നേരം പോയ്‌ നേരം പോയ്‌
ഞാനും നീയും പോകുന്നേ.

ഒന്നാം കടലിന്നക്കരെ ചെന്നപ്പം
ഒരു കുഴി കുത്തീട്ട് വെള്ളം കണ്ടപ്പം
വെള്ളത്തിലുരുളണൊരാദിത്യ ഭഗവാന്റെ
ഇടംവലം തിരിയണ തേരതു കണ്ടപ്പം
തേരൊലി പൊന്തിയ ചിന്തിന്റെ തുമ്പത്ത്
തപ്പും തകിലും താളം മുഴക്കുമ്പം
നേരം പോയ്‌ നേരം പോയ്‌
ഞാനും നീയും പോകുന്നേ.

രണ്ടാം കടലിന്നക്കരെ ചെന്നപ്പം
ഇരുപറ നിറയിച്ചൊരോണനിലാവിന്റെ
ഊഞ്ഞാൽപടിയിലിരുന്നു ചിരിക്കണൊ-
രമ്പൊടു പൂമരക്കൊമ്പത്തു തുള്ളണ
സുന്ദരിത്തുമ്പിയെ കണികണ്ടുണരണ
ചന്ദിരഭഗവാന്റെ തുള്ളല് കാണുമ്പം
നേരം പോയ്‌ നേരം പോയ്‌
ഞാനും നീയും പോകുന്നേ.

മൂന്നാം കടലിന്നക്കരെ ചെന്നപ്പം
മൂവട്ടിപ്പൂവിന്റെ മാറത്തു മിന്നണ
കടങ്കഥപ്പാട്ടുകൾ പേറ്റിനു പോവുമ്പം
കര കവിഞ്ഞൊഴുകുന്ന പുഴയുടെ തീരത്ത്
കൽക്കണ്ടപ്പൂന്തണൽപ്പാടത്തു പൂവിട്ട
മഴപ്പെണ്ണിന്നരഞ്ഞാണക്കിലുക്കങ്ങൾ കേൾക്കുമ്പം
നേരം പോയ്‌ നേരം പോയ്‌
ഞാനും നീയും പോകുന്നേ.

നാലാം കടലിന്നക്കരെ ചെന്നപ്പം
ചന്തമിയന്നൊരു പുതുമയിലലിയണ
ചന്ദനക്കുളിരുള്ള നാളുകൾ ചുറ്റി –
സ്സഞ്ചാരത്തിനൊരുങ്ങിക്കൂടണ
നാലണിപ്പൂവിന്റെ കവിളത്തെ കാണാ –
ക്കണിയുടെ കണിയതു കണ്ടു നടക്കുമ്പം
നേരം പോയ്‌ നേരം പോയ്‌
ഞാനും നീയും പോകുന്നേ.

അഞ്ചാം കടലിന്നക്കരെ ചെന്നപ്പം
അഞ്ചിതൾ പോലൊത്ത കുഞ്ഞു പിറന്നല്ലോ
കുഞ്ഞവനൊത്തൊരു തിരുമുഖം കാണുമ്പം
ആലിലമാവില അരയന്നപ്പൈങ്കിളി
നാരായക്കൊമ്പത്തെ ചെമ്പരുന്താട്ടവും
കുമ്പളപ്പന്തലിൽ തമ്പുരാനെത്തുമ്പം
നേരം പോയ്‌ നേരം പോയ്‌
ഞാനും നീയും പോകുന്നേ.

ആറാം കടലിന്നക്കരെ ചെന്നപ്പം
അരിപ്പോ തിരിപ്പോ തോരണിമംഗല-
മത്തിക്കുത്തിമൂരണ്ടാറും
പന്ത്രണ്ടാനേം കുതിരേം കൂടി
ആലത്തൂരില്ലത്ത് പുത്തരിയുണ്ണാൻ
പത്തായപ്പുര ചുറ്റി വരുമ്പം
നേരം പോയ്‌ നേരം പോയ്‌
ഞാനും നീയും പോകുന്നേ.

എഴാം കടലിന്നക്കരെ ചെന്നപ്പം
എള്ളുനിറത്തിൽ കറുത്തൊരു പെണ്ണിവ-
ളെണ്ണനിറത്തിൽ ചുകന്നൊരു പെണ്ണവൾ
ചിത്തിരപുത്തിര പാടിക്കൊണ്ടും
ചെറുചിരി ചുണ്ടിലൊതുക്കിക്കൊണ്ടും
കേക്കാ കഥയുടെ കഥയതു കേക്കുമ്പം
നേരം പോയ്‌ നേരം പോയ്‌
ഞാനും നീയും പോകുന്നേ.

കടലായ കടൽ കടന്നിക്കരെ വന്നിട്ടും
കേക്കാ കഥയുടെ കഥയതു കേക്കുന്നേ
പത്തായപ്പുര ചുറ്റി പുത്തരിയുണ്ണുന്നേ
കുമ്പളപ്പന്തലിൽ തമ്പുരാനെത്തുന്നേ
നാലണിപ്പൂവിന്റെ കണിയതു കാണുന്നേ
മഴപ്പെണ്ണിന്നരഞ്ഞാണക്കിലുക്കങ്ങൾ കേൾക്കുന്നേ
ചന്ദിരഭഗവാന്റെ തുള്ളല് തുടരുന്നേ
ആദിത്യഭഗവാന്റെ തേരൊലി മുഴങ്ങുന്നേ
നേരം പോയ്‌ നേരം പോയ്‌
ഞാനും നീയും പോകുന്നേ.
———————

വര: ജ്യോതി മോഹൻ

 

Comments

comments