. ദൃശ്യങ്ങളുടെ മദ്ധ്യസ്ഥതയിലൂടെ ലോകത്തെയും സാമൂഹികബന്ധങ്ങളെയും വിവരിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ഒരു സംസ്കാരത്തിന്റെ ഭാഗമാകാൻ വക്താവ് വിധിക്കപ്പെടുന്നു. അതിന്റെ അനന്തസാധ്യതകളെ ഉപയുക്തമാക്കി, പിന്നാമ്പുറക്കാഴ്ചകളിൽ നൂണ്ടിറങ്ങി മറയുന്നതിലെ അനിവാര്യതയും ദുരന്തവും ഈ കവിത അനുഭവപ്പെടുത്തിത്തരുന്നു. ജീവിതം കെട്ടുകാഴ്ചകൾ മാത്രമായിത്തീരുമ്പോൾ ജീവിതത്തിനു കൈമോശം വരുന്ന ഇതരേന്ദ്രിയാനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണു ഈ കവിത. അധിനിവേശാനന്തര സംസ്കാരത്തിന്റെ പരിണതഫലമാണു  വ്യക്തിസ്വാതന്ത്ര്യവാദവും വ്യക്തികേന്ദ്രിത സമൂഹവും. ഞാൻ നീ തന്നെയാണു എന്ന അവബോധത്തിൽ നിന്ന് ഏറെ അകലമുണ്ട് ഈ നിലപാടിനു. ഇതിനിടയിലെ സംഘർഷത്തെ ഫലപ്രദമായി അനുഭവപ്പെടുത്തിത്തരുന്ന കവിതയാണു  ദ്വന്ദ്വം. ഇറാനിലെ സയാമീസ് ഇരട്ടകളുടെ ദുരന്തം എന്ന വസ്തുതയിലൂന്നിയാണു ജയശ്രീ ഈ സംഘർഷത്തെ വിവരിക്കുന്നത്. ദ്വന്ദ്വാതീതമായ അവസ്ഥയിൽ നിന്നുള്ള വേർപിരിവ് പൂർണ്ണത്തിൽ നിന്ന്പൂർണ്ണമെടുത്ത് ബാക്കി പൂർണ്ണമെന്ന് കരുതിയത് പിഴച്ച കഥയാണിത്. ജീവിതത്തിന്റെ പുതിയ ഭാഷ്യത്തെ ദാർശനികതയുടെ കടുപ്പവും ഉണക്കവുമില്ലാതെ കവി ആവിഷ്കരിക്കുന്നു. ദ്വന്ദ്വങ്ങളുടെ സല്ലയനവും വേർപിരിയലും ജയശ്രീയുടേ പലകവിതകളിലും കടന്നു വരുന്നുണ്ട്. അപൂർണ്ണതയില്ലാതിരിക്കുന്ന അവസ്ഥ ശാപമോമോക്ഷമോ എന്ന സന്ദേഹമാണു അർദ്ധാംഗനയിലെ പ്രമേയം. ശക്തിസൂക്തംഎന്ന കവിതയിൽ ഇതേ ആശയം മറ്റൊരു തരത്തിൽ പ്രത്യക്ഷപ്പെടുന്നു.
   ഒരേ താളമാത്രയിൽ
   സ്പന്ദിച്ചുണർന്നു
   മൊരേ കയ്പുണ്ടു വളർന്നു –
   മൊരേ ദുഃഖത്തിൻ മഹാമേരു
   ചവുട്ടിക്കേറും നരനും നാരിക്കും
   വെവ്വേറെ തത്വങ്ങൾ
   വെച്ചുനീട്ടി –
   യവനെ താങ്ങിയു –
   മവളെ തളർത്തിയും
   ലസിക്കും ന്യായലിഖിതങ്ങൾ
   മായ്ക്കാൻ
   നീതിബോധത്തിനൊരു പുത്തൻ ഭാഷ്യം
   രചിക്കാൻ
   അമ്മേ, ബ്രഹ്മാണീ രൂപധാരിണീ, യെന്നിൽ
   വാക്കായ്, അക്ഷര ശക്തിയായ്
   തെളിയുക
എന്നതാണു പ്രാർത്ഥന. മറ്റേ പാതിയും പിടിച്ചെടുത്ത് അർദ്ധനാരീശ്വര സിംഹാസനം തന്റേതുമാത്രമാക്കിച്ചമച്ച പുരുഷാധിപത്യവ്യവസ്ഥയിൽ യാചിക്കേണ്ടി വരുന്ന സ്ത്രീത്വം കവിയെ അലട്ടുന്നു. (പരിത്യക്ത). സഹനത്തെ തത്ത്വശാസ്ത്രവും കർമ്മപദ്ധതിയുമായി കണ്ട് അടിമത്തത്തിനു ഒരു പരിവേഷം നൽകി സഹിഷ്ണുതയും, വിനയവും സഹനവും സംസ്കാരത്തിന്റെ ഭാഗമാണെന്നുൽഘോഷിക്കുന്ന രീതിയോട് കവിക്ക് ഒരിക്കലും സമരസപ്പെടാൻ കഴിയില്ല. അത്തരമൊരു സംവിധാനത്തിന്റെ അന്ത്യം ഏതാണ്ട് ഉറപ്പാണു വ്യക്തിതലത്തിലായാലും സമൂഹതലത്തിലായാലും.
