യുദ്ധം തലയ്ക്കു പിടിച്ച
മേജർ പരമരഹസ്യമായി
ഒരസ്ഥികൂടം ഇരുണ്ടമുറിയിൽ ഒളിപ്പിച്ചു.

അവിചാരിതം
മുറിതുറന്ന അയാളുടെ മകൾ
അതുകണ്ടു! പേടിച്ചു വിറച്ചു നിലവിളിച്ചു
പനിപിടിച്ചു.പക്ഷേ വീണ്ടും വീണ്ടും
മുറിതുറന്നു.പേടി,ചങ്ങാത്തമായി.

അവൾ
തന്‍റെ കൂട്ടുകാരനോട്
ഒരു കോട്ടുംസ്യൂട്ടും കടംവാങ്ങി
അതിന് ഇട്ടുകൊടുത്തു.
ഉറക്കത്തിലെന്നും കൂട്ടായിരുന്ന
പാവയുടെ മുടിമുറിച്ച്
തലമുടി ശരിയാക്കി.
രണ്ടുനീലഗോലികൾകൊണ്ട്
കണ്ണിൽ വെളിച്ചം നിറച്ചു.
ഒരു തൊപ്പിവച്ച് സുന്ദരനാക്കി.
ഗ്ലൗസുകൊണ്ട് കയ്യിലേയും,
ഷൂസുകൊണ്ട് കാലിലേയും
അസ്ഥികൾമറച്ചു.

ആ മുറിയിൽ
നിലാവുദിച്ചു,
മകൾ ആരോടൊ സംസാരിക്കുന്നതുകേട്ട്
അമ്മ അവിടെവന്നു.
കാഴ്ചകണ്ട്
അമ്മയുടെ കണ്ണിൽനിന്ന്
മിന്നാമിനുങ്ങുകൾ
അടർന്നടർന്നു വീണു.

മേജറെ
പോലീസ് അറസ്റ്റുചെയ്തു കൊണ്ടുപോയി.
കൂടെ അസ്ഥികൂടവും.

പൊടുന്നനെ അവളുടെ കണ്ണുകളെ
അമ്പരപ്പിച്ചുകൊണ്ട്
മനുഷ്യാകാരംപൂണ്ട ഒരുനിലാവ്
വീടിന്‍റെ പടികൾകേറിക്കേറിപോയി.

Comments

comments