ഗർവ്വിന്റെ മോഹിനീ
നൃത്തത്തിൽ
   നൈസർഗ്ഗിക താളം മറന്നു
      ജീവ പ്രകൃതിയാമനു?
   ഉള്ളം പിടഞ്ഞു തേങ്ങുന്നു
      ആകെ കുഴഞ്ഞു വീഴുന്നു
   അപ്പോഴുമന്ധം ബധിരം
      അട്ടഹസിക്കും മദങ്ങൾ
   ഞാനെന്ന ചിന്തയേ മുന്നിൽ
      പഞ്ചേന്ദ്രിയങ്ങളും പിന്നിൽ
   തൊട്ടതെല്ലാം ഭസ്മമാക്കും
      ഉന്മത്ത സംഹാരശക്തി
   ആരു ഞാനെന്നറിയാമോ എന്ന്
      തൻ വിരൽത്തുമ്പു ശിരസ്സിൽ
   ചൂണ്ടിത്തൊടാൻ ഒരുമ്പെട്ടു
      നിൽക്കുന്നിതോ മന്ദബുദ്ധി
          (ഭസ്മാസുരം)
എന്നാണു വിലപിക്കുന്നത്. ഭൂമിയിലെ സമസ്ത ജീവജാലങ്ങളും ആദരം അർഹിക്കുന്നു എന്ന വിനയാന്വിതമായ വിശ്വാസത്തിൻ നിന്നേ, ഭൂമിയുടെ അവകാശികളിലൊരാളായ എട്ടുകാലിയുടെ ജീവന്റെ കണികയെയും ആദരിക്കേണ്ടതുണ്ട് എന്നു സൂചിപ്പിക്കുന്നമരണപത്രം പ്രശ്നമാകുമ്പോൾഎന്ന കവിത പിറക്കൂ.
സമകാലിക ജീവിതത്തിലെ പല നെറികേടുകളും ജയശ്രീയുടെ വിമർശനത്തിനു വിധേയമാകുന്നുണ്ട്. പ്രതിഫലനങ്ങൾക്കപ്പുറമുള്ള യാഥാർത്ഥ്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് ഉള്ളിലെ ആകാശക്കണ്ണ് തുറക്കുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് (കണ്ണാടി ഉടയ്ക്കുന്നതിനെക്കുറിച്ചല്ല) കവി സൂചിപ്പിക്കുന്നു. വിസ്തൃതമായ പരിപ്രേക്ഷ്യം തന്നെയാണു അഭികാമ്യം. തനിമ തീരെ വേണ്ടെന്നും അനുകരണവും വിധേയത്വവുമാണു അഭികാമ്യം എന്നും കരുതുന്ന മനോഭാവത്തിനുള്ള കടുത്തവിമർശനമാണു  എലിമിനേഷൻ റൗണ്ട്. കല, കാഴ്ചയുടെ പൂരമാകുക, സാങ്കേതികവിദ്യയുടെ ഋണാത്മകമായ വശം കൊണ്ട് കയ്യടി നേടുക എന്നീ പ്രവണതകളെ പരിഹസിക്കുന്നതോടൊപ്പം വിധികർത്താക്കളായ നേതാക്കളെ മാനിച്ചില്ലെങ്കിൽ എലിമിനേഷൻ തന്നെ ഫലം എന്ന പ്രത്യയശാസ്ത്രപരമായ ദുരന്തത്തെക്കുറിച്ചുകൂടി ഈകവിത ധ്വനിപ്പിക്കുന്നു. ഉടുപ്പിന്റെ വിഭ്രാന്തികൾഎന്ന കവിതയുംസമൂഹത്തിലെ വില കുറഞ്ഞ മനോഭാവങ്ങൾക്കുനേരെയുള്ള വിരൽ ചൂണ്ടലാണു. ഉടുപ്പുകൾ സൗകര്യം എന്നതിനപ്പുറം ചില സൂചനകളായി മാറുമ്പോൾ സംഭവിക്കുന്ന ദുരന്തം ഇതിൽ പരാമർശവിധേയമാകുന്നു. ഉടുപ്പിന്റെ ആകൃതിയും നിറവും വലിപ്പവുമെല്ലാം നിശ്ചയിക്കുന്ന നാട്ടുകൂട്ടത്തിന്റെ തീർപ്പുകൾക്കനുസരിച്ച് ജീവിക്കേണ്ടി വരുന്നതിന്റെ ദൈന്യം ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു. ഉപഭോഗസംസ്കാരത്തിന്റെ കടുത്ത വിമർശനമാണു കനകക്കുന്ന്. മഞ്ഞലോഹത്തോടുള്ള മലയാളിയുടെ അമിതതാല്പര്യത്തിനുള്ള ഒരു പരിഹാസം അമേരിക്കാർത്ഥിയുടെ അക്കരപ്പച്ചയോടുള്ള മമതയിലെ വൈപരീത്യത്തെക്കുറിച്ച് ഓർത്തുള്ള ഒരമർത്തിച്ചിരിയാണുവർണ്ണവിപ്ലവം.
               വാക്ക് മുന മടക്കുകയും തൂലിക പിന്മടക്കുകയും വെള്ളിത്തിരയിൽ കറുപ്പൊഴിക്കുകയും ഉള്ളുലയ്ക്കുകയും നേരിന്റെ വായ്മൂടുകയും ചെയ്യുന്ന കലാവൈഭവം ശീലമാക്കുമ്പോൾ സമൂഹ മനസ്സിലുണ്ടാകുന്ന വ്രണങ്ങൾ കവിയുടെ മനസ്സിൽ നിരവധി ആശങ്കകൾ ഉണർത്തുന്നു. (വ്രണം). വീണ കരട് സ്വയമറിഞ്ഞ് ചികിൽസ തുടങ്ങിയില്ലെങ്കിൽ അതുണ്ടാക്കുന്ന പകർച്ചവ്യാധിയെ സംബന്ധിച്ച ആകാംകഷയാണു പകർച്ചവ്യാധി എന്ന കവിത. എഴുത്ത് എന്ന വ്യവഹാരം നിലവിലെ വ്യവസ്ഥയിലെ ആപത് വിഷയങ്ങൾക്ക് പ്രതിപ്രവർത്തനമായി മാറാതിരിക്കുന്നതിന്റെ ആശങ്കയാണു കാവ്യദുഃഖത്തിൽ പങ്കുവയ്ക്കുന്നത്. സംഘമനസ്സിന്റെ കടുംഭിത്തിയിൽ കാലം ആഴത്തിൽ കോറിയിട്ട ശീലം ശരിയെന്നാക്കിയ അർത്ഥങ്ങൾ ബോധത്തിൽ കൂടിയിരിക്കുന്ന അവയെ തിരിച്ചറിഞ്ഞ് ചോദ്യങ്ങളെ കല്ലെറിഞ്ഞ് ഉച്ചാടനം നടത്തിയാലേ ശരിയായ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽതുറന്നുകിട്ടൂ എന്ന് കവി കരുതുന്നു.
              
മോചനവും  സ്വാതന്ത്ര്യവും മാത്രമല്ല, ആത്മഹർഷം കൂടി ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. താൻ ആരെന്ന് തിരിച്ചറിയുംപോലെ തന്നെ പ്രധാനമാണു തന്റെ സന്തോഷം തിരിച്ചറിയുന്നതും. അത്തരമൊരു സന്ദർഭത്തിലേ ജീവിതം അർത്ഥപൂർണ്ണമാകൂ. പൊട്ടിച്ചിരി പുഞ്ചിരിയാകുകയും, കിനാവ് പാതിയുടഞ്ഞ് ആകാശവിസ്തൃതി കണ്ട് കിളി സംഭ്രമിക്കുകയും ചെയ്യുന്ന അവസ്ഥകൾ പോലെ മണ്ണിന്റെ ഓഹരി കേട്ടു വിറച്ചുനിൽക്കുന്ന ചെടിമരം എന്ന പ്രതീകം ഉണർത്തുന്ന പാരായണസാധ്യതകൾ വിപുലമാണു. ജീവൻ പിടക്കാനായ് മാത്രം ആഴങ്ങൾ തേടുന്ന, പുത്തൻ പൊടിപ്പുകൾ നീളമളന്നു മുറിച്ചുമാറ്റുന്ന ചെടിമരം അകത്തളങ്ങളിലെ അലങ്കാരം മാത്രമല്ല നിരവിധിപേർ ഉള്ളിലും വഹിക്കുന്നതാണു എന്ന സത്യത്തിലേക്കാണു കവിത നയിക്കുക. ഇതേഭാവത്തിന്റെ വ്യത്യസ്ത ആവിഷ്കരങ്ങളാണു ദേവത’, ഗണിക, ആത്മരൂപം എന്നീ കവിതകളും.
                        അജ്ഞാതജന്യകമായ ഭീതികൾ ജയശ്രീയുടെ നിരവധി കവിതകളിൽ കടന്നുവരുന്നുണ്ട്. ജയശ്രീയുടെ കവിതകളിലെ ബിംബങ്ങൾ ഉണർത്തുന്ന ശക്തിസ്തോഭങ്ങളെക്കുറിച്ച് ഡോ.എം. ലീലാവതി പ്രശംസരൂപേണ പരാമർശിക്കുകയുണ്ടായിട്ടുണ്ട്. കവിതയെ മന്ത്രമാക്കുന്ന കരുത്ത് എന്നാണു അവ വിലയിരുത്തപ്പെട്ടിട്ടുള്ളത്.  ദണ്ഡനം എന്ന കവിതയെ വിലയിരുത്തുമ്പോൾ, ഇത്തരം ബിംബങ്ങൾ ഉള്ള ഒരു കവിതയെങ്കിലും രചിക്കാൻ കഴിയുന്നവർക്ക് ധന്യയ്ക്കതുമതി എന്ന് ഡോ.ലീലാവതി സൂചിപ്പിക്കുന്നു (കാവ്യബിംബാവലിയുടെ താരാഹാരം, 2000). ആ കവിതയിലെ ബിംബങ്ങൾക്ക് നിരവധി വിതാനങ്ങളിലേക്ക് ആസ്വാദകനെ കൊണ്ടു ചെന്നെത്തിക്കാനുള്ള ധ്വനന ശക്തിയുണ്ട്. ദുഃസ്വപ്നങ്ങളുടെ ഇരുണ്ട തീരങ്ങളിൽ ഒറ്റയ്ക്കു കഴിയേണ്ടിവരുന്നതിന്റെ ഭീതിയാണു വേട്ട എന്ന കവിത. അത്തരം വിവരണാതീതവും അവ്യാംഖ്യയവും സാമാന്യയുക്തിക്കു വിശകലനാതീതവുമായ ഇരുണ്ട അനുഭവങ്ങളാണു അങ്ങിനെയൊടുവിൽ എന്നീ കവിതകളിൽ പരാമർശവിധേയമാകുന്നത്.
                    
ജീവിതം  വലിയൊരു കെണിയായാണു ചിലർക്കെങ്കിലുമൊക്കെ അനുഭവപ്പെടുന്നത്. അതിൽ പെടുമ്പോഴുള്ള പിടച്ചിലുകളും പരക്കം പാച്ചിലുകളും അന്ത്യവുമെല്ലാം കെണി എന്ന കവിതയിൽ അനുഭവവേദ്യമാകുന്നു. ജീവിതമെന്ന കടൽ വിളിച്ചപ്പോൾ, ആഴത്തിലേക്ക് വലിച്ചെറിയപ്പെടുമെന്നോ മുങ്ങിത്താഴാതെയും നീന്തിക്കയറാനാകാതെയും സൂര്യതാപത്തിലുരുകിയൊലിക്കുമെന്ന് കരുതാതെയും പോയതിന്റെ ദൈന്യമാണു  കടൽ വിളിച്ചപ്പോൾ എന്ന കവിതയിൽ സൂചിതമാകുന്നത്. എന്താണു ജീവിതം? വിഡ്ഢിനാവുകളുടെ നേർത്ത ചരടിൽ ഞാണിന്മേൽക്കളി നടത്തുന്ന മനുഷ്യന്റെ തലയിൽ ദൈവം വെച്ചുകൊടുക്കുന്ന കൂർമ്പൻ തൊപ്പിയാണു (ഓളങ്ങൾ). അത്തരമൊരു സാഹചര്യത്തിൽ അറിയാത്ത തെറ്റിനു ശിക്ഷിക്കപ്പെടുന്നതിന്റെ ആത്മവേദനയെക്കുറിച്ചും തന്നിൽ നിന്ന് പ്രിയപ്പെട്ടതിനെ തെറിച്ചുവീഴ്ത്തുന്ന താഡനങ്ങളെക്കുറിച്ചും കവിക്ക് ഓർക്കാതെ വയ്യ (യാത്രയ്ക്കിടയിൽ). മെയ് മാസ സൂര്യനേൽപ്പിക്കുന്ന ആഘാതം പോലെ ജീവിതത്തിന്റെ കാർക്കശ്യങ്ങൾ ഏൽക്കാതെ വയ്യ (സൂര്യാഘാതം). മുറിവേൽക്കുന്നതിന്റെയും മുറിവേൽപ്പിക്കുന്നതിന്റെയും വിഭ്രാന്തികളാണു രൗദ്രം എന്ന കവിതയിൽ സൂചിതമാകുന്നത്.
മരണം, ജയശ്രീയുടെ കവിതകളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. മൃതി എന്നൊരു കവിത തന്നെയുണ്ട്. മരണത്തിന്റെ തണുപ്പിലലിയാൻ ഉറങ്ങാത്ത മനസ്സുമായുള്ള കാത്തിരിപ്പിനെക്കുറിച്ചാണുനിർനിദ്രത്തിൽ ആവിഷ്കരിക്കുന്നത്. മരണത്തിനായുള്ള കാത്തിരിപ്പാണു ആസന്നം എന്ന കവിതയിലും പരാമർശവിധേയമാകുന്നത്. മരണത്തിന്റെ വന്യനിഗൂഢമായ പദവിന്യാസത്തെക്കുറിച്ചാണു വേടൻ എന്ന കവിതയിൽ വിവരിക്കുന്നതെങ്കിൽ മരണത്തിനു കീഴടങ്ങുന്നതിനെ പരിചിതമല്ലാത്ത തികച്ചും വ്യത്യസ്തമായൊരു പരിപ്രേക്ഷ്യം  കരുണ എന്ന കവിതയിൽ ആവിഷ്കരിക്കുന്നു. മനുഷ്യൻ ഒരിക്കലല്ല പലവട്ടം മരണമെന്ന അവസ്ഥയ്ക്കു മുൻപിൽ അകപ്പെടുന്നുണ്ട് എന്ന ഓർമ്മിപ്പിക്കലാണു  അഞ്ചാംമരണം. മരണത്തെ തെല്ലൊരു നർമ്മരസത്തോടെ നോക്കിക്കാണുന്നതു മരണപത്രം പ്രശ്നമാകുമ്പോൾ എന്ന കവിതയിൽ.
ജീവിതം ദുഃഖഭരിതമാണെന്ന കടുത്ത നിലപാടൊന്നും ജയശ്രീക്കില്ല. ജീവിതം പ്രക്ഷുബ്ധമാകാതെ കൊണ്ടുനടക്കേണ്ടതെങ്ങിനെ എന്ന ഒരാലോചനയാണു സമുദ്രത്തിൽ നിന്നും സൂക്ഷിക്കേണ്ട ദൂരം എന്ന കവിത. അത്തരമൊരു സമീപനം സാധ്യമാകുമോ എന്നതു വേറെ പ്രശ്നം. പേടികളുടെയും പീഢകളുടെയും നെരിപ്പൊടിൽ പൊരിയുമ്പോൾ തണലും കുളിരും നൽകുന്ന മമതകളെ തന്റെ കവിതകളിൽ ജയശ്രീ വാഴ്ത്തുന്നുണ്ട്. അത് ജയശ്രീയുടെ ജീവിതവീക്ഷണത്തിനു ഉൾക്കരുത്ത് പകരുന്നുമുണ്ട്. ആരും പാടാത്ത പാട്ട് പാടാൻ തന്റെ കൈകളിൽ ഏല്പിക്കുന്ന കിലുക്കാംപെട്ടി എങ്ങനെ കിലുക്കണമെന്ന് സ്വയം തീരുമാനിക്കേണ്ടതാണു എന്നോതിത്തരുന്നു അമ്മ (മണികിലുക്കം). സ്നേഹിക്കുമ്പോൾ സകല രക്ഷാവസ്ത്രങ്ങളും ഊരിയെറിഞ്ഞ് സ്നേഹിക്കണമെന്നാണു കവിപക്ഷം (സ്നേഹിക്കുമ്പോൾ). അനന്തമാം യാത്രയിലൊരിക്കൽ മാത്രം പൂത്ത് മനസ്സിന്റെ താഴ്വരയിലാകെ മൂടിയ നീലക്കുറിഞ്ഞിതൻ സുഗന്ധമിന്നും ഹൃദയാകാശത്തിൽ ഒളിപ്പിച്ചു വെക്കുന്നതിന്റെ ചാരിതാർത്ഥ്യമുണ്ട് (ആകാശജാലകം). നിരുപാധികമായ സ്നേഹത്തിന്റെ മാറ്റ് സൂക്ഷ്മമായി അനുഭവപ്പെടുത്തിത്തരുന്ന കവിതയാണു സ്മൃതിതാരക. പ്രേമത്തിന്റെ ധന്യത അതിലുണ്ട്.
             സ്നേഹം തീവ്രവും അഗാധവുമാകുമ്പോൾ അവിടെ കരിനിഴലുകളില്ല. മാത്രമല്ല അത് സമർപ്പണത്തിന്റെ ഭാഷ കൈവരിക്കുകയും ചെയ്യുന്നു. തന്റെ സുശക്ത വാസനകളിലൊന്നായ പ്രണമ്രതയുടെ ആവിഷ്കാരങ്ങളാണു ജയശ്രീയുടെ ചില കവിതകൾ. രൗദ്രത്തിൽ നിന്നു ശാന്തത്തിലേയ്ക്കുള്ള ചുവടുമാറ്റം, കരുത്തിന്റെ മാർഗ്ഗത്തിലൂടെ അനുഭവപ്പെടുത്തിത്തരാനുള്ള ഉദ്യമമാണു ശക്തിസൂക്തംഎന്ന കവിത, രൗദ്രത്തിലും ഈ ഭാവമാറ്റം ശ്രദ്ധേയമാണു. പ്രണമ്രതയുടെ ധന്യതയാണു ഗോമുഖതീരേ എന്ന കവിതയിലും ആവിഷ്കൃതമാകുന്നത്. അതിന്റെ ആത്മഹർഷാനുഭൂതികൾ  നൃത്തം എന്ന കവിതയിലും അനുഭവവേദ്യമാകുന്നു.
ദുരന്തകഥനങ്ങൾക്ക് കാതായ് മാറാൻ മൃദുവാം ഭാവങ്ങൾ കനിവാം വിരൽത്തുമ്പിലൂറാൻ, ആത്മവ്യഥയിൽ കനം പൂണ്ട നെഞ്ച് അന്യതാപത്തിലലിയാൻ, വേനലിൽ വർഷമാകാൻ, മരുപ്പച്ചയിൽ പച്ചയാകാൻ, ചുഴിക്കുന്നോരോന്നിൽ നിന്നുമീ ചെറുതോണി വീണ്ടെടുക്കാൻ നാവിലിറ്റിറ്റുവീഴും ചവർപ്പോരോന്നുമാദത്തോടേറ്റുവാങ്ങി മധുരമായ് മാറ്റാൻ കലാകണികയെ വിരൽത്തുമ്പിലെ താളവട്ടത്തിലാക്കാൻ മുറിവിലെ ശോണിതത്തെ മാണിക്യമാക്കാൻ ജീവിതമെന്ന ശരശയ്യയുടെ കൂർമുനകളെ തൂവൽമെത്തയാക്കാൻ ഉള്ള ശക്തി വാഗ്ദേവതതനിക്ക് കനിഞ്ഞു നൽകണമേ എന്നാണു ഈ കവിയുടെ പ്രാർത്ഥന. അത് ഒട്ടൊക്കെ സാക്ഷാത്കരിക്കാൻ ജയശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്നതിന്റെ സാക്ഷ്യപത്രമാണു പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്എന്ന സമാഹാരം.

Comments

comments